Saturday, April 30, 2011

സംസ്ഥാനം വീണ്ടും പകര്‍ച്ചപ്പനിയില്‍(പ്രതിരോധ പ്രവര്‍ത്തനം താളം തെറ്റി)


ഒരു ഇടവേളയ്ക്ക്‌ശേഷം കേരളം വീണ്ടും പനിച്ചൂടില്‍. അടുത്തദിവസങ്ങളില്‍ പനിക്ക് വേണ്ടി ചികില്‍സ നടത്തിയവര്‍ കാല്‍ലക്ഷത്തിലധികമാണെന്നാണ് അനൗദ്യോഗിക കണക്ക്.
ആലപ്പുഴ ജില്ലയില്‍ നാലുപേര്‍ക്ക് ജപ്പാന്‍ജ്വരം സ്ഥിരീകരിച്ചു. രണ്ട് മുതിര്‍ന്ന ആളുകള്‍ക്കും ഏഴ്, 11 വയസുള്ള രണ്ട് കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ദേശാടന പക്ഷികള്‍ വഴിയാണ് രോഗം പകര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 
പനി, തലവേദന, ഛര്‍ദി, അപസ്മാരലക്ഷണങ്ങള്‍, ഓര്‍മക്കുറവ്, സ്ഥലകാല ബോധമില്ലായ്മ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികില്‍സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനിടെ ഡെങ്കിപ്പനിയും ജപ്പാന്‍ജ്വരവും ചിക്കുന്‍ഗുനിയയും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ഡോക്ടര്‍മാരും ആരോഗ്യമേഖലയിലെ മറ്റ് സന്നദ്ധ പ്രവര്‍ത്തകരും നിസഹകരണസമരം തുടരുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരിക്കുകയാണ്. നാലുമാസത്തിനിടെ പനിബാധിച്ചവര്‍ 25,000 പേരാണെന്നാണ് ഔദ്യോഗികമായ കണക്ക്. സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയവരുടെ കണക്ക് ഇതില്‍ ഉള്‍പ്പെടില്ല. പനിബാധിച്ച് ഒമ്പതുപേര്‍ മരിച്ചിട്ടുണ്ടെന്നും രേഖകളില്‍ കാണുന്നു.ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി മൂന്നുപേര്‍ക്ക് കോളറയും സ്ഥിരീകരിച്ചു. ജില്ലകളില്‍നിന്നും പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് അയക്കാന്‍ ചുമതലയുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരും ഹെല്‍ത്ത് വര്‍ക്കേഴ്‌സും നിസഹകരണ സമരത്തിലായതിനാല്‍ ഒരു സ്ഥലത്തുനിന്നും കൃത്യമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ല. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിരോധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും എല്ലാം താളംതെറ്റി.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ വിവിധ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് 225 പേര്‍ മരിച്ചിട്ടുണ്ട്. ജനുവരി മുതല്‍ ഇതുവരെയുള്ള കണക്കുകളില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 204 ആണ്. 280 പേര്‍ക്ക് മലേറിയ ബാധിച്ചതില്‍ രണ്ടുപേര്‍ മരിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചത്. സംസ്ഥാനത്ത് 23 പേര്‍ക്ക് ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പതിമൂന്നുപേര്‍ ആലപ്പുഴയിലാണ്. 120-ഓളം പേര്‍ക്ക് എലിപ്പനി ബാധിച്ചു. ഇതില്‍ ഏഴുപേര്‍ മരിച്ചു. 2010 മുതലുള്ള കണക്കെടുത്താല്‍, എച്ച്1 എന്‍1 രോഗം പിടിപെട്ടത് 3112 പേര്‍ക്കാണ്. ഇതില്‍ 121 പേര്‍ മരിച്ചു. 2500 പേര്‍ ഡെങ്കിപ്പനിയ്ക്ക് ചികില്‍സതേടിയതില്‍ 17 പേര്‍ മരിച്ചു. ആയിരത്തിലേറെപ്പേരെ എലിപ്പനിപിടികൂടിയപ്പോള്‍ മരിച്ചവരുടെ എണ്ണം 80 ആയി. തിരുവനന്തപുരം കണ്ണാന്തുറയില്‍ നാലുമാസം പ്രായമുള്ള കുട്ടിക്ക് മലമ്പനി സ്ഥരീകരിച്ചതുള്‍പ്പെടെ 2200 പേരാണ് മലമ്പനി ബാധിച്ച് ചികില്‍സതേടിയത്. ഏഴുപേര്‍ മലമ്പനി ബാധയെത്തുടര്‍ന്ന മരിച്ചു. 200 പേര്‍ക്ക് ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ചപ്പോള്‍ 1500 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സ തേടിയെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. വരുന്ന മാസങ്ങളില്‍ അവസ്ഥ കൂടുതല്‍ മോശമാകാനാണ് സാധ്യതയെങ്കിലും ഡോക്ടര്‍മാരും ജീവനക്കാരും സമരത്തിലായതിനാല്‍ ഉചിത നടപടികള്‍ സാധ്യമാകുന്നില്ല.

No comments:

Post a Comment

Note: Only a member of this blog may post a comment.