Monday, February 6, 2012

പോടുവീണ മരവും കൊമ്പും ഇലയും സമൂഹത്തിന് ഭീഷണിയായി നില്‍ക്കുന്നു.


പരിവര്‍ത്തനങ്ങള്‍ മാര്‍ക്‌സിസത്തിന്റെ മുഖമുദ്രയാണ്. കാലദേശങ്ങള്‍ക്കനുസൃതമായി വരുത്തുന്ന പരിഷ്‌ക്കാരങ്ങളോടെ ജനങ്ങളോട് സംവദിക്കാന്‍ മാര്‍ക്‌സിസത്തിന്റെ പ്രയോക്താക്കള്‍ എന്നും ശ്രദ്ധിച്ചിരുന്നു. തങ്ങളുടെ ചുറ്റുപാടുകള്‍ സ്വാധീനിച്ച കാഴ്ചപ്പാടുകളുമായി ദാസ്‌ക്യാപിറ്റല്‍ എന്ന ഗ്രന്ഥം രചിക്കുമ്പോള്‍ കാറല്‍മാക്‌സും എംഗല്‍സും വരച്ചിടാന്‍ ശ്രമിച്ചത് സമ്പത്തിന്റെ കേന്ദ്രീകരണത്തിനെതിരായ തത്വസംഹിതയായിരുന്നു. നീതിനിഷേധിക്കപ്പെടുന്നതിലൂടെയും അദ്ധ്വാനത്തിനനുസൃതമായ വേതനം ലഭ്യമാകാതിരുന്നതിലൂടെയും അസ്വസ്ഥരായ ലോകമെമ്പാടുമുള്ള പണിയാളുകളാണ് ആദ്യം ഈ തത്വസംഹിതയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടത്. മുതലാളിത്തത്തിനെതിരായ സാമ്പത്തിക ശാസ്ത്രം എന്നതിലുപരി അത് അടിച്ചമര്‍ത്തപ്പെട്ടവരുടെയും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് വലിച്ചെറിയപ്പെട്ടവരുടേയും പ്രത്യയശാസ്ത്രമായി വളരുകയായിരുന്നു. 1917ല്‍ റഷ്യയില്‍ ഉണ്ടായ വിപ്ലവം ലോകമെമ്പാടുമുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രതീക്ഷകള്‍ക്ക് അഗ്നി പകര്‍ന്നു. വിവിധ രൂപങ്ങളില്‍ നിലനിന്നിരുന്ന ഭരണകൂടങ്ങള്‍ കടപുഴകിവീണു. വന്‍ പ്രതീക്ഷകളോടെ അഖിലലോക തൊഴിലാളി വര്‍ഗ്ഗഭരണമെന്ന ആശയം ഉണര്‍ത്തെണീറ്റു.
 
കേരളത്തിനും പ്രതിധ്വനികള്‍ ഉണ്ടായി. ദാസ്‌ക്യാപിറ്റല്‍ എന്നോ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമെന്നോ തികച്ചൊന്നുച്ചരിക്കാന്‍ പോലും കഴിവില്ലാതിരുന്ന നിരക്ഷരകുക്ഷികളായ ദരിദ്രനാരായണന്‍മാര്‍ ചെങ്കൊടി മുറുകെപിടിച്ച് കമ്മ്യൂണിസം ചൂണ്ടിയ രാഷ്ട്രീയ മാര്‍ഗ്ഗം സ്വീകരിച്ചു. കുട്ടനാട്ടിലെയും പാലക്കാട്ടെയും വയലേലകളില്‍, തൃശ്ശൂരിലെ കോള്‍നിലങ്ങളില്‍ മലമടക്കുകളിലെ വന്‍കിടത്തോട്ടങ്ങളില്‍ പടയോട്ടങ്ങളുടെ അനുഭവങ്ങള്‍ കരുത്തുപകര്‍ന്ന മലബാര്‍ മേഖലയില്‍ അടിമകളെപോലെ പണിയെടുത്തിരുന്ന കര്‍ഷക തൊഴിലാളികള്‍ അവരുടെ ജീവിതത്തിന്റെ പ്രതീക്ഷയായി  രക്തവര്‍ണ്ണ പതാകകളെ സ്വീകരിച്ചു. ജന്‍മിത്വവും അനാചാരങ്ങളും സാമൂഹിക തിന്മകളും നിറഞ്ഞ കേരളത്തില്‍ മിണ്ടാന്‍ അവകാശം ഇല്ലാത്തവന്റെ ശബ്ദമായി കേള്‍വി നിഷേധിക്കപ്പെട്ടവന്റെ കാതുകളായും ചിന്താശേഷി മുരടിപ്പിച്ചവന്റെ മനസ്സായും പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്തവന്റെ തലച്ചോറായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പി.കൃഷ്ണപിള്ള, ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്, എ.കെ.ജി., തുടങ്ങിയ നേതാക്കളുടെ വ്യക്തിശുദ്ധി പ്രത്യയശാസ്ത്ര മഹിമയേക്കാള്‍ ജനങ്ങളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചു.
 
പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്ക് മുകളിലായി ജനമനസ്സുകളുടെ തുടിപ്പിന്റെ വികാരവും സമൂഹനന്മയും പാര്‍ട്ടി അച്ചടക്കവും മുറുകെ പിടിച്ചുകൊണ്ട് കേരളത്തിലെ ഗ്രാമമനസ്സുകളില്‍ തൊഴില്‍ശാലകളില്‍ പണിയിടങ്ങളില്‍ ഒക്കെ ഒരാവേശവും പുത്തന്‍ പ്രതീക്ഷകളുടെ പ്രഭാവവുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനം വ്യാപിക്കാന്‍ തുടങ്ങി. ലോകത്തിലാദ്യമായി ബാലറ്റിലൂടെ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ജനങ്ങളെ ഭരിക്കാന്‍ നിയോഗിക്കപ്പെട്ടതും കേരളത്തിലാണ്. ആ മന്ത്രിസഭ അധികാരത്തിലേറുന്നതിനായി ഒപ്പംനിന്നവന്‍ ബഹുഭൂരിപക്ഷത്തിനും പ്രത്യയശാസ്ത്രപരമായ അടിത്തറയുള്ളവരായിരുന്നില്ല. നിലവിലുണ്ടായിരുന്ന ജീവിതചസാഹചര്യങ്ങളില്‍ തങ്ങളെ എത്തിച്ച പലരോടുമുള്ള പ്രതിഷേധത്തിന്റെ കനലുകളില്‍ നിന്നായിരുന്നു അവര്‍ ആവേശപൂര്‍വ്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വാരിപുല്‍കിയത്. അതിനുശേഷം ഏറെനാള്‍ കേരളീയ സമൂഹത്തിന്റെ രാഷ്ട്രീയ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിന്നീട് രൂപാന്തരപ്പെട്ട സി.പി.എമ്മും സി.പി.ഐ.യും നിര്‍ണ്ണായക പങ്കാണ് വഹിച്ചതെന്ന വസ്തുത നിഷേധിക്കാനാവില്ല.
 
ഇപ്പോഴെന്താണ് സിപിഎം എന്ന പാര്‍ട്ടിക്ക് സംഭവിച്ചിട്ടുള്ളത്? പരിശോധിക്കപ്പെടേണ്ട വസ്തുതയാണ്. പിണറായി വിജയന്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം സമ്മേളനത്തിനുശേഷം പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്കും സാമ്പത്തിക സ്വാംശികരണത്തിനും ഉള്ള അപകടകരമായ പ്രവണതകള്‍ പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയമാന്യതയ്ക്കും മുകളില്‍ സ്ഥാനം പിടിച്ചതോടെയാണ് ആ പാര്‍ട്ടി തകര്‍ച്ചയെ നേരിടാന്‍ തുടങ്ങിയത്. ജനാധിപത്യ പാര്‍ട്ടികള്‍ക്കുള്ളില്‍ ഗ്രൂപ്പുകളും ചേരിപോരുകളും സാധാരണമാണെങ്കിലും കേഡര്‍ സംവിധാനത്തിന്റെ പുറംതോട് പൊട്ടിച്ച് പുറത്തുവന്ന വിഭാഗീയത അക്ഷരാര്‍ത്ഥത്തില്‍ സിപിഎമ്മിനെ തകര്‍ത്തുകളഞ്ഞു എന്ന് നിസംശയം പറയാം.
 
അധികാര ദുര്‍മോഹത്തിന്റെയും സാമ്പത്തിക സമാഹരണത്തിന്റെയും കമ്മ്യൂണിസ്റ്റ് വിരുദ്ധജീവിതത്തിന്റെയും മാര്‍ഗ്ഗം സ്വീകരിച്ചവരും കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ മുറുകെപിടിച്ച് നിസ്വാര്‍ത്ഥ പൊതുജീവിതം നയിക്കുന്നവരും തമ്മിലുള്ള പോരാട്ടമായാണ് സിപിഎമ്മിനുള്ളിലെ വിഭാഗിയതയെന്ന് വിശേഷിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇന്ന് അങ്ങനെയാര്‍ക്കും പറയാന്‍ ആകുമെന്ന് തോന്നുന്നില്ല. അധികാരവും പദവികളും നഷ്ടപ്പെടാതിരിക്കാനും അധികാരവും പദവികളും വെട്ടിപിടിക്കാനും പാര്‍ട്ടിക്കുള്ളില്‍ നടന്ന കിടമത്സരമായി മാത്രമേ കേരളത്തിലെ സിപിഎം വിഭാഗീയതയെ വിലയിരുത്താനാകൂ. രണ്ടു ചേരികളിലായി അണിച്ചേര്‍ന്നവരുടേയും ആ വിഭാഗങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നവരുടേയും അഴിമതികളും സ്വജനപക്ഷപാതവും ബന്ധുകേന്ദ്രീകൃത ധനസമ്പാദനവും ഒക്കെ ആ യാഥാര്‍ത്ഥ്യമാണ് വിളിച്ചുപറയുന്നത്.
 
സംസ്ഥാന സമ്മേളനത്തിലെത്തിനില്‍ക്കുമ്പോള്‍ നഷ്ടപ്പെടുന്ന അടിത്തറ ഉറപ്പിച്ചുനിര്‍ത്താന്‍ സിപിഎം നടത്തുന്ന അപകടകരമായ രാഷ്ട്രീയം ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്. സമ്മേളനത്തിന്റെ വിജയത്തിനായി കോടികള്‍ മുടക്കിക്കൊണ്ടുള്ള പ്രചാരണവേലകള്‍ ഇവന്റ് മാനേജുമെന്റ് ഗ്രൂപ്പുകളുടെ പ്രൊഫഷണലിസത്തിന്റെ പിന്‍ബലത്തില്‍ അരങ്ങുകൊഴുക്കുകയാണ്. കൊഴിഞ്ഞു പോകുന്ന അണികളെ പാര്‍ട്ടിക്കകത്ത് പിടിച്ച് നിര്‍ത്താനുള്ള വിലകുറഞ്ഞ തന്ത്രങ്ങള്‍ ഏറെ ആശങ്കയുര്‍ത്തുന്നു. സമ്മേളനത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തില്‍ ശ്രീയേശുനാഥന്റെ ചിത്രം ഉപയോഗിച്ചതിന് പിണറായി വിജയന്‍ നല്‍കിയ ന്യായീകരണം കേരളത്തിലെ വിശ്വാസിസമൂഹം അവജ്ഞയോടെയാണ് തള്ളികളഞ്ഞത്. ഭൗതീകവാദം മുഖമുദ്രയാക്കിയ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകമെമ്പാടുമുള്ള കോടികണക്കിന് ഈശ്വാരവിശ്വാസികളുടെ ആധ്യാത്മിക വഴിത്താരയിലെ വിളക്കായ ശ്രീയേശുനാഥനെ സമ്മേളനവിജയത്തിനായി ഉപയോഗിക്കുന്നതിനെ എന്ത് വൈരുദ്ധ്യാധിഷ്ഠിത പരിവേഷം നല്‍കി ന്യായീകരിച്ചാലും മുഖവിലക്കെടുക്കാനാവില്ല.
 
ഇതിനുശേഷവും സിപിഎം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ആ പാര്‍ട്ടിയുടെ തകര്‍ച്ച ശരിക്കും വിളിച്ചറിയിക്കുന്നത്. പരമ്പാരാഗതമായി തങ്ങള്‍ക്കൊപ്പം നിന്നിരുന്ന ജനവിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും വന്‍തോതില്‍ കൊഴിഞ്ഞുപോകുന്നുവെന്ന യാഥാര്‍ത്ഥ്യം സിപിഎം നേതൃത്വത്തെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. കേരളം പോലെ വിശ്വാസിസമൂഹത്തിന് മഹാഭൂരിപക്ഷമുള്ള ഒരു പ്രദേശത്തുനിന്നും ഈശ്വര നിഷേധവും മതവിദ്വേഷവും പുരോഹിത നിന്ദയും മുഖമുദ്രയാക്കി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയിലേക്ക് അത്രവേഗമൊന്നും ആള്‍ക്കാര്‍ കൂട്ടമായി എത്തില്ല. അപ്പോള്‍ നഷ്ടപ്പെടുന്ന രാഷ്ട്രീയ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ എന്തുചെയ്യണം.? തീവ്രവാദത്തെക്കാള്‍ ‘യാനകമായ കാര്യമാണ് സിപിഎം അതിനുവേണ്ടി തിരഞ്ഞെടുത്തത്. വര്‍ഗ്ഗീയത ഇളക്കിവിടുക!!! വര്‍ഗ്ഗീയത ഇളക്കിവിട്ട് തങ്ങള്‍ക്കൊപ്പം നിലനിന്നിരുന്ന പരമ്പരാഗത വിഭാഗങ്ങളെ തങ്ങളോട് തന്നെ ചേര്‍ത്തുനിര്‍ത്തുക ഈ തീക്കളിക്കാണ് ഫാസിസ്റ്റ് ബുദ്ധികേന്ദ്രങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിന്റെ തെളിവാണ് തിരുവത്താഴ ചിത്രം വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കും വിധം ചിത്രീകരിച്ചത്. തിരുവനന്തപുരത്ത് സിപിഎം സമ്മേളനത്തിന്റെ പ്രചാരണ ബോര്‍ഡ് സ്ഥാപിച്ചത്. ചോരമണക്കുന്ന വഴികളിലൂടെ പാപക്കറപുരണ്ട കരങ്ങളുമായി വിശുദ്ധി ഇല്ലാത്ത പ്രവര്‍ത്തനങ്ങളുമായി പോകുന്നവര്‍ക്ക് ശ്രീയേശുനാഥന്റെയോ മുഹമ്മദ് നബിയുടെയോ ശ്രീരാമദേവന്റെയോ പേര് ഉച്ചരിക്കാനുള്ള യോഗ്യതപോലും ഇല്ലെന്ന് നവഫാസിസ്റ്റ് വിപ്ലവകാരികള്‍ എന്നാണാവോ മനസ്സിലാക്കുക? കേരളീയ സമൂഹം ഇവരെയും ഇവരുടെ ജീര്‍ണ്ണതകളും തിരിച്ചറിഞ്ഞു കഴിഞ്ഞു. 

നാല് വോട്ടിനുവേണ്ടി താടിവെച്ച ഏത് സായ്പിനെയും തന്തയെന്ന് വിളിക്കാന്‍ മടിയില്ലാത്തവറ്


പിണറായി വിജയനെ മുമ്പൊരാള്‍ 'കേരളത്തിന് നഷ്ടപ്പെട്ട നേതാവ്' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. യുവജനവിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ സി.പി.എമ്മിലേക്കുള്ള വിജയന്റെ വരവ് കൊള്ളാമെന്നും എന്നാല്‍ വന്നശേഷമുള്ള പോക്ക് തീരെ ശരിയല്ലെന്നുമാണ് ആ നിരീക്ഷകന്റെ വിലയിരുത്തല്‍.
രണ്ടായിരം വര്‍ഷം മുമ്പ് ജീവിച്ച് മനുഷ്യരുടെ വിമോചനത്തിനായി മഹാത്യാഗം വരിച്ച യേശുദേവന്റെ പേര് ഉപയോഗിച്ച് വോട്ടുപിടിക്കാന്‍ ശ്രമിക്കുന്ന വിജയന്റെ വിഫലശ്രമം കാണുമ്പോള്‍ ഒരു നേതാവ് വഴിപിഴച്ചുപോകുന്നതില്‍ ഞങ്ങള്‍ക്ക് മനുഷ്യത്വപരമായ ദുഃഖമുണ്ട്. മതവും രാഷ്ട്രീയവും മനുഷ്യന്റെ രണ്ടുവഴികളാണ്. ആത്മീയതയില്‍ അധിഷ്ഠിതമായ മതവിശ്വാസവും ഭൗതികപ്രശ്‌നങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയവും തമ്മില്‍ കലര്‍ത്തരുതെന്ന് ഉല്‍പതിഷ്ണുക്കള്‍ പലയാവര്‍ത്തി പറഞ്ഞിട്ടുണ്ട്. പിണറായി വിജയനെ ഒരു ഉല്‍പതിഷ്ണുവായി ആരും കണ്ടിട്ടില്ല. ചരിത്രത്തെക്കുറിച്ചോ മനുഷ്യഭാവിയെക്കുറിച്ചോ യാതൊരു ചുക്കും ചുണ്ണാമ്പുമറിയാത്ത അജ്ഞാത തിമിരം ബാധിച്ച ഒരു പാവം നേതാവാണ് പിണറായി വിജയന്‍. യേശുദേവനെ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപ്പോരാളി എന്ന് വിജയന്‍ വിളിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ചരിത്രവും സംസ്‌കാരവും അറിയാവുന്നവര്‍ അന്തംവിട്ടുപോവുകയാണ്.
 
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശങ്കരാചാര്യരായ സാക്ഷാല്‍ നമ്പൂതിരിപ്പാട് ഗഹനരഹസ്യങ്ങളുടെ ആകാശത്തുനിന്ന് വിജയന്റെ വാക്കുകള്‍ കേട്ട് പൊട്ടിച്ചിരിക്കുന്നത് ഞങ്ങള്‍ക്ക് കേള്‍ക്കാം. കാരണം നാല് വോട്ടിനുവേണ്ടി ദൈവത്തെയും ചെകുത്താനെയും മാറിമാറി കൂട്ടുപിടിച്ച പ്രായോഗിക രാഷ്ട്രീയത്തിലെ ട്രിപ്പീസുകളിക്കാനായിരുന്നുവല്ലോ ഇ.എം.എസ്. മഹാത്മജിയെ 'ദേശീയ ബൂര്‍ഷ്വാസിയുടെ കൗശലക്കാരനായ ഒറ്റുകാരന്‍' എന്ന് വിശേഷിപ്പിച്ചിട്ടുള്ള നമ്പൂതിരിപ്പാട് അവസാനകാലത്ത് സി.പി.എമ്മിന്റെ വേദിയിലേക്ക് മഹാത്മജിയുടെ പ്രതീകങ്ങളെ ആനയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വോട്ടിനുവേണ്ടി ചില സംഘടിത ഗ്രൂപ്പുകളെ സുഖിപ്പിക്കാന്‍ ഒരിക്കല്‍ ഇ.എം.എസ് 'മഹാത്മാഗാന്ധി, മഅദനി തുടങ്ങിയ മതമൗലികവാദികള്‍' എന്ന് ഒരു ലജ്ജയുമില്ലാതെ എഴുതിയതും കേരളം മറന്നുകാണില്ല. ഈ അവസരവാദത്തിന്റെ ആധുനിക പ്രതീകമാണ് ഇപ്പോള്‍ പിണറായി.
 
പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പ് സി.പി.എമ്മിന് നഷ്ടക്കച്ചവടമാകുമെന്ന് ഇടതുമുന്നണിയുടെ എല്ലാ നേതാക്കള്‍ക്കുമറിയാം. എങ്കിലും ഒന്നുപിടിച്ചുനോക്കാം എന്നാവും വിജയന്റെയും കൂട്ടരുടെയും ഭാവം. രാഷ്ട്രീയത്തിന്റെ സത്യസന്ധമായ മാര്‍ഗങ്ങളൊന്നും അതിന് സി.പി.എമ്മിന്റെ മുന്നില്‍ തെളിഞ്ഞുവരുന്നില്ല. അപ്പോള്‍ കുതന്ത്രം പ്രയോഗിക്കാമെന്ന് കരുതി. തൃശൂരിലും വയനാട്ടിലും സി.പി.എം ജില്ലാ സമ്മേളനങ്ങളില്‍ വിശുദ്ധ കന്യാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം ആലേഖനം ചെയ്ത പോസ്റ്ററുകള്‍ സ്ഥാപിച്ചു. കുട്ടിസഖാവിനെക്കൊണ്ട് സി.പി.എമ്മിനെയും നേതാവ് പ്രകാശ് കാരാട്ടിനെയും ക്രിസ്തുമതത്തോടും യേശുവിനോടും ഉല്‍പ്രേക്ഷിച്ചു. ജനത്തിന്റെ പ്രതികരണം അറിയാനുള്ള ഒരു സാമ്പിള്‍ വെടിക്കെട്ടായിരുന്നു അത്. ആരും ഞെട്ടുന്നില്ലെന്ന് കണ്ടപ്പോള്‍ സാക്ഷാല്‍ പിണറായി തന്നെ ഇറങ്ങി. മാര്‍ക്‌സിനേക്കാള്‍ വലിയ വിപ്ലവകാരി യേശുക്രിസ്തുവാണെന്ന് പ്രസ്താവിച്ചു.
 
പാര്‍ട്ടിയുടെ ചരിത്ര പ്രദര്‍ശനത്തില്‍ മനുഷ്യപുത്രന്റെ ക്രൂശിതരൂപം ആലേഖനം ചെയ്തുവച്ചു. ഇതൊക്കെ കണ്ടപ്പോള്‍ പരമ്പരാഗത കമ്യൂണിസ്റ്റായ വിജയന്റെ ശത്രു വി.എസ് അച്യുതാനന്ദന് ചൊറിഞ്ഞിട്ടുണ്ടാവണം. അദ്ദേഹം അനുയായികളെ വിട്ട് തിരുവനന്തപുരത്തിന്റെ ചില ഭാഗങ്ങളില്‍ ക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്‍മാരും അവസാനത്തെ അത്താഴം പങ്കിടുന്ന വിഖ്യാതമായ സംഭവത്തിന്റെ വിശ്വപ്രസിദ്ധ ചിത്രത്തിന് വിചിത്രവും അപഹാസ്യവുമായ ഒരു 'പാരഡി' വരച്ചുവെച്ചു. അതില്‍ വിജയന്റെ വിപ്ലവകാരിയായ ക്രിസ്തുവിനെ യു.എസ് പ്രസിഡന്റ് ഒബാമയാക്കി. സമാധാനപ്രാവിനെ കഴുകനാക്കി. ക്രിസ്തു ശിഷ്യന്‍മാരെ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതാക്കളായും ചിത്രീകരിച്ചു. അങ്ങനെ മതം മനുഷ്യനെ മയക്കുന്ന കഞ്ചാവാണെന്ന് അനുയായികളെ പഠിപ്പിച്ച കമ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മതസ്ഥാപനത്തിന്റെയും വിശ്വാസികളുടെ ആരാധനാ പ്രതീകമായ യേശുദേവന്റെയും പേരില്‍ അപഹാസ്യമായ നിഴല്‍യുദ്ധം നടത്തുന്നു. 
വളരെ പരിതാപകരമാണ് സി.പി.എം നേതാക്കളുടെ അവസ്ഥ. നാല് വോട്ടിനുവേണ്ടി താടിവെച്ച ഏത് സായ്പിനെയും തന്തയെന്ന് വിളിക്കാന്‍ മടിയില്ലാത്ത ഈ സമീപനം പ്രബുദ്ധകേരളം തികഞ്ഞ അവജ്ഞയോടെയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

Thursday, February 2, 2012

മതങ്ങളെ എങ്ങനെ കൂട്ടുപിടിക്കാം സി.പി.എമ്മിലെ ഇന്നത്തെ ചിന്താവിഷയം.


കേരളം മൂന്ന് പ്രബലമതങ്ങളുടെ നാടാണ്. മൂന്നു മതങ്ങളും രാഷ്ട്രീയത്തിലും ഭരണത്തിലും സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നു. ഈ മതങ്ങളെ എങ്ങനെ കൂട്ടുപിടിക്കാമെന്നാണ് സി.പി.എമ്മിലെ ഇന്നത്തെ ചിന്താവിഷയം. അതിന് ലഭിച്ച പിന്തുണയാവാം ക്രിസ്തുവും കാരാട്ടും ഒന്നുതന്നെ എന്ന എം.വി ജയരാജന്റെ കണ്ടെത്തല്‍.

പാവങ്ങളുടെ മോചനത്തിനായി സംഘടിതമായ പ്രതിഷേധങ്ങളും പോരാട്ടങ്ങളുമാണ് ആദ്യകാലത്ത് ക്രൈസ്തവര്‍ നടത്തിയത്. അത് ഇന്ന് സി.പി.എം നടത്തുന്ന പോരാട്ടങ്ങള്‍ക്ക് തുല്യമാണ്. പാവങ്ങളുടെ മോചനത്തിനായി പോരാടിയ യേശുദേവന്റെ സ്ഥാനത്താണ് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.'' ഇത് സി.പി.എം നേതാവ് എം.വി.ജയരാജന്റെ പ്രസ്താവനാ രീതിയിലുള്ള ശുംഭത്തരമാണ്. അദ്ദേഹം ഇടക്കിടെ ഇങ്ങനെയുള്ള പ്രസ്താവനകളിറക്കും. ന്യായാധിപന്മാര്‍ ജയരാജന് ശുംഭന്മാരാണ്. അദ്ദേഹത്തിന്റെ ഇത്തരം അഭിപ്രായങ്ങള്‍ക്ക് സ്വന്തം പാര്‍ട്ടിയുടെ ശക്തമായ പിന്തുണയുമുണ്ട്. കോടതിവിധി തങ്ങള്‍ക്കനുകൂലമാവുമ്പോള്‍ ജുഡീഷ്യറി പരിപാവനവും തങ്ങള്‍ക്കെതിരാവുമ്പോള്‍ ശുംഭത്തരവുമാണെന്ന കമ്യൂണിസ്റ്റുകാരുടെ സമീപനം കേരളത്തിനു സുപരിചിതമാണല്ലോ. വിവാദങ്ങളിറക്കി വിടുന്ന പ്രസ്താവനകളിറക്കി മാധ്യമങ്ങളിലൂടെ ജനങ്ങളുടെ മനസ്സില്‍ സ്ഥാനംപിടിക്കാനുള്ള ഒരു സൂത്രം മാത്രമാണിത്. ഇതാണ് കമ്യൂണിസ്റ്റുകാരുടെ ഇപ്പോഴത്തെ വിപ്ലവ പ്രവര്‍ത്തനങ്ങള്‍. മാധ്യമങ്ങളുടെ കൈകളിലെ കളിപ്പാട്ടങ്ങളാണിവരെന്ന് ഇവരോര്‍ക്കുന്നില്ല.
 
കേരളത്തിലെ ഏറ്റവും പുതിയ വോട്ടര്‍മാര്‍ രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും വാഗ്ദാനങ്ങളിലും മയങ്ങി വീഴുന്നവരല്ല എന്ന യാഥാര്‍ത്ഥ്യമാണ് നമ്മുടെ നേതാക്കളെ ഓര്‍മ്മിപ്പിക്കാനുള്ളത്; പ്രത്യേകിച്ചും കമ്യൂണിസ്റ്റ് നേതാക്കളെ. ജനങ്ങള്‍ നേതാക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നത് അറിവും കര്‍മശേഷിയും ആത്മാര്‍ത്ഥതയും സത്യസന്ധതയും നവീന വീക്ഷണവുമാണ്.
ഇവിടെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ ഉദ്ധരിക്കട്ടെ. ''നവീനവീക്ഷണമില്ലാത്ത ഒരു രാജ്യം അധഃപതിക്കുന്നു. ചൈതന്യം നഷ്ടപ്പെട്ട് നശിക്കുന്നു. രാജ്യം വെറുതെ നിലനില്‍ക്കുകയല്ല വേണ്ടത്. ജീവിതത്തെ സമ്പൂര്‍ണമാക്കാനുള്ള അഭിവൃദ്ധിയെ ലക്ഷ്യം വെക്കണം. ഭൗതികമായി മാത്രമല്ല സാംസ്‌കാരികമായും നവീനമാകണം. ഇങ്ങനെ നവീനമാകുന്നതിനു വേണ്ടി ഇന്ത്യയ്ക്ക് ലോകത്തുനിന്ന് ഒട്ടേറെ പഠിക്കാനുമുണ്ട്.'' നെഹ്‌റുവിന്റെ ഈ സങ്കല്‍പത്തിലേക്ക് നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികളും രാഷ്ട്രീയവും മനസ്സു ചേര്‍ത്തുവെക്കുന്നില്ല. അവര്‍ ജനാധിപത്യത്തിന്റെ മേല്‍വിലാസമുപയോഗിച്ച് അഴിമതിയിലേക്കും വര്‍ഗീയതയിലേക്കും തിരിഞ്ഞു നടക്കുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ജനപ്രതിനിധികള്‍ക്കും മാര്‍ക്‌സിസത്തിന്റെയും ഗാന്ധിസത്തിന്റെയുമൊക്കെ നന്മകള്‍ അന്യമായിക്കൊണ്ടിരിക്കുകയാണ്.
 
എല്ലാ രാഷ്ട്രീയ ദര്‍ശനങ്ങളില്‍നിന്നും മതങ്ങളില്‍ നിന്നും നന്മ പറന്നുപോകുന്നു. കമ്യൂണിസത്തില്‍ നിന്ന് മാര്‍ക്‌സും എംഗല്‍സുമൊക്കെ എങ്ങോ എന്നോ പറന്നുപോയി. ഇതൊന്നുമറിയുന്ന ഒരാളല്ല കണ്ണൂരില്‍ നിന്നുള്ള മാര്‍ക്‌സിസ്റ്റ് നേതാവായ എം.വി.ജയരാജന്‍. കാള്‍മാര്‍ക്‌സും എംഗല്‍സും മുന്നോട്ടുവച്ച കമ്യൂണിസത്തിന്റെ സ്വപ്‌നങ്ങളെക്കുറിച്ചൊന്നും ജയരാജനോടു സംസാരിച്ചിട്ടു കാര്യമില്ല. ആ സ്വപ്‌നങ്ങളെല്ലാം 'കൊഴിഞ്ഞുപോയി' എന്നു പറഞ്ഞാല്‍ ജയരാജനു മനസ്സിലാവില്ല. ജയരാജന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുകയും ചിലപ്പോള്‍ തടവറയില്‍ കിടക്കുകയുമൊക്കെ ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്തിനുവേണ്ടിയുള്ളതാണെന്ന് സാക്ഷാല്‍ കാള്‍മാര്‍ക്‌സിനുപോലും പറയാന്‍ കഴിയില്ല. ജയരാജന്റെ പാര്‍ട്ടിയുടെ പേരിന്റെ ബ്രാക്കറ്റിലാണ് കാള്‍ മാര്‍ക്‌സിന്റെ പേര്. അത് എന്തുകൊണ്ടാണങ്ങനെയെന്ന് മാര്‍ക്‌സ് ജയരാജനോടു ചോദിച്ചാല്‍, ജയരാജന്‍ എന്തുത്തരമാണ് മാര്‍ക്‌സിനോടു പറയുക!
 
ലോകത്തുനിന്ന് കമ്യൂണിസം പൊളിഞ്ഞുവീഴാറാവുമ്പോള്‍ കണ്ണൂരില്‍ നിന്നു മാര്‍ക്‌സിസ്റ്റു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കിളിര്‍ത്തുവന്ന പാഴ്‌ച്ചെടിയാണ് എം.വി ജയരാജന്‍. നേതാവ് എന്ന സ്ഥാനം ജയരാജനെ സംബന്ധിച്ചിടത്തോളം സാമാന്യം ഭേദപ്പെട്ട ഒരു തൊഴിലാണ്. ഈ തൊഴില്‍ സംരക്ഷിക്കാന്‍ വേണ്ടി അദ്ദേഹം ഏതു പ്രസ്താവനകളും നടത്തിയെന്നു വരും. ക്രിസ്തുവാണ് പ്രകാശ് കാരാട്ടെന്നു പറയും. കാള്‍മാര്‍ക്‌സാണ് ഇ.എം.എസ് എന്നും ലെനിനാണ് നായനാരെന്നും ടിറ്റോയാണ് പിണറായിയെന്നും ട്രോട്‌സ്‌കിയാണ് അച്യുതാനന്ദനെന്നും റോസാ ലക്‌സം ബര്‍ഗാണ് വൃന്ദാ കാരാട്ടെന്നുമൊക്കെ ഭാവിയില്‍ ജയരാജന്‍ പറഞ്ഞുകൂടെന്നില്ല. 'ക്രിസ്തുവും പ്രകാശ് കാരാട്ടും' എന്നപേരില്‍ ഒരു പുസ്തകമെഴുതിയെന്നും വരും.
 
കമ്യൂണിസമെന്താണെന്നും, എങ്ങനെ ലോകത്തുനിന്നു കമ്യൂണിസം പൊളിഞ്ഞു വീണുവെന്നും, കമ്യൂണിസ്റ്റാശയങ്ങള്‍ ഇനി മനുഷ്യവംശത്തിന് എന്തായിരിക്കുമെന്നും, ക്രിസ്തുമതം പണ്ടും ഇന്നും കമ്യൂണിസത്തിനെന്താണെന്നും, മതത്തിന് കമ്യൂണിസം എന്തായിരുന്നെന്നും അറിയുന്ന ഒരാളൊന്നുമല്ല എം.വി.ജയരാജന്‍. ജയരാജന് ആവേശവും പ്രചോദനവും നല്‍കുന്നത് മൈക്ക് ആണ്. മൈക്കും കേരളത്തിലെ മാര്‍ക്‌സിസവും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. എം.വി.ജയരാജനെപ്പോലുള്ളവരെ മാര്‍ക്‌സിസ്റ്റുകളാക്കിയത് മാനിഫെസ്റ്റോയല്ല മൈക്ക് ആണെന്നാണ് ഞാന്‍ ഇപ്പറഞ്ഞത്. എന്തുകൊണ്ടെന്നാല്‍: ''മതവിമര്‍ശനമാണ്  എല്ലാ വിമര്‍ശനങ്ങളുടെയും തുടക്കം.'' എന്ന മാര്‍ക്‌സിന്റെ വചനത്തിന്റെ അര്‍ത്ഥം അറിയുന്ന ഒരാളല്ല ജയരാജന്‍. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നതിന്റെ ചരിത്രസാരംപോലും മുത്തപ്പന്റെ നാട്ടിലെ ജയരാജനറിയാന്‍ സാധ്യതയില്ല. പര്‍ശനിക്കടവ് മുത്തപ്പനെ ഇപ്പോഴും ജയരാജന്‍ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പിക്കുന്നില്ല. കണ്ണൂരില്‍ പാര്‍ട്ടിയുണ്ടാക്കാന്‍ സഹായിച്ച ഒരാളെന്നു വിചാരിച്ച് മുത്തപ്പനെ ജയരാജന്‍ മാറ്റിവെക്കുന്നതാവാം. എം.വി.ജയരാജന്റെ കമ്യൂണിസ്റ്റ് സങ്കല്‍പം അപാരം തന്നെ. അല്ലെങ്കിലും കണ്ണൂരിലെ ജയരാജന്മാര്‍ കേരള കമ്യൂണിസത്തിന്റെ തലക്കാവേരികള്‍ തന്നെയാണല്ലോ.
 
എം.വി.ജയരാജനെപ്പോലുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ അന്ധവിശ്വാസങ്ങളുടെ അടിമകളാണ്. ഇവര്‍ അന്ധവിശ്വാസവും അജ്ഞതയും, രാഷ്ട്രീയദര്‍ശനവും വിപ്ലവദര്‍ശനവും സാമൂഹ്യദര്‍ശനവുമായി കൊണ്ടു നടക്കുന്നു. ബഹുജനങ്ങളുടെ രാഷ്ട്രീയ വിദ്യാഭ്യാസം കമ്യൂണിസ്റ്റുകാരുടെ കുത്തകക്കച്ചവടമാണെന്ന അജ്ഞതയും അഹങ്കാരവുമാണ് സി.പി.എമ്മിലെ ജയരാജന്മാരുടെ ശക്തി.മതവിമര്‍ശനമാണ് എല്ലാ വിമര്‍ശനങ്ങളുടെയും തുടക്കം എന്നു പറഞ്ഞ കാള്‍ മാര്‍ക്‌സിനെ കമ്യൂണിസം മറികടന്നു. കമ്യൂണിസവും ഒരു മതമായിത്തീര്‍ന്നു. സ്റ്റേറ്റ് മതമായി അരനൂറ്റാണ്ടിലധികം വിരാജിച്ച് കമ്യൂണിസം ഇരുപതാം നൂറ്റാണ്ടില്‍ത്തന്നെ ഭരണതലത്തില്‍ അവസാനിച്ചു. മതം മനുഷ്യരെ മയക്കുന്ന കറുപ്പാണെന്ന് മതവും കമ്യൂണിസവും ഒരുപോലെ ഇപ്പോള്‍ വിശ്വസിക്കുന്നില്ല. സ്റ്റേറ്റ് മതമായി രാജ്യം ഭരിച്ച കമ്യൂണിസം കത്തോലിക്കാ മതവുമായി അടുക്കുകയായിരുന്നു. ഈ അടുപ്പം ഒരു യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു. അങ്ങനെ കത്തോലിക്കാ മതവും കമ്യൂണിസവുമായുള്ള വൈരുദ്ധ്യം അകലുകയായിരുന്നു. കേരളത്തിലും മതവും കമ്യൂണിസവുമായുള്ള വൈരുദ്ധ്യം അകലുകയാണ്. സി.പി.എം നാടിന്റെ ഭരണം കൈവശമാക്കാന്‍ ഏതൊക്കെ മതങ്ങളെയും ജാതികളെയും കിട്ടുമെന്നാണ് നോക്കുന്നത്. മതങ്ങളും ജാതികളും ഭരണത്തെ എങ്ങനെ സ്വാധീനിക്കണമെന്നാണ് നോക്കുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രം, കൊന്തയും കുരിശും തേടി നടക്കുന്ന ഒരു വികട കവിതയുണ്ട് കേരള രാഷ്ട്രീയത്തില്‍.
 
കേരളം മൂന്ന് പ്രബലമതങ്ങളുടെ ഒരു നാടാണ്. മൂന്നുമതങ്ങളും രാഷ്ട്രീയത്തിലും ഭരണത്തിലും സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ഈ മതങ്ങളെ എങ്ങനെ കൂട്ടുപിടിക്കാമെന്ന ആലോചനകളാണ് എം.വി.ജയരാജന്റെ പാര്‍ട്ടിയിലെ ഇന്നത്തെ ഏറ്റവും വലിയ ആലോചന. ഈ ആലോചനയ്ക്ക് ലഭിച്ച ശുംഭത്തരം നിറഞ്ഞ പിന്തുണയാവാം യേശുക്രിസ്തുവും പ്രകാശ് കാരാട്ടും ഒന്നുതന്നെ എന്ന എം.വി.ജയരാജന്റെ കണ്ടെത്തല്‍. ഇ.എം.എസ്സിനെക്കുറിച്ച് കേരളത്തിലെ സി.പി.എമ്മിന്റെ വലിയൊരു നേതാവ് കുറച്ചു മുമ്പ് പറയുകയുണ്ടായി ഇ.എം.എസ് സി.പി.എമ്മിന്റെ അച്ഛനാണെന്ന്. സി.പി.എമ്മിലെ ജയരാജന്മാര്‍ ഇനി എന്തൊക്കെയായിരിക്കും പറയുകയെന്നാര്‍ക്കറിയാം. ഇവിടെ നിന്നെങ്ങോട്ടായിരിക്കും ഇനി സി.പി.എമ്മിന്റെ യാത്ര. എം.വി.ജയരാജനുണ്ടായ ഒരു ബോധോദയത്തിലൂടെ കാരാട്ട് ഇക്കാലത്തെ ക്രിസ്തുവാണ് എന്ന സത്യം പുറത്തുവന്നിരിക്കുന്നു. ജയരാജന്റെ തലയില്‍ ഈയിടെയെങ്ങാന്‍ തേങ്ങ വീണു കാണണം. ഇനിയും പല സി.പി.എം നേതാക്കളുടെയും തലയില്‍ തേങ്ങ വീണ് ഇത്തരം വെളിപാടുകള്‍ ഒരുപാട് പുറത്തുവരും.