Thursday, May 5, 2011

ഭരണകൂട ഭീകരതയുടെ ഇരകള്‍


എല്ലാ വികസന സംരംഭങ്ങള്‍ക്കും ഇരകളുണ്ടാകുന്നത് ആധുനികലോകത്ത് പതിവ് സംഭവമാണ്. വന്‍ പദ്ധതികള്‍ വരുമ്പോള്‍ അതിന്റെ കെടുതികള്‍ അനുഭവിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. കേരളത്തില്‍ അടുത്തകാലത്തൊന്നും വന്‍കിട വികസനപദ്ധതികള്‍ വന്നിട്ടില്ല.
 എടുത്തുപറയാവുന്ന ഒരു പദ്ധതി ഈയിടെ ഒന്നാംഘട്ടം പൂര്‍ത്തിയായ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് പ്രോജക്ടാണ്. ആ പദ്ധതിക്കുവേണ്ടി കുടിയിറക്കപ്പെട്ട മൂലമ്പിള്ളി നിവാസികള്‍ സര്‍ക്കാരിന്റെ ക്രൂരമായ അവഗണനയുടെ കെടുതി നേരിടുകയാണ്. ഒരു വികസനത്തിനും വേണ്ടിയല്ലാതെ, അടിസ്ഥാന ജീവിതസൗകര്യത്തിനുവേണ്ടി മുറവിളി കൂട്ടിയവരാണ് ചെങ്ങറ സമരക്കാര്‍. കിടപ്പാടവും കൃഷിഭൂമിയുമില്ലാത്ത തൊഴിലാളികളാണവര്‍. നീണ്ടുനിന്ന സമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് സര്‍ക്കാര്‍ അവര്‍ക്ക് ഭൂമി വാഗ്ദാനം ചെയ്തു. സമരക്കാരുടെ കുടുംബങ്ങളെ മൂന്നായി വിഭജിച്ച് സംസ്ഥാനത്തിന്റെ മൂന്ന് ദിക്കുകളിലേക്ക് പറഞ്ഞുവിട്ടപ്പോള്‍ ഒരു തലവേദനയൊഴിഞ്ഞ ആശ്വാസം സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിക്ക് ഉണ്ടായി. എന്നാല്‍ ആ പാവങ്ങളോട് സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല. അവര്‍ക്ക് അര്‍ഹമായ ഭൂമിയുടെ അവകാശം ലഭിക്കാതെ കാസര്‍കോട്ടും പാലക്കാട്ടും ഇടുക്കിയിലും നിരാലംബരായി അലയുകയാണവര്‍.

മൂലമ്പിള്ളിയിലെയും ചെങ്ങറയിലെയും പാവപ്പെട്ട മനുഷ്യരുടേത് വ്യത്യസ്തമായ ദുഃഖാനുഭവങ്ങളാണ്. ഒരു വന്‍കിട പദ്ധതിക്കുവേണ്ടി പരമ്പരയായി താമസിച്ചുവന്ന കിടപ്പാടവും ഭൂസ്വത്തും ഒഴിഞ്ഞുകൊടുത്തവരാണ് മൂലമ്പിള്ളിയിലെ 326 കുടുംബങ്ങള്‍. നഷ്ടപരിഹാരം നല്‍കി ഉചിതസ്ഥലങ്ങളില്‍ മാന്യമായി അവരെ പുനരധിവസിപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണ്. വര്‍ഷം നാല് കഴിഞ്ഞിട്ടും സര്‍ക്കാര്‍ ആ ബാധ്യത നിറവേറ്റിയിട്ടില്ല. മൂന്നുകൊല്ലം മുമ്പ് മൂലമ്പിള്ളിക്കാരുടെ ആവലാതി കേള്‍ക്കാന്‍ മുഖ്യമന്ത്രി കൊച്ചിയില്‍ എത്തി. ജില്ലാ ഭരണകൂടത്തിന് തെറ്റുപറ്റി എന്ന് സമ്മതിച്ച മുഖ്യമന്ത്രി ആ തെറ്റ് ഇതുവരെ തിരുത്തിയില്ല എന്നത് വളരെ ഖേദകരമാണ്. അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ക്കുവേണ്ടി മൂലമ്പിള്ളിയില്‍ നിന്ന് കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികള്‍ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലും സംഘടിച്ച് പ്രതിഷേധിച്ചു. അവരുടെ കഷ്ടനഷ്ടങ്ങള്‍ കേട്ട് വി.ആര്‍. കൃഷ്ണയ്യരുടെ മനസ്സലിഞ്ഞു.
ഇടതുസര്‍ക്കാരിന്റെ സഹയാത്രികനും മുഖ്യമന്ത്രി അച്യുതാനന്ദന്റെ അഭ്യുദയകാംക്ഷിയുമായ കൃഷ്ണയ്യര്‍ ഇടതുസര്‍ക്കാര്‍ മൂലമ്പിള്ളിക്കാരോട് കാട്ടിയത് കടുത്ത അനീതിയാണെന്ന് തുറന്നുപറയാന്‍ മടിച്ചില്ല. അതുമാത്രമല്ല, 'ഈ സര്‍ക്കാര്‍ മുതലാളിത്തവര്‍ഗ താല്‍പര്യങ്ങളുടെ സംരക്ഷകരാണ്' എന്ന് വിമര്‍ശിക്കുകകൂടി ചെയ്തു അദ്ദേഹം. സി.പി.എം നേതാക്കള്‍ ചെയ്യുന്നതെന്തായാലും അവര്‍ മുതലാളിമാരുടെ സംരക്ഷകരാണെന്ന് പറഞ്ഞുകേള്‍ക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടില്ല. കൃഷ്ണയ്യര്‍ കാര്യകാരണസഹിതം അങ്ങനെ കുറ്റപ്പെടുത്തുമ്പോള്‍ ഇടതുസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അതിനേക്കാള്‍ വലിയൊരു ആക്ഷേപം വേറെ കേള്‍ക്കാനില്ല. മൂലമ്പിള്ളി സമരക്കാരുടെ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്ത വി.ആര്‍ കൃഷ്ണയ്യരുടെ വാക്കുകള്‍ അവഗണിച്ച് മുഖ്യമന്ത്രി തന്റെ രാഷ്ട്രീയഭാവിക്ക് വളമിടാന്‍ മറ്റ് മാര്‍ഗങ്ങള്‍ തെരയുകയാണ്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നമാണ് ഇപ്പോള്‍ തിളങ്ങാന്‍ പറ്റിയ വിഷയമെന്ന് അദ്ദേഹം കരുതുന്നു.  എന്‍ഡോസള്‍ഫാന്‍ ദേശവ്യാപകമായി നിരോധിക്കുന്നതിനുവേണ്ടി തിരുവനന്തപുരത്ത് ഉപവാസം കിടന്ന മുഖ്യമന്ത്രിയും അനുഭാവ പിന്തുണകളുമായി ചുറ്റും ഒത്തുകൂടിയവരും കേരളത്തില്‍ ആ വിഷകീടനാശിനി ആറുകൊല്ലം മുമ്പ് നിരോധിച്ചതാണെന്ന കാര്യം സൗകര്യപൂര്‍വം മറന്നു.
എന്‍ഡോസള്‍ഫാനേക്കാള്‍ വിഷവീര്യം കലര്‍ന്ന കീടനാശിനികള്‍ കേരളത്തില്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നുണ്ട്. ഇടുക്കിയിലെ ഏലത്തോട്ടങ്ങളില്‍ ഇന്നലെയും എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കപ്പെട്ടു. നിരോധിക്കപ്പെട്ട ഒരു കീടനാശിനി ആരെങ്കിലും വീണ്ടും പ്രയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കേണ്ട മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ മെത്തവിരിച്ച് ഉപവാസസമരം നടത്തുന്നത് കേവലമൊരു രാഷ്ട്രീയ ഗോഷ്ടിയായി മാത്രമേ കാര്യബോധമുള്ളവര്‍ക്ക് കാണാനാകൂ.
ചെങ്ങറ, മൂലമ്പിള്ളി പ്രശ്‌നങ്ങളുടെ മാനുഷികവും നൈതികവുമായ വശം കാണുകയോ ഭരണാധികാരി എന്ന നിലയില്‍ അവയ്ക്ക് പരിഹാരം ഉണ്ടാക്കുകയോ ചെയ്യാതെ അധികാരത്തിന്റെ അവസാനവാരം ഉണ്ണാവ്രതസമരവുമായി ഇറങ്ങുന്നു മുഖ്യമന്ത്രി. കേരളത്തിലെ ജനങ്ങളെ ഇതിലും വലുതായി അച്യുതാനന്ദന് ആക്ഷേപിക്കാനാവില്ല.

No comments:

Post a Comment

Note: Only a member of this blog may post a comment.