Tuesday, May 24, 2011

ആഫ്രിക്കയില്‍ പൂക്കുന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍


പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കുന്ന ഇന്ത്യ-ആഫ്രിക്കഉച്ചകോടി ഇന്ന് അഡിസ് അബാബയില്‍ അവസാനിക്കുകയാണ്. ഇന്ത്യന്‍ വ്യവസായ സംരംഭകര്‍ക്ക് നൂതന സാധ്യതകളുടെഅക്ഷയഖനി ഈ വന്‍കരയില്‍ തുറന്നുകിട്ടുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്നാണ്? ബ്രിട്ടീഷ്  ഭരണകൂടത്തെതൂത്തുമാറ്റുവാന്‍ ദക്ഷിണാഫ്രിക്കയില്‍ മഹാത്മഗാന്ധി സഹനസമരത്തിന് തുടക്കം കുറിച്ചപ്പോള്‍ മുതലായിരിക്കാം. അതിനുശേഷം ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുകയും ആഫ്രിക്കന്‍ രാജ്യങ്ങള്‍ സംസ്‌ക്കാരസമ്പന്നമാകുകയും ചെയ്തതോടെ ബന്ധം ഊട്ടിയുറപ്പിക്കപ്പെട്ടുവെന്നാണ് ചരിത്രം.
ഒറ്റപ്പാലം സ്വദേശിയായ എം.കെ.കുമാര്‍ മൊസാമ്പിക്കിലെത്തി കശുഅണ്ടി വ്യാപാരമാരംഭിച്ചത് അനന്തരകഥ. തൃശ്ശൂരുകാരന്‍ ജോസ് പറയങ്കന്‍ മൊസാമ്പിക്കിലെത്തി വലിയൊരു വാഹന സാമ്രാജ്യം പടുത്തുയര്‍ത്തിയത് മറ്റൊരു കഥ.എത്യോപ്യ, ബോട്‌സ്വാന, ടാന്‍സാനിയ, ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നീഗ്രോവംശജര്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കുന്നിവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണിപ്പോഴും. അതില്‍തന്നെ സിംഹഭാഗവും മലയാളികള്‍. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പഠിക്കാനെത്തുന്ന ആഫ്രിക്കന്‍ വംശജരാകട്ടെ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇരുണ്ട ഭൂഖണ്ഡമായ ആഫ്രിക്കയിലേക്ക് ഇന്ത്യയുടെ വെളിച്ചമെത്തുമ്പോള്‍ അവരെ വികസന പന്ഥാവിലേക്ക് കൈപിടിച്ച് ഉയര്‍ത്തുവാന്‍ കൂടി ഇന്ത്യ ശ്രമിക്കുകയാണ്. എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ ഇന്നലെ ആരംഭിച്ച ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയുടെ ലക്ഷ്യവും മറ്റൊന്നല്ല, വിവിധ രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് നടത്തുന്ന ചര്‍ച്ച കേന്ദ്രീകരിച്ചിരുന്നതും ഇതില്‍ത്തന്നെ.
എത്യോപ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഫ്രിക്കന്‍ യൂണിയനിലെ 53 അംഗരാഷ്ട്രങ്ങള്‍ക്കിടിയിലും ഇന്ത്യയ്ക്ക് നിര്‍ണായകമായ സ്വാധീനമാണ്. ഓട്ടോമൊബൈല്‍ ശൃംഖലയിലും ഐ.ടി രംഗത്തും ഹോസ്പിറ്റാലിറ്റിയിലും നമ്മുടെ പതാക തന്നെ പ്രമുഖം.
ഓട്ടോമൊബൈല്‍ വ്യവസായ രംഗത്തെ രണ്ടാമന്‍  മഹീന്ദ്രയാണ്. മദ്യത്തിലും ഹോട്ടലുകളിലും വിജയ് മല്യയുടെ യുബി ഗ്രൂപ്പിനാണ് മുന്‍തൂക്കം. റാന്‍ബാക്‌സി, സിപ്ല, ഡാബര്‍ തുടങ്ങിയ ഇന്ത്യന്‍ ഔഷധകമ്പനികള്‍ ആഫ്രിക്കന്‍ രോഗികള്‍ക്ക് ആശ്വാസമേകുന്നു. എസ്.ബി.ഐ., ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ, അറ്റ് സിം ബാങ്ക് എന്നിവയും ആഫ്രിക്കയിലെ സജീവസാന്നിധ്യമാണ്. ബ്രാന്‍ഡ് ഇന്ത്യയുടെ ഏറ്റവും വലിയ ഇമേജിന് സുനില്‍ മിത്തലിനോട് നന്ദി പറയണം.  ആഫ്രിക്കയില്‍ പ്രത്യേകിച്ച് കോംഗോയില്‍ ഉയര്‍ന്നു നില്‍കുന്നത് എയര്‍ടെല്ലിന്റെ ഹോര്‍ഡിംഗുകളാണ്.മൊസാമ്പിക്കിലെ കല്‍ക്കരിഖനികളിലും ഇന്ത്യയുടെ സാന്നിദ്ധ്യമുണ്ട്. കോള്‍ ഇന്ത്യയാണ് ഖനനത്തിന്റെ ചുക്കാന്‍പിടിക്കുന്നത്. എണ്ണ പര്യവേക്ഷണവും ഖനനവും നടത്തുന്നത് ഭാരത് പെട്രോളിയവും വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസുമാണ്.ബിസിനസ്സില്‍ ഇന്ത്യയിലെപ്പോലെ തന്നെ ഗുജറാത്തികളാണ് രാജാക്കന്മാര്‍. എന്നാല്‍ അവര്‍ക്ക് കുത്തകയൊന്നുമില്ലതാനും. കശുഅണ്ടി മേഖലയിലില്‍ മലയാളി വ്യാപാരികള്‍ ചുക്കാന്‍ പിടിക്കുന്നു. മൊസാമ്പിക്കിലെ അണ്ടിപരിപ്പുകള്‍ വാങ്ങി പായ്ക്ക് ചെയ്ത് ഇന്ത്യയിലേക്ക് കയറ്റിഅയച്ചിരുന്നത് പിയേഴ്‌സ് ലെസ്ലിയുടെ മുന്‍ ചെയര്‍മാന്‍ എ.കെ.കുമാറായിരുന്നു. കശുവണ്ടി മേഖല അങ്ങനെ തഴച്ചുവളര്‍ന്നപ്പോള്‍ മലയാളികള്‍ ആഫ്രിക്കയില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി. അതിനെതിരെ എത്യോപ്യയില്‍ മുറുമുറുപ്പുകള്‍ ഉയര്‍ന്നെങ്കിലും സര്‍ക്കാരിന്റെ ഇടപെടുലുകളിലൂടെ അവ കെട്ടടങ്ങി. മൊസാമ്പിക്കില്‍ ഇന്ത്യന്‍ വ്യവസായികള്‍ മറ്റൊരു ഇടപാടും ആരംഭിച്ചു. ഉയര്‍ന്നതരം കശുഅണ്ടിക്ക് (ലോകത്തെ മികച്ച കശുഅണ്ടി ഇവിടുത്തേത്) പകരം കമ്പ്യൂട്ടറുകളും സൈക്കിളുകളും നല്‍കി. പഴയ കാലത്തെ ബാര്‍ട്ടറിന് തുല്യമായ വ്യവസ്ഥ. മാന്‍ട്ടോയില്‍ ഇന്ത്യ തന്നെ കശുഅണ്ടി ഫാക്ടറികള്‍ നടത്തുകയാണ്. പരിപ്പു തയ്യാറാക്കി ഇന്ത്യയിലേക്ക് അയയ്ക്കുമ്പോള്‍ ഈ പ്രദേശത്തുകാര്‍ക്ക് തൊഴിലില്ലായ്മ അന്യമായി.
മൊസാമ്പിക് ഹോള്‍ഡിങ്ങ്‌സിന്റെ ചെയര്‍മാനും എം.ഡിയുമായ ജോസ് പറയങ്കന്റെ കീഴിവ് 1200 മൊസാമ്പിക്കുകാരാണ് പ്രവര്‍ത്തിക്കുന്നത്.  ആറു കമ്പനികളുടെ ഗ്രൂപ്പിന് രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്. മൊസാമ്പിക് സൈന്യത്തിനും പൊലീസിനും മഹീന്ദ്ര ജീപ്പുകളും യൂണിഫോമുകളും ലഭ്യമാക്കി ബിസിനസ്സ് ആരംഭിച്ച തൃശ്ശൂരുകാരന്‍ ഇപ്പോള്‍ രാജ്യത്തെ ഡാമുകളും  ഓയില്‍ പൈപ്പ്‌ലൈനുകളും തുറമുഖങ്ങളും നിര്‍മ്മിക്കുകയാണ്. ചൈനീസ് നിര്‍മ്മിത റോഡുകളുടെ ടോള്‍ പിരിവ് നടത്തുന്നതും ഇദ്ദേഹത്തിന്റെ കമ്പനി തന്നെ. ആഫ്രിക്കയില്‍ പുതിയൊരു ബാങ്കിംഗ് സംസ്‌ക്കാരം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ജോസ്. മാനട്ടോയില്‍ വൈകാതെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ആരംഭിക്കുമെന്ന് അദ്ദേഹം പറയുന്നു. മാനവശേഷി വികസനം,  പൊതുജനാരോഗ്യ മേഖലയിലെ പ്രോജക്ടുകള്‍, അനൗപചാരിക വിദ്യാഭ്യാസം, വനിതാശാക്തീകരണം എന്നിവയിലെ സഹകരണമാണ് ആഫ്രിക്ക മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം വാഗ്ദാനം ചെയ്യുന്നത്.  ശാസ്ത്രമേഖലകള്‍, ഐ.ടി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവയിലെ ഉന്നത പഠനത്തിന് ആഫ്രിക്കയില്‍ പുതിയ സ്ഥാപനങ്ങള്‍ തുറക്കും. നിലവില്‍ ക്രുമ യൂണിവേഴ്‌സിറ്റി ഓഫ് എസ് ആന്‍ഡ് ടി, യൂണിവേഴ്‌സിറ്റി ഓഫ് ഘാന, മെര്‍കെറെ യൂണിവേഴ്‌സിറ്റി ഓഫ് കാമറൂണ്‍, നൈജീരിയയിലെ ഇബദാന്‍ ഹോസ്പിറ്റല്‍ എന്നിവ ഇന്ത്യന്‍ സ്ഥാപനങ്ങളുമായി സഹകരിക്കുന്നുണ്ട്. കെയര്‍ ഹോസ്പിറ്റല്‍ (ഹൈദരാബാദ്) അപ്പോളാ (ചെന്നൈ), നാരായണ ഹൃദയാല (ബാംഗ്ലൂര്‍) അമൃത ആശുപത്രി (കൊച്ചി) ഫോര്‍ട്ടീസ് (നോയിഡ) എസ്‌കോര്‍ട്‌സ്, മൂലചന്ദ് (ന്യൂഡല്‍ഹി) രാമചന്ദ്ര (ചെന്നൈ) എഐഐഎംഎസ് (ഡല്‍ഹി) എച്ച്‌സിജി (ബാംഗ്ലൂര്‍) നാനാവതി (മൂംബൈ) എന്നിവയാണ് ഇവയുമായി സഹകരിക്കുന്നത്. ഉഭയകക്ഷി വ്യാപാരം ഏഴായിരം കോടി ഡോളര്‍വരെയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞവര്‍ഷം 4600 കോടിയായിരുന്നു വ്യാപാരം. വിഭിന്നങ്ങളായ മേഖലകളില്‍ 33 ബില്യന്‍ നിക്ഷേപങ്ങളും സംയുക്ത സംരംഭങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്നവസാനിക്കുന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിയില്‍ പതിനഞ്ച് ആഫ്രിക്കന്‍രാജ്യങ്ങളാണ് പങ്കെടുത്തുകൊണ്ടിരിക്കുന്നത്. അള്‍ജീരിയ, ബറുണ്ടി, ഛാഡ്, ഈജിപ്റ്റ്, ഇക്വറ്റോറിയല്‍, ഗിനിയ, മലാവി, നമീബിയ, മൗറിറ്റാനിയ, നൈജീരിയ, സെനഗള്‍, ദക്ഷിണാഫ്രിക്ക, സ്വാസിലാന്‍ഡ് എന്നിവയാണ് ഈ രാജ്യങ്ങള്‍.

No comments:

Post a Comment

Note: Only a member of this blog may post a comment.