Friday, May 13, 2011

അലയൊടുങ്ങുന്ന മുദ്രാവാക്യങ്ങളും അസ്തമിക്കുന്ന ചുവന്ന സൂര്യനും


തൊണ്ണൂറ്റിയെട്ടുസീറ്റില്‍ നിന്നും അറുപത്തിയെട്ടുസീറ്റിലേക്ക് ഒതുങ്ങുകയും അധികാരമൊഴിയുകയും ചെയ്യേണ്ടിവരുകയും ചെയ്ത ഒരു മുന്നണിയും രാഷ്ട്രീയ നേതൃത്വവും തോല്‍വിയുടെ ഏറ്റകുറച്ചിലുകള്‍ക്കായി കണക്കുകള്‍ നിരത്തുന്നതില്‍ വലിയ കാര്യമൊന്നുമില്ല.
2006-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 98 സീറ്റിലും ഇടതുമുന്നണിയെ വിജയിപ്പിച്ച ജനങ്ങള്‍ അഞ്ചുവര്‍ഷത്തെ ആ മുന്നണിയുടെ ഭരണം അനുഭവിച്ചറിഞ്ഞശേഷം വിധിയെഴുതുകയാണുണ്ടായത്. ഭരണം ജനങ്ങളിഷ്ടപ്പെടുന്ന വിധത്തിലായിരുന്നു എങ്കില്‍ 2006-ലെ 98 സീറ്റില്‍ നിന്നും ഒരു സീറ്റെങ്കിലും അധികമായി നേടി അധികാരത്തില്‍ തുടരാനുള്ള ജനസമ്മതിയാണ് ഇടതുമുന്നണി നേടേണ്ടിയിരുന്നത് എന്നു മനസ്സിലാക്കാന്‍ തെരഞ്ഞെടുപ്പ് കണക്കുകള്‍ക്കു മേല്‍ അടയിരിക്കേണ്ട ആവശ്യമൊന്നുമില്ല.തെരഞ്ഞെടുപ്പ് ഫല വിശകലനങ്ങളില്‍ ഉയര്‍ന്നുകേട്ട മറ്റൊരു കാര്യം വി.എസ്. ഫാക്ടര്‍ എന്നതാണ്. വി.എസ്. ഫാക്ടര്‍ എന്ന ഘടകം ഈ തെരഞ്ഞെടുപ്പിലുണ്ടായി എങ്കില്‍ പശ്ചിമബംഗാളിലേതുപോലെ ഇവിടെയും അച്ചുതാനന്ദന്റെ മുഖ്യമന്ത്രി പദവി നിലനിര്‍ത്തിപ്പോകാനുള്ള തെരഞ്ഞെടുപ്പ് ഫലമായിരുന്നു പുറത്തുവരേണ്ടിയിരുന്നത്. 2006-ലേതിനു സമാനമായ വിധത്തില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെടുകയും പിന്നീട് വലിയ ഒച്ചപ്പാടുകള്‍ക്കുശേഷം സ്വന്തം പാര്‍ട്ടി വി.എസിനു സീറ്റ് നല്‍കുകയും ചെയ്യുന്ന അവര്‍ത്തനമാണ് ഇക്കുറിയും അരങ്ങേറിയത്. അതുകൊണ്ടുതന്നെ വി.എസ്. ഒരു ഘടകമായി ജനമനസാക്ഷിയെ സ്വാധീനിച്ചിരുന്നെങ്കില്‍ അതിന്റെ പ്രതിഫലനം വോട്ടിംഗില്‍ കാണേണ്ടതായിരുന്നു.
 
വി.എസിന്റെ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ ഏതുവിധത്തിലുള്ള ചലനമാണുണ്ടാക്കിയതെന്ന പരിശോധനയില്‍ കാര്യമായ ഒന്നും ഉണ്ടായില്ല എന്നാണ് ഫലം വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ യു.ഡിഎഫിനെ ആക്രമിക്കാന്‍ അച്ചുതാനന്ദന്‍ കണ്ടെത്തിയ ആയുധങ്ങള്‍ കുഞ്ഞാലിക്കുട്ടി കേസും ആര്‍. ബാലകൃഷ്ണപിള്ള കേസുമായിരുന്നു. ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങര മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി അച്ചുതാനന്ദന്‍ എത്തിയപ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ ജനക്കൂട്ടമുണ്ടായി എന്നത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഒന്നായിരുന്നു. ആ വേങ്ങര മണ്ഡലത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടി നേടിയിരിക്കുന്നത്. അച്ചുതാനന്ദന്റെ മറ്റൊരു ആയുധമായിരുന്നു കൊട്ടാരക്കരയിലെ ആര്‍. ബാലകൃഷ്ണപിള്ളക്കെതിരായ കോടതിവിധി. അതേ ആര്‍. ബാലകൃഷ്ണപിള്ളയുടെ മകനും പിള്ളയുടെ പാര്‍ട്ടിയുടെ നേതാവുമായ കെ.ബി. ഗണേഷ്‌കുമാറിന്റെ വലിയ ഭൂരിപക്ഷത്തിലുള്ള വിജയം അച്ചുതാനന്ദന്റെ അവകാശവാദങ്ങളെ ജനം തിരസ്‌ക്കരിച്ചതിന്റെ തെളിവായി മാറി.
 
തെരഞ്ഞെടുപ്പ് വേളകളില്‍ സ്വാഭാവികമായും ഉണ്ടാകേണ്ട പൊതു ചര്‍ച്ചകളെ വഴിതിരിച്ചുവിട്ടുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള വി.എസ്. അച്ചുതാനന്ദന്റെയും ഇടതുമുന്നണിയുടെയും കുത്സിതശ്രമങ്ങള്‍ ചെറിയ അളവിലെങ്കിലും വിജയിച്ചതാണ് ഇടതുമുന്നണിയുടെ കനത്ത തോതിലുള്ള തോല്‍വിയെ തടഞ്ഞു നിര്‍ത്താന്‍ സഹായിച്ചത്.കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഇടതുസര്‍ക്കാരിന്റെ ഭരണ ത്തെ വിലയിരുത്തി വോട്ടവകാശം വിനിയോഗിക്കാനുള്ള ജനങ്ങളുടെ അവസരങ്ങളെ കുബുദ്ധികളാല്‍ ചൂഷണം ചെയ്യുകയാണ് വി.എസ്. അച്ചുതാനന്ദന്‍ ചെയ്തത്. അഴിമതിക്കും സ്ത്രീപീഡനത്തിനുമെതിരെയുള്ള തന്റെ നിലപാടുകള്‍ കര്‍ക്കശമാണെന്നും ആത്മാര്‍ത്ഥതയുള്ളതാണെന്നും വരുത്തിത്തീര്‍ക്കാന്‍ വി.എസ്. പ്രയോഗിച്ച അടവുകള്‍ രാഷ്ട്രീയ സദാചാരത്തിനും ധാര്‍മ്മികതയ്ക്കും നിരക്കാത്ത വിധത്തില്‍ തരം താണതായിരുന്നു. കേവലബോധമുള്ള സാധാരണ ജനത്തെ ആശയകുഴപ്പത്തിലാക്കി തനിക്കും മുന്നണിക്കും അനുകൂലമാക്കാന്‍ വി.എസിന്റെ കപടനാടകങ്ങള്‍ക്ക് കുറെയെങ്കിലും കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം.ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ വികസന കാഴ്ചപ്പാടുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഒരു ശതമാനത്തിന്റെ പോലും നേട്ടം അവകാശപ്പെടാനാകാതിരുന്ന ഒരു സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സര്‍ക്കാര്‍ ഖജനാവും മറ്റു സൗകര്യങ്ങളും ഉപയോഗപ്പെടുത്തി നടത്തിയ കള്ളപ്രചരണങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും സാമാന്യ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ വികസന സംഭാവനകളെ സ്വന്തം നേട്ടങ്ങളാക്കിയും പ്രായോഗിക തടസ്സങ്ങളുള്ള രണ്ടു രൂപ അരിവിതരണത്തിന്റെ മേന്മ പാടിപ്പുകഴ്ത്തിയുമൊക്കെ ജനങ്ങളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് ഇടതു സര്‍ക്കാരും മുന്നണിയും നടത്തിയത്.
 
ദേശീയ തലത്തില്‍ തന്നെ ഇടതു പക്ഷങ്ങളും അതിനെ നയിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തകര്‍ന്നുവീഴുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ കണ്ടത്. മുപ്പത്തിനാലു കൊല്ലമായി കുത്തകഭരണത്തിലായിരുന്ന പശ്ചിമബംഗാളില്‍ ഇടതുകക്ഷികള്‍ നിലംപരിശായിരിക്കുന്നു. മമതാ ബാനര്‍ജി നേതൃത്വം കൊടുക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സംഖ്യം പശ്ചിമ ബംഗാളില്‍ ഇടതു മുന്നണിയെ തൂത്തെറിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയടക്കമുള്ള സി.പി.എം. ഇടതു നേതാക്കള്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്നു.ജനങ്ങളെ മറന്നുള്ള നയവ്യതിയാനങ്ങളും പാര്‍ലമെന്ററി വ്യമാമോഹങ്ങളും ഇന്ത്യയിലെ ഇടതുനേതാക്കളെ അനിവാര്യമായ ആഘാതത്തിലേക്ക് വീഴ്ത്തിയിരിക്കുന്നു എന്നതാണ് സത്യം. തൊഴിലാളി വര്‍ഗ്ഗാധിപത്യമെന്ന മുദ്രാവാക്യത്തിനുമേല്‍ മറയിട്ടുകൊണ്ട് നേതാക്കള്‍ മുതലാളിത്തത്തോടും കോര്‍പ്പറേറ്റ് മാനേജുമെന്റുകളോടും ചങ്ങാത്തമുറപ്പിച്ചപ്പോള്‍ മൂടിവെക്കാനാവാത്തവിധം അതിന്റെ പ്രത്യാഘാതങ്ങള്‍ പുറത്തുവന്നു. ആ ആഘാതങ്ങള്‍ ചെന്നു പതിച്ചത് പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെയും മറ്റും നെഞ്ചിലായിരുന്നു. തിരിച്ചടികള്‍ ദുസ്സഹമായപ്പോള്‍ ചെറുത്തു നില്‍പ്പിന് വഴികള്‍ തേടിയ തൊഴിലാളികളുടെ മനസ്സമ്മതമാണ് തൃണമുല്‍കോണ്‍ഗ്രസിനും കോണ്‍ഗ്രസിനുമൊപ്പമായി വന്നിരിക്കുന്നത്.
ദേശീയ രാഷ്ട്രീയത്തില്‍ ഒരുഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ റോളിലും പിന്നീട് പുറമെ നിന്നുള്ള പിന്താങ്ങലുകളിലൂടെ ഭരണകൂടത്തെ സ്വന്തം ഇംഗിതങ്ങള്‍ക്കു മുന്നില്‍ മുട്ടുകുത്തിക്കാന്‍ ശ്രമിച്ചു ശക്തികാണിച്ച ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും അതിന്‍രെ ചെങ്കൊടിച്ചായങ്ങളും അപ്രസക്തമാവുകയോ, അപ്രത്യക്ഷമാവുകയോ ചെയ്യുന്ന കാഴ്ചയാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ ഉണ്ടായിരിക്കുന്നത്.
 
ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ചെങ്കൊടിക്കും അര്‍ത്ഥവും അലങ്കാരവും പകര്‍ന്നിരുന്നത് കേരളത്തിലും  പശ്ചിമ ബംഗാളിലുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ആധിപത്യമായിരുന്നു. ഈ രണ്ടു സംസ്ഥാനങ്ങളിലും സിപിഎമ്മും ഇടതുപക്ഷ പാര്‍ട്ടികളും അധികാരത്തില്‍ നിന്നും പുറത്താകുന്നതോടെ പാര്‍ട്ടികളുടെ മുന്നോട്ടുള്ള പോക്കുതന്നെ പ്രതിസന്ധിയിലാകും. കേരളത്തില്‍ സിപിഎം ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നതിലുപരി ഒരു കോര്‍പ്പറേറ്റ് സ്ഥാപനമാണ്. വിവിധ മേഖലകളിലായി പാര്‍ട്ടി കെട്ടിപ്പൊക്കിയിട്ടുള്ള സ്ഥാപനങ്ങള്‍ നടത്തിപ്പോകുന്നതിനു മാത്രം മാസം തോറും കോടിക്കണക്കിന് രൂപയാണ് വേണ്ടിവരുക. പശ്ചിമബംഗാളിലെ സ്ഥിതിയും മറിച്ചല്ല. അധികാരം വിട്ടു പുറത്താകുന്നതോടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയെങ്കിലും സ്‌പോണ്‍സര്‍മാരും പാര്‍ട്ടിയോട് വിടപറയാനാണ് സാദ്ധ്യത.

No comments:

Post a Comment

Note: Only a member of this blog may post a comment.