Tuesday, May 10, 2011

മാറ്റം, മാറ്റം, എങ്ങും മാറ്റത്തിന്റെ ധ്വനിമാത്രം


പശ്ചിമബംഗാളില്‍ ചരിത്രം ഗതിമാറുന്നത് കാണാന്‍ ലോകം മുഴുവന്‍ കൊല്‍ക്കത്തയിലെത്തിയിരിക്കുകയാണ്. 34 വര്‍ഷം നീണ്ട, ഗിന്നസ് ബുക്കില്‍ വരെ ഇടംകണ്ട ഇടതുഭരണത്തിന് എട്ടാം തവണയും ആയുസ്സ് നീട്ടിക്കിട്ടുമോ അതോ ഭൂരിഭാഗവും പ്രതീക്ഷിക്കുന്നതുപോലെ ഒടുവില്‍ തുടച്ചുമാറ്റപ്പെടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇന്ത്യ.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്തായാലും പ്രഖ്യാപന ദിവസമായ മേയ് 13 ബംഗാളിനെ സംബന്ധിച്ചിടത്തോളം ഒരു ചരിത്രദിനം തന്നെ. രാഷ്ട്രീയ നിരീക്ഷകര്‍, പണ്ഡിതന്‍മാര്‍, അവാര്‍ഡ് ജേതാക്കളായ എഴുത്തുകാര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, പരസ്യമേധാവികള്‍, ചെറുകിട വ്യവസായികള്‍, സര്‍വേ കമ്പനികള്‍, വിപണി നിരീക്ഷകര്‍ എന്നിങ്ങനെ എല്ലാവിഭാഗം ജനങ്ങളും ആറുഘട്ടമായി നടന്നുവരുന്ന തെരഞ്ഞെടുപ്പിന്റെ ചൂടിലമര്‍ന്ന ബംഗാളിന്റെ തെരുവിലുണ്ട്. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവര്‍ക്കും ഓരോ കണക്കുകൂട്ടലുകളുണ്ട്.പുറത്തുനിന്ന് നിരീക്ഷിക്കുന്നവര്‍ക്ക് ആകെയൊരു മേളക്കൊഴുപ്പ് തോന്നും. ഫാഷന്‍ ഷോകള്‍ വരെ തെരഞ്ഞെടുപ്പിന്റെ ഭാഗമായിക്കഴിഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിനായി ഒരു പരസ്യചിത്രം നിര്‍മിക്കാനെത്തിയ ആള്‍ പറഞ്ഞത് 'അവര്‍ക്ക് രാഷ്ട്രീയ കാഴ്ചപ്പാടൊന്നുമില്ല. എന്താണ് വേണ്ടതെന്നുപോലും കൃത്യമായി അറിയില്ല' എന്നാണ്. അതുകൊണ്ടുതന്നെ പുതിയ തലമുറയുടെ അല്‍പം രബീന്ദ്രസംഗീതവും മമതയുടെ ചില വരികളും ചേര്‍ത്ത് ധൃതിയിലൊരു ചേരുവ നിര്‍മിക്കുകയായിരുന്നു.അകത്തുനില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു ഭാവി പ്രതീക്ഷിക്കുകയാണ്. അനിവാര്യമായ ഈ തോന്നലാണ് അന്തരീക്ഷത്തിന് കനം വര്‍ധിപ്പിക്കുന്നത്. എല്ലാത്തിലും ഇടത് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന കവിയും നോവലിസ്റ്റുമായ നബറൂണ്‍ ഭട്ടാചാര്യ അപ്രതീക്ഷിതമായതെന്തോ പ്രതീക്ഷിക്കുന്നു. 34 വര്‍ഷത്തെ ഇടതുഭരണത്തെ 'വലിയൊരു നഷ്ട'മായിട്ടാണ് അദ്ദേഹം കണക്കാക്കുന്നത്. ജനം മാറ്റത്തിനായി ആഗ്രഹിക്കുന്നു എന്നുപറഞ്ഞാണ് നബറൂണ്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്.

പ്രമുഖ എഴുത്തുകാരായ മഹാശ്വേത ദേവി, ബൈജണ്‍ ഭട്ടാചാര്‍ജി എന്നിവരുടെ ഏകമകനായ നബറൂണ്‍ ഇടത് ചുറ്റുപാടുകളില്‍ തന്നെയാണ് വളര്‍ന്നുവന്നത്. പുറത്താകുന്നതിന് മുമ്പ് ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി സാംസ്‌കാരിക പോഷണം മുഴുവന്‍ നല്‍കിയിരുന്നയാളായിരുന്നു പിതാവ്. അമ്മയാകട്ടെ എഴുപതുകളില്‍ ഇടതുരാഷ്ട്രീയത്തിനുവേണ്ടി മുഴുവന്‍ സമയവും ചെലവഴിച്ച് ഒടുവിലിപ്പോള്‍ സിംഗൂര്‍-നന്ദിഗ്രാം പോരാട്ടങ്ങളിലൂടെ മമത തരംഗത്തിന് മുഖ്യകാരണമായി നിലകൊള്ളുന്നു.താഴ്ന്ന തലങ്ങളില്‍ പോലും ഇളക്കങ്ങള്‍ സംഭവിച്ചതായി വേണം കരുതാന്‍. എവിടെയാണ് ഇടതിന് തെറ്റുപറ്റിയതെന്ന് അന്വേഷിക്കുകയാണ് എല്ലാവരും. ഡയമണ്ട് ഹാര്‍ബറിലെ ഒരു ചായക്കടക്കാരന്‍ ബ്രിജ് ഭൂഷണ്‍ ഭവാല്‍ പറയുന്നു 'മമതയ്ക്ക് രണ്ടുവര്‍ഷം മാത്രമേ ഭരിക്കാന്‍ സാധിക്കുകയുള്ളൂവെങ്കിലും ജനങ്ങള്‍ അതിനുവേണ്ടിയാണ് ആഗ്രഹിക്കുന്നത്. മാറ്റത്തിനായി അവര്‍ ആഗ്രഹിക്കുന്നു. ഇടതിന് ഒരു പ്രഹരം ആവശ്യമാണ്.'കഴിഞ്ഞ 34 വര്‍ഷം എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അന്തര്‍ജ്ഞാനമുണ്ട്. സാമൂഹ്യശാസ്ത്രജ്ഞനായ പാര്‍ത്ഥ ചാറ്റര്‍ജിയുടെ അഭിപ്രായത്തില്‍ 'പാര്‍ട്ടി ഭ്രാന്താണ്' കാരണം. ബംഗാളിലെ രാഷ്ട്രീയത്തെക്കുറിച്ച് രണ്ട് പുസ്തകം രചിച്ചിട്ടുണ്ട് ചാറ്റര്‍ജി. ആരംഭകാലത്തെ ഇടതുമുന്നണിയുടെ രണ്ട് വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജ്യോതിബസുവിന്റെ മുഖ്യമന്ത്രി സ്ഥാനവും പ്രമോദ് ദാസ്ഗുപ്ത ഹരേകൃഷ്ണ കോനാറിന്റെ പാര്‍ട്ടി നേതൃത്വവും പാകിയ നല്ല അടിത്തറയാണ് മൂന്ന് ദശകം നീണ്ട ഭരണം നല്‍കിയത്.

ഭൂപരിഷ്‌കരണവും പഞ്ചായത്തീരാജുമാണ് ഇടതുമുന്നണിയുടെ രണ്ട് തൂണുകള്‍. ഇതുരണ്ടും വിപ്ലവകരമായ നയങ്ങള്‍ തന്നെ. പക്ഷേ വഴിതിരിഞ്ഞുപോയി. പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ മാത്രമാണ് വികസനം കണ്ടത്. നടപ്പിലാക്കിയത് സര്‍ക്കാരല്ല, പാര്‍ട്ടിയായിരുന്നു. ജനനം മുതല്‍ മരണം വരെ ബംഗാളിലെ ജീവിതം പാര്‍ട്ടിയുടെ നിയന്ത്രണത്തിലാവുകയായിരുന്നു. അതിനിടയിലുള്ളതെല്ലാം പാര്‍ട്ടി താല്‍പര്യങ്ങള്‍ മാത്രം. പാര്‍ട്ടിയുടെ നയങ്ങള്‍ അടിച്ചേല്‍പിക്കാനും നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്നും ഒളിച്ചോടുകയുമായിരുന്നു ജ്യോതിബസു. പഴയ സി.പി.എം നേതാക്കളില്‍ തന്നെ ഏറെ ബഹുമാനിക്കപ്പെടുന്ന കോനാര്‍ (1915-74) ഭൂപരിഷ്‌കരണത്തിലൂടെയാണ് പ്രശസ്തനായത്. ഭൂമിയില്ലാത്തവര്‍ക്കും കര്‍ഷകര്‍ക്കും ഭൂമി വിതരണം ചെയ്യുന്ന ബര്‍ഗ എന്ന പദ്ധതിയാണ് പാര്‍ട്ടിക്ക് അടിത്തറപാകിയത്.എണ്‍പതുകളില്‍ ഇത് നടപ്പാക്കിയതിനൊപ്പം ഇടതുമുന്നണി സര്‍ക്കാരിനെ ഇംഗ്ലീഷില്‍ നിന്നും     മോചിപ്പിച്ചു. കൊല്‍ക്കത്തയിലെ ഏതാനും പ്രമുഖ കോളജുകളില്‍ മാത്രമായി ഇംഗ്ലീഷിനെ ഒതുക്കി. ഇതോടെ ഗ്രാമീണര്‍ക്ക് പക്ഷഭേദം മാറി. മത്സരപരീക്ഷകള്‍ക്ക് പ്രാദേശിക ഭാഷയില്‍ കൂടുതല്‍ അവസരം ലഭിച്ചു. കൊല്‍ക്കത്തയിലെ വമ്പന്‍മാരേക്കാള്‍ കൂടുതല്‍ പേര്‍ ഗ്രാമങ്ങളില്‍ നിന്നും സര്‍ക്കാര്‍ ജോലികളിലേക്കെത്തി.

ബസുവിന്റെ ഈ നയങ്ങള്‍ തന്നെയാണ് 'മിഡില്‍ സ്‌കൂള്‍ വരെ' ഇംഗ്ലീഷ് വേണ്ടെന്ന പ്രഖ്യാപനത്തിലേക്ക് നയിച്ചത്. നഗരങ്ങളിലെ ഇടത്തരക്കാര്‍ക്ക് ഇടതുമുന്നണിയോടുള്ള ആദ്യത്തെ നീരസം ഇവിടെനിന്നാണ് തുടങ്ങുന്നത്. നഗരവാസികളെ മുഴുവന്‍ ബൂര്‍ഷ്വാകളായി ചിത്രീകരിക്കാനാണ് പിന്നീട് ശ്രമിച്ചത്. ഇത് കൂടുതല്‍ അപകടങ്ങളിലേക്ക് വഴിതെളിച്ചു. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പച്ചപിടിച്ചത് നഗരങ്ങളിലാണെന്ന് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഭൂപരിഷ്‌കരണത്തിലൂടെയും പഞ്ചായത്തീരാജിലൂടെയും ശക്തരായ ഗ്രാമീണര്‍ സിപിഎമ്മിന്റെ കുത്തക വോട്ടുബാങ്കായി. തുടര്‍ച്ചയായി പാര്‍ട്ടിയെ ഭരണത്തിലേറ്റിക്കൊണ്ടിരുന്നതും ഇവര്‍ തന്നെ.മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്‍ജി പെട്ടെന്ന് വ്യവസായവല്‍ക്കരണ നയങ്ങളിലേക്ക് ചുവടുമാറി. ഇതോടെ സിംഗൂരും നന്ദിഗ്രാമും നയാചാറുമെല്ലാം നടന്ന സംഭവങ്ങള്‍ സ്വന്തം കോട്ടകള്‍ തകര്‍ക്കുന്നതായി. ഭൂമി നഷ്ടപ്പെടുമെന്ന് കണ്ട ഇടത്തര-ചെറുകിട കര്‍ഷകര്‍, ഭൂപരിഷ്‌കരണത്തിലൂടെ നേട്ടങ്ങള്‍ ലഭിച്ച മുസ്ലീം കര്‍ഷകര്‍ എന്നിവരെല്ലാം ആശങ്കയിലായി. വര്‍ഷങ്ങളായി പാര്‍ട്ടിയുടെ ശക്തി ഈ മുസ്ലീങ്ങള്‍ തന്നെയായിരുന്നു. ഇവരെ പിണക്കിയതോടെ തകര്‍ച്ച ആരംഭിച്ചു. ഇതിനിടയിലാണ് പാര്‍ട്ടിയെ കണ്ണുതുറപ്പിച്ച സച്ചാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം  ശൂന്യമായിരുന്നു. ഈ ശൂന്യതയിലേക്കാണ് മമത എത്തിയത്. ഇടതുവിരുദ്ധ ഇടത്തരക്കാര്‍ക്ക് മികച്ചൊരു നേതാവിനെയും ലഭിച്ചു. ശരിയായ ഇടതുപ്രവര്‍ത്തക എന്ന നിലയിലാണ് മമത ഇവര്‍ക്കിടയില്‍ സ്ഥാനം നേടിയതെന്ന് ഭട്ടാചാര്‍ജി തന്നെ സമ്മതിക്കുമായിരുന്നു. അധികാരത്തിനുവേണ്ടിയുള്ള കുതിപ്പില്‍ ഇടതുമുന്നണി മറന്നുപോയവരാണ് മമതയോടൊപ്പം നിലകൊള്ളുന്നത്. ഭൂമി നഷ്ടപ്പെടുമെന്ന ഭീതി മാത്രമല്ല ഇവരെ അകറ്റിയത്. പാര്‍ട്ടിയുടെ മേധാവിത്വവും കാരണമായിട്ടുണ്ടെന്നാണ് മാവോയിസ്റ്റുകളുടെ കേന്ദ്രമായി മാറിയ മിഡ്‌നാപ്പൂരിലെ ഗര്‍ബേറ്റയിലെ ബിഷ്വാന്ത് മണ്ടോള്‍ ചൂണ്ടിക്കാട്ടുന്നത്. 'പാര്‍ട്ടി ഞങ്ങളുടെ ഗ്രാമങ്ങള്‍ ഏറ്റെടുത്തു. ഗ്രാമക്കോടതി, പഞ്ചായത്ത് എല്ലാം പാര്‍ട്ടിയായി. പാര്‍ട്ടിയുടെ അനുവാദമില്ലാതെ ഗ്രാമത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലായി. വീടൊന്ന് ശരിയാക്കണമെങ്കില്‍ പോലും പാര്‍ട്ടിക്ക് നികുതി നല്‍കേണ്ട അവസ്ഥ'. ചില പാര്‍ട്ടിക്കാരില്‍ മാത്രം അധികാരങ്ങള്‍ ഒതുങ്ങിയപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ട ഭരണത്തിലൂടെ സംസ്ഥാനം കടക്കെണിയിലായി. ഇതോടെ ബുദ്ധദേബ് വ്യവസായികളുടെ വാതിലുകളില്‍ മുട്ടി. പുതിയ തലമുറയ്ക്ക് തൊഴിലവസരം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. 'ഇടതുപാര്‍ട്ടികള്‍ക്ക് പിഴവുകള്‍ ഏറെപ്പറ്റി. അവസരങ്ങള്‍ പലതും നഷ്ടപ്പെടുത്തി. പ്രത്യേകിച്ച്, 2004ല്‍, 62 എം.പിമാരുമായി രാജ്യം ഭരിക്കാന്‍ ലഭിച്ച അവസരം പാഴാക്കി' - മുന്‍ ധനകാര്യമന്ത്രി അശോക് മിത്ര പറയുന്നു.'സി.പി.എമ്മിന്റെ പരാജയമാണ് ഇപ്പോള്‍ കാണുന്നത്'-ബുദ്ധദേവിന്റെ രാഷ്ട്രീയ ആചാര്യന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സമിക് ബാന്ദ്യോപധ്യായ് അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.