Monday, May 30, 2011

വികസനം മുടക്കികളുടെ 'വിഭജന' വിവാദം


ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അധികാരമേറ്റെടുത്ത ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് നല്‍കിയിരിക്കുന്ന പ്രാധാന്യവും ശ്രദ്ധയും പരക്കെ ചര്‍ച്ചചെയ്യപ്പെടുന്നു. 
ഇക്കാര്യത്തിലെടുത്ത ആദ്യ തീരുമാനത്തിലൂടെ കേരളത്തിന്റെ ദിശാഗതി, വികസനത്തിന്റെ പാതയിലാണെന്നും, ഇന്നലെവരെ ആവര്‍ത്തിച്ചിരുന്ന വലിയ തെറ്റുകള്‍ തിരുത്തുന്നതിനുള്ള പ്രാരംഭമാണെന്നും തിരിച്ചറിഞ്ഞതുകൊണ്ടാവാം ഒരു വിഭജനവിവാദവുമായി ചിലര്‍ രംഗത്ത് വന്നിരിക്കുന്നത്.  തദ്ദേശസ്വയംഭരണവകുപ്പ് മൂന്നായി വിഭജിച്ചിരിക്കുന്നു എന്നും അത് വികസന കാര്യത്തില്‍ പ്രതിസന്ധി സൃഷ്ടിക്കും എന്നും ആവര്‍ത്തിക്കുകയും ചില സംഘടിത ശക്തികളുടെ സഹായത്തോടെ അതിനെതിരെ ദുര്‍ബലമായ സമരാഭാസങ്ങള്‍ക്ക് ശ്രമിക്കുകയും ചെയ്യുന്നവരുടെ ആശങ്ക തിരിച്ചറിയേണ്ടതുണ്ട്.  73, 74 ഭരണഘടനാ ഭേദഗതികളിലൂടെ അധികാരവികേന്ദ്രീകരണവും ഗ്രാമസ്വരാജും സാധിതമാക്കുന്നതിന് കേന്ദ്രതലത്തില്‍ നടത്തിയ ശ്രമങ്ങളെ അട്ടിമറിച്ചുകൊണ്ട്, ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മറവില്‍ സ്വന്തക്കാരേയും സ്വന്തം പാര്‍ട്ടിക്കാരെയും ഒരു സംഘം കപട ബുദ്ധിജീവി സമൂഹത്തേയും സംരക്ഷിക്കുന്ന സംവിധാനമാക്കി അതിനെ മാറ്റിയതിന്റെ തിക്തഫലങ്ങള്‍ കേരളീയ സമൂഹത്തിന്റെ കണ്‍മുന്നിലുണ്ട്.  ഇപ്പോള്‍ ഉയര്‍ത്തുന്ന വകുപ്പ് വിഭജന വിവാദം ഇത്തരം കാപട്യങ്ങള്‍ മൂടിവെക്കുന്നതിനുള്ള പാഴ്‌വേലമാത്രമാണ്.
 
വകുപ്പ് വിഭജനം ഉണ്ടായോ? 
വിവാദങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യത്തില്‍ നിന്നുതന്നെ തുടങ്ങാം.  യഥാര്‍ത്ഥത്തില്‍ തദ്ദേശസ്വയംഭരണവകുപ്പ് വിഭജനം ഉണ്ടായോ? പഞ്ചായത്ത് വകുപ്പ്, ഗ്രാമവികസന വകുപ്പ്, നഗരകാര്യവകുപ്പ് എന്നീ മൂന്ന് വകുപ്പുകള്‍ പുതിയതായി ഉണ്ടായതല്ല.  ഇവ മൂന്നും ദശാബ്ദങ്ങളായി നിലവിലുള്ള സര്‍ക്കാര്‍ വകുപ്പുകളാണ്.  ഗ്രാമവികസന കമ്മീഷണര്‍ വകുപ്പ് അദ്ധ്യക്ഷനായി ഗ്രാമവികസനവകുപ്പും പഞ്ചായത്ത് ഡയറക്ടര്‍ അദ്ധ്യക്ഷനായി പഞ്ചായത്ത് വകുപ്പും നഗരകാര്യ ഡയറക്ടര്‍ അദ്ധ്യക്ഷനായി നഗകാര്യ വകുപ്പും വര്‍ഷങ്ങളായി സംസ്ഥാനത്ത് നിലനില്‍ക്കുന്ന വ്യത്യസ്ത വകുപ്പുകളാണ്. 1996-ല്‍ അധികാരമേറ്റ ഇടതു സര്‍ക്കാരിന്റെ കാലത്ത് ഈ മൂന്ന് വകുപ്പുകളുടേയും ഭരണചുമതല ഒരു മന്ത്രിക്ക് നല്‍കുകയും അതിനെ തദ്ദേശസ്വയംഭരണവകുപ്പെന്ന് സെക്രട്ടറിയേറ്റ് തലത്തില്‍ പേരിടുകയും ചെയ്തു.  അപ്പോഴും വകുപ്പും വകുപ്പദ്ധ്യക്ഷന്‍മാരും പഴയതുപോലെ മൂന്നായിത്തന്നെ തുടരുകയും ചെയ്തു.  2001-ല്‍ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്ത് ഇവ രണ്ട് മന്ത്രിമാരുടെ ചുമതലയിലായി.  2006-ല്‍ വീണ്ടും ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒരു മന്ത്രിയുടെതന്നെ ചുമതലയില്‍ മൂന്ന് വകുപ്പുകളും ഒരുമിച്ച് ഭരണം നടത്തി എന്നു മാത്രം.  ഇപ്പറഞ്ഞ മൂന്ന് വകുപ്പുകളും സമാനതകളുള്ളതാണ്.  
 
ഭരണഘടനാപരമായി താഴെത്തട്ടിലേക്ക് പകര്‍ന്നു നല്‍കിയ അധികാരങ്ങള്‍ കയ്യാളുന്ന പ്രാദേശിക സര്‍ക്കാരുകളുടെ മേല്‍നോട്ടവും നിയന്ത്രണവും മൂന്ന് വകുപ്പിന്റെയും ചുമതലയാണ്.  അതുകൊണ്ടുമാത്രം അവ ഒരേ മന്ത്രിയുടെ കീഴില്‍ വരണമെന്ന് ശഠിക്കുന്നത് ബാലിശമാണ്.  അതിന്റെ പിന്നില്‍ ആരുടെയോ രഹസ്യ അജണ്ടകള്‍ ഉണ്ടെന്നുള്ളത് വ്യക്തമാണ്.
ഈ വാദഗതി അംഗീകരിച്ചാല്‍ ഒന്നാം ക്ലാസ്സുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് പഞ്ചായത്തുകളുടേയും നഗരസഭകളുടേയും നിയന്ത്രണത്തിലാകയാല്‍ അതിനും പ്രത്യേകമന്ത്രിയുടെ ആവശ്യമില്ലെന്ന് വാദഗതിയുണ്ടാവില്ലേ? പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ ജില്ലാതല ആശുപത്രികള്‍വരെയുള്ള മുഴുവന്‍ ആരോഗ്യസ്ഥാപനങ്ങളും പഞ്ചായത്തുകളുടേയും നഗരസഭകളുടേയും നിയന്ത്രണത്തിലാണ്.  അതിനും പ്രത്യേകിച്ചൊരു വകുപ്പുമന്ത്രിവേണ്ട എന്ന് പറയാനാവുമോ?  ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകളുടെയെല്ലാം അധികാരങ്ങളും ഉദ്യോഗസ്ഥരും സ്ഥാപനങ്ങളും പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും കൈമാറിയിട്ടുണ്ടെങ്കിലും ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്.  അതിനൊക്കെ പ്രത്യേകവകുപ്പും വകുപ്പദ്ധ്യക്ഷന്മാരും വകുപ്പ് മന്ത്രിയും ഉണ്ട്.  പരസ്പരം ബന്ധപ്പെടുന്നതെല്ലാം ഒന്നിച്ച് ഒരാളുടെ നിയന്ത്രണത്തില്‍ വന്നാലേ കാര്യക്ഷമതയുണ്ടാവൂ എന്നാണെങ്കില്‍ മന്ത്രിസഭതന്നെ അപ്രസക്തമാകും.  
 
വിവിധ വകുപ്പുകളിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും, പരസ്പരം ആശയവിനിമയത്തിലൂടെ സമവായതീരുമാനങ്ങളില്‍ എത്തിച്ചേരാനുമാണ് മന്ത്രിസഭ. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമാണ്.  അതാണ് യഥാര്‍ത്ഥ വികേന്ദീകരണം.  അധികാരം ചില ഉദ്യോഗസ്ഥതലത്തില്‍ കേന്ദ്രീകരിച്ചു നിര്‍ത്താനുള്ള രഹസ്യ അജണ്ടയുടെ ഫലമാണ് ഇപ്പോഴുയര്‍ത്തുന്ന ഈ വിഭജനവിവാദവും.  കഴിഞ്ഞ ഇടത് സര്‍ക്കാര്‍ അധികാരമേറ്റ് അധികനാള്‍ കഴിയുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെപോലും അറിവോ സമ്മതമോ കൂടാതെ ഏഷ്യന്‍വികസനബാങ്കുമായി കരാറില്‍ ഒപ്പിട്ടത് വിവാദമായിരുന്നു.  
മന്ത്രിസഭയുടെ കാലാവധി കഴിയാറായ അവസാന ദിവസങ്ങളില്‍ ലോകബാങ്കുമായി 960 കോടിരൂപയുടെ വായ്പാധാരണ അന്തിമമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്രകാരം ഇടതു സര്‍ക്കാര്‍ തന്നെ പരസ്യമായി തള്ളിപ്പറയുന്ന ഏജന്‍സികളുമായി രഹസ്യധാരണയുണ്ടാക്കുമ്പോഴും വായ്പകള്‍ അവരുടെ നിബന്ധനകള്‍ക്ക് വിധേയമായി സ്വീകരിക്കുമ്പോഴും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന കോടികള്‍ ചെലവഴിക്കാതെ പാഴായിപോകുന്നു എന്ന വാസ്തവവും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു
 
 
ഒന്നായിരുന്നപ്പോള്‍ എന്തുഗുണം? 
കഴിഞ്ഞ രണ്ട് ഇടതുസര്‍ക്കാരുകളുടെ കാലത്തും മേല്‍പ്പറഞ്ഞ മൂന്ന് വകുപ്പുകളും ഒരേ മന്ത്രിയുടെ ചുമതലയിലായിരുന്നു. മന്ത്രി മാത്രമല്ല അതിന്റെ ചുക്കാന്‍ പിടിച്ചിരുന്നവരും മാറ്റമില്ലാതെ തുടര്‍ന്നു. 1997ല്‍ നടപ്പാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനത്തെ വലിയ പ്രതീക്ഷയോടെയാണ് കേരളീയ സമൂഹം വരവേറ്റത്.  ഗ്രാമസഭകളിലേയും വാര്‍ഡു സഭകളിലേയും ആദ്യകാല ഹാജര്‍ നില പരിശോധിച്ചാല്‍ ഇത് വ്യക്തമാകുകയും ചെയ്യും.  അധികാരവികേന്ദ്രീകരണ പ്രക്രിയയ്ക്ക് ഭരണഘടനാ പ്രാബല്യം നല്‍കിയ ഭേദഗതിയുടെ ആദ്യ ബില്ല് 1968-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് അന്നത്തെ പ്രാധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി നടത്തിയ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞ മൂന്ന് കാര്യങ്ങളുണ്ട്. പരമാവധി അധികാരം വികേന്ദ്രീകരിക്കുക, താഴെത്തട്ടില്‍ തീരുമാനിക്കേണ്ട കാര്യങ്ങള്‍ അവിടത്തന്നെ കൈകാര്യം ചെയ്യാന്‍ അവസരമുണ്ടാക്കുക, അധികാരം ജനങ്ങളിലേയ്ക്ക് എത്തിക്കുക. ജനാധിപത്യപ്രക്രിയയെ അഗാധവത്ക്കരിക്കുന്നതില്‍ ഈ ഭരണഘടനാ ഭേദഗതികള്‍ക്ക് ചരിത്രപരമായ സാംഗത്യമുണ്ട്. പക്ഷേ, കേരളത്തിലെ പരീക്ഷണങ്ങള്‍ ലോകശ്രദ്ധയിലേക്ക് കയറിപ്പോയപ്പോഴും നമ്മുടെ ഗ്രാമസഭകളിലെ പങ്കാളിത്തം ക്രമേണ കുറഞ്ഞു വരികയായിരുന്നു.
 
വികേന്ദ്രീകൃത ആസൂത്രണത്തിന്റെ പത്തുവര്‍ഷങ്ങള്‍ പരിശോധിക്കുവാനും മൂല്യനിര്‍ണ്ണയം നടത്തുവാനുമായി പ്രൊ. എം.എ. ഉമ്മന്‍ അദ്ധ്യക്ഷനായി ഇടതുസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയിലെ കണ്ടെത്തലുകള്‍ ഈ ജനകീയ ഇച്ഛാഭംഗത്തെ സാധൂകരിക്കുന്നവയാണ്. ''ഒരു വലിയ പരിശ്രമം വെറും ചടങ്ങായി മാറി; യാഥാര്‍ത്ഥ്യങ്ങള്‍ക്ക് പകരം വെറും നിഴലുകളും. 
പ്രാദേശിക ജനാധിപത്യവും അധികാരവികേന്ദ്രീകരണത്തിന്റെ വിവിധ തട്ടുകളിലൂടെയുള്ള പ്രക്രിയയും പിന്നാക്കം പോയി. ഗ്രാമസഭകളിലേയും വാര്‍ഡുസഭകളിലേയും ഹാജരില്‍ ഉണ്ടാകുന്ന കുറവ്, ഹാജര്‍ പുസ്തകത്തില്‍ കാണിക്കുന്ന കൃത്രിമ ഹാജരുകള്‍, സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവരും യുവജനങ്ങളും ഇവയില്‍ പങ്കെടുക്കാതെ മാറി നില്‍ക്കല്‍, വിദഗ്ദ്ധ സമിതികളില്‍ സ്വന്തം പാര്‍ട്ടിക്കാരെ തിരുകികയറ്റല്‍, പ്രോജക്ടുകള്‍ ഓഫീസിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍മാത്രം തയ്യാറാക്കുന്ന അവസ്ഥ, കൂട്ടായ്മയുടെ അഭാവം തുടങ്ങി അധികാരവികേന്ദ്രീകരണത്തിലൂടെ പ്രത്യാശിച്ചതിന്റെയൊക്കെ വെറും അപഹാസ്യചിത്രമായി ഈ പ്രസ്ഥാനം മാറിേപ്പോയി'' (പ്രൊ. എം. എ. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട്-പേജ് 62)
 
അധികാരവികേന്ദ്രീകരണത്തിന്റെ സഹയാത്രികനും അഭ്യൂദയകാംക്ഷിയുമായ ഒരു ചിന്തകന്‍ തന്റെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ ഇപ്രകാരം രേഖപ്പെടുത്തണമെങ്കില്‍ അതിലെവിടെയോ പ്രശ്‌നങ്ങള്‍ നിഴലിക്കുന്നുണ്ട്. പങ്കാളിത്ത ബജറ്റിംഗ് എന്ന ആധുനിക രീതിയിലെ വികേന്ദ്രീകൃത ആസൂത്രണം ഫലപ്രദമായി നടപ്പാക്കുന്ന പ്രാദേശിക സര്‍ക്കാരുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്.  അവയുടെ ദുര്‍ബലമായ അനുകരണമായിപ്പോയി ജനകീയാസൂത്രണം.  എന്നാല്‍പോലും അതിനെ വ്യവസ്ഥാപിതമാക്കുന്നതിന് പത്തുവര്‍ഷം ഇടതുമുന്നണിയിലെ ഒരേ മന്ത്രിതന്നെ വകുപ്പു കൈകാര്യം ചെയ്തിട്ടും എന്തുകൊണ്ട് സാധിച്ചില്ല? 
ഓരോ വര്‍ഷവും പദ്ധതി രൂപീകരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുന്ന സ്ഥിതിവിശേഷം മാറ്റാന്‍ എന്തുകൊണ്ട് സാധിച്ചില്ല? ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സെക്രട്ടേറിയേറ്റില്‍ നിന്നല്ല വരുന്നതെന്നും ചില ബാഹ്യശക്തികള്‍ രൂപകല്പന ചെയ്യുന്നതാണെന്നും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ? ആസൂത്രണപ്രക്രീയയില്‍ മാത്രമല്ല ദൗര്‍ബല്യം.  പഞ്ചായത്തുകളുടെയും നഗരസഭകളുടേയും തനതുവരുമാനത്തില്‍ കൃത്യമായ പുരോഗതിയുണ്ടായില്ല. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും നല്‍കുന്ന ഗ്രാന്റുകള്‍  ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്നില്ല.  ഓരോ വര്‍ഷവും ഭീമമായ തുക പാഴായിപ്പോകുന്നു.  
 
ചെലവഴിക്കുന്ന തുകക്ക് ആനുപാതികമായ വളര്‍ച്ചയും വികസനവും ഉണ്ടാകുന്നില്ല. ഒരു കുടുംബത്തിന് ഒരുവര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ തുക കേന്ദ്രസര്‍ക്കാരിന്റെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ അനുവദിക്കുമ്പോള്‍ 40 തൊഴില്‍ ദിനങ്ങള്‍പോലും ശരാശരി നല്‍കാന്‍ നമുക്ക് കഴിയുന്നില്ല.  നഗരാസൂത്രണത്തിനും, നഗരപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനും, ചേരിനിര്‍മ്മാര്‍ജ്ജനത്തിനും, മാലിന്യ സംസ്‌കരണത്തിനും മറ്റുമായി സംസ്ഥാനങ്ങള്‍ കേന്ദ്രാവിഷ്‌കൃതപദ്ധതികള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഫണ്ടുപോലും പലപ്പോഴും നഷ്ടപ്പെടുത്തുന്നു.  എയര്‍കണ്ടീഷണന്‍ ചെയ്ത ലോ ഫ്‌ളോര്‍ ബസ്സുകള്‍ വാങ്ങുന്നതും മറ്റുമായി നമ്മുടെ നഗരവികസനം മുരടിച്ചുപോകുന്നു.  തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ പ്രാഥമിക ചുമതലകളായ ശുചീകരണം, മാലിന്യസംസ്‌കരണം, കുടിവെള്ളം, കശാപ്പുശാലകള്‍, ശ്മശാനങ്ങള്‍ എന്നിവ സ്ഥാപിക്കല്‍ തുടങ്ങിയവയില്‍ പോലും തൃപ്തികരമായ രീതിയില്‍ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.
 
തദ്ദേശ സ്വയം ഭരണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശുചിത്വമിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ തന്നെ വാക്കുകളില്‍ നമ്മുടെ സ്ഥിതി പരിതാപകരമാണെന്ന് കാണാം. ''തിരുവനന്തപുരം, കൊച്ചി നഗരങ്ങള്‍ ഒഴിച്ച് ദ്രവമാലിന്യസംസ്‌കരണത്തിന് കാര്യമായ ഒരു പ്രവര്‍ത്തനവും സംസ്ഥാനത്ത് ഉണ്ടായില്ല.  എന്നാല്‍ സുസ്ഥിര നഗര വികസന പദ്ധതിയിലും മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതിയിലും ഉള്‍പ്പെടുത്തി 625 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുകയുണ്ടായി. സാങ്കേതിക-സാമൂഹ്യകാരണങ്ങളാല്‍ മന്ദഗതിയിലായിരുന്ന നിര്‍വ്വഹണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. (പഞ്ചായത്തിരാജ് മാസിക 2011 ഫെബ്രുവരി)
 
ഇതാണോ പരിഹാരം?
ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ച അപചയത്തില്‍നിന്നും കര കയറാനുള്ള മാര്‍ഗ്ഗങ്ങളുടെ അന്വേഷണത്തിന്റെ ഒടുവിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രാദേശിക ഭരണസമീപനത്തില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചിരിക്കുന്നത്.  ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മുഖ്യമന്ത്രിയുള്‍പ്പെടെ നാല് മന്ത്രിമാരാണ് ഇപ്പോള്‍ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുംവേണ്ടി അധികാരമേറ്റത്.  നഗരകാര്യം, പഞ്ചായത്ത്, ഗ്രാമവികസനം എന്നിവ വ്യത്യസ്ത മന്ത്രിമാരുടെ ചുമതലയില്‍ കൊണ്ടുവന്നിരിക്കുന്നത് മൂലം വ്യത്യസ്തമായ ആശയങ്ങളുടേയും സമീപനങ്ങളുടേയും പ്രയത്‌നങ്ങളുടേയും സത്ഫലങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം.  മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ മൂന്ന് വകുപ്പുകളേയും ഏകോപിപ്പിക്കുന്നതിന് സംവിധാനംഏര്‍പ്പെടുത്തിയതിലൂടെ തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവിന് ചുക്കാന്‍ പിടിക്കാന്‍ ഒരു മിനി കാബിനറ്റ് തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കും.  ഉദ്യാഗസ്ഥതലത്തില്‍ സ്വീകരിച്ചുപോന്നിരുന്ന ചില കേന്ദ്രീകൃത പ്രക്രിയകളിലും അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ മറികടക്കാവുന്ന ആശങ്കകള്‍ മാത്രമേ ഇക്കാര്യത്തില്‍ നിലവിലുള്ളൂ.  
ഇപ്പോഴുയര്‍ത്തുന്ന വിഭജനവിവാദം ഒരു സ്‌പോണ്‍സേര്‍ഡ് പരിപാടി മാത്രമാണ്.  ഒരാള്‍ തീരുമാനിച്ചിരുന്ന കാര്യങ്ങള്‍ മൂന്നു വകുപ്പുമന്ത്രിമാര്‍ക്കായി വികേന്ദ്രീകരിക്കുന്നതിലൂടെ അധികാരവികേന്ദ്രീകരണത്തിനും ജനാധിപത്യത്തിനും പുതിയ അര്‍ത്ഥവും ഭാവവും കൈവരിക്കാനാകും എന്ന് പ്രത്യാശിക്കുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.