Wednesday, May 18, 2011

ആദ്യബോള്‍ ഗ്യാലറിയിലേക്ക് പായിച്ച് ഉമ്മൻ ചാണ്ടി


നേരിട്ട ആദ്യബോള്‍ തന്നെ ഗ്യാലറിയിലേക്ക് സിക്‌സര്‍ പായിച്ചാണ് ഉമ്മന്‍ചാണ്ടി യു.ഡി.എഫ് ഭരണത്തിലെ ട്വന്റി ട്വന്റി മാച്ച് തുടങ്ങിയത്. മന്ത്രിസഭായോഗം രണ്ടുമണിക്കൂര്‍ നീണ്ടപ്പോള്‍ ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കുന്നതിന്റെ
താമസമാണെന്ന് ക്യാബിനറ്റ് മുറിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ അടക്കം പറച്ചില്‍. യോഗം കഴിഞ്ഞ് പി.ആര്‍ ചേമ്പറിലെത്തിയ ഉമ്മന്‍ചാണ്ടി ആദ്യവാചകത്തില്‍ തന്നെ ജനങ്ങളോടുള്ള സര്‍ക്കാരിന്റെ താല്‍പ്പര്യം വ്യക്തമാക്കി. പെട്രോള്‍ വിലവര്‍ധനയില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്കുള്ള ആശ്വാസ നടപടി പ്രഖ്യാപിക്കുന്നതുവഴി സര്‍ക്കാരിനുണ്ടാകുന്ന വരുമാനനഷ്ടം കാര്യമാക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ വാക്കുകള്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായഹസ്തം നീട്ടിയ ആദ്യമന്ത്രിസഭ കയ്യടി നേടുകയും ചെയ്തു. സര്‍ക്കാരിന് പ്രതികാര രാഷ്ട്രീയമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരായ പരാതിയില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് സീറ്റുകള്‍ കുറഞ്ഞതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അത് പകുതിയാക്കി കുറയ്ക്കുന്നതില്‍ ഖേദമുണ്ടെന്നുമുള്ള ഉമ്മന്‍ചാണ്ടിയുടെ തമാശ മാധ്യമപ്രവര്‍ത്തകരും നന്നായി ആസ്വദിച്ചു. ഇക്കുറി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ താമസിക്കുമെന്ന് അറിയിച്ച മുഖ്യമന്ത്രി, മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച് തീരുമാനിച്ച് ഗവര്‍ണറുടെ അനുമതിക്കായി അയച്ചിട്ടുണ്ടെന്നും പറഞ്ഞു.
 
സത്യപ്രതിജ്ഞ കഴിഞ്ഞ് സെക്രട്ടറിയേറ്റിലെത്തിയ ഉമ്മന്‍ചാണ്ടിക്കും സഹമന്ത്രിമാര്‍ക്കും ആവേശപൂര്‍ണമായ വരവേല്‍പ്പാണ് ജീവനക്കാര്‍ നല്‍കിയത്. മുഖ്യമന്ത്രിക്കൊപ്പം ആറു മന്ത്രിമാരും ആദ്യമന്ത്രിസഭാ യോഗത്തിനെത്തിയപ്പോള്‍ കേരളത്തിന്റെ ഭരണസിരാകേന്ദ്രം ഒരു അധികാര കൈമാറ്റത്തിനു കൂടി സാക്ഷിയാവുകയായിരുന്നു. രാജ്ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുമ്പോള്‍ തന്നെ പുതിയ മുഖ്യമന്ത്രിയേയും, മറ്റു മന്ത്രിമാരേയും സ്വീകരിക്കാന്‍ സെക്രട്ടേറിയേറ്റും ജീവനക്കാരും യു.ഡി.എഫ് അനുഭാവികളും ഒരുങ്ങിക്കഴിഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിനു മുന്നിലെ ജനക്കൂട്ടം ഉച്ചവെയിലില്‍ ആകാംക്ഷയോടെ കാത്തിരുന്നു; ത്രിവര്‍ണഷാളുകളും പുഷ്പകിരീടങ്ങളുമൊക്കെയായി. മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടിയുെട ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ സെക്രട്ടറിയേറ്റ് കവാടം കടന്നെത്തിയതോടെ ആവേശമായി. സുരക്ഷാ ജീവനക്കാര്‍ ഏറെ പണിപ്പെട്ടാണ് മുഖ്യമന്ത്രിയെയും, മറ്റു മന്ത്രിമാരേയും ജനത്തിരക്കിനിടയിലൂടെ സെക്രട്ടേറിയേറ്റിനുള്ളിലെത്തിച്ചത്. ഷിബു ബേബി ജോണിന് ലഭിച്ചത് വലിയൊരു കിരീടം. ഇതിനിടയില്‍ കൂടി കെ.പി മോഹനന്‍ അകത്തുകയറി. ചീഫ് സെക്രട്ടറി പി. പ്രഭാകരന്‍ പുതിയ മുഖ്യമന്ത്രിേയയും, സഹപ്രവര്‍ത്തകരേയും ഔപചാരികമായി സ്വീകരിച്ചു. പിന്നീട് മന്ത്രിമാരെല്ലാവരും മുഖ്യമന്ത്രിയുടെ ചേംബറിലേക്ക്. ഇവിടെ അല്‍പസമയം ചെലവിട്ട ഉമ്മന്‍ ചാണ്ടി തുടര്‍ന്ന് മന്ത്രിസഭായോഗ ഹാളിലെത്തി. മാധ്യമങ്ങള്‍ ആദ്യയോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. ക്യാബിനറ്റ് മുറിയുടെ വാതില്‍ അടഞ്ഞതോടെ പതിമൂന്നാം നിയമസഭയുടെ ആദ്യമന്ത്രിസഭായോഗത്തിന് തുടക്കമാവുകയും ചെയ്തു. 

No comments:

Post a Comment

Note: Only a member of this blog may post a comment.