Sunday, May 1, 2011

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി പാക്കേജ് തയ്യാറാക്കും:- യു.ഡി.എഫ്‌


എന്‍ഡോസള്‍ഫാന്‍ ഇന്ത്യയൊട്ടാകെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി വേണ്ടത് ചെയ്യണമെന്ന് യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. ഇതിന് പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരണമെങ്കില്‍ അത് ചെയ്യണം. രാജ്യമൊട്ടാകെ നിരോധനം വേഗത്തില്‍ നടപ്പാക്കണം -യോഗതീരുമാനങ്ങള്‍ വിവരിച്ച യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ പുനരധിവസിപ്പിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പാക്കേജ് തയ്യാറാക്കും. തദ്ദേശ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി നിരോധനം പൂര്‍ണമായി നടപ്പാക്കും. കാസര്‍കോട്ട് ഇരകള്‍ക്കായി ഒരു സ്‌പെഷാലിറ്റി ആസ്​പത്രി തുടങ്ങും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കും. ദുരന്തബാധിതര്‍ക്ക് സൗജന്യ റേഷനും പെന്‍ഷനും അടിയന്തരമായി നല്‍കും.

എന്‍ഡോസള്‍ഫാന്‍ വില്പനയ്‌ക്കെതിരെ ഒരു കേസുപോലും എടുക്കാതെ നിരോധനം നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയ ഇടതുമുന്നണിയും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുകയാണ്. അച്യുതാനന്ദന്‍ നടത്തിയ ഉപവാസം, പ്രതിപക്ഷ നേതാവാകാന്‍ വേണ്ടിയുള്ള കളി മാത്രമാണ്. പാര്‍ട്ടി, പ്രതിപക്ഷ നേതാവാക്കുമോ എന്ന കാര്യത്തില്‍ സംശയമുള്ളതിനാല്‍ ജനപിന്തുണ തനിക്കുണ്ടെന്ന് കാട്ടാനുള്ള ഏര്‍പ്പാടായിരുന്നു അദ്ദേഹത്തിന്റെ ഉപവാസം. എന്‍ഡോസള്‍ഫാന്‍ നിരോധന കാര്യത്തില്‍ അച്യുതാനന്ദന് ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ അദ്ദേഹം പ്രതിനിധിസംഘത്തെ നയിക്കാന്‍ തയ്യാറാകണമായിരുന്നു -പി.പി. തങ്കച്ചന്‍ പറഞ്ഞു.

ഇ.കെ.നായനാര്‍ ഭരിക്കുന്ന കാലത്ത് കൃഷിമന്ത്രിയായിരുന്ന കൃഷ്ണന്‍ കണിയാംപറമ്പിലാണ് കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍, ഹെലികോപ്ടറില്‍ തളിച്ചത്. അമിതമായ അളവില്‍ അന്ന് നടത്തിയ കീടനാശിനി പ്രയോഗമാണ് പ്രശ്‌നങ്ങള്‍ക്കൊക്കെ വഴിവച്ചത്. 2006 മുതല്‍ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അത് ഫലപ്രദമായി നടപ്പാക്കും -പി.പി. തങ്കച്ചന്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ നിര്‍മിക്കുന്ന എച്ച്.ഐ.എല്‍. പൂട്ടുന്നതിന് യുഡിഎഫ് നടപടിയെടുക്കുമോ എന്ന ചോദ്യത്തിന് എന്‍ഡോസള്‍ഫാന് ബദല്‍ കീടനാശിനി കണ്ടുപിടിച്ച ശേഷം എച്ച്.ഐ.എല്‍. അതിലേക്ക് മാറ്റുമെന്നും പി.പി.തങ്കച്ചന്‍ പറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.