Tuesday, May 24, 2011

വി.എസ്. അച്യുതാനന്ദനെതിരെ കേസെടുക്കണമെന്ന് കോടതി



തിരുവനന്തപുരം: വിമാനത്തില്‍ വച്ച് അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫ് സഹയാത്രികയെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാതിരുന്നതിന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മറ്റുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന്  കോടതി ഉത്തരവിട്ടു.
ഇത് സംബന്ധിച്ച് നിയമസഹായവേദി ചെയര്‍മാന്‍ അഡ്വ. സ്റ്റീഫന്‍ റൊസാരിയോ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയാണ് ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് നിക്‌സണ്‍ എം. ജോസഫിന്റെ ഉത്തരവ്.  ചെന്നൈ വിമാനത്താവളത്തില്‍ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്റ് ചെയ്ത IT 2483  കിംഗ് ഫിഷര്‍ വിമാനത്തിലെ യാത്രക്കാരിയായിരുന്ന ലക്ഷ്മി ഗോപകുമാറിനെ പുറകിലത്തെ സീറ്റില്‍ വന്നിരുന്ന  പി.ജെ. ജോസഫ് ശല്യം ചെയ്‌തെന്നാണ് ഹര്‍ജിയിലെ ആരോപണം. ഇത് സംബന്ധിച്ച്  ലക്ഷ്മീഗോപകുമാര്‍ വിമാനത്തില്‍ വച്ചുതന്നെ പരാതി എഴുതി നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വിമാനത്താവള അധികൃതരോ എയര്‍ലൈന്‍സ് അധികൃതരോ പോലീസോ തയ്യാറാകാത്തതിനെത്തുടര്‍ന്ന്  2006 ആഗസ്റ്റ് 24-ന് എറണാകുളം ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ അഡ്വ. സ്റ്റീഫന്‍ റൊസാരിയോ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. അന്നുതന്നെ ആലുവാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ പി.ജെ. ജോസഫിനെയും പൈലറ്റ് ഷാജി മാധവനെയും പ്രതിയാക്കി സ്റ്റീഫന്‍ റൊസാരിയോ സ്വകാര്യ അന്യായവും സമര്‍പ്പിച്ചിരുന്നു. അതില്‍ സ്റ്റീഫന്‍ റൊസാരിയോയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും തെളിവുനല്‍കാന്‍ ലക്ഷ്മിഗോപകുമാര്‍ ഹാജരായില്ല. തുടര്‍ന്നു കേസ് കോടതി തള്ളുകയായിരുന്നു. പിന്നീട് ലക്ഷ്മീഗോപകുമാര്‍ ചെന്നൈ എയര്‍പോര്‍ട്ട് പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ചെന്നൈ പോലീസ് പി.ജെ. ജോസഫിനെതിരെ കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.  തെളിവിന്റെ അഭാവത്താല്‍ അലന്തൂര്‍ കോടതി ജോസഫിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഇതിനിടെ ആകാശത്തില്‍ നടന്ന കുറ്റകൃത്യമായതിനാല്‍ ചെന്നൈ പോലീസിന് കേസെടുക്കാന്‍ അധികാരമില്ലെന്നും ക്രമിനല്‍ നടപടിച്ചട്ടം 183-ാം വകുപ്പിന്‍പ്രകാരം വിമാനം ലാന്‍ഡ് ചെയ്ത കേരളത്തിലെ പോലീസിന് മാത്രമേ കേസെടുത്ത് അന്വേഷണം നടത്താന്‍ കഴിയുകയുള്ളൂവെന്നും കാണിച്ച് സ്റ്റീഫന്‍ റൊസാരിയോ ചെന്നൈ പോലീസിന് അപേക്ഷ നല്‍കിയിരുന്നു.
ഇതിനിടെ ജുഡീഷ്യന്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതു ചെയ്തില്ലെന്നും പകരം ഐ.ജി. ബി. സന്ധ്യയെക്കൊണ്ട് ഒരന്വേഷണം നടത്തുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു. ജോസഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ഐ.ജി. റിപ്പോര്‍ട്ട് നല്‍കിയെങ്കിലും മന്ത്രിമാരും ഡി.ജി.പി.യും പി.ജെ. ജോസഫിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കാതെ വഴിവിട്ട് സഹായിക്കുകയായിരുന്നുവത്രേ. അത് നിയമവിരുദ്ധമാണെന്ന വാദം അംഗീകരിച്ചാണ്  കോടതി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ചെങ്ങമനാട് പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.  കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആരാഞ്ഞുവെങ്കിലും ആക്ഷേപമില്ലെന്നായിരുന്നു മറുപടി.   പി.ജെ. ജോസഫിനെക്കുടാതെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, മുന്‍ ഡി.ജി.പി. രമണ്‍ ശ്രീവാസ്തവ, മുന്‍ ചെങ്ങമനാട്  എസ്.ഐ., കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പൈലറ്റ് ഷാജി മാധവന്‍ എന്നിവരാണ് പ്രതിപട്ടികയിലുള്ളത്

No comments:

Post a Comment

Note: Only a member of this blog may post a comment.