Sunday, May 8, 2011

പാർട്ടിക്ക് പങ്കില്ല അക്രമമം അഴിചു വിടുന്നത് “വി എസ് അനുകൂലികൾ“എന്ന പ്രത്യേക വിഭാഗം

എന്‍എസ്എസ് ആക്ടിങ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരാണ് ഇപ്പോഴത്തെ വാര്‍ത്താ താരം. അഴിമതിക്കാരുടെ ആശ്രിതന്‍ എന്നത്രേ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. തൊട്ടുപിന്നാലെ സംസ്ഥാനത്തു വ്യാപകമായി എന്‍എസ്എസ് കരയോഗമന്ദിരങ്ങളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.""വിഎസ് അനുകൂലികള്‍'' എന്ന പ്രത്യേകവിഭാഗമാണ് ഇതിനു പിന്നിലെന്നാണു മാധ്യമങ്ങളില്‍ നിന്നു മനസിലാകുന്നത്. സിപിഎമ്മിനു പങ്കില്ല എന്നു സംസ്ഥാന സെക്രട്ടറി പറയുന്നതു വിശ്വസിക്കാം. എന്നാല്‍ വിഎസ് അനുകൂലികള്‍ എന്ന സംഘത്തെ ആരും വിലക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ല.

മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റവും സുകുമാരന്‍ നായരും തമ്മിലുള്ള സംഭാഷണത്തില്‍ നിന്നാണ് ഇക്കാണുന്നതിനൊക്കെ തുടക്കം.""അച്യുതാനന്ദന്‍റെ നിലപാടുകളില്‍ പ്രതിഷേധിച്ചു നായര്‍ സമുദായാംഗങ്ങള്‍ സമദൂരം മാറ്റിവച്ച് വോട്ട് ചെയ്തിട്ടുണ്ടെന്നും, എല്‍ഡിഎഫ് ജയിച്ചാല്‍ അച്യുതാനന്ദന്‍ വീണ്ടും മുഖ്യമന്ത്രിയാകും എന്നതിനാലാണ് അത്തരമൊരു സമീപനം സ്വീകരിച്ചതെന്നും, എല്‍ഡിഎഫിനോടുള്ള എതിര്‍പ്പുകൊണ്ടോ യുഡിഎഫിനോടുള്ള അനുഭാവംകൊണ്ടോ അല്ല ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും'' സുകുമാരന്‍ നായര്‍ വ്യക്തമാക്കിയതാണു വിവാദമായത്.""യാതൊരു സംസ്കാരവുമില്ലാത്ത, ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത, താനാണു വലിയവനെന്നു വരുത്താന്‍ എന്തു വൃത്തികേടും ചെയ്യുന്ന ഒരുത്തന്‍ വീണ്ടും മുഖ്യമന്ത്രിയാകുന്നതു ശരിയല്ല'' എന്നും അദ്ദേഹം വലിയ മെത്രാപ്പൊലീത്തയോടു പറഞ്ഞു. 

ഇതാണു പ്രശ്നം. അല്ലെങ്കില്‍, ഇത്രയേയുള്ളൂ പ്രശ്നം. ഇതിന്‍റെ പേരില്‍ ഇക്കാണുന്ന അഴിഞ്ഞാട്ടങ്ങളും ആക്രമണങ്ങളും സഭ്യതവിട്ടുള്ള ആക്രോശങ്ങളുമൊക്കെ എന്തിനെന്നു സാംസ്കാരികസമൂഹമാണു ചോദിക്കേണ്ടത്. എന്നാല്‍ അതുണ്ടാകുന്നില്ല. ഒരു വലിയ സമുദായത്തിന്‍റെ പ്രാദേശിക ഓഫിസുകള്‍ തുടര്‍ച്ചയായി കല്ലെറിഞ്ഞുതകര്‍ക്കുമ്പോള്‍ അരുതെന്നു വിലക്കുന്നതിനുപകരം സുകുമാരന്‍ നായരുടെ വാക്കുകളിലെ പദങ്ങളുടെ അര്‍ഥം തപ്പിനടക്കുകയാണിവരെല്ലാം. ഇന്നോളം മറ്റേതെങ്കിലുമൊരു സമുദായത്തിന് ഈ അവസ്ഥയുണ്ടായിട്ടുണ്ടോ?

തെരഞ്ഞെടുപ്പില്‍ തങ്ങളുടേതായ നിലപാടെടുക്കാന്‍ എന്‍എസ്എസ് അടക്കം ഏതു ജാതി-മത സംഘടനയ്ക്കും അവകാശമുണ്ട്. അച്യുതാനന്ദനാണു മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അഭിപ്രായമുണ്ട്. അതദ്ദേഹത്തിന്‍റെ നിലപാട്. ക്രൈസ്തവസഭകളും ഇസ്ലാമിക പ്രസ്ഥാനങ്ങളും അവരുടേതായ നിലപാടുകള്‍ എത്രയോവട്ടം തുറന്നുപ്രഖ്യാപിച്ചിരിക്കുന്നു. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകുന്നതു നന്നല്ല എന്ന എന്‍എസ്എസിന്‍റെ അഭിപ്രായത്തെയും അതേ സ്പിരിറ്റില്‍ കാണണം. സമദൂരം എന്ന നിലപാട് സ്വീകരിച്ചിരുന്ന കാലത്തൊന്നും എന്‍എസ്എസിനെ വി.എസ്. അച്യുതാനന്ദനോ വിഎസ് അനുകൂലികളോ മോശമായിക്കണ്ടിട്ടില്ല. ആ സമദൂരത്തിന്‍റെ ഗുണഫലം മുന്‍പു രണ്ടുവട്ടം അനുഭവിച്ചയാളാണ് അദ്ദേഹമെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു. സഹായിക്കണമെന്നു 2001ലും 2006ലും വിഎസ് തങ്ങളോടഭ്യര്‍ഥിച്ചിരുന്നുവെന്നു വെളിപ്പെടുത്തിയതു വിശ്രമത്തില്‍ കഴിയുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ തന്നെയാണ്. വിഎസിന്‍റെ അന്നത്തെ ദൂതന്മാരെല്ലാം ഇന്നും ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.

സുകുമാരന്‍ നായരുടെയും വിഎസിന്‍റെയും അഭിപ്രായപ്രകടനങ്ങള്‍ക്കു സാരമായ വ്യത്യസ്തതകളുണ്ട്. സുകുമാരന്‍ നായര്‍ എന്‍എസ്എസിന്‍റെ നിലപാട് വെളിപ്പെടുത്തുന്നു, വിഎസ് സ്വന്തം നിലപാട് പറയുന്നു. വിഎസിന്‍റെ വാക്കുകള്‍ക്കൊന്നും പാര്‍ട്ടിയുടെ പിന്തുണയില്ല. എന്‍എസ്എസ് ആക്ടിങ് ജനറല്‍ സെക്രട്ടറിക്കുനേരെ അഴിമതിക്കാരുടെ ആശ്രിതനെന്നു വിഎസ് വിരല്‍ചൂണ്ടുമ്പോള്‍ ബാലകൃഷ്ണപിള്ളയെയാണ് ഉദ്ദേശിക്കുന്നത്. താന്‍ അഴിമതിക്കേസില്‍ ശിക്ഷിപ്പിച്ചു ജയിലിലാക്കിയ ബാലകൃഷ്ണപിള്ളയുടെ ആശ്രിതനാണു സുകുമാരന്‍ നായര്‍ എന്നാണു വിഎസ് പറയാതെപറയുന്നത്. എന്‍എസ്എസ് കൊട്ടാരക്കര താലൂക്ക് യൂണിയന്‍ പ്രസിഡന്‍റാണു ബാലകൃഷ്ണപിള്ള. നായകസഭാംഗവും. സുകുമാരന്‍ നായര്‍ ദീര്‍ഘകാലമായി എന്‍എസ്എസ് രജിസ്ട്രാറും അസിസ്റ്റന്‍റ് സെക്രട്ടറിയും സെക്രട്ടറിയും ഇപ്പോള്‍ ആക്റ്റിങ് ജനറല്‍ സെക്രട്ടറിയുമാണ്, ഒപ്പം ചങ്ങനാശേരി താലൂക്ക് യൂണിയന്‍ പ്രസിഡന്‍റും. 

വിഎസിന്‍റെ കാര്യം നോക്കുക. സിപിഎം പൊളിറ്റ് ബ്യൂറോയില്‍ നിന്നു പുറത്താക്കപ്പെട്ടു കേന്ദക്കമ്മിറ്റിയിലേക്കു തരംതാഴ്ത്തപ്പെട്ടയാള്‍. പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍റെയും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍റെയും താഴെയാണു പാര്‍ട്ടിയില്‍ ഇരിപ്പിടം. പിണറായിയാണെങ്കില്‍ ലാവലിന്‍ അഴിമതിക്കേസില്‍പ്പെട്ടയാള്‍. അപ്പോള്‍,""അഴിമതിക്കാരുടെ ആശ്രിതന്‍'' എന്ന പേര് വിഎസിനാണു നന്നായി യോജിക്കുക. മകന്‍ അഴിമതിയാരോപണത്തില്‍പ്പെട്ടു ലോകായുക്തയ്ക്കു മുന്നില്‍ കൈകെട്ടി നില്‍ക്കുന്നു എന്ന കാര്യവും വിഎസ് ഇടയ്ക്കൊക്കെ മറക്കും. അഴിമതിക്കെതിരേ കൊടുവാളുയര്‍ത്തി വിളയാടുന്ന അച്യുതാനന്ദന്‍റെ കുടുംബവക്കീലന്മാരായ ശാന്തിഭൂഷണും പ്രശാന്ത് ഭൂഷണും അങ്ങു ഡല്‍ഹിയില്‍ വലിയ അഴിമതിയാരോപണങ്ങളില്‍ കുടുങ്ങിയെന്നതും രസകരമാണ്. 

ബാലകൃഷ്ണപിള്ളയുടെ പ്രശ്നത്തില്‍ അദ്ദേഹത്തിന്‍റെ സംഘടനയ്ക്കു സ്വന്തമായൊരു രാഷ്ട്രീയ - സാമൂഹ്യ നിലപാടെടുക്കാന്‍ പാടില്ലേ എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. (വോട്ടെടുപ്പിനുശേഷമാണു നിലപാടു പരസ്യപ്പെടുത്തിയത് എന്നതൊരു വലിയ അപരാധമൊന്നുമല്ല). അബ്ദുള്‍ നാസര്‍ മഅദനിയുടെ ജയില്‍വാസം കേരളത്തില്‍ എത്രത്തോളം കോളിളക്കമുണ്ടാക്കിയെന്നതും ഇപ്പോഴും അതിന്‍റെ തുടര്‍ച്ച നടന്നുവരുന്നുവെന്നതും ഓര്‍ക്കാം. മഅദനിയെ അറസ്റ്റ് ചെയ്യാന്‍ കാരണക്കാരന്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരേ എത്രയെത്ര സംഘടനകള്‍ രംഗത്തെത്തി. എല്ലാ തെരഞ്ഞെടുപ്പുകളിലും മത-രാഷ്ട്രീയ സംഘടനകളുടെ ചര്‍ച്ചകളില്‍ മഅദനി വിഷയം ഉള്‍പ്പെട്ടിരുന്നു, മുസ്ലിം സംഘടനകള്‍ ഒറ്റയ്ക്കൊറ്റയ്ക്കും ഒന്നിച്ചും തെരഞ്ഞെടുപ്പുനിലപാടുകള്‍ പ്രഖ്യാപിച്ചു. ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ മാത്രമെന്താണു വ്യത്യസ്തസമീപനം? 

എന്‍എസ്എസിന്‍റെ നയപരിപാടികള്‍ തീരുമാനിക്കാനും നേതൃത്വത്തെ നിശ്ചയിക്കാനും അവര്‍ക്കുള്ള സ്വാതന്ത്ര്യത്തെ പുറത്തുള്ളവര്‍ ചോദ്യംചെയ്യുന്നത് ഒട്ടും നല്ലതല്ല. അതൊക്കെ ആ സംഘടനയുടെ ആഭ്യന്തരകാര്യം. ആരു നയിക്കണമെന്നു തീരുമാനിക്കേണ്ടത് അവരാണ്. എന്നാല്‍ എന്‍എസ്എസില്‍ രണ്ടുതരക്കാരുണ്ടെന്ന അച്യുതാനന്ദന്‍റെ പ്രസ്താവന ഗൗരവത്തോടെ കാണണം. നേതൃവലയത്തിലുള്ളവര്‍, ബാലകൃഷ്ണപിള്ളയെപ്പോലെയുള്ള അഴിമതിക്കാരുടെ ആശ്രിതര്‍ എന്നതാണ് ഈ രണ്ടുതരക്കാരെന്നും അതില്‍ രണ്ടാമത്തെ കാറ്റഗറിയില്‍പ്പെട്ടയാളാണു തന്നെ വിമര്‍ശിച്ചതെന്നുമാണ് അച്യുതാനന്ദന്‍റെ പ്രസ്താവന. സിപിഎമ്മില്‍ ഔദ്യോഗികധാരയ്ക്കൊപ്പം നില്‍ക്കാതെ തനിക്കു തോന്നിയതുപോലെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് അച്യുതാനന്ദന്‍ എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. ഗ്രൂപ്പ് പ്രവര്‍ത്തനവും കുതികാല്‍വെട്ടും കൂട്ടത്തിലുള്ളവരെ കുഴപ്പത്തിലാക്കലും സ്വന്തം ജീവിതശൈലിയായി സ്വീകരിച്ചയാളാണ് അച്യുതാനന്ദന്‍. എന്‍എസ്എസിലെ രണ്ടുതരക്കാരെപ്പറ്റി അദ്ദേഹം പറയുമ്പോള്‍ ഉന്നംവച്ചത് ആരെയാണെന്നു വ്യക്തം. സിപിഎം നേതാക്കളും അണികളും ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ.

അഴിമതിയാരോപണങ്ങളില്‍ ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെടുമ്പോള്‍ സഹതാപമോ അനുതാപമോ ഉണ്ടാകുന്ന എന്‍എസ്എസ് ഭാരവാഹികളാണോ, അതോ, ലോകായുക്തയുടെ മുന്നില്‍ ഹാജരാകാന്‍ കല്‍പ്പന കിട്ടിയ അരുണ്‍ കുമാറിന്‍റെ അച്ഛനാണോ ""ആശ്രിതന്‍'' എന്ന് സുകുമാരന്‍ നായര്‍ ചോദിച്ചാല്‍, എത്ര കരയോഗങ്ങളുടെ ചില്ലെറിഞ്ഞു പൊട്ടിച്ചാലും ആ ചോദ്യം അങ്ങനെതന്നെ നില്‍ക്കും

No comments:

Post a Comment

Note: Only a member of this blog may post a comment.