Monday, May 23, 2011

ഒരു രൂപയുടെ അരി ഓണ സമ്മാനം: മുഖ്യമന്ത്രി


തിരുവനന്തപുരം: ഓണ സമ്മാനമായി ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയുടെ അരി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മെയ് 30ന് അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചതായി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭാ സമ്മേളനം ജൂണ്‍ ഒന്ന്, രണ്ട് തിയതികളില്‍ ചേരും. പ്രോ ടേം സ്പീക്കറായി എന്‍. ശക്തനെ നിയമിച്ചു. ജൂണ്‍ ഒന്നിന് എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

കെ.പി ദണ്ഡപാണിയെ പുതിയ അഡ്വക്കെറ്റ് ജനറലായി നിയമിച്ചു. പി.സി ഐപ്പ് ആണ് അഡീഷണല്‍ അഡ്വക്കെറ്റ് ജനറല്‍. സംസ്ഥാനത്തെ എം.പിമാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഡെപ്യൂട്ടേഷനില്‍ വിട്ടുകൊടുക്കും. എം.പിമാരുടെ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനാണിത്.

കിളിരൂരിലെ ശാരിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കും. ശാരിയുടെ മകളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും. ശബരിമല മണ്ഡലകാലത്ത് കണമല അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രുണ്ടു ലക്ഷം രൂപയും പുല്ലുമേട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷംരൂപയും നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍, ലോട്ടറി, മൂലമ്പള്ളി, ശബരിമല തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അടിയന്തര മന്ത്രിസഭായോഗംവിളിക്കും. സത്യപ്രതിജ്ഞ ചടങ്ങിന് കെ. മുരളീധരനെ ക്ഷണിച്ചിരുന്നതായും ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു

No comments:

Post a Comment

Note: Only a member of this blog may post a comment.