Friday, May 6, 2011

വി എസ് മറക്കരുത് എന്‍.എസ്.എസിനോട് സഹായാഭ്യര്‍ത്ഥന നടത്തിയത്


കോട്ടയം: 2001ലെയും 2006ലെയും അസംബ്ലിതിരഞ്ഞെടുപ്പുകളില്‍  എന്‍.എസ്.എസിനോട് സഹായാഭ്യര്‍ത്ഥന നടത്തിയ വി.എസ്. അച്ചുതാനന്ദന്‍ സമദൂരസിദ്ധാന്തത്തിന്റെ ഗുണം അദ്ദേഹത്തിനു കിട്ടിയോ എന്ന് സ്വന്തം മനഃസാക്ഷിയോട് ചോദിക്കണമെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍.
അന്ന് സന്ദേശവാഹകരായി പ്രവര്‍ത്തിച്ച എല്ലാവരും ഇന്നും ജീവിച്ചിരിപ്പുണ്ട്. അഴിമതിക്കാരനെന്ന് ഇപ്പോള്‍ വിശേഷിപ്പിക്കുന്ന സുകുമാരന്‍ നായര്‍ ആരുടെയെങ്കിലും ആശ്രിതനാണെന്ന കാര്യം അന്ന് വിശേഷിപ്പിച്ചിരുന്നോയെന്ന് വി.എസ് വ്യക്തമാക്കണം. സമദൂരത്തിന്റെ ഗുണം അനുഭവിച്ചശേഷം, എന്‍.എസ്.എസ്സിനോട് മാന്യത പുലര്‍ത്തിയോ എന്നും വെളിപ്പെടുത്തണം. 
ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി  ഖ്യാതി നേടണമെന്ന്  ആര്‍ക്കും ആഗ്രഹമില്ലെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. അചഞ്ചലമായി നില്ക്കുന്നവരെ അധിക്ഷേപിക്കാതിരിക്കുകയെന്ന മാന്യത  ഇന്നും പാലിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 
എന്‍.എസ്.എസ്സില്‍ രണ്ടുതരം നേതാക്കളുണ്ട് എന്നും, അതില്‍ അഴിമതിക്കാരെ സഹായിക്കുന്നവരുടെ ഗണത്തില്‍പ്പെട്ട ആളാണ് ജി. സുകുമാരന്‍ നായര്‍ എന്നുമുള്ള മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്റെ പരാമര്‍ശം അപലപനീയമാണെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയുടെ ചാര്‍ജ്ജ് വഹിച്ചുകൊണ്ടിരിക്കുന്ന തനിക്കെതിരെ അത്തരം  വിലകുറഞ്ഞ പരാമര്‍ശം ഉന്നയിക്കാന്‍ നിയമപരമായോ ധാര്‍മ്മികമായോ അദ്ദേഹത്തിന് അവകാശം ഇല്ലാത്തതാണ്. ഈ പരാമര്‍ശം തന്നെ മുഖ്യമന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ശൈലി എന്തെന്ന് ഒന്നുകൂടി വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് കൂടുതല്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇത്തരം പ്രതികരണങ്ങള്‍ ഇവിടംകൊണ്ട് അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

No comments:

Post a Comment

Note: Only a member of this blog may post a comment.