Thursday, April 26, 2012

കേരളം ഗള്‍ഫായി മാറുന്നതെത്ര വേഗം


കേരളം പെട്ടെന്നൊരു ദിവസം ഗള്‍ഫായി മാറുന്നത്‌ സ്വപ്‌നം കാണാത്ത ഭരണാധികാരികളും സാധാരണക്കാരും കുറവായിരിക്കും. സമ്പദ്‌സമൃദ്ധിയുടെയും പളപളപ്പിന്റെയും ലോകത്തേയ്‌ക്ക്‌ മനസുകൊണ്ടൊരു യാത്ര. കണ്ണു തുറക്കുമ്പോള്‍ മുന്നില്‍ കാണുന്നത്‌ കുണ്ടും കുഴിയുമാണെങ്കിലും സ്വപ്‌നത്തിലെന്തിന്‌ അര്‍ധരാജ്യം എന്ന്‌ പണ്ടാരോ ചോദിച്ചുവച്ചിട്ടുണ്ടല്ലോ.
ഏതായാലും പെട്ടെന്നൊരു ദിവസം ഗള്‍ഫ്‌ രാജ്യത്തെ നിയമം കേരളത്തിലും ബാധമാക്കിയ മട്ടിലുള്ള വാര്‍ത്തയും വിശേഷവും കണ്ട്‌ കുറേപ്പേരെങ്കിലും ഞെട്ടിയിരിക്കുകയാണ്‌. ആരെങ്കിലും കൊല്ലപ്പെട്ടാല്‍, അവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ കൊലയാളിക്ക്‌ മാപ്പുകൊടുത്താല്‍ വധശിക്ഷയില്‍ നിന്നൊഴിവാക്കുന്ന നിയമമുള്ളത്‌ ഗള്‍ഫ്‌ നാടുകളിലാണല്ലോ. അതത്ര എളുപ്പം നടക്കുന്ന കാര്യമല്ലെന്നും നുലാമാലകള്‍ ഒരുപാടുണ്ടെന്നും മാധ്യമങ്ങളിലൊക്കെ വന്നിട്ടുമുണ്ട്‌. പോരാഞ്ഞിട്ട്‌ കമല്‍ സംവിധാനം ചെയ്‌ത പെരുമഴക്കാലം എന്ന സിനിമയില്‍ അക്കഥ നേരിട്ടു കണ്ടതുമാണ്‌. ഗള്‍ഫില്‍വച്ച്‌ ദിലീപിന്റെ കൈകൊണ്ട്‌ മരിക്കുന്ന വിനീതിന്റെ ഭാര്യയുടെ മാപ്പു ലഭിക്കാന്‍ ദിലീപിന്റെ ഭാര്യ മീരാ ജാസ്‌മിന്‍ നടത്തുന്ന വേദന നിറഞ്ഞ യാത്രയും അനുഭവങ്ങളുമാണല്ലോ പെരുമഴക്കാലം.
ഏതായാലും ജനാധിപത്യ ഇന്ത്യയില്‍ അങ്ങനൊരു നിയമമില്ല. ഇവിടെ കുറ്റം ചെയ്‌തവരെ നിയമപരമായി കോടതി വിചാരണ ചെയ്‌തു ശിക്ഷിക്കും. വല്ല അതിര്‍ത്തിത്തര്‍ക്കക്കേസിലോ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സൗന്ദര്യപ്പിണക്കം കോടതി കയറിയ കേസിലോ ഒക്കെ കോടതിക്ക്‌ പുറത്ത്‌ ഒത്തുതീര്‍പ്പുണ്ടാക്കുന്നതല്ലാതെ, കൊലക്കേസില്‍ അങ്ങനെയൊരു ഏര്‍പ്പാടില്ല. കോടതിക്കു പുറത്തുമില്ല, അകത്തുമില്ല.
പക്ഷേ, കൊല്ലം നീണ്ടകര പുറംകടലില്‍ കൊല്ലപ്പെട്ട രണ്ടു മല്‍സ്യത്തൊഴിലാളികളുടെ ആശ്രിതരുമായി, കൊലക്കേസ്‌ പ്രതികളായ നാവികര്‍ക്കു വേണ്ടി ഇറ്റലി സര്‍ക്കാരും കപ്പലുടമകളും ഒത്തുതീര്‍പ്പിലെത്തിയിരിക്കുന്നു. രണ്ടു കോടി രൂപ കൊടുക്കും. പകരം കേസ്‌ എന്നിനി മിണ്ടരുത്‌. മരിച്ച ഒരാളുടെ ഭാര്യയ്‌ക്കും മകനും മകള്‍ക്കുമായി ഒരു കോടി, മരിച്ച മറ്റേയാളുടെ രണ്ട്‌ സഹോദരിമാര്‍ക്കുമായി ഒരുകോടി. പകരം അവര്‍ ദൈവനാമത്തില്‍ കൊലക്കേസ്‌ പ്രതികള്‍ക്ക്‌ മാപ്പുകൊടുത്തു. മാത്രമല്ല, ജയിലിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമൊക്കെ നീങ്ങി എത്രയും വേഗം പാവം നാവികര്‍ ബന്ധുക്കളോടൊത്തു ചേരട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്‌തു. പണത്തിനു മീതെ പറക്കാത്ത പരുന്തിന്റെ കഥ ആരോ എവിടെയോ ഇരുന്ന്‌ ഓര്‍മിപ്പിക്കുന്നു. മരിച്ചവരോ പോയി, ഇനി ജീവിച്ചിരിക്കുന്നവര്‍ക്ക്‌ സ്വന്തം കാര്യം നോക്കണ്ടേ എന്ന ആപ്‌തവാക്യം പറയാതെ പറയുന്ന ചിലര്‍ ടിവി ചാനലുകളില്‍ വന്ന്‌ ഒത്തുതീര്‍പ്പു ധാരണാപത്രം വായിക്കുന്നു.
യഥാര്‍ത്ഥത്തില്‍ എന്താണു സംഭവിക്കാന്‍ പോകുന്നത്‌? കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ വാദി സര്‍ക്കാരാണ്‌. അതുകൊണ്ടുതന്നെ മരിച്ചവരുടെ ബന്ധുക്കള്‍ മാപ്പു കൊടുത്തതുകൊണ്ടു മാത്രം കേസ്‌ തീരില്ല. പക്ഷേ, കേസില്‍ തുടര്‍ന്നു താല്‍പര്യം കാണിക്കുന്നതില്‍ നിന്ന്‌, കുറ്റവാളികള്‍ക്ക്‌ ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നിര്‍ബന്ധ ബുദ്ധിയില്‍ നിന്ന്‌ കൊല്ലപ്പെട്ടവരുടെ വേണ്ടപ്പെട്ടവര്‍ മാറിനടക്കുന്നു. പക്ഷേ, രാജ്യം മുഴുവന്‍ ശ്രദ്ധിച്ച, രണ്ടു രാജ്യങ്ങള്‍തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളില്‍പോലും ഇടംപിടിച്ച കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കു വേണ്ടി നമ്മുടെ നിയമസംഹിത അങ്ങനെയങ്ങ്‌ വളഞ്ഞുകൊടുക്കുമോ?അങ്ങനെ ചെയ്‌താല്‍ ഇനിയുള്ളകാലത്ത്‌ സമാനമായ നിരവധി കേസുകളില്‍ ഇത്തരം ഒത്തുതീര്‍പ്പുകള്‍ക്ക്‌ കളമൊരുങ്ങില്ലേ, അതൊന്നും വേണ്ടെന്നു പറയാന്‍ കോടതിക്കോ മാധ്യമങ്ങള്‍ക്കോ സാധിക്കുമോ?
ചോദ്യങ്ങളാണ്‌ ഇവയെല്ലാം, ഇപ്പോള്‍. ഉത്തരം, കടല്‍ക്കൊലക്കേസിനു നാളെ എന്തു സംഭവിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും.

Saturday, April 21, 2012

അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി


തിരുവനന്തപുരം: കടല്‍ക്കൊല കേസില്‍ സംസ്‌ഥാനത്തിന്റെ താല്‍പര്യത്തിനു വിരുദ്ധമായി സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശക്തമായ പ്രതിഷേധം അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിച്ച അഡീ. സോളിസിറ്റര്‍ ജനറലിനെ നീക്കം ചെയ്യണമെന്ന് അറ്റോര്‍ണി ജനറലിനോടും കേന്ദ്ര നിയമമന്ത്രിയോടും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

ഇതോടെ കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍ പി റാവലിന്റെ സ്‌ഥാനം തെറിച്ചേക്കുമെന്ന്‌ അറിയുന്നു. ഇനി കേസില്‍ സോളിസിറ്റര്‍ ജനറലോ അറ്റോര്‍ണി ജനറലോ സുപ്രീം കോടതിയില്‍ ഹാജരായേക്കും. ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ്‌ മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സുപ്രീം കോടതിയില്‍ വിവാദ പരാമര്‍ശം നടത്തിയ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി. റാവലിനെ ഈ കേസ്‌ കൈകാര്യം ചെയ്യുന്നതില്‍ നിന്ന്‌ ഒഴിവാക്കണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആവശ്യത്തെ തുടര്‍ന്നാണിത്. സോളിസിറ്റര്‍ ജനറല്‍ റോഹിന്‍ടണ്‍ നരിമാനോടാണ് ഉമ്മന്‍ ചാണ്ടി ആദ്യം ആവശ്യം ഉന്നയിച്ചത്. സുപ്രീം കോടതിയെ കേന്ദ്രത്തിന്റേതല്ലാത്ത നിലപാടായിരുന്നു റാവല്‍ അറിയിച്ചത്.

നിയമമന്ത്രാലയവുമായി കൂടിയാലോചിച്ച്‌ കേരളത്തിനെതിരായ പരാമര്‍ശങ്ങള്‍ തിരുത്താന്‍ ശ്രമിക്കാമെന്നു നരിമാന്‍ അറിയിച്ചതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ കേസില്‍ കേരളത്തിന്‌ അനുകൂലമായ നിലപാടാണു കേന്ദ്രം ഹൈക്കോടതിയില്‍ സ്വീകരിച്ചത്‌. നിലപാടില്‍ മാറ്റമില്ലെന്നു സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ച സാഹചര്യത്തില്‍ റാവല്‍ കോടതിയില്‍ പറഞ്ഞതു സ്വന്തം അഭിപ്രായമാണെന്നു വ്യക്‌തമായി. നിയമപരമായി ശരിയാണെന്ന്‌ ഉറപ്പിച്ചശേഷം, കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം കൂടി ആരാഞ്ഞുകൊണ്ടാണ്‌ കേസില്‍ മുന്നോട്ടു പോകുന്നത്‌.

സുപ്രീം കോടതിയിലെ സം സ്ഥാന സര്‍ക്കാരിന്റെ സ്‌റ്റാന്‍ഡിംഗ്‌ കോണ്‍സല്‍ എം.ആര്‍. രമേശ്‌ ബാബുവില്‍ നിന്നു കേസിന്റെ ചുമതല കഴിഞ്ഞ ദിവസം എം.ടി.ജോര്‍ജിനെ ഏല്‍പ്പിച്ചതില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് അനുകൂലമായ കേന്ദ്ര നിലപാടില്‍ മാറ്റമില്ലെന്നു വിദേശകാര്യമന്ത്രി എസ്‌.എം. കൃഷ്‌ണ വ്യക്‌തമാക്കിയതായി ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. സ്‌പെയിന്‍ സന്ദര്‍ശിക്കുന്ന കൃഷ്‌ണയോടു ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. കേന്ദ്രം കേരളത്തിന്റെ നിലപാടിനൊപ്പമാണെന്നും ഇന്ത്യയില്‍ മടങ്ങിയെത്തിയശേഷം കാര്യങ്ങള്‍ വിശദമാക്കുമെന്നും എസ്‌.എം. കൃഷ്‌ണ വേണുഗോപാലിനെ അറിയിച്ചു.

ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ്‌ മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ നാവികര്‍ക്കെതിരേ കേസെടുക്കാന്‍ കേരളാ പോലീസിന്‌ അധികാരമില്ലെന്ന്‌ അഡീ. സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ അറിയിക്കുകയായിരുന്നു. ഈ നിലപാടിനെ സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സംഭവം നടന്നത്‌ കേരളത്തിന്റെ അധികാരപരിധിക്കു പുറത്താണെന്നും കേസെടുത്ത്‌ നാവികരെ ജയിലിലിടാന്‍ കേരള പോലീസിന്‌ അധികാരമില്ലെന്നും ചോദിക്കാതെ തന്നെ അഡീ. സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി. റാവല്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു.

രണ്ട്‌ ഇന്ത്യന്‍ പൗരന്മാരാണു കൊല്ലപ്പെട്ടതെന്ന്‌ ഓര്‍ക്കണമെന്നു കോടതി അമര്‍ഷത്തോടെ അറിയിച്ചെങ്കെിലും നിലപാടു തിരുത്താന്‍ റാവല്‍ തയാറായില്ല. ഈ നിലപാട്‌ അംഗീകരിക്കാനാവാത്തതും നിര്‍ഭാഗ്യകരവുമാണെന്നു കേസ്‌ പരിഗണിച്ച ജസ്‌റ്റിസ്‌ എച്ച്‌.എല്‍. ഗോഖലെ പറഞ്ഞു. കപ്പല്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ കപ്പലുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ്‌ ഇറ്റലിക്ക്‌ അനുകൂലമായ നിലപാടു റാവല്‍ സ്വീകരിച്ചത്‌. കോടതി നടപടികള്‍ ഏകദേശം പൂര്‍ത്തിയായി ഇനി എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിച്ചപ്പോള്‍ അപ്രതീക്ഷിതമായാണ്‌ കേരളത്തിന്‌ എതിരായ വാദമുഖങ്ങള്‍ ഉന്നയിച്ചത്‌.

സംഭവം നടന്നതു കരയില്‍ നിന്ന്‌ 20.5 നോട്ടിക്കല്‍ മൈല്‍ അകലെയാണ്‌. സമുദ്രത്തില്‍ 12 നോട്ടിക്കല്‍ മൈലിനുളളില്‍ നടക്കുന്ന സംഭവത്തില്‍ മാത്രമാണ്‌ കേസെടുക്കാന്‍ പോലീസിന്‌ അധികാരമുളളതെന്നും റാവല്‍ പറഞ്ഞു. നാവികര്‍ക്കെതിരായി പോലീസ്‌ എടുത്ത കേസുകള്‍ നിലനില്‍ക്കുന്നതല്ലെന്നാണോ അഭിപ്രായം എന്നു ചോദിച്ചപ്പോള്‍ 'അതെ'എന്നായിരുന്നു റാവലിന്റെ ഉത്തരം. എങ്ങനെയാണ്‌ നിങ്ങള്‍ക്ക്‌ ഇങ്ങനെയൊരു നിലപാടു സ്വീകരിക്കാനാവുന്നതെന്ന്‌ കോടതി ചോദിച്ചു. വെടിവയ്‌പ് നടന്ന സ്‌ഥലത്തെക്കുറിച്ചുളള തര്‍ക്കം തുടരുകയാണ്‌. ''മരിച്ചത്‌ ഇന്ത്യന്‍ പൗരന്മാരാണെന്ന്‌ ഓര്‍മ്മ വേണം''- കോടതി പറഞ്ഞു. കപ്പലില്‍നിന്നു വെടിയേറ്റു മരിച്ചവര്‍ ഇന്ത്യന്‍ രജിസ്‌ട്രേഷനിലുളള ബോട്ടിലുളളവരായിരുന്നു. കപ്പല്‍ വിട്ടു നല്‍കുന്നതു സംബന്ധിച്ച കേസ്‌ ഈ മാസം 30 നു മാറ്റി.

കപ്പല്‍ കേസില്‍ പ്രതിയല്ലെന്നും ഉടമകള്‍ക്കു വിട്ടുനല്‍കണമെന്നും കപ്പലുടമകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കെ.കെ. വേണുഗോപാല്‍ വാദിച്ചു. കപ്പല്‍ വിട്ടു നല്‍കാമെന്ന നിലപാടാണു കോടതിയും കേന്ദ്രസര്‍ക്കാരും സ്വീകരിച്ചത്‌. കപ്പല്‍ വിട്ടു നല്‍കണമെങ്കില്‍ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിക്കണമെന്ന ന്യായമാണു കേരളം ചൂണ്ടിക്കാട്ടിയത്‌. ഓടുന്ന ട്രെയിനില്‍ കൊലപാതകം നടന്നാല്‍ ട്രെയിന്‍ പിടിച്ചെടുക്കാറില്ലല്ലോ എന്നു കോടതി തിരിച്ചു ചോദിച്ചു. കപ്പല്‍ വിട്ടുനല്‍കിയാല്‍ പിന്നീടു തിരിച്ചുകൊണ്ടു വരാനാകില്ലെന്നും കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും കേരളം അറിയിച്ചു. കപ്പല്‍ വിട്ടുനല്‍കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ വിധിയുണ്ടെങ്കിലും ഡിവിഷന്‍ ബെഞ്ച്‌ എതിരായി വിധിച്ചിരുന്നു.

നാവിക കേസുകളില്‍ അഡിമിറാല്‍റ്റി കോടതി വിധിയെ മറികടക്കാന്‍ ഡിവിഷന്‍ ബെഞ്ചിനാവില്ലെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. കപ്പല്‍ വിട്ടുനല്‍കാന്‍ കൂടുതല്‍ നിബന്ധനകള്‍ ആവശ്യമെങ്കില്‍ നിര്‍ദേശിക്കാനും ആവശ്യപ്പെട്ടു. കപ്പലില്‍നിന്നു വെടിയേറ്റ്‌ മരിച്ച സെലസ്‌റ്റ്യന്റെ ഭാര്യ ഡോറയ്‌ക്കു വേണ്ടി ആരും ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന്‌ വീണ്ടും നോട്ടീസ്‌ അയക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലായിരുന്നു വെടിവയ്‌പെന്ന ഇന്ത്യന്‍ വാദം നേരത്തെ ഇറ്റലിയും അംഗീകരിച്ചിരുന്നു.

ഇതിനിടെ എന്റിക്ക ലെക്‌സിയില്‍നിന്നുള്ള വെടിയേറ്റ്‌ രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിട്ടില്ലെന്നു കേന്ദ്ര ഷിപ്പിംഗ്‌ മന്ത്രാലയം വ്യക്തമാക്കി. കപ്പല്‍ തടഞ്ഞുവയ്‌ക്കാന്‍ കേരളാ പോലീസിന്‌ അധികാരമില്ലെന്നു സുപ്രീം കോടതിയെ അറിയിക്കാന്‍ അഭിഭാഷകനു നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും ഇക്കാര്യത്തില്‍ കേരള സര്‍ക്കാരുമായി അഭിപ്രായവ്യത്യാസമില്ലെന്നും ഇന്നലെ വൈകുന്നേരം പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ ഷിപ്പിംഗ്‌ മന്ത്രാലയം വ്യക്‌തമാക്കി. സംഭവത്തില്‍ കേസെടുക്കാന്‍ കേരളാ പോലീസിന്‌ അധികാരമില്ലെന്നു കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ റാവല്‍ സുപ്രീം കോടതിയെ അറിയിച്ചതു വിവാദമായ പശ്‌ചാത്തലത്തിലാണു ഷിപ്പിംഗ്‌ മന്ത്രാലയത്തിന്റെ വിശദീകരണം.

കടലിലെ വെടിവയ്‌പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക്‌ ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരം നല്‍കുമെന്ന്‌ ഇറ്റാലിയന്‍ സര്‍ക്കാര്‍ കേരളാ ഹൈകോടതിയില്‍ ഉറപ്പു നല്‍കി. തുടര്‍ന്ന്‌ നഷ്‌ടപരിഹാരക്കേസുകള്‍ ലോക്‌ അദാലത്തിന്റെ പരിഗണനയ്‌ക്ക് അയയ്‌ക്കാന്‍ കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച നഷ്‌ടപരിഹാര കേസുകളില്‍ കക്ഷി ചേരാന്‍ അനുമതി തേടി ഇന്ത്യയിലെ ഇറ്റാലിയന്‍ കോണ്‍സല്‍ ജിയാം പൗലേ കുട്ടിലോ ആണ്‌ ഹര്‍ജി നല്‍കിയത്‌. രണ്ടുകോടി രൂപവീതം നഷ്‌ടപരിഹാരം ലഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കപ്പല്‍ ഉടമകള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളിലാണ്‌ ഇറ്റാലിയന്‍ സര്‍ക്കാര്‍ കക്ഷിചേരാന്‍ അനുമതി തേടിയത്‌. കക്ഷി ചേരാന്‍ കോടതി അനുമതി നല്‍കി. ചൊവ്വാഴ്‌ച നടക്കുന്ന ലോക്‌ അദാലത്തില്‍ നഷ്‌ടപരിഹാര കേസുകള്‍ പരിഗണിക്കും.

കേരളത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച അഡീഷണല്‍ സോളിസിറ്ററെ നീക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാടിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ ഈ വിഷയത്തില്‍ മുതലെടുപ്പിന് ഇറങ്ങി തിരിച്ചവരുടെ വായ് മൂടിയ അവസ്ഥയിലുമായി.

Thursday, April 5, 2012

വി എസ് അച്യുതാനന്ദനെ ഔദ്യോഗിക വിഭാഗം പൂര്‍ണമായും അവഗണിച്ചു.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആദ്യദിനത്തില്‍ വി എസ് അച്യുതാനന്ദനെ ഔദ്യോഗിക വിഭാഗം പൂര്‍ണമായും അവഗണിച്ചു.
സമ്മേളനത്തിനെത്തിയ വി എസിനെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഗൗനിക്കാതിരുന്നപ്പോള്‍ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച പ്രത്യേക സപ്ലിമെന്റില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മുതിര്‍ന്ന നേതാവായ വി എസ് തീര്‍ത്തും ഒറ്റപ്പെട്ടവനെപ്പോലെ കാണപ്പെട്ടു.
 1964-ല്‍ സി പി എം രൂപീകരിക്കാന്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏക മലയാളിയായ വി എസിനെ അപമാനിക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. പതിവുപോലെ സമ്മേളനത്തിന്റെ കാര്യപരിപാടി തുടങ്ങാറാകുമ്പോള്‍ കടന്നുവന്ന് ശ്രദ്ധ നേടാനാണ് വി എസ് ഇന്നലെയും ശ്രമിച്ചത്. ടാഗോര്‍ ഹാളിന് മുന്‍വശം സജ്ജീകരിച്ച മൈതാനത്തിലായിരുന്നു പതാക ഉയര്‍ത്തല്‍ ചടങ്ങ്. വി എസ് വരുന്നതിന് തൊട്ടുമുമ്പ് സീതാറാം യെച്ചൂരി എത്തിയപ്പോള്‍ എഴുന്നേറ്റ് നിന്ന് സ്വീകരിച്ച പിണറായി വിജയന്‍ വി എസ് വന്നപ്പോള്‍ ഇരിപ്പിടത്തില്‍ അമര്‍ന്നിരുന്നു. വി എസ് എത്തിയെന്ന് വൊളണ്ടിയര്‍ ക്യാപ്റ്റര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പിണറായി ചിരിച്ചെന്ന് വരുത്തി ഗൗരവം തുടര്‍ന്നു. പിണറായിക്ക് സമീപമിരുന്ന മുതിര്‍ന്ന നേതാവ് ആര്‍ ഉമാനാഥും വൃന്ദാകാരാട്ടും സീതാറാം യെച്ചൂരിയും ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
 പി ബിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട വി എസ് ഉദ്ഘാടന സെഷനില്‍ വേദിയില്‍ ഇരുന്നെങ്കിലും നേതാക്കളാരും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിച്ചില്ല. സമ്മേളനത്തോടനുബന്ധിച്ച് ദേശാഭിമാനി പ്രസിദ്ധീകരിച്ച 14 പേജുള്ള സപ്ലിമെന്റില്‍ നിന്നാണ് വി എസിനെ അവഗണിച്ചത്. പ്രകാശ് കാരാട്ടും പിണറായി വിജയനും വൃന്ദാകാരാട്ടുമുള്‍പ്പെടെയുള്ള നേതാക്കള്‍ ലേഖനം എഴുതിയപ്പോള്‍ വി എസിന്റെ ലേഖനം ദേശാഭിമാനിയില്‍ ഉള്‍പ്പെടുത്തിയില്ല. വി എസിനെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് പി ബി അംഗം സീതാറാം യെച്ചൂരിയും ലേഖനം നല്‍കാന്‍ തയ്യാറായില്ല. അതേസമയം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി ഡി പിയുടെ നോമിനിയായി പൊന്നാനിയില്‍ മത്സരിച്ച ഹുസൈന്‍ രണ്ടത്താണിയുടെ ലേഖനം വരെ സപ്ലിമെന്റില്‍ ഉള്‍പ്പെടുത്തിയപ്പോളാണ് പാര്‍ട്ടി രൂപീകരിക്കാന്‍ മുമ്പിലുണ്ടായിരുന്ന നേതാവിനെ അവഹേളിച്ചത്.
 പി ബി അംഗവും പ്രിസീഡിയം ചെയര്‍മാനുമായ എസ് രാമചന്ദ്രന്‍പിള്ള അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ വി എസിന്റെ അച്ചടക്ക ലംഘനത്തെപ്പറ്റി ചെറിയ പരാമര്‍ശം ഉണ്ട്. എന്നാല്‍ വി എസിനെ കരുതിക്കൂട്ടി അക്രമിക്കുക എന്ന രീതിയാവും കേരളത്തില്‍ നിന്ന് പ്രതിനിധി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഔദ്യോഗിക വിഭാഗം നേതാക്കള്‍ സ്വീകരിക്കുക. ഇത് വി എസിന്റെ പി ബി പുന:പ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കമാകും. സീതാറാം യെച്ചൂരിയെപ്പോലുള്ള ചുരുക്കം കേന്ദ്ര നേതാക്കള്‍ മാത്രമാണ് വി എസിനെ അനുകൂലിക്കാനുള്ളത്. പാര്‍ട്ടിയില്‍ കറിവേപ്പിലയുടെ അവസ്ഥയിലായ വി എസിനെ കേന്ദ്രകമ്മിറ്റിയില്‍പ്പോലും  ഉള്‍പ്പെടുത്തരുതെന്ന കര്‍ശന നിലപാടാവും ഔദ്യോഗിക വിഭാഗം സ്വീകരിക്കുക. പി ബിയിലേക്കുള്ള പ്രവേശനം തടയാന്‍ എതിര്‍പക്ഷം ഒരുമുഴം നീട്ടിയെറിയുമെന്ന് വ്യക്തം.

വിഭാഗീയതയുടെ ആഗോള മോഡല്‍:

സി പി എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ത്യന്‍ മാതൃകയെപ്പറ്റി എത്രത്തോളം വാചാലരായാലും പുള്ളിപ്പുലിയുടെ പുള്ളിപോലെ മായാത്ത ചില വിദേശ മുദ്രകള്‍ അവരുടെ നിലപാടില്‍ െതളിഞ്ഞു കാണും. ചൈനയുടെ താത്പര്യത്തിനുവേണ്ടി ഇന്ത്യ-യു എസ് ആണവക്കരാറിനെ അന്ധമായി എതിര്‍ത്തവരെന്ന പഴി സി പി എം ഇപ്പോഴും കേള്‍ക്കുകയാണ്.  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏത് പാര്‍ട്ടി കോണ്‍ഗ്രസും കുമ്പസാരത്തിന്റെ കൂടി വേദികളാവാറുണ്ട്. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപത്തി രണ്ടാം കോണ്‍ഗ്രസില്‍ ക്രൂഷ്‌ച്ചേവിന്റെ അതിഥിയായി എത്തിയ ലസൂര്‍ക്കിന പാര്‍ട്ടിയിലെ 'വിഭാഗീയത'യ്ക്ക് ആക്കം നല്‍കിയത്. 'പ്രേത'ത്തെ കൂട്ടുപിടിച്ചായിരുന്നു. ''റെഡ്‌സ്‌ക്വയറിലെ മുസോളിയത്തില്‍ സ്റ്റാലിന്റെ പ്രേതത്തിനടുത്ത് കിടക്കാന്‍ തനിക്കിഷ്ടമില്ലെന്ന് ലെനിന്റെ പ്രേതം കഴിഞ്ഞ ദിവസം എന്റെ അടുത്തുവന്നറിയിച്ചു!''-എന്നായിരുന്നു ലസൂര്‍ക്കിനയുടെ പ്രസംഗം. തദ്വരാ, വര്‍ഷങ്ങളായി പാര്‍ട്ടി സൂക്ഷിച്ചുവെച്ചിരുന്ന ജോസഫ് സ്റ്റാലിന്റെ മൃതദേഹം കോണ്‍ക്രീറ്റ് കുഴിയിലേക്ക് എടുത്തെറിയപ്പെട്ടു!! ഒപ്പം റഷ്യയില്‍ സ്റ്റാലിന്റെ പേരിലുള്ള പല പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരും മാറ്റി. ഉള്‍ക്കൊള്ളാനാവാത്തതിനെ ഉന്മൂലനം ചെയ്യുകയെന്ന 'സ്റ്റാലിന്‍ സിദ്ധാന്തം' അദ്ദേഹത്തിനെതിരായി തന്നെ പ്രയോഗിക്കപ്പെട്ടു.
 
 ഹംഗേറിയന്‍ പാര്‍ട്ടി നേതാവ് ജാനൂസ് കാതറും യൂഗ്ലോസ്ലോവിയായിലെ മാര്‍ഷല്‍ ടിറ്റോയും യൂറോ കമ്യൂണിസത്തിന്റെ ഉപജ്ഞാതാവായിരുന്ന സാന്റിയാഗോ കാരില്ലോയും ഇന്ത്യയില്‍ കമ്യൂണിസം സൃഷ്ടിക്കാനെത്തിയ സ്പ്രാറ്റും പാര്‍ട്ടിയിലെയും അനുഭാവ സംഘടനകളിലേയും ഛിദ്രപ്രവണതമൂലം കുമ്പസരിച്ച് പുറത്തു പോയവരാണ്.  സ്റ്റാലിന്‍ ഭരണകാലത്തെ കൊടു ക്രൂരതകളെക്കുറിച്ചും അനേകലക്ഷം കര്‍ഷകരെ കൂട്ടത്തോടെ കൊന്നൊടുക്കിയ നടപടികളെക്കുറിച്ചും ലോകത്തിലെ ആദ്യ കമ്യൂണിസ്റ്റ് രാജ്യം സ്ഥാപിച്ച ലെനിനോടും അദ്ദേഹത്തിന്റെ ഭാര്യയോയും സ്റ്റാലിന്‍ കാണിച്ച ദ്രോഹകരമായ നിലപാടിനെക്കുറിച്ചും ട്രോഡ്‌സ്‌ക്കി ലോകത്തോട് കുമ്പസരിച്ചിട്ടുണ്ട്. സിയാനോവും സുമാരിനുമുള്‍പ്പെടെ സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കേന്ദ്ര കമ്മിറ്റിയിലെ 90 അംഗങ്ങള്‍ക്ക് സ്റ്റാലിന്റെ 'അസഹിഷ്ണുതയും ക്രൂരതയും' കൊണ്ട് ജീവന്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും, എത്രയോ വര്‍ഷങ്ങളായി പാര്‍ട്ടി കമ്മിറ്റിയോ കോണ്‍ഗ്രസോ ചേരാത്തതിനെപ്പറ്റിയും ചോദ്യം ചെയ്യാന്‍ ഒരു ക്രൂഷ്‌ച്ചേവ് ഉണ്ടായിരുന്നു.  
 
സ്റ്റാലിനില്‍ നിന്ന് ക്രൂഷ്‌ച്ചേവിലൂടെ ബ്രെഷ്‌നേവിലൂടെ ആന്ത്രപ്പോവിലൂടെ ചെര്‍ണങ്കോവിലൂടെ ഗോര്‍ബച്ചേവിലേക്ക് കടന്നപ്പോള്‍ റഷ്യന്‍ ജനത 'സ്വാതന്ത്ര്യദാഹ'വുമായി തെരുവുകളിലേക്ക് ഓടിയ ചിത്രം മറക്കാന്‍ കഴിയില്ല. ഗ്ലാസ്‌നോസ്തും പെരിസ്‌ട്രോയിക്കയും കൊടുങ്കാറ്റഴിച്ചു വിട്ട സോവിയറ്റ് യൂണിയനില്‍ കമ്യൂണിസത്തിന്റെ വക്താക്കളുടെ, പ്രയോക്താക്കളുടെ പ്രതിമകളും വാഗ്ദാനങ്ങളും കടപുഴകി വീണപ്പോള്‍ സ്വാതന്ത്ര്യദാഹവുമായി പരസഹസ്രം ജനങ്ങള്‍ സ്വയം രക്തസാക്ഷികളാകാന്‍ ഒരുങ്ങി. ഒരുപാട് 'വിമത'രുടെ ധൈഷനിക പരിശ്രമത്തിനൊടുവിലാണ് ഗോര്‍ബച്ചേവിനുശേഷം റഷ്യ സ്വതന്ത്രമായത്. പെരിസ്‌ട്രോയ്ക്കയും ഗ്ലാസ്‌നോസ്തും റഷ്യകൊണ്ട് അവസാനിച്ചില്ല. അത് പുതിയ ചിന്തയായി, വിഭാഗീയതയായി ദേശാന്തരങ്ങളിലേക്ക് വ്യാപിച്ചു. ആ മാറ്റം ഉള്‍ക്കൊള്ളാന്‍പോലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ച് സി പി എമ്മിന് സാധിച്ചില്ല.
 
 സാങ്കല്‍പ്പിക രക്തരക്ഷസ്സ്- ഡ്രാക്കുള ജീവിച്ചിരുന്ന കാര്‍പാര്‍ട്ടിയന്‍ മലയിടുക്കില്‍ അധിവസിച്ച റുമേനിയയിലെ ചൗഷസ്‌ക്യുവിനെ കമ്യൂണിസ്റ്റുകാര്‍ നടുറോഡില്‍വെച്ച് വെട്ടിനുറുക്കി. ബര്‍ലിന്‍ മതില്‍ അടിച്ചു തകര്‍ത്തുകൊണ്ട് ജനം കിഴക്കന്‍ ജര്‍മ്മനിയിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ കഥ കഴിച്ചു!-ഇതെല്ലാം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാത്തവര്‍ക്ക് കാലം നല്‍കുന്ന ശിക്ഷയാണ്.  ഇന്ത്യന്‍ സാഹചര്യത്തെപ്പറ്റി രാഷ്ട്രീയ നയംമാറ്റത്തില്‍ അധരവ്യായാമം ചെയ്യുന്ന സി പി എം ആരെയാണ് തങ്ങളുടെ കൂടാരത്തിലേക്ക് സ്വാഗതം ചെയ്യുന്നതെന്നുകൂടി വിശദീകരിക്കേണ്ടി വരും.  പി സി ജോഷിയും ഡാെങ്കയും വിഭാവനം ചെയ്ത 'കോണ്‍ഗ്രസുമായുള്ള സഹകരണം' പില്‍ക്കാലത്ത് നൃപന്‍ ചക്രവര്‍ത്തിയും ജ്യോതി ബസുവും സോമനാഥ് ചാറ്റര്‍ജിയുമുള്‍പ്പെടെയുള്ള എത്രയോ നേതാക്കള്‍ ആവര്‍ത്തിച്ചിരുന്നു. നൃപന്‍ ചക്രവര്‍ത്തിയെ പുറത്തെറിഞ്ഞ പാര്‍ട്ടി ഹിമാലയന്‍ മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ചു. ജ്യോതിബസുവിന്റെയും ബുദ്ധദേവ് ഭട്ടാചാര്യയുടെയും ഹര്‍ക്കിഷന്‍സിംഗ് സുര്‍ജിത്തിന്റെയും എതിര്‍പ്പിനെ തൃണവത്ഗണിച്ചാണ് ഒന്നാം യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ പ്രകാശ് കാരാട്ട് മുതിര്‍ന്നത്.
 
 പ്രകാശ് കാരാട്ട് തന്നെ നേതൃതലത്തിലുള്ളപ്പോള്‍, പ്രാദേശികവും ജാതീയവുമായ താത്പര്യങ്ങളുള്ള ജയലളിതയുടെയും മായാവതിയുടെയും ലാലുയാദവിന്റെയും നവീന്‍ പട്‌നായകിന്റെയും ചൗട്ടാലയുടെയും പ്രഫുല്ലകുമാര്‍ മൊഹന്തയുടെയും ചന്ദ്രബാബു നായിഡുവിന്റെയും പാര്‍ട്ടികളെയാണോ കൂട്ടുപിടിക്കാന്‍ ഉദ്ദേശിക്കുന്നത്? അതൊരിക്കലും ഇടതുപക്ഷ ബദലാവില്ല; മറിച്ച് ബി ജെ പിയെ സഹായിക്കാനുള്ള വഴിവെട്ടലാവും. കോണ്‍ഗ്രസുമായി വിയോജിച്ചുകൊണ്ട് സഹകരിക്കാനുള്ള വിശാലകാഴ്ചപ്പാട് പാര്‍ട്ടി നേതൃത്വം സ്വീകരിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും ചരിത്രപരമായ ഹിമാലയന്‍ ബ്ലണ്ടറുകള്‍ക്ക് കോഴിക്കോട് വേദിയാകില്ലെന്ന് പ്രതീക്ഷിക്കാം.