Friday, September 30, 2011

അണിയറയിലെ അലമ്പുനാടകം


സിപി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പത്രക്കാരോട് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് 'ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന്'.
പത്രക്കാരും പത്രങ്ങളും ജനങ്ങളും, അവരില്‍ സി.പി.എമ്മുകാരും പെടും. അന്നൊന്നും ചിന്തിച്ചില്ല വിജയന്റെ വാക്കുകളുടെ വിശ്വലഹരി. ചിലപ്പോള്‍ വിജയന്‍ ഇങ്ങനെയാണ്, വലിയ തത്വജ്ഞാനിയാകും. ബക്കറ്റിലെ വെള്ളവും നികൃഷ്ടജീവിയും എല്ലാ ഭാഷയും അറിയുന്ന മഹാകവി സുധാകരനുമൊക്കെ വിജയചിന്തയുടെ ദാര്‍ശനിക മുഖങ്ങളാണ്, നിങ്ങളുടെ മുഖം ചുളിഞ്ഞാലും.
ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന് പറയുമ്പോള്‍ അതിലിങ്ങനെ വിക്കിലീക്‌സ് വിളംബരം അടങ്ങിയിരിക്കുന്നു എന്ന് നമ്മള്‍ മലയാള പുത്തിജീവികളാരും വിചാരിച്ചില്ല. വെളിച്ചപ്പാട് ഏതിലെ ഓടിയാലും പിറകെ നടന്ന് കൊട്ടുന്ന ചെണ്ടക്കാരനെ പോലെ. കെ.ഇ.എന്‍ പോലും പാര്‍ട്ടിയുടെ ഈ സാര്‍വ്വദേശീയ സ്വാധീനം സങ്കല്പിച്ചുപോലും കാണില്ല. കെ.ഇ.എന്നുപോലും ഈ പാര്‍ട്ടിയെക്കുറിച്ച് ഒന്നും അറിയില്ലെന്ന് വരുമ്പോള്‍ സംഗതി അല്പം കട്ടിയാണ്.
 
അമേരിക്ക എന്നു പറഞ്ഞാല്‍ തന്നെ സി.ഐ.എ ചാരപ്പടയുണ്ടാക്കി തൊഴിലാളി വര്‍ഗ്ഗത്തിന്റെ മോചനം അട്ടിമറിക്കുന്ന നികൃഷ്ടജീവിയെന്നാണ് കമ്യൂണിസ്റ്റ് ചിന്തകളിലെ ലക്ഷണവാക്യം. കണ്ണുകൊണ്ട് നോക്കുകയോ കാതുകൊണ്ട് കേള്‍ക്കുകയോ കൈകള്‍കൊണ്ട് തൊടുകയോ ചെയ്തുകൂടാത്ത കമ്യൂണിസ്റ്റ് വിരുദ്ധതയാണ് അമേരിക്കന്‍ മുതലാളിത്വമെന്ന അമേരിക്കന്‍ സാമ്രാജ്യത്വം. എങ്ങനെ ഈ ലോകജന്മിയെ കൊല്ലാമെന്നതാണ് ഏത് ചുവപ്പനും ഒരു നൂറ്റാണ്ടായി രാപകല്‍ ചിന്തിക്കുന്നത്.
അങ്ങനെയുള്ള അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ബന്ധം ഇല്ലാതെ തന്നെ ആരോപിച്ച് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ എയിഡ്‌സ് രോഗിയാക്കി അപകീര്‍ത്തിപ്പെടുത്തുന്നത് ചുവപ്പന്മാരുടെ ഒരു ചിരകാല വിനോദമായിരുന്നു. കൂട്ടത്തില്‍ നിന്നും ചിന്തകൊണ്ടു ബോധ്യപ്പെട്ട് വഴിമാറിപോയ സി.ജെ. തോമസും എം. ഗോവിന്ദനുമൊക്കെ ചുവപ്പന്‍ നാള്‍വഴിയില്‍ സി.ഐ.എ ചാരന്മാരാണ്. അവസാനത്തെ സി.ഐ.എ ചാരനായി ഇവര്‍ മുദ്രയടിച്ചത് ലോകപ്രശസ്ത ധനതത്വശാസ്ത്രജ്ഞനായ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയാണ് എന്നതാണ് ഒടുവിലത്തെ ചുവന്ന ഫലിതം. അവരാണെന്റെ തോപ്പില്‍ മാലേ. അമേരിക്കന്‍ സാമ്രാജ്യത്വവുമായി അടച്ചിട്ട് അടുക്കള ചര്‍ച്ച നടത്തിയത്. ലോകത്തിലെ എട്ടാമത്തെ അത്ഭുതം.
 
അതാണീ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നും അറിയില്ലെന്ന് പിണറായി പറഞ്ഞതിന്റെ സാരം. ഈ സാരം അസാരം നമുക്ക് ബോധ്യപ്പെട്ടുവരികയായിരുന്നു. പാര്‍ട്ടി പരിപാടികളാണ് ജനകീയാസൂത്രണം കളിച്ചപ്പോള്‍, പിന്നെ ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരം കൈരളി ചാനല്‍ മായിച്ചുകളഞ്ഞപ്പോള്‍ ഇനിയൊരു സംശയമേയുള്ളൂ. സിപിഎം എന്ന് ഒരു  പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാകും? അതിനുള്ള ഗവേഷണമാകും ഐസക് നടത്തുന്നത്.ലോകത്ത് തൊഴിലാളിയും മുതലാളിയും സോഷ്യലിസ്റ്റും ഒക്കെയുണ്ടാകുന്നത് സാധാരണമാണ്. ഒരു കമ്യൂണിസ്റ്റ് രാഷ്ട്രത്തിലാണ് വിജയന്‍, ഐസക്, ബേബി, അച്യുതാനന്ദന്മാര്‍ ഇങ്ങനെ നടത്തിയിരുന്നു എങ്കില്‍ ഉണ്ടാകാവുന്ന ഭവിഷത്ത് സഖാക്കള്‍ പാര്‍ട്ടി അച്ചടക്കത്തില്‍ തൊട്ടുചിന്തിക്കണം. എന്നിട്ട് ബൂര്‍ഷ്വാ ഇന്ത്യയില്‍ ജനിച്ചതിന് ദൈവത്തോട് നന്ദി പറയണം. അമേരിക്കയാവാമെങ്കില്‍ ദൈവവും മതവുമൊക്കെയാകാം സഖാവേ. ഒന്നുമില്ലെങ്കില്‍ ലക്ഷക്കണക്കിന് മലയാളികള്‍ അമേരിക്കയില്‍ ജീവിക്കുന്നുണ്ടല്ലോ. അവരെ ആണ്ടോടാണ്ട് നിങ്ങള്‍ പോയി പിരിക്കുന്നുമുണ്ടല്ലോ. പണം അത് എവിടുത്തേതായാലും പുളിക്കില്ലല്ലോ-വോട്ടും അല്ലേ മദ്‌നി സഖാവേ.വിക്കിലീക്ക് വെളിപ്പെടുത്തല്‍കൊണ്ട് പാര്‍ട്ടിയ്ക്ക് ഒന്നും സംഭവിക്കില്ല. കാരണം അത്രയ്ക്ക് അച്ചടക്കമാണീ പാര്‍ട്ടിയില്‍. അച്ചടക്കമെന്നാല്‍ അടിമത്തമെന്നാണ് ചുവപ്പന്‍ പാര്‍ട്ടിയുടെ രീതി. എങ്കിലും മെല്ലെ... മെല്ലെ.. മാറി മാറി ഈ പാര്‍ട്ടി തന്നെ ഒരു അമേരിക്കന്‍ ഭജനസംഘമാകുന്നത് കാണാന്‍ നല്ലരസമുണ്ട്.
 
കേരളത്തില്‍ മാത്രമല്ല വിക്കിലീക്ക് കാറ്റ് വീശിയത്. പശ്ചിമബംഗാളിലും കരാട്ടിന്റെ ദല്‍ഹി ഓഫീസിലുവരെ ടിയാന്‍ വീശിക്കഴിഞ്ഞു. ചില മന്ത്രവാദികളുണ്ട് ബാധ ഒഴിപ്പിക്കാന്‍ പോയി ബാധയും ബാധ്യതയുമായി തീരുന്നവര്‍. മുതലാളിത്തം ഇത്ര ഉറ്റ ചങ്ങാതിയാണെങ്കില്‍ ഇനി മുതലാളി വര്‍ഗ്ഗം തൊഴിലാളി വര്‍ഗ്ഗം എന്നൊക്കെ വര്‍ഗ്ഗസിദ്ധാന്തം പറയുന്നതില്‍ എന്ത് കാര്യമാണ്.
സഖാവേ... സൂക്ഷിച്ച് നോക്കുക. നിങ്ങള്‍ ആകെ മാറിയിരിക്കുന്നു. എപ്പോഴും നാടകം കളിക്കാന്‍ പറ്റില്ല. അണിയറയില്‍ നാടകമില്ലല്ലോ. അതാണ് ഒര്‍ജിനല്‍. ഇപ്പോള്‍ കാണുന്നതാണ് യഥാര്‍ത്ഥ പാര്‍ട്ടി. റെഡ് വളണ്ടിയറേ... തലകറങ്ങുന്നുണ്ടോ... നമുക്ക് ഒരു അമേരിക്കന്‍ ഗുളിക കഴിക്കാം. വീക്കിലീക്ക് വായിക്കാം. എന്നിട്ട് പറയാം ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നുമറിയില്ല

സി പി എം മറന്നോ കണ്ണൂര്‍ ജയിലില്‍ കണ്ടെത്തിയ മൊബൈല്‍ഫോണ്‍ ശേഖരം?


കണ്ണൂര്‍: ജയിലിനകത്ത് യഥേഷ്ടം മൊബൈല്‍ ഫോണുകളുപയോഗിക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സി പി എം തടവുകാര്‍ക്ക് സകലസംരക്ഷണവും നല്‍കിയവരാണ് ഇപ്പോള്‍ ആര്‍ ബാലകൃഷ്ണപിള്ള സംഭവം വിവാദമാക്കി 'നല്ലപിള്ള' ചമയുന്നത്. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ള
ചാനല്‍റിപ്പോര്‍ട്ടറുമായി ഫോണില്‍ സംസാരിച്ചത് സി പി എം നേതാക്കള്‍ക്ക് മഹാ അപരാധമാണു പോലും. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മൊബൈല്‍ ഫോണെന്നല്ല പുറത്തു പറയാന്‍ കൊള്ളാത്ത സകല സൗകര്യങ്ങളും ഭരണത്തിന്റെ തണലില്‍ എത്തിച്ചു കൊടുത്ത നേതാക്കളാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഫോണുപയോഗിച്ചതിന്റെ പേരില്‍ ബാലകൃഷ്ണപിള്ളക്കെതിരേ ചന്ദ്രഹാസമുയര്‍ത്തുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സി പി എം തടവുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ ജയില്‍വകുപ്പു തന്നെ ശാസ്ത്രീയമായ സംവിധാനങ്ങളേര്‍പ്പെടുത്തിയത് ഇടതുഭരണകാലത്ത് വാര്‍ത്തകളിലിടം നേടിയതാണ്. സി പി എം തടവുകാരുടെ പക്കല്‍ നിന്ന് ഫോണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ജയിലുദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണി ഉയരും. പല തവണ ജയിലുദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം വരെ ഇവിടെയുണ്ടായി. പിന്നീടാണ് മൊബൈല്‍ ജാമര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്ഥാപിച്ചത്. എന്നാല്‍ ഇതിനേയും തകര്‍ത്ത് നിര്‍ബാധം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന സി പി എം തടവുകാരെ പിന്തുണക്കുന്നവരാണ് ബാലകൃഷ്ണപിളളയുടെ കാര്യത്തില്‍ ആദര്‍ശപ്രസംഗം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 16നായിരുന്നു രണ്ട് തടവുകാരുടെ ജയില്‍ചാട്ടത്തെ തുടര്‍ന്ന് എഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ ജയിലില്‍ റെയ്ഡ് നടന്നത്.
 
കുറുവടികള്‍, അറ്റം കൂര്‍പ്പിച്ച ഇരുമ്പുവടികള്‍ എന്നിവ വലിയ തോതില്‍ കണ്ടെത്തിയെങ്കിലും പിടിച്ചെടുത്ത സാധനങ്ങളുടെ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെക്കാനാണ് അന്ന് അധികൃതര്‍ക്കു മേല്‍ സമ്മര്‍ദ്ദമുണ്ടായത്. റെയ്ഡില്‍ കണ്ടെടുത്തതായി പറഞ്ഞ് ആറു മൊബൈല്‍ഫോണുകള്‍, 27 ചാര്‍ജറുകള്‍, യഥേഷ്ടം കറിക്കത്തികള്‍, 3519 രൂപ എന്നിവ അധികൃതര്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.  മൊത്തം നാലു ലോഡ് സാധനങ്ങള്‍ കണ്ടെത്തിയെന്നാണ് എ ഡിജിപി  വിശദീകരിച്ചത്. ലഹരിമരുന്നും റെയ്ഡില്‍ കണ്ടെടുത്തിരുന്നു.  2007 ല്‍ അന്നത്തെ ജയില്‍ ഡിജിപി എം.ജി.എ. രാമന്റെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ ഭക്ഷണപാത്രങ്ങളില്‍ നിന്നു മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും കണ്ടെടുത്തിരുന്നു. വിചാരണ തടവുകാരെ പാര്‍പ്പിച്ച രണ്ട്, പത്ത് ബ്ലോക്കുകള്‍ ഒഴികെയുള്ള മറ്റ് ഏഴ് ബ്ലോക്കുകളിലാണ് അന്ന് പരിശോധന നടത്തിയത്. 600 രൂപ, 30 മൊബൈല്‍ ചാര്‍ജറുകള്‍, 10മൊബൈല്‍ ഫോണുകള്‍, ഏഴ് പോക്കറ്റ് റേഡിയോകള്‍, രണ്ട് ടേപ്പ് റിക്കോര്‍ഡറുകള്‍ എന്നിവ അന്ന് പിടിച്ചെടുത്തിരുന്നു. പാത്രങ്ങളില്‍  ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും അന്ന് കണ്ടെടുത്തത്. സംഘം പരിശോധിക്കുന്നതിനിടെ ജയില്‍ ആശുപത്രിക്കകത്ത് മൂന്നിടങ്ങളില്‍ സ്റ്റൗ അടുപ്പില്‍ ഓംലറ്റ് തയാറാക്കുന്നതായി അന്ന് കണ്ടെത്തിയതും വാര്‍ത്തയായിരുന്നു.
 
കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളിലൊന്നായ അമ്മു അമ്മ- ശിഹാബ് വധക്കേസിലെ സി പി എം കാരായ പ്രതികള്‍ ജയിലര്‍മാര്‍ നിശ്ചയിക്കുന്ന  ഡ്യൂട്ടി ചെയ്യാതെ അവര്‍ക്ക് തോന്നുന്ന ജോലി മറ്റുള്ളവരെ ഭീഷണിപ്പെടുത്തി നേടിയെടുക്കുന്ന സംഭവം പുറത്തുവന്നത് അടുത്തിടെയാണ്. പാചക സ്ഥലത്താണ് ഇവര്‍ സ്ഥിരമായി ജോലിയെടുക്കുന്നത്. കൂടുതല്‍ കാഠിന്യമുള്ള ജോലി  ഇവര്‍ക്ക് നിശ്ചയിച്ചാല്‍ അതു ചെയ്യാന്‍ കൂട്ടാക്കാറില്ല. കണ്ണൂര്‍ ജയിലില്‍ കുപ്രസിദ്ധി കേട്ടതാണ് സി പി എം തടവുകാരെ പാര്‍പ്പിക്കുന്ന പത്താം ബ്ലോക്ക്.  ഇവിടെ പരിശോധന നടത്താന്‍ പോലും സി പി എം തടവുകാര്‍ ഉദ്യോഗസ്ഥരെ അനുവദിക്കാറില്ല. മാസങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍ ജയിലില്‍ സര്‍വസന്നാഹങ്ങളോടും കൂടി നടന്ന റെയ്ഡില്‍ തടവുകാരില്‍ നിന്ന് പിടിച്ചെടുത്ത നൂറു കണക്കിന് മൊബൈല്‍ഫോണുകള്‍ ജയിലുദ്യോഗസ്ഥര്‍ തന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതാണ്. സി പി എം തടവുകാര്‍ക്ക് ജയിലില്‍ മൊബൈല്‍ ഫോണുപയോഗിക്കാം, ഇഷ്ടപ്പെട്ട ഭക്ഷണം പുറത്തു നിന്നുമെത്തിക്കാം, ഇഷ്ടമുള്ള ജോലി ചെയ്യാം- ഇതിനെല്ലാം സി പി എം നേതാക്കളുടെ പരിപൂര്‍ണ പിന്തുണയുണ്ട്. ജയിലില്‍ സി പി എമ്മുകാര്‍ക്ക് ഒരു നിയമം, മറ്റുള്ളവര്‍ക്കെല്ലാം വേറൊരു നിയമം എന്ന സി പി എം നിലപാടിലെ പരിഹാസ്യതയാണ് ബാലകൃഷ്ണപിള്ള വിവാദത്തില്‍ മറനീക്കി പുറത്തു വരുന്നത്.

വി എസ്-ഐസക് സഖ്യത്തിന് ആലപ്പുഴയില്‍ മുതല്‍ക്കൂട്ട്


Imageഡി.വൈ.എഫ്.ഐയെ കൈപ്പിടിയിലൊതുക്കി
ആലപ്പുഴ: ഡി വൈ എഫ് ഐയിലും തോമസ് ഐസക്ക് - വി എസ് പക്ഷം കൈകോര്‍ത്തതോടെ ഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ കമ്മറ്റിയും ഈ കൂട്ടുകെട്ട് കൈപ്പിടിയിലൊതുക്കി.
ഔദ്യോഗിക പക്ഷത്തിനുമേല്‍ പ്രഹരമേല്പിച്ച ജില്ലയില്‍ പാര്‍ട്ടി പിടിച്ചെടുക്കുവാന്‍ തോമസ് ഐസക്ക് നടത്തുന്ന ശ്രമത്തിന്റെ ഭാഗമെന്ന നിലയില്‍ ഏരിയ കമ്മറ്റികള്‍ പിടിച്ചെടുക്കുന്നതിന് വി എസ് പക്ഷത്തെ കൂട്ടുപിടിച്ച അതേ നീക്കം തന്നെയാണ് ഇവിടെയും നടന്നത്. ഇത് ഇരു പക്ഷത്തിന് നേട്ടവും  സുധാകര പക്ഷത്തിന് കനത്ത പ്രഹരവുമായി. ഇന്നലെ നടന്ന ജില്ലാ സ്‌പെഷ്യല്‍ കണ്‍വന്‍ഷനില്‍ വി എസ് അനുകൂലിയായ ബി അബിന്‍ ഷായെ പ്രസിഡന്റായും ഐസക് അനുകൂലിയായ അരൂര്‍ സ്വദേശി വി സോജകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. നിലവില്‍ സുധാകര പക്ഷക്കാനായ ബി വിനോദും എച്ച് സലാമുമായിരുന്നു പ്രസിഡന്റും സെക്രട്ടറിയും. 35 വയസിനു മേല്‍ പ്രായമുള്ളവരെ ജില്ലാ ഭാരവാഹികളാക്കരുതെന്ന മാനദണ്ഡം പോലും ലംഘിച്ചാണ് ഇവിടെ വി എസ്- ഐസക് പക്ഷം ഡി വൈ എഫ് ഐ നേതൃത്വം പിടിച്ചെടുത്തതെന്നും മറുപക്ഷം ആരോപിക്കുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഔദ്യോഗിക പക്ഷത്ത്തന്നെ നിലയുറപ്പിച്ചിരിക്കുന്ന ജി സുധാകരനെ അനുകൂലിക്കുന്നവരെ വെട്ടിയൊതുക്കിയാണ് ഐസക് - വി എസ് പക്ഷം ഡി വൈ എഫ് ഐയില്‍ മേല്‍ക്കൈ നേടിയിരിക്കുന്നത്. ഐസക്കിന്റെ വിശ്വസ്തനായ ആര്‍ റിയാസിനെ കൂടാതെ കെ എം സിനിമോള്‍, ജെ സുജിത് എന്നിവരെ വൈസ് പ്രസിഡന്റുമാരായും സാം തോമസ്, ജെ അജയന്‍, സി ഷാംജി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും പി എം പ്രമോദിനെ ട്രഷററായും തെരഞ്ഞെടുത്തു.

എഫ്.ഡി.ഐ; അണികളെ വഞ്ചിച്ച് സി.പി.എം നേതൃത്വം


ഇന്നിപ്പോള്‍ സാമ്പത്തിക വളര്‍ച്ചയില്‍ വിദേശമൂലധനത്തിന് (എഫ്.ഡി.ഐ സ്റ്റോക്കിനും, എഫ്.ഡി.ഐ ഫ്‌ളോയിക്കും ഉള്ള പങ്ക് ഒരു വിവാദവിഷയമല്ല.
അവികസിത രാഷ്ട്രങ്ങളുടെ വികസനത്തിനും വളര്‍ച്ചക്കും എഫ്.ഡി.ഐക്ക് കനത്ത സംഭാവന ചെയ്യാന്‍ കഴിയും എന്നത് ഒരു അനുഭവ സാമ്പത്തിക സത്യമായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മൂലധനത്തിലെ കുറവ്, സാങ്കേതിക വിജ്ഞാനത്തിലുള്ള പിന്നോക്കാവസ്ഥ എന്നിവ ഒട്ടൊക്കെ പരിഹരിക്കുന്നതിന് എഫ്.ഡി.ഐ സഹായിക്കുന്നുണ്ട്. ഇക്കാരണത്താലാണ്  അവികസിത രാഷ്ട്രങ്ങള്‍ പ്രത്യേകമായി  എഫ്.ഡി.ഐയെ ആശ്രയിക്കുന്നത്.  ഇന്ത്യയുടെ വികസനത്തിന് എഫ്.ഡി.ഐയുടെ ഉപയോഗത്തെ ശക്തമായി എതിര്‍ത്തതിന്റെ ബഹുമതി ഇന്ത്യന്‍ രാഷ്ട്രീയ കക്ഷികളുടെ ഇടയില്‍  ഇടതുപക്ഷ ചേരിക്ക് പൊതുവെയും സി.പി.എമ്മിന്  പ്രത്യേകമായും അവകാശപ്പെടാവുന്നതാണ്. ഒരു നീണ്ടകാലയളവുമുഴുവന്‍  അവര്‍ അതിനെ പരസ്യമായി എതിര്‍ത്തിരുന്നു. പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മറ്റി തീരുമാനങ്ങളിലും, എല്ലാ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള പ്രസിദ്ധീകരണങ്ങളിലും വിദേശമൂലധന നിക്ഷേപത്തെ അവര്‍ എതിര്‍ത്തിരുന്നു. ഒരു കാലയളവിനുശേഷം പരസ്യമായി ഇപ്രകാരം എതിര്‍ക്കുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ സാമ്പത്തിക വളര്‍ച്ചയില്‍ എഫ്.ഡി.ഐക്കുള്ള പങ്ക് അവര്‍ക്കും അറിയാമായിരുന്നു. ആദര്‍ശപരമായി, പാശ്ചാത്യശക്തികളെയും, അമേരിക്കയെയും എതിര്‍ക്കേണ്ട  രാഷ്ട്രീയ ചുമതല അവര്‍ നിറവേറ്റുകമാത്രമാണ് ചെയ്തിരുന്നത്. പില്‍ക്കാലത്ത്, കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന കെ.ആര്‍ ഗൗരിയും, ഇ.കെ. നായനാരും അമേരിക്കയില്‍ വിദേശസഹായം തേടിപോയ കഥ അറിവുള്ളതാണ്. 
 
ഇന്നിപ്പോള്‍ ഉള്ളത് വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകളാണ്. സഖാവ് പിണറായിയും, കോടിയേരി ബാലകൃഷ്ണനും, ഡോ. തോമസ് ഐസക്കും ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ തിമോത്തിറോമറെ നേരില്‍ കണ്ട വസ്തുത ഒട്ടൊക്കെ രഹസ്യമായി സൂക്ഷിച്ചകാര്യം ഇപ്പോള്‍ പരസ്യമായിരിക്കുന്നു.  വിദേശ മൂലധനത്തിന്റെ ലഭ്യതയെപ്പറ്റി കേരള സംസ്ഥാനത്തിനുവേണ്ടി അന്വേഷിച്ച വസ്തുത.  സി.പി.എം നേതൃത്വം, അണികളെ മറന്നും വഞ്ചിച്ചും ഇത്രപെട്ടെന്ന് അപ്രകാരം ഒരു കരണം മറിച്ചില്‍ നടത്തുമോ? വിക്കിലീക്‌സ് എന്ന സ്വകാര്യകമ്പനിയെ വിശ്വസിക്കാമോ? എവിടെന്നെങ്കിലും ചോര്‍ന്നുകിട്ടുകയോ, ചോര്‍ത്തിയെടുക്കുകയോ ചെയ്ത് ലഭിക്കുന്ന വസ്തുതകളുടെ ഒരു ഭണ്ഡാരമാണ് സത്യത്തില്‍ വിക്കിലീക്‌സ്.  കിട്ടുന്ന വസ്തുത പൂര്‍ണ്ണമായും ശരിയായിരിക്കണം എന്നില്ല. ഇതുപോലുള്ള പല സ്വകാര്യ കമ്പനികള്‍, പലരാഷ്ട്രങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. വിക്കി ലീക്‌സ്, സ്വീഡന്‍  ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുമ്പോള്‍, ക്യൂക്യൂ എന്നത് ചൈനയിലാണ്. ഠംലിശേ എന്നത് സ്‌പെയിനില്‍, ചമ്‌ലൃ  കൊറിയയില്‍,  ഫെയ്‌സ് ബുക്ക്,  വിക്കിപീഡിയ, യൂ-റ്റിയൂബ് എന്നിവ അമേരിക്കയില്‍. എല്ലാം നെറ്റ്-വര്‍ക്ക് ഏജന്‍സികള്‍ തന്നെയാണ്. ഇന്ത്യയിലെ കള്ളപ്പണക്കാരുടെ വിദേശനിക്ഷേപങ്ങളെപ്പറ്റി വിക്കി ലിക്‌സ് പുറത്ത് വിട്ടപ്പോള്‍ അതും അപ്പാടെ വിശ്വസിക്കാന്‍ എനിക്കായില്ല. എന്നാല്‍ ഇവിടത്തെ സി.പി.എം നേതൃത്വം അതിനെ ഒരു ആധികാരിക രേഖയായി അംഗീകരിച്ച്, കള്ളപ്പണക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉടനടി എടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
 
ഇവിടെ വിക്കിലീക്‌സില്‍ അവര്‍ക്ക് പൂര്‍ണ്ണവിശ്വാസം.  പിന്നീട് തിമോത്തി റോമറുമായുള്ള ചര്‍ച്ചകള്‍ പുറത്തായപ്പോള്‍ വിക്കിലീക്‌സ് അത്ര വിശ്വാസയോഗ്യമായ ഏജന്‍സി അല്ലാതായി. വ്യക്തമായ ഇരട്ടത്താപ്പ്. അമേരിക്കന്‍ അംബാസഡറുമായി വിദേശമൂലധന നിക്ഷേപത്തിന്റെ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതായി പിണറായിയും കൂട്ടരും അംഗീകരിച്ചുകഴിഞ്ഞു. സംഭവിച്ചത്, ആദ്യം സി.പി.എം നേതൃത്വത്തില്‍ ചിലര്‍ ഒന്നു നിഷേധിച്ചുനോക്കി; പിന്നീട് സമ്മതിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ഇത് ഇനിയൊരു വിവാദ പ്രശ്‌നമാക്കേണ്ടതില്ല. വിവാദമാക്കാനുള്ള ചുമതലയും അവകാശവും പ്രധാനമായും എല്‍.ഡി.എഫ് കേഡറിനുള്ളതാണ്. അക്കാര്യം അവര്‍ക്കുവിടാം. ബെറ്റര്‍ ലേറ്റ് ദാന്‍ നെവര്‍ എന്നാണല്ലോ ചൊല്ല്. ഇക്കാലമത്രയും യു.പി.എ സര്‍ക്കാരിന്റെ ഈ വിധ വികസനപാതയെ നിശിതമായി വിമര്‍ശിച്ചവര്‍, പാളം സ്വയം മാറ്റി. യു.പി.എയുടെ അതേ പാതയില്‍തന്നെ എത്തിയതിനെ സ്വാഗതം ചെയ്യാം; സന്തോഷിക്കാം. ഐ.ടി, ബയോടെക്‌നോളജി തുടങ്ങി ചില പാര്‍ട്ടി അംഗീകൃത മേഖലകളിലെ വിദേശ നിക്ഷേപം മാത്രമാണ് സി.പി.എം അംഗീകരിച്ചിരിക്കുന്നത് എന്ന പ്രകാശ് കാരാട്ടിന്റെ  നിലപാട് അണികളെ തൃപ്തിപ്പെടുത്താനും, കേവലം ഒന്നു പിടിച്ചുനില്ക്കാനും വേണ്ടിയുള്ളതാണ്. രാജീവ് ഗാന്ധിയുടെ 1980 കളുടെ രണ്ടാംപകുതിയിലെ കംപ്യൂട്ടര്‍ വല്‍ക്കരണം അന്ന് ശക്തമായി എതിര്‍ത്തവര്‍ തന്നെയല്ലെ, അതിന്റെ ഇന്നത്തെ പ്രധാനവക്താക്കളും മുഖ്യ പ്രയോജകരും.
 
വിദേശമൂലധനനിക്ഷേപകാര്യത്തിലും  ഇതു തന്നെ സംഭവിക്കും. മേല്‍പറഞ്ഞ നയം മാറ്റം സോവിയറ്റ് യൂണിയന്‍ സ്വീകരിച്ച അവസരങ്ങള്‍ ഉണ്ട്.  അതില്‍ ഒന്നുമാത്രം.  സോവിയറ്റ് ഉപഗ്രഹ രാഷ്ട്രങ്ങളായ പോളണ്ട്, ഹങ്കറി, റുമേനിയ, ചെക്ക് റിപ്പപ്ലിക്ക്, ഈസ്റ്റ് ജര്‍മ്മനി തുടങ്ങിയവ പാശ്ചാത്യ മൂലധനം യാതൊരു കാരണവശാലും സ്വീകരിക്കരുതെന്നായിരുന്നു സോവിയറ്റ് നിലപാട്.  ഇത് ജോസഫ് സ്റ്റാലിന്‍ തൊട്ട് നികിത ക്രൂഷ്‌ചേവ്, ബ്രഷ്‌നേവ്, ആന്‍ഡ്രോപോവ്, ഗോര്‍ബച്ചേവ് വരെ ഉണ്ടായിരുന്നു. ഈ ശക്തമായ നിലപാട് 1989 വരെ, നിലനിന്നിരുന്നുതാനും. 1990നുശേഷം വിദേശമൂലധനം സ്വീകരിച്ചു എന്നുമാത്രമല്ല, 2004 ലെ സ്ഥിതിവിവരക്കണക്കനുസരിച്ച്  അവയുടെ ജി.ഡി.പിയുടെ  25 ശതമാനം മുതല്‍ 60 ശതമാനം വരെ വിദേശമൂലധനം അവര്‍ ആകര്‍ഷിച്ചെടുക്കുകയും ചെയ്തു.  സാമ്പത്തിക പുരോഗമനം പ്രസ്തുത രാഷ്ട്രങ്ങളുടെ സാമ്പത്തിക വളര്‍ച്ചയിലും കാണാനുണ്ടായിരുന്നു. എന്നാല്‍ എന്താണ് സോവിയറ്റ് യൂണിയന്‍ ചെയ്തത്?  സോവിയറ്റ് റവന്യൂവരുമാനത്തിലെ ഒരു പ്രധാന ഘടകമായ എണ്ണ, പ്രകൃതി വാതകം എന്നിവ വിദേശക്കച്ചവടത്തിലൂടെ നേടുന്നതിനാണ് ട്രാന്‍സ് സൈബീരിയന്‍ പൈപ്പ് ലൈന്‍ നിര്‍മ്മിച്ചത്. ഇതിന്റെ  നിര്‍മ്മാണഘട്ടത്തിലെ മൂലധനനിക്ഷേപം പാശ്ചാത്യ രാജ്യങ്ങളുടേതായിരുന്നു. കോംപന്‍സേറ്ററി ട്രേഡ് എഗ്രിമെന്റ് എന്ന രീതി; മൂലധന കടം ഉല്പാദനവസ്തുവായ എണ്ണയും പ്രകൃതിവാതകവും, നിര്‍മ്മാണം തീരുമ്പോള്‍ മാത്രം നല്‍കി തിരിച്ചയ്ടക്കുന്ന രീതി. അതായിരുന്നു സോവിയറ്റ് സമീപനം. നിര്‍മ്മാണത്തിനാവശ്യമായ മൂലധനം സോവിയറ്റ് യൂണിയന് പാശ്ചാത്യ ശക്തികളില്‍ നിന്നും ഇപ്രകാരം ലഭിക്കുകയും ചെയ്തു.
 
2004-ലെ സ്ഥിതിവിവരകണക്കുകള്‍ അനുസരിച്ച് ആഗോളാടിസ്ഥാനത്തിലുള്ള വിദേശ മൂലധനനിക്ഷേപത്തിന്റെ 98 ശതമാനവും അവികസിത രാഷ്ട്രങ്ങളില്‍ തന്നെയാണ്. നിക്ഷേപിക്കുന്നവര്‍ യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, സൗത്ത് ആന്റ് സൗത്ത് ഈസ്റ്റ് ഏഷ്യ എന്നീ രാഷ്ട്രസമൂഹങ്ങളാണ്. അവയില്‍ തന്നെ യു.എസ്., യു.കെ., ജര്‍മ്മനി, ജപ്പാന്‍, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ് എന്നീ വികസിത രാഷ്ട്രങ്ങളാണ് പ്രധാനമായും മൂലധനനിക്ഷേപം നടത്തുക.  ആഗോളാടിസ്ഥാനത്തില്‍ പറഞ്ഞാല്‍, അവികസിത രാജ്യങ്ങളിലെ എഫ്.ഡി.ഐ സ്റ്റോക്ക് ഇന്‍വെസ്റ്റമെന്റ് ആകെയുള്ളതിന്റെ 25 ശതമാനവും, എഫ്.ഡി.ഐ ഫ്‌ളോയുടേത് 36 ശതമാനവുമാണ്. ഈ രണ്ട് നിക്ഷേപഇനങ്ങളിലും ഉണ്ടായിട്ടുള്ള നിക്ഷേപം 1990 വര്‍ഷത്തേക്കാള്‍ കൂടുതലാണ്. സ്റ്റോക്ക് നിക്ഷേപവര്‍ദ്ധനവ് അഞ്ച് ശതമാനവും ഫ്‌ളോ ഇന്‍വെസ്റ്റ്‌മെന്റ് വര്‍ദ്ധനവ് 21 ശതമാനവും.ഇത് അര്‍ത്ഥമാക്കുന്നത്, വിദേശമൂലധന നിക്ഷേപക്കാര്യത്തില്‍ അവികസിത രാജ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ നിക്ഷേപ ആനുകൂല്യം അനുഭവിക്കുന്നു എന്നാണ്.  അല്ലെങ്കില്‍, സാമ്പത്തിക വളര്‍ച്ചയെ ലാക്കാക്കി അവികസിതരാജ്യങ്ങള്‍ വിദേശ മൂലധനം വികസിത രാഷ്ട്രങ്ങളില്‍ നിന്ന് ആകര്‍ഷിച്ചെടുക്കുന്നു. ഇതിനായി എണ്ണമറ്റ സാമ്പത്തിക വിട്ടുവീഴ്ചകളും, പ്രോത്സാഹനവും ചെയ്യുന്നു. ഇതാണ് വസ്തുത.
 
അവികസിത രാഷ്ട്രങ്ങളുടെ വിദേശമൂലധന നിക്ഷേപം, അവരവരുടെ ആഭ്യന്തര ഉല്പാദനത്തിന്റെ എത്ര ശതമാനം എന്ന് കാണിക്കുന്ന സ്ഥിതിവിവരകണക്കുകള്‍  ഡചഇഠഅഉ പോലുള്ള സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാണ്. 2004ലെ കണക്കനുസരിച്ച് ചൈനയുടെ വിദേശ നിക്ഷേപതുക, അതിന്റെ ആഭ്യന്തര ഉല്പാദനത്തിന്റെ 15 ശതമാനമാണ്. 1995ല്‍ ചൈനയ്ക്ക് 18 ശതമാനം ആയിരുന്നപ്പോള്‍, ഇന്ത്യയുടേത് 0.9 ശതമാനം. ഒരു ശതമാനത്തിലും താഴെ. ഡചഇഠഅഉ ന്റെ  പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കനുസരിച്ച് വിദേശമൂലധനത്തിന്റെ ആനുകൂല്യം അനുഭവിക്കുന്ന പ്രധാന രാഷ്ട്രങ്ങള്‍ ചൈന, മെക്‌സിക്കോ, സിംഗപ്പൂര്‍, ഇന്‍ഡോനേഷ്യ, ബ്രസീല്‍, മലേഷ്യ എന്നിവയാണ്. ഇന്ത്യ ഇക്കാര്യത്തില്‍ നോബല്‍ ജേതാക്കളായ സാമ്പത്തിക വിദഗ്ദ്ധരുടെ പരിഗണനയില്‍പ്പോലും വരുന്നില്ല. അവരുടെ പുസ്തകത്താളുകളില്‍ ഇന്ത്യ ഇല്ലതാനും. രണ്ടു കാര്യങ്ങള്‍ ഇവിടെ എടുത്തു പറയേണ്ടതുണ്ട്. ഒന്ന്, പരിഗണനാര്‍ഹമായ വിധത്തിലുള്ള വിദേശമൂലധന നിക്ഷേപം, ലോകജനസംഖ്യയില്‍  രണ്ടാമതായി നില്‍ക്കുന്ന ഇന്ത്യ ആകര്‍ഷിച്ചെടുത്തിട്ടില്ല.  അതുകൊണ്ടുതന്നെ അതില്‍നിന്ന് വരാവുന്ന സല്‍ഫലങ്ങളോ, വിമര്‍ശര്‍ ഉന്നയിക്കുന്ന ദോഷഫലങ്ങളോ ഇന്നിപ്പോള്‍ ഇന്ത്യ അനുഭവിക്കുന്നില്ല. രണ്ട്, സാമ്പത്തിക രംഗത്ത് മുതലാളിത്ത പാതതന്നെ തുടരുകയും, രാഷ്ട്രീയ രംഗത്ത് കമ്മ്യൂണിസ്റ്റ് രാഷ്ട്രമായിത്തന്നെ കഴിയുകയും ചെയ്യുന്ന മധുര മനോഹര മനോജ്ഞ ചൈന. സ്വീകരിക്കുന്ന വിദേശ മൂലധനനിക്ഷേപം അവരുടെ ആന്തരിക ഉല്‍പാദനത്തിന്റെ 15 ശതമാനത്തോളം വലിയ ഒരു തുകയാണ്. ഇത് വിമര്‍ശകര്‍ വിസ്മരിച്ചുകൂടാ.

സിംഗൂര്‍ വിധിയും സി.പി.എമ്മും


പശ്ചിമബംഗാളില്‍ ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിച്ച് വിവാദ ഭൂമിയിടപാടില്‍ മമതാ ബാനര്‍ജി സര്‍ക്കാരിന് 

അനുകൂലമായി കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവുണ്ടായിരിക്കുന്നു. സിംഗൂരിലെ പാവപ്പെട്ട കൃഷിക്കാരില്‍ നിന്ന് മുന്‍ ഇടതുസര്‍ക്കാര്‍ ഏറ്റെടുത്ത് ടാറ്റാ കമ്പനിക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്ത ഭൂമി അതിന്റെ ഉടമകള്‍ക്കുതന്നെ തിരിച്ചുകൊടുക്കാനാണ് ഉത്തരവ്.
'സിംഗൂര്‍ ഭൂമി വികസനവും പുനരധിവാസ നിയമവും' പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കഴിഞ്ഞ ജൂണ്‍ മാസം സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പാട്ടവ്യവസ്ഥകള്‍ റദ്ദാക്കി ടാറ്റാ കമ്പനിക്ക് സര്‍ക്കാര്‍, ഭൂമി ഒഴിയാന്‍ നോട്ടീസും നല്‍കി. എന്നാല്‍ കമ്പനി അതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. നാനോ കാര്‍ നിര്‍മ്മാണ ഫാക്ടറിക്കുവേണ്ടി 2007ലാണ് സിംഗൂരിലെ കൃഷിഭൂമി വിട്ടുകൊടുത്തുകൊണ്ട് ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. കര്‍ഷകരില്‍ നിന്ന് വന്‍ പ്രതിഷേധവും പ്രക്ഷോഭവും ക്ഷണിച്ചുവരുത്തിയ ആ സംഭവത്തിന് ദേശീയശ്രദ്ധ കൈവന്നത് നന്ദിഗ്രാമിലെ സമാന സംഭവത്തോടുകൂടിയായിരുന്നു. തലമുറകളായി ബംഗാളിലെ ഗ്രാമീണര്‍ കൃഷിനടത്തിപ്പോന്ന ഭൂമി വ്യവസായ ആവശ്യത്തിനെന്നപേരില്‍ ബലം പ്രയോഗിച്ച് ഏറ്റെടുക്കുന്നത് വന്‍ എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും മൂന്ന് ദശാബ്ദത്തിലേറെയായി സംസ്ഥാനത്ത് തുടര്‍ഭരണം നടത്തിവരുന്ന ഇടതുസര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. വിദേശ രാസവ്യവസായ സ്ഥാപനത്തിനുവേണ്ടിയായിരുന്നു നന്ദിഗ്രാമിലെ ഭൂമി വിട്ടുകൊടുത്തത്. ഇതിനെതിരെ സമരം ചെയ്ത ഭൂഉടമകളായ കൃഷിക്കാരെ തല്ലിയൊതുക്കാനും അവരുടെ അവകാശ സമരത്തെ അവഗണിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
 
പൊലീസ് വെടിവെപ്പില്‍ നന്ദിഗ്രാമില്‍ 14 പാവപ്പെട്ട കര്‍ഷകര്‍ 2007 മാര്‍ച്ച് പതിനാലാം തീയതി കൊല്ലപ്പെട്ടു. ദാരുണമായ ഈ സംഭവത്തെ തുടര്‍ന്ന് സമാന സ്വഭാവത്തോടെ കര്‍ഷകര്‍ സംഘടിതരായി സമരം ചെയ്യുന്ന സിംഗൂരിലെ കൃഷിക്കാര്‍ക്ക് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയും രംഗത്തുവന്നു. നന്ദിഗ്രാമിലെ ദുരനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പിന്‍വാങ്ങാന്‍ ഇടതുസര്‍ക്കാര്‍ തുനിഞ്ഞില്ല.  സി.പി.എം പ്രവര്‍ത്തകര്‍ പൊലീസിനോടൊപ്പം ചേര്‍ന്ന് ആയുധമെടുത്ത് കര്‍ഷകരുടെ മേല്‍ ചാടിവീഴുകയായിരുന്നു. അങ്ങനെ സിംഗൂരിലും നിരവധിപേര്‍ കൊല്ലപ്പെട്ടു. കര്‍ഷക കുടുംബങ്ങളിലെ സാധുസ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. മനുഷ്യ മനഃസാക്ഷിയെ പിടിച്ചുലച്ച ആ സംഭവം ഇടത് ദുര്‍ഭരണത്തിന്റെ ഏറ്റവും ക്രൂരമായ മുഖം ലോകത്തിന് കാണിച്ചുകൊടുത്തു. ബംഗാളിലെ പ്രശസ്തരായ എഴുത്തുകാരും കലാകാരന്‍മാരും ചലച്ചിത്ര പ്രവര്‍ത്തകരും ഇടതുഭരണത്തിനെതിരെ തെരുവിലിറങ്ങി. മഹാശ്വേതാദേവി, അപര്‍ണാസെന്‍, മേധാ പട്കര്‍ എന്നിവര്‍ അവര്‍ക്ക് നേതൃത്വം നല്‍കി രംഗത്തുവന്നു. ആയിടെ പടിഞ്ഞാറേ ബംഗാളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സി.പി.എമ്മിന് ആദ്യമായി ഗ്രാമപ്രദേശങ്ങളില്‍ കനത്ത തിരിച്ചടിയുണ്ടായി. നഗരവാസികള്‍ നേരത്തെ കൈവിട്ട ഇടതുമുന്നണിക്ക് ഗ്രാമീണ ജനങ്ങള്‍ക്കിടയിലും സ്വാധീനം നഷ്ടപ്പെട്ടു. എങ്കിലും തലതിരിഞ്ഞ ഭൂനയം തിരുത്താനോ ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് മനസ്സിലാക്കി പ്രവര്‍ത്തിക്കാനോ സി.പി.എം നേതൃത്വത്തിന് കഴിയാതെപോയി.
 
ജനങ്ങളുടെ കടുത്ത എതിര്‍പ്പുമൂലം 2008 ഒക്‌ടോബറില്‍ സിംഗൂരില്‍ നിന്ന് ടാറ്റ കമ്പനി കാര്‍ നിര്‍മ്മാണ ഫാക്ടറി ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റി. പക്ഷേ, സര്‍ക്കാര്‍ പാട്ടത്തിനുനല്‍കിയ ഭൂമി തിരിച്ചുനല്‍കാന്‍ കൂട്ടാക്കിയില്ല. 34 വര്‍ഷത്തെ ഇടത് തുടര്‍ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍  ജനാധിപത്യ കൂട്ടുകക്ഷി ഭരണം ബംഗാളില്‍ അധികാരത്തില്‍ വന്നു. സിംഗൂര്‍, നന്ദിഗ്രാം കൃഷിഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കുമെന്ന വാഗ്ദാനം പാലിക്കാന്‍ പുതിയ സര്‍ക്കാര്‍ നിയമപരമായ നീക്കം ആരംഭിച്ചപ്പോള്‍ ടാറ്റ കമ്പനി അതിനെതിരെ കോടതിയെ സമീപിച്ചു. സിംഗൂരില്‍ 1800 കോടി രൂപ ചെലവഴിച്ചുവെന്നും 440 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അതിനാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും മറ്റുമായിരുന്നു കമ്പനിയുടെ വാദം. പാട്ടത്തിന് നല്‍കപ്പെട്ട ഭൂമി ആ ആവശ്യത്തിന് ഉപയോഗിച്ചില്ലെന്നിരിക്കെ അത് കര്‍ഷകര്‍ക്ക് വിട്ടുകൊടുക്കാതിരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭൂവികസന നിയമം കമ്പനി അംഗീകരിക്കണമെന്നുമാണ് കല്‍ക്കത്ത ഹൈക്കോടതി ഇപ്പോള്‍ ഉത്തരവായിരിക്കുന്നത്. നഷ്ടപരിഹാര പ്രശ്‌നം ഹൂഗ്ലി ജില്ലാകോടതി തീര്‍പ്പുകല്‍പിക്കുമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എമ്മിന്റെ സാമ്പത്തിക-സാമൂഹിക നയവ്യതിയാനങ്ങള്‍ സാധാരണ ജനങ്ങളിലുണ്ടാക്കിയ പ്രതിഷേധത്തിന്റെ ഉജ്ജ്വലമായ പ്രതീകമാണ് സിംഗൂരും നന്ദിഗ്രാമും. അതിന് ഇപ്പോള്‍ നിയമപരമായ പിന്‍ബലവും ലഭിച്ചു

Tuesday, September 27, 2011

കേസ്സുകള്‍: വിഎസ്സിന് പിന്നാലെ പോകാന്‍ ഇനി സിപിഎം ഇല്ല


തൃശൂര്‍: മുസ്ലീം ലീഗ് നേതാവ്മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ ഐസ് ക്രീം കേസ്സില്‍ കാര്യമായി ഇടപെടേണ്ടന്ന് സിപിഎം തീരുമാനം. വി.എസ് അച്യുതാനന്ദന്‍ വൈരാഗ്യം പോക്കാന്‍ കൊണ്ടു നടക്കുന്ന കേസ്സായി കണ്ട് അവഗണിക്കാനാണ് പാര്‍ട്ടി നിര്‍ദ്ദേശം.
എന്നാല്‍ കവലകളില്‍ താഴെ തട്ടിലുള്ള നേതാക്കള്‍ക്ക്  പ്രസംഗിക്കുന്നതിന് വിലക്കില്ല. മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം ഗൗരവകരമായ ചര്‍ച്ചകള്‍ക്കായി വിനിയോഗിക്കില്ല. ജനങ്ങള്‍ക്കിടയില്‍ ഐസ് ക്രീം കേസ്സ് പരിഹാസമായി മാറിയ സാഹചര്യത്തിലാണ് സിപിഎം പുതിയ സമീപനം എടുത്തത്. ഓരോ ദിവസവും പ്രസ്താവനകളുമായി വരുന്ന ചില സ്ത്രീകളുടെ ലേബലില്‍  രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത് ഉചിതമാണോഎന്ന തോന്നല്‍ പാര്‍ട്ടിയിലെ ചിലര്‍ക്ക് ഉണ്ടായിരിക്കുന്നു. മാത്രമല്ല സിപിഎമ്മില്‍ ഗോപി കോട്ടമുറിക്കല്‍, പി.ശശി എന്നിവരുടെ പേരില്‍ സമാന ആരോപണം വന്ന സാഹചര്യത്തില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ്‌ക്രീം കേസ്സ് ആരോപിച്ച്  നടക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് പാര്‍ട്ടി മനസ്സിലാക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്കുണ്ടായവിജയത്തിന് ശേഷം വി.എസ് ഒഴിച്ച് പല പ്രമുഖരുംഐസ്‌ക്രീം കേസ് 'നുണയാറില്ല'. 
കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫ് പകപോക്കല്‍ നടത്തുന്നതിനെ സിപിഎമ്മിനെപോലെഉത്തരവാദിത്തമുള്ള പാര്‍ട്ടി പിന്തുണച്ച് നടക്കുന്നത് അപഹാസ്യമാണെന്ന തോന്നലുമുണ്ട്.മാത്രമല്ല കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ നിന്ന് 40,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്.
 
ഇത്രവലിയ ഭൂരിപക്ഷം നല്കി ജനം അംഗീകരിച്ച വ്യക്തിക്കെതിരെ തേഞ്ഞ കേസ്സുമായി ആക്രമിക്കാന്‍  പോകുന്നത് രണ്ടാംതരമെന്ന് പിണറായി വിജയന്‍ കരുതുന്നുണ്ടത്രേ.വി എസ്സ് അച്യുതാനന്ദന്‍ പൊക്കികൊണ്ട് നടക്കുന്ന കേസ്സുകള്‍ക്ക് പിന്നാലെ പോയല്‍ പാര്‍ട്ടിമൊത്തത്തില്‍ വഷളാകുമെന്ന് സിപിഎം കണക്ക് കൂട്ടിയതായി അറിയാന്‍ സാധിച്ചു.വി എസ്സ് ഏറ്റെടുത്തതൊന്നും വിജയിക്കാത്ത സാഹചര്യവുമുണ്ട്. വ്യക്തിപരമായവിഷയങ്ങള്‍ മാത്രമാണ് വി.എസ്സ് തെരഞ്ഞെടുക്കുന്നത് ഇത് നല്ല രാഷ്ടീയമായി സിപിഎം കാണുന്നില്ല. പി ശശി , ഗോപി എന്നിവരുടെ കേസ്സ് വഷളാക്കിയതും വി.എസ് തന്നെയാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. എതിര്‍പാര്‍ട്ടികളിലെ നേതാക്കളെ വ്യക്തിപരമായി ക്രമിക്കുമ്പോള്‍  അതേ പോലെ തിരിച്ചടി ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇനി സൂക്ഷ്മതയോടെ  നീങ്ങാനാണ് സിപിഎം തീരുമാനം.ഐസ് ക്രീം കേസ്സ് സിബിഐക്ക് വിടണമെന്ന് വിഎസ് ആവശ്യപ്പെട്ടത് തള്ളിഇന്നലെ ഹൈകോടതി വിധി വന്നപ്പോഴുണ്ടായ സിപിഎംസമീപനവും അതായിരുന്നു. വി എസ്സിന് തെളിവോ വിശകലനമോ സമര്‍പ്പിക്കാന്‍ പറ്റാതെ വന്നത് ലജ്ജാകരമായതായി സിപിഎം വിലയിരുത്തുന്നു

സി പി എം നേതാവിന്റെ ബന്ധുവിനെ മോഷണ കെസില്‍ അറസ്റ്റ് ചെയ്തു


തിരുവല്ല: സി പി എം നേതാവിന്റെ ബന്ധുവിനെ മോഷണകേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല മതില്‍ ഭാഗം ഗവണ്‍മെന്റ് യു പി സ്‌കൂളിലെ കംമ്പ്യൂട്ടര്‍ മോഷ്ടിച്ച കേസിലാണ് സി പി എം നേതാവിന്റെ ബന്ധുവും മറ്റൊരാളും പ്രായപൂര്‍ത്തിയാകാത്ത ഓരാളുമാണ് അറസ്റ്റിലായത്.
തിരുവല്ല പാലിയേക്കര കരിമ്പന്‍ന്നൂര്‍മലയില്‍ കണ്ണന്‍ (രാഹുല്‍ 19) മതിലും ഭാഗം കണിയാംപറമ്പില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തുകലശ്ശേരി കൊച്ചുസംക്രാമത്ത് പി വിനോദ് (വിനു 17) പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. 22-ാം തീയതി വൈകിട്ട് ആണ് പ്രതികള്‍ കമ്പ്യൂട്ടറിന്റെ മോണിട്ടര്‍, സി പി യു എന്നിവ മോഷ്ടിച്ചത്. ഇത് ആലപ്പുഴ പറവൂര്‍ ഡെല്‍റ്റ ഇന്‍ഫോസിസില്‍ 2650 രൂപയ്ക്ക് വിറ്റു. ഈ കടയില്‍ നിന്ന് തൊണ്ടി സാധനങ്ങളും പോലീസ് കണ്ടെടുത്തു. കാര്‍ റെന്റിന് എടുത്താണ് മോഷണമുതല്‍ വില്‍ക്കാന്‍ ആലപ്പുഴയില്‍ എത്തിയത്. കെ എല്‍ ബി 31 ബി, 4508 എന്ന നമ്പരിലുള്ള അള്‍ട്ടോ കാറിലാണ് പോയത്. 2009 ല്‍ ചങ്ങനാശ്ശേരി പോലീസ് കള്ളനോട്ട് കേസില്‍ സി പി എം നേതാവിന്റെ ബന്ധുവായ കണ്ണനെ അറസ്‌ററ് ചെയ്തിരുന്നു. സി പി എം തിരുവല്ല ഏരിയാ കമ്മിറ്റിഅംഗവും ഡി വൈ എഫ് ഐ തിരുവല്ല ഏരിയാ കമ്മിറ്റി പ്രസിഡന്റുമായ സി എന്‍ രാജേഷിന്റെ അച്ഛന്റെ മകനാണ് അറസ്റ്റിലായ കണ്ണന്‍ തിരുവല്ല ഡി വൈ എസ് പി രാജീവ്, സി ഐ ബിനു വര്‍ഗീസ്, അഡി എസ് ഐ എബ്രഹാം എ വി, അസി എസ് ഐ മധുസൂതനന്‍ പിള്ള, എന്നിവരുടെ നേത്യത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

എവിടെ ലൈഫ്‌ബോയ്(ബ്രാഞ്ച് സമ്മേളനം) ഉണ്ടോ! അവിടെ ആരോഗ്യ(അടിപിടി)മുണ്ട്!


എവിടെ ലൈഫ്‌ബോയ് ഉണ്ടോ! അവിടെ ആരോഗ്യമുണ്ട്!. ലൈഫ് ബോയ് സോപ്പിന്റെ പ്രശസ്തമായ പഴയ പരസ്യവാചകം ഇന്നലെ സഭയില്‍ കേട്ടത് കെ. മുരളീധരന്റെ നാവില്‍ നിന്നാണ്. പരസ്യവാചകത്തിന് മുരളീധരന്‍ ചെറിയൊരു ഭേദഗതിയും വരുത്തി. എവിടെ ബ്രാഞ്ച് സമ്മേളനമുണ്ടോ! അവിടെ അടിപിടിയുണ്ട്!.
ഇപ്പോള്‍ നടന്നുവരുന്ന സി.പി.എം സംഘടനാ സമ്മേളനത്തെക്കുറിച്ച് കെ. മുരളീധരന്റെ നിരീക്ഷണം ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെ ചിരിയുടെ അമിട്ടുപൊട്ടിച്ചു. കുഞ്ഞാലിക്കുട്ടിയെയും ബാലകൃഷ്ണപിള്ളയെയും കുറിച്ച് പറയുമ്പോള്‍ വി.എസ് അച്യുതാനന്ദന് നൂറുനാവാണ്. പക്ഷെ  സ്വന്തം മകനെ ഐ.സി.ടി അക്കാദമി ഡയറക്ടറായി നിയമിച്ചതിനെക്കുറിച്ച് പത്രക്കാര്‍ ചോദിച്ചപ്പോള്‍ മിണ്ടാട്ടമില്ല. സ്വന്തം കാര്യം വരുമ്പോള്‍ എല്ലാ ആദര്‍ശവും മാറ്റിവെയ്ക്കുന്നയാളാണ് അച്യുതാനന്ദനെന്ന കാര്യത്തിലും മുരളീധരന് സംശയമില്ല. കാനനചോലയില്‍ ആടുമേയ്ക്കാന്‍ ഞാനും വരട്ടെയോ നിന്റെ കൂടെയെന്ന് ചോദിക്കുന്നവരല്ല പ്രതിപക്ഷം. അങ്ങനെ ചോദിച്ചില്ലെങ്കിലും ഭരണപക്ഷം എല്ലാം അറിഞ്ഞു ചെയ്‌തോണം. മുഖ്യമന്ത്രിയും മന്ത്രിമാരും ദല്‍ഹിയില്‍ പോയപ്പോള്‍ കൂടെക്കൂട്ടാത്തതിന്റെ പരിഭവം ഇ.പി ജയരാജന്‍ സഭയില്‍ പറഞ്ഞത് ഏതാണ്ടിങ്ങനെയാണ്. കൊതിക്കെറുവ് പറയുന്നതാണെന്ന് തെറ്റിദ്ധരിച്ചാലോ എന്നു കരുതിയാകണം 'പ്രതിപക്ഷ സഹകരണം' എന്ന വാക്ക് ചിലയിടങ്ങളില്‍ ഉപയോഗിക്കാന്‍ ജയരാജന്‍ മറന്നില്ല. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി പ്രതിയാണെന്ന് ഇ.പി ജയരാജന്റെ നാവില്‍ നിന്ന് വീണതോടെ, ഭരണനിര സടകുടഞ്ഞെഴുന്നേറ്റു. ബെന്നി ബെഹനാനും ശിവദാസന്‍ നായരും ജയരാജനെതിരെ തിരിഞ്ഞു. ശിവദാസന്‍ നായര്‍ ഉന്നയിച്ച പോയിന്റ് ഓഫ് ഓര്‍ഡറില്‍ ജയരാജന്‍ പറഞ്ഞ വസ്തുതാ വിരുദ്ധമായ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കാമെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു.
 
മണിച്ചിത്രത്താഴിലെ നാഗവല്ലിയെ പോലെ എല്ലാനേതാക്കളെയും നോക്കി വിടമാട്ടെ വിടമാട്ടെ എന്നു പറയുന്ന പ്രതിപക്ഷ നേതാവിനെ പൊതുശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്നാണ് സി.പി മുഹമ്മദിന്റെ ആവശ്യം. 24 മണിക്കൂറും അന്യനെ കുളത്തിലാക്കാന്‍ ആഗ്രഹിക്കുന്ന വരട്ടുതത്വവാദിയാണ് അച്യുതാനന്ദനെന്നും പട്ടാമ്പി അംഗം തുറന്നടിച്ചു. വേശ്യയുടെ ചാരിത്ര്യപ്രസംഗവും കവലച്ചട്ടമ്പിയുടെ അഹിംസാ പ്രസംഗവും കേള്‍ക്കണമെങ്കില്‍ വി.എസിന്റെ ആദര്‍ശ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മതി. സന്തോഷ് മാധവന്‍, വെണ്ടര്‍ കുമാര്‍, സുരേഷ്‌കുമാര്‍, റൗഫ് എന്നിവരുമായാണ് അച്യുതാനന്ദന്റെ ചങ്ങാത്തം. ജസ്റ്റിസ് ബാലിയെ സുപ്രീംകോടതിയില്‍ നിയമിക്കാന്‍ വേണ്ടി കത്തെഴുതിയ വി.എസാണ് ഇപ്പോള്‍ ആദര്‍ശ പ്രസംഗം നടത്തുന്നത്. വെണ്ടര്‍ കുമാറുമായി നടത്തിയ ഗൂഢാലോചനയുടെ മുഴുവന്‍ വിവരങ്ങളും ഉടന്‍ പുറത്തുവരുമെന്ന മുന്നറിയിപ്പും സി.പി മുഹമ്മദ് അച്യുതാനന്ദന് നല്‍കി. റിയാലിറ്റി ഷോയിലെ വിധികര്‍ത്താവിനെപ്പോലെ ജി. സുധാകരന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്ക് മാര്‍ക്കിട്ടു. ആള്‍ക്കൂട്ടത്തില്‍ തനിയേ നില്‍ക്കുന്ന മുഖ്യമന്തി, വകുപ്പു വഴങ്ങാത്ത കെ ബാബു, ആലപ്പുഴ കുളമാക്കിയ അടൂര്‍പ്രകാശ്, പഞ്ചായത്തിനു പണം നല്‍കാത്ത മുനീര്‍, പാര്‍ലമെന്ററി എത്തിക്‌സ് അറിയാത്ത കെ.പി മോഹനന്‍, കുഴികളുടെ തോഴനായ ഇബ്രാഹിം കുഞ്ഞ്, സ്വര്‍ഗത്തില്‍ നിന്നു ഭൂമിയിലേക്ക് ഇറങ്ങിവന്നിട്ടില്ലാത്ത പി.ജെ ജോസഫ് എന്നിങ്ങനെ. അബ്ദുറബ്ബിനെ ഉപമിച്ചത് റബ്ബില്‍ ആലമീനായ തമ്പുരാനേയെന്നാണ്. ശിവ, ശിവയെന്ന് നാമം ചൊല്ലി ശിവകുമാറിനെയും അഭിസംബോധന ചെയ്തു. ഇതെല്ലാം കേട്ടുരസിച്ചെങ്കിലും ഏറ്റവുമൊടുവില്‍ ഉത്തരാധുനിക കവി കൂടിയായ സുധാകരന്‍ ആലപിച്ച കവിത കേട്ടപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ പോലും തലയില്‍ കൈവച്ചു പോയി. എല്‍.ഡി.എഫ് സര്‍ക്കാരിലെ എലിമിനേഷന്‍ റൗണ്ടില്‍ സുധാകരന് ദേവസ്വം വകുപ്പ് പോയി പകരം കയര്‍ വകുപ്പ് ഏറ്റെടുക്കേണ്ടിവന്ന ദുരവസ്ഥ ഇതിനിടെ പാലോടു രവി ചൂണ്ടിക്കാട്ടി.
 
അഴിമതിക്കാരുടെ ബ്ലാക്ക് ലിസ്റ്റുണ്ടാക്കണമെന്ന നിര്‍ദ്ദേശവും പാലോട് രവി മുന്നോട്ടുവെച്ചു. പഴയ കേസുകെട്ടുകളുമായി കോടതിവരാന്തകള്‍തോറും നിരങ്ങുന്നതല്ല പ്രതിപക്ഷനേതാവിന്റെ ജോലിയെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി പരിഹസിച്ചു. പാമൊലിന്‍ കേസില്‍ ആടിനെ പട്ടിയാക്കുന്ന സമീപനമാണു പ്രതിപക്ഷത്തിന്റേതെന്നു സണ്ണി ജോസഫ്. ഉമ്മന്‍ചാണ്ടി പ്രതിയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ജഡ്ജിമാരെ ശുംഭന്‍മാരെന്നും കൊഞ്ഞാണന്‍മാരെന്നും വിളിക്കുന്നവരാണ് ഭരണപക്ഷത്തിനെതിരെ ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.120 ദിവസം കൊണ്ട് ആയിരം ദിനത്തിന്റെ പ്രയോജനം സംസ്ഥാനത്തിനുണ്ടായെന്ന കെ.മുരളീധരന്റെ പരാമര്‍ശം കേട്ടപ്പോള്‍ പ്രതിപക്ഷനിരയില്‍ നിന്ന് ചില കമന്റുകള്‍. ഒരിക്കല്‍ നിങ്ങളെന്നെ ട്രാക്ക് തെറ്റിച്ചതാണ്, ഇനിയും അതിന് ശ്രമിച്ചാല്‍ ഞാന്‍ വീഴില്ലെന്ന് മുരളീധരന്‍. കെ.എന്‍.എ ഖാദറും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വേഗതയ്ക്ക് നല്ല മാര്‍ക്കിട്ടു. വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു സര്‍വകക്ഷി യോഗങ്ങള്‍ വിളിക്കുന്നതിനു പകരം പ്രതിപക്ഷത്തെക്കൂടി ഉള്‍പ്പെടുത്തി സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്നു കെ.എന്‍.എ. ഖാദര്‍ ആവശ്യപ്പെട്ടു. ആളുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്‍കുന്നതില്‍ ശ്രീരാമകൃഷ്ണന് പരാതിയുണ്ട്. പരാതികള്‍ അതാത് മന്ത്രിമാര്‍ക്ക് നല്‍കിയാല്‍ പോരെ. എല്ലാ പ്രശ്‌നങ്ങളും മുഖ്യമന്ത്രിയുടെ മുന്നിലെത്തണമെന്നത് രാജഭരണത്തിന്റെ ഹാങ്ഓവറാണെന്നാണ് ശ്രീരാമകൃഷ്ണന്റെ പക്ഷം. കുഞ്ഞൂഞ്ഞും കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും ഒറ്റടീമായി മുന്നോട്ടുപോവുന്നതിന്റെ അസൂയയായാണ് പ്രതിപക്ഷ വിമര്‍ശനത്തെ സണ്ണിജോസഫ് കാണുന്നത്.

അന്ധവിശ്വാസം, വര്‍ഗ്ഗീയത, അഴിമതി


എല്ലാ രാഷ്ട്രീയ മൂല്യങ്ങളും വലിച്ചെറിഞ്ഞ് ബി.ജെ.പി ബല്ലാരി സഹോദരന്മാരായ പണച്ചാക്കുകളുടെ പിറകേപോയി. പണച്ചാക്കുകളുടെ കാവല്‍ക്കാരനായതുകൊണ്ടുമാത്രം ബി.ജെ.പിയുടെ മുമ്പില്‍ പിടിച്ചുനില്ക്കാന്‍ യെദ്യൂരപ്പയ്ക്ക് 
കഴിഞ്ഞു. യദ്യൂരപ്പയെ ബി.ജെ.പി കൈവിട്ടിട്ടില്ല. എങ്ങനെ കൈവിടും? ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ഒരുക്കിയ 'നരേന്ദ്ര മോഡി'യായിരുന്നല്ലോ യദ്യൂരപ്പ.

പണവും സ്വര്‍ണവും നല്കിയാല്‍ ഹിന്ദുദൈവങ്ങള്‍ പ്രസാദിക്കുമെന്ന വിശ്വാസം ഹിന്ദുക്കളിലെ അഴിമതിക്കാര്‍ക്കിടയില്‍ വ്യാപകമാണിപ്പോള്‍. ഇവരുടെ പ്രാര്‍ത്ഥനയ്ക്കു മുമ്പില്‍ ഹിന്ദു ദൈവങ്ങള്‍ ലജ്ജിക്കുക തന്നെയാവാം. ഹിന്ദു ദൈവങ്ങളെ പണം കൊടുത്തു വിലയ്ക്കു വാങ്ങാമെന്ന അന്ധവിശ്വാസത്തിന്റെ അടിമകളും പ്രചാരകരുമായി കഴിഞ്ഞിരിക്കുന്നു അഴിമതിക്കാര്‍. ഹിന്ദു ദൈവങ്ങള്‍ക്കെന്തിനാണ് സ്വര്‍ണവും പണവുമെന്ന ചോദ്യം ഹിന്ദുമതവിശ്വാസികളില്‍ നിന്നുയരുന്നില്ല. അഴിമതിക്കാര്‍ ഹിന്ദുദൈവങ്ങളുടെ മുമ്പില്‍ സ്വര്‍ണം സമര്‍പ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു ഹിന്ദുത്വ രാഷ്ട്രീയക്കാര്‍. അഴിമതികൊണ്ട് അസ്വസ്ഥമായ മനസ്സുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഭ്രാന്താണ് ദൈവങ്ങള്‍ക്കുള്ള സ്വര്‍ണ സമര്‍പ്പണമെന്നു പറയാന്‍ ഇവിടെ ഒരു പ്രസ്ഥാനവുമില്ല. ഇത് വിശ്വാസമല്ല, അന്ധവിശ്വാസമാണെന്നു തിരിച്ചറിയാന്‍ മനുഷ്യനു കഴിയുന്നില്ല. ഈ അന്ധവിശ്വാസത്തിന് അര്‍ത്ഥം ജനിപ്പിക്കുന്ന രീതിയിലാണ് ബി.ജെ.പിയും ആര്‍.എസ്.എസുമൊക്കെ അടങ്ങിയ സംഘപരിവാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. എന്തായാലും ദൈവത്തിനെന്തിനാണ് സ്വര്‍ണം എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ സംഘപരിവാറിന്റെ രാഷ്ട്രീയക്കപ്പലായ ബി.ജെ.പി. ബാധ്യതപ്പെട്ടിരിക്കുന്നു.
 
ഹിന്ദുദൈവങ്ങളുടെ മുമ്പില്‍ ഒരുപാട് സ്വര്‍ണങ്ങളെത്തിച്ച ഒരാളാണ് ബല്ലാരിയിലെ ഖനി രാജാവും കര്‍ണാടകയിലെ മന്ത്രിയും ഇപ്പോള്‍ സിബിഐയുടെ തടവറയിലുമായ ജനാര്‍ദ്ദനറെഡ്ഡി. നാല്പത്തഞ്ച് കോടിയുടെ രത്‌നക്കല്ലുകള്‍ പതിപ്പിച്ച ഒരു സ്വര്‍ണകിരീടം ജനാര്‍ദന റെഡ്ഡി. കര്‍ണാടകയില്‍ മന്ത്രിയായിരിക്കുമ്പോള്‍ തിരുപ്പതി ദേവനു സമര്‍പ്പിച്ചു. അനധികൃത ഖനനം എന്ന കുറ്റത്തിന് ജനാര്‍ദന റെഡ്ഡി സി.ബി.ഐയുടെ പിടിയിലായപ്പോള്‍ തിരുപ്പതി ഭഗവാന്റെ യഥാര്‍ത്ഥഭക്തന്മാര്‍ തിരുപ്പതി ദേവസ്വത്തോടപേക്ഷിച്ചു ജനാര്‍ദന റെഡ്ഡി തിരുപ്പതി ഭഗവാന് നല്കിയ സ്വര്‍ണ കിരീടം തിരിച്ചുകൊടുക്കണമെന്ന്. ഭക്തന്മാര്‍ തിരുപ്പതി ഭഗവാന് സമര്‍പ്പിച്ച സ്വര്‍ണം തിരിച്ചുകൊടുക്കാനാവില്ലെന്നാണ് തിരുപ്പതി ദേവസ്വം ഭക്തന്മാര്‍ക്ക് മറുപടി നല്കിയത്. അങ്ങനെയാണെങ്കില്‍ തിരുപ്പതി ദേവസ്വം ഖനി രാജാവും അഴിമതിക്കാരനുമായ ജനാര്‍ദന റെഡ്ഡിയെ തിരുപ്പതി ഭഗവാന്റെ ഭക്തനായി അംഗീകരിച്ചിരിക്കുന്നു. ജനാര്‍ദ്ദന റെഡ്ഡിയുടെ കള്ളപ്പണത്തെ ബി.ജെ.പിയും അംഗീകരിച്ചിരിക്കുന്നു. എല്ലാ രാഷ്ട്രീയ മൂല്യങ്ങളും വലിച്ചെറിഞ്ഞ് ബി.ജെ.പി ബല്ലാരി സഹോദരന്മാരായ പണച്ചാക്കുകളുടെ പിറകേപോയി. റെഡ്ഡി സഹോദരന്മാരുടെ പണച്ചാക്കുകളുടെ കാവല്‍ക്കാരനായതുകൊണ്ടു മാത്രം ബി.ജെ.പിയുടെ മുമ്പില്‍ പിടിച്ചുനില്ക്കാന്‍ യെദ്യൂരപ്പയ്ക്ക് കഴിഞ്ഞു. ഇന്നും യദ്യൂരപ്പയെ ബി.ജെ.പി കൈവിട്ടിട്ടില്ല. എങ്ങനെ കൈവിടും? കര്‍ണാടകയ്ക്കുവേണ്ടി ബി.ജെ.പി ഒരുക്കിയ നരേന്ദ്ര മോഡിയായിരുന്നല്ലോ യദ്യൂരപ്പ.
 
ജനാര്‍ദന റെഡ്ഡിയെ ബിജെപി രാഷ്ട്രീയത്തിലും കര്‍ണാടക മന്ത്രിസഭയിലുമൊക്കെ നിലനിര്‍ത്തുന്നതിനു ചുക്കാന്‍ പിടിച്ച മുന്‍മുഖ്യമന്ത്രി, യെദ്യൂരപ്പയും ഹിന്ദു ദൈവങ്ങളുടെ മുമ്പില്‍ സ്വര്‍ണമെത്തിച്ച ഒരു രാഷ്ട്രീയക്കാരനാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച യദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനും എതിരാളികളെ തുരത്താനും അഭയം പ്രാപിച്ചത് ഹിന്ദു ദൈവങ്ങളെയായിരുന്നു. കേരളത്തിലും ഹിന്ദുക്ഷേത്രങ്ങളെയും ഹിന്ദു ദൈവങ്ങളെയും തേടി പല തവണ യദ്യൂരപ്പ വരികയും പല ദൈവങ്ങള്‍ക്കും വാരിക്കോരി കൊടുക്കുകയും ചെയ്തു. ബി.ജെ.പിയുടെ നേതൃത്വമോ പാര്‍ട്ടിയിലെ ജനങ്ങളോ ഇതിനെതിരെ മിണ്ടിയില്ല. യദ്യൂരപ്പയുടെ കള്ളപ്പണവും സ്വര്‍ണമായി ദൈവസന്നിധാനത്തിലെത്തുന്നതിന് ബി.ജെ.പി കൂട്ടുനിന്നു. ബി.ജെ.പിയും ക്ഷേത്ര ഭാരവാഹികളും ദൈവങ്ങളുടെ മുമ്പിലേക്കെത്തുന്ന കള്ളപ്പൊന്നിനോട് ഒരേ സമീപനമാണ് സ്വീകരിച്ചത്. ഇതിലൂടെ ബി.ജെ.പി ചെയ്യുന്നത് അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ നിന്നു കണ്ടെടുക്കപ്പെട്ട നിധിയെ മുന്‍നിര്‍ത്തിയും ബി.ജെ.പി അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ ഹിന്ദുക്ഷേത്രങ്ങളും ബി.ജെ.പിയുടെ സ്വന്തമാണെന്ന രീതിയിലാണ് ആ രാഷ്ട്രീയ കക്ഷി പെരുമാറുന്നത്. ഹിന്ദു ദൈവങ്ങള്‍ക്കെന്തിനാണ് കള്ളപ്പണം കൊണ്ടുണ്ടാക്കുന്ന സ്വര്‍ണം എന്ന ചോദ്യം തന്നെയാണ് ഇപ്പോഴും മുഴച്ചു നില്ക്കുന്നത്. കള്ളപ്പണക്കാര്‍ ഹിന്ദുക്ഷേത്രങ്ങളിലെത്തിക്കുന്ന സ്വര്‍ണത്തിന് സര്‍ക്കാര്‍ സുരക്ഷിതത്വം നല്കണമെന്ന ഗതികേടുപോലുമുണ്ടായിരിക്കുന്നു.
 
കള്ളപ്പണവും കള്ളപ്പൊന്നും കാലാകാലങ്ങളായി ഹിന്ദുദേവാലയങ്ങളില്‍ എത്തിച്ചേരുന്നുണ്ട്. ഇങ്ങനെയുള്ള പണവും പൊന്നും ഒരുപാടളവില്‍ത്തന്നെ ഒഴുകിയെത്തുന്നുണ്ട് തിരുപ്പതി ക്ഷേത്രത്തില്‍. ക്ഷേത്രങ്ങളില്‍ വന്നെത്തുന്ന പണത്തില്‍ വലിയൊരുഭാഗം ശുദ്ധമല്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ക്കും ജനങ്ങള്‍ക്കും ഭക്തര്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമറിയാം. ജനാര്‍ദന റെഡ്ഡി ഒരു കള്ളപ്പണച്ചാക്കാണെന്നറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹം തിരുപ്പതി ദേവനായി സമര്‍പ്പിച്ച നാല്പത്തഞ്ചുകോടിയുടെ സ്വര്‍ണം പതിപ്പിച്ച കിരീടം ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിച്ചത്. അത് ജനാര്‍ദന റെഡ്ഡിയെന്ന കൊള്ളപ്പണക്കാരനു തിരിച്ചുകൊടുക്കാന്‍ തങ്ങള്‍ക്കവകാശമില്ലെന്നാണ് യഥാര്‍ത്ഥ ഭക്തന്മാരെ ഇപ്പോള്‍ തിരുപ്പതി ദേവസ്വം അറിയിക്കുന്നത്. തിരുപ്പതി ഭഗവാനെ നിന്ദിക്കുകയും റെഡ്ഡിയെ സ്തുതിക്കുകയുമാണ് ഇതിലൂടെ ക്ഷേത്രഭാരവാഹികള്‍ ചെയ്യുന്നത്. ഇന്ന് ക്ഷേത്രങ്ങളിലേക്കൊഴുകിയെത്തുന്ന കള്ളപ്പൊന്നും കള്ളപ്പണവും വാസ്തവത്തില്‍ കോടതി കയറേണ്ട വിഷയമാണ്.സ്വര്‍ണക്കട്ടിലില്‍ കിടന്നുറങ്ങിയ ചൗഷസ്‌കിയനായ ഖനി രാജാവ് ജനാര്‍ദന റെഡ്ഡിയെ പിന്താങ്ങാനുംജയിലില്‍ നിന്നു രക്ഷിക്കാനുമാണ് ബി.ജെ.പി. ഇപ്പോഴും ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. അനധികൃത ഖനനത്തിലൂടെ ധനം കുന്നുകൂടിയ ജനാര്‍ദന റെഡ്ഡിയെ ബി.ജെ.പി നേതാക്കളിലൊരു വിഭാഗം പൂജിക്കുകയായിരുന്നു. ബല്ലാരിയിലെ കൊള്ളക്കാരായ റെഡ്ഡി സഹോദരന്മാരുടെ പണമാണ് യദ്യൂരപ്പയുടെ മുഖ്യമന്ത്രി പദത്തിനു ചുറ്റും കറങ്ങിയത്. ഈ പണത്തെ ധിക്കരിക്കാന്‍ ബി.ജെ.പിയുടെ അഖിലേന്ത്യാ നേതൃത്വത്തിനു കഴിഞ്ഞില്ല. ബല്ലാരി സഹോദരന്മാരുടെ പണം വേറെയും മേഖലകളെ കെട്ടിപ്പുണര്‍ന്നിരുന്നു. ഈ പണത്തിന് ഹൈദരബാദിലേക്കൊരു പാലമുണ്ടായിരുന്നു. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗ്‌മോഹന്‍ റെഡ്ഡി പുതിയ പാര്‍ട്ടിയുണ്ടാക്കാനും കോണ്‍ഗ്രസിനെ ആന്ധ്രയില്‍ തകര്‍ക്കാനും ഇന്നുപയോഗിക്കുന്ന പണം കുറച്ചൊക്കെ ബല്ലാരിപ്പണവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ജഗ്‌മോഹനും ജനാര്‍ദന റെഡ്ഡിയും യദ്യൂരപ്പയുമൊക്കെ ഒരേ തൂവല്‍പ്പക്ഷികള്‍ തന്നെ. ആന്ധ്രയില്‍ ജഗ്‌മോഹന്‍ റെഡ്ഡിയെ കൂട്ടുപിടിക്കാനും സഹായിക്കാനും ബി.ജെ.പി തഞ്ചം നോക്കി ഇരിക്കുകയാണ്. വെങ്കയ്യനായിഡുവിന്റെ ഹൈദരാബാദില്‍ കിടന്നു പുകയുന്നുണ്ടാവണം.
 
ബി.ജെ.പി കര്‍ണാടകയില്‍ ഊന്നിയ വേര് കരിഞ്ഞുപോയി. ഇനി ദക്ഷിണേന്ത്യയില്‍ വേരൂന്നാന്‍ കഴിയില്ല. ഒരിക്കല്‍ ഇന്ത്യയുടെ വിശ്വാസത്തിലേയ്ക്കു വന്ന ബി.ജെ.പി ഇനി ഇന്ത്യന്‍ മനസ്സില്‍ ഇടമില്ലാത്ത വിധത്തില്‍ അടിച്ചകറ്റപ്പെട്ടിരിക്കുന്നു. ബി.ജെ.പിയുടെ പുതിയ മതേതര വേഷത്തില്‍ ഇന്ത്യ വിശ്വസിക്കുന്നില്ല. ഇന്ത്യയുടെ ദേശീയ മനസ്സിന് ബി.ജെ.പി. അന്യമായിക്കൊണ്ടിരിക്കുകയാണ്. രഥയാത്രയും സദ്ഭാവനയും ഉപവാസവുമൊക്കെ ബല്ലാരി സഹോദരന്മാരുടെ അനധികൃത ഖനനത്തിന്റെ കൂട്ടത്തില്‍പ്പെടുത്താവുന്നതുതന്നെ. ബി.ജെ.പി എല്ലാ അര്‍ത്ഥത്തിലും ഹിന്ദുമത ഭ്രാന്തന്മാരുടെ രാഷ്ട്രീയം പ്രയോഗിക്കുന്ന ഒരു കക്ഷിയാണ്. സംഘപരിവാരങ്ങളുടെയും ഹൈന്ദവ അന്ധവിശ്വാസത്തിന്റെയും തടവറയില്‍ കഴിയുന്ന ബി.ജെ.പിയ്ക്ക് ഒരിക്കലും ഇന്ത്യ അതിന്റെ ഭരണഘടനയില്‍ സൂക്ഷിക്കുന്ന സെക്കുലറിസത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളാനാവില്ല. വര്‍ഗീയതയിലൂടെയും അഴിമതിയിലൂടെയും അധികാരത്തിലെത്തി ഹൈന്ദവരാഷ്ട്രമുണ്ടാക്കുക എന്ന ബി.ജെ.പിയുടെ ലക്ഷ്യം മനുഷ്യവിരുദ്ധമായ ഒരു രാഷ്ട്രീയമാണ്. ഈ രാഷ്ട്രീയത്തിന്റെ തകര്‍ച്ച ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നു.

Monday, September 26, 2011

പിണറായി രാജിവെയ്ക്കണമായിരുന്നു: സിപിഐ

തൃശൂര്‍: ലാവലിന്‍ അഴിമതിക്കേസില്‍ ആരോപണവിധേയനായ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രാജിവച്ച് മാതൃക കാട്ടേണ്ടിയിരുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി.

അഴമതി ആരോപണത്തിന്റെ പേരില്‍ 1967ല്‍ ഇഎംഎസ് മന്ത്രിസഭയില്‍ നിന്നും എംഎന്‍ ഗോവിന്ദന്‍നായരും ടിവി തോമസും രാജിവച്ചു കാണിച്ച മാതൃക പിണറായിയും കാണിക്കേണ്ടിയിരുന്നുവെന്നാണ് ജില്ലാ സെക്രട്ടറി സിഎന്‍ ജയദേവന്‍ പറഞ്ഞത്.

അന്തിക്കാട് സിപിഐ ലോക്കല്‍ കമ്മിറ്റി 'അഴിമതിവിരുദ്ധ പോരാട്ടങ്ങളില്‍ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശശിയുടെ ഭീഷണി; കോടിയേരിയെ രക്ഷിക്കാന്‍ സി കെ പിയെ ബലിയാടാക്കി


കോഴിക്കോട്: നേരിട്ടു ബന്ധമില്ലാതെ, തന്റേതല്ലാത്ത കുറ്റങ്ങള്‍ ചുമത്തി സി കെ പി പത്മനാഭനെതിരായ നടപടി സി പി എം നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നു. ലൈംഗികാരോപണത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നും പടിക്കു പുറത്താക്കപ്പെട്ട മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ
പി ശശിയുടെ ഭീഷണിയെ തുടര്‍ന്ന് നേതൃത്വം സി കെ പിയെ ബലിയാടാക്കിയെന്നാണ് പുതിയ വിവാദം. പാര്‍ട്ടിയില്‍ വിവാദങ്ങളിലൊന്നം പെടാതെ അച്ചടക്കം പാലിച്ച് അണികളില്‍പോലും സുസമ്മതനായ സി കെ പിയെ കുരുക്കാന്‍ നേതൃത്വം നിര്‍ബന്ധിതമാവുകയായിരുന്നു. തനിക്കെതിരെ നടപടി വന്നതോടെ അതിനു കാരണക്കാരനായ സി കെ പിയെ ഒതുക്കാന് ശശി നേരത്തെതന്നെ നേതൃത്വത്തില്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. സി കെ പിയെ കുരുക്കുന്നതോടൊപ്പം കര്‍ഷക സംഘം സെക്രട്ടറിയും തന്റെ ഇഷ്ടക്കാരനുമായ കോടിയേരി ബാലകൃഷ്ണനെ രക്ഷപ്പെടുത്തുക എന്നതുമായിരുന്നു ശശിയുടെ തന്ത്രം. ശശിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് പിന്നില്‍ പ്രധാന കണ്ണി സി കെ പിയായിരുന്നുവെന്നാണ് ശശിയുടെ നിഗമനം. പ്രശ്‌നം നേതൃത്വം മുഖവിലക്കെടുക്കാതിരുന്നിട്ടും ആയത് വിവാദമാക്കി വി എസ് അച്യുതാനന്ദനില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതും സി കെ പിയാണത്രെ. നടപടിയെടുത്തില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന വി എസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ശശിയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുന്നത്. ഇതിന്റെ പകതീര്‍ക്കലായിരുന്നു കരുത്തുറ്റ വി എസ് പക്ഷക്കാരനായിരുന്ന സി കെ പിക്കെതിരെ ശശി കളിച്ചത്.
 
എല്ലാ അര്‍ത്ഥത്തിലും പാര്‍ട്ടി നേതൃത്വം ശശിയുടെ മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. തന്നെ കുരുക്കിയവരെ ഒതുക്കിയില്ലെങ്കില്‍ നേതാക്കളെ കുറിച്ചുള്ള എല്ലാ കഥകളും പുറത്തറിയുമെന്നായിരുന്നു പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന് ശശി നല്‍കിയതാക്കീത്. ബര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍, കോട്ടമുറിക്കല്‍, ശശി തുടങ്ങിയവര്‍ക്കെതിരെയുള്ള നടപടികളില്‍ അണികള്‍ പ്രതികരിക്കുന്നില്ലെങ്കിലും സി കെ പി പത്മനാഭനെതിരെ അകാരണമായി നേതൃത്വം കൈക്കൊണ്ട നടപടിയില്‍ അവര്‍ ക്ഷുഭിതരാണ്. സംഭവം ബ്രാഞ്ചു സമ്മേളനങ്ങളിലും മറ്റും ഏറെ വിവാദമായിട്ടുണ്ട്. ജില്ലാ സമ്മേളനങ്ങളിലും സംസ്ഥാന സമ്മേളനത്തിലും പ്രശ്‌നം ചര്‍ച്ചാവിഷയമാകുമെന്നാണ് ചില നേതാക്കളില്‍നിന്നുള്ള സൂചന.കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് തട്ടിയെടുത്തത് ഓഫീസ് സെക്രട്ടറിയാണെന്ന് വ്യക്തമായിരിക്കെ സംസ്ഥാന സെക്രട്ടറി സി കെ പി ക്കെതിരെ നടപടിക്ക് മുതിര്‍ന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ചേതോവികാരമെന്തെന്നാണ് പാര്‍ട്ടിക്കിടയില്‍ ഉയരുന്ന ചോദ്യം. വിവാദ സംഭവം നടക്കുന്ന വേളയില്‍ കോടിയേരി ബാലകൃഷ്ണനായിരുന്നു കര്‍ഷക സംഘം സംസ്ഥാനട്രഷറര്‍. അങ്ങിനെയാണെങ്കില്‍ ഫണ്ട് ക്രമക്കേട് നടത്തിയ സംഭവത്തില്‍ കോടിയേരിയും കുറ്റക്കാരനല്ലേ? സി കെ പി പത്മനാഭന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട്. ബഹുജന സംഘടനകളുടെ അക്കൗണ്ടുകള്‍ സെക്രട്ടറി, പ്രസിഡന്റ്, ട്രഷറര്‍ എന്നീ ഭാരവാഹികളില്‍ ആരെങ്കിലും രണ്ടുപേര്‍ സംയുക്തമായി കൈകാര്യം ചെയ്യണമെന്നാണ് കീഴ്‌വഴക്കം. കര്‍ഷകസംഘം ഫണ്ടിന്റെ കാര്യത്തില്‍ ഈ കീഴ്‌വഴക്കം ലംഘിക്കപ്പെട്ടുവെന്നും പത്മനാഭന്‍ ഒറ്റക്കാണ് അക്കൗണ്ട് കൈകാര്യം ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘം ട്രഷററായിരുന്നിട്ടും കോടിയേരി ബാലകൃഷ്ണന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് അണികള്‍ക്കിടയിലെ സംസാരം.
 
പി ശശി പുറത്തായി ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് സി കെ പിക്കെതിരെയും മറ്റൊരു തരത്തില്‍ നടപടിയുണ്ടായത്. ഇത് പാര്‍ട്ടിയില്‍ ഏറെ സംശയമുണര്‍ത്തുന്നു. കര്‍ഷകസംഘത്തിന്റെ ഫണ്ട് കൈകാര്യം ചെയ്തതിലെ വീഴ്ച നേരത്തെതന്നെ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണെങ്കിലും ശശിക്കെതിരെ നടപടി വന്നശേഷമാണ് സി കെ പിക്കെതിരെ നീക്കങ്ങള്‍ തുടങ്ങിയത്. അതെസമയം സംഘം ഫണ്ടിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കാന്‍ ബാധ്യതപ്പെട്ട ട്രഷററായ കോടിയേരിക്കെതിരെ ഒരക്ഷരംപോലും മിണ്ടാനോ ചോദിക്കാനോ നേതൃത്വം തയ്യാറാവാതിരുന്നത് പി ശശിയുടെ ഭീഷണിക്ക് മുന്നില്‍ ഭയന്നാണെന്ന് ഇപ്പോള്‍ ഉയരുന്ന കോടിയേരി വിവാദം വ്യക്തമാക്കുന്നു

Sunday, September 25, 2011

മാരാരിക്കുളത്തെ സി പി എം സമരം : പാര്‍ട്ടി സമ്മേളനങ്ങള്‍ പിടിച്ചെടുക്കാനുളള ഐസക്കിന്റെ തന്ത്രം


 പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ കൂടെ നിര്‍ത്തുന്നതിനായി കോമളപുരത്തെ സ്പിന്നേഴ്‌സില്‍ ജോലി വാഗ്ദാനം ചെയ്ത്  അണികളെ പറ്റിച്ചതിന്റെ ജാള്യത മറയ്ക്കാന്‍ തോമസ് ഐസക് ആസൂത്രണം ചെയ്ത സമരം സി പി എമ്മിന് തന്നെ ബാധ്യതയാകുന്നു.
ജില്ലയിലെ പാര്‍ട്ടിയില്‍ മേധാവിത്വം ഉറപ്പിക്കുന്നതിന് സ്ഥലം എം എല്‍ എ നടത്തുന്നതാണ് ഈ സമരാഭാസമെന്ന് ഇതിനോടകം വ്യക്തമായതോടെ പലരും വിട്ടു നില്‍ക്കുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി മുതല്‍ പാര്‍ട്ടി ബന്ധുക്കള്‍ക്ക് വരെ സ്പിന്നേഴ്‌സില്‍ ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് നടക്കാതെ വന്നതോടെ പലരും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ സമരത്തിലൂടെ ഇതിനെ തരണം ചെയ്യാനുളള നീക്കമാണ് സി പി എം നടത്തുന്നത്. ഇന്നലെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം കലവൂരില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണം എന്ന പേരില്‍ ഐസക്ക് 24 മണിക്കൂര്‍ സമരം തുടങ്ങിയത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം യാതൊന്നും ഈ മേഖലയ്ക്കായി ചെയ്യാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ ഉദ്ഘാടനം ചെയ്ത് പണം കളഞ്ഞതാണെന്ന വസ്തുത ജനങ്ങള്‍ക്കും ബോധ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മാസങ്ങളുടെ മാത്രം പ്രായമുളള യു ഡി എഫ് സര്‍ക്കാരിനെതിരെ വികസനത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന സമരം അനാവശ്യമാണെന്ന നിലപാടാണ് പാര്‍ട്ടിക്കുളളില്‍ പോലും ഉളളത്.
 
ഘടക കക്ഷികള്‍ പ്രത്യേകിച്ച് സി പി ഐയും ഇത്തരത്തിലുളള അഭിപ്രായക്കാരാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ജി സുധാകരനുമായി കെമ്പുകോര്‍ക്കുന്ന ഐസക് പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷകനാണെന്ന് വരുത്തി തീര്‍ത്ത് അണികള്‍ക്കിടയില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാനുളള നീക്കമാണ് നടത്തുന്നത്. കലവൂരില്‍ ഇന്നലെ പിണറായി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിന്റെ പോസ്റ്ററില്‍ നിന്നും ജി സുധാകരന്റെ പേര് ഒഴിവാക്കിയത് ഇന്നലെ ഏറെ വിവാദമായിരുന്നു. ചടങ്ങില്‍ അധ്യക്ഷനായിരുന്ന തന്റെ പേര് മനപ്പൂര്‍വ്വം തളളിയതാണെന്ന സൂചനയും സുധാകരന് കിട്ടിയിട്ടുണ്ട്. യു ഡി എഫ് സര്‍ക്കാരിന്റെ തിളക്കമാര്‍ന്ന പദ്ധതികള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന സ്വീകരണത്തില്‍ വിറളി പൂണ്ടാണ് സി പി എം ഇപ്പോള്‍ സമര മാര്‍ഗം അവലംബിച്ചിരിക്കുന്നത്

Saturday, September 24, 2011

ഇടത് യുവസംഘടനകളുടെ ഗതികേട്


സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ ഇടതുപക്ഷ യുവജന സംഘടനകള്‍ ഈ മാസം 26-ാം തീയതി സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനൊരുങ്ങുന്നു. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായത്തെപ്പറ്റി യു.ഡി.എഫ് സര്‍ക്കാര്‍ യാതൊരു തീരുമാനവും എടുത്തിട്ടില്ല.
പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കമാരംഭിച്ചു എന്ന ഏതോ അറിവിന്റെ അടിസ്ഥാനത്തിലാണ് ഇടത് യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. നിഴലിനോട് യുദ്ധം ചെയ്യാന്‍ രസമായിരിക്കും. അവിടെ തോല്‍വിയും ജയവും ഇല്ല. അതുപോലെ ഒരു നിഴല്‍വേട്ടയാണ് ഇടതുയുവാക്കളുടെ ഈ സമരമെന്ന് കരുതാം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 55 വയസ്സാണ്. കുറുക്കുവഴിയേ പെന്‍ഷന്‍ ഏകീകരണം എന്ന പേരില്‍ അത് ഒരു വയസ്സോളം നീട്ടിക്കൊടുത്തത് കഴിഞ്ഞ ഇടതുസര്‍ക്കാരാണ്. തികച്ചും വികലവും അശാസ്ത്രീയവുമായിരുന്നു ആ നടപടി. എന്തെന്നാല്‍ പലദിവസങ്ങളായി സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടവരെല്ലാം മാര്‍ച്ച് 31-ാം തീയതി കൂട്ടത്തോടെ പണി നിര്‍ത്തിപ്പോകേണ്ട അവസ്ഥ അതുമൂലം ഉണ്ടായി. പി.എസ്.സി വഴിയുള്ള നിയമനം പലതരം ഘട്ടങ്ങളില്‍ കിടക്കുമ്പോള്‍ ഒറ്റയടിക്ക് വിരമിക്കുന്ന പതിനായിരക്കണക്കിന് ജീവനക്കാരുടെ ഒഴിവ് പിറ്റേദിവസം തന്നെ നികത്താന്‍ പ്രായോഗിക വിഷമതയുണ്ട്. വിരമിക്കുന്നവരുടെയെല്ലാം പെന്‍ഷന്‍ ആനുകൂല്യം കൊടുത്തുതീര്‍ക്കാനും വിഷമം നേരിടുന്നു.  കഴിഞ്ഞ രണ്ടുവര്‍ഷം ഈ തുഗ്ലക്ക് പരിഷ്‌കാരത്തിന്റെ കെടുതി സംസ്ഥാനം അനുഭവിച്ചു. ഓഫീസുകള്‍ മുഴുവന്‍ മാര്‍ച്ച് മാസം വിരമിക്കുന്നവരുടെ യാത്രയയപ്പ് ബഹളങ്ങളില്‍ മുങ്ങി. ഓഫീസിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു.
 
ചില വകുപ്പുകള്‍ക്ക് പെന്‍ഷന്‍ ആകുന്നവരുടെ ആനുകൂല്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന ജോലി മാത്രം ചെയ്യാനേ നേരമുണ്ടായുള്ളൂ. ഇതുമൂലം സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് നാട്ടുകാര്‍ക്ക് ലഭിക്കേണ്ട അവശ്യസേവനങ്ങള്‍ പോലും തടസ്സപ്പെട്ടു. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്വാഭാവികമായും ആലോചിച്ചിരിക്കാം. വര്‍ഷാവര്‍ഷം പെന്‍ഷന്‍ ഏകീകരണത്തിന്റെ പേരില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. ഇടതുസര്‍ക്കാര്‍ ഇതുപോലെ പല കന്നംതിരിവുകളും ചെയ്തുവെച്ചിട്ടുണ്ട്. അതൊക്കെ മാറ്റിയെടുക്കേണ്ടത് ഉത്തരവാദിത്വമുള്ള ഭരണാധികാരികളുടെ ചുമതലയാണ്. അത് ചെയ്യാനുള്ള ആലോചന ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തി. പെന്‍ഷന്‍ ഏകീകരണത്തിന് പകരം പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന സര്‍വീസ് സംഘടനകളുടെ ചിരകാല ആവശ്യം സ്വാഭാവികമായും സംഘടനാ പ്രതിനിധികള്‍ സര്‍ക്കാരിന്റെ മുന്നില്‍ വച്ചിട്ടുണ്ടാകാം. അതില്‍ ഇടതുപക്ഷ സംഘടനകളും ഉള്‍പ്പെടും. യുവജനങ്ങളുടെ തൊഴില്‍ അവസരം നഷ്ടപ്പെടും എന്നുകരുതി ആരും ആ ആവശ്യത്തില്‍ നിന്ന് മാറിനിന്നിട്ടില്ല. ഇപ്പോള്‍ ഇടതു യുവാക്കള്‍ ഇല്ലാത്ത തീരുമാനത്തിനെതിരെ സമരം പ്രഖ്യാപിച്ച് രംഗത്തുവരുമ്പോള്‍ സി.പി.എം ഉള്‍പ്പെടെ ഇടതുപക്ഷ സംഘടനകള്‍ക്ക് ഈ വിഷയത്തിലുള്ള നിലപാട് എന്തെന്ന് പരസ്യമായി വ്യക്തമാക്കാന്‍ ബാധ്യതയുണ്ട്. 
ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 55 ആയി നിലനില്‍ക്കുന്ന ഏകസംസ്ഥാനം കേരളമാണ്.
 
രൂക്ഷമായ തൊഴിലില്ലായ്മ നിലനിന്ന കാലത്ത് ഇ.എം.എസ് സര്‍ക്കാരാണ് കേരളത്തിലെ പെന്‍ഷന്‍ പ്രായം 58ല്‍ നിന്ന് 55 വയസ്സായി കുറച്ചത്. ഇത് പുനഃപരിശോധിക്കാന്‍ സമയമായി എന്ന് ബോധ്യമുള്ളതുകൊണ്ടാകണമെല്ലോ കഴിഞ്ഞ ഇടതു സര്‍ക്കാര്‍ പെന്‍ഷന്‍ ഏകീകരണമെന്ന പേരില്‍ ഒരുകൊല്ലത്തോളം വിരമിക്കല്‍ കാലാവധി നീട്ടിക്കൊടുത്തത്. അപ്രായോഗികവും അശാസ്ത്രീയവുമായ ആ നടപടിയ്‌ക്കെതിരെ ഇപ്പോള്‍ സമരസജ്ജരായി രംഗത്തുവന്നിരിക്കുന്ന യുവസംഘടനകളെ അന്നൊന്നും കണ്ടില്ല. തൊഴിലില്ലായ്മയോ യുവാക്കളുടെ ക്ഷേമമോ ഒന്നുമല്ല ഈ സംഘടനകളുടെ പ്രഖ്യാപിത സമരത്തിന്റെ ലക്ഷ്യം. കക്ഷിരാഷ്ട്രീയത്തിന്റെ കുന്നായ്മകളില്‍ പ്രതിഷേധിച്ച് അകന്നുകൊണ്ടിരിക്കുന്ന അണികളെ പിടിച്ചുനിര്‍ത്തണം. തികച്ചും സ്വാര്‍ത്ഥമായ രാഷ്ട്രീയലാഭത്തിനുവേണ്ടി ജനവിരുദ്ധ സമരം നടത്താന്‍ മടിയില്ലാത്തവര്‍ സമരവിഷയം തിരഞ്ഞ് ഇല്ലാത്ത തീരുമാനത്തിനെതിരെ മാര്‍ച്ച് നടത്താന്‍ ഒരുങ്ങുമ്പോള്‍ സാമാന്യജനം ചിരിക്കുകയാണ്.

ദേശാഭിമാനിയില്‍ 'ജാഗ്രതക്കുറവ്' അയോഗ്യതയല്ല; ജയരാജന്മാര്‍ക്കും


കര്‍ഷകസംഘം ഓഫീസ് സെക്രട്ടറി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ.പി പദ്മനാഭനെതിരെ
'ജാഗ്രതക്കുറവി'ന്റെ പേരില്‍ അച്ചടക്ക നടപടിയെടുത്ത സി.പി.എം ഇതേ രീതിയില്‍ ജാഗ്രതക്കുറവു കാണിച്ച ഒരുപിടി നേതാക്കളെ ഇതിനു മുമ്പ് സംരക്ഷിച്ചു.ദേശാഭിമാനിയില്‍ നടന്ന നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ ജാഗ്രതക്കുറവു കാണിച്ച സി.പി.എം നേതാക്കളായ ഇ.പി ജയരാജന്‍, പി ജയരാജന്‍, വി.വി ദക്ഷിണാമൂര്‍ത്തി, എം സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരേ നടപടിയെടുക്കാത്ത പാര്‍ട്ടിയാണ് സമാനസ്വഭാവമുള്ള സംഭവത്തില്‍ സി.കെ.പിയെ ബലിയാടാക്കിയത്. ലോട്ടറിരാജാവ് സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് കോടികള്‍ വാങ്ങിച്ച സംഭവത്തില്‍ ഇ.പി ജയരാജനു മേല്‍ പാര്‍ട്ടി ജാഗ്രതക്കുറവ് ആരോപിച്ചിരുന്നു.ജയരാജനെ തല്‍ക്കാലം ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് മാറ്റിയതല്ലാതെ പാര്‍ട്ടിയില്‍ തരംതാഴ്ത്തിയില്ല. ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് പിന്നീട് തിരികെ കൊണ്ടുവരികയും ചെയ്തു.
നിലവില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജന്‍ ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് മാനേജരായിരിക്കേ ദേശാഭിമാനിയിലെ സര്‍ക്കുലേഷന്‍ ചുമതലയുള്ള യു. കെ. സജീവന്‍ എന്നയാള്‍ രണ്ടരലക്ഷത്തോളം രൂപയുടെ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. ദേശാഭിമാനിയില്‍ കാഷ്യറായിരുന്ന ഇയാളുടെ ഭാര്യ ജെസിയുടെ ഒത്താശയോടെയായിരുന്നു തിരിമറിയെന്നും അന്വേഷണത്തില്‍ ബോധ്യപ്പെടുകയുണ്ടായി. ദേശാഭിമാനിയില്‍ നടന്ന ഈ തട്ടിപ്പിന്റെ പേരില്‍ പി ജയരാജനെതിരേ നടപടിയുണ്ടായില്ലെന്നു മാത്രമല്ല തട്ടിപ്പു നടത്തിയ ജീവനക്കാരന് ഗള്‍ഫിലേക്ക് പോകാനുള്ള സഹായം പാര്‍ട്ടി നേതാക്കള്‍ തന്നെ ചെയ്തുകൊടുക്കുകയുമുണ്ടായി.ദേശാഭിമാനിയില്‍ സമാനരീതിയില്‍ തട്ടിപ്പുകള്‍ വേറെയും നടന്നു. കണ്ണൂര്‍ യൂണിറ്റില്‍ സര്‍ക്കുലേഷന്‍ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ദേശാഭിമാനി ലോക്കല്‍ സെക്രട്ടറി കൂടിയായ നീലേശ്വരം ബങ്കളം സ്വദേശി കുഞ്ഞിക്കണ്ണന്‍ ആറു ലക്ഷത്തിലധികം രൂപയുടെ വെട്ടിപ്പാണ് നടത്തിയത്. ദേശാഭിമാനി ജീവനക്കാരുടെ വെല്‍ഫയര്‍ സൊസൈറ്റിയിലെ പണവും പാര്‍ട്ടിക്ക് ലെവിയായി അടച്ച ഒന്നരലക്ഷത്തോളം രൂപയുമാണ് തിരിമറി നടത്തിയത്. അന്ന് ജാഗ്രതക്കുറവ് കാണിച്ചതിന്റെ പേരില്‍ യൂണിറ്റ് മാനേജര്‍ എം സുരേന്ദ്രന്റെ പേരില്‍ പാര്‍ട്ടി നടപടി വന്നിട്ടില്ല. കുഞ്ഞിക്കണ്ണനെ കോഴിക്കോടേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. ഇയാള്‍ പിന്നീട് ജോലി രാജിവെച്ച് ഗള്‍ഫിലേക്കു പോയി. പിന്നീടാണ് ദേശാഭിമാനിയിലെ ബാധ്യതകള്‍ തീര്‍ത്തത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ദേശാഭിമാനിയില്‍ കോഴിക്കോട് സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന കരിവെള്ളൂര്‍ പെരളത്തെ സുകുമാരന്‍ എട്ടു ലക്ഷത്തിലധികം രൂപ തട്ടിയ സംഭവത്തിലും മാനേജരായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി വി ദക്ഷിണാമൂര്‍ത്തിക്കെതിരേ ജാഗ്രതക്കുറവിന്റെ പേരില്‍ നടപടി വന്നിട്ടില്ല. തട്ടിപ്പു നടത്തിയയാളുടെ മകന് ദേശാഭിമാനിയില്‍ തന്നെ കണ്ണൂരിലെ പാര്‍ട്ടി ഘടകത്തിന്റെ എതിര്‍പ്പ് മറികടന്ന് ജോലി നല്‍കുകയുമുണ്ടായി. കണ്ണൂരിലെ എ.കെ.ജി ആശുപത്രിയില്‍ നടന്ന കോടികളുടെ വെട്ടിപ്പിലും കാസര്‍ഗോട്ട് സഹകരണ സ്ഥാപനങ്ങളുടെ പണം തിരിമറി നടത്തി ഇപ്പോഴും വെട്ടിപ്പു നടത്തിക്കൊണ്ടിരിക്കുന്ന സംഭവത്തിലുമൊന്നും നടപടിയെടുക്കാതെ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. കാസര്‍ഗോട്ട് മുന്‍ എം.എല്‍.എ കൂടിയായ നേതാവിനെതിരേ സാമ്പത്തികവും അല്ലാത്തതുമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അതൊന്നും ഈ പാര്‍ട്ടിക്ക് പ്രശ്‌നമേയല്ല. സി.കെ.പി പദ്മനാഭനെ പോലുള്ള സി.പി.എമ്മിലെ വംശനാശം നേരിടുന്ന ജനകീയ നേതാക്കളെ പാര്‍ട്ടിസമ്മേളനമാകുമ്പോഴേക്കും ഇല്ലാതാക്കുകയെന്ന അജണ്ടയാണ് നടപ്പിലായിക്കൊണ്ടിരിക്കുന്നത്.

Thursday, September 15, 2011

രാജേഷിന്റെ മുനയും വ്യാഖ്യാന വാരിക്കുന്തങ്ങളും


മുനവെച്ച പരാമര്‍ശമെന്ന് പറയാറുണ്ട്. സാധാരണ പ്രാസംഗികര്‍ പലരെയും വിമര്‍ശിക്കാന്‍ നേരിട്ടല്ലാതെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തും. വിവേക ശീലമുള്ളവര്‍ അതുള്‍ക്കൊള്ളും. അതിനെ വ്യാഖ്യാനിക്കും.
ഇതു പറയാന്‍ കാരണം ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് എം ബി രാജേഷ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടത്തിയ പ്രസംഗമാണ്. രാജേഷിന്റെ പ്രസംഗം സഖാവ് വി എസ് അച്യുതാനന്ദനെ കളിയാക്കിയിട്ടാണെന്ന് കേട്ട ഡി വൈ എഫ് ഐ സഖാക്കള്‍ക്കെല്ലാം അറിയാം. കുഞ്ഞാലിക്കുട്ടിക്കും ബാലകൃഷ്ണപിള്ളക്കുമെതിരെ അല്‍പ്പം എരിവും പുളിയും ചേര്‍ത്ത് പ്രസംഗിച്ചു നടന്നാല്‍ എളുപ്പം കയ്യടി കിട്ടുമെന്നും ഇത് അധ്വാനമില്ലാത്ത പണിയാണെന്നും രാജേഷ് പറഞ്ഞു. ബുദ്ധിയുള്ളവര്‍ ഏതു രീതിയിലാണ് രാജേഷേ ചിന്തിക്കേണ്ടത്? കുഞ്ഞാലിക്കുട്ടിക്കും ബാലകൃഷ്ണപിള്ളക്കുമെതിരെ നിരന്തരം പ്രസംഗിച്ചു നടക്കുന്ന ഒരാളെ മാത്രമേ കേരളത്തില്‍ എല്ലാവര്‍ക്കും അറിയുള്ളു. അത് അച്യുതാനന്ദനാണ്. കഴിഞ്ഞയാഴ്ച ഇ പി ജയരാജന്റെ മകന്റെ വിവാഹത്തിന് കണ്ണൂരില്‍ വന്നപ്പോഴും  വി എസ് വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞത് കുഞ്ഞാലിക്കുട്ടിക്കും ബാലകൃഷ്ണപിള്ളയ്ക്കുമെതിരായ കാര്യങ്ങളായിരുന്നു.
 
വി.എസ് ഏതു പൊതുയോഗത്തിലും കൈയടി കിട്ടാന്‍ കുഞ്ഞാലിക്കുട്ടിയുടെ കാര്യവും പിള്ളയുടെ കാര്യവും പറയും. ഇത് മാതൃകയാക്കരുതെന്ന അഭ്യര്‍ത്ഥന കണ്ണൂരിലെ ഡി വൈ എഫ് ഐ സഖാക്കള്‍ക്ക് മുന്നില്‍ രാജേഷ് നടത്തി. അത്രമാത്രം.
 പിണറായി വിജയന്റെ തട്ടകത്തില്‍ ഡിവൈഎഫ്‌ഐ ജില്ലാ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്യുമ്പോള്‍ ഇതിലും കൂടുതല്‍ രാജേഷ് പറയേണ്ടതായിരുന്നു. എന്നാലും  മിതത്വം പാലിച്ചു. വി.എസിനെ വല്ലാതങ്ങ് പറഞ്ഞില്ല. ചെറുതായൊന്നു കളിയാക്കി.
പ്രസംഗം കേട്ട മന്ദബുദ്ധികളല്ലാത്തവരെല്ലാം രാജേഷിന്റെ മുനവെച്ച പരാമര്‍ശം ആര്‍ക്കെതിരെയെന്ന് കൃത്യമായി വ്യാഖ്യാനിച്ചു. ഇക്കാര്യം ചാനലുകളില്‍ വളരെ പ്രാധാന്യത്തോടെ നല്‍കുകയും ചെയ്തു. പാര്‍ട്ടി മുഖപത്രത്തിനും പാര്‍ട്ടി ചാനലിനും അധികം ബുദ്ധി ഉപയോഗിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് അവര്‍ അതിന്റെ വ്യാഖ്യാനം അന്വേഷിച്ചുമില്ല. അന്വേഷിച്ചാല്‍ അവര്‍ക്കും മറിച്ചൊരു വിശകലനം നടത്താന്‍ സാധിക്കില്ലെന്ന കാര്യം വേറെ. പറയാന്‍ പറഞ്ഞു. ചാനലില്‍ വാര്‍ത്ത വന്നപ്പോള്‍ പതിവുപോലെ ഡിവൈഎഫ്‌ഐ നേതാവ് അടവു മാറ്റി. സ്ഥിരം വാചകമെടുത്തങ്ങ് പ്രയോഗിച്ചു. വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന്. മാധ്യമ ഗുണ്ടായിസം തുടങ്ങിയ പുതിയ ലേബലുകള്‍ കൂടെ. തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് പറയുന്ന എം ബി രാജേഷ് അതിന്റെ ശരിയായ വ്യാഖ്യാനമെന്താണെന്ന് ദേശാഭിമാനിയിലെങ്കിലും അച്ചടിച്ചു വരുത്തേണ്ടതല്ലേ. കുഞ്ഞാലിക്കുട്ടിയെയും ബാലകൃഷ്ണപിള്ളയെയും കുറിച്ച് പ്രസംഗിക്കുന്നതിനെ ഒരുദാഹരണമായി പറഞ്ഞുവെന്ന് രാജേഷ് പിന്നീട് ലളിതവല്‍ക്കരിച്ച് വിശദീകരിച്ചു.
 
ഇങ്ങനെ പ്രസംഗിച്ച് കയ്യടി നേടുന്ന ഒരേയൊരു നേതാവിനെ മാത്രം മനസില്‍ വെച്ചായിരുന്നു രാജേഷിന്റെ പ്രയോഗങ്ങള്‍. രാജേഷ് പ്രസംഗിക്കുമ്പോള്‍ ഇനിയെങ്കിലും ശ്രദ്ധിക്കുക. വ്യാഖ്യാനങ്ങളും ദുര്‍വ്യാഖ്യാനങ്ങളും ഉണ്ടാകുന്നതൊഴിവാക്കാന്‍ കാര്യങ്ങൡനി വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍ മതി. അധികം ഉദാഹരണങ്ങള്‍ വേണ്ട. ഉദാഹരണം പറഞ്ഞാല്‍ ഉത്തരവാദിയെ വ്യാഖ്യാനിച്ച് കണ്ടെത്തേണ്ടി വരും.
 
കണക്കുതീര്‍ക്കാനൊരു സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍
ശശി വാഴാത്തിടത്ത് അജിത്തും വാഴില്ല. ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സഖാവ് പി ശശിയുടെ ആശീര്‍വാദത്തോടെ അവരോധിക്കപ്പെട്ടയാളാണ് അജിത്ത് കുമാര്‍. ശശിയുടെ വീട്ടില്‍ പുഴമീന്‍ എത്തിച്ചുകൊടുത്താണ് അജിത്ത് കുമാര്‍ കാര്യം നേടാറുള്ളതെന്ന് പഴയ സഖാവ് അബ്ദുള്ളക്കുട്ടി തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. അജിത്തിന്റെ ഭാര്യയോട് സഭ്യേതരമായി പെരുമാറിയതിന്റെ പേരില്‍ ശശി സഖാവിനെതിരെ അജിത്ത് കടപ്പാടുകളെല്ലാം മറന്ന് പരാതി നല്‍കി. സംസ്ഥാനത്താകെ അതൊരു കൊടുങ്കാറ്റായി. പിണറായിയുടെ വിശ്വസ്തനായ പി ശശി അനന്തരം പാര്‍ട്ടിയില്‍ ഒന്നുമല്ലാതായി. അന്നേ ഔദ്യോഗിക പക്ഷം വെട്ടാന്‍  കുറിച്ചുവെച്ച പേരായിരുന്നു അജിത്തിന്റേത്. കാലാവധിയെത്തും മുമ്പേ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടി. പ്രായപരിധിയുടെ പേരിലാണത്രെ തിടുക്കപ്പെട്ടുള്ള ആ ഒഴിവാക്കല്‍. പ്രായം മധ്യവയസിലെത്തിയ ശ്രീരാമകൃഷ്ണന്‍ നയിക്കുന്ന ഡിവൈഎഫ്‌ഐ പ്രസ്ഥാനത്തിനാണോ ഈ കൃത്യനിഷ്ഠത?
സ്‌പെഷ്യല്‍ കണ്‍വെന്‍ഷനുകളിലൂടെ ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ അതിനൊരു ഗുണമുണ്ട്. പാര്‍ട്ടി നേതൃത്വത്തിന് വിശ്വസ്തരെ പ്രതിഷ്ഠിക്കാനുള്ള അവസരമാണ് ഇത്തരം കണ്‍വെന്‍ഷനുകള്‍. ഔദ്യോഗിക പക്ഷം അവര്‍ക്ക് വളരെ വിശ്വസ്തരായ ഷംസീറിനെയും അഡ്വ. സന്തോഷ്‌കുമാറിനെയും ഡിവൈഎഫ്‌ഐയുടെ ജില്ലാ പ്രസിഡണ്ടും സെക്രട്ടറിയുമാക്കി. ഷംസീറിനെയൊക്കെ നേതൃനിരയില്‍ സുരക്ഷിതമാക്കാന്‍ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനല്ലാതെ വഴിയില്ലെന്ന് സകലസഖാക്കള്‍ക്കുമറിയാം. തെരഞ്ഞെടുപ്പായാല്‍ എങ്ങനെ മാനസപുത്രന്മാര്‍ സംഘടനയുടെ അമരത്തു വരും. അല്ലേ.

മെട്രോ പദ്ധതി കുതിപ്പിലേക്ക്


അനിശ്ചിതത്വത്തിന്റെ ട്രാക്കില്‍ നിന്ന് കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ശാപമോക്ഷമേകാനുള്ള കേന്ദ്ര ആസൂത്രണ കമ്മീഷന്റെ തീരുമാനം കേരള ജനതയുടെ ചിരകാല സ്വപ്‌നത്തിന്റെ സാക്ഷാത്കാരത്തിനാണ് വഴിതെളിച്ചിരിക്കുന്നത്.
സ്മാര്‍ട്ട് സിറ്റി പദ്ധതിയോടൊപ്പം സജീവമാകേണ്ട മെട്രോ റെയില്‍ പദ്ധതിയുടെ കാര്യത്തില്‍ നിലനിന്നുപോന്ന മിക്കവാറും എല്ലാ ആശങ്കകള്‍ക്കും തന്നെ ഇതോടെ വിരാമമാവുകയാണ്. ആസൂത്രണ കമ്മീഷന്റെ ഗ്രീന്‍ സിഗ്നല്‍ ഇന്നലെ ലഭ്യമായ സാഹചര്യത്തില്‍, പദ്ധതി നടത്തിപ്പിന്റെ മുതല്‍മുടക്ക് ആരൊക്കെ ചേര്‍ന്ന് ഏതുവിധം നിര്‍വ്വഹിക്കണമെന്നതു സംബന്ധിച്ച തീരുമാനമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇനിയുമുണ്ടാകേണ്ടത്. ഈ വിഷയം കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക പഠനസമിതിക്കാണ് വിട്ടിരിക്കുന്നത്. അടുത്തയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലെത്തുമ്പോഴേയ്ക്കും ഇതു സംബന്ധിച്ച തീരുമാനമാകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. ഡല്‍ഹി, ചെന്നൈ മെട്രോ റെയില്‍ പദ്ധതികളുടെ മാതൃകയില്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും സംയുക്തമായി കൊച്ചി മെട്രോ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുണ്ടാകണമെന്ന നിര്‍ദ്ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുള്ളത്.സ്വകാര്യ പങ്കാളിത്തത്തോടെ മാത്രമേ പദ്ധതി പ്രായോഗികമാകൂ എന്ന ആസൂത്രണ കമ്മീഷനിലെ ചില അംഗങ്ങളുടെ ആദ്യനിലപാടില്‍ അയവു വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധ്യമായിട്ടുണ്ട്. ഇതിനിടെ, 4427 കോടി രൂപ വരുന്ന പദ്ധതി ചെലവിന്റെ 52 ശതമാനം വായ്പയായി നല്‍കാന്‍ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി എന്ന ബാങ്കിംഗ് സ്ഥാപനം മുന്നോട്ടുവന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ഈ ബാങ്കിംഗ് സ്ഥാപനത്തിന്റെ അടുത്ത വര്‍ഷത്തെ വായ്പാ നിര്‍ദ്ദേശങ്ങളില്‍ കൊച്ചി മെട്രോ പദ്ധതിയെ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. കേന്ദ്രമന്ത്രിസഭാ ഉപസമിതി ഈ വായ്പയ്ക്ക് അനുകൂലമായി ശുപാര്‍ശ നല്‍കാതിരിക്കില്ലെന്ന പ്രതീക്ഷയാണ് സംസ്ഥാന സര്‍ക്കാരിനും മെട്രോ റെയില്‍ കമ്പനിക്കുമുള്ളത്.
 
കേരളത്തിന് സ്വതസ്സിദ്ധമായ വിപരീത സാഹചര്യങ്ങള്‍ മൂലം ഇതിനകം തന്നെ അഞ്ചാറ് വര്‍ഷം വൈകിക്കഴിഞ്ഞെങ്കിലും പദ്ധതിയെ പ്രതീക്ഷിച്ച ഗതിവേഗത്തിലേയ്ക്ക് കൊണ്ടുവരാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് സാധ്യമായെന്നാണ് ഇക്കഴിഞ്ഞ മൂന്നു മാസക്കാലത്തെ ഝടുതിയിലുള്ള പുരോഗതി സൂചിപ്പിക്കുന്നത്. മന്ത്രിസഭ നിലവില്‍ വന്ന് ഒരു മാസം തികഞ്ഞപ്പോഴേയ്ക്കും, കേന്ദ്ര ആസൂത്രണ കമ്മീഷന്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്ന പ്രകാരം 'കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്' എന്ന പേരില്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് രൂപം നല്‍കാന്‍ തീരുമാനമെടുത്തു. തുടര്‍ന്നുള്ള നടപടികള്‍ അതിവേഗത്തിലായിരുന്നു-തികഞ്ഞ കാര്യശേഷിയോടെ. ജപ്പാന്‍ ബാങ്ക് പദ്ധതിയുടെ കാര്യത്തില്‍ താല്‍പര്യമെടുക്കുന്നതിനുള്ള കാരണവും ഇതുതന്നെ.
വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം പ്രവചനാതീതമായി പെരുകുകയും റോഡുകളുടെ പരിമിതി അതിസങ്കീര്‍ണ്ണപ്രശ്‌നമായി മാറുകയും ചെയ്തതോടെ കൊച്ചി അഭിമുഖീകരിച്ചു തുടങ്ങിയ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ നിര്‍ദ്ദേശമാണ് മെട്രോ റെയില്‍ പദ്ധതി. ഇപ്പോഴത്തെ സൗകര്യങ്ങളില്‍ ഗണ്ണ്യമായ പുരോഗതി ഉണ്ടാകാത്ത പക്ഷം അടുത്ത 20 വര്‍ഷത്തിനുള്ളില്‍ കൊച്ചിയിലെ നിരത്തുകളില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാകുന്ന ശരാശരി വേഗത 6-8 കിലോമീറ്റര്‍ മാത്രമായിരിക്കുമെന്നാണ് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ നിഗമനം. പ്രഭാത നടപ്പുകാരുടെ ഏകദേശ വേഗത മാത്രമാണിത്. ഗതാഗതക്കുരുക്കിന്റെ കാര്യത്തില്‍ ബാങ്കോക്ക് നഗരത്തോടാണ് കൊച്ചി മത്സരിക്കുന്നതെന്ന് വിദേശ ടൂറിസ്റ്റുകള്‍ പറയാറുള്ളത് ശരിവയ്ക്കുന്നു ഈ കണക്ക്.
 
ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25.523 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ ആണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ആലുവയില്‍ നിന്ന് തുടങ്ങി മാധവ ഫാര്‍മസി, മഹാരാജാസ് കോളേജ്, എറണാകുളം സൗത്ത്, വൈറ്റില വഴി പേട്ടയില്‍ അവസാനിക്കുന്ന റെയില്‍പാതയ്ക്ക് 23 സ്റ്റേഷനുകളായിരിക്കും ആകെ ഉണ്ടാവുക. നിലവിലുള്ള റോഡിന്റെ മധ്യഭാഗത്ത് ഉയര്‍ത്തുന്ന തൂണുകളിലാവും റെയില്‍പാത പണിയുന്നത്. ഓരോ മെട്രോ ട്രെയിനിലും 3 മുതല്‍ 6 വരെ കാറുകള്‍ ഉണ്ടാകും. ഓരോ കാറിലും 200 പേര്‍ക്ക് കയറാന്‍ കഴിയും. ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വേഗത ശരാശരി 50 കിലോമീറ്റര്‍. ഒരു സ്റ്റേഷനില്‍ നിന്ന് തൊട്ടടുത്ത സ്റ്റേഷനിലേയ്ക്ക് രണ്ട് മിനിറ്റുകൊണ്ട് എത്താന്‍ കഴിയും. ആലുവ മുതല്‍ പേട്ട വരെ 50 മിനിറ്റ് എന്നാണ് കണക്കാക്കിയിട്ടുള്ളത്. 
ഇപ്പോള്‍ നല്ല തിരക്കുള്ള സമയങ്ങളില്‍ തൃപ്പൂണിത്തുറയില്‍ നിന്ന് എം.ജി റോഡ് വരെ എത്താന്‍ രണ്ട് മണിക്കൂറും അവിടെ നിന്ന് അലുവ വരെയെത്താന്‍ മറ്റൊരു രണ്ട് മണിക്കൂറും വരെ സമയം വേണ്ടി വരുന്നതായുള്ള കാറുടമകളുടെ പരാതി അതിശയോക്തിപരമല്ലെന്ന് മെട്രോ റെയില്‍ പദ്ധതിക്കുവേണ്ടി നടത്തിയ പഠനങ്ങള്‍ തെളിയിച്ചിരുന്നു. ഈ ദുരവസ്ഥയ്ക്ക് വലിയൊരളവില്‍ പരിഹാരമാര്‍ഗ്ഗം മെട്രോ റെയിലിലൂടെ.

അപഹാസ്യ രഥത്തിലേറാന്‍ അദ്വാനിക്ക് അതിമോഹം


അഴിമതിക്കെതിരെ ചന്ദ്രഹാസമിളക്കി അണ്ണാ ഹസാരെ സ്വന്തമാക്കിയ 'പരസ്യമൂല്യം' ബി.ജെ.പിയിലെ ഏറ്റവും കൗശലക്കാരനായ സീനിയര്‍ നേതാവിനെ ഒട്ടൊന്നുമല്ല അസൂയാലുവാക്കിയതെന്ന് വ്യക്തമായി.
അഴിമതിയുടെ തന്നെ പേരുപറഞ്ഞുള്ള രഥയാത്രയ്ക്ക് എല്‍.കെ അദ്വാനി കോപ്പുകൂട്ടുന്നതിനുപിന്നില്‍ ഹസാരെയെ മറികടക്കാനുള്ള വ്യാമോഹമാണ് ഒന്നാം സ്ഥാനത്തെങ്കിലും ദേശീയ പ്രതിപക്ഷ നിരയില്‍ ചിലര്‍ നടത്തുന്ന അമിതാഭിനയത്തിലുള്ള അസ്വാസ്ഥ്യവും പ്രേരകമായിട്ടുള്ളതായാണ് സൂചന. ഇനിയും ഒരങ്കത്തിന് യൗവനം ബാക്കിയാണെന്ന് തെളിയിച്ചു കാണിക്കാനുള്ള ആഗ്രഹം അദ്വാനി മറച്ചുവയ്ക്കുന്നേയില്ല. സുഷമ സ്വരാജും, അരുണ്‍ ജെയ്റ്റ്‌ലിയും, നിധിന്‍ ഗഡ്കരിയുമൊക്കെ നടത്തുന്ന ഇളകിയാട്ടങ്ങളെ നിഷ്പ്രഭമാക്കി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി തന്നെ ഉയര്‍ത്തിക്കാട്ടാന്‍ പശ്ചാത്തലമൊരുക്കുന്നതിനുള്ള കുറുക്കുവഴി ഈ രഥയാത്രയില്‍ തെളിഞ്ഞുകിട്ടുമെന്നും അദ്വാനി കണക്കുകൂട്ടുന്നുണ്ടാകണം. രാമജന്മഭൂമിയിലേയ്ക്ക് കര്‍സേവകരെ സംഘടിപ്പിക്കാന്‍ 1989ല്‍ രഥയാത്ര നടത്തിയ അദ്വാനി ബാബറി മസ്ജിദിന്റെ ഉന്മൂലനത്തിലൂടെ ലക്ഷ്യമിട്ട പ്രധാനമന്ത്രിക്കസേര കൈവിട്ടുപോയത് ചരിത്രസംഭവം. സംഘപരിവാറുമായി ഇണങ്ങിയും പിണങ്ങിയുമുള്ള അഭ്യാസമുറകളും മുഹമ്മദലി ജിന്നയോടുള്ള ആദരപ്രകടനവുമെല്ലാം ഈ മോഹഭംഗത്തിന്റെ അനന്തരഫലമായിരുന്നു. എന്നിട്ടും മഹാ തന്ത്രശാലിയായ വയോധിക നേതാവിന്റെ ഇരിപ്പിടം നേതൃനിരയുടെ മൂലയിലേയ്ക്ക് ഒതുങ്ങി.
 
ഇന്ത്യയെ വര്‍ഗ്ഗീയ ദുരന്തത്തിലേയ്ക്ക് നയിച്ച അദ്വാനിയുടെ ആദ്യരഥയാത്ര പോലെ ജനശ്രദ്ധ പിടിച്ചുപറ്റാനോ ആപത്ത് വരുത്തി വയ്ക്കാനോ ഇടയാക്കില്ല ഇപ്രാവശ്യത്തെ നീക്കമെന്ന് തീര്‍ച്ച. അണ്ണാ ഹസാരെ കയ്യടക്കിയ 'പോപ്പുലാരിറ്റി' തട്ടിയെടുക്കാമെന്നത് വെറും വ്യാമോഹം മാത്രവും. അഴിമതിക്കെതിരെ ശബ്ദിക്കാന്‍ പോലുമുള്ള ധാര്‍മ്മികത നഷ്ടമായിരിക്കുകയാണ് ബി.ജെ.പിക്കെന്ന് തിരിച്ചറിയാനുള്ള വിവേകം ഈ രാഷ്ട്രീയ ഭീഷ്മാചാര്യന് നഷ്ടമായിട്ടുണ്ടാകാം. കര്‍ണ്ണാടകയില്‍ യദിയൂരപ്പ മുഖ്യമന്ത്രി കസേരയില്‍ നിന്ന് ഒഴിഞ്ഞത് ഇന്ത്യ കണ്ട അഴിമതി നാടകങ്ങളിലെ ഏറ്റവും പരിഹാസ്യമായ രംഗാന്ത്യത്തിലായിരുന്നു. അവിടെ ഇപ്പോഴും മുടിചൂടാമന്നനായി വാഴുന്ന യദിയൂരപ്പയുടെയും നിരവധി ബി.ജെ.പി നേതാക്കളുടെയും ഉറ്റതോഴനാണ് നിലവില്‍ കാരാഗൃഹ വാസമനുഷ്ഠിക്കുന്ന ഖനിമാഫിയാ തലവന്‍ ജനാര്‍ദ്ദന റെഡ്ഡി. മുന്‍ മന്ത്രി കൂടിയായ റെഡ്ഡിയുടെ താളത്തിനനുസരിച്ച് യദിയൂരപ്പ അഴിമതി ഭരണം നടത്തിയപ്പോള്‍ അദ്വാനിയും പാര്‍ട്ടിയും അത് ആസ്വദിച്ച് ആനന്ദസ്വര്‍ഗ്ഗത്തിലായിരുന്നു. പതിനാറായിരം കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന് ലോകായുക്ത കണ്ടെത്തിയ റെഡ്ഡിയേയും കൂട്ടാളികളേയും റെഡ്ഡിയുടെ തലതൊട്ടപ്പന്മാരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടായിരുന്നു അദ്വാനി രഥയാത്ര പ്രഖ്യാപിക്കേണ്ടിയിരുന്നത്. അങ്ങനെയായിരുന്നെങ്കില്‍ ഖനിമാഫിയ അഴിഞ്ഞാടുന്ന ബെല്ലാരിയില്‍ നിന്നുതന്നെ യാത്ര 'ഫഌഗ് ഓഫ്' ചെയ്ത് അണ്ണാ ഹസാരെയേക്കാള്‍ മാധ്യമശ്രദ്ധ നേടാനും കഴിയുമായിരുന്നു.
 
അദ്വാനി ഉപപ്രധാനമന്ത്രിയായിരിക്കവേ വീരമൃത്യു പ്രാപിച്ച കാര്‍ഗില്‍ യുദ്ധവീരന്മാരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ശവപ്പെട്ടി വാങ്ങിയ ഇടപാടില്‍ പോലും അഴിമതി അരങ്ങേറിയത് രാജ്യത്തിന് മറക്കാനാകുന്നതെങ്ങനെ? ഗഡ്കരിക്കും വെങ്കയ്യ നായിഡുവിനും മുമ്പ് ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്മണന്‍ ഒരു കോടി രൂപ കൈക്കൂലി വാങ്ങുന്നത് ഒളി ക്യാമറ ഒപ്പിയെടുത്ത് ജനങ്ങളെ കാണിച്ചത് പാര്‍ട്ടി വലിയ കാര്യമായി പരിഗണിച്ചിട്ടുണ്ടാകില്ല. വോട്ടിന് കോഴക്കേസില്‍ അറസ്റ്റിലായ രണ്ട് എം.പിമാര്‍ ബി.ജെ.പിക്കാരാണെന്നതിന് അദ്വാനി പറയുന്ന ന്യായങ്ങള്‍ എന്തായിരുന്നാലും ജനകോടികളെ കബളിപ്പിക്കാന്‍ അതുകൊണ്ടൊന്നും ആകില്ല. ഉത്തരഖണ്ഡില്‍ പൊഖ്രിയാലിനെ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നിലെ അഴിമതിക്കും ന്യായവാദങ്ങള്‍ നിരത്താന്‍ അദ്വാനിക്ക് കഴിഞ്ഞേക്കും. ഇക്കാര്യങ്ങളെ ചൊല്ലിയായാലും അല്ലെങ്കിലും അദ്വാനിയുടെ രഥയാത്രയെ പുച്ഛിച്ചു തള്ളുകയാണ് ഹസാരെ. അദ്വാനിയുടെ മനസിലിരിപ്പ് മുന്‍കൂട്ടി കാണാനുള്ള വക്രബുദ്ധി ഹസാരെയില്‍ ബാക്കിയുണ്ടെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ രാം ലീല അഭ്യാസപരിപാടികള്‍ നിരീക്ഷിച്ചവര്‍ക്ക് സംശയമുണ്ടാകില്ല. ബി.ജെ.പിയില്‍ നിന്ന് നന്മയുണ്ടാകില്ലെന്ന തിരിച്ചറിവിനുപുറമെ സ്വന്തം പ്രഭാവലയത്തില്‍ വിള്ളലുണ്ടാകരുതെന്ന മോഹവും ഹസാരെയ്ക്കുള്ളതായി അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നു

സിപിഎം ഔദ്യോഗിക പക്ഷം വി എസിനെ കുരുക്കാനുള്ള രേഖകള്‍ ചാനലില്‍ നിന്നു ശേഖരിച്ചു


വി എസ്‌ അച്യുതാനന്ദന്റെ മകന്‍ വി എസ്‌ അരുണ്‍കുമാറുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളുടെ മുഴുവന്‍ രേഖകളും സ്വകാര്യ ചാനലില്‍നിന്ന്‌ സിപിഎം ഔദ്യോഗിക പക്ഷം സമാഹരിച്ചു. ഇരുപതാം പാര്‍ട്ടി കോഗ്രസിനു മുന്നോടിയായി ഇന്നാരംഭിക്കുന്ന സിപിഎം ബ്രാഞ്ച്‌ സമ്മേളനങ്ങളില്‍ വി എസ്‌ പക്ഷത്തിനെതിരേ ഉപയോഗിക്കാനാണിത്‌.
ഔദ്യോഗിക പക്ഷത്തെ രണ്ടാമനായ പ്രമുഖ നേതാവ്‌ നേരിട്ടാണ്‌ ചാനലില്‍ നിന്ന്‌ രേഖകള്‍ ശേഖരിച്ചത്‌. അരുണ്‍കുമാറിനെതിരേ നടക്കുന്ന വിജിലന്‍സ്‌ അന്വേഷണങ്ങളുടെ രേഖകളും നിയമസഭാ സമിതി അന്വേഷണത്തിന്‌ ഇടയാക്കിയ ഐസിടി ഡയറക്ടര്‍ നിയമനത്തിന്റെ വിശദാംശങ്ങളും നേരത്തേ ശേഖരിച്ചിരുന്നു. ഇതിനു പുറമേ, അരുണ്‍കുമാര്‍ വിവാദ സ്വാമി സന്തോഷ്‌ മാധവനില്‍ നിന്ന്‌ 70 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയുടെ വിശദാംശങ്ങള്‍, കൊട്ടാരക്കര സ്വദേശി അമ്പലക്കര സന്തോഷില്‍ നിന്ന്‌ അഞ്ചു ലക്ഷം രൂപ വാങ്ങിയെന്ന പരാതിയുടെ പകര്‍പ്പ്‌, ഇതുമായി ബന്ധപ്പെട്ട്‌ തുടര്‍ച്ചയായി ചാനല്‍ സംപ്രേഷണം ചെയ്‌ത വാര്‍ത്തകളുടെ വിഡിയോ ടേപ്പ്‌ തുടങ്ങിയവയാണ്‌ ചാനലില്‍ നിന്ന്‌ വാങ്ങിയത്‌. സമ്മേളനത്തീയതികള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പേതെന്നയായിരുന്നു ഇത്‌. 
ഇരുപതോളം വിഷയങ്ങളാണ്‌ വി എസിനെ വെട്ടിലാക്കാന്‍ അരുണ്‍കുമാറുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഔദ്യോഗിക പക്ഷം ഉയര്‍ത്തുകയെന്നാണു സൂചന. അരുണ്‍കുമാറിന്റെ മക്കാവു ദ്വീപ്‌ സന്ദര്‍ശനവും കെ എ റഊഫുമായുള്ള സൗഹൃദവും ഇതില്‍പെടും. തിരുവനന്തപുരത്തെ ഗോള്‍ഫ്‌ ക്ലബില്‍ മകനുള്ള അംഗത്വത്തെ വി എസ്‌ ന്യായീകരിച്ചതാണ്‌ മറ്റൊന്ന്‌. പണമുള്ളവര്‍ ഇത്തരം ക്ലബുകളില്‍ അംഗത്വമെടുക്കുമെന്ന മട്ടിലാണ്‌ വാര്‍ത്താ സമ്മേളനത്തില്‍ വി എസ്‌ സംസാരിച്ചത്‌. പാര്‍ട്ടി അംഗങ്ങളുടെ മദ്യപാനത്തിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്നതിനിടെ വി എസ്‌ സ്വന്തം മകനു വിവിഐപി ക്ലബിലുള്ള അംഗത്വം ന്യായീകരിച്ചത്‌ പ്രാദേശിക കമ്മിറ്റികളില്‍ വന്‍ ചര്‍ച്ചയാകും.
ഇരുപതാം പാര്‍ട്ടി കോഗ്രസില്‍ വി എസിനെ വീണ്ടും പൊളിറ്റ്‌ബ്യൂറോ അംഗമാക്കാനുള്ള ഏതു സാഹചര്യവും തടയാന്‍ തീരുമാനിച്ചാണ്‌ ഔദ്യോഗിക പക്ഷം നീങ്ങുന്നത്‌. മകന്റെ അഴിമതികളെ ന്യായീകരിക്കുന്നുവെന്നും മകനെതിരായ ആരോപണങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നില്ല എന്നതും അതീവ ഗൗരവത്തോടെ താഴേത്തട്ടില്‍ നിന്നുതന്നെ ചര്‍ച്ചയാക്കുക വഴി ഇതു സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. വി എസ്‌ ആകട്ടെ ഈ തന്ത്രത്തെ പ്രതിരോധിക്കാനാകാത്ത വിധം മകനുമായി ബന്ധപ്പെട്ട്‌ കുരുക്കില്‍പെട്ടിരിക്കുകയുമാണ്‌.
വി എസ്‌ മുഖ്യമന്ത്രിയായിരിക്കെ വിജിലന്‍സ്‌ ഡയറക്ടറാക്കാന്‍ ശുപാര്‍ശ ചെയ്‌ത നെറ്റോ ഡെസ്‌മണ്ടിനെതിരെ ഇപ്പോള്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണത്തിനു പിന്നിലും മകനെതിരായ അന്വേഷണമാണെന്നു വാര്‍ത്ത വിരുന്നു. പ്രമുഖ മലയാളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്തയുടെ ആയിരക്കണക്കിന്‌ കോപ്പികളും ഔദ്യോഗിക പക്ഷം എടുത്തിട്ടുണ്ട്‌. സന്തോഷ്‌മാധവന്റെ പരാതിയില്‍ കേസെടുത്ത്‌ അന്വേഷണം വേണമെന്ന്‌ വിജിലന്‍സ്‌ ഡയറക്ടര്‍ നെറ്റോ ഡെസ്‌മണ്ട്‌ നിലപാടെടുത്തതാണ്‌ വി എസിനെ പ്രകോപിപ്പിച്ചത്‌ എന്നായിരുന്നു വാര്‍ത്ത. വൈക്കത്ത്‌ നൂറേക്കറിലധികം വയല്‍ നികത്താന്‍ അനുമതി വാങ്ങിക്കൊടുക്കാം എന്നു പറഞ്ഞ്‌ അരുണ്‍കുമാറും ഗവമെന്റ്‌ പ്ലീഡറായിരുന്ന ദീപ്‌തി പ്രസേനനും ചേര്‍ന്ന്‌ 80 ലക്ഷം രൂപ വാങ്ങിയൊയിരുന്നു സന്തോഷ്‌ മാധവന്റെ പരാതി. അരുണ്‍കുമാര്‍ 70ഉം ദീപ്‌തി പത്തും. ജയിലില്‍ നിന്നു സന്തോഷ്‌ മാധവന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ അയച്ച പരാതിയെക്കുറിച്ച്‌  നേരത്തേ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു