Saturday, May 28, 2011

ധാര്‍ഷ്ട്യം മുഖമുദ്രയായുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍


ധാര്‍ഷ്ട്യം മുഖമുദ്രയായുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നായര്‍-ഈഴവ സമുദായങ്ങള്‍ക്കിടയില്‍ സ്​പര്‍ദ്ധ വളര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു.


വ്യാഴാഴ്ച ഗുരുവായൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.


സമുദായനേതാക്കളെ അധിക്ഷേപിക്കുന്നവിധത്തില്‍, ധാര്‍ഷ്ട്യത്തിന്റെ ഭാഷയിലാണ് പിണറായി വിജയന്‍ സംസാരിച്ചതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.


വ്യത്യസ്ത മതവിഭാഗങ്ങളും സമുദായങ്ങളും ഒരു സമൂഹമായി കഴിയുന്നിടത്ത് ജാതി പറയുന്ന സമീപനത്തോട് തനിക്ക് യോജിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. സഭാ-സമുദായ നേതാക്കള്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. അവര്‍ തന്നെ കുറ്റപ്പെടുത്തിയാലും പ്രതികരിക്കില്ല- അദ്ദേഹം അറിയിച്ചു.


കേരളത്തിന് ജലസേചന പദ്ധതികള്‍ ആവശ്യമാണെങ്കിലും പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന യാതൊന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.


കേരളത്തിലെ ആനകള്‍ പീഡിപ്പിക്കപ്പെടരുതെന്നു തനിക്ക് നിര്‍ബന്ധമാണ്. ആന ഉടമസ്ഥ സംഘത്തിന്റെ പ്രസിഡന്റ് എന്ന നിലയിലും ഇത് ബോധ്യപ്പെടുത്താനാണ് തന്റെ ശ്രമം. ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ആ വിഷയം വ്യക്തിപരമായി താന്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കേരളത്തിലെ എല്ലാ പാപ്പാന്‍മാര്‍ക്കും ഒരു മാസത്തെ പരിശീലനം സംഘടിപ്പിക്കും. യോഗ്യതയുള്ള പാപ്പാന്‍മാര്‍ക്ക് ലൈസന്‍സ് നല്‍കും. ഉത്സവപ്പറമ്പുകളില്‍ ആനയെ എഴുന്നള്ളിക്കാന്‍ ലൈസന്‍സുള്ള പാപ്പാന്‍മാരെ മാത്രമെ അനുവദിക്കൂ. ആനകളെ ചികിത്സിക്കാനറിയുന്ന ഡോക്ടര്‍മാരെമാത്രം ഉള്‍പ്പെടുത്തി വിദഗ്ധ പാനലുണ്ടാക്കും-മന്ത്രി അറിയിച്ചു.


ജൂണ്‍ ഒന്നുമുതല്‍ ഗ്രാമങ്ങളില്‍ കൂടി സിനിമകള്‍ റിലീസ് ചെയ്യുന്ന വൈഡ് റിലീസ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.