Thursday, May 5, 2011

ഭരണനേട്ടം കൊട്ടിപ്പാടാന്‍ 38.41 കോടി


ഇടതുമുന്നണി ഭരിച്ച 2008 മുതല്‍ 2011 വരെയുള്ള വര്‍ഷങ്ങളിലെ ഭരണ നേട്ടം ജനങ്ങളിലെത്തിക്കാനുള്ള പരസ്യങ്ങളുടെ ചിലവായി ഖജനാവില്‍ നിന്നും മുടക്കിയത് 38.41 കോടി. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്കുള്ള മറുപടിയായാണ് ഈ തുക പുറത്തുവന്നത്.
പത്രങ്ങളിലൂടെ പരസ്യം ചെയ്യുന്നതിനായിരുന്നു മുന്തിയ പരിഗണന. 10, 64, 13, 640 കോടി രൂപാ ഈയിനത്തില്‍ കത്തിച്ചു. ഭരണകര്‍ത്താക്കള്‍ ഒരുകൈ ആകാശത്തേക്കുയര്‍ത്തി മറുകൈ ഉടുമുണ്ടിന്റെ കോന്തലയില്‍ പിടിച്ച് നിറഞ്ഞ ചിരിയോടെ പ്രജകളെ അനുഗ്രഹിക്കുന്ന തരത്തിലുള്ള ഡിസ്‌പ്ലേ പരസ്യങ്ങള്‍ക്ക് 18, 27, 01, 444 രൂപയാണ് 5 വര്‍ഷം കൊണ്ട് മുടിച്ചത്. മാസിക തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്ക് 39, 20, 713 രൂപയുടെ പരസ്യമാണു നല്‍കിയത്.
ചാനല്‍ യുഗത്തില്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് വളരെ കുറഞ്ഞ സംഖ്യയാണ് പരസ്യത്തിനു സര്‍ക്കാര്‍ മുടക്കിയത്. വെറും 17, 40, 309 രൂപാ മാത്രം.
ഓരോ മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കിയിട്ടുള്ള വര്‍ഷം തിരിച്ചുള്ള പരസ്യത്തുകയുടെ കണക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരമുള്ള അപ്പീല്‍ നല്‍കിയിരിക്കുകയാണ്. നിയമമുണ്ടായിട്ടും വിവരങ്ങള്‍ പുറത്താകുന്നതിനോട് അധികൃതര്‍ക്കു താല്പര്യമില്ല.
സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്ക് കൂടുതല്‍ പരസ്യം നല്‍കി അവയുടെ വായടപ്പിക്കാന്‍ ഭരണകൂടം ശ്രമിക്കുമെന്നത് എല്ലാക്കാലത്തേയും നടപ്പു നീതിയാണ്.  കിട്ടാവുന്നിടത്തോളം സര്‍ക്കാര്‍ പരസ്യം വാങ്ങുകയും സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകള്‍ സിണ്ടിക്കേറ്റായി നല്‍കുകയും ചെയ്യുന്നതിനാല്‍ മാധ്യമധര്‍മ്മത്തിനു നിരക്കാത്ത യാതൊന്നും തങ്ങളുടെ ഭാഗത്തില്ലെന്നായിരിക്കും മാധ്യമങ്ങളുടെ നിലപാട്.
പാര്‍ട്ടിജിഹ്വയായ ദേശാഭിമാനിക്ക് പരസ്യം കിട്ടിയാലും ഇല്ലെങ്കിലും സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കഴിയില്ല. പകരം അച്യുതാനന്ദനെതിരെ ഒളിയമ്പെയ്ത് കോളം നിറയ്‌ക്കേണ്ടി വരും. അപ്പോള്‍ ഏറ്റവും കൂടുതല്‍ തുക പരസ്യം ലഭിച്ചത് കടുത്ത സര്‍ക്കാര്‍ വിരോധം പുലര്‍ത്തുന്ന ബൂര്‍ഷ്വാ പത്രങ്ങള്‍ക്കു തന്നെയാകണം. ഇക്കാര്യത്തില്‍ ഒന്നാമന്‍ മനോരമയാണോ മാതൃഭൂമിയാണോ എന്നു മാത്രമേ അറിയാനുള്ളു.

No comments:

Post a Comment

Note: Only a member of this blog may post a comment.