Monday, May 2, 2011

ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു

അല്‍ ഖ്വെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്താനില്‍ അമേരിക്ക നടത്തിയ സൈനിക നടപടിയിലാണ് ലാദന്‍ കൊല്ലപ്പെട്ടതെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ അടിയന്തരമായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. മൃതദേഹം അമേരിക്കന്‍ സൈന്യം കണ്ടെടുത്തായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2001 സപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണം ഉള്‍പ്പെടെ നിരവധി തീവ്രവാദി ആക്രമണങ്ങളുടെ സൂത്രധാരനാണ് ലാദന്‍.

ലാദനെ പിടികൂടാനുള്ള പ്രത്യേക സൈനിക നടപടിയ്ക്ക് കഴിഞ്ഞ ആഴ്ചയിലാണ് തുടക്കം കുറിച്ചതെന്ന് ബരാക്ക് ഒബാമ പറഞ്ഞു. വടക്കന്‍ ഇസ്‌ലാമാബാദിലെ അബോട്ടാബാദില്‍ നടത്തിയ ആക്രമണത്തിലാണ് ലാദന്‍ കൊല്ലപ്പെട്ടത്. സപ്തംബര്‍ 11 ആക്രമണത്തിന് ഇരയായവര്‍ക്ക് ഒരു ദശാബ്ദത്തിനുശേഷം നീതി ലഭിച്ചുവെന്ന് ബരാക്ക് ഒബാമ കൂട്ടിച്ചേര്‍ത്തു.

ഒളിച്ചുകഴിഞ്ഞ വീട്ടില്‍ വെച്ചാണ് ലാദന്‍ കൊല്ലപ്പെട്ടത്. ലാദന്‍ മരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ജനക്കൂട്ടം വൈറ്റ്ഹൗസിനുമുന്നില്‍ തടിച്ചുകൂടി. സൗദിയില്‍ ജനിച്ച ലാദനെ പിടികൂടാന്‍ 2001 മുതല്‍ അമേരിക്ക ശ്രമം നടത്തുകയാണ്. സപ്തംബര്‍ 11 ആക്രമണത്തിനു പുറമെ 1998ല്‍ കെനിയയിലെയും ടാന്‍സാനിയയിലെയും അമേരിക്കന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ക്കുനേരെ നടന്ന ആക്രമണം, 2000ല്‍ യമനില്‍ വെച്ച് അമേരിക്കന്‍ യുദ്ധക്കപ്പലായ യു.എസ്.എസ് കോളിനുനേരെ ഉണ്ടായ ബോംബാക്രമണം എന്നിവയുടെ സൂത്രധാരനും ബിന്‍ ലാദനാണെന്നാണ് അമേരിക്ക കരുതുന്നത്.





സപ്തംബര്‍ 11 ആക്രമണത്തിന്റെ സൂത്രധാരനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ല്യൂ ബുഷ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2009ല്‍ സ്ഥാനം ഒഴിയും വരെ അദ്ദേഹത്തിന് ലാദനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ലാദനുവേണ്ടി അഫ്ഗാനിസ്താനിലെ തോറാബോറാ മലനിരകളില്‍ അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണവും തിരച്ചിലും നടത്തിയിരുന്നു. പാകിസ്താന്‍ അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍ ലാദന്‍ ഒളിച്ചുകഴിയുകയാണെന്ന വിവരത്തെ തുടര്‍ന്ന് അഫ്ഗാനിസ്താനില്‍ അമേരിക്ക നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു.


ലാദനെ വധിച്ചതിന് പ്രതികാരമായി തീവ്രവാദികള്‍ ആക്രമണം നടത്തുമോയെന്ന് ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. സപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകളിലും പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും അല്‍ ഖ്വെയ്ദ നടത്തിയ ഭീകരാക്രമണത്തില്‍ 3000 പേര്‍ കൊല്ലപ്പെട്ടിരുന്നു.


ഒസാമ ബിന്‍ ലാദന്‍ 1957 മാര്‍ച്ച് 10ന് സൗദി അറേബ്യയിലെ റിയാദില്‍ ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചത്. സൗദി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള വ്യവസായി മുഹമ്മദ് ബിന്‍ അവാദ് ബിന്‍ ലാദന്‍ ആയിരുന്നു ബിന്‍ ലാദന്റെ പിതാവ്. 1968 മുതല്‍ 1976 വരെ റിയാദിലെ അല്‍ താഗര്‍ മോഡല്‍ സ്‌കൂളില്‍ പഠിച്ച ലാദന്‍ പിന്നീട് കിങ് അബ്ദുള്‍ അസീസ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദം നേടി. 1979ല്‍ ലാദന്‍ സിവില്‍ എഞ്ചിനീയറിങില്‍ ബിരുദം നേടിയതായും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ മൂന്നാം വര്‍ഷം ലാദന്‍ കോളേജ് വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മതപരമായ കാര്യങ്ങളിലായിരുന്നു പഠിക്കുമ്പോള്‍ ലാദന് താല്പര്യം. ഒരു കവി കൂടിയായിരുന്നു വിദ്യാര്‍ത്ഥിയായിരുന്ന ലാദന്‍.




1974ല്‍ പതിനേഴാമത്തെ വയസ്സിലാണ് ലാദന്‍ ആദ്യഭാര്യയായ നജ്‌വ ഘാനത്തെ വിവാഹം കഴിക്കുന്നത്. 2002ല്‍ സി.എന്‍.എന്‍ ടി.വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ലാദന് നാല് ഭാര്യമാരും 25 മക്കളുമുണ്ട്. 1967ല്‍ സൗദിയില്‍ വെച്ചുണ്ടായ വിമാനപകടത്തിലാണ് ലാദന്റെ പിതാവ് മുഹമ്മദ് ബിന്‍ ലാദന്‍ മരിച്ചത്.

No comments:

Post a Comment

Note: Only a member of this blog may post a comment.