Sunday, October 30, 2011

സി.പി.എമ്മില്‍ 'ശശി-ഗോപി രോഗം' താഴേയ്ക്ക് പടരുന്നു


സി.പി.എമ്മില്‍ മേല്‍ ത്തട്ടില്‍ ബാധിച്ച രോഗം പതിയേ താഴേയ്ക്ക് വ്യാപിക്കുകയാണത്രെ. ഏറ്റവുമൊടുവില്‍ നടപടി വന്നിരിക്കുന്നത് സി.പി.എം കൊട്ടാരക്കര ഏരിയകമ്മിറ്റി സെക്രട്ടറി സി. മുകേഷിനെതിരെയാണ്. മുകേഷിനെ സെക്രട്ടറി ‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന ഏരിയ കമ്മറ്റിയോഗം തീരുമാനിച്ചു. ഏരിയ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍. സഹദേവന് നല്കാന്‍ യോഗം തീരുമാനിച്ചതായി പാര്‍ട്ടി ഇന്നലെ പത്രക്കുറുപ്പില്‍ അറിയിച്ചു.

മുകേഷിനെതിരായി പാര്‍ട്ടിക്ക് മുന്നിലുള്ള പരാതി പരിഗണിക്കുമ്പോള്‍ അദ്ദേഹം സെക്രട്ടറി സ്ഥാനത്തു തുടരുന്നതു ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി കൈക്കൊണ്ടിട്ടുള്ളത്. മുകേഷിനെതിരെ ഒരു വനിതാ പ്രവര്‍ത്തക നല്കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. രാജേന്ദ്രന്‍, ജെ.മേഴ്‌സിക്കുട്ടി അമ്മ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൊട്ടാരക്കര ഏരിയ കമ്മിറ്റി ഓഫീസില്‍ വി. രവീന്ദ്രന്‍ നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.രാജഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.എ. ബേബി, സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായ ബി. രാഘവന്‍, കെ. വരദരാജന്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചിരുന്നു.

പാര്‍ട്ടി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറു വിഭാഗത്തെ ഒതുക്കുന്നതിനുള്ള ഔദ്യോഗിക പക്ഷത്തിന്റെ ആസൂത്രണ നീക്കമാണിതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുന്‍പ് ഇടുക്കി ജില്ലയില്‍ ഇതിലും ഗൗരവമായ ആരോപണം മഹിളാ നേതാവ് ഉന്നയിച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറി നേരിട്ട് പങ്കെടുത്ത ജില്ലാ കമ്മറ്റി യോഗത്തില്‍ അത് ചര്‍ച്ച ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

Saturday, October 29, 2011

ഇല്ലാത്തൊരു വല്ലാത്ത സമരനായകന്‍


പുന്നപ്ര-വയലാര്‍ സമരം - അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ ഊരും പേരും അറിയാത്ത നൂറു
കണക്കിന് കര്‍ഷക-കയര്‍, മത്സ്യതൊഴിലാളികള്‍ മണ്‍കൂനകളായിത്തീര്‍ന്നകഥ. അവരുടെ രക്തവും മാംസവും അനേകം നേതാക്കള്‍ക്ക് 'സമരനായകര്‍' എന്ന പദവി ചാര്‍ത്തി നല്‍കി, എം.എല്‍.എ.മാരും, എം.പി.മാരും, മന്ത്രിമാരും, മുഖ്യമന്ത്രിമാരും ആക്കി മാറ്റി. ഇവരുടെയിടയില്‍ പുന്നപ്ര-വയലാര്‍ സമരനായകന്‍ എന്ന് സ്വയം നടിക്കുന്ന വി.എസ്. അച്യുതാനന്ദന്‍ യഥാര്‍ത്ഥത്തില്‍ സമരനായകന്‍ ആയിരുന്നോ?

''ഞാനും, സൈമണ്‍ ആശാനും മറ്റുള്ളവരും ചേര്‍ന്ന് പുന്നപ്ര മുതല്‍ വാടയക്കല്‍വരെയുള്ള മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമം നടത്തി''. ചിന്തപബ്ലിഷേഴ്‌സ് (2006) പ്രസിദ്ധീകരിച്ച ''പുന്നപ്ര-വയലാര്‍ സമരം അനുഭവങ്ങളിലൂടെ'' എന്ന ലേഖനസമാഹാരം ഭാഗം രണ്ട് - രണ്ടാം ലേഖനത്തില്‍ വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവനയാണ് മുകളില്‍ ഉദ്ധരിച്ചത്. ഈ പ്രസ്താവനയില്‍ നിന്ന്  ഒരുകാര്യം വ്യക്തമാണ്. 1122 തുലാം പത്താം തീയതിയിലെ (അഥവാ 1946 ഒക്‌ടോബര്‍ 27) വയലാര്‍ വെടി വെയ്പ്പിലേക്കു നയിച്ച ചേര്‍ത്തല താലൂക്കിലെ തൊഴിലാളി പ്രവര്‍ത്തനങ്ങളില്‍ തനിക്ക് പങ്കുണ്ടെന്ന് അച്യുതാനന്ദന്‍ അവകാശപ്പെടുന്നില്ല. അതിനാല്‍ പുന്നപ്ര-വയലാര്‍ സമരനായകന്‍ എന്ന പദവിയില്‍ നിന്ന് വയലാര്‍ ഭാഗം നിസംശയം വെട്ടി നീക്കാം. ശേഷിക്കുന്നത് അദ്ദേഹം പുന്നപ്ര സമരനായകന്‍ ആണോ എന്ന ചോദ്യമാണ്. അതിന് 1122 തുലാം 7 (1946 ഒക്‌ടോബര്‍ 24) ലെ പുന്നപ്ര വെടിവെയ്പിലും പശ്ചാത്തല സംഭവങ്ങളിലും അദ്ദേഹത്തിന്റെ ഭാഗം എന്ത് എന്ന് ''പുന്നപ്ര-വലയാര്‍ സമരം അനുഭവങ്ങളിലൂടെ'' എന്ന ഗ്രന്ഥത്തില്‍ തെളിവുകളുണ്ടോ എന്നുനോക്കാം. മേല്‍പറഞ്ഞ ലേഖനസമാഹാരത്തിലെ ആദ്യലേഖനം പുന്നപ്ര സമരസേനാനി എച്ച്.കെ. ചക്രപാണിയുടേതാണ്. പുന്നപ്ര ക്യാമ്പ് ആക്രമിച്ച് എസ്.ഐ. നാടാരെ വെട്ടാന്‍ ആജ്ഞ നല്‍കുന്നത് പി.കെ. ചന്ദ്രാനന്ദന്‍ ആണെന്നു വ്യക്തമാക്കുന്ന ലേഖനത്തിന്റെ ഒരിടത്തും അച്യുതാനന്ദന്‍ വരുന്നതേയില്ല.
 
രണ്ടാം ലേഖനം കെ.എസ്. ബെന്‍ എന്ന സമരനായകന്റേതാണ്. വി.എ. സൈമണ്‍ ആശാന്‍, ടി.വി. തോമസ്, പി.പി.ജോണ്‍കുട്ടി, ടി.സി. പത്മനാഭന്‍, വി.കെ.ഭാസ്‌കരന്‍ എന്നിവരെ സമരനായകരായി പറയുന്നു. 1121 കര്‍ക്കടകം 21 ന് സൈമണ്‍ ആശാനെ അറസ്റ്റുചെയ്തതായി രേഖപ്പെടുത്തുന്നു. ''ഞാനും'' കൂടി ഒപ്പമില്ല. നാടാര്‍ കൊലക്കേസ്സ് (പുന്നപ്ര സംഭവം) പ്രതികളായ 95 പേരുടെ ലിസ്റ്റ് ലേഖനത്തിന്റെ അവസാനമുണ്ട് ''ഞാനും'' അതിലുമില്ല.മൂന്നാം ലേഖനം വി.കെ.വാസവന്‍ എന്ന നേതാവിന്റെയാണ്. ഇവിടെ പുന്നപ്ര സംഭവങ്ങളില്‍ സൈമണ്‍ ആശാന്റെ നേതൃത്വപരമായ പങ്ക് വിശദീകരിക്കുന്നുണ്ട്. പി.ടി. പുന്നൂസ്സ്, ആര്‍. സുഗതന്‍, കുമാരന്‍ വക്കീല്‍, വി.കെ. കരുണാകരന്‍, എന്‍.എസ്.പി.പണിക്കര്‍, കെ.എസ്. ബെന്‍ ഇവരെയൊക്കെപ്പറ്റി പറയുന്നുണ്ട്. ''ഞാനും'' മാത്രമില്ല.നാലും, ആറും ലേഖനങ്ങള്‍ സൈമണ്‍ ആശാന്റെ സന്തതസഹചാരികളുടേതാണ്. രണ്ടു ലേഖനങ്ങളിലും അച്യുതാനന്ദന്‍ അവകാശപ്പെട്ടതുപോലെ സൈമണ്‍ ആശാന്റെ കൂടെ ''ഞാനും'' ഉള്ളതായി കാണുന്നില്ല. ആറാം ലേഖനത്തിന്റെ തന്നെ ഭാഗമായി വട്ടയാല്‍ പള്ളി സംഭവത്തിലെ 22 പ്രതികളുടെ ലിസ്റ്റ് ചേര്‍ത്തിട്ടുണ്ട്. ഒന്നാം പേരുകാരന്‍ സൈമണ്‍ ആശാനാണെങ്കിലും ''ഞാനും'' അവിടെയുമില്ല.
 
13-ാം ലേഖനം പുന്നപ്ര സമരസേനാനി കറുകപ്പറമ്പില്‍ യോഹന്നാന്റെ അനുഭവങ്ങളാണ്. പുന്നപ്രയിലെ കയര്‍-മത്സ്യമേഖലയില്‍ സൈമണ്‍ ആശാന്‍, ആര്‍. സുഗതന്‍, കെ.എസ്.ബെന്‍, ടി.വി. തോമസ് എന്നിവര്‍ നേതൃത്വം നല്കി പ്രവര്‍ത്തിച്ചിരുന്നതായി പ്രസ്താവിക്കുന്നുണ്ട്. 14 ാം ലേഖനത്തില്‍ വാരിയംപറമ്പില്‍ കൃഷ്ണന്‍ എന്ന സമരസേനാനി പറയുന്നത് സൈമണ്‍ ആശാന്‍, കെ.വി.പത്രോസ്, എം.എന്‍. ഗോവിന്ദന്‍ നായര്‍, പി.റ്റി. പുന്നൂസ്സ്, ആര്‍. സുഗതന്‍ എന്നിവര്‍ പുന്നപ്ര സമരത്തിന്റെ നേതൃസ്ഥാനത്തു പ്രവര്‍ത്തിച്ചു എന്നാണ്. 13ലും 14ലും സൈമണ്‍ ആശാന്‍ ഉണ്ട്, ''ഞാനും'' ഇല്ല. 
1946 ല്‍ വെറും 23 വയസ്സുകാരന്‍ ആയതുകൊണ്ടാണോ ''ഞാനും'' (അച്യുതാനന്ദന്‍) ഉണ്ടെന്ന് ''പുന്നപ്ര-വയലാര്‍ സമരം - അനുഭവങ്ങളിലൂടെ''യില്‍ (ചിന്ത പബ്ലിഷേഴ്‌സ്) ആരും പറയാതിരുന്നത്. എങ്കില്‍ പല ലേഖനങ്ങളിലും 19 വയസ്സുകാരന്‍ പി.കെ.ചന്ദ്രാനന്ദന് നായകസ്ഥാനം നല്‍കിയതോ. അന്ന് (1946) 12 വയസ്സ് മാത്രമുള്ള ടി.കെ. പളനിക്കുവേണ്ടി (1996 ലെ മാരാരിക്കുളം വിപ്ലവത്തിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി) പ്രസ്തുത പുസ്തകത്തിന്റെ 126-ാം പേജില്‍ തലക്കെട്ടോടുകൂടിയ പ്രത്യേക പരിഗണനനല്‍കിയതും, പ്രായം കുറഞ്ഞതുകൊണ്ട് ആരെയും ഒഴിവാക്കിയിട്ടില്ല എന്നതിന് തെളിവാണ്.
 
സി.പി.എം. ആഭിമുഖ്യത്തിലുള്ള ചിന്ത പബ്ലിഷേഴ്‌സ് 2006 ല്‍ പുറത്തിറക്കിയ ''പുന്നപ്ര-വയലാര്‍ സമരം അനുഭവങ്ങളിലൂടെ'' യില്‍ പ്രമുഖ സമരസേനാനികള്‍ ആരും സമരത്തില്‍ വി.എസ്. അച്യുതാനന്ദന്റെ സംഭാവന പറയുന്നില്ല. മാത്രമല്ല പുന്നപ്ര സമരത്തില്‍ ''ഞാനും സൈമണ്‍ ആശാനും'' എന്ന് അച്യുതാനന്ദന്‍ എഴുതിയ സൈമണ്‍ ആശാന്‍ എല്ലായിടത്തും ഒന്നാമനായി സ്മരിക്കപ്പെടുന്നുണ്ട്. അച്യുതാനന്ദനെ ആരും വെട്ടിനിരത്തിയതല്ല. പുന്നപ്ര സമരത്തില്‍ അച്യുതാനന്ദന് സ്വയം പ്രചരിപ്പിക്കുന്ന നായകസ്ഥാനം ഇല്ല എന്നുള്ളതാണ് സത്യം. പുന്നപ്ര-വയലാറില്‍ ജീവത്യാഗം ചെയ്ത പാവപ്പെട്ട തൊഴിലാളികളെ അപഹസിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും, പാര്‍ട്ടി നേതാക്കന്മാരേയും അന്ധമായി വിശ്വസിച്ചതുകൊണ്ടാണ്  അവര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടത് എന്ന് തുറന്നു പറയുകമാത്രമേ ചെയ്തിട്ടുള്ളൂ. പൊള്ളയായ അവകാശവാദങ്ങളും നിറംപിടിപ്പിച്ചനുണകളും ചേര്‍ത്ത് കെട്ടിച്ചമച്ചുണ്ടാക്കി കപടവിപ്ലവനാടകമായിരുന്നു പുന്നപ്ര-വയലാര്‍ സമരം. 
പുന്നപ്ര സമരം കലാശിക്കുന്നത് പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിലാണ്. 30 ല്‍ താഴെ പൊലീസ്സുകാര്‍ മാത്രമേ ക്യാമ്പിലുണ്ടായിരുന്നുള്ളു. ആയിരക്കണക്കിന് സായുധമായ കമ്യൂണിസ്റ്റുകാര്‍ ക്യാമ്പ് വളഞ്ഞു. തിരുവിതാംകൂര്‍ പൊലീസിലെ സാത്വികനെന്ന് അറിയപ്പെട്ട വേലായുധന്‍ നാടാരായിരുന്നു ക്യാമ്പിന്റെ ഇന്‍സ്‌പെക്ടര്‍. സഹപ്രവര്‍ത്തകര്‍ തടഞ്ഞിട്ടും, ''എന്നെ ആരും ഒന്നും ചെയ്യുകയില്ല, ഞാന്‍ ഈശ്വരവിരോധം ചെയ്തിട്ടില്ല'' എന്നു പറഞ്ഞു കൊണ്ട് നാടാര്‍ ഒറ്റയ്ക്ക് നിരായുധനായി ജനക്കൂട്ടത്തിന്റെ അടുത്തേയ്ക്ക് ചെന്നു.
 
സമരക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയ പോലെ ജാഥ പിരിഞ്ഞുപോകണമെന്ന് അപേക്ഷാ രൂപത്തില്‍ തൊഴുകൈകളോടെ (പേജ് 58 പുന്നപ്ര-വയലാര്‍ സമരം-അനുഭവങ്ങളിലൂടെ) ആവശ്യപ്പെട്ടു. ''എസ്.ഐ.നാടാര്‍ തന്റെ തൊപ്പി പുറകോട്ടിട്ടു. അതൊരു കീഴടങ്ങലായിരുന്നു''. (പേജ് 37 പുന്നപ്ര-വയലാര്‍ സമരം അനുഭവങ്ങളിലൂടെ). ഇന്‍സ്‌പെക്ടര്‍ മുന്നോട്ടു വന്ന് ലീഡര്‍മാരായ പത്മനാഭനും, കെ.ജെ.നിക്‌സാസ്സുമായി സംസാരിച്ചു. (പേജ് 137. കെ.സി.ജോര്‍ജ് പുന്നപ്ര-വയലാര്‍). പെട്ടെന്ന് പി.കെ. ചന്ദ്രാനന്ദന്‍ പറഞ്ഞു 'വെട്ടെടാ'. നാടാരെ തെങ്ങുകയറ്റ തൊഴിലാളി കുഞ്ഞുണ്ണിപ്പരവന്‍ തന്റെ പണിയായുധം കൊണ്ടുവെട്ടി. ഒറ്റവെട്ടിന് തലയറ്റുവീണ നാടാരുടെ ശരീരത്തില്‍ 196 കുത്തുകള്‍ കിട്ടി. (പേജ് 18 പുന്നപ്ര-വയലാര്‍ - അനുഭവങ്ങളിലൂടെ) പിന്നെയാണ് പോലീസുകാര്‍ പ്രാണരക്ഷാര്‍ത്ഥം വെടി വച്ചത്. യഥാര്‍ത്ഥത്തില്‍ പുന്നപ്ര-വയലാര്‍ സമരത്തിലെ ആദ്യരക്തസാക്ഷി വേലായുധന്‍ നാടാരാണ്. പുന്നപ്ര ക്യാമ്പു സ്ഥിതി ചെയ്തിരുന്നത് അപ്‌ളോണ്‍ അരൂജിന്റെ കെട്ടിടത്തിലായിരുന്നു. കമ്യൂണിസ്റ്റുകാര്‍ പറയുന്ന അപ്‌ളോണ്‍ അരൂജെന്ന ജന്മി. 1974 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക സമരചരിത്രത്തില്‍ ജന്മിയായ അപ്‌ളോണ്‍ അരൂജ് എന്ന് എഴുതിയ കെ.സി.ജോര്‍ജ് 1971 ല്‍ അതു തിരുത്തി. അപ്‌ളോണ്‍ അരൂജ് ജന്മിയായിരുന്നില്ല, കമ്യൂണിസ്റ്റ് വിരോധിമാത്രമായിരുന്നു. (പേജ് 95 പുന്നപ്ര-വയലാര്‍-കെ.സി.ജോര്‍ജ്). ചുരുക്കത്തില്‍ നാടാര്‍ കൊലക്കേസ് എന്ന് പുന്നപ്ര സമരത്തെ വിളിക്കാം.
 
വയലാറിലാകട്ടെ പട്ടാളക്കാരുടെ വെടിയുണ്ടകള്‍ക്ക് ഇരയായി അസംഖ്യം തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് നേതാക്കന്മാരുടെ പരാജയം കൊണ്ടുമാത്രമാണ്. ''തുലാം ഏഴിന് പുന്നപ്ര വെടിവയ്പുനടന്നപ്പോള്‍ തന്നെ വയലാര്‍ ക്യാമ്പു പിരിച്ചുവിടാന്‍  നിര്‍ദ്ദേശിച്ചുകൊണ്ട് കെ.വി.പത്രോസ്-സുപ്രീം കമാന്‍ഡര്‍ വയലാറിലേക്ക് ഒരു കത്തു കൊടുത്തയച്ചു. കത്തുകിട്ടിയത് എന്റെയും കുമാരപണിക്കരുടേയും കയ്യിലാണ്. കിട്ടുന്നത് വയലാര്‍ വെടി വയ്പുകഴിഞ്ഞ് തുലാം പത്തിന് രാത്രി പത്തുമണിക്ക്. താമസംവരാനുള്ള കാരണം ഇന്നും അജ്ഞാതമാണ്. ക്യാമ്പ് പിരിട്ടുവിട്ട് പ്രവര്‍ത്തകര്‍ സ്ഥലം വിടുക എന്നതാണ് കത്തില്‍ എഴുതിയിരുന്നത്''. (പേജ് 146 ല്‍ സി.കെ. ഭാസ്‌കരന്‍ പുന്നപ്ര-വയലാര്‍ സമരം-അനുഭവങ്ങളിലൂടെ). ''തുലാം പത്തിന് മുമ്പ് ക്യാമ്പ് പിരിച്ചുവിടണം എന്ന നിര്‍ദ്ദേശം ഞങ്ങള്‍ക്കു കിട്ടിയിരുന്നില്ല. ഒരു പക്ഷെ നേതാക്കള്‍ക്ക് അറിയാമായിരുന്നിരിക്കാം. ഒരു സര്‍ക്കുലര്‍ കിട്ടി, പിരിഞ്ഞുപോകാനാണ് എഴുതിയിരുന്നത്. തുലാം അഞ്ചിന് എഴുതിയത് പതിനാറിനു കിട്ടി. അങ്ങിനെ സംഭവിച്ചതിലെ മറ്റു കാര്യങ്ങള്‍ അറിയില്ല''. (പേജ് 161 വാവ ആശാന്‍ -പുന്നപ്ര-വയലാര്‍ സമരം-അനുഭവങ്ങളിലൂടെ). ''പട്ടാളം വന്നാല്‍ വെടിവയ്ക്കില്ല എന്ന ധാരണയുണ്ടായിരുന്നു. പ്രത്യേകിച്ചും മഹാരാജാവിന്റെ തിരുനാള്‍ ആഘോഷിക്കുന്ന അവസരത്തില്‍''. (പേജ് 149 പി.എ. ഗംഗാധരന്‍ പുന്നപ്ര-വയലാര്‍ സമരം - അനുഭവങ്ങളിലൂടെ). കത്തുകള്‍ വൈകിയതെങ്ങനെ. മേല്‍പറഞ്ഞ ധാരണ ആരുനല്‍കി. ചരിത്രാതീതകാലത്തെ സംഭവങ്ങള്‍വരെ പുനരന്വേഷിച്ച് തെറ്റുതിരുത്തുന്ന സി.പി.എം. ഇനിയെങ്കിലും അന്വേഷിക്കുമോ.
 
പുന്നപ്ര-വയലാര്‍ രക്തസാക്ഷികളുടെ പ്രസ്ഥാനത്തോടുള്ള ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും, പാര്‍ട്ടി നേതാക്കന്മാരോടുള്ള കൂറും വിശ്വാസവും ചോദ്യം ചെയ്യപ്പെടാനാവാത്തതും സ്മരണാര്‍ഹവുമാണ്. പക്ഷേ അവരെ വെടിയുണ്ടകള്‍ക്കുമുന്നിലേയ്ക്കു തള്ളി വിടുകയും, യഥാസമയം നിര്‍ദ്ദേശങ്ങള്‍ നല്‍കാതെ ഒളിക്കുകയും, പുഴയായി ഒഴുകിയ ചോരയ്ക്ക് വില പറഞ്ഞ് ഉന്നതങ്ങളില്‍ എത്തുകയും ചെയ്തവര്‍ ആരോണാ അവരുടെ ചെയ്തികളിലെ വഞ്ചന വിളിച്ചുപറയുമ്പോഴാണ് രക്തസാക്ഷി മണ്ഡപങ്ങളിലെ മൃഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചുകൊണ്ട് അശാന്തരായി അലയുന്ന തൊഴിലാളികളുടെ ആത്മാക്കള്‍ക്ക് മുക്തിയും മോക്ഷവും ലഭിക്കുന്നത്. അത് എല്ലാ ജനാധിപത്യവിശ്വാസികളുടേയും കടമയുമാണ്. ഇനിയും പറയാന്‍ പോകുന്നത് ചരിത്രമല്ല. കഥ മാത്രമാണ്. 1122 തുലാം മാസത്തിലെ ഒരു പ്രഭാതം. ആലപ്പുഴ പട്ടണത്തിലെ പ്രശസ്ത കയര്‍ ഫാക്ടറിയുടെ സമീപത്തെ ചെറിയ പീടികമുറിയുടെ മുമ്പില്‍ കുറേ കയര്‍ ഫാക്ടറി തൊഴിലാളി സ്ത്രീകള്‍ കൂടി നില്‍ക്കുന്നു. അവര്‍ ആരേയോ ശപിക്കുകയും ശകാരിക്കുകയും ചെയ്യുന്നുണ്ട്. പീടികയില്‍ പ്രവര്‍ത്തിച്ചിരുന്ന തയ്യല്‍ക്കട ഒരാഴ്ചയായി തുറക്കുന്നില്ല. സ്ത്രീ തൊഴിലാളികള്‍ തയ്ക്കാന്‍ നല്‍കിയ തുണികളുമായി യുവാവായ തയ്യല്‍ക്കാരന്‍ മുങ്ങിയിരിക്കുന്നു. പുന്നപ്ര-വയലാര്‍ സമരത്തിന് തൊട്ടു മുമ്പും പിമ്പും അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളിലെ എല്ലാ കുറ്റകൃത്യങ്ങളിലേയും പ്രതികളുടെ പേരില്‍ പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട രാഷ്ട്രീയകുറ്റംകൂടി ചുമത്തുന്ന പതിവ് സര്‍.സി.പിയുടെ പൊലീസിന് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. തയ്ക്കാന്‍ നല്‍കിയ തുണികള്‍ നഷ്ടപ്പെട്ട സ്ത്രീതൊഴിലാളികള്‍ പൊലീസില്‍ പരാതിപ്പെട്ടുകാണണം.

സിപിഎം പ്രവര്‍ത്തകയെ പീഡിപ്പിച്ച ഡിവൈഎഫ് ഐ നേതാവ് അറസ്റ്റില്‍


തൃശൂര്‍: സിപിഎം നേതാവിന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച ഡിവൈ എഫ് ഐ നേതാവ് ജയിലിലായി. മുളകുന്നത്തുകാവ് മെഡിക്കല്‍ കോളജ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അയ്യന്തോള്‍ പുല്ലഴി 
കോഴിക്കോടന്‍ വിജേഷ് വേണു (32)  വിനെയാണ് പേരാമംഗലം പോലീസ് അറസ്റ്റു ചെയ്തത്.  അദ്ധ്യാപികയായ യുവതി പഠന കാലത്ത്  തൃശൂരിലെ വനിത കോളെജിലെ കൗണ്‍സിലറായിരുന്നു. വിജീഷ് എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളെജ് ചെയര്‍മാനും. അന്നുള്ള ബന്ധം മുതലെടുത്ത് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ചതിച്ചു എന്നാണ് കേസ്സ്. മുമ്പ്‌നേതാവ്  വിവാഹം കഴിച്ചുവെങ്കിലും ഉപേക്ഷിക്കപ്പെട്ടു.  പീഡിപ്പിക്കപ്പെട്ട യുവതിയുമായി ബന്ധം നിലനില്‍ക്കേ മൂന്നാമതൊരു  വിവാഹത്തിന് ഒരുങ്ങുമ്പോഴാണ് ഇയാളെ പോലീസ് പിടികൂടിയത്. നവ. 5നാണ് വിവാഹം നിശ്ചയിച്ചിരുന്നത്.അതറിഞ്ഞാണ്  ബാഞ്ച്‌ സെക്രട്ടറിയായപിതാവ് മകളേയും കൂട്ടി പേരാമംഗലം പോലീസില്‍ പരാതി നല്‍കിയത്. ആരോഗ്യ വകുപ്പില്‍ താല്‍ക്കാലിക തസ്തികയില്‍ ജോലി നോക്കുകയാണ് വിജീഷ്.  അമ്മ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനാല്‍ അവിടത്തെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം.  ദലിത് വിഭാഗത്തില്‍പെട്ട അദ്ധ്യാപികയും സിപിഎം മഹിളാ അസ്സോസ്സിയേഷന്‍ പ്രവര്‍ത്തകയാണ്. വിവാഹം ചെയ്യാമെന്ന് പ്രലോഭിപ്പിച്ചും വശീകരിച്ചും ഭീഷണിപ്പെടുത്തിയും മുളകുന്നത്തുകാവിലെ വീട്ടിലേക്കു നിര്‍ബന്ധിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. മൂന്നു വര്‍ഷമായി പീഡനമുണ്ടാകാറുണ്ടെന്നാണ് ആക്ഷേപം.  എസ് എഫ് ഐ ജില്ലാ ഭാരവാഹിയായ വിജേഷ് പിന്നീട് ഡിവൈഎഫ്‌ഐയുടെ ഏരിയാ കമ്മിറ്റി അംഗവും ജില്ലാ കമ്മിറ്റി അംഗവുമായി. മൂന്നാമതും വിവാഹം നിശ്ചയിച്ചതറിഞ്ഞ് വനിത നേതാവ് പാര്‍ട്ടിനേതാക്കളോട് പരാതി പറഞ്ഞെങ്കിലും അവര്‍ വഴുതി മാറുകയായിരുന്നു.

Friday, October 28, 2011

വി.എസിന് എന്തും പറയാം; ഡി.വൈ.എഫ്.ഐയ്ക്കും


കൊച്ചി: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനോടുള്ള ഡിവൈഎഫ്‌ഐ, എഐവൈഎഫ്  നേതാക്കളുടെയും സിപിഎം നേതാക്കളുടെയും സ്‌നേഹം കണ്ട് മലയാളികളുടെ കണ്ണു നിറഞ്ഞു.
ഗണേഷ് കുമാര്‍ തന്റെ വാക്കു പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടും മുഖ്യമന്ത്രി സഭയില്‍ ഖേദം പ്രകടിപ്പിച്ചിട്ടും കലിയടങ്ങാത്ത ഡിഫി-എഐവൈഎഫ് നേതാക്കള്‍ കേരളമാകെ ആഭാസസമരം നടത്തുന്നു. ഒരാള്‍ തെറ്റ് തുറന്നു പറഞ്ഞ് മാപ്പപേക്ഷിക്കുമ്പോള്‍ ക്ഷമിക്കുക എന്ന സാമാന്യമര്യാദപോലും മറന്നാണ് സര്‍ക്കാരിനെതിരെ കലാപം അഴിച്ചുവിടുവാന്‍ കാത്തുകെട്ടിക്കിടക്കുന്ന സിപിഎം  നേതാക്കള്‍ തെരുവിലിറങ്ങിയത്. ഗണേഷ്‌കുമാര്‍ മാപ്പ് പറഞ്ഞാല്‍ പ്രശ്‌നം തീരില്ലെന്ന കണ്ടെത്തലുമായാണ് റേറ്റിംഗ് കൂട്ടാന്‍ മത്സരിക്കുന്ന ചില ചാനലുകള്‍ ഇന്നലെ തള്ളിനീക്കിയത്. വാര്‍ത്താ ദാരിദ്ര്യത്തില്‍ ബുദ്ധിമുട്ടുന്ന ചില ചാനലുകള്‍ ഗണേഷ്‌കുമാര്‍ പണ്ടെങ്ങോ യാത്ര ചെയ്ത കഥയുമായാണ്, കേരളത്തില്‍ കലാപം അഴിച്ചുവിടാനും ചാനല്‍ ചര്‍ച്ച കൊഴുപ്പിക്കാനും ശ്രമിച്ചത്. ഇതിനിടെ നമ്മള്‍ മറന്ന് പോകുന്ന ചില കാര്യങ്ങളുമുണ്ട്.
 
വി.എസ്. അച്യുതാനന്ദന്  ലതികാ സുഭാഷിനെ ആക്ഷേപിക്കാം, കെ.ഇ.എന്നിനെ കുരങ്ങനെന്ന് വിളിക്കാം. രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെ അധിക്ഷേപിക്കാം, മന്ത്രിയെ പോഴന്‍ എന്ന് വിളിക്കാം. ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കും സിപിഎം നേതാക്കള്‍ക്കും എസ്.എഫ്.ഐക്കാര്‍ക്കും ആരെയും തന്തയ്ക്കു വിളിക്കാം. ശുംഭനെന്ന് വിളിക്കാം. മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിക്കാം. കുഞ്ഞാലിക്കുട്ടിയേയും ബാലകൃഷ്ണപിള്ളയേയും വായില്‍ തോന്നിയതൊക്കെ വിളിക്കാം, പക്ഷേ അതൊക്കെ ബൂമറാങ് പോലെ തിരികെ വരുമ്പോള്‍ ഒന്നും സഹിക്കാനാവുന്നില്ല. എന്തൊക്കെ വിടുവായത്തരങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി വി.എസിന്റേതായി പ്രബുദ്ധ കേരളം സഹിക്കുന്നത്. വി.എസിനെ ആക്ഷേപിച്ചതിന്റെ പേരില്‍ തെരുവിലിറങ്ങിയ ഡിഫി-ളെശ-എഐവൈഎഫ്  നേതാക്കള്‍ വിളിച്ച മുദ്രാവാക്യങ്ങളും റെക്കോര്‍ഡ് ചെയ്തു കാണിക്കണം  ടിവി ചാനലുകാര്‍. മന്ത്രിയെ പേപ്പട്ടിയെന്നും പുറത്ത് പറയാന്‍ കൊള്ളാത്ത അശ്ലീല സംബോധനകള്‍ നടത്തുന്നതും ചാനല്‍ ക്യാമറകള്‍ കണ്ടില്ല!  ഇടതുപക്ഷത്തിന് എന്തും വിളിച്ചുപറയാനുള്ള ലൈസന്‍സ് ആരാണ് നല്‍കിയത്?
 
ഗണേഷിനു ശേഷം പി.സി.ജോര്‍ജ്ജിന്റെ പ്രസംഗത്തിനും എന്തോ കുഴപ്പമുണ്ടെന്ന കണ്ടെത്തലുമായാണ് പിന്നീട് ചാനലുകാര്‍ രംഗം കൊഴുപ്പിച്ചത്. സ്ത്രീകളെ മുഴുവന്‍ അപമാനിച്ചുവെന്നാരോപിച്ച് രണ്ടാം ദിവസം  കേരളത്തില്‍ കലാപം അഴിച്ചുവിടാനുള്ള ഗൂഢാലോചനയാണ് പിന്നീട് നടന്നത്. ഇതിനിടെ ചില ചാനലുകാര്‍ പണ്ടെങ്ങോ ഗണേഷ് സ്ത്രീയെ അപമാനിച്ചു എന്നാരോപിച്ച് കഥയും മെനഞ്ഞു. എന്നാല്‍ ടി വി രാജേഷ് എംഎല്‍എ വനിതാ പോലീസിനെ ആക്ഷേപിച്ച സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ ആരും മിനക്കെട്ടില്ല. റോഡിനു നടുവില്‍ വനിതാ പൊലീസിനെയും പൊലീസുകാരെയും ആക്ഷേപിച്ചതിനെക്കുറിച്ച് അന്വേഷിക്കാനും ചാനലുകാര്‍ മെനക്കെട്ടില്ല. വി.എസിന്റെ നാക്കിന്റെ ചൊറിച്ചില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പുച്ഛത്തോടെ മാത്രമേ അദ്ദേഹം എന്നും മറ്റുള്ളവരെ കണ്ടിട്ടുള്ളു. ഇതില്‍ ജയരാജന്‍മാരും രാജേഷുമാരും  ബിജുമാരും വ്യത്യസ്തരല്ല. സ്ഥിരമായി പിതൃത്വത്തെ ആക്ഷേപിച്ച് സംസാരിക്കുന്ന എസ്.എഫ്.ഐ നേതാക്കളുടെ ജല്പനങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാക്കണം. വായില്‍ തോന്നുന്നതെന്തും വിളിച്ച് പറഞ്ഞിട്ട് അവയൊക്കെ തിരികെ വരുമ്പോള്‍ അസഹിഷ്ണുത കാട്ടിയിട്ട് കാര്യമില്ലെന്ന് സിപിഎം നേതാക്കള്‍ ഇനിയെങ്കിലും ഓര്‍ക്കണം.

Thursday, October 27, 2011

വരുന്നു വീണ്ടും പിണറായി, അച്യുതാനന്ദന്‍ പോര് അഥവാ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്സ്

തിരുവനന്തപുരം: മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഫറന്‍സിനുവേണ്ടി സിപിഐഎം ഒരുങ്ങുമ്പോള്‍ അത് പിണറായി വിജയനും വിഎസ് അച്യുതാനന്ദനും തമ്മിലുള്ള 'ആശയപോരാട്ട'ത്തിന്റെ അരങ്ങുറപ്പിക്കല്‍ കൂടിയായി മാറുന്നു.

നിരവധി വെട്ടിനിരത്തലുകള്‍ക്കൊടുവില്‍ ബ്രാഞ്ച് തല യോഗങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ലോക്കല്‍ കമ്മിറ്റി സമ്മേളനങ്ങള്‍ തുടങ്ങുമ്പോള്‍ പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് അണികളുടെ മനസ്സില്‍ ഉയരുന്നത്. ഒന്ന് തുടര്‍ച്ചയായ നാലാം തവണയും പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുമോ? രണ്ട്, 87ാം വയസ്സിലും കൂടുതല്‍ കരുത്തുകാട്ടുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യാതനന്ദന്റെ കാലുകള്‍ വിലങ്ങിട്ടു പൂട്ടുമോ?

പാര്‍ട്ടി തുടര്‍ച്ചയായി നിഷേധിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിഎസ് എന്നും പിണറായിയെന്നും രണ്ടു പക്ഷം പാര്‍ട്ടിയില്‍ സജീവമാണ്. ഓരോ പാര്‍ട്ടി കോണ്‍ഗ്രസ് പൂര്‍ത്തിയാകുമ്പോഴും വിഎസ് കൂടുതല്‍ കൂടുതല്‍ ദുര്‍ബ്ബലനായി മാറുകയാണ് ചെയ്തത്.

2006ലെ നിയമസഭാ തിരഞ്ഞെടുപ്പിനിടെയാണ് ഈ വിഭാഗിയത മറ നീക്കി പുറത്തുവന്നത്. തിരഞ്ഞെടുപ്പില്‍ അച്യുതാനന്ദന് ആദ്യം ടിക്കറ്റ് നിഷേധിച്ച പാര്‍ട്ടിക്ക് അണികളുടെ പരസ്യമായ പ്രക്ഷോഭപരിപാടികളെ തുടര്‍ന്ന് അദ്ദേഹത്തെ മല്‍സരിപ്പിക്കേണ്ടി വന്നു. അദ്ദേഹം വിജയിച്ച് മുഖ്യമന്ത്രിയായി. തുടര്‍ന്ന് ഭരണം നടന്ന അഞ്ചുവര്‍ഷവും പാര്‍ട്ടിയുടെ ഔദ്യോഗികവിഭാഗത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമിടയിലൂടെയാണ് അച്യുതാനന്ദന്‍ മുന്നോട്ടുനീങ്ങിയത്.

ഈ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലും പാര്‍ട്ടി ഗണ്യമായ നേട്ടമുണ്ടാക്കിയത് വിഎസ് അച്യുതാനന്ദന്‍ ഫോര്‍മുല കൊണ്ടു തന്നെയാണ്. എന്തായാലും എംഎ ബേബി, തോമസ് ഐസക്, കൊടിയേരി ബാലകൃഷ്ണന്‍ കൂട്ടുകെട്ടിന്റെ നിലപാടായിരിക്കും ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിര്‍ണായകമാവുക.

Tuesday, October 25, 2011

പ്രതിപക്ഷം ഇരന്നു വാങ്ങിയത് മുഖമടച്ചുള്ള ആഘാതം


ആവനാഴിയുടെ ശുദ്ധശൂന്യത പരിഗണിക്കാതെ വില്ലെടുത്തു വീശി യുദ്ധം ജയിക്കാമെന്ന് വ്യാമോഹിച്ച വിഡ്ഢിയായ പോരാളിയുടെ റോളെടുത്ത് പ്രതിപക്ഷം ഇന്നലെ നിയമസഭയില്‍ കളിച്ച അസംബന്ധ നാടകത്തിന് ജനകീയ കോടതി നല്‍കിയത് നെഗറ്റീവ് മാര്‍ക്ക്.
ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കാനുള്ള പദ്ധതിയിലൂടെ ഖജനാവില്‍ നിന്ന് നൂറുകോടിയോളം രൂപ നഷ്ടമായതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടിവയ്ക്കാനും ഇതു സംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിന്റെ മറവില്‍ യു.ഡി.എഫ് മന്ത്രിസഭയെ വൈഷമ്യത്തിലാക്കാനും അണിയറയില്‍ നടന്ന തയ്യാറെടുപ്പ് അരങ്ങില്‍ അമ്പേ പാളുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പ്രതിഛായയ്ക്ക് അണുവിട ഊനമുണ്ടാക്കാന്‍ പാമോലിന്‍ കേസിന് സാധ്യമാകാതെ വന്നതിന്റെ നൈരാശ്യം ടൈറ്റാനിയം ആരോപണത്തിന്റെ വിഷം ചീറ്റി മറികടക്കാനുള്ള ആസൂത്രിത നീക്കമാണ് നിയമസഭയില്‍ അടിമുടി തകര്‍ന്നത്. അനിതര സ്വഭാവമാര്‍ന്ന പൊതുജീവിത ശൈലിയിലൂടെ അത്യന്ത സ്വച്ഛമായൊരു പ്രതിഛായ സ്വായത്തമാക്കിയ ഉമ്മന്‍ ചാണ്ടിയെ അലോസരപ്പെടുത്താന്‍ പോന്ന ആരോപണമൊന്നുമല്ല ടൈറ്റാനിയം കമ്പനിയുമായി ബന്ധപ്പെട്ടുയര്‍ന്നതെന്ന് പ്രതിപക്ഷത്തിന് വ്യക്തമായറിയാമായിരുന്നു. ഇന്നലെ നിയമസഭയില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കൊന്നും തന്നെ പുതുമയില്ലെന്നും ആവര്‍ത്തനം മാത്രമാണെന്നും സാക്ഷ്യപ്പെടുത്തിയത് എളമരം കരീം തന്നെ. അടിയന്തിര പ്രമേയാവതരണത്തിന് വിഫല ശ്രമം നടത്താനും വഴിപാടുപോലെ ആവര്‍ത്തിക്കുന്ന വാക്കൗട്ടില്‍ കാര്യം തീര്‍ക്കാനുമല്ലാതെ പ്രതിപക്ഷം കൂടുതലൊന്നും ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തം.
 
പക്ഷേ അഗ്നിശുദ്ധി തെളിയിക്കാന്‍ പ്രതിജ്ഞാബദ്ധനായിരുന്ന ഉമ്മന്‍ ചാണ്ടിയാകട്ടെ തനിക്ക് യാതൊന്നും ഒളിക്കാനില്ലെന്ന് പ്രതിപക്ഷത്തെ മാത്രമല്ല കേരള ജനതയെ ഒട്ടാകെത്തന്നെ ബോധ്യപ്പെടുത്തണമെന്ന ശാഠ്യത്തിലായിരുന്നു. അതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടലുകളെ തകിടംമറിച്ചുകൊണ്ട്  അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നല്‍കാനും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചാ നടപടികളത്രയും ടെലിവിഷന്‍ ചാനലുകളിലൂടെ തല്‍സമയം ജനങ്ങളെ കാണിക്കാനുമുള്ള തീരുമാനമുണ്ടായത്. 
ദുഷ്ടലാക്കോടെ ചിലര്‍ അക്കമിട്ട് നല്‍കുന്ന വിവരങ്ങളും കുറ്റാരോപണങ്ങളും ഏകപക്ഷീയമായി മാധ്യമങ്ങളിലൂടെ വിളമ്പി അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിന്റെ അഭിനവ കുലപതി പട്ടമണിയാന്‍ വെമ്പി നില്‍ക്കുന്നവരുമായി പ്രതിപക്ഷം കൈകോര്‍ത്തപ്പോള്‍ വിരചിതമായ അപഹാസ്യ തിരക്കഥയ്ക്ക് അപ്പുറമായി ടൈറ്റാനിയം അഴിമതി ആരോപണത്തില്‍ പതിരില്ലെന്ന് ചര്‍ച്ചയുടെ തല്‍സമയ സംപ്രേക്ഷണം കണ്ട ജനകോടികള്‍ക്ക് വ്യക്തമായി. പതിമൂന്നാം കേരള നിയമസഭയുടെ ഈ സമ്മേളനം ഇങ്ങനെയും ചരിത്രത്തില്‍ ഇടംനേടി. കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷം വലിച്ചെടുപ്പിക്കുന്ന മുഖ്യമന്ത്രിയുടെ തന്ത്രത്തില്‍ അതേമാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും കുരുങ്ങുകയായിരുന്നു.
 
കണ്ണാടിക്കൂട്ടിലിരുന്ന് കല്ലെറിയുന്നതിന്റെ അരോചകതയില്‍ പുളയുന്ന പ്രതിപക്ഷത്തിനു നേരെ ഉമ്മന്‍ ചാണ്ടിയും ഇതര ഭരണ കക്ഷിയംഗങ്ങളും അയച്ച ആഗ്നേയാസ്ത്രങ്ങളുടെ പ്രഹരശേഷിയും ജനങ്ങള്‍ നേരിട്ടുകണ്ടു. ആയിരത്തിലേറെ വ്യവസായ ശാലകള്‍ മലിനീകരണ നിയന്ത്രണ സംവിധാനത്തിന്റെ പോരായ്മ മൂലം അടച്ചു പൂട്ടത്തക്ക സാഹചര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്നുള്ള അന്ത്യ ശാസനത്തിന് താന്‍ നല്‍കിയ മറുപടി ഇല്ലായിരുന്നെങ്കില്‍ ടൈറ്റാനിയത്തിന് അന്നേ ഷട്ടര്‍ വീഴുമായിരുന്നെന്ന് സംശയലേശമെന്യേ സമര്‍ത്ഥിക്കാന്‍ മുഖ്യമന്ത്രിക്ക് സാധ്യമായി. രണ്ടു കത്തിന്റെ പേരില്‍ തന്നെ പ്രതിക്കൂട്ടില്‍ കയറ്റാന്‍ യത്‌നിക്കുന്ന പ്രതിപക്ഷത്തോട് അദ്ദേഹം പറഞ്ഞതിങ്ങനെ: രണ്ടല്ല, മൂന്നു കത്തുകള്‍ ഞാനയച്ചിരുന്നു. ഈ നടപടിക്കു വേണ്ടി തന്നെ നിര്‍ബന്ധിച്ചത് ഇടതുപക്ഷങ്ങളുടേതുള്‍പ്പടെയുള്ള ട്രേഡ് യൂണിയനുകളുടെ സമ്മര്‍ദമായിരുന്നെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയപ്പോഴും മറുപടിയില്ലാതെ പ്രതിപക്ഷം വൈക്ലബ്യത്തിലാകുന്നത് ജനങ്ങള്‍ കണ്ടു. അത്രയേറെ കുഴപ്പമുണ്ടാക്കിയ നടപടിയാണ് താന്‍ സ്വീകരിച്ചതെങ്കില്‍ തുടര്‍ന്നുവന്ന ഇടതു മന്ത്രിസഭ കൊട്ടിഘോഷത്തോടെ ശിലാസ്ഥാപനവും മറ്റുമായി പദ്ധതി മുന്നോട്ടു കൊണ്ടുപോയതെന്തിനെന്ന ചോദ്യം അക്ഷരാര്‍ത്ഥത്തില്‍ പ്രതിപക്ഷ നിരകളെ ഉത്തരം മുട്ടിച്ചു. പദ്ധതിക്കായുള്ള യന്ത്ര സാമഗ്രികള്‍ ഇറക്കുമതി ചെയ്തത് ഇടതു സര്‍ക്കാരായിരുന്നെന്ന വെളിപ്പെടുത്തലാകട്ടെ അതിലേറെ സ്‌ഫോടകാത്മകമായി.
പദ്ധതി നടത്തിപ്പിന് കരാര്‍ നല്‍കിയ പൊതുമേഖലാ സ്ഥാപനത്തെ ആക്ഷേപിച്ച പ്രതിപക്ഷത്തെ കുത്തി മുറിവേല്‍പ്പിക്കുന്നതായിരുന്നു ഒരു ഓര്‍മപ്പെടുത്തല്‍; വൈദ്യുതി ബോര്‍ഡിനെ കബളിപ്പിച്ച് അന്നത്തെ മന്ത്രിയുടെ ഒത്താശയോടെ കോടികളുടെ അഴിമതി നടത്തിയ ലാവ്‌ലിനെപ്പോലെ വിദേശ തട്ടിപ്പു കമ്പനിയല്ല മെക്കോണ്‍ എന്നത്. സി.ബി.ഐ അന്വേഷണാവശ്യത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടാനും ഉമ്മന്‍  ചാണ്ടിക്കു കഴിഞ്ഞു. കെട്ടിച്ചമച്ച ആക്ഷേപങ്ങളുടെയും കള്ളക്കഥകളുടെയും മറവില്‍ നിയമസഭയുടെ സമയം നഷ്ടമാക്കാനും മന്ത്രിമാരെ സമ്മര്‍ദ്ദത്തിലാക്കി ഭരണം തടസ്സപ്പെടുത്താനും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ആവര്‍ത്തിക്കുന്ന ജനദ്രോഹത്തിന് തടയിടാന്‍ ഇന്നലത്തെ നിയമസഭാ നടപടികള്‍ ഒരു പരിധിവരെയെങ്കിലും ഇടയാക്കുമെന്ന് ജനങ്ങള്‍ക്ക് പ്രതീക്ഷിക്കാം

പുന്നപ്ര-വയലാര്‍ നുണകള്‍ വീണ്ടും


പതിവ് നുണകള്‍ക്ക് പുറമേ ഒരു പുതിയ നുണയും ഇപ്രാവശ്യം അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നും തിരുവിതാംകൂറില്‍ ഉത്തവാദ ഭരണത്തിനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു എന്നുമാത്രമാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇത്തവണത്തെ വാദമുഖങ്ങളില്‍ ഈ സമരങ്ങള്‍ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരായിരുന്നെന്നും പറഞ്ഞിരിക്കുന്നു.

ഇത്തവണത്തെ പുന്നപ്ര-വയലാര്‍ വാരാഘോഷങ്ങളിലും പതിവ് നുണകള്‍ ആവര്‍ത്തിച്ചു. മുഖ്യ പ്രഭാഷകന്‍ വി.എസ് അച്യുതാനന്ദന്‍ പ്രസംഗിച്ചത് ഇങ്ങനെ ആയിരുന്നു. രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമായി നിലനിര്‍ത്തി അമേരിക്കന്‍ മോഡല്‍ നടപ്പിലാക്കാനാണ് സര്‍. സി.പി. രാമസ്വാമി അയ്യരും മഹാരാജാവ് ചിത്തിര തിരുനാളും ശ്രമിച്ചത്.  ഇതിനെതിരായ പോരാട്ടത്തില്‍ ചിരത്രം രേഖപ്പെടുത്തിയ മുന്നേറ്റമാണ് പുന്നപ്ര-വയലാര്‍ സമരം. നാടിന്റെ മോചനത്തിന് പുന്നപ്ര-വയലാര്‍ വഹിച്ച പങ്ക് രാജ്യത്തിനാകെ മാതൃകയാണ് ” (ദേശാഭിമാനി, ഒക്ടോബര്‍ 24). 
പതിവ് നുണകള്‍ക്ക് പുറമേ ഒരു പുതിയ നുണയും ഇപ്രാവശ്യം അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാണെന്നും തിരുവിതാംകൂറില്‍ ഉത്തവാദ ഭരണത്തിനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു എന്നുമാത്രമാണ് ഇതുവരെ പറഞ്ഞിരുന്നത്. ഇത്തവണത്തെ വാദമുഖങ്ങളില്‍ ഈ സമരങ്ങള്‍ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരായിരുന്നെന്നും പറഞ്ഞിരിക്കുന്നു. പുന്നപ്ര-വയലാര്‍ സംഭവങ്ങള്‍ 1946 ഒക്ടോബറിലാണ്. സ്വതന്ത്ര തിരുവിതാംകൂര്‍ വാദം ഉണ്ടായത് 1947 ലാണ്. കാലഗണനയില്‍ പറ്റിയ പിശകായി ഇതിനെ കണക്കാക്കാം. ചിത്തിര തിരുനാള്‍ മഹാരാജവ് തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചുകൊണ്ട് രാജവിളംബരം പുറപ്പെടുവിച്ചത് 1947 ജൂണ്‍ 11 നായിരുന്നു. ഇതിനെതിരായി ശക്തമായ സമരം നടത്തിയതും പ്രസ്തുത വിളംബരം പിന്‍വലിപ്പിച്ചതും സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ആയിരുന്നു. പുന്നപ്ര-വയലാര്‍ സംഭവകാലത്ത് സ്വതന്ത്ര തിരുവിതാംകൂര്‍ വാദം ഉണ്ടായിരുന്നില്ല.
 
1946 ഒക്ടോബര്‍ 24-ാം തീയതി പുന്നപ്രയിലും 27-ാം തീയതി വയലാറിലും ഉണ്ടായസംഭവങ്ങള്‍ വിലയിരുത്തിയാല്‍ ഒരുകാര്യം വ്യക്തമാകും. അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ മാത്രം ഒതുങ്ങിനിന്ന പരാജയപ്പെട്ട ഒരു പണിമുടക്ക് നടത്തുക മാത്രമാണ് ടി.വി തോമസിന്റെ നേതൃത്വത്തിലുള്ള സംയുക്ത ട്രേഡ് യൂണിയന്‍ ചെയ്തത്. പണിമുടക്കിയ തൊഴിലാളികള്‍ക്ക് ക്യാമ്പുകളില്‍ ഊണും ഉറക്കവും നടത്താനേ കഴിഞ്ഞുള്ളൂ. നേതാക്കള്‍ ഒളിവില്‍ പോവുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും യൂണിയനുകളും നിരോധിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്തു. അതാണ് ചരിത്രം. തിരുവിതാംകൂര്‍ സംസ്ഥാനമാകെ ഇളക്കിമറിച്ചുകൊണ്ട് സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നടത്തിവന്ന ഉത്തരവാദ ഭരണത്തിന് വേണ്ടിയുള്ള സമരത്തില്‍ ഒരു ദിവസം പോലും അമ്പലപ്പുഴ ചേര്‍ത്തല താലൂക്കിലെ തൊഴിലാളി സംഘടനകള്‍ പങ്കെടുത്തിട്ടില്ല. അതിനുള്ള ശ്രമങ്ങള്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാവ് സി.കേശവന്റെ നേതൃത്വത്തില്‍ നടന്നെങ്കിലും ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ ടി.വി. തോമസിനെ ഉപയോഗിച്ചുകൊണ്ട് ഫലപ്രദമായി ഇത് തടഞ്ഞു. ദിവാന്‍ സര്‍ സി.പിക്ക് സ്റ്റേറ്റ് കോണ്‍ഗ്രസ്സിനോടായിരുന്നു കൂടുതല്‍ വിരോധം. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാവ് സി. കേശവനെ കോഴഞ്ചേരി പ്രസംഗത്തിന്റെ പേരില്‍ ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനത്ത് വെച്ച് അറസ്റ്റ് ചെയ്യുകയും രാജ്യദ്രോഹ കുറ്റം ചുമത്തി കേസ്സെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസില്‍ കൊല്ലം ജില്ലാ സെഷന്‍സ് കോടതി സി.കേശവനെ ഒരുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഈ വിധിക്കെതിരെ തിരുവിതാംകൂര്‍  ഹൈക്കോടതിയില്‍ സി.കേശവന്‍ അപ്പീല്‍ നല്‍കിയപ്പോള്‍ ശിക്ഷ രണ്ട് വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചു. അക്കാലത്തെ നീതിന്യായപീഠവും ഇങ്ങനെയായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നടത്തിവന്ന ഉത്തരവാദ ഭരണത്തിനുള്ള പ്രക്ഷോഭണങ്ങളില്‍ നിന്നും കഴിയുന്നത്ര വിഭാഗങ്ങളെ മാറ്റി നിര്‍ത്താന്‍ ദിവാന്‍ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായിരുന്നു ദിവാന്‍ ടി.വി. തോമസ് രഹസ്യബന്ധങ്ങള്‍.
 
ഇക്കാരണത്താലാണ് സ്റ്റേറ്റ് കോണ്‍ഗ്രസ്സുമായി സഹകരിക്കാതെ 1946 ഒക്ടോബര്‍ 22 ന് (തുലാം 5) ടി.വി. തോമസ് കമ്മ്യൂണിസ്റ്റ് യൂണിയനുകളുടെ സംയുക്ത പണിമുടക്ക് അഹ്വാനം ചെയ്തത്. പക്ഷേ ടി.വി. തോമസിന്റേയും ദിവാന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയി. സ്റ്റേറ്റ് കോണ്‍ഗ്രസ്സ് 1938 മുതല്‍ വമ്പിച്ച ജനപിന്തുണയോടെ തിരുവിതാംകൂറിലാകെ നടത്തി വന്നിരുന്ന ഉത്തരവാദ ഭരണപ്രക്ഷോഭത്തെ “ഹൈജാക്ക്” ചെയ്യുകയായിരുന്നു ടി.വി തോമസിന്റെ ലക്ഷ്യം. പണിമുടക്കിന് മുമ്പ് തന്നെ പുന്നപ്രയിലേയും ചേര്‍ത്തലയിലേയും കമ്മ്യൂണിസ്റ്റുകാര്‍ സംഘബലത്തില്‍ മദിച്ച് നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് പണിമുടക്കിന് മുമ്പ് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും യൂണിയനുകളേയും ദിവാന്‍ സര്‍. സി.പി നിരോധിച്ചു. ഇതോടെ ദിവാന്റേയും ടി.വി. തോമസിന്റേയും ലക്ഷ്യം നടക്കാതെ പോയി. തൊഴിലാളികള്‍ ക്യാമ്പുകളില്‍ അഭയം തേടേണ്ടിവന്നു. അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ മാത്രം നടന്ന ഈ സംഭവങ്ങളുടെ കാലത്ത് തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അതിന്റെ നേതൃത്വവും എവിടെയായിരുന്നു. പി. കൃഷ്ണപിള്ളയുടെ ജീവിത ചരിത്രം എന്ന നിലയില്‍ ടി.വി.കെ എഴുതിയ “സഖാവ്” എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
പുന്നപ്ര-വയലാര്‍ സമരത്തിന്റെ മുന്നോടി പൊതുപണിമുടക്കായിരുന്നു. രണ്ട് തട്ടുകളായാണ് സമരനേതൃത്വം പ്രവര്‍ത്തിച്ച് വന്നത്. പത്രോസ്, പി.ജി. പത്മനാഭന്‍, സി.ജി.സദാശിവന്‍, കെ.കെ.കുഞ്ഞന്‍, കെ.സി. ജോര്‍ജ്ജ് ഇവരുള്‍പ്പെട്ട പാര്‍ട്ടി നേതൃത്വം   ഒളിവില്‍ ടി.വി. തോമസ് (ട്രേഡ് യൂണിയന്‍ നേതൃത്വം) സി.കെ. കുമാരപണിക്കര്‍ (ബഹുജന നേതൃത്വം) തുടങ്ങിയവര്‍ വെളിയില്‍(പേജ് 169 സഖാവ്)
 
ഒളിവില്‍ പോയ നേതാക്കളെല്ലാം ഈ സമയത്ത് സംസ്ഥാനത്തിന് വെളിയില്‍ കോഴിക്കോട്ടാണ് താമസിച്ചിരുന്നത്. 1946 ഒക്ടോബര്‍ 24 ന് പകല്‍ 3.00 മണിക്ക് പുന്നപ്ര റിസര്‍വ്വ് പോലീസ് ക്യാമ്പിലേക്ക് ഒരു വിഭാഗം തൊഴിലാളികള്‍ ഇരച്ചു കയറുകയും തുടര്‍ന്ന് കൂട്ടമരണത്തിന് ഇടയാക്കിയ അക്രമവും വെടിവെയ്പ്പും നടക്കുമ്പോള്‍ ടി.വി. തോമസ് ആലപ്പുഴ കടപ്പുറത്തുള്ള റെസ്റ്റ് ഹൗസില്‍ കൊല്ലം ഡി.എസ്.പി വൈദ്യനാഥ അയ്യരുമായി രഹസ്യ ചര്‍ച്ചയിലായിരുന്നു. അക്കാലത്തെ സംഭവങ്ങള്‍ മുഴുവന്‍ നേരിട്ടറിയാമായിരുന്ന ഒരു മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ ഈ സംഭവത്തെക്കുറിച്ച് ഈ ലേഖകനോട് ചില വിവരങ്ങള്‍ പറയുകയുണ്ടായി. പാര്‍ട്ടിയും ടി.വി. തോമസും അറിയാതെ നടന്ന പുന്നപ്ര സംഭവങ്ങള്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ കഴിയുമോ എന്നായിരുന്നു അവര്‍ ഗൂഢാലോചന നടത്തിയത്. എന്നാല്‍ അത് നടന്നില്ല. സംഭവത്തിന്റെ നിജസ്ഥിതി നേരത്തെതന്നെ ജനങ്ങള്‍ അറിഞ്ഞുകഴിഞ്ഞിരുന്നു.ഒക്ടോബര്‍ 27 ന് രാവിലെ 11.00 മണിക്ക് തിരുവിതാംകൂര്‍ പട്ടാളം നാല് ബോട്ടുകളിലായി കായല്‍ വഴി വയലാറില്‍ വന്നിറങ്ങിയ ഉടനെ സി.കെ. കുമാരപണിക്കര്‍ (വയലാര്‍ സ്റ്റാലിന്‍) സ്ഥലം വിട്ടു. നിസ്സഹായരും, നിരായുധരുമായ പാവം തൊഴിലാളികള്‍ വയലാര്‍ കോയിക്കല്‍ ക്ഷേത്ര മൈതാനത്തെ ക്യാമ്പില്‍ കിടന്ന് വെടിയേറ്റ് മരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ട്രേഡ് യൂണിയന്‍ നേതാക്കളുടേയും നിരുത്തരവാദ പരമായ പെരുമാറ്റങ്ങളെക്കുറിച്ച് എന്‍.ശ്രീകണ്ഠന്‍ നായര്‍ അദ്ദേഹത്തിന്റെ വഞ്ചിക്കപ്പെട്ട വേണാട് എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. 
കന്നിമാസത്തിന്റെ അവസാന ഗഡുവില്‍ പുന്നപ്രയിലും ചേര്‍ത്തലയിലും നടന്ന സംഭവങ്ങള്‍ യുക്തിയുടെയും ന്യായത്തിന്റെയും  പരിധി ഉല്ലംഘിച്ചു. ആക്ഷന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് കാത്തിരിക്കാന്‍ സാധിച്ചില്ല. മറ്റു തൊഴിലാളി വിഭാഗങ്ങളോട് ആലോചിക്കാന്‍ സാധിച്ചില്ല. പല സ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന ശക്തി കേന്ദ്രീകരിച്ചു ശാസ്ത്രീയമായി വിന്യസിക്കാന്‍ കഴിഞ്ഞില്ല. ഏകീകൃതമായ നേതൃത്വം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. വിവിധ കേന്ദ്രങ്ങള്‍ തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിഞ്ഞില്ല” (പേജ് 34, വഞ്ചിക്കപ്പെട്ട വേണാട്).
 
ചുരുക്കത്തില്‍ പറഞ്ഞാല്‍ നേതാക്കളുടെ ചതിയില്‍പ്പെട്ട് പുന്നപ്രയിലും വയലാറിലും കുറെ നിസ്സഹായരായ പാവങ്ങള്‍ മരിക്കാനിടയായ ദുരന്തമാണ് 1946 ഒക്ടോബര്‍ 24 നും 27 നും സംഭവിച്ചത്.
ചരിത്ര വസ്തുതകളില്‍ നിന്നും പുന്നപ്ര-വയലാര്‍ സംഭവങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം.
1.    പുന്നപ്ര വയലാര്‍ സംഭവങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ല. സ്വാതന്ത്ര്യ സമരം അവസാനിക്കുകയും കേന്ദ്രത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനും ശേഷമുള്ള സംഭവങ്ങളാണിത്.
2. ഈ സംഭവങ്ങള്‍ അക്കാലത്ത് തിരുവിതാംകൂര്‍ സംസ്ഥാനത്താകെ നടന്നുവന്ന ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമല്ല. പ്രസ്തുത പ്രക്ഷോഭം നടത്തിയത് സ്റ്റേറ്റ് കോണ്‍ഗ്രസ്സാണ്.
3. ഈ സംഭവങ്ങള്‍  സ്വതന്ത്ര തിരുവിതാംകൂര്‍വാദത്തിനെതിരായ സമരമല്ല. സ്വതന്ത്ര തിരുവതാംകൂര്‍ വാദം ഉന്നയിക്കപ്പെട്ടത് 1947 ജൂണിലാണ്. (പുന്നപ്ര-വയലാറിനും 8 മാസങ്ങള്‍ക്ക് ശേഷം).
4. പുന്നപ്രയില്‍ നടന്നത് രണ്ട് സമ്പന്ന കുടുംബങ്ങള്‍ തമ്മില്‍ ഒരു വിവാഹം മുടങ്ങിയതു സംബന്ധിച്ചുണ്ടായ വിരോധവും തുടര്‍ന്നുണ്ടായ സംഘട്ടനങ്ങളും അതിന്റെ അനന്തര ഫലവുമാണ്.
5. വയലാര്‍ വെടിവെയ്പ്പ് നേതാക്കളുടെ ചതിയും വഞ്ചനയും മൂലം ഉണ്ടായ ദുരന്തമാണ്.
എന്നിട്ടും ഒരു വിഭാഗം നേതാക്കള്‍ പുന്നപ്ര-വയലാര്‍ സംഭവങ്ങളെ മഹത്വവല്‍ക്കരിക്കുവാന്‍ ശ്രമിക്കുന്നത് 1942 ലെ ജാള്യത (ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്തതിന്റെ) മറച്ചു വയ്ക്കുവാനും, ഖജനാവില്‍ നിന്നും  പ്രതിവര്‍ഷം 8.28 കോടി രൂപാ 1150 കമ്മ്യൂണിസ്റ്റുകാര്‍   സ്വാതന്ത്ര്യസമര പെന്‍ഷനായി ചോര്‍ത്തിക്കൊണ്ടു പോകുന്നത് ന്യായീകരിക്കാനുമാണ്.

Monday, October 24, 2011

വഞ്ചിക്കപ്പെട്ട പുന്നപ്ര-വയലാര്‍


വീണ്ടും പുന്നപ്ര-വയലാര്‍ വാരാഘോഷങ്ങള്‍ ആലപ്പുഴയിലും പരിസരങ്ങളിലും ഒക്ടോബര്‍ 20 മുതല്‍ 27 വരെ നടക്കുകയാണ്. വമ്പിച്ച ഘോഷയാത്രകള്‍, ബാന്‍ഡുമേളങ്ങള്‍, കൊടിതോരണങ്ങള്‍, ദീപശിഖാറിലേ, കലാപരിപാടികള്‍, സെമിനാറുകള്‍ തുടങ്ങിയവയാണ് പരിപാടികള്‍.
ചെലവേറിയ വേദികളും പന്തലുകളും അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍ ഒരുങ്ങുന്നു. അതില്‍ നൂറുകണക്കിന് ചുമപ്പ് പ്ലാസ്റ്റിക് കസേരകള്‍ നിരത്തിയിട്ടുണ്ട്. നേതാക്കള്‍ വേദികളില്‍ പ്രസംഗിക്കും. നേതാക്കളുടെ വരവ് അറിയിച്ചുകൊണ്ട് കാതടപ്പിക്കുന്ന ശബ്ദത്തോടെ പ്രചരണ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കും. വര്‍ഷങ്ങളായി ആലപ്പുഴക്കാര്‍ ഈ സമയത്ത് കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണിത്. 1946 ഒക്ടോബര്‍ 24-ന് പുന്നപ്ര കടലോരത്തെ പൊലീസ് ക്യാമ്പിലേക്ക് ഒരുകൂട്ടം തൊഴിലാളികള്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് വെടിവെയ്പ്പും സംഘട്ടനങ്ങളും ഉണ്ടായി. ഈ സംഭവത്തില്‍ 28 തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചു (ഔദ്യോഗിക കണക്ക്). 5 പൊലീസുകാര്‍ വെട്ടുംകുത്തുമേറ്റ് കൊല്ലപ്പെട്ടു. സബ്ബ് ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ നാടാരും മരിച്ച പൊലീസുകാരുടെ കൂട്ടത്തിലുണ്ട്. ഈ സംഭവത്തിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞ് 1946 ഒക്ടോബര്‍ 27-ന് വയലാര്‍ കോയിക്കല്‍ ക്ഷേത്രമൈതാനത്തെ തൊഴിലാളി ക്യാമ്പിലേക്ക് തിരുവിതാംകൂര്‍ സ്റ്റേറ്റ് പട്ടാളം യന്ത്രത്തോക്ക് ഉപയോഗിച്ച് വെടി വെച്ചതിന്റെ ഫലമായി 103 ചെറുപ്പക്കാരായ തൊഴിലാളികള്‍ മരിച്ചുവീണു. ഈ രണ്ട് സംഭവങ്ങളുടേയും 65-ാം വാര്‍ഷികമാണ് ഇത്തവണയും പുന്നപ്ര-വയലാര്‍ വാരാഘോഷങ്ങളായി രണ്ട് കമ്മ്യുണിസ്റ്റ് പാര്‍ട്ടികളും ചേര്‍ന്ന് സംഘടിപ്പിച്ചിരിക്കുന്നത്.
 
ഓരോ വര്‍ഷവും ആഘോഷം നടക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പുന്നപ്ര-വയലാര്‍ സംഭവങ്ങളെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ചിത്രീകരിക്കാറുണ്ട്. എന്നുമാത്രമല്ല സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ് ഈ സംഭവങ്ങള്‍ എന്നവകാശപ്പെട്ടുകൊണ്ട് ഇപ്പോള്‍ 1150 കമ്മ്യൂണിസ്റ്റുകാര്‍ പുന്നപ്ര-വയലാറിന്റെ പേരില്‍ പ്രതിമാസം 6000 രൂപ വീതം പെന്‍ഷന്‍ വാങ്ങുന്നുണ്ട്. സംസ്ഥാനത്ത് അധികാരത്തിലിരുന്നപ്പോള്‍ തരപ്പെടുത്തിയെടുത്തതാണിത്. ഈ ഇനത്തില്‍ പ്രതിവര്‍ഷം 8 കോടി 28 ലക്ഷം രൂപ സംസ്ഥാന ഖജനാവില്‍ നിന്നും ചോര്‍ന്നുകൊണ്ടിരിക്കുന്നു. മറ്റൊരു വിശദീകരണം ഈ സംഭവങ്ങള്‍ തിരുവിതാംകൂറില്‍ നടന്ന ഉത്തരവാദ ഭരണ പ്രക്ഷോഭണങ്ങളുടെ ഭാഗമായിരുന്നു എന്നാണ്. ദിവാന്‍ ഭരണത്തിനും രാജവാഴ്ചയ്ക്കും എതിരായ തൊഴിലാളികളുടെ സമരമായിട്ടും ഇതിനെ ചിത്രീകരിച്ച് വരുന്നു. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഒരു തലമുറയെ പറഞ്ഞ് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം എന്താണെന്ന് നോക്കാം.
 
1946 കാലഘട്ടം രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞുള്ള സമയമാണ്. നാട്ടില്‍ കടുത്ത തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവുമായിരുന്നു. അരിയും ഭക്ഷണ പദാര്‍ത്ഥങ്ങളും കിട്ടാനില്ല. കിട്ടിയാല്‍ തന്നെ തീപിടിച്ച വിലകൊടുക്കണം. വസ്ത്രത്തിനും കടുത്ത ക്ഷാമമായിരുന്നു. യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയ പട്ടാളക്കാര്‍ നാട്ടില്‍ തിരിച്ചെത്തി തൊഴിലില്ലാതെ അലയുന്നു. പുറം രാജ്യങ്ങളില്‍ ജോലിയുണ്ടായിരുന്നവരും തൊഴില്‍ രഹിതരായി നാട്ടില്‍ തിരിച്ചെത്തി. നാട്ടില്‍ ജോലിയില്ല. ഉള്ള ജോലിക്ക് ന്യായമായ കൂലിയും ഇല്ലാത്ത അവസ്ഥ. കര്‍ഷകത്തൊഴിലാളികള്‍ക്കും ഫാക്ടറി തൊഴിലാളികള്‍ക്കും പ്രതിദിനം ഒന്നര രൂപ പോലും കൂലി കിട്ടാത്ത അവസ്ഥ. ഈ വിധത്തില്‍ ജനങ്ങളാകെ കഷ്ടപ്പെട്ടുകൊണ്ടിരുന്ന ഘട്ടത്തില്‍ തിരുവിതാംകൂര്‍ ഭരണകൂടത്തിന്റെ അവഗണനയും  കൂടിയായപ്പോള്‍ സര്‍ക്കാരിനെതിരായ ജനവികാരം ശക്തിപ്പെട്ടു. നാട്ടിന്‍പുറങ്ങളിലെ സാധാരണ പാവപ്പെട്ടവരെല്ലാം വന്‍കിടജന്മിമാരുടെ കുടികിടപ്പുകാരായിരുന്നു. ജന്മിമാരുടേയും അവരുടെ കാര്യസ്ഥന്മാരായ ഗുണ്ടകളുടേയും വരുതിയില്‍ ഈ പാവപ്പെട്ടവര്‍ കഴിയേണ്ട സ്ഥിതിയായിരുന്നു. അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളിലെ പൊതുസ്ഥിതി ഇതായിരുന്നു. 
അമ്പലപ്പുഴ താലൂക്കിലെ കടലോര ഗ്രാമമാണ് പുന്നപ്ര. ഇവിടെ ചെറുകിട ജന്മിമാരുടെ കുടികിടപ്പുകാരായ ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളായിരുന്നു ഭൂരിപക്ഷവും.
 
ലത്തീന്‍ കത്തോലിക്കരായ സമ്പന്ന കുടുംബങ്ങളും പുന്നപ്രയിലുണ്ടായിരുന്നു. ഈ സമ്പന്ന കുടുംബങ്ങളായിരുന്നു മത്സ്യബന്ധനത്തിനുള്ള വള്ളങ്ങളുടേയും വലയുടേയും ഉടമസ്ഥര്‍. അവരുടെ കുടികിടപ്പുകാരായ മത്സ്യത്തൊഴിലാളികള്‍ ഈ വള്ളവും വലയും ഉപയോഗിച്ച് മീന്‍ പിടിക്കും. കിട്ടുന്നതില്‍ പകുതിയിലധികവും വള്ളം-വല മുതലാളി എടുക്കും. തൊഴിലാളിക്ക് കിട്ടുന്നത് കഷ്ടിച്ച് അന്നത്തേക്ക് അരിവാങ്ങാന്‍ മാത്രമുള്ള തുക. ഇങ്ങനെ മത്സ്യത്തൊഴിലാളികളും മറ്റ് വിഭാഗം തൊഴിലാളികളും വളരെ കഷ്ടപ്പെട്ടും യാതനകള്‍ അനുഭവിച്ചും ജീവിച്ചുവന്ന കാലഘട്ടത്തില്‍ പുന്നപ്രയില്‍ ചില സംഭവങ്ങള്‍ ഉണ്ടായി. പുന്നപ്രയിലെ സമ്പന്ന കുടുംബമായിരുന്ന അരശര്‍ക്കടവില്‍-പൊള്ളയില്‍ കുടുംബത്തിലെ യുവവ്യവസായിയായ അന്തപ്പന് വേണ്ടി മറ്റൊരു സമ്പന്ന കുടുംബമായിരുന്ന കറുകപ്പറമ്പിലെ സില്‍വസ്റ്ററുടെ മകള്‍ കൊച്ചുത്രേസ്യയുമായി വിവാഹാലോചന നടത്തി. അന്തപ്പന്‍ അക്കാലത്ത് വളര്‍ന്നുവന്നുകൊണ്ടിരുന്ന മത്സ്യ വ്യവസായി ആയിരുന്നു. ഈ ആലോചന നാട്ടില്‍ ചര്‍ച്ചാ വിഷയമായി. എന്നാല്‍ ഈ വിവാഹം നടന്നില്ല. മറ്റൊരു മത്സ്യ വ്യവസായിയായിരുന്ന ഇപ്പോലിത്ത് എന്നയാള്‍ ഈ വിവാഹം മുടക്കിയതായി കഥ പ്രചരിച്ചു. ഈ വിവരം അറിഞ്ഞ് ക്ഷുഭിതനായ കൊച്ചുത്രേസ്യയുടെ സഹോദരനും മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവുമായ കെ.എസ്.ബെന്‍ തൊഴിലാളികളെ പറഞ്ഞുവിട്ട് ഇപ്പോലിത്തിനെ കയ്യേറ്റം ചെയ്യിച്ചു. ഇതിന് പൊലീസ് കേസുണ്ടായി.
 
ചിലരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ വിവരം പ്രചരിപ്പിച്ച് കൂടുതല്‍ തൊഴിലാളികളെ പ്രകോപിപ്പിച്ചുകൊണ്ട് 1946 ഒക്ടോബര്‍ 16-ന് (1122 കന്നി 31) ഉച്ചയ്ക്ക് ശേഷം പുന്നപ്ര കടപ്പുറത്ത് വ്യാപകമായ അക്രമങ്ങളും കൊള്ളയും തീവെയ്പും അരങ്ങേറി. അക്രമം നടന്നത് അന്തപ്പന്റെ കുടങ്ങളിലായിരുന്നു. ഇപ്പോലിത്തിന്റെയും ബന്ധുക്കളുടേയും വീടുകളും ആക്രമിക്കപ്പെട്ടു. അന്തപ്പന്റെ മത്സ്യഷെഡുകള്‍ തീവെച്ച് നശിപ്പിച്ചു. ഇതെല്ലാം കല്യാണം മുടങ്ങിയ വിരോധത്തിന് നേതാവിന്റെ നിര്‍ദ്ദേശ പ്രകാരം അനുയായികള്‍ ചെയ്തതാണ്. വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് സംഘടനയെ ഉപയോഗിച്ച ഹീനമായ നടപടിയായിരുന്നു അത്. ഈ സംഭവങ്ങളെ തുടര്‍ന്ന് അന്നുതന്നെ പുന്നപ്രയില്‍ പൊലീസ് ക്യാമ്പ് തുറന്നു. അരശര്‍കടവില്‍ കുടുംബാംഗമായിരുന്ന അപ്ലോന്‍ അറൌജിന്റെ വീട്ടിലാണ് പൊലീസ് ക്യാമ്പ് തുറന്നത്. സബ്ബ് ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ നാടാരുടെ നേതൃത്വത്തില്‍ 28 സായുധ പൊലീസുകാരാണ് ക്യാമ്പിലുണ്ടായിരുന്നത്. പുന്നപ്ര-വയലാര്‍ സംഭവങ്ങളെക്കുറിച്ച് എഴുതിയവരാരും പുന്നപ്ര പൊലീസ് ക്യാമ്പ് തുടങ്ങാനിടയായ യഥാര്‍ത്ഥ സംഭവങ്ങള്‍ പറഞ്ഞിട്ടില്ല. ഈ പൊലീസ് ക്യാമ്പാണ് ഒക്ടോബര്‍ 24-ന് ആക്രമിക്കപ്പെട്ടത്. നിരവധി അക്രമങ്ങള്‍ക്ക് വിധേയനായ അന്തപ്പന്റെ വീട്ടിലായിരുന്നു സബ്ബ് ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ നാടാര്‍ ഊണും ഉച്ചയുറക്കവും നടത്തിയിരുന്നത്. തൊഴിലാളികളുടെ ആക്രമണങ്ങള്‍ക്കിരയായ ഇപ്പോലിത്തും അനുയായികളും പൊലീസ് ക്യാമ്പില്‍ത്തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. സ്വാഭാവികമായും ഇത് എതിര്‍വിഭാഗത്തിന് കൂടുതല്‍ പ്രതികാര മനോഭാവത്തിനിടയാക്കി.
 
ഒക്ടോബര്‍ 24ന് പകല്‍ 3.00 മണിക്ക് ഒരുസംഘം തൊഴിലാളികള്‍ (അവരില്‍ കൂടുതലും ലത്തീന്‍ കത്തോലിക്കരായ മത്സ്യത്തൊഴിലാളികള്‍) പൊലീസ് ക്യാമ്പിലേക്ക് ഇരച്ചു കയറി. പൊലീസ് വെടിവെച്ചു. അന്തപ്പന്റെ വീട്ടില്‍ ഉച്ചയുറക്കത്തിലായിരുന്ന സബ്ബ് ഇന്‍സ്‌പെക്ടര്‍ സ്ഥലത്ത് ഓടിയെത്തിയപ്പോഴേക്കും കുഞ്ഞുണ്ണി എന്ന തെങ്ങുകയറ്റ തൊഴിലാളി അരിവാള്‍കൊണ്ട് നാടാരുടെ കഴുത്തിന് വെട്ടി. തലയറ്റ നാടാര്‍ മരിച്ചുവീണു. തുടര്‍ന്നുണ്ടായ രൂക്ഷമായ സംഘട്ടനത്തിലും വെടിവെയ്പ്പിലും 28 തൊഴിലാളികള്‍ മരിച്ചുവീണു. നാടാര്‍ ഉള്‍പ്പടെ 5 പൊലീസുകാരും മരിച്ചു. ഇതായിരുന്നു പുന്നപ്ര സംഭവങ്ങള്‍. രണ്ട് സമ്പന്ന കുടുംബങ്ങള്‍ തമ്മില്‍ ഒരു വിവാഹം മുടങ്ങിയത് സംബന്ധിച്ച് തര്‍ക്കങ്ങളും തുടര്‍ സംഘട്ടനങ്ങളുമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്.വയലാറില്‍ നടന്നത് മറ്റൊന്നായിരുന്നു. പുന്നപ്ര വെടിവെയ്പ്പിനെ തുടര്‍ന്ന് അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ പട്ടാള ഭരണം ഏര്‍പ്പെടുത്തി. യൂണിയനുകളേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും നിരോധിക്കുകയും ക്യാമ്പുകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് അമ്പലപ്പുഴ ചേര്‍ത്തല താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ അക്കാലത്ത് പ്രവര്‍ത്തിച്ച് വന്ന തൊഴിലാളി ക്യാമ്പുകളെല്ലാം പിരിഞ്ഞു. വയലാര്‍ കോയിക്കല്‍ ക്ഷേത്ര മൈതാനത്ത് പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പ് മാത്രം പിരിഞ്ഞില്ല. ഈ ക്യാമ്പിലാണ് ഒക്ടോബര്‍ 27-ന് രാവിലെ 11.30 ന് തിരുവിതാംകൂര്‍ പട്ടാളം വെടിവെച്ചത്. ക്യാമ്പിലുണ്ടായിരുന്ന നിരായുധരായ 103 തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചു. വിശദാംശങ്ങള്‍ നേരത്തെ ഈ കോളത്തില്‍ വിശദമായി പ്രതിപാദിച്ചിരുന്നതാണ്.
 
1946 ഒക്ടോബര്‍ മാസത്തിലെ ഈ രണ്ട് സംഭവങ്ങള്‍ നടക്കുമ്പോള്‍ ഇന്ത്യ ഭരിച്ചുകൊണ്ടിരുന്നത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഗവണ്‍മെന്റായിരുന്നു. ഇടക്കാല സര്‍ക്കാര്‍ 1946 സെപ്തംബര്‍ രണ്ടിന് അധികാരത്തില്‍ വന്നു. അതിനുശേഷം 52 ദിവസം കഴിഞ്ഞുണ്ടായ പുന്നപ്ര പൊലീസ് വെടിവെയ്പും 55 ദിവസം കഴിഞ്ഞുണ്ടായ വയലാര്‍ പട്ടാള വെടിവെയ്പ്പും എങ്ങനെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകും. നീതിമാന്‍മാരും ന്യായാസനങ്ങളും അഭിപ്രായം പറയട്ടെ. പ്രതിവര്‍ഷം 8.28 കോടി ഖജനാവില്‍ നിന്നും ചോര്‍ത്തിക്കൊണ്ടുപോകുന്നതിന്റെ ന്യായം അവര്‍ പറയട്ടെ.  തിരുവിതാംകൂറില്‍ അക്കാലത്ത് നടന്ന ഉത്തരവാദഭരണത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമാണ് പുന്നപ്ര-വയലാറെന്നാണ് മറ്റൊരു വാദം. ഇത് ശരിയല്ല. രിതുവിതാംകൂറില്‍ 1938 മുതല്‍ ഉത്തരവാദ ഭരണത്തിന് വേണ്ടിയും രാജഭരണം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ബഹുജന സമരം നടന്നത് സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലായിരുന്നു. ആ സമരം ഉത്തരവാദ ഭരണം അനുവദിച്ച 1947 ഒക്ടോബര്‍ 12 വരെ തുടര്‍ന്നു. വളരെ ശക്തമായ ജനപിന്തുണ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സമരത്തിന് ഉണ്ടായിരുന്നു. 1946-ല്‍ എന്‍. ശ്രീകണ്ഠന്‍നായര്‍ എഴുതിയ “വഞ്ചിക്കപ്പെട്ട വേണാട്” എന്ന ഗ്രന്ഥത്തില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പിന്തുണയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിട്ടുണ്ട്.
 
“സമുദായ വഴക്കുകളും ഭിന്നതകളും ത്യജിച്ച് എല്ലാ ജനവിഭാഗങ്ങളും സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ കൊടിക്കീഴില്‍ അണിനിരന്നു കൊല്ലവര്‍ഷം 1113 ല്‍ (1938) തുടങ്ങിയ ഉത്തരവാദ ഭരണപ്രക്ഷോഭണം ഒന്‍പതുകൊല്ലത്തെ മര്‍ദ്ദനത്തെ അതിജീവിച്ച് ഇന്നും (1946) തീക്ഷ്ണമായി തന്നെ തുടരുന്നു. ലാത്തിയും ലോക്കപ്പ് മര്‍ദ്ദനങ്ങളും, വെടിയുണ്ടയും കഴുമരവും ജനങ്ങളെ ഭയപ്പെടുത്താന്‍ പര്യാപ്തമായില്ല. നീതിന്യായ വകുപ്പ് ഉള്‍പ്പടെ ഭരണകൂടത്തിന്റെ എല്ലാ ചക്രങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടും ജനകീയ ശക്തിയെ ഞെരിക്കാന്‍ കഴിഞ്ഞില്ല. ബഹുജനശക്തി വര്‍ദ്ധമാനമായ വീര്യത്തോടുകൂടി മുമ്പോട്ട് വന്നു. സമുദായ സംഘടനകള്‍ ഒന്നൊന്നായി തകര്‍ന്നു. എല്ലാ വിഭാഗങ്ങളും സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ ലയിച്ചു” (പേജ്-21 വഞ്ചിക്കപ്പെട്ട വേണാട്)രാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം ജനങ്ങളേയും ഉത്തരവാദ ഭരണപ്രക്ഷോഭത്തില്‍ അണിനിരത്താന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ശ്രമിച്ചിരുന്നു. 
1946 സെപ്തംബര്‍ 22-ന് (1122 കന്നി 7) ആലപ്പുഴ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ അങ്കണത്തില്‍ അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളിലെ എഴുപതോളം കമ്മ്യൂണിസ്റ്റ് അനുഭാവ യൂണിയന്‍ പ്രതിനിധികളുടെ ഒരു യോഗം ടി.വി തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടി. നൂറോളം പ്രതിനിധികള്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുത്തു. എന്‍. ശ്രീകണ്ഠന്‍ നായര്‍, പി.ടി പൊന്നൂസ്  എന്നിവരും സ്റ്റേറ്റ് കോണ്‍ഗ്രസ്സ് നേതാവ് സി. കേശവനും പ്രസ്തുത യോഗത്തില്‍ സംബന്ധിച്ചു.
 
സര്‍ക്കാരിനെതിരായ സമരം നയിക്കാന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന് മാത്രമേ പ്രാപ്തിയുള്ളൂ എന്നും അതുകൊണ്ട് സ്റ്റേറ്റ് കോണ്‍ഗ്രസ്സ് സമരനേതൃത്വം ഏറ്റെടുക്കണമെന്നും ട്രേഡ് യൂണിയന്‍ പണിമുടക്ക് വേണ്ടെന്നും യോഗം തീരുമാനിക്കുകയും സി.കേശവന്റെ നിര്‍ദ്ദേശ പ്രകാരം യോഗം വീണ്ടും ഒക്ടോബര്‍ 12ന് (കന്നി 27) കൂടുവാനായി തീരുമാനിച്ച് പിരിയുകയും ചെയ്തു. ഇതെല്ലാം സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരുന്ന ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ ട്രേഡ് യൂണിയന്‍ നേതാക്കളെ മാത്രം ഒക്ടോബര്‍ 8 ന് (കന്നി 23) തിരുവനന്തപുരത്തേക്ക് ചര്‍ച്ചയ്ക്ക് വിളിച്ചു. പഴയ നിയമസഭാ മന്ദിത്തിലായിരുന്നു ചര്‍ച്ച. തൊഴിലാളികള്‍ ആവശ്യപ്പെട്ടതെല്ലാം ദിവാന്‍ അംഗീകരിച്ചു കൊടുത്തു.  ഇന്ത്യയിലാദ്യമായി 4% ബോണസ് മാറ്റിവെയ്ക്കപ്പെട്ട വേതനം എന്ന നിലയില്‍ ലാഭനഷ്ടം നോക്കാതെ കൊടുക്കണമെന്നും ദിവാന്‍ നിര്‍ദ്ദേശിച്ചു. തന്ത്രപരമായ നീക്കമായിരുന്നു ഇത്. ചര്‍ച്ചയ്ക്ക് ചെന്ന ടി.വി. തോമസിന് ദിവാന്റെ വസതിയായ ഭക്തിവിലാസത്തില്‍ ഒരു വിരുന്ന് സല്‍ക്കാരവും നല്‍കി. ദിവാന്റെ സ്വകാര്യ മുറിയില്‍ കൊണ്ടുപോയി രഹസ്യചര്‍ച്ചയും നടത്തി. അവരെന്താണ് ചര്‍ച്ച ചെയ്തതെന്ന് അന്ന് വൈകുന്നേരത്തോടെ മനസ്സിലായി.
 
അന്ന് വൈകുന്നേരം ദിവാന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കൊല്ലത്ത് വെച്ച് സി.കേശവനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജയിലിലായതിനാല്‍ മുന്‍നിശ്ചയിച്ച പ്രകാരമുള്ള ഒക്ടോബര്‍ 12 ലെ (കന്നി 27) ആലപ്പുഴ ട്രേഡ് യൂണിയന്‍ സംയുക്തയോഗത്തില്‍ പങ്കെടുക്കാന്‍ സി.കേശവന് കഴിഞ്ഞില്ല. ട്രേഡ് യൂണിയന്‍ യോഗം ഒക്ടോബര്‍ 12 ന് തന്നെ കൂടുകയും സി.കേശവന്റെ സാന്നിദ്ധ്യത്തില്‍ സെപ്തംബര്‍ 22 ന് എടുത്ത തീരുമാനത്തിന് വിരുദ്ധമായി ഒക്ടോബര്‍ 20 ന് (തുലാം 5) പൊതു പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. തീരുമാനവും പ്രഖ്യാപനവും ടി.വി. തോമസ് സ്വന്തംനിലയില്‍ ചെയ്തു. എന്നാല്‍ ഒക്ടോബര്‍ 12 ന് ട്രേഡ് യൂണിയന്‍ യോഗം നടന്നുകൊണ്ടിരിക്കുമ്പോള്‍ ചേര്‍ത്തലയില്‍ ഒരു സംഘം കമ്മ്യൂണിസ്റ്റുകാര്‍ അവിടുത്തെ വന്‍കിട ജന്മിയായിരുന്ന കട്ടിയാട്ട് ശിവരാമപ്പണിക്കരുടെ കൃഷിക്കാരനായ രാമന്‍ എന്നയാളെ മര്‍ദ്ദിക്കുകയും അയാള്‍ മരിച്ചു പോവുകയും ചെയ്തു. ഒക്ടോബര്‍ 16 നാണ് നേരത്തെ വിശദീകരിച്ച പുന്നപ്രയിലെ അക്രമണങ്ങളും തീവെയ്പ്പും പൊലീസ് ക്യാമ്പ് തുടങ്ങലും ഉണ്ടായത്. ഈ രണ്ട് സംഭവങ്ങളും പാര്‍ട്ടി നേതൃത്വം അറിയാതെ പ്രാദേശിക സംഘബലത്തില്‍ മദിച്ച ചിലയാളുകളുടെ സൃഷ്ടിയാണ്. ചേര്‍ത്തലയിലും പുന്നപ്രയിലും ഉണ്ടായ സംഭവങ്ങളുടെ പേരില്‍ ഒക്ടോബര്‍ 18ന് ഒരു പ്രത്യേക ഉത്തരവ് മൂലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയേയും അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളിലെ കമ്മ്യൂണിസ്റ്റ് അനുകൂല യൂണിയനുകളേയും സര്‍ക്കാര്‍ നിരോധിച്ചു. ഇതേ തുടര്‍ന്നാണ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളി ക്യാമ്പുകള്‍ തുറന്നത്. പുന്നപ്രയിലേയും വയലാറിലേയും വെടിവെയ്‌പ്പോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും അവര്‍ നേതൃത്വം കൊടുത്തുവന്ന യൂണിയനുകളുടേയും പ്രവര്‍ത്തനങ്ങള്‍ ഫലത്തില്‍ ഇല്ലാതായി. ഈ പരാജയത്തെക്കുറിച്ച് വഞ്ചിക്കപ്പെട്ട വേണാടില്‍ എന്‍. ശ്രീകണ്ഠന്‍ നായര്‍ ഇങ്ങനെ എഴുതിയിരിക്കുന്നു 
“അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ കമ്മ്യൂണിസ്റ്റുകാര്‍ അസംഘടിതവും വിവേക രഹിതവുമായ നേതൃത്വം നല്‍കി. പട്ടണം വിട്ട് ജനവാസം കുറഞ്ഞ ഗ്രാമങ്ങളില്‍ അവര്‍ ശക്തി കേന്ദ്രീകരിച്ചു. വിശദമായ പരിപാടിയോ സമര്‍ത്ഥമായ നേതൃത്വമോ ഉണ്ടായിരുന്നില്ല. സായുധസേനകള്‍ കയ്യേറി അക്രമിക്കുന്നതുവരെ അവര്‍ ക്യാമ്പുകളില്‍ കൂടി കിടന്നു.

സിപിഎമ്മിന്‌ ഇത്‌ സ്‌ത്രീ ശാപത്തിന്റെ കാലം

സിപിഎമ്മിന്‌ ഇത്‌ സ്‌ത്രീ ശാപത്തിന്റെയും ജയരാജ ഗീര്‍വാണത്തിന്റെയും കാലമാണെന്ന്‌ അടക്കം പറയുന്നത്‌ അണികള്‍തന്നെ. പാര്‍ട്ടിക്ക്‌ ആണികളായി മാറിക്കൊണ്ടിരിക്കുന്ന മുതിര്‍ന്ന സഖാക്കള്‍ എന്തിനും മുതിര്‍ന്നവരാകുന്നതാണിപ്പോള്‍ സമ്മേളനങ്ങളിലെ ചര്‍ച്ച. രാജേഷിന്റെ വിലാപം, ഒരു ഗദ്‌ഗദത്തില്‍ ഒതുക്കാമായിരുന്നുവെന്നുമുണ്ട്‌ അഭിപ്രായം. പാര്‍ട്ടി പത്രത്തിന്റെ ഒരു യൂണിറ്റില്‍ ലോക്കല്‍ കമ്മിറ്റി അംഗമായ സഖാവ്‌ തന്നെയാണ്‌ സ്വകാര്യമായി ഈ അഭിപ്രായം പങ്കുവെയ്‌ക്കുത്‌. പരസ്യമായി പറഞ്ഞാല്‍ സികെപി പത്മനാഭന്റെ അനുഭവമുണ്ടാകുമെന്നാണു പേടി.
സ്‌ത്രീ ശാപം പണ്ട്‌ അവിഭക്ത പാര്‍ട്ടിയുടെ കാലം മുതല്‍ക്കേയുള്ളതാണ്‌. ഗൗരിയമ്മ സഖാവിനെ ടി വി തോമസ്‌ സഖാവ്‌ നിയമപരമായി സ്വന്തമാക്കിയപ്പോള്‍, നിയമപരമായല്ലാതെ ഒളിവില്‍ വെച്ച്‌ സ്വന്തമാക്കിയ മറ്റൊരു സ്‌ത്രീയും അവര്‍ക്കൊരു കുഞ്ഞുമുണ്ടായിരുന്നുവെന്നത്‌ ഇപ്പോള്‍ രഹസ്യമല്ല. ശാപമോ എന്തോ ഗൗരിയമ്മ- തോമസ്‌ ദാമ്പത്യം അധികം നീണ്ടില്ല. പാര്‍ട്ടിക്കൊപ്പം പിളര്‍ന്ന ലോകത്തിലെ തന്നെ അപൂര്‍വ ദാമ്പത്യമായി അതു മാറി.
കാലം കുറേ കഴിഞ്ഞ്‌ ശശി സഖാവിന്റെ വീരേതിഹാസങ്ങളുടെ കൂട്ടത്തിലാണ്‌ പിന്നെയും സ്‌ത്രീയും ശാപവും രംഗപ്രവേശം ചെയ്യുന്നത്‌. അതു കേരളം ചര്‍ച്ച ചെയ്‌തു കഴിഞ്ഞതാണ്‌. ഏഷ്യാനെറ്റിലെ ഷാജഹാന്‌ ശശീന്നു പറഞ്ഞപ്പോള്‍ രണ്ടടിയും കിട്ടി. ശശി പുറത്തു പോയി വക്കീല്‍ കുപ്പായമിട്ടെങ്കിലും പാര്‍ട്ടിയില്‍ ഇപ്പോഴും നല്ല സ്വാധീനം. സികെപിക്ക്‌ സീറ്റു കിട്ടാതിരുന്നതും കുറച്ചൂടെ കഴിഞ്ഞപ്പോള്‍ പണ്ടെങ്ങോ കര്‍ഷക സംഘം ഓഫിസ്‌ സെക്രട്ടറി കാശ്‌ കൈകാര്യം ചെയ്‌തതിലെ പിശകിന്റെ പേരില്‍ സികെപിയെ തരംതാഴ്‌ത്തിയതുമെല്ലാം ആ സ്വാധീനത്തിന്റെ തെളിവുമായി. പക്ഷേ, പാര്‍ട്ടിയില്‍ മഹാ മന്നനായി വിളങ്ങിയിരുന്ന ആ കാലം ഇനി തിരിച്ചു വരാനിടയില്ലെന്നുറപ്പാണല്ലോ. അതാണു സ്‌ത്രീ ശാപത്തിന്റെ ശക്തി. എറണാകുളത്തെ കോട്ടമുറിക്കല്‍ സഖാവിന്റെ ഗതി ഗോപിയായതിനു സ്‌ത്രീ നേരിട്ട്‌ പരാതിക്കാരിയായില്ലെങ്കിലും പങ്കാളിയായി. എല്ലാം കഴിഞ്ഞ്‌ വെള്ള പാന്റും ഷര്‍ട്ടുമിട്ട വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിന്റെ രൂപത്തിലും കാക്കിയിട്ട ഹൈവേ പൊലീസിന്റെ രൂപത്തിലുമാണ്‌ ഇപ്പോള്‍ സ്‌ത്രീ ശാപം. ആദ്യത്തേതിലും രണ്ടാമത്തേതിലും ചുറുചുറുക്കുള്ള രാജേഷ്‌ സഖാവാണ്‌ ആരോപണ വിധേയന്‍.  സത്യന്‍ അന്തിക്കാട്‌ ചിത്രത്തില്‍ മാമുക്കോയ പറയുന്നതുപോലെ, നന്നായിട്ടൊന്നു ശ്രമിച്ചാല്‍ ഇപ്പോഴും നല്ലൊരുത്തനെയൊക്കെ പാര്‍ട്ടിയില്‍ നിന്നു കിട്ടും.   പക്ഷേ, പറഞ്ഞിട്ടെന്താ. കാലം മാറി കഥ മാറി. പെണ്ണ്‌ പറയുന്നതിനാണിപ്പോള്‍ വില. പിടിച്ചെന്നു പറഞ്ഞാല്‍ പിടിച്ചെന്നുതന്നെ. സ്വയം ന്യായീകരിച്ചു രക്ഷപ്പെടാനൊന്നും കഴിയില്ല. റിപ്പോര്‍ട്ടിംഗില്‍ തോറ്റു തുന്നം പാടുന്ന ലേഡി ജേര്‍ണലിസ്റ്റുകള്‍ ചാനലില്‍ പ്രതിവാര ഫെമിനിസ്റ്റ്‌ പംക്തി തുടങ്ങുന്നതു സഹിക്കാം. ഇതു പക്ഷേ, തടിയില്‍ മണ്ണു പറ്റുന്ന കേസാണ്‌. രജനി കുമാരിയായാലും ഷംലാ കുമാരിയായാലും സൂക്ഷിച്ചില്ലെങ്കില്‍ പാരയാകും. ഭര്‍ത്താവ്‌ കണ്ണുരുട്ടിയാല്‍ ജാമ്യമില്ലാത്ത കുറ്റമാക്കുന്ന ഐപിസി 498 എ എന്ന വിഖ്യാത വകുപ്പിന്റെ കാലമാണ്‌.
ജഡ്‌ജിമാരെ ശുംഭന്‍മാര്‍ എന്നു വിളിച്ചു കുരുക്കിലായിട്ടും കണ്ണൂരിന്റെ ശൗര്യം വിടാത്ത എം വി ജയരാജന്റെ പുതിയ ഗീര്‍വാണമാണ്‌ ഇപ്പോള്‍ മറ്റൊരു പുലിവാല്‍. പക്ഷേ, പാര്‍ട്ടിക്കാരും പൊലീസു മാത്രമാണ്‌ അങ്ങനെ ചിന്തിക്കുന്നത്‌ എന്നതാണ്‌ രസം. ജയരാജനു യാതൊരു കുലുക്കവുമില്ല. പിള്ളേര്‍ക്കു നേരേ വെടിവെച്ച കോഴിക്കോട്‌ എസിപിയെ യൂണിഫോമില്ലാതെ കിട്ടിയാല്‍ നല്ല അടിവെച്ചു കൊടുത്തുകൊള്ളാനാണ്‌ ജയരാജന്റെ ആഹ്വാനം. എന്നുപറഞ്ഞാല്‍, നിയമം കൈയിലെടുത്തോളൂ, കൈയും കാലും തല്ലിയൊടിച്ചോളൂ എന്നാണ്‌ സഖാക്കളോട്‌ ജയരാജന്‍ പറഞ്ഞത്‌. അതാകട്ടെ, രാധാകൃഷ്‌ണ പിള്ളപ്പൊലീസിനു മാത്രമായി ബാധകമാകുന്ന കാര്യമല്ല താനും. മുന്‍ കാല പ്രാബല്യമുണ്ടെങ്കില്‍ എത്രയെത്ര പൊലീസുകാര്‍ കൈയും കാലും പ്ലാസ്റ്ററിട്ട്‌ നടക്കേണ്ടിവരും. പണ്ട്‌ പാര്‍ട്ടിക്കാരെ തല്ലിയ പലരും റിട്ടയര്‍ ചെയ്‌ത്‌ യൂണിഫോമില്ലാതെ ജീവിക്കുകയാണ്‌. അവര്‍ക്ക്‌ ഇനി നിലത്തുനില്‍ക്കാന്‍ സമയം കിട്ടിയില്ലെന്നുവരും. ജയരാജന്റെ ആഹ്വാനം കേട്ട സഖാക്കള്‍ അവരെയൊക്കെ തല്ലിക്കളിക്കാന്‍ തുടങ്ങിയാല്‍...?
ഏതായാലും കാര്യങ്ങള്‍ ഇങ്ങനെ നീങ്ങുന്ന സ്ഥിതിക്ക്‌ പാര്‍ട്ടിക്ക്‌ ചെയ്യാനുള്ള ഒരേയൊരു കാര്യം എന്താണെന്നോ..? ജയരാജന്റെ ആഹ്വാനങ്ങള്‍ നിയമവിധേയമാക്കാന്‍ നിയമഭേദഗതിക്ക്‌ സമരം ചെയ്യുക. ഒപ്പം ഒരു ഭേദഗതി ബില്ല്‌ ഡ്രാഫ്‌റ്റ്‌ ചെയ്യുകയുമാകാം. ഭരണം കിട്ടുമ്പോള്‍ അത്‌ സഭയില്‍ അവതരിപ്പിച്ചാല്‍ മതിയല്ലോ. പിന്നെ, ശബ്ദതാരാവലിയൊന്ന്‌ അപ്‌ഡേറ്റ്‌ ചെയ്‌ത്‌ ജയരാജ പ്രയോഗങ്ങള്‍ അതില്‍ ഉള്‍പ്പെടുത്താനും ശ്രമം തുടങ്ങാവുന്നതാണ്‌.

Saturday, October 22, 2011

സി.പി.എം ശുംഭന്മാരുടെ വാവിട്ട വാക്കിന് മരുന്നുണ്ടോ....?



Imageവിവാദ പ്രസ്ഥാവനകള്‍ നടത്തി കേസിലകപ്പെടുന്നതോടെ പാര്‍ട്ടിയില്‍ നിന്നും പുറത്തായി കേസില്ലാ വക്കീലായിരിക്കുന്ന പി ശശിക്ക് പണി ലഭിക്കാന്‍ സാധ്യതയുണ്ട്. പി ശശിക്ക് പണികൊടുക്കാനാണോ സി പി എംനേതാക്കള്‍ ഇത്തരത്തില്‍ മല്‍സരിക്കുന്നതെന്ന് പലപ്പോഴും തോന്നിപ്പോകും. ഇപ്പോള്‍ സി പി എം ഉണ്ടാക്കുന്ന കേസുകള്‍ക്ക് വക്കാലത്തുമായെത്തുന്നത് പി ശശിയാണ്. ഇത്തരത്തില്‍ നേതാക്കള്‍ പെരുമാറുന്നതോടെ സി പി എം എന്ന പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ തകര്‍ന്നുകൊണ്ടിരിക്കുകയാണ്.

സിപിഎമ്മിന്റെ നാവിനു വിലങ്ങിടാന്‍ മരുന്നുണ്ടാകുമോ....?. സി പി എം നേതാക്കള്‍ കുറച്ചു നാളുകളായി തങ്ങളുടെ വാക്കുകള്‍കള്‍കൊണ്ട് സ്വയം കുഴി തോണ്ടിക്കൊണ്ടിരിക്കുകയാണ്. വാവിട്ട വാക്ക് പാമ്പായി തിരിഞ്ഞുകൊത്തുമെന്ന്  സി പി എം നേതാവായ ജയരാജന് അറിയില്ലെന്നു തെളിയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം പലപ്പോഴായി നടത്തിയിരിക്കുന്നത്. മുന്നില്‍ അണികള്‍ നിരന്നു നില്‍ക്കുമ്പോള്‍ കയ്യടി നേടുന്നതിനായി എന്തും വിളിച്ചുപറയാമെന്ന ജയരാജന്റെ മിഥ്യാബോധമാണ് അദ്ദേഹത്തെ കുഴിയില്‍ വീഴിച്ചിരിക്കുന്നത്. ഇത്തരം പ്രസ്ഥാവനകളും പ്രകോപനപരമായ പ്രഖ്യാപനങ്ങളുംകൊണ്ട് ജയരാജന്‍ പാര്‍ട്ടിയില്‍തന്നെ വെറുക്കപ്പെട്ടവനായി മാറിക്കഴിഞ്ഞു. പാര്‍ട്ടിയുടെ ചുക്കാന്‍ പിടിക്കുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തന്നെ ജയരാജനെ തള്ളിപ്പറയുകയുണ്ടായി. കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ യൂണിഫോമിലല്ലാതെ എവിടെക്കണ്ടാലും തല്ലണമെന്ന സി.പി.എം സംസ്ഥാന സമിതിയംഗം എം വി ജയരാജന്റെ പ്രകോപനപരമായ പ്രസ്ഥാവന തെറ്റായി പോയെന്നും അത് പാര്‍ട്ടിവിരുദ്ധമാണെന്നും വി എസ് പറയുകയുണ്ടായി. ഇതോടെ ജയരാജന് പാര്‍ട്ടിയുടെ തുണയും നഷ്ടമായിരിക്കുകയാണ്. മാസങ്ങള്‍ക്കു മുമ്പ് തന്റെ ശുംഭന്‍ പ്രയോഗത്തിലൂടെയാണ് ജയരാജന്‍ തന്റെ വിവാദ പ്രസ്ഥാവനകള്‍ക്കു തിരികൊളുത്തിയത്. ഇതോടെ ജയരാജന്‍ കോടതി അലക്ഷ്യ കേസിന് കോടതി കയറിയിറങ്ങാന്‍ തുടങ്ങി. എന്നാല്‍ കോടതി അലക്ഷ്യ പ്രസ്ഥാവനയ്‌ക്കൊന്നും ജയരാജനെ തളയ്ക്കാന്‍ സാധിച്ചില്ല.
 
അതുകൊണ്ടാണ് വീണ്ടും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ യൂണിഫോമിലല്ലാതെ എവിടെക്കണ്ടാലും തല്ലണമെന്ന് അദ്ദേഹം തന്റെ അണികളോട് ആഹ്വാനം ചെയ്തത്. ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം, പിന്നേം ചാടിയാല്‍ ചട്ടിയോളം എന്ന പഴഞ്ചൊല്ല് ഇതിയാന് ഓര്‍മ്മയില്ലെന്നു തോന്നുന്നു. കോടതി അലക്ഷ്യ കേസ് നിലവിലിരിക്കെ ഇത്തരമൊരു പ്രസ്ഥാവന കൂടി നടത്തിയ ജയരാജന് വറചട്ടിയില്‍ തന്നെ വീഴാനാണ് യോഗം. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം പാര്‍ട്ടി പലതവണ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചിട്ടും ജയരാജന് അതൊന്നും പുത്തരിയല്ലെന്നായിരുന്നു മറുപടി. താന്‍ കുറേയേറെ കേസുകള്‍ കണ്ടിട്ടുള്ളതാണെന്നും, അതെല്ലാം തനിക്കു പുല്ലാണെന്നുമാണ് ജയരാജന്റെ പക്ഷം. തനിക്ക് എന്തും വിളിച്ചുപറയാമെന്നും അതിനുള്ള ലൈസന്‍സ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നുമുള്ള ഭാവത്തിലാണ് ജയരാജന്റെ നടപ്പ്. ഇത്തരം പ്രസ്ഥാവനകള്‍ കൊണ്ട് ജയരാജന്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചതോടെ വളരെക്കാലമായി ഉറങ്ങിക്കിടക്കുകയായിരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശിവദാസമേനോനും ഉറക്കം വിട്ട് സടകുടഞ്ഞ് എഴുന്നേറ്റു. ജയരാജന്‍ പറഞ്ഞതിലും കൂടുതലായി വിവാദ പ്രസ്ഥാവന നടത്തിയാല്‍ മാത്രമേ അണികള്‍ക്കിടയില്‍ തനിക്ക് സ്ഥാനമുണ്ടാവൂ എന്ന ബോധം അദ്ദേഹത്തിനുമുണ്ടായി.
 
തനിക്ക് ജയരാജന്റെ പ്രസ്ഥാവനയില്‍ അല്‍പ്പം ഭേതഗതി വരുത്താനുണ്ടെന്നും രാധാകൃഷ്ണപിള്ളയെ യൂണിഫോമില്‍ കിട്ടിയാലും തല്ലമെന്നായിരുന്നു അറികളോട് ശിവദാസമേനോന്‍ ആഹ്വാനം ചെയ്തത്. ഇങ്ങോട്ട് അതിക്രമം കാണിച്ചാല്‍ ചവിട്ടി നീളം വലിക്കുമെന്ന ബാലിശമായ പ്രഖ്യാപനങ്ങളാണ് ശിവദാസമേനോന്‍ നടത്തിയത്. മുന്‍ മന്ത്രിവരെയായിരുന്ന ശിവദാസമേനോന്‍ നടത്തിയ വിവാദ പ്രസ്ഥാവന അറിവില്ലായ്മകൊണ്ടാണെന്ന് പറയാനാവില്ല. അണികളെ ഇത്തരത്തില്‍ പ്രകോപിതരാക്കി അക്രമം അഴിച്ചു വിടാനുള്ള ഗൂഡ തന്ത്രമാണ് ഇതിനു പിന്നിലെന്ന് എല്ലാവര്‍ക്കും മനസിലാക്കാനാവുന്നതേയുള്ളൂ. ഇത്തരം നേതാക്കള്‍ അരിവാളും ചുറ്റികയുമെടുത്ത് പോരാടാനാണ് അണികളോട് ആഹ്വാനം ചെയ്യുന്നത്. എം വി ജയരാജന്റെ വിവാദ പ്രസ്ഥാവന ഉണ്ടായതോടെ ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കാനും തീരുമാനമെടുത്തു.  സംഭവം വിവാദമായതോടെ കണ്ണൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി കുബേരന്‍ നമ്പൂതിരിയുടെ നിര്‍ദേശപ്രകാരം  ടൗണ്‍പോലീസാണ് ജയരാജനെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് വിവാദപ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍  പോലീസ് പരിശോധിക്കുന്നത്. 
പ്രസ്ഥാവനയുടെ പേരില്‍ കടുത്തൊരു നടപടി ജയരാജനെതിരെ ഉണ്ടാവുകയാണെങ്കില്‍ സ്വന്തം പാര്‍ട്ടിയുടെ പിന്തുണ പോലും ജയരാജന് ഉണ്ടാകാന്‍ സാധ്യതയില്ല. കണ്ണൂരിലെ ചില ചാനലുകാരാണ് വീഡിയോക്ലിപ്പിംഗുകള്‍ പോലീസിന് കൈമാറിയിട്ടുള്ളത്. ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ കനത്ത നടപടിയുണ്ടാവുമെന്നാണ് പോലീസ് അധികൃതര്‍ പറയുന്നത്.
 
കുറ്റംചെയ്യാന്‍ പ്രേരിപ്പിച്ചതിന് ഐ പി സി 116, 117 വകുപ്പുകള്‍ പ്രകാരവും, പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് പോലീസ് ആക്ട് 117 ഇ പ്രകാരവുമാണ് ജയരാജനെതിരെ നിലവില്‍ പോലീസ് കേസെടുത്തിട്ടുള്ളത്. വീഡിയോ ക്ലിപ്പിംഗുകള്‍ പരിശോധിച്ച ശേഷം കുറ്റം  തെളിഞ്ഞാല്‍ ജയരാജന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. വിദ്യാര്‍ഥി സമരത്തിനിടെ വെടിയുതിര്‍ത്ത പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച കൂട്ടായ്മയിലാണ് ജയരാജന്‍ പ്രകോപനപരമായ രീതിയില്‍ പ്രസ്ഥാവന നടത്തിയത്. യൂണിഫോമില്ലാതെ വന്നാല്‍ രാധാകൃഷ്ണപിള്ളയും നമ്മളെപ്പോലെ സാധാരണ പൗരനാണെന്നും അതിനാല്‍ അദ്ദേഹത്തെ തല്ലുന്നതില്‍ ഭയക്കേണ്ട കാര്യമില്ലെന്നും ജയരാജന്‍ പറയുകയുണ്ടായി. ഇത്തരത്തില്‍ ജയരാജന്‍ വിദ്യാര്‍ത്ഥികളെ അക്രമം നടത്താന്‍ പ്രേരിപ്പിക്കുകയാണുണ്ടായത്. പോലിസുകാര്‍ ആക്രമിച്ചാല്‍ സ്വയം പ്രതിരോധത്തിന്റെ പേരില്‍ തിരിച്ചുതല്ലാന്‍ വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ടെന്നും ജയരാജന്‍ പറയുകയുണ്ടായി. ഇതുകൂടാതെ വിദ്യാര്‍ത്ഥിയായ നിര്‍മ്മല്‍ മാധവ് മണ്ടനും തിരുമണ്ടനുമാണെന്നും പ്രഖ്യാപിച്ച് ജയരാജന്‍ പരസ്യമായി വ്യക്തിഹത്യ നടത്തുകയും ചെയ്തിരുന്നു.
 
രാധാകൃഷ്ണപിള്ളയെ യൂണിഫോമില്‍ കണ്ടാലും തല്ലണമെന്നു പ്രസ്ഥാവിച്ചതോടെ ശിവദാസ മേനോനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. തലശ്ശേരി പോലീസാണ് ശിവദാസ മേനോനെതിരെ കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായി പ്രസംഗിക്കുക, ലഹളയ്ക്ക് പ്രേരണ നല്‍കുക, തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 116, 117, കേരളാ പോലീസ് ആക്ട് 17 ഇ, എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കുറ്റം തെളിയിക്കുകയാണെങ്കില്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസാണ് ഇതും. വ്യാഴാഴ്ച്ച വൈകിട്ട് തലശ്ശേരി പുതിയ ബസ്സ്റ്റാന്റില്‍ സി എച്ച് കണാരന്‍ അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കവെയാണ് ശിവദാസമേനോന്‍ പ്രകോപനപരമായ രീതിയില്‍ പ്രസംഗം നടത്തിയത്. പ്രസംഗത്തെക്കുറിച്ച് വിശദമായി പഠിച്ച ശേഷം മേല്‍ നടപടികള്‍ ഉണ്ടാകുമെന്ന് തലശ്ശേരി ഡി വൈ എസ് പി എ പി ഷൗക്കത്തലി അറിയിച്ചിട്ടുണ്ട്. 
ഇത്തരത്തില്‍ വിവാദ പ്രസ്ഥാവനകള്‍ നടത്തി കേസിലകപ്പെടുന്നതോടെ പാര്‍ട്ടിയില്‍ നിന്നും പുറത്തായി കേസില്ലാ വക്കീലായിരിക്കുന്ന പി ശശിക്ക് പണി ലഭിക്കാന്‍ സാധ്യതയുണ്ട്. പി ശശിക്ക് പണികൊടുക്കാനാണോ സി പി എംനേതാക്കള്‍ ഇത്തരത്തില്‍ മല്‍സരിക്കുന്നതെന്ന് പലപ്പോഴും തോന്നിപ്പോകും. ഇപ്പോള്‍ സി പി എം ഉണ്ടാക്കുന്ന കേസുകള്‍ക്ക് വക്കാലത്തുമായെത്തുന്നത് പി ശശിയാണ്. തങ്ങള്‍ നടത്തിയ പ്രസ്ഥാവനകള്‍ തെറ്റാണെന്ന് സമ്മതിക്കാനുള്ള സാമാന്യ ബോധം പോലും സിപിഎം പ്രതിനിധികള്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത്തരത്തില്‍ നേതാക്കള്‍ പെരുമാറുന്നതോടെ സി പി എം എന്ന പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ തകര്‍ന്നുകൊണ്ടിരിക്കുകയാണ്.
 

Friday, October 21, 2011

ഒടുവില്‍ ശുംഭനെ പാര്‍ട്ടിയും കൈവിട്ടു


കണ്ണൂര്‍: കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ യൂണിഫോമിലല്ലാതെ എവിടെക്കണ്ടാലും തല്ലണമെന്ന സി.പി.എം സംസ്ഥാന സമിതിയംഗം എം വി ജയരാജന്റെ പ്രകോപനപരമായ പ്രസ്താവന വിവാദമായതോടെ സ്വന്തം പാര്‍ട്ടിയും ജയരാജനെ കൈവിടുന്നു.
ഇതോടൊപ്പം എം വി ജയരാജന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കാനും തീരുമാനമായി. സംഭവം വിവാദമായതോടെ കണ്ണൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി കുബേരന്‍ നമ്പൂതിരിയുടെ നിര്‍ദേശപ്രകാരമാണ് ടൗണ്‍പോലീസ് ഇന്നലെ ജയരാജനെതിരെ കേസെടുത്തത്. ഇതിനെ തുടര്‍ന്നാണ് വിവാദപ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍  പോലീസ് പരിശോധിക്കുന്നത്. അതേ സമയം യൂണിഫോമിലല്ലാത്തപ്പോള്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ. രാധാകൃഷ്ണപിള്ളയെ തല്ലണമെന്ന എം.വി.ജയരാജന്റെ പ്രസ്താവന ശരിയായില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 
ഇതോടെ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ ജയരാജന് കല്ലുകടിച്ച് തുടങ്ങിയിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ വഴിത്തിരിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ കടുത്തൊരു നടപടി ജയരാജനെതിരെ ഉണ്ടാവുകയാണെങ്കില്‍ സ്വന്തം പാര്‍ട്ടിയുടെ പിന്തുണ പോലും ജയരാജന് ഉണ്ടാകാന്‍ സാധ്യതയില്ല. കണ്ണൂരിലെ ചില ചാനലുകാരാണ് വീഡിയോക്ലിപ്പിംഗുകള്‍ പോലീസിന് കൈമാറിയിട്ടുള്ളത്. ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ കനത്ത നടപടിയുണ്ടാവുമെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. കുറ്റംചെയ്യാന്‍ പ്രേരിപ്പിച്ചതിന് ഐ പി സി 116, 117 വകുപ്പുകള്‍ പ്രകാരവും, പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് പോലീസ് ആക്ട് 117 ഇ പ്രകാരവുമാണ് ജയരാജനെതിരെ നിലവില്‍ പോലീസ് കേസെടുത്തിട്ടുള്ളത്. വീഡിയോ ക്ലിപ്പിംഗുകള്‍ പരിശോധിച്ച ശേഷം കുറ്റം  തെളിഞ്ഞാല്‍ ജയരാജന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ് ണപിള്ളയെ യൂണിഫോമിലല്ലാതെ എവിടെക്കണ്ടാലും തല്ലണമെന്നായിരുന്നു എംവി ജയരാജന്‍ കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്.
 
വിദ്യാര്‍ഥി സമരത്തിനിടെ വെടിയുതിര്‍ത്ത പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച കൂട്ടായ്മയിലാണ് ജയരാജന്‍ പ്രകോപനപരമായ രീതിയില്‍ ഇത്തരമൊരു പ്രസ്ഥാവന നടത്തിയത്. യൂണിഫോമില്ലാതെ വന്നാല്‍ രാധാകൃഷ്ണപിള്ളയും നമ്മളെപ്പോലെ സാധാരണ പൗരനാണെന്നും അതിനാല്‍ അദ്ദേഹത്തെ തല്ലുന്നതില്‍ ഭയക്കേണ്ട കാര്യമില്ലെന്നും ജയരാജന്‍ പറയുകയുണ്ടായി. ഇത്തരത്തില്‍ ജയരാജന്‍ വിദ്യാര്‍ത്ഥികളെ അക്രമം നടത്താന്‍ പ്രേരിപ്പിക്കുകയാണുണ്ടായത്. ഇത് കൂടാതെ കണ്ണൂരിലും രാധാകൃഷ്ണപിള്ള മോഡല്‍ നടപ്പാക്കാന്‍ തുനിഞ്ഞാല്‍ അടിച്ചൊതുക്കുമെന്നും ജയരാജന്‍ വെല്ലുവിളിക്കുകയുണ്ടായി. കണ്ണൂര്‍ ജില്ലാ പോലിസ് ചീഫിന് താന്‍ ഇക്കാര്യത്തില്‍ മുന്നറിപ്പു നല്‍കുന്നതായും,  തന്റെ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ രാജാവിന്റെ പിന്തുണയുണ്ടായാലും അടിക്കുമെന്നും ജയരാജന്‍ പറയുകയുണ്ടായി.  
 
പോലിസുകാര്‍ ആക്രമിച്ചാല്‍ സ്വയം പ്രതിരോധത്തിന്റെ പേരില്‍ തിരിച്ചുതല്ലാന്‍ വിദ്യാര്‍ഥികള്‍ക്കും അവകാശമുണ്ടെന്ന ജയരാജന്റെ വക  പുതിയ നിയമവും വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. നിര്‍മല്‍ മാധവ് മണ്ടനും തിരുമണ്ടനുമാണെന്നും ജയരാജന്‍ പരിഹസിച്ചു. ഇത്തരത്തില്‍ പരസ്യമായാണ് ജയരാജന്‍ വെല്ലുവിളി നടത്തുകയും പ്രകോപനപരമായ രീതിയില്‍ സംസാരിക്കുകയും ചെയ്തത്. ഇതുകൂടാതെ വിദ്യാര്‍ത്ഥിയായ നിര്‍മ്മല്‍ മാധവ് മണ്ടനും തിരുമണ്ടനുമാണെന്നും പ്രഖ്യാപിച്ച് ജയരാജന്‍ പരസ്യമായി വ്യക്തിഹത്യ നടത്തുകയും ചെയ്തിരുന്നു. തന്റെ ശുംഭന്‍ പ്രയോഗത്തിലൂടെ ജയരാജന്‍ കോടതിയെത്തന്നെ വെല്ലുവിളിച്ച സംഭവവും നേരത്തെ ഉണ്ടായിട്ടുണ്ട്. ഈ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജയരാജന്റെ മറ്റൊരു പ്രസ്ഥാവന കൂടി വീണ്ടും വിവാദമായിരിക്കുന്നത്.
 
കേസ് തനിക്ക് പുത്തരിയല്ല
കണ്ണൂര്‍:
 തനിക്ക് കേസ് ഒരു പുത്തരിയല്ലെന്നും നേരിടാന്‍ താന്‍ തയ്യാറാണെന്നും എം വി ജയരാജന്‍ പറഞ്ഞു. എന്റെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. അതുകൊണ്ട് ഈ ഒരു കേസുകൂടി നേരിടുന്നതിന് എനിക്ക് വലിയ ബുദ്ധിമുട്ടില്ല. കൂടുതലായി ഞാന്‍ വീക്ഷണത്തോട് ഒന്നും തന്നെ പ്രതികരിക്കാന്‍ തയ്യാറല്ലെന്നും ജയരാജന്‍ പറഞ്ഞു.

പിണറായിസേന പിണങ്ങരുത്


മനുഷ്യന്റെ മനസും ശരീരവും നിത്യമായി വേദിക്കുന്ന ദുരനുഭവങ്ങള്‍ ഉണ്ടാകുന്നത് മന്യതയല്ല. എന്നാല്‍ മനുഷ്യന്റെ ശരീരവും മനസും വേദനിക്കുന്ന ക്രിയകളെ ചെയ്യൂ എന്ന് ചില മസില്‍മാന്മാര്‍ക്ക് ദൃഢപ്രതിജ്ഞയുണ്ട്.
ആശയലോകത്തും പ്രവര്‍ത്തനലോകത്തും ഇവര്‍ ഫയല്‍മാന്മാരാണ്. ഇവരെ പേടിച്ചാരും അതുവഴി നടക്കില്ല. അങ്ങനെയെങ്കില്‍ ഇങ്ങോട്ട് വന്ന് കാണിച്ചു തരാമെന്ന് ഈ ഗുണ്ടാ ആശയവാദികള്‍. ക്രാന്തിസേനയെന്ന ശാന്തിഭൂഷണ്‍ മര്‍ദ്ദനസേന മുതല്‍ പിണറായി വിജയന്റെ ടി.വി. രാജേഷ് മസില്‍ സേനവരെ ഇതില്‍പെടും.തീവ്രഹിന്ദുത്വത്തിന്റെ ഗുണ്ടാസേനയുടെ പേര് ഭഗത് സിംഗ് ക്രാന്തി സേനയെന്നാണ്. പാവം ധീരഭഗത്‌സിംഗ് എന്തറിഞ്ഞു, ഈ പാവം ക്രൂരന്മാരെക്കുറിച്ച്. അഭിപ്രായം ഇരുമ്പുലക്ക അല്ലാത്തതുകൊണ്ടും ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കായതുകൊണ്ടും ആര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അഭിപ്രായം പറഞ്ഞവന്റെ അകവും പുറവും അടിച്ചുനിരത്തുന്നത് എന്തൊരു ഹിന്ദുത്വമാണ്. ഇതിന്റെ പേര് വാസ്തവത്തില്‍ ജന്തുത്വം എന്നാണ്. ഇത്തരക്കാര്‍ ഹിന്ദു സംസ്‌കാരത്തിന് തന്നെ അപമാനമാണ്. അപ്പോള്‍ അതാ വരുന്നു നിര്‍ബന്ധിത മാപ്പ് മര്‍ദ്ദിച്ചു വാങ്ങുന്ന ശിവസേന. എന്റെ ശിവനെ നിന്റെ പേരിന്റെ ഒരു ദുരിയോഗം. ഇങ്ങനെ ദൈവങ്ങളുടെയും മഹാന്മാരുടെയും പേര് ഗുണ്ടകള്‍ ദുര്‍വിനിയോഗം ചെയ്യരുത്. പ്ലീസ്... നിങ്ങള്‍ക്ക് എത്രയോ കുലനാഥന്മാരായ വീരപരാക്രമികള്‍ വേറെയുണ്ട്. ഗോഡ്‌സേ ക്രാന്തി സേനയെന്നോ രാവണസേനയെന്നോ ഒക്കെയാണ് പറ്റിയപേര്.
 
കാര്യം അവിടെയങ്ങനെയൊക്കെയാണെങ്കിലും ഇവിടെ ഗോപാല ഗവേഷണ കേന്ദ്രത്തിലെ പിണറായി വിജയന്‍മാഷും സേനയുണ്ടാക്കുന്നത് അത്ര നന്നോ. പണ്ടൊരു ആര്‍.എസ്.എസ്. വിരുദ്ധ സേനയുണ്ടാക്കി അദ്ധ്യാപകനെ കുട്ടികളുടെ മുമ്പില്‍ വച്ച് ഓപ്പറേറ്റ് ചെയ്തത് ടി വാദി/പ്രതി ഭാഗങ്ങള്‍ മറന്നാലും ജനങ്ങള്‍ മറക്കുമോ? അവര്‍ ഇതെല്ലാം മറന്നതുകൊണ്ടല്ലേ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുമിച്ച് വോട്ട് ചെയ്തത്. അതാണ് പറയുന്നത് മറവി ഒരനുഗ്രഹമാണെന്ന്.എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഇതാ പിണറായി സേനയായി ആഞ്ഞടിക്കുന്നു. അഞ്ചുവര്‍ഷ മുന്‍കാല പ്രാബല്യത്തോടെയുള്ള ഗുണ്ടാസമരം. സമരത്തിനും പ്രത്യേകം കാരണം ഒന്നുംവേണ്ട. രണ്ടുവര്‍ഷം മുമ്പ് നിര്‍മ്മല്‍ മാധവ് എന്ന വിദ്യാര്‍ത്ഥി എന്‍ജിനീയറിങ്ങ് ലിസ്റ്റില്‍ കൂടി ഇപ്പോള്‍ ഒഴിഞ്ഞുകിടന്ന കോഴിക്കോട് എന്‍ജിനീയറിങ്ങ് കോളേജിലെ ഒരുസീറ്റില്‍ ടി.സി വാങ്ങിചേര്‍ന്നു. രണ്ടുവര്‍ഷം മുമ്പ് ഇങ്ങനെ ഉണ്ടാകാന്‍ ഇവിടുത്തെ ഇടതുഭരണമാണെ കാര്യക്കാര്‍. അപ്പോള്‍ ആരോടാണ് പിണറായിസേന വാസ്തവത്തില്‍ സമരം ചെയ്യേണ്ടത്. ഇടതുമുന്നണിയോട്, കൊച്ചുമുണ്ടശ്ശേരിയോട്. ചുമ്മാതാണോ പാര്‍ട്ടി സെന്റര്‍ ഒരു ഗവേഷണ കേന്ദ്രമായത്. കുന്തക്കാരന്‍ പത്രോസ് കുന്തം കൊണ്ടാണ് പുന്നപ്രയില്‍ പൊലീസിനെ പുല്ലുപോലെ തോല്പിച്ച് ചരിത്രം സൃഷ്ടിച്ചത്. പത്രോസില്‍നിന്നും പത്തുകാതം അകലെയെങ്കിലും നമ്മുടെ ഗവേഷണം പേകണ്ടേ. വിരുദ്ധന്മാരെയും പൊലീസ് തെമ്മാടികളെയും നേരിടാന്‍ പട്ടികയില്‍ ആണിതറച്ച കൈക്കുരിശാണ് പുതിയ കണ്ടുപിടുത്തം. അതുവച്ച് പിണറായി സേന കോഴിക്കോട്ട് പൊലീസിനെതല്ലി. ഗത്യന്തരമില്ലാതെ അവര്‍ വെടിവച്ചു. കിട്ടിപ്പോയ് സമരഫലം എന്നായി ഗവേഷകപുത്തികള്‍.
 
സമരക്കാര്‍ ഉടുത്തിരുന്ന ഉടുതുണിയുമായി വരുന്നു പ്രതിപക്ഷം നിയമസഭയില്‍. പ്രക്ഷുബ്ധമാക്കട്ടെ നിയമസഭാ. വെസ് ക്യാപ്റ്റന്‍ കോടിയേരി വിസില്‍ മുഴക്കി. ടി.വി. രാജേഷും ജയിംസ് മാത്യുവും നേതൃത്വം നല്കി വാച്ച് ആന്റ് വാര്‍ഡിനെ ആക്രമിച്ചു. സമരാവേശം, കുട്ടിസഖാക്കള്‍ക്ക് പോര്‍ക്കലിയാണ്, അതിനിടയിലാണ് ഒരു പെണ്‍ വാച്ച് ആന്റ് വാര്‍ഡ്, കൊടുത്തു അവര്‍ക്കും സമ്മാനം.
പിന്നെയാണ് പിണറായി സേന നാണക്കേട് അറിഞ്ഞത്. കഥാനായകന്മാര്‍ വീരകര്‍മ്മങ്ങള്‍ കയ്യോടെ നിഷേധിച്ചു. കണ്ണീര്‍ സീരിയല്‍പോലെ അഭിനയം ഒന്ന് കൊഴുപ്പിക്കാന്‍ രാജേഷ് ഒരു ബോറന്‍ കരിച്ചില്‍ തന്നെ നടത്തി. അത് ക്യാമറ ജനിക്കല്ലായിരുന്നു എന്ന് ജോണ്‍ ബ്രിട്ടാസ് കളഞ്ഞ കൈരളിപോലും പറയും. ചാനല്‍യുഗമല്ലേ കരയുന്നതൊക്കെ ഒരു പൈങ്കിളി മോഡലില്‍ മതി. അതാണ് നടന്‍ പിന്നെ പറഞ്ഞത് കരഞ്ഞ് നടന്നത് ഒത്തില്ലായെന്ന്. വടക്കന്‍ നാട്ടിലെ പോലെ തെക്കന്‍ നാട്ടിലും സേന ഉണ്ടായല്ലോ. ഇനി നാം വെടക്കാണെന്ന് ഏതു വടക്കന്‍ പറയും. ശീര്‍ഷാസനം-പിടിച്ചുഞാന്‍ അവനെന്നെ കെട്ടി, കൊടുത്ത് ഞാന്‍ അവന് എനിക്ക് രണ്ട്.

Thursday, October 20, 2011

കമ്യൂണിസ്റ്റ് അപചയത്തിന്റെ മൂകസാക്ഷി


മലയാള കഥയില്‍ ആധുനികതയുടെ സര്‍ഗ്ഗകലാപം സൃഷ്ടിച്ച എഴുത്തുകാരനാണ് ഇന്നലെ 76-ാം വയസ്സില്‍ ജീവിതത്തോട് വിടപറഞ്ഞ കാക്കനാടന്‍. നിലവിലുള്ള സാഹിത്യ സമ്പ്രദായങ്ങളെ നിശബ്ദമായി വെല്ലുവിളിച്ചുകൊണ്ട് ജീവിതവീക്ഷണത്തിലും രചനാരീതിയിലും അദ്ദേഹം പുതിയൊരു സ്വരസൗന്ദര്യലോകം സൃഷ്ടിച്ചു. ഭാഷാപദങ്ങള്‍ ഈ എഴുത്തുകാരന്റെ കയ്യില്‍ അഗ്നിസ്ഫുലിംഗങ്ങളായി. തീഷ്ണമായ ഉഷ്ണലാവാ പ്രവാഹമായി കാക്കനാടന്റെ രചനകള്‍ വായനാസമൂഹം ഏറ്റുവാങ്ങി. വ്യവസ്ഥാപിത മൂല്യങ്ങളെ ചോദ്യം ചെയ്തും പ്രസ്ഥാനങ്ങളെ വെല്ലുവിളിച്ചും ജീവിച്ച കാക്കനാടന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയത്തോട് തന്റെ നോവലുകളിലൂടെ ക്രിയാത്മകമായി പ്രതികരിച്ചു. 
സര്‍ഗ്ഗാത്മക കലാപം

കാക്കനാടന്റെ മരണം കുറിക്കുന്നത് നിഗ്രഹശേഷിയുള്ള ഒരു വിഗ്രഹഭഞ്ജകന്റെ കലാപസമാപ്തിയാണ്. അനേകം പീഠഭ്രഷ്ടമായ ബിംബങ്ങളും ഗളഹസ്തമായ വിഗ്രഹങ്ങളും കരചരണങ്ങള്‍ ഛേദിക്കപ്പെട്ട രൂപങ്ങളും തന്റെ കലാപകാലത്തിന്റെ മഹാതിരുശേഷിപ്പുകളായി നല്‍കിക്കൊണ്ടാണ് കാക്കനാടന്‍ എന്ന കലാപകാരിയായ എഴുത്തുകാരന്‍ കടന്നുപോകുന്നത്. മലയാള ഭാഷയിലും ഭാവുകത്വത്തിലും തീ പടര്‍ത്തിയ കാക്കനാടന്‍ എല്ലാ വ്യവസ്ഥാപിത സാഹിത്യവിചാരങ്ങളിലേക്കും രീതികളിലേക്കും അതിന്റെ ചീളുകള്‍ വലിച്ചെറിഞ്ഞു. അതുവഴി അദ്ദേഹം ആധുനികതയുടെ കരുത്തും ഉണര്‍വും തോറ്റം ചെയ്‌തെടുത്തു.
ജീവിത അവബോധത്തെ സംബന്ധിച്ച കാക്കനാടന്റെ ദര്‍ശനം പതിവുകളുടെ പൊളിച്ചെഴുത്താണ്. സമൂഹം വ്യക്തിയെ പ്രാന്തവത്ക്കരിക്കുമ്പോള്‍ വ്യക്തി സമൂഹത്തിന്റെ വരേണ്യവിചാരങ്ങള്‍ക്ക് പരുക്കേല്‍പ്പിക്കാന്‍ തുനിയുന്നു. ഇത്തരം വിചാരങ്ങളെ ആക്രമിക്കാനുള്ള ആയുധങ്ങള്‍ ഈ കഥാപാത്രങ്ങള്‍ എടുത്തണിയുന്നത് സമൂഹത്തില്‍നിന്നാണ്. അപമാനവീകരണത്തിന്റെ ആയുധപ്പുര കയ്യേറി നടത്തുന്ന ഈ ആയുധസമാഹരണത്തിന് അവന് ഊര്‍ജ്ജം പകരുന്നത് സമൂഹത്തിന്റെ നീതിരാഹിത്യങ്ങളാണ്. വ്യക്തിസത്തയുടെ വികാസങ്ങളിലൂടെ കലാപം ചെയ്യുന്ന ഇത്തരം കഥാപാത്രങ്ങളുടെ നീണ്ടനിരതന്നെ കാക്കനാടന്റെ കൃതികളിലുണ്ട്.
 
വര്‍ഗ്ഗ പാരമ്പര്യം, സാംസ്‌ക്കാരിക പാരമ്പര്യം, ജീവിത സാഹചര്യങ്ങള്‍, ധൈഷണിക പ്രഭാവം എന്നിവയെല്ലാം കഥാപാത്രങ്ങളില്‍ സൃഷ്ടിക്കുന്ന ബോധധാരകളാണ് സമൂഹത്തിന് ഹിതകരമെന്ന് തോന്നാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഇവരെ പ്രാപ്തരാക്കുന്നത്. ഈ ബോധധാരകള്‍ നൈമിഷികമായി മാത്രമാണ് ഉണര്‍ന്നു തീക്ഷ്ണമായി പ്രവര്‍ത്തിക്കുന്നത്. ഈ നൈമിഷിക ബോധങ്ങളുടെ ആകത്തുകയാണ് കഥാപാത്രങ്ങളുടെ സ്വഭാവത്തിന്റെ വിജയപരാജയങ്ങളെയും സദാചാരത്തെയും രൂപപ്പെടുത്തുന്നത്. ഇത്തരം വ്യക്തികള്‍ പ്രാന്തവത്ക്കരിക്കപ്പെടുമ്പോള്‍ അവരുടെ നിസ്സഹായതയിലേക്കു സര്‍വ്വശ്രദ്ധയും ആകര്‍ഷിക്കത്തക്കവണ്ണം അവന്റെ ബോധമണ്ഡലത്തിലെ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുക എന്നതാണ് കാക്കനാടന്റെ രചനാരീതി. മൂല്യതകര്‍ച്ചയുടെയും കപ്പല്‍ചേതങ്ങളുടെയും ചുഴികളില്‍പ്പെട്ട മനുഷ്യന്റെ ഉജ്ജ്വലമായ പാത്രരചനയാണ് ഇത്തരം ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ കാക്കനാടന്‍ സാധിക്കുന്നത്. യുക്തിക്കപ്പുറമുള്ള തലങ്ങളില്‍നിന്ന് സംസാരിക്കുന്ന ജ്ഞാനിയായ ഭ്രാന്തനെപ്പോലുള്ള കഥാപാത്രങ്ങളിലൂടെയാണ് നടപ്പ് നോവല്‍ രൂപഘടനയെ കാക്കനാടന്‍ ശ്ലഥം ചെയ്യുന്നത്. ഈ തകര്‍ച്ചയുടെ പിഞ്ഞാണച്ചീളുകളില്‍നിന്നും വളപ്പൊട്ടുകളില്‍നിന്നും അദ്ദേഹം പുതിയ സൗന്ദര്യരൂപങ്ങള്‍ സൃഷ്ടിച്ചു. ഈ സൗന്ദര്യപ്രതലത്തില്‍ ജീവിതത്തിന്റെ നിരര്‍ത്ഥകതയുടെ രൂപങ്ങള്‍ കാക്കനാടന്‍ പ്രതിഫലിപ്പിച്ചു. ജീവിതത്തിന്റെ വ്യഗ്രതകളും യാന്ത്രിക സ്വഭാവങ്ങളും വേട്ടപ്പട്ടികളായി, ഒറ്റപ്പെട്ടുപോയ മനുഷ്യന്റെ പിന്നാലെ ഓടുകയും മരണത്തിന്റെ ഗുഹാഭീതികളില്‍ അവനെ കൊണ്ടുചെന്നെത്തിക്കുകയുമാണ്.
 
ഇരുള്‍പാതകള്‍ നിറഞ്ഞ ആ ഗുഹക്കുള്ളില്‍ ജീവിതം നീണ്ട അനിശ്ചിതത്വങ്ങളായി അനുഭവപ്പെടുന്നു. ഈ കാതരരൂപങ്ങള്‍ അന്നോളമുള്ള നോവല്‍ഘടനാ സങ്കല്പങ്ങളുടെ ജഡതയില്‍ നിന്നും ജാഗരത്തിലേക്കു ജൈത്രയാത്ര നയിച്ചപ്പോള്‍ നമ്മുടെ പാരമ്പര്യം ഞെട്ടുകതന്നെചെയ്തു. കള്ളനും വ്യഭിചാരിയും ജാരസന്തതികളും കൂട്ടിക്കൊടുപ്പുകാരനും അഭിസാരികകളും സ്വവര്‍ഗരതിക്കാരനുമൊക്കെ പാത്രസൃഷ്ടികളില്‍ പ്രാമുഖ്യം നേടിയപ്പോള്‍ പാരമ്പര്യത്തിന്റെ ഞെട്ടല്‍ കടുത്ത ആഘാതമായി മാറി.
രഹസ്യാത്മകവും പാപാത്മകവുമെന്ന നമ്മുടെ രതിരീതികളുടെയും രതിരഹസ്യങ്ങളുടെയും മറപ്പുര കാക്കനാടന്‍ പൊളിച്ചപ്പോള്‍ രതിയുടെ അരാജകത്വമല്ല ആധുനിക നോവലില്‍ അനാവൃതമായത്. രതിസൗന്ദര്യമാണ് ഭാരതീയ രസസിദ്ധാന്തങ്ങളില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്ന ശൃംഗാരത്തിന്റെ സ്ഥായീഭാവം രതിയെന്നിരിക്കെ ഇക്കാര്യത്തില്‍ നാം ചെയ്യുന്ന ഒളിഞ്ഞുനോട്ടങ്ങളെയാണ് കാക്കനാടന്‍ ആക്രമിച്ചത്. യഥാര്‍ത്ഥത്തില്‍ ഇത് പാരമ്പര്യ നിഷേധമല്ല. പാരമ്പര്യ നവീകരണമാണ്. പാപമുക്തമായ അനുഷ്ഠാനമാണ് കാക്കനാടന്റെ രതി സങ്കല്പം. സ്വാഭാവികതയും അനിവാര്യതയുമാണ് ഈ സങ്കല്പങ്ങള്‍ക്ക് അദ്ദേഹം കല്‍പ്പിക്കുന്ന വിധികള്‍. രതി അശ്ലീലമല്ല. കാവ്യസൗന്ദര്യത്തിന്റെ ഭാഗമാണെന്ന് ഈ സങ്കല്പം നമ്മെ ബോധ്യപ്പെടുത്തുന്നു. വികാര തീഷ്ണമായ വാക്കുകളിലൂടെ, സ്ത്രീ-പുരുഷ ഗമനങ്ങളുടെ വര്‍ണ്ണനയിലൂടെ കാക്കനാടന്‍ വായനയുടെ സൗന്ദര്യ കവാടങ്ങളാണ് തുറക്കുന്നത്. ശിഥിലവും ഇഴയടുപ്പവുമില്ലാത്ത കുടുംബബന്ധങ്ങള്‍ വരണ്ട പിതൃ-പുത്ര, മാതൃ-പുത്ര ബന്ധങ്ങള്‍, ഹൃദയസ്പര്‍ശമില്ലാത്ത സഹജാത ബന്ധങ്ങള്‍ ഇവയൊക്കെ വ്യവസ്ഥാപിത കുടുംബ ബന്ധങ്ങളോട് പിണക്കം കാട്ടുന്നത് കാക്കനാടന്‍ കൃതികളിലുടനീളം കാണാനാകും.
 
ഭാഷയെ സംബന്ധിച്ച മൂലധാരണകളുടെ മുരടില്‍ തന്നെ മുറിവേല്‍പ്പിക്കുന്നതാണ് കാക്കനാടന്റെ ഭാഷാ പ്രകൃതം. ഭാവാത്മക വിവരണങ്ങള്‍ക്കൊപ്പം തന്നെ ബിംബാത്മകമായ ഒരു ഭാഷാശൈലിയും കാക്കനാടനില്‍ ദര്‍ശിക്കാം. സരളവും വിലോലവുമായ ശൈലിയുടെ മഞ്ഞ്മറയില്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അവ്യക്തതയോടെ ചിത്രീകരിക്കുന്ന കാലപനിക രീതിയോട് കലാപം ചെയ്‌തെടുത്ത നിര്‍മ്മിതികളാണ് ആ ഭാഷ. നിശിതവും നിരാര്‍ഭാടവും നാട്യരഹിതവുമായ ഭാഷയിലൂടെ അനുവാചകരില്‍ സംവേഗം ഉളവാക്കുന്ന ഭാവാന്തരീക്ഷം സൃഷ്ടിക്കാനുള്ള സിദ്ധി ഇതു കൈവരിക്കുന്നു. ഏകാകികളും കലാപകാരികളുമായ കാക്കനാടന്റെ കഥാപാത്രങ്ങളുടെ പ്രക്ഷോഭത്തിന് സമരവീര്യം പകരുന്ന ഒരു തരം കലാപഭാഷതന്നെ മലയാളത്തില്‍ പിറന്നു. പുതിയ ജീവിതസാഹചര്യങ്ങളും പുതിയ ജീവിത വികാരങ്ങളും ആവിഷ്‌ക്കരിക്കാന്‍ പഴയ ഭാഷയുടെ ഇറുകിയ കുപ്പായങ്ങള്‍ പോരെന്ന വിചാരങ്ങളില്‍നിന്നാണ് കലാപകരുത്തുള്ള ഈ ഭാഷയുടെ ജനനം. ഇങ്ങിനെ ബഹുമുഖ വിഗ്രഹത്തകര്‍ച്ചകളിലൂടെ പഴയതിന്റെ സ്ഥാനത്ത് നവീന സങ്കല്പങ്ങള്‍ ഉരുക്കിവാര്‍ക്കുന്ന കാക്കനാടന്‍ ചേതങ്ങളല്ല; ഈടുവെയ്പുകളാണ് ഭാഷയ്ക്ക് സമ്മാനിക്കുന്നത്. നോവലില്‍ കാക്കനാടന്‍ സൃഷ്ടിച്ച നവോദയത്തിന്റെ വെളിച്ചത്തിലാണ് മലയാള സാഹിത്യരംഗത്തെ പുതിയ സങ്കല്പങ്ങളുടെയും പുതിയ ക്രമങ്ങളുടെയും പുതിയ അസ്വാദനരീതികളുടെയും വ്യാകരണങ്ങളെ നാം വായിക്കേണ്ടത്.