Saturday, May 28, 2011

മദ്യം വിറ്റ് ഖജനാവ് നിറക്കാന്‍ യു ഡി എഫില്ല


വികസന ആവശ്യങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥയാണെങ്കിലും എക്‌സൈസ് വകുപ്പിനെ ദുരുപയോഗം ചെയ്യില്ലെന്ന് എക്‌സ്‌സൈസ് - തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു. കൂടുതല്‍ മദ്യഷാപ്പ് ഉണ്ടാക്കുകയല്ല കുറയ്ക്കുകയാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ പുതിയതായി അനുവദിച്ച 12 വിദേശ മദ്യവില്‍പ്പനശാലകള്‍ റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്. മദ്യം വിറ്റ് സര്‍ക്കാരിന്റെ ഖജനാവിലേക്ക് പണമെത്തിക്കുക എന്ന നയം സര്‍ക്കാരിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം പ്രസ്‌ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.പരമ്പരാഗത വ്യവസായമായ കള്ളി ചെത്തിനെ സംരക്ഷിക്കുന്നതോടൊപ്പം കൃത്രിമ കള്ള് നിര്‍മ്മാണത്തെ ശക്തമായി തടയും. ഇതു സംബന്ധിച്ച് എല്ലാ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തും. കള്ള് ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. കഴിഞ്ഞ പത്തുവര്‍ഷമായി നടപ്പിലാക്കി കൊണ്ടിരുന്ന അബ്കാരി നയം മാറ്റി പുതിയ നയം നടപ്പിലാക്കും.ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കുമിടയില്‍ മദ്യപാനം കൂടിയ സാഹചര്യത്തില്‍ മദ്യപാനം കൂടിയ സാഹചര്യത്തില്‍ മദ്യവ്യാപനം തടയാന്‍ കോളേജ് ക്യാമ്പസുകളിലും മറ്റും ചര്‍ച്ചകള്‍ സംഘടിപ്പിക്കും. മലയാള സിനിമ പ്രൊഡ്യൂസേഴ്‌സുമായി ചേര്‍ന്ന് മദ്യപാനത്തിനെതിരെ 'ഷോര്‍ട്ട് ഫിലിം' നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിന്റെ നികുതിയെക്കുറിച്ച് ചര്‍ച്ച നടത്തും. 'ജീവന്‍ രക്ഷാ മരുന്ന്' എത്തിക്കുന്നതുപോലെ മദ്യം ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലായെന്നും കെ.ബാബു വ്യക്തമാക്കി.

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ദൗത്യം. പദ്ധതിക്കായി സര്‍ക്കാര്‍ ഉടനടി ആവശ്യമായ ഭൂമി ഏറ്റെടുക്കും.കൊച്ചിയിലെ മെട്രോ റെയില്‍ പദ്ധതി, സ്മാര്‍ട്ട് സിറ്റി എന്നിവയും സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളും. കണ്ണൂര്‍ വിമാനത്താവളം പൂര്‍ത്തിയാക്കുന്നതിനായി 2400 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കും. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയില്‍ 26 ശതമാനം സര്‍ക്കാരിനും 25 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും 45 ശതമാനം സ്വകാര്യമേഖലയ്ക്കുമാണ് നല്‍കുകയെന്നും മന്ത്രി പറഞ്ഞു.പ്രസ് ക്ലബ് പ്രസിഡന്റ് പൂവത്തിങ്കല്‍ ബാലചന്ദ്രന്‍, സെക്രട്ടറി എന്‍.ശ്രീനാഥ് എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Note: Only a member of this blog may post a comment.