Thursday, June 30, 2011

ചോദ്യോത്തര വേളയില്‍ പ്രതിപക്ഷത്ത് എട്ടുകാലി മമ്മൂഞ്ഞുമാര്





മര്‍മമറിഞ്ഞെറിഞ്ഞ ഭരണപക്ഷം മമ്മൂഞ്ഞിനെ പിടിച്ചുകെട്ടി





 എട്ടുകാലി മമ്മൂഞ്ഞിനെക്കുറിച്ചു പറയുമ്പോള്‍ എടുത്തു പറയേണ്ടുന്ന ഒരു പ്രധാന കാര്യം അദ്ദേഹത്തിന്റെ അത് ഞമ്മളാണെന്നുള്ള പറച്ചിലാണ്.
നാട്ടിന്‍പുറത്തെ ചായക്കടയില്‍ ഇരുന്ന് കിഞ്ചന വര്‍ത്തമാനം പറയുന്നവരുടെ ഇടയിലേക്ക് കയറി വന്നിരിക്കുകയും ഏതെങ്കിലും പെണ്ണു പെറ്റെന്നു കേട്ടാല്‍ കാരണക്കാരന്‍  അത് ഞമ്മളാണെന്നു പറയുകയും ചെയ്യുന്ന മമ്മൂഞ്ഞിനും ഒരിക്കല്‍ അക്കിടി പറ്റി.മമ്മൂഞ്ഞിന്റെ സ്വഭാവമറിയുന്ന ഒരു വിരുതന്‍ ഒരിക്കല്‍ ഒരു താങ്ങുതാങ്ങി.ചായക്കടയിലേക്ക് മമ്മൂഞ്ഞ് എത്തിയയുടന്‍ അമ്മിണി പെറ്റു എന്നു വച്ചുകാച്ചി.ഉടന്‍ വന്നു മമ്മൂഞ്ഞിന്റെ മറുപടി-അതു ഞമ്മളാ.കേട്ടവര്‍ കേട്ടവര്‍ ചിരിച്ചു.ഒടുവില്‍ മമ്മൂഞ്ഞ് കേട്ടറിഞ്ഞു-യഥാര്‍ഥത്തില്‍ അമ്മിണി ഒരു ആനയായിരുന്നു.ഇതേ മമ്മൂഞ്ഞ് ഒരു മഹാനായ വൈക്കം മുഹമ്മദ് ബഷീര്‍ പുസ്തകത്താലിലൂടെ അവതരിപ്പിച്ച ഒരു കഥാപാത്രം മാത്രമായിരുന്നെങ്കില്‍ ആധുനീക ലോകത്ത് പ്രതിപക്ഷ ബെഞ്ചിലെ മൂന്നു എംഎല്‍എമാരുടെ രൂപത്തിലാണ് മമ്മൂഞ്ഞിന്റെ അവതാരം.വൈദ്യുതി വകുപ്പില്‍ എന്തു നേട്ടമുണ്ടായാലും അതു ഞമ്മളാണെന്ന് എ.കെ ബാലന്‍,വ്യവസായ-ധന വുപ്പുകളില്‍ യുഡിഎഫ് എന്തെങ്കിലും നേട്ടങ്ങള്‍ വ്യക്തമാക്കിയാലുടന്‍ അതു ഞമ്മന്റേതെന്ന് തോമസ് ഐസക്ക്,ഇനി വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനം ഇന്നേവരെ നേടിയിട്ടുള്ള മുഴുവന്‍ നേട്ടങ്ങളും തന്റേതെന്ന് അഭിനവ മുണ്ടശേരിയായി ഭരണം നടത്തിയിരുന്ന എംഎ ബേബി.
 
അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് ചോദ്യവുമായി എണീറ്റ ബാലന്‍ ഇന്നലെ ചോദ്യത്തിന് അവസരം നല്‍കിയില്ലെങ്കിലും ഇന്നു അവസരം തന്നതിന് നന്ദി എന്നു പറഞ്ഞാണ് ചോദ്യത്തിലേക്ക് കടന്നത്.ചട്ടങ്ങളും നിയമങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ചുകൊണ്ടും അതിനായി സ്പീക്കറെ നിര്‍ബന്ധിച്ചുകൊണ്ടും നിയമസഭയുടെ ആദ്യസമ്മേളനത്തിന്റെ ചോദ്യോത്തര സെഷനില്‍ തന്നെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ അഴിഞ്ഞാടിയ ശേഷമാണ് ഇന്ന് എല്ലാ തെറ്റിനും സ്പീക്കറാണ് കാരണക്കാരനെന്ന് സൂചിപ്പിച്ചുകൊണ്ട് ബാലന്‍ സംസാരിച്ചുതുടങ്ങിയത്.പ്രകോപിപ്പിച്ചു സഭയെ പ്രക്ഷുബ്ധമാക്കുകയെന്ന ഇടതു ഗൂഡതന്ത്രത്തില്‍ വീണ് പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ച് ചില ഭരണകക്ഷിയംഗങ്ങള്‍ കൈയ്യുയര്‍ത്തിയെങ്കിലും ചെയറിലിരുന്ന സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ സമയോചിത ഇടപെടല്‍ ഭരണപക്ഷ അംഗങ്ങളെ തണുപ്പിച്ചു.ദു:സൂചനയില്ലാതെ ചോദ്യങ്ങള്‍ ചോദിക്കേണ്ടത് അംഗങ്ങളുടെ ചുമതലയാണെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി.പ്രതിപക്ഷ അംഗങ്ങള്‍ ചട്ടങ്ങളും കീഴ് വഴക്കങ്ങളും ലംഘിക്കുകയും അറിവില്ലാതെ പെരുമാറുകയുമാണെന്ന് സൂചന തന്നെയാണ് സ്പീക്കര്‍ നല്‍കിയത്.
 
തുടര്‍ന്ന് ഇടതു മുന്നണി സര്‍ക്കാരിന്റെ കീഴില്‍ താന്‍ മന്ത്രിയായിരുന്നപ്പോള്‍ പദ്ധതികളെല്ലാം ഓകെ ആയിരുന്നുവെന്നാണ് ബാലന്‍ വ്യക്തമാക്കിയത്.കേന്ദ്രമന്ത്രി ജയറാം രമേശിന് പ്രധാനമന്ത്രി അതിരപ്പള്ളി സംബന്ധമായി കത്തയച്ചുവെന്നും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഇടപെട്ടാണ് പദ്ധതി മുടക്കിയതെന്നും അതാണ് ജയറാം രമേശ് പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിക്കാത്തതെന്നുമായിരുന്നു എ.കെ ബാലന്റെ കണ്ടെത്തല്‍.മുന്‍കാല റിപ്പോര്‍ട്ടുകളും ഫയലുകളും ലാഭ നഷ്ടക്കണക്കുകളും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മന്ത്രി ആര്യാടന്‍ മുഹമ്മദ് ബാലന്റെ മമ്മൂഞ്ഞിസത്തെ തള്ളി.
ജലവൈദ്യുതിയെപറ്റി പ്രതിപക്ഷത്തിന്റെയിടയില്‍ തന്നെ ഐക്യമില്ലെന്ന വസ്തുതയും മന്ത്രി ആര്യാടന്‍ അവരെക്കൊണ്ടു സംസാരിപ്പിച്ചു പുറത്തുകൊണ്ടുവന്നതോടെ ബാലന്‍ നാണംകെട്ടിരിക്കുകയായിരുന്നു.പ്രതിപക്ഷത്തിന് മന്ത്രി നല്‍കിയ മറുപടിയില്‍ ദു:സൂചനയുണ്ടെന്നും അത് സ്പീക്കര്‍ കാണുന്നില്ലേയെന്ന ചോദ്യവുമായി ബാലന്‍ ചാടിയെണീറ്റു.ഇതിനെ പ്രതിരോധിക്കാനായി ഭരണപക്ഷാംഗങ്ങള്‍ സ്വസ്ഥാനത്ത് എണീറ്റപ്പോള്‍ ആരെടാ, വാടാ, ഇരിക്കെടാ വിളികളുമായി പ്രതിപക്ഷം സീറ്റില്‍ നിന്നിറങ്ങി.മന്ത്രി എങ്ങിനെ മറുപടി പറയണമെന്ന് നിര്‍ദേശിക്കാന്‍ ചെയറിനാവില്ലെന്ന സ്പീക്കറുടെ റൂളിംഗിന് ചെവികൊടുക്കാതെ നിന്ന പ്രതിപക്ഷത്തെ കടുത്ത നിലപാടിലൂടെ സ്പീക്കര്‍ ഒതുക്കി.
 
തുടര്‍ന്ന് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കേണ്ട ഊഴം വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടേതായിരുന്നു.സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭ-നഷ്ടം സംബന്ധിച്ച കണക്കുകളെ കുറിച്ചാണ് എ.എം ആരിഫ് ചോദ്യമുയര്‍ത്തിയത്. കണക്കുകള്‍ വ്യക്തമാക്കിയ ഉടന്‍ ഉപചോദ്യവുമായി മുന്‍മന്ത്രി പി.കെ ഗുരുദാസന്‍ രംഗത്തെത്തി.കേന്ദ്ര സര്‍ക്കാരിന്റെ അപരിഷ്‌കൃത നിലപാടും സമീപനവും മൂലമാണ് സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമതയില്ലായ്മയെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പാക്കേജുകളും ഫണ്ടുകളുടെയും കണക്കുകള്‍ മുഴുവന്‍ നിരത്തിയ കുഞ്ഞാലിക്കുട്ടി ഇതു ട്രേഡ് യൂണിയന്‍ രംഗത്തുള്ള നേതാക്കന്‍മാര്‍ക്കും അറിയാവുന്നതാണല്ലോയെന്ന് ചോദ്യമുയര്‍ത്തിയതോടെ ഉത്തരം മുട്ടിയ ട്രേഡ് യൂണിയന്‍ നേതാവുകൂടിയായ പി.കെ ഗുരുദാസന്‍ സ്വസ്ഥാനത്തിരുന്നു. മുന്‍ മന്ത്രി തോമസ് ഐസ്‌ക് വകയായിരുന്നു അടുത്ത ചോദ്യവും കണ്ടെത്തലുകളും.സംസ്ഥാനത്ത് എന്നൊക്കെ യുഡിഎഫ് ഭരണത്തിലുണ്ടായിരുന്നോ അന്നെല്ലാം പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടുകയും നഷ്ടത്തിലാകുകയുമായിരുന്നുവെന്ന് അദ്ദേഹം കണ്ടെത്തി.കണക്കിന്റെ ആശാനെന്ന് സ്വയം സ്ഥാപിച്ചെടുത്ത പേരിന്റെ പിന്‍ബലത്തില്‍ വാചകകസര്‍ത്ത് നടത്തിയ അദ്ദേഹത്തിന് മന്ത്രി കുഞ്ഞാലിക്കുട്ടി നല്‍കിയ മറുപടി ഇരിപ്പിടത്തില്‍ വച്ച മുള്ളിന്‍മേല്‍ കയറി ഇരുന്നതുപോലെയായിരുന്നു.
 
ഏ.കെ ആന്റണി മന്ത്രിസഭയില്‍ താന്‍ വ്യവസായ മന്ത്രിയായി ചുമതലയേല്‍ക്കുന്നതിനു മുന്‍പുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലയെ കൈര്യം ചെയ്തിരുന്നതില്‍ നിന്നാണ് താന്‍ വകുപ്പ് ഏറ്റെടുത്ത് ലാഭത്തിലാക്കിയതെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കഴിഞ്ഞ അഞ്ചു വര്‍ഷവും പൊതുമേഖല ലാഭത്തിലാണെന്ന് പറയുന്നതിന് അടിത്തറയിട്ടത് താന്‍ വകുപ്പില്‍ ചെയ്ത പ്രവര്‍ത്തനങ്ങളും അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടവുമാണ്.ഇപ്പോള്‍ രാഷ്ട്രീയമായി യുഡിഎഫ്-എല്‍ഡിഎഫ് എന്നൊക്കെ പറയാമെങ്കിലും സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.ഉടന്‍ കണക്കുകള്‍ പറഞ്ഞുകൊണ്ട് ചാടിയെണീറ്റ തോമസ് ഐസക്കിനെ അതേ കണക്കുകള്‍ തെറ്റെന്നു സ്ഥാപിച്ചുകൊണ്ടും എങ്ങിനെ ഇത്തരം കണക്കുകള്‍ വന്നുവെന്നു മുന്‍ ധനകാര്യമന്ത്രിയെ ഞാന്‍ പഠിപ്പിക്കേണ്ടല്ലോയെന്ന ചോദ്യത്തോടെയും കുഞ്ഞാലിക്കുട്ടി ഒതുക്കുകയായിരുന്നു.
വിദ്യാഭ്യാസ മേഖലയെ താനാണ് നന്നാക്കിയതെന്ന പ്രസ്താവനയുമായി രംഗത്തെത്തിയ എം.എ ബേബിയെ മുഖ്യമന്ത്രിയും കണക്കുകളും കാര്യങ്ങളും നിരത്തി അടിച്ചൊതുക്കി.അതു ഞമ്മളാണ് എന്ന് പറഞ്ഞ് പ്രതിപക്ഷത്തെ മുന്‍ മന്ത്രിമാര്‍ ചാടിയെണീക്കുമ്പോള്‍ അതേ മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കിയിരുന്ന വി.എസ് അച്യുതാനന്ദന്‍ ചോദ്യോത്തര വേളയില്‍ പ്രശ്‌നങ്ങള്‍ ഏറ്റുപിടിക്കാതെ മൗനിയായത് ശ്രദ്ധിക്കപ്പെട്ടു.
 
ആദ്യ ദിവസം സഭയില്‍ വാകീറിപ്പൊളിച്ച വി.ശവന്‍കുട്ടി ഇന്നു മൗനവ്രതത്തിലായിരുന്നെങ്കിലും കൂട്ടുകാരന്‍ എംഎല്‍എ ഹംസ നാടോടിക്കാറ്റ് സിനിമയില്‍ അറ്റന്റര്‍മാരുടെ വേഷം കെട്ടിയ മോഹന്‍ലാലും ശ്രീനിവാസനും ഓഫീസിലെ ബോസിന്റെ മുന്നില്‍ അല്ല സാര്‍, ഇല്ല സാര്‍, അതു ഞങ്ങളല്ല സാര്‍ എന്നു പറഞ്ഞഭിനയിച്ചതു പോലെ നന്ദി സാര്‍, ഇന്നലെ ചോദ്യോത്തരം അനുവദിച്ചില്ലെങ്കിലും ഇന്നവുവദിച്ചതിന് നന്ദി സാര്‍ എന്നു പറഞ്ഞു നില്‍പ്പുണ്ടായിരുന്നു.

പറവൂര്‍ പീഡനം: സി.പി.എം ലോക്കല്‍ സെക്രട്ടറിയ്‌ക്ക് പിന്നാലെ സി.ഐ.ടി.യു വിലെ കരുത്തനായ നേതാവും

അന്വേഷിക്കുംതോറും പ്രതികളുടെ എണ്ണത്താല്‍ നീളംകൂടുന്ന കേസായി പറവൂര്‍ പെണ്‍വാണിഭകേസ്‌ മാറുന്നു. മാത്രമല്ല, കേസില്‍ രാഷ്‌ട്രീയ- സിനിമാ മേഖലയിലെ പ്രമുഖരും ഉള്‍പ്പെടുകയും ഇവര്‍ക്കെതിരേ ശക്‌തമായ തെളിവുകള്‍ പോലീസിന്‌ ലഭിക്കുകയും ചെയ്‌തതോടെ വരുംദിവസങ്ങളില്‍ അറസ്‌റ്റിലാവുന്നവരില്‍ 'സെലിബ്രിറ്റീസും' കൂടുമെന്നാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ നല്‍കുന്നു സൂചന.

പ്ലസ്‌ടുക്കാരി പെണ്‍കുട്ടിയെ പിതാവ്‌ തന്നെ പീഡിപ്പിച്ച ശേഷം പെണവാണിഭ സംഘങ്ങള്‍ വഴി പലര്‍ക്കുമായി കാഴ്‌ചവെച്ച സംഭവം സമകാലിക പെണ്‍വാണിഭ കേസുകളില്‍ ഏറ്റവും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ട സംഭവമാണെന്ന നിലയിലേക്കാണ്‌ എത്തിച്ചേരുന്നത്‌. സി.പി.എം ലോക്കല്‍ സെക്രട്ടറിയ്‌ക്ക് പിന്നാലെ സി.ഐ.ടി.യു വിലെ കരുത്തനായ നേതാവിനേയും സംഭവവുമായി ബന്ധപ്പെട്ട്‌ പിടികൂടാനുള്ള ശ്രമത്തിലാണ്‌ പോലീസ്‌. പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി കൊണ്ടുപോയ സി.ഐ.ടി.യു നേതാവിന്റെ കാര്‍ ക്രൈംബ്രാഞ്ച്‌ സംഘം പിടിച്ചെടുത്തു. സി.ഐ.ടി.യു നേതാവ്‌ ഒളിവിലുമാണ്‌.

ക്രൈംബ്രാഞ്ചിന്‌ ലഭിച്ച തെളിവുകളും സൂചനകളും ശക്‌തമായതിനാല്‍തന്നെ അട്ടിമറി സംഭവിച്ചില്ലെങ്കില്‍ പറവൂര്‍ പെണ്‍വാണിഭ കേസില്‍ കുടുങ്ങാന്‍ പോകുന്നത്‌ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവര്‍ത്തകരുമാണ്‌. പ്രമുഖ ഹാസ്യതാരവും മിമിക്‌സിലൂടെ വന്ന്‌ ഇപ്പോള്‍ സ്വഭാവനടനായി മാറിയ പ്രമുഖ നടനും കുടുങ്ങുമെന്ന്‌ ഏകദേശം ഉറപ്പായി കഴിഞ്ഞു. ഈ ഹാസ്യനടന്‍ പെണ്‍കുട്ടികളെ വീഴിക്കുന്നതിലും സിനിമയില്‍ വഴിതെറ്റിയെത്തുന്ന പെണ്‍കുട്ടികളെ ഉപയോഗിക്കുന്നതിലും കഴിവുതെളിയിച്ച വ്യക്‌തിയാണ്‌. ഓരോ സിനിമയിലും അഭിനയിച്ചുകഴിയുമ്പോള്‍ ഒരു കുതിരപ്പവന്‍ സമ്പാദ്യമായി മാറ്റിവയ്‌ക്കുന്ന ഈ നടന്‍ ഒരു പെണ്‍കുട്ടിയെ ഉപയോഗിക്കുകയും ചെയ്യും. തെക്കന്‍ കേരളത്തില്‍ നിന്ന്‌ വളരെയേറെ കഷ്‌ടപ്പെട്ട മിമിക്രി വേദികളിലൂടെ കയറിയിറങ്ങിയെത്തിയ ഈ നടന്‍ സിനിമയില്‍ സജീവമായതോടെയാണ്‌ പെണ്‍വേട്ടയും സജീവമാക്കിയത്‌.

അതേപേലെ ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലുള്ള മറ്റൊരു നടന്‍ ആദ്യകാലത്തെ പ്രമുഖ ഹാസ്യതാരമായിരുന്നു. എന്നാലിപ്പോള്‍ സ്വഭാവനടനായാണ്‌ അഭിനയിക്കുന്നത്‌. നന്നായി പാട്ടുപാടുന്ന ഈ നടന്‍ മലയാളത്തിലെ മറ്റൊരു പ്രമുഖ നടിക്കൊപ്പമാണ്‌ ഇപ്പോള്‍ താമസിക്കുന്നത്‌. പോലീസായും മറ്റും കാഴ്‌ചവയ്‌ക്കുന്ന ഗംഭീര അഭിനയംപോലെതന്നെ പെണ്‍വേട്ടയിലും ഇയാള്‍ ശക്‌തനായ വേട്ടക്കാരനാണെന്നാണ്‌ ഇപ്പോള്‍ ലഭ്യമാകുന്ന സൂചനകള്‍. സിനിമ താരമാക്കാമെന്ന്‌ വാഗ്‌ദാനം നല്‍കി പിതാവ്‌ പെണ്‍കുട്ടിയെ ആദ്യം കാഴ്‌ചവെച്ചത്‌ മലയാള സിനിമാ സംഘടനയിലെ അതികായന്റെ അസിസ്‌റ്റന്റിനായിരുന്നു. മമ്മൂട്ടി ചിത്രമായ 'പ്രമാണി' എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തായിരുന്നുവത്രെ ഈ സിനിമയുടെ സഹസംവിധായകനായ പെരുമ്പാവൂര്‍ സ്വദേശി ബിജു അറക്കപ്പടി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌. കൂട്ടുകാരന്റെ വീട്ടില്‍കൊണ്ടുപോയി മൂന്നു ദിവസം തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്‌ സിനിമാ മേഖലയിലെ പലര്‍ക്കുമായി കുട്ടിയെ കൈമാറി. ഇങ്ങനെയാണ്‌ ഹാസ്യനടനടക്കമുള്ളവരുടെ രതിവൈകൃതങ്ങള്‍ക്ക്‌ പെണ്‍കുട്ടി ഇരയായത്‌.

പീഡിപ്പിക്കാനായി എത്തിയ സെലിബ്രറ്റീസിനൊപ്പംനിന്ന്‌ ഫോട്ടോയെടുക്കാനുള്ള ആഗ്രഹമാണ്‌ സിനിമാ മേഖലയിലെ പ്രമുഖരെ കുടുക്കിയത്‌. ഇപ്പോഴത്തെ പ്രമുഖ ഹാസ്യതാരം ഈ പെണ്‍കുട്ടിയെ കാറില്‍വച്ച്‌ പീഡിപ്പിക്കുന്ന വീഡിയോ ചിത്രം അദ്ദേഹമറിയാതെ ആരോപകര്‍ത്തി ഇന്റര്‍നെറ്റ്‌ വഴി പ്രചരിപ്പിച്ചിരുന്നു. ഇത്‌ തന്നെ ഇയാള്‍ക്കെതിരേയുള്ള ശക്‌തമായ തെളിവാണ്‌. വിതുര കേസില്‍ ഒരു ഹാസ്യതാരം കുടുങ്ങിയതിനുശേഷം അതേപോലൊരു ഹാസ്യതാരം വീണ്ടും കുടുങ്ങുന്നത്‌ സിനിമാ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്‌. അന്വേഷണം കാര്യക്ഷമമായി നീളുകയാണെങ്കില്‍ മലയാള സിനിമയിലെ പ്രശസ്‌തരടക്കം ഇനിയും ഏറെ പേര്‍ കുടുങ്ങുമെന്നാണ്‌ അറിയുന്നത്‌. നേരെത്ത അറസ്‌റ്റിലായ പെണ്‍കുട്ടിയുടെ പിതാവും പറവൂര്‍ കിഴക്കേപ്രം വാണിയക്കാട്‌ ചൗക്കപ്പറമ്പില്‍ സുധീറി (39)ന്റെ റിമാന്റ്‌ കാലാവധി കോടതി വീണ്ടും നീട്ടി.

പീഡനത്തിനിരയായ പ്ലസ്‌ടു കാരിയായ കുട്ടിയുടെ പിതാവ്‌ സുധീര്‍ തുടക്കത്തില്‍ തെരുവുകച്ചവടക്കാരനായിരുന്നു. പിന്നീട്‌ സിനിമാ ഷൂട്ടിങിന്‌ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുമാരെ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരനായി മാറി. സിനിമയില്‍ മുഖം കാണിക്കാനായി അഡ്‌ജസ്‌റ്റ്മെന്റിന്‌ തയ്യാറാകുന്ന ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുമാരെ കണ്ടാണ്‌ സുധീര്‍ മകളേയും ഈ വഴി നടക്കാന്‍ പ്രേരിപ്പിച്ചത്‌. ഇതിനായി ആദ്യം കൂട്ടുകൂടിയത്‌ ബിജുവുമായിട്ടായിരുന്നു. പ്രമുഖ സംവിധായകന്റെ അസിസ്‌റ്റന്റായി പ്രവര്‍ത്തിക്കുന്ന ബിജുവിന്‌ സിനിമാ മേഖലയിലുള്ള ബന്ധം ഉപയോഗപ്പെടുത്തി കുട്ടിയെ മറ്റ്‌ പലര്‍ക്കുമായി കാഴ്‌ചവെയ്‌ക്കാമെന്നായിരുന്നു സുധീര്‍ കണക്കുകൂട്ടിയത്‌. ബിജു മൂന്നു ദിവസം പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചതോടെ കൂട്ടുകാര്‍ക്കും പെണ്‍കുട്ടിയെ കൈമാറി.

തുടര്‍ന്ന്‌ സീരിയല്‍- ആല്‍ബം മേഖലകളിലേക്കാണ്‌ സുധീര്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്‌. പെണ്‍വാണിഭത്തിന്‌ പറ്റിയ ഇടമെന്ന നിലയില്‍ ഈ മേഖലയില്‍ സുധീര്‍ പലര്‍ക്കുമായി പെണ്‍കുട്ടിയെ കാഴ്‌ചവെച്ചു. ഇതിനിടെ ഒരു സീരിയലില്‍ പെണ്‍കുട്ടിയ്‌ക്ക് മുഖം കാണിക്കാനുള്ള അവസരവും ഒത്തുവന്നു. സിനിമാ മേഖലയിലുള്ളവരേക്കാള്‍ കൂടുതലായി പെണ്‍കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചത്‌ സീരിയല്‍- ആല്‍ബം മേഖലയിലുള്ളവരാണ്‌. ഇതോടെ സാമ്പത്തികമായി സുധീര്‍ മെച്ചപ്പെട്ടു. തുടര്‍ന്നാണ്‌ ഇതൊരു വാണിജ്യപരമായ സാധ്യതയാക്കി മാറ്റാന്‍ സുധീറിന്‌ താല്‍പ്പര്യമുണ്ടായത്‌.

ഇതോടെ കൊച്ചി, ആലുവ, ഇടപ്പള്ളി, കോയമ്പത്തൂര്‍, കന്യാകുമാരി തുടങ്ങി സംസ്‌ഥാനത്തേയും തമിഴ്‌നാട്ടിലേയും ഒട്ടേറെ ഇടങ്ങളിലെ സെക്‌സ് റാക്കറ്റിന്‌ പെണ്‍കുട്ടിയെ കൈമാറി. കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍വച്ച്‌ വിദേശിയും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇവരുമായി 'ഡീല്‍' ഉറപ്പിക്കുവാന്‍ മാത്രമായി ഇയാള്‍ പെണ്‍കുട്ടിയുടെ പേരില്‍ മൊബൈല്‍ കണക്ഷനുമെടുത്തിട്ടുണ്ട്‌. കോട്ടയം സ്വദേശി ജെസിയാണ്‌ പെണ്‍കുട്ടിയെ കൂടുതലായി വില്‍പ്പന നടത്തിയത്‌. കോയമ്പത്തൂരിലെ അറിയപ്പെടുന്ന പെണ്‍വാണിഭ സംഘങ്ങള്‍ക്ക്‌ പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന പ്രധാനിയാണ്‌ ജെസി. വിറ്റുവരവിന്റെ വിഹിതം സമ്പാദിച്ച്‌ സുധീര്‍ പൊടുന്നനെ പണക്കാരനായി മാറി.

പെണ്‍വാണിഭ സംഘങ്ങള്‍ പറയുന്നിടത്ത്‌ പെണ്‍കുട്ടിയെ എത്തിച്ചുനല്‍കുകയായിരുന്നു സുധീര്‍ ചെയ്‌തിരുന്നത്‌. തുടര്‍ന്ന്‌ അവര്‍ക്ക്‌ കൈമാറും അപ്പോഴും പെണ്‍കുട്ടി പഠനം തുടരുന്നുണ്ടായിരുന്നു. പെണ്‍വാണിഭ സംഘത്തിന്റെ 'വിളി' വരുമ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ ക്ലാസില്‍നിന്ന്‌ വിളിച്ചിറക്കി റെയില്‍വേ സ്‌റ്റേഷനിലും മറ്റും എത്തിച്ചു നല്‍കാറായിരുന്നു പതിവ്‌. വിവരം മറ്റാരോടും പറയാതിരിക്കാനായി ഇയാള്‍ പെണ്‍കുട്ടിയെ ശട്ടംകെട്ടിയിരുന്നു. തുടക്കത്തില്‍ പെണ്‍കുട്ടി എതിര്‍ത്തിരുന്നെങ്കിലും പിന്നീട്‌ ഇയാളുടെ ഭീഷണിയ്‌ക്ക് വഴങ്ങി. എട്ടാംക്ലാസില്‍ പഠിക്കുന്ന ഏക സഹോദരനെ ഫാനില്‍ തലകീഴായി കെട്ടിതൂക്കിയും പാലത്തില്‍നിന്ന്‌ താഴോട്ടെറിയാന്‍ ശ്രമിച്ചും പെണ്‍കുട്ടിയെ വരുതിയില്‍ വരുത്തുകയായിരുന്നു. പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചതും പിതാവ്‌ തന്നെയാണ്‌. പിന്നീട്‌ പലര്‍ക്കുമായി കാഴ്‌ചവച്ചപ്പോള്‍ ഇതിന്റെ ഫോട്ടോ മൊബൈല്‍ കാമറയില്‍ പകര്‍ത്തി ബ്ലാക്ക്‌ മെയില്‍ചെയ്‌ത് വീണ്ടും പീഡനത്തിന്‌ വഴങ്ങാന്‍ പ്രേരിപ്പിച്ചതും സ്വന്തം പിതാവ്‌ തന്നെ. പെണ്‍കുട്ടി മാതാവിനോട്‌ എല്ലാം പറഞ്ഞിരുന്നെങ്കിലും ഭീഷണിയ്‌ക്ക് മുന്നില്‍ അവരും പരുങ്ങി. അവസാനം പെണ്‍വാണിഭ സംഘത്തിന്‌ എന്നെന്നേക്കുമായി പെണ്‍കുട്ടിയെ വില്‍പ്പന നടത്താനുള്ള നീക്കമുണ്ടായപ്പോഴാണ്‌ അവര്‍ ബന്ധുവീട്ടില്‍ അഭയം തേടിയതും പോലീസില്‍ പരാതി നല്‍കിയതും.

ഇടനിലക്കാരെകുറിച്ച്‌ പെണ്‍കുട്ടിയ്‌ക്ക് അറിയാമെങ്കിലും തന്നെ പീഡിപ്പിച്ചവരില്‍ എല്ലാവരേയും കുറിച്ച്‌ ഇവള്‍ക്ക്‌ വ്യക്‌തതയില്ല. രണ്ടു വര്‍ഷത്തിനിടെ ഇരുനൂറിലേറെ പേര്‍ പീഡിപ്പിച്ചിട്ടുണ്ടാകുമെന്നാണ്‌ കരുതുന്നത്‌. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ ഡീറ്റെയില്‍സും അന്വേഷണത്തിന്‌ നിര്‍ണായകമായി. പിതാവുതന്നെ പെണ്‍വാണിഭസംഘത്തിനു വിട്ട പെണ്‍കുട്ടിയ്‌്ക്ക്‌ തന്നെ പീഡിപ്പിച്ചവരെകുറിച്ച്‌ വിശദമായി അറിയാത്ത സാഹചര്യത്തില്‍ പ്രതികളെ നേരില്‍കണ്ടാണ്‌ തിരിച്ചറിയുന്നത്‌. ഒട്ടേറെ പ്രതികളെ പിടികൂടിയ സാഹചര്യത്തില്‍ തിരിച്ചറിയല്‍ പരേഡ്‌നടത്താനും ആലോചനയുണ്ട്‌. വാര്‍ത്ത പുറത്തുവന്നതോടെ ചിലര്‍ മുങ്ങിയിരിക്കുകയാണ്‌.

രണ്ടുമാസം മുമ്പു കോയമ്പത്തൂരിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി കൊങ്ങോര്‍പ്പിള്ളിക്കടുത്തു നീര്‍ക്കോടില്‍ താമസിക്കുന്ന മാതാവിന്റെ വീട്ടില്‍ അഭയംപ്രാപിക്കുകയും അവിടെവച്ചു സംഭവങ്ങള്‍ വെളിപ്പെടുത്തുകയുമായിരുന്നു. ഇതേത്തുടര്‍ന്ന്‌ മാതാവിന്റെ സഹോദരിയും മറ്റു ബന്ധുക്കളും ചേര്‍ന്ന്‌ സുധീറിനെതിരേ വാണിയക്കോട്‌ ജുമാമസ്‌ജിദ്‌ പള്ളി കമ്മിറ്റിക്കു പരാതിനല്‍കിയിരുന്നു. പരാതി ലഭിച്ചതോടെ പള്ളി കമ്മിറ്റി ഭാരവാഹികള്‍ സുധീറിനെ വിളിച്ചുവരുത്തി പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിക്കൊടുത്തെങ്കിലും പള്ളി കമ്മിറ്റിയെ ധിക്കരിക്കുന്ന നിലപാട്‌ സുധീര്‍ സ്വീകരിച്ചതോടെ പള്ളി കെട്ടിടത്തില്‍ ചായക്കട നടത്തിയിരുന്ന സുധീറിനെ ഇവിടെ നിന്നും ഒഴിപ്പിക്കുകയും മഹല്ലില്‍ നിന്നു പുറത്താക്കുകയും ചെയ്‌തിരുന്നു. പിന്നീട്‌ പള്ളി കമ്മിറ്റി ഭാരവാഹികളും ബന്ധുക്കളും ചേര്‍ന്ന്‌ പെണ്‍കുട്ടിയോടൊപ്പം പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ അടുത്തെത്തി പരാതി നല്‍കുകയായിരുന്നു. കേസില്‍ പല പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ വ്യക്‌തമായതോടെ ലോക്കല്‍ പോലീസ്‌ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതോടെയാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം ഏറ്റെടുത്തത്‌.

പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട്‌ ഏഴുവര്‍ഷം മുമ്പു സുധീറിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. സുധീറിന്റെ പ്രവൃത്തികളെ ഭാര്യ സുബൈദ ആദ്യഘട്ടത്തില്‍ ശക്‌തമായി എതിര്‍ത്തെങ്കിലും മര്‍ദനം ഭയന്നു പിന്നീടു പിന്മാറുകയായിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയും എതിര്‍പ്പു പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ മകളെ ക്രൂരമായി മര്‍ദിക്കുകയും പതിവായി. ഇതിനുശേഷമാണ്‌ കോട്ടയം സ്വദേശി ജെസിയെന്ന സ്‌ത്രീ വഴി മകളെ കോയമ്പത്തൂരിലുള്ള പെണ്‍വാണിഭ കേന്ദ്രത്തില്‍ എത്തിച്ചത്‌. ഇടനിലക്കാരിയായിരുന്ന ജെസി നേരത്തെതന്നെ അറസ്‌റ്റിലായിരുന്നു. കേസില്‍ അറസ്‌റ്റിലാകുമെന്നു സൂചനയുള്ളതിനാല്‍ ചിലര്‍ കേരളം വിട്ടതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌.

അതേസമയം കൂടുതല്‍ ഉദ്യോഗസ്‌ഥരെ ഉള്‍പ്പെടുത്തി ക്രൈംബാഞ്ച്‌ അന്വേഷണ സംഘം വിപുലീകരിച്ചു. 2സി.ഐ മാരും എസ്‌.ഐമാരും ഉള്‍പ്പെടടെ 20 ഉദ്യോഗസഥരെകൂടിയാണ്‌ ഉള്‍പ്പെടുത്തിയത്‌. കേസില്‍ 200 ഓളം പേര്‍ പ്രതിസ്‌ഥാനത്തുള്ള സാഹചര്യത്തിലാണ്‌ വിപുലീകരണം. ക്രൈംബ്രാഞ്ച്‌ എസ്‌.പി എസ്‌ സുരേന്ദ്രന്റെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്‌.പി ബിജോ അല്‌കസാണ്ടറാണ്‌ അന്വേഷണത്തിന്റെ ചുമതല. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും വിശദമായി രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്‌. ജുവനൈല്‍ ഹോമില്‍ താമസിപ്പിച്ച പെണ്‍കുട്ടിയെ ഇന്നലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ലോക്കല്‍ പോലീസ്‌ രേഖപ്പെടുത്തിയ മൊഴി പൂര്‍ണമല്ലെന്നാണ്‌ ക്രൈംബ്രാഞ്ച്‌ വിലയിരുത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി പോലീസ്‌ ഇടയ്‌്ക്കിടെ പെണ്‍കുട്ടിയില്‍നിന്ന്‌ വിശദീകരണം തേടുന്നുണ്ട്‌. ഇന്നോ നാളെയോ പെണ്‍കുട്ടയില്‍നിന്ന്‌ വിശദമായി മൊഴിയെടുക്കുമെന്നാണ്‌ സൂചന. തമിഴ്‌നാട്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട ചില പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ്‌ ക്രൈംബ്രാഞ്ച്‌. 

അന്വേഷണം, പ്രതികരണം- സി പി എം മോഡല്‍

പഴയ സഖാവായ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞതു തന്നെയാണ് ശരി. എങ്ങനെ രമേശന്റെ പേരില്‍ മാത്രം നടപടിയെടുക്കും? പിണറായി വിജയന്‍ തൊട്ട് താഴോട്ടുള്ളവരുടെ സ്വത്തു വിവരങ്ങള്‍ ഈ പാര്‍ട്ടി അന്വേഷിച്ചിട്ടുണ്ടോ? ഇവര്‍ക്കുള്ള ബിനാമി ഇടപാടുകള്‍ അന്വേഷിച്ചിട്ടുണ്ടോ?  ഇല്ല എന്ന ഉത്തരം മാത്രമേ നല്‍കാനുള്ളൂ. അപ്പോള്‍ പിന്നെ രമേശന്‍ എങ്ങനെ കുറ്റക്കാരനാകും?

ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറര്‍ വി വി രമേശന്റെ സ്വത്തു വിവരങ്ങള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണകമ്മീഷനെ നിശ്ചയിച്ചു. മഞ്ചേശ്വരത്തെ മുന്‍ എം എല്‍ എ അഡ്വ. സി എച്ച് കുഞ്ഞമ്പുവാണത്രെ അന്വേഷണ കമ്മീഷന്റെ ചെയര്‍മാന്‍. സി പി എം  എന്ന പാര്‍ട്ടി അവരുടെ പ്രവര്‍ത്തകരെ ഇതിലുമപ്പുറം വിഡ്ഢികളാക്കാനില്ല. രമേശനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് വീമ്പു പറഞ്ഞവര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. പ്രകടനം നടത്താനും, കൊടികെട്ടി അധികാരം സ്ഥാപിക്കാനും ചെന്ന വി എസ് പക്ഷക്കാരുടെ പൊടിപോലും കാണാനില്ല.ഇനി കാര്യത്തിലേക്ക് കടക്കാം. രമേശന്റെ സ്വത്തു വിവരങ്ങളും മാഫിയാബന്ധവും അന്വേഷിക്കാന്‍ നിയുക്തനായ അഡ്വ.സി എച്ച് കുഞ്ഞമ്പുവിനെതിരെ പാര്‍ട്ടിക്കകത്ത് ഇതിലും വലിയ ആരോപണങ്ങള്‍ ഉയര്‍ന്നതാണ്. കുഞ്ഞമ്പുവിന്റെ ഇടപാടുകള്‍ അന്വേഷിക്കണമെന്ന് പറഞ്ഞ ഒരു സഖാവിനെ പാര്‍ട്ടിയില്‍ നിന്ന് കഴുത്തിന് പിടിച്ച് തള്ളിയിട്ട് അധികനാളായില്ല. മഞ്ചേശ്വരത്ത് കുഞ്ഞമ്പു മല്‍സരിച്ചപ്പോഴൊക്കെ പ്രചരണകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് രമേശനായിരുന്നു. ഇടപാടുകളെല്ലാം നടന്നതും രമേശന്‍ വഴി തന്നെ. കുഞ്ഞമ്പുവിന്റെ സകലമാന രഹസ്യങ്ങളും അറിയുന്ന രമേശനെതിരെ എന്തു റിപ്പോര്‍ട്ടാകും കുഞ്ഞമ്പു തയ്യാറാക്കുക?
 
അന്വേഷണ കമ്മീഷനിലെ ഇതര രണ്ടംഗങ്ങള്‍ മഹാസാത്വികര്‍, ടി വി ഗോവിന്ദനെന്ന പ്രായം ചെന്ന നേതാവും, ദിവാകരനെന്ന ഡി വൈ എഫ് ഐ മുന്‍ ജില്ലാ നേതാവും അനുസരണയുള്ള കുഞ്ഞാടുകള്‍. കുഞ്ഞമ്പു തീരുമാനിക്കുന്നത് നടക്കും. രമേശന് ''ക്ലീന്‍ ചിറ്റ്''ലഭിക്കുകയും ചെയ്യും. രമേശനെതിരെ വലിയ ശിക്ഷാ നടപടിയൊന്നും പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി അത്രമാത്രം. ഇതൊരു തരം താഴ്ത്തലേ അല്ലെന്ന് പാര്‍ട്ടി സഖാക്കള്‍ക്ക് നന്നായിട്ടറിയാം. കാരണം ഏരിയയില്‍ പിടിച്ചു നിന്നാല്‍ ജില്ലയിലേക്ക് വീണ്ടും കയറുക വലിയ പ്രയാസമുള്ള കാര്യമല്ല. പ്രത്യേകിച്ച് രമേശനെ പോലെ 'കഴിവും' സംഘടനാപാടവവുമുള്ള ഒരാള്‍ക്ക് പഴയ സഖാവായ എ പി അബ്ദുള്ളക്കുട്ടി പറഞ്ഞതു തന്നെയാണ് ശരി. എങ്ങനെ രമേശന്റെ പേരില്‍ മാത്രം നടപടിയെടുക്കും? പിണറായി വിജയന്‍ തൊട്ട് താഴോട്ടുള്ളവരുടെ സ്വത്തു വിവരങ്ങള്‍ ഈ പാര്‍ട്ടി അന്വേഷിച്ചിട്ടുണ്ടോ? ഇവര്‍ക്കുള്ള ബിനാമി ഇടപാടുകള്‍ അന്വേഷിച്ചിട്ടുണ്ടോ?  ഇല്ല എന്ന ഉത്തരം മാത്രമേ നല്‍കാനുള്ളൂ. അപ്പോള്‍ പിന്നെ രമേശന്‍ എങ്ങനെ കുറ്റക്കാരനാകും? പിന്നെ ഡി വൈ എഫ് ഐ യില്‍ നിന്ന് പുറത്താക്കുന്ന കാര്യം. പ്രായപരിധിയാണ് പ്രശ്‌നമെങ്കില്‍ രമേശന്‍ മാത്രമല്ലല്ലോ ഈ സംഘടനയില്‍ 'തല നരച്ച ഭാരവാഹി'യായി ഉള്ളത്. അരഡസന്‍  പേരെയെങ്കിലും ഭാരവാഹിസ്ഥാനത്തു നിന്ന് മാറ്റേണ്ടിവരില്ലേ?
 
എസ് എഫ് ഐയില്‍ ഒരുപാട് പ്രക്ഷോഭ സമരങ്ങളില്‍ പങ്കെടുത്ത് പൊലീസിന്റെ മര്‍ദ്ദനങ്ങള്‍ വരെ നേരിട്ട കോഴിക്കോട്ടെ വനിതാ സഖാവടക്കം പലരെയും ഡിവൈഎഫ്‌ഐ ഭാരവാഹിത്വത്തില്‍ നിന്ന് നിഷ്‌കാസിതരാക്കിയാണ് 'മൂപ്പന്‍മാര്‍' സംഘടനയെ നയിക്കുന്നത്. സംഘടന ചലിക്കാന്‍ പണം വേണം. നാല് കാശ് പിരിച്ചെടുക്കാന്‍ കഴിവില്ലാത്തവര്‍ ആദര്‍ശം പ്രസംഗിച്ചാല്‍ അവരായിരിക്കും സംഘടനയ്ക്ക് പുറത്താവുകയെന്ന് തെളിയിച്ച പ്രസ്ഥാനമാണ് ഡി വൈ എഫ് ഐ എന്ന് കൂടി അറിഞ്ഞാലും.
 
**       **       **
പാര്‍ട്ടി അന്വേഷണത്തിന്റെ കാര്യം പോട്ടെ. ഇനി പറയാന്‍ പോകുന്നത് പാര്‍ട്ടിയുടെ പ്രതികരണം സംബന്ധിച്ചാണ്. കേന്ദ്രമാകട്ടെ, കേരളമാകട്ടെ ശക്തമായി പ്രതിഷേധക്കുറിപ്പിറക്കി പ്രതികരിക്കാന്‍ കാത്തുനില്‍ക്കുകയാണ് കണ്ണൂരിലെ സി പി എം നേതാക്കള്‍. യശ്വന്ത്പൂരില്‍ നിന്ന് മംഗലാപുരം വഴി കണ്ണൂരിലേക്കുള്ള ട്രെയിന്‍ ഇനി കണ്ണൂരിലേക്കില്ലെന്നും കാര്‍വാറിലേക്ക് നീട്ടിയെന്നും ചില പത്രങ്ങളില്‍ വാര്‍ത്ത വന്നു. പുറമെ പത്രങ്ങള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കാറുണ്ടെങ്കിലും പത്രവാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാതെ സി പി എം പ്രതികരിച്ചു. കേരളത്തിലെ എം പിമാരുടെ കഴിവുകേടൊക്കെയായി ഇതിനെ വ്യാഖ്യാനിച്ചു. കേരളത്തോടുള്ള റെയില്‍വെയുടെ ക്രൂരമായ അവഗണനയാണിതെന്ന് പറഞ്ഞ് വിലപിച്ചു. നീണ്ട പത്രക്കുറിപ്പിറപ്പിറക്കി.
യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പറഞ്ഞത് യശ്വന്ത്പൂര്‍-മംഗലാപുരം പകല്‍ ട്രെയിന്‍ കാര്‍വാറിലേക്ക് നീട്ടുന്ന കാര്യമാണ്. കാര്യം കൂടുതലന്വേഷിക്കാതെ ചില പത്രങ്ങള്‍ കേരളത്തിലേക്കുള്ള ട്രെയിനാണ് റദ്ദാക്കുന്നതെന്ന് എഴുതിപിടിപ്പിച്ചു. 'പത്രങ്ങള്‍ പറയുന്നതൊന്നും വിശ്വസിക്കാത്ത' സി പി എം നേതാക്കള്‍ ഇതപ്പടി വിഴുങ്ങി പ്രതികരിക്കുകയും ചെയ്തു. കഷ്ടം, കണ്ണൂരിലെ നേതാക്കള്‍ക്ക് കാസര്‍ഗോട്ടെ  എം പി പി കരുണാകരനെയെങ്കിലും ഒന്ന് 'കണ്‍സല്‍ട്ട്'ചെയ്യാമായിരുന്നു.

സ്വാശ്രയ സമരം; കുട്ടിക്കുരങ്ങന്മാര്‍ എന്തറിഞ്ഞു

സി.പി.എം സംസ്ഥാന നേതാക്കള്‍ മക്കളെ വിദേശത്തു പഠിപ്പിക്കുകയും രണ്ടാംനിര നേതാക്കള്‍ സ്വാശ്രയ കോളേജുകളില്‍ ലക്ഷങ്ങള്‍ നല്‍കി മക്കള്‍ക്ക് സീറ്റ് തരപ്പെടുത്തുകയും ചെയ്യുന്നു. സര്‍ക്കാര്‍ കോളേജുകളില്‍ പഠിക്കുന്ന പാവപ്പെട്ടവന്റെ കുട്ടികളെ തെരുവിലിറക്കി സമരാഭാസം നടത്തുന്നു. നേതാക്കളുടെ ആജ്ഞകള്‍ക്കു മുന്നില്‍ വിനീത വിധേയരാകുമ്പോള്‍ തങ്ങളുടെ ഭാവിയും കുടുംബത്തിന്റെ സ്വപ്നവും പന്താടുകയാണെന്ന യാഥാര്‍ത്ഥ്യം സമരത്തിനിറങ്ങുന്ന വിദ്യാര്‍ഥികള്‍ തിരിച്ചറിയുന്നില്ല.

കഴിഞ്ഞ അഞ്ചുവര്‍ഷം വിദ്യാഭ്യാസരംഗം ഭരിച്ചു മുടിച്ച ഇടതുമുന്നണിയും സി.പി.എമ്മും ഒരു മാസം മാത്രം പിന്നിട്ട ഒരു സര്‍ക്കാരിനെതിരെ വിദ്യാര്‍ഥികളെ തെരുവിലിറക്കി നടത്തുന്ന സമരാഭാസം കേരളം തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയും. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന നിയമസഭാ മാര്‍ച്ചില്‍ അരങ്ങേറിയത് തെരുവുഗുണ്ടകളെ പോലും നാണിപ്പിക്കുന്ന ആക്രമണങ്ങളാണ്. എക്കാലത്തും വിദ്യാര്‍ഥികളെ ആയുധമാക്കി സ്വീകരിച്ചിട്ടുള്ള ഈ വിലകുറഞ്ഞ തന്ത്രം ഇനി കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വിലപോകില്ലെന്ന് സി.പി.എം തിരിച്ചറിയണം. സി.പി.എം സംസ്ഥാന നേതാക്കള്‍ മക്കളെ വിദേശത്തു പഠിപ്പിക്കുകയും രണ്ടാംനിര നേതാക്കള്‍ സ്വാശ്രയ കോളേജുകളില്‍ ലക്ഷങ്ങള്‍ നല്‍കി മക്കള്‍ക്ക് സീറ്റ് തരപ്പെടുത്തുകയും ചെയ്യുന്നു. സര്‍ക്കാര്‍ കോളേജുകളില്‍ പഠിക്കുന്ന പാവപ്പെട്ടവന്റെ കുട്ടികളെ തെരുവിലിറക്കി സമരാഭാസം നടത്തുന്നു. നേതാക്കളുടെ ആജ്ഞകള്‍ക്കു മുന്നില്‍ വിനീത വിധേയരാകുമ്പോള്‍ തങ്ങളുടെ ഭാവിയും കുടുംബത്തിന്റെ സ്വപ്നവും പന്താടുകയാണെന്ന യാഥാര്‍ത്ഥ്യം സമരത്തിനിറങ്ങുന്ന വിദ്യാര്‍ഥികള്‍ തിരിച്ചറിയുന്നില്ല.
 
സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെയാണ് സമരമെങ്കില്‍, ആദ്യം അടിച്ചു തകര്‍ക്കേണ്ടത് പരിയാരം മെഡിക്കല്‍ കോളേജ് അല്ലേ? കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ ആരംഭിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനം എടുത്തപ്പോള്‍ അതിനെതിരെ നടത്തിയ അക്രമസമരത്തില്‍ കൂത്തുപറമ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അവരുടെ സ്മരണയോടു നീതി പുലര്‍ത്താന്‍ സി.പി.എമ്മിന് കഴിയാതെ പോയത് എത്ര ദയനീയമാണ്. രക്തസാക്ഷികളുടെ ഫോട്ടോകള്‍ക്ക് മുന്നില്‍ നിര്‍ത്തി പാവപ്പെട്ട സഖാക്കളെ കൊണ്ട് സിന്ദാബാദ് വിളിപ്പിക്കുമ്പോള്‍ നേതാക്കള്‍ മക്കളെ പഠിപ്പിക്കാന്‍ സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റോ അന്‍പതും അറുപതും ലക്ഷം രൂപ മുടക്കി എന്‍.ആര്‍.ഐ സീറ്റോ തരപ്പെടുത്തുകയായിരുന്നു. സി.പി.എം ഭരിക്കുന്ന പരിയാരം മെഡിക്കല്‍ കോളേജിലാണ് ഈ അപഹാസ്യ  സംഭവം നടന്നത്.
 
അധികാരം നഷ്ടപ്പെട്ടതിന്റെ മോഹഭംഗമാണ് സി.പി.എമ്മില്‍ നിന്ന് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ജനഹിതാനുസരണം അധികാരത്തില്‍ വന്ന യു.ഡി.എഫ് സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കാതെ സി.പി.എം നടത്തുന്ന പരാക്രമം പ്രബുദ്ധരായ കേരളം തിരിച്ചറിയും.രണ്ട് സ്വാശ്രയ കോളേജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന എ.കെ.ആന്റണിയുടെ നയത്തിനെതിരെ സമരം ചെയ്ത് സാമൂഹിക നീതിയെ അട്ടിമറിച്ചു. 50: 50 എന്ന അനുപാതത്തില്‍ സ്വാശ്രയ മാനേജുമെന്റുകളുമായി കരാര്‍ ഒപ്പിടാന്‍ അനുവദിക്കാതെ ഇടതുസര്‍ക്കാര്‍ സ്വാശ്രയ കോളേജുകള്‍ അനുവദിച്ചു. സ്വാശ്രയ മേഖല ഇത്രയേറെ കലുഷിതമായ സാഹചര്യത്തില്‍ സമൂലമായ ഒരു പൊളിച്ചെഴുത്താണ് അനിവാര്യമായിരിക്കുന്നത്. സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന രീതിയില്‍ കയറൂരിവിടാന്‍ സ്വകാര്യ മാനേജുമെന്റുകളെ അനുവദിക്കാന്‍ പാടില്ല. അതുകൊണ്ട് അടുത്ത അധ്യയനവര്‍ഷം തുടങ്ങുന്നതിനു മുന്‍പെങ്കിലും വ്യക്തമായൊരു സ്വാശ്രയ നയം രൂപീകരിക്കാന്‍ സര്‍ക്കാരിന് കഴിയണം. നിയമനിര്‍മ്മാണം ആവശ്യമാണെങ്കില്‍ അതിനും മടിക്കരുത്.   

Wednesday, June 29, 2011

കേരളം സംഘര്‍ഷഭൂമിയാക്കാന്‍ സിപിഎം അജണ്ട


 സ്വാശ്രയ കോളജ് പ്രശ്‌നത്തിന്റെ പേരില്‍ എസ്.എഫ്.ഐയെ തെരുവിലിറക്കി കേരളത്തെ സംഘര്‍ഷഭൂമിയാക്കുന്നതിനു പിന്നില്‍ സി.പി.എം നേതൃത്വത്തിന് ഹിഡന്‍ അജണ്ടയെന്ന് സൂചന. പ്രമാദമായ പറവൂര്‍ പെണ്‍വാണിഭം അടക്കം
ഒട്ടേറെ പീഡനക്കേസുകളിലും മണിചെയിന്‍, മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിംഗ്, ഫ്‌ളാറ്റ് തട്ടിപ്പ് കേസുകളിലും അന്വേഷണം ത്വരിതപ്പെടുത്തുകയും വമ്പന്‍മാര്‍ പലരും വലയിലാകുകയും മൂന്നാര്‍ കൈയ്യേറ്റമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിദ്രുതം നടപടികളെടുക്കുകയും ചെയ്യുന്നതിനിടയില്‍ പൊടുന്നനെ അകാരണമായി എസ്.എഫ്.ഐ. സമരരംഗത്തിറങ്ങിയതാണ് ഇത്തരമൊരു ഹിഡന്‍ അജണ്ടയിലേക്ക് വിരല്‍ ചൂണ്ടുന്നത്. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ് ഒരുമാസത്തിനുള്ളില്‍ തന്നെ ഒട്ടേറെ വിവാദങ്ങളില്‍ പ്രതിക്കൂട്ടിലായ സി.പി.എം നേതൃത്വം മുഖം രക്ഷിക്കാനും വിവാദങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനും സമരങ്ങളെ മറയാക്കുകയാണ്. എസ്.എഫ്.ഐ. ഇതിനകം നടത്തിയ സമരമുഖങ്ങളിലെല്ലാം അരങ്ങേറിയ അക്രമം കരുതിക്കൂട്ടി നടത്തിയ തിരക്കഥയനുസരിച്ചാണെന്നും പോലീസിനും വഴിയാത്രക്കാര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടതിനു പിന്നില്‍ ആസൂത്രിതമായ ഗൂഡാലോചന നടന്നതായുമാണ് സൂചന. സമരമുഖങ്ങളിലെല്ലാം പരമാവധി സംയമനം പാലിച്ച പോലീസിനെ സമരക്കാര്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ച് പ്രകോപിപ്പിക്കുകയും കരുതിക്കൂട്ടി അക്രമത്തിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ദിവസങ്ങളായി തുടരുന്ന അക്രമസമരം കുട്ടിസഖാക്കളെ ഉപയോഗിച്ച് സി.പി.എം. നടത്തുന്ന ആസൂത്രിത നാടകമാണെന്നാണ് വിലയിരുത്തല്‍. ഇടത് അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥര്‍ പല ജില്ലകളിലും ഇതിനോടകം യോഗം ചേര്‍ന്നതും കൂട്ടിവായിക്കേണ്ടതുണ്ട്.
 
പോലീസ് സേനയിലെ ക്രിമനലുകളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയും വിവിധ തട്ടിപ്പുകേസുകളുടെയും പെണ്‍വാണിഭ കേസുകളുടെയും അന്വേഷണം വമ്പന്‍മാരിലേക്ക് നീളുകയും ചെയ്യുന്നതിനിടയിലാണ് പൊടുന്നനെ എസ്.എഫ്.ഐ. അക്രമസമരത്തിന് ഇറങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. ഏതുവിധേനയും സമരം രക്തരൂക്ഷിതമാക്കണമെന്നതായിരുന്നു സമരങ്ങളുടെയെല്ലാം പൊതുസ്വഭാവമെന്നതും ഇതിനകം വ്യക്തമായിട്ടുണ്ട്. പോലീസിനെ ആക്രമിക്കുന്നതിനൊപ്പം വഴിയാത്രക്കാരെയും സര്‍ക്കാര്‍ വാഹനങ്ങളെയും അക്രമികള്‍ വെറുതെവിട്ടില്ല. സമരമുഖങ്ങളിലെല്ലാം പാര്‍ട്ടി ചാനലിന്റെ ഒ.ബി വാന്റെ സാന്നിധ്യം അക്രമം ആസൂത്രികമാണെന്ന് പകല്‍പോലെ വ്യക്തമാക്കുന്നുണ്ട്.കോട്ടയത്ത് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിന് മുന്നോടിയായി മറ്റ് യാതൊരു ആവശ്യവുമില്ലാതിരുന്നിട്ടും പാര്‍ട്ടി ചാനലിന്റെ ഒ.ബി. വാന്‍ എറണാകുളത്തുനിന്നും മുന്‍കൂട്ടി കോട്ടയത്ത് എത്തി കാത്തുകിടക്കുകയായിരുന്നു. സമരം കൊഴുപ്പിക്കാന്‍ പോലീസുകാരില്‍ ചിലരും വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നതായി ആരോപണമുണ്ട്.
 
സ്വാശ്രയ പ്രശ്‌നത്തില്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖല താറുമാറായ കഴിഞ്ഞ അഞ്ചുവര്‍ഷവും പ്രതിഷേധത്തിന്റെയോ പ്രതികരണത്തിന്റെയോ ചെറുവിരല്‍ അനക്കാതിരുന്ന എസ്.എഫ്.ഐ. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ സമരത്തിനിറങ്ങിയതിലാണ് ദുരൂഹത. അക്രമത്തില്‍ കലാശിക്കണമെന്ന ഹിഡന്‍ അജണ്ട ഇതുവരെയുള്ള ഓരോ സമരത്തിലും വ്യക്തമാകുകയും ചെയ്തതോടെയാണ് അക്രമസമരം ആസൂത്രിതമാണെന്ന ആരോപണം ബലപ്പെട്ടത്.
സ്വാശ്രയ കോളജ് വിഷയത്തില്‍ മകള്‍ക്ക് ലക്ഷങ്ങളുടെ എന്‍.ആര്‍.ഐ. സീറ്റ് തരപ്പെടുത്തിയ ഡി.വൈ.എഫ്.ഐ. നേതാവ് രമേശന്റെയും മുന്‍ എം.എല്‍.എ. വി.എന്‍. വാസവന്റെയും നടപടി പാര്‍ട്ടിക്കുണ്ടാക്കിയ അവമതിപ്പ് ചില്ലറയായിരുന്നില്ല. പെണ്‍വാണിഭ കേസുകളിലടക്കം നേതാക്കളുടെ പങ്കാളിത്തം ഓരോ ദിവസവും പുറത്തുവരുന്നതും സി.പി.എമ്മിനെ ജനമധ്യത്തില്‍ അപഹാസ്യരാക്കിയിരുന്നു. ഒപ്പം സര്‍ക്കാരിന്റെ ജനോപകാരപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനം ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തതോടെ നിലനില്‍പ്പിന് വഴിതേടേണ്ട ഗതികേടിലായിരുന്നു പാര്‍ട്ടി നേതൃത്വം. പോലീസ് സേനയുടെ മുഴുവന്‍ ശ്രദ്ധയും അക്രമങ്ങളിലേക്ക് തിരിയുന്നതിനിടയില്‍ അന്വേഷണം മരവിക്കുകയും മുഴുവന്‍ ജനശ്രദ്ധയും അക്രമസമരത്തിലൊതുങ്ങുകയും ചെയ്യുമെന്ന ലക്ഷ്യത്തിലാണ് ഇത്തരമൊരു സമരപാതയൊരുക്കിയതെന്നാണ് സൂചന.  ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത് തെരുവിലിറങ്ങാന്‍ എസ്.എഫ്.ഐയ്ക്ക് അങ്ങിനെയാണ് അവസരമൊരുങ്ങിയതത്രേ. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയമലക്കം മറിച്ചില്‍ നടത്തി  ജനജീവിതം ദിവസങ്ങളോളം ദുരിതത്തിലാക്കിയ സമരത്തിന് എസ്.എഫ്.ഐ വലിയ വില നല്‍കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Monday, June 27, 2011

വൈദ്യുതി വികസനം; കേരളത്തിന് 478 കോടിയുടെ കേന്ദ്രസഹായം


 സംസ്ഥാനത്തെ വൈദ്യുതി മേഖലയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ 478 കോടി രൂപയുടെ സഹായം നല്‍കും. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ ഇന്നലെ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി
കെ.സി വേണുഗോപാല്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. റീസ്ട്രക്‌ച്ചേര്‍ഡ് ആക്‌സിലറേറ്റഡ് പവര്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് റീഫോംസ് പ്രോഗ്രാമിനു (ആര്‍.എ.പി.ഡി.ആര്‍.പി) കീഴില്‍ കോഴിക്കോട്, കൊച്ചി നഗരങ്ങള്‍ക്ക് 369 കോടി ലഭിക്കും. രാജീവ്ഗാന്ധി ഗ്രാമീണ്‍ വിദ്യുത് കരണ്‍ യോജന (ആര്‍.ജി.ജി.വി.വൈ) പദ്ധതി നടപ്പാക്കാന്‍ ബാക്കിയുള്ള ഏഴു ജില്ലകളിലേക്കു 90കോടി രൂപ അനുവദിച്ചു. തിരുവന്തപുരത്ത് സൂപ്പര്‍വൈസറി കണ്‍ട്രോള്‍ ആന്‍ഡ് ഡാറ്റ അക്വിസിഷന്‍ പദ്ധതി നടപ്പാക്കുന്നതിന് 29 കോടി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എ.പി.ഡി.ആര്‍.പി സഹായം രണ്ടു ഘട്ടങ്ങളായാണ് അനുവദിക്കുന്നത്. വൈദ്യുതി മേഖലയിലെ ഐ.ടി അനുബന്ധ സേവനങ്ങളുടെ വികസനം പാര്‍ട്ട് എയിലും അടിസ്ഥാന സൗകര്യ വികസനം പാര്‍ട്ട് ബിയിലും ഉള്‍പ്പെടുന്നു. പാര്‍ട്ട് എയില്‍ കേരളത്തിലെ 43 പട്ടണങ്ങള്‍ക്കായി 214 കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ 42 പട്ടണങ്ങള്‍ക്ക് പാര്‍ട്ട് ബി സഹായമായി 872 കോടി അനുവദിച്ചു. അതിനു പുറമെയാണ് കോഴിക്കോട്, കൊച്ചി നഗരങ്ങള്‍ക്കു പാര്‍ട്ട് ബി സഹായമായി 369 കോടി ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരത്തിന്റെ പദ്ധതിക്കുള്ള പാര്‍ട്ട് ബി സര്‍വെ നവംബറിനകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വേണുഗോപാല്‍ അറിയിച്ചു.
 
പാര്‍ട്ട് എ പദ്ധതി നടപ്പാക്കാന്‍ മൂന്നുവര്‍ഷവും പാര്‍ട്ട് ബിക്ക് അഞ്ചുവര്‍ഷവുമാണ് കാലാവധി. ഇതിനകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സഹായം വായ്പയായി രൂപാന്തരം പ്രാപിക്കും. കൊറിയന്‍ കരാര്‍ വിവാദവുമായി ബന്ധപ്പെട്ട് ആര്‍.എ.പി.ഡി.ആര്‍.പി പാര്‍ട്ട് എ ഇപ്പോള്‍ കോടതി വ്യവഹാരത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഇതു സര്‍ക്കാരിന്റെയോ ബോര്‍ഡിന്റെയോ കുഴപ്പം കൊണ്ടല്ല. അതിനാല്‍ സംസ്ഥാനം അപേക്ഷിക്കുകയാണെങ്കില്‍ പദ്ധതി കാലാവധി നീട്ടുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നു കേന്ദ്രമന്ത്രി പറഞ്ഞു. ആര്‍.ജി.ജി.വി.വൈ പദ്ധതി പ്രകാരം കാസര്‍ഗോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകള്‍ക്കു നേരത്തെ 135 കോടി രൂപ നല്‍കിയിരുന്നു. തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്കാണ് ഇപ്പോഴത്തെ 90 കോടി ലഭിക്കുക. മൂന്നു മാസത്തിനകം പ്രൊജക്ട് റിപ്പോര്‍ട്ട് നല്‍കി ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു സംസ്ഥാനത്തിന് അനുമതി നല്‍കിയതായി വേണുഗോപാല്‍ അറിയിച്ചു.

Friday, June 24, 2011

സി.പി.എമ്മില്‍ തിളയ്ക്കുന്ന വര്‍ഗ്ഗ വൈരുദ്ധ്യങ്ങള്‍


പരിയാരം സ്വാശ്രയകോളേജില്‍ സി പി എം ഭരണസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസകച്ചവടവും ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ വിവി രമേശന്റെ മകളുടെ എന്‍ ആര്‍ ഐ ക്വാട്ട അഡ്മിഷന്‍ പ്രശ്‌നം സൃഷ്ടിച്ച വിവാദവും സി പി എം എന്ന രാഷ്ട്രീയപാര്‍ട്ടിക്കകത്ത് ഉണ്ടാക്കിയ മുറിവ് ഉടനെയൊന്നും ഉണങ്ങുമെന്ന് തോന്നുന്നില്ല.
പാര്‍ട്ടി നിലപാടുകളില്‍ വന്ന മാറ്റങ്ങളിലെ വൈരുധ്യവും നേതൃത്വത്തിന് സംഭവിക്കുന്ന അപചയവുമൊക്കെ കഴിഞ്ഞ ദിവസങ്ങളിലെല്ലാം സജീവ ചര്‍ച്ചാവിഷയമായിരുന്നു. വിദ്യാഭ്യാസകച്ചവടത്തിനെതിരെ ശക്തമായ സമരം നയിച്ച ഒരു പ്രസ്ഥാനത്തിന് സംഭവിച്ച് നിലപാടുമാറ്റമാണ് ഇവിടെ പ്രധാനം. കൂത്തുപറമ്പില്‍ അന്ന് മന്ത്രിയായിരുന്ന എംവി രാഘവനെ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ച് യുവാക്കളെയാണ് ഡി വൈ എഫ് ഐ പ്രസ്ഥാനത്തിന് നഷ്ടപ്പെട്ടത്. ഇന്നും ഞാനോര്‍ക്കുകയാണ്, ആ ദിവസം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ നേതാക്കളുയര്‍ത്തിവിട്ട ആവേശത്തെ കുറിച്ച്. സ്വാശ്രയസ്ഥാപനങ്ങള്‍ വരുന്നത് ഏത് വിധേനയും തടയാന്‍ എന്തക്രമവും നടത്താമെന്ന സന്ദേശമാണ് എം വി ജയരാജനടക്കമുള്ള നേതാക്കള്‍ നല്‍കിയത്. ഭ്രാന്തമായ ആവേശവുമായി മന്ത്രിയെ തടയാന്‍ ചെന്ന് കൂത്തുപറമ്പിനെ കലാപഭൂമിയാക്കി രാജീവന്‍, മധു, ഷിബുലാല്‍, റോഷന്‍, ബാബു എന്നിവരുടെ ജീവന്‍ കുരുതി കൊടുക്കേണ്ടി വന്ന പോരാട്ടം. 
ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വിലയിരുത്തി പൊതുവെ മാധ്യമങ്ങളും വിമര്‍ശകരും പറഞ്ഞതിന്റെ പൊരുള്‍ പരിശോധിച്ചാല്‍ അവസാനമെത്തുക ഈ പ്രശ്‌നത്തില്‍ സി പി എമ്മിന് കൂത്തുപറമ്പ് രക്തസാക്ഷികളുടെ ആത്മാവിന്റെ ശാപം കിട്ടും എന്ന രീതിയിലാണ്. വെടിയേറ്റ് ശരീരത്തിന്റെ ചലനമറ്റ് കിടക്കുന്ന പുഷ്പനെ പോലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുടേയും, പാവപ്പെട്ട രക്തസാക്ഷികുടുംബങ്ങളുടേയും ശാപാഗ്നിയില്‍ സി പി എം ചാമ്പലാകും എന്നൊക്കെയാണ് വിലയിരുത്തല്‍. എന്നാല്‍ അതിനെക്കാള്‍ വലിയ ഒരു പ്രതിസന്ധി സി പി എമ്മിനകത്ത് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ മനസിലാവുക. കേരളം പോലെ മധ്യവര്‍ഗവിഭാഗത്തിന് സ്വാധീനമുള്ള ഒരു സമൂഹത്തിന്റെ പ്രശ്‌നങ്ങളാണ് സിപിഎം ഇനി നേരിടാന്‍ പോകുന്നത്.
 
സി പി എമ്മിനകത്ത് ഒരു 'ന്യൂ ക്ലാസ്' രൂപപ്പെട്ടിട്ടുണ്ട്. ആ ക്ലാസില്‍ ഉള്‍പ്പെടുന്ന പാര്‍ട്ടി അംഗങ്ങളില്‍ പൊതുവിലും, പ്രത്യേകിച്ച്  അവരുടെ വളര്‍ന്നുവരുന്ന മക്കളിലും ഒരു ചിന്ത നുരഞ്ഞ് പൊന്തി വരുന്നുണ്ട്. അഛന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഒഴിവാക്കുന്നില്ലെങ്കില്‍ നമുക്കൊന്നും നല്ല കോളേജുകളില്‍ ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാനാവില്ല എന്ന ചിന്തയാണ് അവരിലെല്ലാം ബലപ്പെടുന്നത്. സി പി എമ്മിന്റെ വൈരുധ്യങ്ങള്‍ നിറഞ്ഞ നിലപാടുകളിലെ പൊള്ളത്തരം തിരിച്ചറിയുന്ന പുതിയ തലമുറ പാര്‍ട്ടിയെ തീര്‍ത്തും അവഗണിക്കുകയാണ്. ഉറച്ച പാര്‍ട്ടികുടുംബങ്ങളിലെ പുതിയ തലമുറ പോലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളോട് വിമുഖത പുലര്‍ത്തുന്നതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്മ്യുണിസ്റ്റ് ട്രേഡ് യൂണിയന്‍ നേതാവായ ഒ ഭരതന്റെ ഭാര്യ കുട്ടികളുടെ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനോട് പറഞ്ഞ ഡയലോഗ് ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നത് കൗതുകകരമായിരിക്കും. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്ന് പാര്‍ട്ടി പറഞ്ഞ് കുട്ടിയെ മുഴത്തടം മലയാളം മീഡിയം സ്‌കൂളിലേക്ക്  മാറ്റിചേര്‍ക്കേണ്ടി വന്നപ്പോള്‍ അവരുടെ പ്രതികരണം ഇതായിരുന്നു. ''ഭരതേട്ടാ, നിങ്ങളെന്നെ ഒന്ന് ഡൈവോഴ്‌സ് ചെയ്തുതരുമോ?  ഞാന്‍ മക്കളെ നന്നായി പഠിപ്പിച്ച് അധ്വാനിച്ച് സ്വന്തമായി ജീവിച്ചോളാം, നിങ്ങള്‍ നിങ്ങളുടെ പാര്‍ട്ടിയെ മാത്രം കൊണ്ട് നടന്നേക്ക്..''
 
സരോജിനി എന്ന ഭരതേട്ടന്റെ ഭാര്യ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇങ്ങനെ പറഞ്ഞെങ്കില്‍ പുതിയ തലമുറ സിപിഎമ്മിന്റെ ആദര്‍ശത്തിനെതിരെ എന്തൊക്കെ ശാപവാക്കുകള്‍ പറയുന്നുണ്ടാവും. പ്രായോഗികമല്ലാത്ത ആദര്‍ശവും വരട്ടുതത്വശാസ്ത്രവും നേരിടുന്ന വലിയ പ്രതിസന്ധിയാണിത്. സി പി എമ്മിനകത്ത് രണ്ട് കാര്യങ്ങളാണ് പ്രധാനമായി സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒന്ന്- പാര്‍ട്ടിയെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്ന അടിസ്ഥാനവര്‍ഗ്ഗം തീര്‍ത്തും നിരാശരായി. രണ്ട്- പാര്‍ട്ടി നിലപാടുകളിലെ മാറ്റംമറിച്ചിലുകള്‍ ഇടത്തരം വര്‍ഗ്ഗത്തെ ആശങ്കയിലാക്കി. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ഈ പൊരുത്തക്കേടിയില്‍ സി പി എം കൂടുതല്‍ പ്രതിസന്ധിയില്‍ ആകുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റൊരു പ്രശ്‌നം ഡി വൈ എഫ് ഐ നേതാവ് വി  വി രമേശനുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ പാര്‍ട്ടി നേതാക്കളുടേയും ഡി വൈ എഫ് ഐ നേതാക്കലുടേയും നിലപാടുകളാണ്. അമ്പതു ലക്ഷം രൂപ എന്‍ ആര്‍ ഐ  ക്വാട്ടയില്‍ നല്‍കാന്‍ തയ്യാറായ വി വി രമേശന്റെ വരുമാന സ്രോതസ്സ് അന്വേഷിക്കുന്ന പാര്‍ട്ടിയും ഡി വൈ എഫ് ഐയും വരുംനാളുകളില്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധി ചെറുതായിരിക്കില്ല. 
ടി വി രാജേഷും ശ്രീരാമകൃഷ്ണനുമൊക്കെ വി വി രമേശന്റെ നടപടി തെറ്റാണെന്ന് പരസ്യപ്രസ്താവനയിറക്കി. എന്നാല്‍ രമേശനെതിരെ കാണിച്ച ഈ ആര്‍ജ്ജവം മറ്റു നേതാക്കളുടെ കാര്യത്തില്‍ കാണിക്കാന്‍ ഡി വൈ എഫ് ഐ എന്തു കൊണ്ട് മുതിരുന്നില്ല എന്ന ചോദ്യം സാധാരണ പ്രവര്‍ത്തകരില്‍ നിന്നുയരും. ഇവിടെയാണ് നട്ടെല്ലിനു പകരം വാഴപ്പിണ്ടി മാത്രമാണ് രാജേഷിനെയും ശ്രീരാമകൃഷ്ണനെപോലെയുമുള്ള നേതാക്കള്‍ക്കുള്ളതെന്ന സത്യം അണികള്‍ തിരിച്ചറിയുന്നത്. പിണറായി വിജയന്റെ മകന്‍ കോടികള്‍ ചെലവഴിച്ച് വിദേശത്ത് ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പഠിക്കാന്‍ പോയതിനെ ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവവും ഡി വൈ എഫ് ഐ നേതാക്കള്‍ക്കു വേണ്ടതല്ലേ.
 
കണ്ണൂരിലെ ട്രേഡ് യൂണിയന്‍ നേതാവായ കെ പി സഹദേവന്റെ മകനും പഠിച്ചത് വിദേശത്താണ്. എന്തു കൊണ്ട് നടപടിയെടുക്കുന്നില്ല? ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. മകളെ 50 ലക്ഷം രൂപ കൊടുത്തു പഠിപ്പിക്കാന്‍ തയ്യാറായതിന് രമേശനെതിരെ മാത്രം നടപടിയെടുത്താല്‍ പ്രശ്‌നം തീരില്ല. സിപിഎമ്മില്‍ നിരവധി നേതാക്കളുടെ വീടും, സ്വത്തും, കുട്ടികളുടെ വിദേശ, സ്വാശ്രയ വിദ്യാഭ്യാസവും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ പാര്‍ട്ടിക്കകത്തുണ്ടാകും. മുഴുവന്‍ സമയ പാര്‍ട്ടിപ്രവര്‍ത്തനം മാത്രം നടത്തുന്ന പിണറായി വിജയന്റേയും മറ്റു നേതാക്കളുടേയും വരുമാനസ്രോതസുകളൊക്കെ അന്വേഷിക്കാന്‍ തയ്യാറാകാത്തിടത്തോളം രമേശനെ പോലുള്ളവരുടെ സ്വത്തുവിവരം ചികഞ്ഞന്വേഷിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.
രമേശനോ അതിനു താഴെയുള്ള നേതാക്കളോ അവരുടെ മക്കളെ മികച്ച വിദ്യാഭ്യാസത്തിനയച്ചാല്‍ അത് കുറ്റം. പിണറായി വിജയനും കെ പി സഹദേവനുമൊക്കെ അവരുടെ മക്കളെ ഇഷ്ടമുള്ളിടത്ത് പഠിപ്പിക്കാം. ആരും അന്വേഷിക്കില്ല, ചോദ്യം ചെയ്യില്ല. രാജേഷിനെയും ശ്രീരാമകൃഷ്ണനെയും പോലുള്ള ഡി വൈ എഫ് ഐ നേതാക്കള്‍ ഒരക്ഷരം പറയുകയുമില്ല. അപ്പോള്‍ പാര്‍ട്ടിക്കകത്ത് ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയാണെന്ന് പറയേണ്ടി വരും. ഉച്ചനീചത്വം ഈ പാര്‍ട്ടിക്കകത്തുണ്ട്.  താഴേത്തട്ടിലുള്ളവരുടെ കുട്ടികള്‍ ഒന്നും പഠിക്കാതെ പാര്‍ട്ടിക്കു വേണ്ടി പ്രകടനം നടത്താനും തല്ലു കൊള്ളാനും കൊല്ലാനും നടക്കണം. നേതാക്കളുടെ മക്കള്‍ സ്വാശ്രയസ്ഥാപനങ്ങളിലും വിദേശങ്ങളിലും പഠിച്ച് മിടുക്കന്മാരാകും. താഴേത്തട്ടില്‍ ഉന്നതപഠനമോ ജോലിയോ ഇല്ലാത്തൊരു തലമുറയെ വളര്‍ത്തുന്നതിലാണ് ഡി വൈ എഫ് ഐ പോലുള്ള സംഘടനകളുടെ നിലനില്‍പ്പെന്ന സത്യവും ഇവിടെ വായിച്ചെടുക്കാം. പാര്‍ട്ടി ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച് ഇംഗ്ലീഷ് മീഡിയത്തില്‍ നിന്ന് മലയാളത്തിലേക്ക് കുട്ടികളെ മാറ്റിച്ചേര്‍ത്ത ഭരതേട്ടനില്‍ നിന്ന് ഇംഗ്ലീഷുകാരുടെ നാട്ടില്‍, ഇംഗ്ലണ്ടില്‍ മക്കളെ കൊണ്ട് ചേര്‍ത്ത് പഠിപ്പിച്ച പിണറായിയുടേയും സഹദേവന്റെയും കാലത്തെ സി പി എം വൈരുദ്ധ്യങ്ങളുടെ കൂട്ടായ്മയാണെന്ന് പറയുന്നതാകും ശരി.

സുതാര്യ ഭരണം അഴിമതിയെ തുരത്തും: ഉമ്മന്‍ ചാണ്ടി


 ഭരണപരമായ നടപടിക്രമങ്ങളും ഭരണവും സുതാര്യവും സത്യസന്ധവുമായാല്‍ അഴിമതി സ്വയം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള ഗാന്ധി സ്മാരക നിധിയുടെ വജ്രജൂബിലിയോടനുബന്ധിച്ച് ഗാന്ധിഭവനില്‍
ഗാന്ധിമാര്‍ഗ പ്രവര്‍ത്തകരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാധ്യതകള്‍ കുറയും. ജനങ്ങളാണ് യജമാനന്‍മാരെന്നും ഭരണം നടത്തുന്നവര്‍ കേവലം ട്രസ്റ്റികളാണെന്നും ഉള്ള മനോഭാവം വളര്‍ത്തിയെടുക്കണം. തെറ്റുകളിലേക്ക് സമൂഹം തിരിയുമ്പോള്‍ അതിനെതിരേ തിരിയുന്നതിന് മനുഷ്യനെ പ്രേരിപ്പിക്കുന്ന മഹത്തായ പ്രത്യയ ശാസ്ത്രമാണ് ഗാന്ധിജി ലോകത്തിന് പകര്‍ന്നുതന്നത്. ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഏവര്‍ക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.ഗോപിനാഥന്‍മായര്‍ അധ്യക്ഷനായിരുന്നു. മുതിര്‍ന്ന ഗാന്ധിമാര്‍ഗ പ്രവര്‍ത്തകരായ ചൂളൂര്‍ വി.ഭാസ്‌ക്കരന്‍നായര്‍, ഇ.നാരായണപിള്ള, പി.കെ മാധവന്‍ നമ്പ്യാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഗാന്ധി സ്മാരകനിധി വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ.എന്‍. രാധാകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് സ്മൃതി ചിഹ്നം നല്‍കി ആദരിച്ചു. ഗാന്ധിനിധി ജോയിന്റ് സെക്രട്ടറിമാരായ എന്‍.നാണുക്കുട്ടന്‍നായര്‍, എം. ശിവശങ്കരന്‍നായര്‍, സ്‌റ്റേറ്റ് ഓര്‍ഗനൈസര്‍ ജി.സദാനന്ദന്‍, ഡോ.എന്‍. ഗോപാലകൃഷ്ണന്‍നായര്‍, മുരുക്കുംപുഴ സി.രാജേന്ദ്രന്‍, വി.സുകുമാരന്‍, എം.എം ഉമ്മര്‍, പ്രഫ.വി. രാമദാസ് എന്നിവര്‍ പ്രസംഗിച്ചു.

സര്‍ക്കാരിന് നൂറില്‍ നൂറുമാര്‍ക്ക്


*മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശക്തമായ നടപടി
*മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയ യു.ഡി.എഫ് സര്‍ക്കാരിന്റെ
30 ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ നൂറുശതമാനം തൃപ്തികരമെന്ന് യു.ഡി.എഫ് യോഗം വിലയിരുത്തി. എല്ലാവരുടെയും സഹകരണത്തോടെ ജനക്ഷേമ പരിപാടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് കഴിയണം. സര്‍ക്കാരിന് യു.ഡി.എഫിന്റെ പരിപൂര്‍ണമായ സഹകരണം ലഭിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. നൂറുദിന കര്‍മ്മ പരിപാടികള്‍ വിജയിപ്പിക്കാന്‍ ഓരോ ജില്ലയ്ക്കും ഓരോ മന്ത്രിമാരെ ചുമതലപ്പെടുത്തി. ജില്ലാ അടിസ്ഥാനത്തില്‍ മാത്രമല്ല, പ്രാദേശിക തലത്തിലും ഈ മന്ത്രിമാര്‍ പ്രവര്‍ത്തനം നടത്തണം. വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയകക്ഷി നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കണം. ജില്ലാതല പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി മുഖ്യമന്ത്രിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാഷ്ട്രീയമായി കാണാതെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപരിപാടികളും ജനങ്ങളിലെത്തിക്കണം. എല്ലാരാഷ്ട്രീയ കക്ഷികളും ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് സഹകരിക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അഭ്യര്‍ത്ഥിച്ചു. യു.ഡി.എഫ് സര്‍ക്കാരിന് 'ഹണിമൂണ്‍' പീരീഡ് പോലും നല്‍കാതെ സമരത്തിനിറങ്ങുന്ന ഇടതുമുന്നണിയുടെ നയം ഖേദകരമാണ്. അധികാരം നഷ്ടപ്പെട്ടമ്പോള്‍ വല്ലാത്ത മാനസികാവസ്ഥയിലാണ് ഇടതുമുന്നണി. സ്ഥാനം പോയപ്പോള്‍ പ്രതിപക്ഷനേതാവിനും നിരാശ തുടങ്ങി. യു.ഡി.എഫ് അധികാരത്തിലേറി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ സമരവുമായി രംഗത്തിറങ്ങിയിരരിക്കുകയാണ് അവര്‍. ഇപ്പോള്‍ പോകുന്നതുപോലെ യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ പ്രതിപക്ഷത്തിന്റെ സമരത്തിന് ക്ലച്ച് പിടിക്കില്ലെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു. മൂന്നാര്‍ വിഷയത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് യു.ഡി.എഫിന്റെ തീരുമാനം. മൂന്നാറിലെ കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കും. പക്ഷെ കര്‍ഷകരെയും ആദിവാസികളെയും സംരക്ഷിക്കും. കള്ളപ്പട്ടയങ്ങള്‍ മുഴുവന്‍ റദ്ദാക്കും. മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട് നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലുണ്ടാകുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തങ്കച്ചന്‍ അറിയിച്ചു. 

വാസവനും രമേശനും പിന്നെ സ്വാശ്രയമെഡിക്കല്‍ പ്രവേശനവും



സ്വാശ്രയകോളജുകള്‍ക്കെതിരേ പാവപ്പെട്ട വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് സമരമുഖത്തേക്കു പറഞ്ഞുവിട്ട് തല്ലുമേടിപ്പിക്കുന്ന അതേ നേതാവു തന്നെ വീട്ടിലെത്തിയാല്‍ സ്വാശ്രയകോളജില്‍ പഠിക്കുന്ന മക്കളുടെ സ്‌നേഹനിഥിയായ പിതാവായി മാറും. പരിയാരം മെഡിക്കല്‍ കോളജിനെതിരേ തീപ്പൊരി സമരം നടത്തിയ രമേശന്‍ മുതല്‍ നീളുന്ന ഈ പട്ടികയില്‍ മറ്റൊരു വിപ്ലവനേതാവു കൂടി സ്ഥാനം പിടിക്കുന്നു. മറ്റാരുമല്ല, സാക്ഷാല്‍ വി.എന്‍ വാസവന്‍. കോട്ടയം മുന്‍ എം.എല്‍.എ. മധ്യതിരുവിതാംകൂറിലെ ഈ വിപ്ലവജ്യോതിസിന്റെ മകള്‍ക്ക് പ്രവേശന പരീക്ഷയില്‍ മതിയായ മാര്‍ക്കുപോലും ലഭിച്ചിരുന്നില്ല. എന്നിട്ടും മെഡിക്കല്‍ പഠനം തുടരുന്ന കുട്ടി ഉടന്‍ ഡോക്ടറായി ജനസേവനത്തിനെത്തും. പ്രവേശന പരീക്ഷയില്‍ നിശ്ചിതയോഗ്യത നേടാത്ത മകള്‍ക്കു വാസവന്‍ ഗോകുലം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് സംഘടിപ്പിച്ചതാണ് ഇപ്പോഴത്തെ പുതിയ കാലാവസ്ഥയില്‍ വിവാദമാകുന്നത്. നേരത്തെ ഇതുസംബന്ധിച്ച നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും പരിയാരത്തെ രമേശന്‍ വിവാദത്തോടെ സംഭവം വീണ്ടും കത്തിപ്പടരുകയാണ്, കോട്ടയത്തെ പാര്‍ട്ടിക്കുള്ളില്‍.

വാസവന്‍ നിയമസഭാംഗമായിരിക്കെ 2007-08 ലാണു മകള്‍ പ്രവേശനം നേടിയത്. മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡം അനുസരിച്ച് എംബിബിഎസ് സീറ്റിനു പ്രവേശന പരീക്ഷയില്‍ 50% മാര്‍ക്ക് നിര്‍ബന്ധമാണ്. എന്നാല്‍ 960ല്‍ 147.4 മാര്‍ക്ക് മാത്രമുള്ള കുട്ടിയെ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആ വര്‍ഷം ഗോകുലം മെഡിക്കല്‍ കോളജിലെ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടിയ 20 കുട്ടികള്‍ക്കും യോഗ്യതാ പരീക്ഷയില്‍ 50% മാര്‍ക്കില്ലായിരുന്നു. 101.1 മാര്‍ക്ക് നേടിയ വിദ്യാര്‍ഥിയെപ്പോലും മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശിപ്പിച്ചു. ഇതു പിന്നീടു മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തുകയും ഇവരെ 20 പേരെയും പുറത്താക്കുകയും ചെയ്തു. കുറേക്കാലം ഇവര്‍ക്കു പുറത്തു നില്‍ക്കേണ്ടിവന്നുവെങ്കിലും മാനേജ്‌മെന്റിന്റെ ശ്രമഫലമായി പിന്നീട് ഇവരെ തുടര്‍ന്നും പഠിപ്പിക്കുകയായിരുന്നു. ഇതിനിടെ, യോഗ്യതയില്ലെങ്കിലും ഇവര്‍ക്കു മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതിയും സംഘടിപ്പിച്ചെടുത്തു. 2007-08 വര്‍ഷം കേരളത്തിലെ മറ്റു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റിലും നിശ്ചിത യോഗ്യത നേടാത്ത വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരുന്നു.

ഇവരെയും മെഡിക്കല്‍ കൗണ്‍സില്‍ പുറത്താക്കി. ഇതിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണു സിപിഎം നേതാവിന്റെ മകള്‍ ഉള്‍പ്പെടെയുള്ളവരുടെ അഡ്മിഷനു മാത്രം മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍.ആര്‍.ഐ. ക്വാട്ടയില്‍ എം.ബി.ബി.എസ്. സീറ്റ് നേടിയ ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറര്‍ വി.വി.രമേശനെതിരെ പാര്‍ട്ടി നടപടി തുടങ്ങുന്നതിനിടെയാണ് ഔദ്യോഗികപക്ഷത്തെ കരുത്തനായ വാസവനെതിരേയും ആരോപണം ഉയര്‍ന്നിരിക്കുന്നത്. രമേശനെതിരേ നടപടി സ്വീകരിക്കാന്‍ നേതൃത്വത്തിനുമേല്‍ സമ്മര്‍ദം മുറുകിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ പാര്‍ട്ടി നിര്‍ദേശം അനുസരിക്കാന്‍ ബാധ്യതയുള്ളതിനാല്‍ തീരുമാനമെടുക്കാനാകാതെ ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതൃത്വം കുഴങ്ങുകയാണ്.

മേഖലായോഗങ്ങളില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് നടക്കുന്നത്. സംഘടനയ്ക്ക് ബാധ്യതയാവുന്ന 'മുതിര്‍ന്ന പൗരന്മാരെ' ചുമക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാണ് കോഴിക്കോട് നടന്ന ഒരു മേഖലായോഗത്തിലുണ്ടായ വിമര്‍ശം. വി.വി. രമേശന്റെ കാര്യത്തില്‍ എന്തെങ്കിലും നടപടിയെടുക്കാതെ സ്വാശ്രയ കോളേജ് സമരത്തെ കുറിച്ച് യോഗങ്ങളില്‍ വിശദീകരിക്കാനാവില്ലെന്ന നിലപാടാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കുമുള്ളത്. സ്വാശ്രയകോളജുകള്‍ക്കു തുടക്കംകുറിച്ച അന്നുമുതല്‍ സമരം ചെയ്യുന്ന സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ തന്നെ സ്വന്തംകാര്യത്തില്‍ ഇത്തരം സ്വാശ്രയ നിലപാടുകള്‍ എടുക്കുന്നതാണ് ഇടതുപക്ഷത്തെ, പ്രത്യേകിച്ചും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നത്. പരിയാരം മെഡിക്കല്‍ കോളേജ് 1993ല്‍ സ്ഥാപിച്ചത് മുതല്‍ തന്നെ രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രമാണ്. 90കളില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ 'വിദ്യാഭ്യാസ കച്ചവട'ത്തിനെതിരെ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും നടത്തിയ സമരങ്ങളുടെ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു സഹകരണ മേഖലയില്‍ ആരംഭിച്ച പരിയാരം മെഡിക്കല്‍ കോളേജ്. പരിയാരം കോളേജ് തുടങ്ങാന്‍ നേതൃത്വം നല്‍കിയ സിഎംപി നേതാവ് എംവി രാഘവന്‍ മന്ത്രിയായിരിക്കുമ്പോള്‍ ഡിവൈഎഫ്‌ഐ കൂത്തുപറമ്പില്‍ നടത്തിയ സമരത്തിലാണ് പൊലീസ് വെടിവെയ്പില്‍ അഞ്ചുപേര്‍ രക്തസാക്ഷികളായത്.

പരിയാരം മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനെ തന്നെ എതിര്‍ത്തിരുന്ന സിപിഎം പിന്നീട് കോളേജിന്റെ ഭരണസമിതി തന്നെ പിടിച്ചെടുത്തു. അന്ന് ആ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡിവൈഎഫ്‌ഐ നേതാവായിരുന്ന എം വി ജയരാജന്‍ ഇപ്പോള്‍ പരിയാരം കോളേജ് ഭരണസമിതിയുടെ ചെയര്‍മാനാണ്. ഇപ്പോള്‍ കോളേജ് വീണ്ടും വിവാദകേന്ദ്രമായത് എംബിബിഎസ്, പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സുകളില്‍ നടത്തിയ പ്രവേശനങ്ങളില്‍ നടന്ന 'കച്ചവട'ങ്ങളുടെ പേരിലാണ്. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ പിജി കോഴ്‌സില്‍ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടിയതാണ് വിവാദത്തിലേക്ക് വഴി തുറന്നത്. സര്‍ക്കാരിന് നല്‍കേണ്ട 50 ശതമാനം മെറിറ്റ് സീറ്റ് കവര്‍ന്നെടുത്താണ് മന്ത്രിയുടെ മകള്‍ ഡോ. യമുനക്കും മറ്റും പ്രവേശനം നല്‍കിയത് എന്നതായിരുന്നു ആരോപണം. സ്വാശ്രയ സ്വകാര്യ മാനേജ്‌മെന്റുകള്‍ സീറ്റുകള്‍ സര്‍ക്കാരിന് നല്‍കാതെ കച്ചവടം നടത്തുന്നതിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത് വന്നപ്പോള്‍ തന്നെയാണ് മന്ത്രിയുടെ മകള്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയത്.

ആദ്യ വര്‍ഷത്തെ ഫീസായി 28 ലക്ഷം രൂപയും ഹോസ്റ്റല്‍ ഫീസ് 1,42,000 രൂപയും അടയ്ക്കുകയും ചെയ്തു. അതേ സമയം ആരോഗ്യമന്ത്രിയുടെ മകളുടെ എം ഡി പ്രവേശനം നിയമാനുസൃതമാണ് എന്നായിരുന്നു ഭരണസമിതി ചെയര്‍മാന്‍ എം വി ജയരാജന്‍ അവകാശപ്പെട്ടത്. ഏതായാലും നിയമാനുസൃതമാണ് പ്രവേശനം ലഭിച്ചതെങ്കിലും വിമര്‍ശനങ്ങളെ തുടര്‍ന്ന് അദ്ദേഹം മകളുടെ അഡ്മിഷന്‍ വേണ്ടെന്ന് വെച്ചതായി അറിയിച്ചു. എന്നാല്‍ സീറ്റുകള്‍ സര്‍ക്കാരിനെ അറിയിക്കാതെ മാനേജ്‌മെന്റുകള്‍ കച്ചവടം നടത്തുകയാണെന്ന് ആരോപിച്ച സിപിഎം നിയന്ത്രണത്തിലുളള ഭരണ സമിതി തന്നെ സീറ്റ് കച്ചവടം ചെയ്തുവെന്ന പ്രശ്‌നം വിവാദങ്ങള്‍ക്കിടയില്‍ വേണ്ടത്ര ചര്‍ച്ചയായില്ല. തൊട്ടുപിന്നാലെ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ വി വി രമേശന്റെ മകള്‍ 50 ലക്ഷം രൂപയുടെ എന്‍ആര്‍ഐ ക്വാട്ടയില്‍ എംബിബിഎസ് പ്രവേശനം നേടിയെന്ന റിപ്പോര്‍ട്ട് പുറത്ത്വന്നു. സ്വാശ്രയ കോളേജുകളുടെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സമരം നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ തന്നെയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി അംഗം കൂടിയാണ് രമേശന്‍.

സാധാരണ നിലയില്‍ വിദേശത്ത് ജോലിയോ ബിസിനസോ ഉളളവരുടെ മക്കള്‍ക്ക് വേണ്ടി നീക്കിവെക്കുന്നതാണ് എന്‍ആര്‍ഐ പേമെന്റ് സീറ്റുകള്‍. എന്നാല്‍ കേരളത്തിലുളളവര്‍ക്ക് വേണ്ടി എന്‍ആര്‍ഐകള്‍ക്ക് സീറ്റ് സ്‌പോണ്‍സര്‍ ചെയ്യാമെന്ന സാങ്കേതിക ന്യായം നിരത്തി രമേശനെ ന്യായീകരിക്കുവാനും സിപിഎം ഭരണ സമിതി ശ്രമിച്ചു. എന്നാല്‍ സാധാരണക്കാരന് വിദ്യാഭ്യാസം അപ്രാപ്യമാക്കുന്ന മാനേജ്‌മെന്റ് ക്വാട്ടയും എന്‍ആര്‍ഐ ക്വാട്ടയും സ്വന്തം നേതാക്കള്‍ തന്നെ വളഞ്ഞ വഴിയിലൂടെ സ്വന്തമാക്കുന്നതിനെക്കുറിച്ചുളള വിമര്‍ശനങ്ങള്‍ ഡിവൈഎഫ്‌ഐക്കുളളിലും പാര്‍ട്ടിക്കുളളിലും ഉയര്‍ന്നതോടെ രമേശനെ രക്ഷിക്കാനുളള ശ്രമങ്ങള്‍ കയ്യൊഴിയേണ്ടിവന്നു. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ ഒരാള്‍ക്ക് അരക്കോടിയുടെ സീറ്റില്‍ മകളെ പഠിപ്പിക്കുന്നതിനുളള സാമ്പത്തിക സ്രോതസ് എവിടെ നിന്നാണെന്ന ചോദ്യവും ഉയര്‍ന്നു. ആരോപണങ്ങളെ തുടര്‍ന്ന് അടൂര്‍ പ്രകാശിനെപ്പോലെ രമേശനും മകളുടെ സീറ്റ് 'പാര്‍ട്ടിക്ക് വേണ്ടി'  ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചു.

'രക്ഷിതാവെന്ന നിലയിലുളള ആഗ്രഹങ്ങള്‍ക്ക് കാഴ്‌പ്പെട്ടുപോയി' എന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റുപറച്ചില്‍. ജനങ്ങളോടും പാര്‍ട്ടിയോടും ക്ഷമ ചോദിക്കാനും അദ്ദേഹം മടിച്ചില്ല. എന്നാല്‍ എതിര്‍പ്പുകള്‍ ഉണ്ടായില്ലെങ്കില്‍ ഇത്തരം ഏറ്റുപറച്ചിലുകളില്ലാതെ അടൂര്‍ പ്രകാശിന്റെയും രമേശന്റെയും മക്കള്‍ കച്ചവടം ചെയ്യുന്ന സീറ്റുകളില്‍ പഠനം തുടരുമായിരുന്നു. പുറത്ത് യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും 'വിദ്യാഭ്യാസ കച്ചവടത്തിനെതിരെ' സമരം നടത്താന്‍ പ്രവര്‍ത്തകരെ തെരുവില്‍ ഇറക്കുകയും ചെയ്യും. ഏറെ രസകരമായ കാര്യം വിദ്യാഭ്യാസ കച്ചവടത്തെ എതിര്‍ക്കുകയും രക്തസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്ത സിപിഎം നേതൃത്വം നല്‍കുന്ന പരിയാരം മെഡിക്കല്‍ കോളേജ് ഭരണ സമിതി നാല് വര്‍ഷം കൊണ്ട് മാനേജ്‌മെന്റ്,  എന്‍ആര്‍ഐ സീറ്റുകളുടെ വില്‍പ്പനയിലൂടെ 30 കോടിയോളം സമ്പാദിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. രക്തസാക്ഷികളുടെ എണ്ണം കൂടിയിരുന്നെങ്കില്‍ ലാഭവും കൂടുമായിരുന്നു.

സ്വാശ്രയ കച്ചവടത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ നടത്തുന്ന ഒളിച്ചുകളികള്‍ തന്നെയാണ് ഈ ഉദാഹരണങ്ങളിലൂടെ പുറത്തുവരുന്നത്. സമരങ്ങളും ഭാവിയിലേക്കുളള കച്ചവട സാധ്യതകള്‍ തുറക്കുന്നുണ്ടെന്ന് അടൂര്‍ പ്രകാശും രമേശനും എം വി ജയരാജനും തെളിയിക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ പുറത്ത് തല്ലുകൊളളുമ്പോള്‍ നേതാക്കളുടെ മക്കള്‍ 'സ്വാശ്രിത'രായി ഭാവി സുരക്ഷിതമാക്കുന്നു. അത്തരത്തിലൊരു കണ്ണിയിലാണ് ഇപ്പോള്‍ വാസവനും അണിചേര്‍ന്നിരിക്കുന്നത്.

പി.ശശിയുടെ ലൈംഗിക പീഡനം ഡി.ജി.പി അടക്കമുള്ളവര്‍ക്ക് വക്കീല്‍ നോട്ടീസ്


 സി.പി.എം കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി.ശശിക്കെതിരെ ഉയര്‍ന്നിട്ടുള്ള ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷണം
നടത്താത്തതിന്റെ പേരില്‍ ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി., കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട്, കണ്ണൂര്‍ ടൗണ്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, നീലേശ്വരം ടൗണ്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, വനിതാ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ എന്നിവര്‍ക്കെതിരെ അഡ്വ. കെ.പി.രാമചന്ദ്രന്‍ മുഖേന ക്രൈം ചീഫ് എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ വക്കീല്‍ അയച്ചു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ പി.ശശി നീലേശ്വരം സ്വദേശിയും ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ അജിത്തിന്റെ ഭാര്യയേയും സി.കെ.പി. പത്മനാഭന്റെ മകളെയും ലൈംഗികമായി പീഡിപ്പിച്ചു എന്ന വാര്‍ത്ത വിവിധ മാധ്യമങ്ങളും പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 16-ാം അദ്ധ്യായം അനുസരിച്ച് പി.ശശി നടത്തിയ ലൈംഗിക പീഡനം സംസ്ഥാനത്തിനെതിരായുള്ള കുറ്റകൃത്യമായിട്ടും മേല്‍ സൂചിപ്പിച്ച വ്യക്തികള്‍ നിയമപരമായ നടപടികള്‍ എടുത്ത് പി.ശശിക്കെതിരെ ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്തില്ല എന്ന് ആരോപിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്.
 
പി.ശശിയുടെ ലൈംഗിക പീഡനത്തിനെതിരെ ഇരകള്‍ പാര്‍ട്ടി അധികൃതര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മിറ്റി വൈക്കം വിശ്വനെയും എ.വിജയരാഘവനെയും അന്വേഷണ കമ്മീഷനായി നിയമിച്ചിരുന്നു. ഇരകളും അവരുടെ ബന്ധുക്കളും പി.ശശിയുടെ ലൈംഗിക പീഡനത്തിനെതിരെ ഈ കമ്മീഷന്‍ മുമ്പാകെ തെളിവ് നല്‍കിയിട്ടുള്ളതാണ്. കൂടാതെ, പി.ശശിയുടെ ലൈംഗിക പീഡനത്തെക്കുറിച്ച് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച നടത്തിയതാണ്. എന്നിട്ടും ഇരകള്‍ പരാതിപ്പെട്ടിട്ടില്ല എന്ന സാങ്കേതിക ന്യായത്തിന്റെ മറവില്‍ ബന്ധപ്പെട്ട പോലീസ് ഓഫീസര്‍മാര്‍ ശശിക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് എടുത്തിട്ടില്ല. 

Thursday, June 23, 2011

ഡി വൈ എഫ് ഐയുടെ മെഡിക്കല്‍ കോളജ് അക്രമത്തെ എതിര്‍ത്ത സി ഐ ടി യു തൊഴിലാളികളെ പുറത്താക്കി


 മെഡിക്കല്‍ കോളജില്‍ നടന്ന ഡി വൈ എഫ് ഐ അക്രമ ത്തെ ചോദ്യം ചെയ്ത സി ഐ ടി യു തൊഴിലാളികളെ യൂണിയനില്‍ നി ന്നും ആറുമാസത്തേയ്ക്ക് സസ്‌പെന്റു ചെയ്തു.
കഴിഞ്ഞ ദിവസം നേഴ്‌സിംഗ് അസിസ്റ്റന്റ് താത്ക്കാലിക ജോലിയ്ക്കായി ഇന്റര്‍വ്യൂ തടസപ്പെടുത്തുകയും അക്രമം നടത്തുകയും ചെയ്ത 28 പേരേ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നാലുപേര്‍ സി ഐ ടി യു തൊഴിലാളി യൂണിയനില്‍പ്പെട്ടവരാണ്. സമരത്തില്‍ പങ്കെടുക്കുന്നതിനായി പത്തോളം പേരേയാണ് യൂണിയനില്‍ നിന്നും വിളിച്ചിരുന്നത്. ഇവരില്‍ ആക്രമണം ഉണ്ടായ സമയത്തത്ത് ആറുപേര്‍ ഓടി രക്ഷപെട്ടിരുന്നു. ഇതില്‍ അനില്‍കുമാര്‍ എന്നയാള്‍ മുന്‍പ് വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിഞ്ഞിരുന്നയാളാണ്. ഈ സമരത്തിലേയ്ക്ക് മകനെ കൊണ്ടുപോയത് ശരിയല്ലെന്നും ഇനി ഇത്തരം അക്രമ സമരങ്ങളിലേയ്ക്ക് മകനെ വിളിയ്ക്കരുതെന്നും നിര്‍മ്മാണ തൊഴിലാളി യൂണിയനില്‍പ്പെട്ട മാതാവ് പൊന്നമ്മ സി ഐ ടി യു സെക്രട്ടറിയോട് ആവശ്യപ്പെട്ടതാണ് നേതാവിനെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ഇവരെയും മകനെയും പുറത്താക്കിയിരിക്കുന്നത്. ഈ ആറ് മാസങ്ങള്‍ക്കുള്ളില്‍ പുറത്താക്കപ്പെട്ടയാള്‍ക്ക് മറ്റു യൂണിയനുകളില്‍ ചേര്‍ന്ന് തൊഴിലെടുക്കാന്‍ പറ്റുകയില്ല. സിഐടിയുവില്‍ നിന്നും പുറത്താക്കിയ ആളെ യൂണിയനില്‍ ഉള്‍പ്പെടുത്തരുതെന്ന് ചൂണ്ടിക്കാട്ടി മറ്റു യൂണിയനുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
 
പ്രകടനം നടത്താനെന്ന പേരിലാണ് ഇവരെ കഴിഞ്ഞ ദിവസം രാവിലെ ഇവരെ കൂട്ടികൊണ്ടു പോയത്. എന്നാല്‍, മെഡിക്കല്‍ കോളജ് ക്യാംപസിലേക്ക് നടന്ന മാര്‍ച്ച് അക്രമാസക്തമാകുയും പ്രവര്‍ത്തകര്‍ ക്യാംപസില്‍ വ്യാപക നാശം വരുത്തുകയും ചെയ്തു. പ്രകടനം അക്രാമസക്തമായതോടെ സമരത്തില്‍ പങ്കെടുത്ത 10 തൊഴിലാളികളില്‍ ആറു പേര്‍ ഓടി രക്ഷപ്പെട്ടു. മറ്റു നാലു പേര്‍ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ കോളജ് ക്യാംപസില്‍ വ്യാപക നാശം സം‘വിച്ചിട്ടുണ്ട്. ജനാലകളും കോളജ് ഉപകരണങ്ങളും നശിപ്പിച്ചു. ഏകദേശം കാല്‍ലക്ഷം രൂപയുടെ നാശം സംഭവിച്ചതായി മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. 

ഗ്രഹണകാലത്ത് ശ്രീമതിയും തലപൊക്കി


സിപിഎമ്മിനെ രാജ്യത്ത് മൊത്തം നിയന്ത്രിക്കുന്ന നേതാക്കന്മാരുള്ളത് കണ്ണൂരിലാണ്. സി പി എമ്മിലെ ഔദ്യോഗികപക്ഷം എന്ന് വിളിക്കുന്ന കരുത്തുള്ള പക്ഷത്തിന്റെ ആസ്ഥാനപദവി അങ്ങനെ കണ്ണൂരിന് കൈവന്നു.
 ഔദ്യോഗികപക്ഷം ഒന്ന് തീരുമാനിച്ചാല്‍ അതു നടപ്പിലായിരിക്കും. തിരുവായ്ക്ക് (പിണറായിക്ക്) എതിര്‍വായില്ലെന്ന് ചുരുക്കം. പക്ഷേ കാലം മാറുകയാണ്. ഔദ്യോഗിക പക്ഷത്ത് എതിര്‍വാക്കു പറയാന്‍ പ്രബലരായി ചിലരെങ്കിലും രംഗത്ത് വന്നിരിക്കുന്നു. 'ശശിവക്കീല്‍' പ്രശ്‌നത്തില്‍ ഇപ്പോള്‍ സംഭവിച്ചതും അതുതന്നെ.പി ശശിക്കെതിരെ നടപടി ഉറപ്പെന്ന് പറയാന്‍ സി പി എം കേന്ദ്രകമ്മിറ്റിയംഗം പികെ ശ്രീമതി ധൈര്യം കാണിച്ചിരിക്കുന്നു. ഇത് ശ്രീമതിയുടെ മാത്രം ധൈര്യമല്ല എന്ന് പലര്‍ക്കുമറിയാം. മറ്റു ചില കേന്ദ്രകമ്മിറ്റിക്കാരുടെ ധൈര്യത്തില്‍ ശ്രീമതി ധൈര്യം കാണിച്ചുവെന്ന് പറയുന്നതാകും ശരി. അല്ലെങ്കില്‍ ഈ ധൈര്യം ഇത്ര വൈകിയാണോ ശ്രീമതി ടീച്ചര്‍ പുറത്തെടുക്കേണ്ടത് ?ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയെ പാര്‍ട്ടി ജില്ലാ സെക്രട്ടറി സദാചാരവിരുദ്ധമായി കൈകാര്യം ചെയ്തത് ഇപ്പോഴൊന്നുമല്ലല്ലോ. സംഭവം നടക്കുമ്പോള്‍ ശ്രീമതി മന്ത്രിയായിരുന്നു. സ്റ്റേറ്റ് കാറും പത്രാസുമൊക്കെയായി തിരക്കുള്ളപ്പോള്‍ പാര്‍ട്ടിയിലെ വനിതാ സഖാവിന്റെ കാര്യമന്വേഷിക്കാന്‍ എവിടെയാ നേരം. 
രണ്ടും മൂന്നും തവണ എംഎല്‍എ ആയവര്‍ക്കൊക്കെ പാര്‍ട്ടി മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കിയപ്പോള്‍ ടിക്കറ്റില്ലാതെ മൂലയിലായ ശ്രീമതിക്ക് സങ്കടമുണ്ടാകും. പാര്‍ട്ടി നേതൃത്വത്തിനെതിരേ അതൃപ്തി കൂടി. ഔദ്യോഗികപക്ഷത്തെ പ്രമുഖര്‍ തന്നെ പരിഗണിക്കാതിരുന്നതിലെ അമര്‍ഷം നുരഞ്ഞു പൊന്തി. മന്ത്രിയാകുമ്പോഴില്ലാതിരുന്ന 'ജനാധിപത്യ മഹിളാ ബോധം'  അങ്ങനെ ഉണര്‍ന്നു. എംഎല്‍എ പോലുമല്ലാത്ത ഇപ്പോഴത്തെ അവസ്ഥയില്‍ 'ജനാധിപത്യ മഹിളാ ബോധ'ത്തില്‍ പിടിച്ചുനിന്നാലേ രക്ഷയുള്ളുവെന്ന് ശ്രീമതിക്കറിയാം. മഹിളകളെ ഉണര്‍ത്തി ശശിവക്കീലിനെ തന്നെ ലക്ഷ്യം വെച്ച് നിറയൊഴിച്ചു ശ്രീമതിയും സഹമഹിളകളും. പിണറായി വിജയന്റെ കഷ്ടകാലം കാത്തിരിക്കുന്ന ഔദ്യോഗികപക്ഷത്തെ  കുറുമുന്നണിയില്‍ അങ്ങനെ ശ്രീമതിയും മെമ്പര്‍ഷിപ്പ് നേടിയെന്ന് ചുരുക്കം.

ലോട്ടറിക്കേസ് അന്വേഷണം ധീരമായ നീക്കം


അന്യസംസ്ഥാന ലോട്ടറി കേസുകള്‍ സി.ബി.ഐ അന്വേഷണത്തിന് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിലവിലുള്ള 32 കേസുകളാണ് സി.ബി.ഐ അന്വേഷണത്തിന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
 ഇവയില്‍ മിക്കതിലും സാന്തിയാഗോ മാര്‍ട്ടിനും മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമ ജോണ്‍ കെന്നഡിയും പ്രതികളാണ്. 
ഇടതുഭരണകാലത്ത് നടപടിക്രമങ്ങള്‍ പാലിക്കാതെ ലോട്ടറിക്കേസുകളില്‍ ഉഴപ്പന്‍ സമീപനം സ്വീകരിച്ച് പ്രതികളെ രക്ഷിക്കുകയാണ് ചെയ്തുപോന്നത്. സി.പി.എമ്മിന്റെ മാധ്യ മസ്ഥാപനങ്ങളെ വഴിവിട്ട് സഹായിച്ചുപോന്ന ലോട്ടറി മാഫിയയോട് പാര്‍ട്ടി നേതാക്കള്‍ക്കുള്ള കൂറ് രഹസ്യമായിരുന്നില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ പഴിപറഞ്ഞ് വി.എസ് അച്യുതാനന്ദനും തോമസ് ഐസക്കും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വരികയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും നിരന്തരം കത്തെഴുതിക്കൊണ്ടിരുന്ന അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദന്‍ യഥാര്‍ത്ഥത്തില്‍ ലോട്ടറി കേസുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് ആഗ്രഹിച്ചിരുന്നോ എന്നകാര്യം സംശയമാണ്. കത്തുകള്‍ക്ക് മറുപടി കിട്ടിയില്ലെന്ന് കൂടെക്കൂടെ അദ്ദേഹം പരിതപിച്ചു. കേസ് സി.ബി.ഐ അന്വേഷണത്തിന് വിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട ചില നടപടി ക്രമങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം പ്രസ്തുത ആവശ്യമുന്നയിച്ച് വിജ്ഞാപനം ഇറക്കുക എന്നതാണ്. വി.എസ് ഭരണകാലത്ത് അതൊരിക്കലും ഉണ്ടായില്ല. അതില്‍ നിന്നുതന്നെ ഇടതുസര്‍ക്കാര്‍ ലോട്ടറികേസില്‍ യഥാര്‍ത്ഥത്തില്‍ ഒരു നിഷ്പക്ഷ ഏജന്‍സിയുടെ അന്വേഷണം ആഗ്രഹിച്ചില്ലെന്നുവേണം കരുതാന്‍.
 
ലോട്ടറി രാജാവായ സാന്തിയാഗോ മാര്‍ട്ടിനും സി.പി.എം നേതാക്കളും തമ്മിലുള്ള അവിഹിതബന്ധം വര്‍ഷങ്ങള്‍ക്കുമുമ്പേ പുറത്തുവന്നിട്ടുണ്ട്. പാര്‍ട്ടിയുടെ മുഖപത്രത്തിന് രണ്ടുകോടി രൂപ മാര്‍ട്ടിന്‍ കോഴകൊടുത്ത വിവരം പുറത്തായപ്പോള്‍ നേതാക്കള്‍ ആവര്‍ത്തിച്ച് കള്ളംപറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ചു. ബോണ്ട് ആണെന്നും നിക്ഷേപമാണെന്നും പരസ്യത്തിനുള്ള മുന്‍കൂര്‍ തുകയാണെന്നുമൊക്കെ പരസ്പര വിരുദ്ധമായി നേതാക്കള്‍ സംസാരിച്ചു. ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് ബോധ്യമായപ്പോള്‍ പണം മടക്കിക്കൊടുക്കുകയാണെന്ന് പ്രഖ്യാപിച്ചു. ആരെയെങ്കിലും സാക്ഷിനിര്‍ത്തി ലോട്ടറി മാഫിയ നല്‍കിയ ആ കോഴപ്പണം തിരിച്ചുനല്‍കിയതായി ജനങ്ങളുടെ മുന്നില്‍ തെളിവൊന്നുമില്ല. അവിശുദ്ധ പണം മടക്കിക്കൊടുത്തു എന്ന് പ്രകാശ് കാരാട്ട് പ്രസ്താവിച്ചെന്നുമാത്രം. അത് എന്തെങ്കിലുമാകട്ടെ. കേരളത്തിന്റെ സമ്പദ്ഘടനയെ തകിടം മറിച്ച ഭീകരമായ ഒരു കുംഭകോണമാണ് ഇടതുഭരണകാലത്ത് നടന്ന ലോട്ടറി ഇടപാട്. ദിവസം 24 നറുക്കെടുപ്പ് നടത്തി ഫലം പ്രഖ്യാപിക്കുന്ന ചൂതാട്ടത്തിന് സി.പി.എമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകരുടെ ഒത്താശയോടെ നാടെങ്ങും വേദിയൊരുക്കിയിരുന്നു. ലോട്ടറി സ്റ്റാളുകള്‍ക്ക് മുന്നില്‍ സദാനേരവും ഭാഗ്യാന്വേഷികളുടെ തിരക്കായിരുന്നു. ഒരിക്കലും നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്താത്ത വ്യാജ ടിക്കറ്റുകളാണ് അവിടെ ധാരാളമായി വിറ്റഴിക്കപ്പെട്ടതെന്ന് ഭാഗ്യവ്യാമോഹങ്ങളില്‍പ്പെട്ട പാവങ്ങള്‍ അറിഞ്ഞില്ല. സിക്കിമിന്റെയും ഭൂട്ടാന്റെയും ഔദ്യോഗിക ലേബലില്‍ സുരക്ഷാ സംവിധാനമില്ലാത്ത അച്ചടിശാലയില്‍ നിര്‍മിച്ച വ്യാജടിക്കറ്റുകള്‍ വിറ്റ് പ്രതിമാസം 15,000 കോടി രൂപവീതം ലോട്ടറി മാഫിയ കേരളത്തില്‍ നിന്ന് കടത്തിക്കൊണ്ടുപോയി.
 
ഈ വഞ്ചനയ്ക്ക് കൂട്ടുനിന്നത് സി.പി.എമ്മും ഇടത് ഭരണകൂടവുമാണ്. കേന്ദ്രത്തെ പഴിപറഞ്ഞുകൊണ്ട് വ്യാജലോട്ടറി വില്‍പനയ്ക്ക് ഒത്താശ ചെയ്ത ഇടതുസര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ സി.ബി.ഐ അന്വേഷണം ആഗ്രഹിക്കുമെന്ന് കരുതാന്‍ ന്യായമില്ല. ഒരുതരത്തിലുമുള്ള അന്വേഷണവും സി.പി.എം നേതാക്കള്‍ ഇഷ്ടപ്പെടുന്നില്ല. വ്യാജ ലോട്ടറി വില്‍പന വിവാദമായപ്പോഴാണ് പൊടുന്നനെ ലോട്ടറി വില്‍പന സ്റ്റാളുകള്‍ അപ്രത്യക്ഷമായത്. ഏത് പൊലീസുകാരനും പരിശോധിച്ച് നടപടിയെടുക്കാവുന്ന കുറ്റകൃത്യമായിരുന്നു പകല്‍വെട്ടത്ത് കേരളത്തിലുടനീളം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നടന്നുവന്നത്. സര്‍ക്കാരിന്റെ ഒത്താശയില്ലെങ്കില്‍ അതെങ്ങനെ നടക്കും? ലോട്ടറിക്കേസില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസ് അച്യുതാനന്ദന്‍ നിരന്തരം കേന്ദ്രത്തിന് കത്തെഴുതിക്കൊണ്ടിരുന്നതല്ലാതെ മാനദണ്ഡം പാലിച്ചുകൊണ്ട് ഒരിക്കല്‍പ്പോലും വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തുനിഞ്ഞില്ല. മുഖ്യമന്ത്രിയുടെ കത്ത് പരിഗണിച്ച് സി.ബി.ഐ കേസെടുക്കില്ല. ഇക്കാര്യം ജന്മനാ വ്യവഹാരിയായ അദ്ദേഹത്തിന് അറിയാത്തതാണോ? 32 കേസുകള്‍ കേരളത്തില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഉത്ഭവിച്ചിട്ടും പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ ഇടതുഭരണകൂടം അനുവദിച്ചില്ല. അത്തരത്തില്‍ പ്രത്യക്ഷത്തില്‍ വ്യാജലോട്ടറിയെ അപലപിക്കുകയും പരോക്ഷമായി കുറ്റവാളികളെ സഹായിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് ഇടതുഭരണകൂടം സ്വീകരിച്ചത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസുകളെല്ലാം സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് ധീരമായി മുന്നോട്ടുപോകുമ്പോള്‍ അതില്‍ കുറ്റം കണ്ടുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ജനങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കുന്നുണ്ട്. വി.എസിന്റെ ആക്ഷേപങ്ങളും അന്വേഷണ ഏജന്‍സിയുടെ പരിഗണനയില്‍ തക്കസമയത്ത് കൊണ്ടുവരാനാകും. 

ചൈനയുടെ സ്വകാര്യ ദുഃഖം


ചൈന സമൃദ്ധിയിലേക്ക് കുതിക്കുന്ന രാജ്യമാണെന്ന് പടിഞ്ഞാറന്‍ ലോകം പതിവായി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. 1936ല്‍ ചൈനയെക്കുറിച്ച് ആധികാരികമായി ഒരു പുസ്തകം പുറത്തുവന്നപ്പോഴാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആധുനിക ചൈനയെകാര്യമായി കണക്കിലെടുക്കാന്‍ തുടങ്ങിയത്.
'ചൈനയ്ക്കുമേല്‍ ചെന്താരം' എന്ന ആ ഗ്രന്ഥം എഴുതിയത് എഡ്ഗാര്‍ സ്‌നോ ആണ്. 125 വര്‍ഷം നീണ്ട കമ്യൂണിസ്റ്റ് വിപ്ലവത്തെക്കുറിച്ചും മാവോ സേ തൂങ്ങിനെക്കുറിച്ചും ആധികാരികമായി എഴുതപ്പെട്ട ആദ്യത്തെ കൃതിയാണത്. മാവോയെ ആദ്യമായി നേരില്‍ക്കണ്ട് അഭിമുഖം നടത്തിയ പാശ്ചാത്യന്‍ സ്‌നോ ആണ്. പ്രസിദ്ധമായ 'ലോങ്ങ് മാര്‍ച്ച്' എന്താണെന്ന് ലോകം ഈ കൃതിയില്‍ നിന്ന് വായിച്ച് പുളകംകൊണ്ടു. വിപ്ലവം നയിച്ച നൂറുകണക്കിന് സ്ത്രീ പുരുഷന്‍മാരുടെ ജീവചരിത്രക്കുറിപ്പും സ്‌നോയുടെ പുസ്തകത്തിലുണ്ട്.ഇന്ന് ചൈനയെ ലോകം ചെന്താരത്തിന്റെ വര്‍ണ മഹിമയിലല്ല വിലയിരുത്തുന്നത്. മാവോ സേ തൂങ്ങ് ഇന്ത്യയിലെ ഏതാനും തലതിരിഞ്ഞവരെയല്ലാതെ ലോകത്ത് മറ്റാരെയും ആകര്‍ഷിക്കുന്നില്ല. മുതലാളിത്ത മാര്‍ഗത്തിലൂടെ സാമ്പത്തിക വളര്‍ച്ച ഉണ്ടാക്കുന്ന അച്ചടക്കമുള്ള ജനങ്ങളുടെ ഒരു രാജ്യം എന്ന നിലയിലാണ് ആധുനിക ലോകം ചൈനയെ വീക്ഷിക്കുന്നത്. ഇപ്പോള്‍ ചൈനയില്‍ നിന്ന് അനിഷ്ടകരമായ ചില വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ആ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് അഴിമതിക്കുറ്റത്തിന് ഒന്നരലക്ഷത്തിലേറെ ഉദ്യോഗസ്ഥന്‍മാരെ പിടികൂടി ശിക്ഷിച്ചു. കൈക്കൂലി, രഹസ്യം ചോര്‍ത്തല്‍, കമ്മീഷന്‍ വ്യവസ്ഥയില്‍ വിടുപണി ചെയ്യല്‍ തുടങ്ങിയ നിയമരഹിത പ്രവര്‍ത്തനങ്ങള്‍ക്കാണ് ഏറെപ്പേരും ശിക്ഷ അനുഭവിക്കുന്നത്. അധികാരപദവികള്‍ ദുര്‍വിനിയോഗം ചെയ്ത് ധനം സമ്പാദിക്കുന്നവര്‍ ചൈനയില്‍ വര്‍ധിച്ചുവരികയാണെന്ന് കേന്ദ്ര പാര്‍ട്ടി സ്‌കൂളിലെ പ്രൊഫസര്‍ യേദൂച്ചു പറയുന്നു.
 
നിലവാരമില്ലാത്ത വ്യാജ ഉല്‍പന്നങ്ങളുടെ നിര്‍മാതാക്കള്‍ എന്ന നിലയില്‍ ചൈന കുപ്രസിദ്ധി നേടിയിട്ടുണ്ട്. ജല-വായു മലിനീകരണം ചൈനയുടെ തീരാശാപമാണ്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ ചൈനയുടെ പ്രതിച്ഛായ തകര്‍ക്കുന്ന ഏറ്റവും വലിയ പ്രശ്‌നം കൈക്കൂലിയും അഴിമതിയുമാണെന്ന് ഒരു സര്‍വേയിലൂടെ തെളിഞ്ഞിരിക്കുന്നു. തലസ്ഥാനമായ ബീജിങ്ങ് ഉള്‍പ്പെടെ അഞ്ച് വന്‍നഗരങ്ങള്‍ തുടര്‍ച്ചയായി കഴിഞ്ഞ മൂന്നുകൊല്ലം അഴിമതിക്ക് പിടിക്കപ്പെട്ടവരുടെ എണ്ണം കൊണ്ട് ദേശീയശ്രദ്ധ കൈവരിച്ചു. രാജ്യത്ത് സന്ദര്‍ശനം നടത്തുന്ന വിദേശികളുടെ പേടിസ്വപ്നമാണ് മോഷണവും പോക്കറ്റടിയും. ഏതാനും വര്‍ഷം മുമ്പ് കേരളത്തിലെ റബര്‍ ബോര്‍ഡില്‍ നിന്ന് ചൈനയിലെ ഒരു ഉപനഗരത്തില്‍ എത്തിയ ശോഭകുമാരി എന്ന ഉദ്യോഗസ്ഥ കൊള്ളയടിക്കപ്പെട്ട വിവരം അല്‍പം ഞെട്ടലോടെയാണ് നമ്മുടെ വായനക്കാര്‍ കേട്ടത്. റബര്‍ ബോര്‍ഡ് ചൈനയില്‍ സംഘടിപ്പിച്ച ഒരു വ്യവസായ പ്രദര്‍ശന പരിപാടിയില്‍ ഔദ്യോഗിക പ്രതിനിധിയായി പോയതായിരുന്നു ആ ഉദ്യോഗസ്ഥ. പണവും വിലപ്പെട്ട സാധന സാമഗ്രികളും യാത്രാ രേഖകളും മോഷ്ടിക്കപ്പെട്ടതിനാല്‍ തിരിച്ച് നാട്ടിലെത്താന്‍ ആ ഉദ്യോഗസ്ഥയ്ക്ക് ഏറെ കഷ്ടപ്പെടേണ്ടിവന്നു. കമ്യൂണിസ്റ്റ് ചൈനയിലെ യുവാക്കള്‍ അതിവിദഗ്ധ മോഷ്ടാക്കളാണെന്ന് അനുഭവിച്ചറിഞ്ഞ ആരും വീണ്ടും ആ രാജ്യം കാണാന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്നാണ് പറയുന്നത്. ഖനന കമ്പനിയായ റിയോ ടിന്റോ കൈക്കൂലി നല്‍കി ചൈനയില്‍ പ്രവര്‍ത്തിക്കേണ്ടിവന്നതിനെക്കുറിച്ച് ഗത്യന്തരമില്ലാതെ ചില വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.
 
അവരുടെ പരാതിയെത്തുടര്‍ന്ന് ഷാങ് ഹായിലെ നാല് പ്രമുഖ ഉദ്യോഗസ്ഥര്‍ പതിനാല് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. ചൈനയിലെ ചെറുപട്ടണങ്ങളില്‍ വന്‍കൈക്കൂലി നല്‍കിയാലേ വിദേശ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്ന് ഒരു ബ്രിട്ടീഷ് ബിസിനസ്സുകാരന്‍ വെളിപ്പെടുത്തുന്നു. ഒന്നരലക്ഷം ഡോളര്‍ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനോട് പിണങ്ങി തന്റെ ഒരു സംരംഭം ഉപേക്ഷിച്ചുപോന്ന കാര്യവും അദ്ദേഹം രേഖപ്പെടുത്തുന്നു. ചൈന ഒരു ഉല്‍പാദക രാജ്യമാണ്. ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളാണ് വന്‍തോതില്‍ ഉണ്ടാക്കി പുറംലോകത്തേക്ക് വിടുന്നത്. ഭൂമുഖത്തുനിന്ന് പട്ടിണി മാറ്റാന്‍ ഒരു തത്വചിന്തയുണ്ടാക്കി മാനവരാശിക്ക് നല്‍കിയ കാള്‍ മാര്‍ക്‌സിനുപോലും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയ രാജ്യമാണ് ചൈന. എല്ലാം കൃത്രിമമായി ഞെക്കിപ്പഴുപ്പിച്ച് നശിപ്പിക്കുന്ന ചൈനയുടെ സാഹിത്യവും കലയും സംസ്‌കാരവുമൊക്കെ വളരെ ഉന്നതമാണ്. പക്ഷേ കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തില്‍പ്പോലും മായം ചേര്‍ത്ത ഈ രാജ്യം കായികവിനോദത്തിന്റെ പേരിലാണ് മസില്‍പിടിച്ച് നില്‍ക്കുന്നത്. കുട്ടികളെ ചെറുപ്പത്തിലേ പിടികൂടി കൃത്രിമമായി ഞെക്കിപ്പഴുപ്പിച്ചെടുക്കുന്ന വൈഭവം എല്ലാക്കാര്യത്തിലുമെന്നപോലെ സ്‌പോര്‍ട്‌സിലും ചൈനയ്ക്ക് മികവുണ്ടാക്കിക്കൊടുക്കുന്നു. സ്വാതന്ത്ര്യവും ശുദ്ധവായുവും ശുദ്ധജലവും സംശുദ്ധമായ വ്യക്തിത്വവുമില്ലാത്ത ഒരു കപട സമൂഹമായി കമ്യൂണിസ്റ്റ് ചൈന മാറിയിരിക്കുന്നു. 

Wednesday, June 22, 2011

ചന്ദ്രപ്പന്റെ ദിവാസ്വപ്നവും കാരാട്ടിന്റെ കുത്തും


കമ്യൂണിസ്റ്റ് ഏകീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുന്നു. കുറേക്കാലമായി സി.പി.ഐ താലോലിച്ച് കൊണ്ടുനടന്നും നടക്കാത്തതിനാല്‍ വഴിയില്‍ ഉപേക്ഷിച്ചതുമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം എന്ന സ്വപ്‌നം.
ബംഗാളിലെയും കേരളത്തിലെയും ഇടത് പരാജയങ്ങള്‍ക്കുശേഷം സംഘടനാശക്തി വീണ്ടെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ച സി.പി.ഐ നേതാവ് സി.കെ ചന്ദ്രപ്പന്‍ തന്നെയാണ് വീണ്ടും ഇക്കാര്യം എടുത്ത് പുറത്തിട്ടത്. സി.പി.എം കേന്ദ്രകമ്മിറ്റി ജൂണ്‍ 11, 12 തീയതികളില്‍ ഹൈദരാബാദില്‍ ചേര്‍ന്നപ്പോള്‍ കമ്യൂണിസ്റ്റ് ഏകീകരണത്തെക്കുറിച്ച് ആ പാര്‍ട്ടിയുടെ അഭിപ്രായം പുറത്തുവരുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. കാര്യമായി ഒന്നും ഉണ്ടായില്ല. എന്നാല്‍ പി.ബി അംഗം സീതാറാം യച്ചൂരിയുടെ അഭിപ്രായം എന്ന നിലയില്‍ കമ്യൂണിസ്റ്റ് ഐക്യത്തിന് അനുകൂലമായ ചില വിശദീകരണങ്ങള്‍ പുറത്തുവന്നു. ഞങ്ങള്‍ക്ക് കമ്യൂണിസ്റ്റ് ഏകീകരണത്തില്‍ പ്രത്യേക താല്‍പര്യമൊന്നുമില്ല. മന്ത് രോഗം വലതുകാലില്‍ ആയാലും ഇടതുകാലില്‍ ആയാലും രോഗം തന്നെ. രണ്ടുംകൂടി ഒരുകാലില്‍ വന്നാലും രണ്ട് കാലിലും രോഗം വന്നാലും രോഗി കഷ്ടപ്പെടണം. എങ്കിലും സീതാറാം യച്ചൂരി താഴേത്തട്ടില്‍ നിന്ന് ഐക്യത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് സി.പി.എം നേതാക്കള്‍ ആവേശത്തോടെ അതിന് തിരുത്തുമായി ഇറങ്ങിയപ്പോള്‍ കൗതുകം തോന്നി. 'ചരിത്രപരമായ കാരണത്താല്‍ ഒരിക്കലും നടക്കാത്തകാര്യം' എന്നാണ് എസ്. രാമചന്ദ്രന്‍പിള്ള കഴിഞ്ഞദിവസം ഇതേപ്പറ്റി പറഞ്ഞത്. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കമ്യൂണിസ്റ്റ് ഐക്യം തന്റെ പാര്‍ട്ടിയുടെ ചിന്തയില്‍പ്പോലുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഇങ്ങനെ?
 
47 വര്‍ഷംമുമ്പ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നതിന് ദേശീയവും അന്തര്‍ദേശീയവുമായ ചില കാരണങ്ങള്‍ നേതാക്കള്‍ നിരത്തിയിരുന്നു. സോവിയറ്റ് യൂണിയനെ പിന്തുടരുന്ന ഒരു കൂട്ടരും ചൈനാ നയങ്ങളോട് ആഭിമുഖ്യമുള്ള മറുകൂട്ടരും തമ്മിലായിരുന്നു അകല്‍ച്ച. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനോട് യോജിച്ച് പോകാന്‍ താല്‍പര്യപ്പെട്ട സോവിയറ്റ് ബ്ലോക്ക് സി.പി.ഐ എന്ന പേരില്‍ നിലനിന്നു. കല്‍ക്കത്താ തിസീസിന്റെ മൗഢ്യങ്ങളില്‍ നിന്ന് വിട്ടുമാറാന്‍ കൂട്ടാക്കാത്ത ചൈനാ പക്ഷപാതികള്‍ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കണ്ടുകൊണ്ട് സി.പി.എം എന്ന പേരില്‍ പുതിയ പാര്‍ട്ടിയായി. 1964ല്‍ ഇന്ത്യയിലും വിദേശത്തും നിലനിന്ന ജീവിതഘടനയല്ല ഇപ്പോഴത്തേത്. സാമൂഹിക, രാഷ്ട്രീയ രംഗത്തും സാമ്പത്തിക രംഗത്തും ലോകമാസകലമുണ്ടായ വ്യതിയാനം കമ്യൂണിസ്റ്റുകാര്‍ക്ക് അന്യമൊന്നുമല്ല. സോവിയറ്റ് യൂണിയന്‍ ഇല്ലാതായി. ചൈന മുതലാളിത്ത സ്വഭാവമുള്ള ഏകാധിപത്യ നയം പിന്‍തുടരുന്നു. കോണ്‍ഗ്രസുമായി സഹകരിക്കാനോ ഭരണം പങ്കിടാനോ രാജ്യത്തെ ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടികളും സന്നദ്ധമായിട്ടുണ്ട്. ചുരുക്കത്തില്‍ കമ്യൂണിസ്റ്റ് പിളര്‍പ്പിന് അടിസ്ഥാനമായ കാരണങ്ങളൊന്നും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഭരണത്തിലേറിയ ഇടതുമുന്നണിയുടെ ദുര്‍നയങ്ങള്‍കൊണ്ട് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയും അധികാര സ്ഥാനങ്ങളില്‍ നിന്ന് തൂത്തെറിയപ്പെടുകയും ചെയ്ത അവസ്ഥയില്‍ സംഘടനാ ശക്തി വീണ്ടെടുക്കാന്‍ സി.പി.ഐ കരുതുമ്പോലെ കമ്യൂണിസ്റ്റ് ഏകീകരണം നല്ലതാണ്.
 
ചെങ്കൊടി പിടിച്ചുകൊണ്ട് ഒരേ തത്വശാസ്ത്രം ഉരുവിട്ട് എന്തിനാണ് നമ്മുടെ രാജ്യത്ത് അനേകം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍? വരട്ട് തത്വവാദങ്ങളും കാലത്തിനും മനുഷ്യജീവിതത്തിനും ഉപകരിക്കാത്ത മൂഢവിശ്വാസങ്ങളും മുറുകെപിടിച്ചതിനാല്‍ ജനങ്ങളില്‍ നിന്ന് അതിവേഗം വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് ചുമപ്പുരാഷ്ട്രീയം. സ്വാതന്ത്ര്യം പ്രാപിച്ചശേഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപമെടുത്ത ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഖ്യ പ്രതിപക്ഷം കമ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്നു. നെഹ്‌റു പ്രധാനമന്ത്രിയും എ.കെ.ജി പ്രതിപക്ഷ നേതാവുമായിരുന്ന ലോക്‌സഭയെക്കുറിച്ച് ചിലരെങ്കിലും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവും. കോണ്‍ഗ്രസിന് ബദല്‍ കമ്യൂണിസ്റ്റ് എന്ന് കരുതപ്പെട്ടിരുന്ന ആ രാഷ്ട്രീയ ശക്തി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നഷ്ടപ്പെട്ടു. തല്‍സ്ഥാനത്ത് വര്‍ഗ്ഗീയ രാഷ്ട്രീയവും പ്രതിലോമ പ്രസ്ഥാനങ്ങളും കയറിവന്നു. മൊസൈക്ക് തരികള്‍പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിളര്‍ന്ന് ചിതറി. അവര്‍ക്കിടയില്‍ ഇനിയൊരു യോജിപ്പുണ്ടായാലും പഴയ പ്രതാപം വീണ്ടുകിട്ടുമെന്ന് കരുതാനാവില്ല. ഐക്യം ചിന്തയില്‍പോലുമില്ലെന്ന് പറയുന്ന പ്രകാശ് കാരാട്ടിന്റെയും കൂട്ടരുടെയും പ്രശ്‌നം ഊഹിക്കാവുന്നതേയുള്ളൂ. സി.പി.എം ഇന്ന് വലിയൊരു പ്രസ്ഥാനമാണ്. സാമ്പത്തിക കേന്ദ്രീകരണത്തിലൂടെ രാജ്യത്തെ ഏത് കുത്തകയേയും വെല്ലാവുന്ന തരത്തിലുള്ള ആസ്തിയുള്ള പാര്‍ട്ടി. അധികാരവും സാമ്പത്തിക ശക്തി സ്രോതസ്സും പാര്‍ട്ടി സ്ഥാപനങ്ങളും കമ്യൂണിസ്റ്റ് ഐക്യത്തിന്റെ പേരില്‍ പങ്കുവയ്ക്കാനുള്ള മടി മാത്രമാണ് തടസ്സം. അതിന് ചരിത്രത്തിന്റെയും തത്വശാസ്ത്രത്തിന്റെയും പട്ടെടുത്ത് പുതപ്പിക്കേണ്ട ആവശ്യമില്ല.

Monday, June 20, 2011

വി.എസിന്റെ മലക്കം മറിച്ചില്‍ പാര്‍ട്ടിയില്‍ സജീവ ചര്‍ച്ച


 'കരിമ്പൂച്ചകളെ' തള്ളി വിഎസിന്റെ മലക്കംമറിച്ചില്‍ പാര്‍ട്ടിയില്‍ സജീവചര്‍ച്ചയാകുന്നു. മുഖ്യമന്ത്രിക്കസേരയിലിരുന്ന് ഐഎഎസ് ഉദ്യോഗസ്ഥനായ സുരേഷ്‌കുമാറിനെയും
ഐ പി എസ് ഉദ്യോഗസ്ഥനായ ഋഷിരാജ് സിംഗിനെയും മൂന്നാറിലേക്ക് അയച്ച് ഇടിച്ചുനിരത്താന്‍ കല്പന നല്‍കിയ അച്യുതാനന്ദനാണ് ഇപ്പോള്‍ സുരേഷ്‌കുമാറിനെ കടുത്തഭാഷയില്‍ തള്ളിപ്പറഞ്ഞ് മുഖംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. സ്വയംഭരണം നടത്തി മൂന്നാറിലെ ഇടിച്ചുനിരത്തല്‍ നാടകം കഴിഞ്ഞ് നാലുവര്‍ഷത്തിനുശേഷമാണ് വിഎസിന്റെ കുമ്പസാരം. മൂന്നാര്‍ ഇടിച്ചുനിരത്തലിന്റെയും പെണ്‍വാണിഭ കേസുകളുടെയും പ്രതിച്ഛായ മുഖ്യമന്ത്രിയായ വിഎസിന് ചാര്‍ത്തിക്കൊടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് സുരേഷ്‌കുമാര്‍. രവീന്ദ്രന്‍ പട്ടയങ്ങളെ ഒരുകാലത്ത് തള്ളിപ്പറഞ്ഞ വി എസ് ഇപ്പോള്‍ അതിനെ ന്യായീകരിക്കുകയാണ്. രവീന്ദ്രന്‍ പട്ടയം ചൂണ്ടിക്കാട്ടി പാര്‍ട്ടി ഓഫീസുകള്‍ക്കെതിരെ നീങ്ങിയത് അനാവശ്യമാണെന്നാണ് വയലാര്‍ സമര നായകന്റെ പ്രസ്താവന. സര്‍ക്കാര്‍ തീരുമാനം ലംഘിച്ച് പാര്‍ട്ടി ഓഫീസുകള്‍ക്കുനേരെ നടപടിയെടുത്തു എന്ന പുതിയ വെളിപ്പെടുത്തലുകളും വി എസ് നടത്തുന്നുണ്ട്. വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം പൊതുസമൂഹം പൊതുവെ സ്വീകരിച്ചിട്ടുണ്ട്. മറ്റുള്ളവരെ കയ്യാമം വെയ്ക്കാനും ജയിലിലടയ്ക്കാനും പടിയിറക്കാനും ആക്രോശിച്ച് നാടാകെ നടന്ന മുഖ്യമന്ത്രി വിഎസ്, തന്റെ മകന്റെ കാര്യം വന്നപ്പോള്‍ പഴയ തറവാട്ടുകാരണവരുടെ സങ്കുചിത മനസ്സുമായി നടത്തിയ പ്രതികരണവും സിപിഎം കേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Sunday, June 19, 2011

സംഗം സിനിമ അഭിമുഖം കത്തുകള്‍ കമ്യൂണിസ്റ്റ് പുനരേകീകരണം വേണമെന്ന് സിപിഐ; മനക്കോട്ടയെന്ന് സിപിഎം, പ്രവര്‍ത്തകര്‍ രണ്ടു തട്ടില്‍


കമ്യൂണിസ്റ്റ് പുനരേകീകരണ സ്വപ്‌നങ്ങളുമായി സിപിഐ ദേശീയ കൗണ്‍സില്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ ആരംഭിക്കുമ്പോള്‍ അതിനുള്ള വെള്ളം വാങ്ങി വച്ചേരെ എന്നാണ് വല്യേട്ടനായ സിപിഎം ഇപ്പോള്‍ കല്‍പ്പിച്ചിരിക്കുന്നത്.
പാര്‍ട്ടിക്കുള്ളില്‍ സമാന്തര സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന സീതാറാം യെച്ചൂരി കമ്യൂണിസ്റ്റ് ലയനമെന്നും ഏകീകരണമെന്നും പറഞ്ഞത് സിപിഎമ്മിനുള്ളില്‍ ഒച്ചപ്പാടുണ്ടാക്കിക്കഴിഞ്ഞു.ഇതിനെ അനുകൂലിച്ച് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ സംസ്ഥാന സെക്രട്ടരി സി.കെ ചന്ദ്രപ്പന്‍ രംഗത്തു വന്നതോടെയാണ് പ്രകാശ് കാരാട്ടിന് നേരിട്ട് ഇതിനെതിരേ രംഗത്ത് വരേണ്ടി വന്നത്.സംസ്ഥാന സമ്മേളനത്തിലേക്കും പാര്‍ട്ടി കോണ്‍ഗ്രസിലേക്കും സിപിഎം പോകാനിരിക്കെ ഇത്തരത്തിലുള്ള പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും നിര്‍ത്താനാവശ്യപ്പെട്ടുകൊണ്ട് സിപിഎം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരേ രംഗത്തു വന്നു കഴിഞ്ഞു.
പാര്‍ട്ടിയുടെ അടിത്തട്ടില്‍ വി.എസ് അച്യുതാനന്ദനനുകൂലമായി രൂപപ്പെട്ടു വരുന്ന പുതിയ ചേരിയും കേരളത്തില്‍ സിപിഎം നേരിടുന്ന പ്രശ്‌നങ്ങളുമൊക്കെക്കൂടി കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് പാര്‍ട്ടിയെ എത്തിക്കുമ്പോള്‍ യെച്ചൂരിയുടെ നടപടി പ്രവര്‍ത്തകരെ രണ്ടു തട്ടിലാക്കുമെന്ന അഭിപ്രായമാണ് പ്രകാശ് കാരാട്ട് വ്യക്തമാക്കിയിട്ടുള്ളത്.സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ തെരഞ്ഞെടുപ്പു കാലത്തു പോലും പരസ്പ്പര ധാരണയില്ലാതെ പ്രവര്‍ത്തിക്കുന്ന സിപിഐയും സിപിഎമ്മും മിക്കയിടങ്ങളിലും തമ്മില്‍ സംഘര്‍ഷവും വെട്ടും കുത്തുമാണ്.ഇക്കണക്കിന് പോയാല്‍ പുനരേകീകരണം പോയിട്ട് ഇടതുപക്ഷ പാര്‍ട്ടികള്‍ തന്നെയില്ലാതാകുന്ന അവസ്ഥയിലാണ്.അതിനാല്‍ നിലവിലുള്ള സാഹചര്യത്തില്‍ അങ്ങു മുന്നോട്ട് പോയാല്‍ മതിയെന്നതാണ് സിപിഎമ്മിന്റെ നയം.മാത്രമല്ല ബംഗാളില്‍ ഒന്നുമല്ലാതായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ അവിടെ തങ്ങളെ നിശിതമായി വിമര്‍ശിക്കുകയും എന്നാല്‍ കേരളത്തില്‍ ഇടതുമുന്നണിയില്‍ സ്ഥാനം വേണമെന്നും ആവശ്യപ്പെടുന്ന ഫോര്‍വേഡ് ബ്ലോക്കിന്റെയും മറ്റും ഭീഷണികളും സിപിഎമ്മിന്റെ മുന്നിലുണ്ട്.
 
നിയമസഭാ തെരഞ്ഞെടുപ്പില്‍ മിക്കയിടത്തും പാര്‍ട്ടി സ്ഥാനാര്‍ഥികളെ സിപിഐ കാലുവാരിയെന്നും തങ്ങളല്ല സിപിഎമ്മാണ് അതു ചെയ്തതെന്നും പരസ്പ്പരം ആരോപണമുന്നയിക്കുകയായിരുന്നു സിപിഎമ്മും സിപിഐയും. കേന്ദ്ര കമ്മിറ്റിയില്‍ പോലും സിപിഐക്കെതിരേ സിപിഎം ഇതേ ആരോപണം ഉന്നയിച്ചിരിക്കുകയും ചെയ്ത സ്ഥിതിക്ക് ഡല്‍ഹിയില്‍ ആരംഭിച്ച സിപിഐ കൗണ്‍സിലിന് പ്രത്യേക പ്രസക്തിയുണ്ട്.രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലകോനമാണ് സിപിഐയുടെ പ്രധാന വിഷയം.കേരളത്തിലെയും ബംഗാളിലെയും പരാജയ കാരണങ്ങള്‍ സംസ്ഥാന ഘടകങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായി പരിശോധിക്കും.സിപിഎമ്മിനെതിരേ രൂക്ഷ വിമര്‍ശനമാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ തയാറാക്കിയിരിക്കുന്ന റിപ്പോര്‍ട്ടിലുള്ളത്.ഇതു കൂടി പുറത്തു വരുന്നതോടെ സംസ്ഥാനത്ത് സിപിഐയും സിപിഎമ്മും തമ്മിലുള്ള സ്പര്‍ധ വീണ്ടും വര്‍ധിക്കും.ദേശീയതലത്തില്‍ ഇരു പാര്‍ട്ടികളിലെ നേതാക്കള്‍ തമ്മിലുള്ള ബന്ധം തകര്‍ച്ചയിലേക്ക് നീങ്ങുകയും ചെയ്യും.സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള പാര്‍ട്ടി സമ്മേളനങ്ങളുടെ തീയതിയും ദേശീയ കൗണ്‍സില്‍ തീരുമാനിക്കും. ദേശീയ കൗണ്‍സിലിനു മുന്നോടിയായി ഇന്നലെ പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതി യോഗം ചേര്‍ന്നിരുന്നു. കമ്യൂണിസ്റ്റ് ഐക്യമെന്ന വിഷയത്തിലൂന്നിയാണ് സിപിഐ ഇക്കുറി രംഗത്തു വരുന്നതെങ്കിലും ഇവരുടെ പല നിലപാടുകളും ഐക്യത്തിനു തുരങ്കം വക്കുന്നതാകും.ജില്ലാ സമ്മേളനത്തില്‍ ആയുധമേന്തിയ അംഗരംക്ഷകര്‍ക്കൊപ്പം എത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ചന്ദ്രപ്പന്റെ നിലപാടുള്‍പ്പെടെ വന്‍ വിമര്‍ശനത്തിനു വിധേയമാകുമെന്നാണ് റിപ്പോര്‍ട്ട്.