Saturday, May 21, 2011

വംഗദേശത്തെ ചരിത്രനിമിഷങ്ങള്‍


പശ്ചിമബംഗാളിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ത്യയുടെ സാമൂഹിക നവോത്ഥാനത്തിന് ആരംഭംകുറിച്ച വംഗദേശത്തിന്റെ ചരിത്രത്തില്‍ പുതിയൊരു വഴിത്തിരിവായി ഈ സംഭവത്തെ കാലം രേഖപ്പെടുത്തും.
 34 വര്‍ഷം നീണ്ട കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ജനാധിപത്യ വിശ്വാസികളുടെ ഐക്യമുന്നണി സര്‍ക്കാര്‍ ബംഗാളില്‍ അധികാരത്തില്‍ വന്നത്. ഏഴ് കോണ്‍ഗ്രസ് മന്ത്രിമാരോടൊപ്പം മമതയുടെ നേതൃത്വത്തില്‍ 43 അംഗ മന്ത്രിസഭയും നിലവില്‍വന്നു. ഭൂമുഖത്ത് ഏതെങ്കിലുമൊരു പ്രദേശത്ത് തുടര്‍ച്ചയായി 34 വര്‍ഷം ഒരു രാഷ്ട്രീയ പ്രസ്ഥാനമോ കൂട്ടുകെട്ടോ തെരഞ്ഞെടുപ്പിലൂടെ ഭരണം കയ്യാളിയ ചരിത്രം ബംഗാളിലല്ലാതെ വേറെങ്ങുമില്ല. ജനാധിപത്യത്തിന്റെ മറവില്‍ കമ്യൂണിസ്റ്റ് കൂട്ടുകെട്ട് മന്ത്രിസഭഇങ്ങനെ തുടര്‍വാഴ്ച നടത്തിയത് ബംഗാളികളുടെ അകമഴിഞ്ഞ പിന്തുണയോടെയാണെന്ന് പറഞ്ഞുകൂടാ. ഓരോ അയ്യഞ്ചുവര്‍ഷവും ഇലക്ഷന്‍ പ്രക്രിയയെ അട്ടിമറിച്ചും ഭൂരിപക്ഷത്തിന്റെ മൃഗീയത അടിച്ചേല്‍പ്പിച്ചും പാവപ്പെട്ട ഗ്രാമീണരെ ഭയപ്പെടുത്തിയും കമ്യൂണിസ്റ്റുകാരുടെ ഭീകരഭരണമാണ് ദശകങ്ങളായി പശ്ചിമബംഗാളില്‍ തുടര്‍ന്നുപോന്നത്. എല്ലാ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ലോകത്തും ഉണ്ടായിരുന്നതുപോലെ ബംഗാളിലും പാര്‍ട്ടിയുടെ ദുഷ്പ്രഭുത്വം നിലനിന്നു. മറ്റെങ്ങുമില്ലാത്ത വിധം ജനാധിപത്യത്തിന്റെ പട്ടുകൊണ്ട് സ്വേച്ഛാഭരണത്തിന്റെ ദുര്‍മുഖം പൊതിഞ്ഞുവയ്ക്കാന്‍ സി.പി.എമ്മിനും സഖ്യകക്ഷികള്‍ക്കും കഴിഞ്ഞു. അതിന്റെ ഫലമായി ഒരിക്കല്‍ രാജ്യത്തിന് മഹാമാതൃകയായിരുന്ന വംഗദേശത്തിന്റെ സാമൂഹിക-സാംസ്‌കാരിക അടിത്തറ തകര്‍ന്നടിഞ്ഞു. ഭൂമുഖത്തെ ഏറ്റവും ദരിദ്ര ജനവിഭാഗങ്ങള്‍ വസിക്കുന്ന നാടായി പടിഞ്ഞാറേ ബംഗാള്‍ മാറി. എല്ലാത്തരം ഉച്ചനീചത്വങ്ങളും അസമത്വങ്ങളും അനീതികളും ബംഗാളില്‍ നിലനിന്നു. കമ്യൂണിസ്റ്റുകാര്‍ പാര്‍ട്ടി ഗ്രാമങ്ങളുണ്ടാക്കി നിരക്ഷര ജനസമൂഹത്തെ അടിമകളാക്കി മാറ്റി. വിദ്യാഭ്യാസം ചെയ്തവര്‍ ഭരണ ഭീകരതയെ ചോദ്യം ചെയ്യാന്‍ ശ്രമിക്കാതിരുന്നില്ല.
 
ഒറ്റപ്പെട്ട വിമര്‍ശനങ്ങളെയും എതിര്‍പ്പുകളെയും ഭീകരമായി അടിച്ചമര്‍ത്തി. ഈയിടെ ബംഗാളില്‍ നിന്നുള്ള ഒരു വാര്‍ത്ത കണ്ട് കേരളത്തിലെ വായനക്കാര്‍ ഞെട്ടിപ്പോയിട്ടുണ്ടാവണം. മുപ്പതുവര്‍ഷമായി ചെരിപ്പ് ധരിക്കാത്ത ഒരു റിട്ട. അധ്യാപകന്റെ കഥയാണത്. കമ്യൂണിസ്റ്റുകാര്‍ക്ക് വോട്ടുചെയ്യാന്‍ വിസമ്മതിച്ച ദേശീയവാദിയായ ആ അധ്യാപകനെ സി.പി.എം ഗുണ്ടകള്‍ മുള്ളുമുരിക്കില്‍ പിടിച്ചുകെട്ടി ചെരിപ്പൂരി തല്ലി. ഒരു പകല്‍മുഴുവന്‍ അപമാനവും പീഡനവുമേറ്റ് ബന്ധനസ്ഥനായിക്കിടന്ന ആ സാധുമനുഷ്യന്‍ അന്നെടുത്ത പ്രതിജ്ഞ; ഇനി എന്നെങ്കിലും പാദരക്ഷ ധരിക്കുന്നുണ്ടെങ്കില്‍ അത് കമ്യൂണിസ്റ്റ് ഭരണം ബംഗാളില്‍ നിന്ന് പോയശേഷം മാത്രം എന്നായിരുന്നു. അദ്ദേഹത്തിന്റെ നീണ്ട കാത്തിരിപ്പിനിടയില്‍ അധ്യാപക ജോലിയില്‍ നിന്നും വിരമിച്ചു. എങ്കിലും ബംഗാളില്‍ കമ്യൂണിസ്റ്റ് ഭീകരഭരണത്തിന്റെ അസ്തമനം കാണാനും 30 വര്‍ഷം മുമ്പെടുത്ത പ്രതിജ്ഞ നിറവേറ്റി വീണ്ടും ചെരിപ്പിട്ട് നടക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. മുന്‍ അധ്യാപകന്റെ ഈ അനുഭവം ഒറ്റപ്പെട്ട ഒരു സംഭവമല്ല. പശ്ചിമബംഗാളില്‍ മനുഷ്യാവകാശങ്ങള്‍ക്ക് കഴിഞ്ഞ മൂന്നര ദശാബ്ദക്കാലം നേരിട്ട ദുരന്തമാണ് അത് വിളിച്ചുപറയുന്നത്. വൈകിയെങ്കിലും അധ്യാപകന് തന്റെ ദൃഢപ്രതിജ്ഞ നിറവേറ്റാന്‍ കഴിഞ്ഞത് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥയുടെ മഹിമയായി കരുതണം.
 
ആത്മാഭിമാനം വ്രണപ്പെട്ട ഇതുപോലെ ലക്ഷോപലക്ഷം മനുഷ്യരുടെ പ്രാര്‍ത്ഥനയുടെയും പരിശ്രമത്തിന്റെയും ഫലമാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന അധികാരമാറ്റം. മമത സര്‍ക്കാര്‍ അധികാരമേറ്റശേഷം ആദ്യം നടത്തിയ പ്രഖ്യാപനം ശ്രദ്ധേയമാണ്. ചെറു കാറ് നിര്‍മാണ കമ്പനിക്കായി സിംഗൂരില്‍ കര്‍ഷകരില്‍ നിന്ന് ഇടതുസര്‍ക്കാര്‍ ഏറ്റെടുത്ത 400 ഏക്കര്‍ ഭൂമി ഉടമകള്‍ക്ക് തിരിച്ചുനല്‍കുമെന്ന് പുതിയ സര്‍ക്കാരിന്റെ ആദ്യപ്രഖ്യാപനം വന്നത്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്നും അതിനായി സച്ചാര്‍ കമ്മിറ്റിയുമായി ചര്‍ച്ച നടത്തുമെന്നും ആദ്യ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുഭരണകൂടം ഇത്രകാലവും കാണാന്‍ മറന്നുപോയ ജനങ്ങളിലേക്കും അവരുടെ പ്രശ്‌നങ്ങളിലേക്കും മനുഷ്യകാരുണ്യത്തിന്റെ മഹിമാപീഠത്തില്‍ നിന്നുകൊണ്ട് മമതയോടെ നോക്കുകയാണ് പുതിയ ബംഗാള്‍ സര്‍ക്കാര്‍ എന്ന് വ്യക്തം. ഇത് ചരിത്രമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?

No comments:

Post a Comment

Note: Only a member of this blog may post a comment.