Wednesday, June 1, 2011

തേങ്ങലോടെ അമ്മമാര്‍ സാന്ത്വനമേകി റവന്യു മന്ത്രി


 വികസനകുതിപ്പിനായി കുടിയൊഴിപ്പിക്കപ്പെട്ട് എല്ലാം നഷ്ടപ്പെട്ടവരുടെ കഷ്ടപ്പാടിനും ദുരിതത്തിനുമിടയിലേക്കാണ് റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വന്നിറങ്ങിയത്. തീരാദുരിതത്തിന്റെ കദനകഥകളുമായി അമ്മമാര്‍ തിരുവഞ്ചൂരിനെ വളഞ്ഞു. ഇന്നലെ മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു റവന്യു മന്ത്രി.
രാവിലെ 8.45 ഓടെ ഗസ്റ്റ് ഹൗസില്‍ നിന്നിറങ്ങിയ മന്ത്രിയും സംഘവും ആദ്യം സന്ദര്‍ശിച്ചത് പുനരധിവാസത്തിനായി അനുവദിച്ച സ്ഥലത്തേക്കാണ്. അവിടെയെത്തിയ തിരുവഞ്ചൂര്‍ ജില്ലാ കളക്ടര്‍ ഷെയ്ഖ് പരീതിനോട് പുനരധിവാസ ഭൂമിയെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. മൂലമ്പിള്ളി സമരത്തിന്റെ മുന്‍നിരയില്‍ തുടക്കം മുതലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ കാര്യങ്ങള്‍ വിശദമായി തന്നെ മന്ത്രിയെ ധരിപ്പിക്കുന്നുണ്ടായിരുന്നു. എത്ര പ്ലോട്ടുണ്ടെന്നും എത്ര പേര്‍ക്കാണ് അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചറിഞ്ഞു. എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ടി.യു. കുരുവിള, ലൂഡി ലൂയിസ്, പി.ടി. തോമസ് എം.പി, വി.ജെ. പൗലോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, അഡ്വ. കെ.പി. ഹരിദാസ്, മുഹമ്മദ് ഷിയാസ്, കെ. റജികുമാര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. മൂലമ്പിള്ളിയിലേക്കാണ് മന്ത്രി പിന്നീട് പോയത്. അവിടെ സി.ആര്‍. നീലകണ്ഠനും ഫ്രാന്‍സിസ് കളത്തുങ്കലും അടക്കമുള്ളവര്‍ മന്ത്രിയെ കാത്തുനില്‍പുണ്ടായിരുന്നു. എം.എല്‍.എമാരായ വി.ഡി. സതീശന്‍, എസ്. ശര്‍മ്മ എന്നിവരും മൂലമ്പിള്ളിയിലെത്തിയിരുന്നു.

മൂലമ്പിള്ളിയിലെത്തിയ മന്ത്രി നേരെ പോയത് അവിടെ കൂടിനിന്നിരുന്ന വീട്ടമ്മമാരുടെ അടുത്തേക്കാണ്. ''ഇനി അനുഭവിക്കാന്‍ ഒന്നുമില്ല. ഞങ്ങളുടെ ദുരിതം തീര്‍ത്തുതരണം. സാറിനെ ദൈവം അനുഗ്രഹിക്കും.'' പൊട്ടിക്കരഞ്ഞുകൊണ്ടാണ് വീട്ടമ്മമാരും കുട്ടികളും തങ്ങളുടെ കഷ്ടതകള്‍ തിരുവഞ്ചൂരിനോട് വിവരിച്ചത്. പ്രായാധിക്യംമൂലം കഷ്ടത അനുഭവിക്കുന്നവരുടെ ദുരിതകഥകള്‍ കേട്ടപ്പോള്‍ തിരുവഞ്ചൂരിനും കണ്ണുനിറഞ്ഞു. 'ഞാന്‍ പ്രശ്‌നങ്ങള്‍ മനസിലാക്കി വരുന്നേ ഉള്ളൂ. നിങ്ങളുടെ കഷ്ടതകളും ദുരിതങ്ങളും നന്നായി മനസിലാക്കി. വികസനത്തിനായി ഇറക്കിവിടപ്പെട്ടവരാണ് നിങ്ങള്‍. നിങ്ങളെ അലഞ്ഞുതിരിഞ്ഞു നടക്കാന്‍ അനുവദിക്കില്ല. തിരുവനന്തപുരത്ത് മടങ്ങി എത്തിയാല്‍ ഉടന്‍ മുഖ്യമന്ത്രിയെ വിവരം ധരിപ്പിക്കും. എത്രയും പെട്ടെന്ന് നിങ്ങളുടെ കഷ്ടതകള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു.'- തിരുവഞ്ചൂരിന്റെ ആശ്വാസവചനങ്ങളില്‍ സതൃപ്തരായ വീട്ടമ്മമാര്‍ അദ്ദേഹത്തെ നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചു.പിന്നീട് മന്ത്രിയും സുധീരനും മൂലമ്പിള്ളിയിലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. അധികാരം ജനങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയോടും തിരുവഞ്ചൂരിനോടും നന്ദിയും കടപ്പാടുമുണ്ടെന്നും രാജ്യത്തെ മുഴുവന്‍ വേദനിപ്പിച്ച സംഭവമാണ് മൂലമ്പിള്ളിയിലുണ്ടായതെന്നും സുധീരന്‍ പറഞ്ഞു.
 
ചില ഉദ്യോഗസ്ഥരാണ് മൂലമ്പിള്ളി വിഷയം വഷളാക്കിയതെന്നും സുധീരന്‍ സൂചിപ്പിച്ചു. തെറ്റായ അവകാശവാദം വേണ്ടെന്നും പ്രശ്‌നം പരിഹരിക്കാതെ പരിഹരിച്ചുവെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കരുതെന്നും സുധീരന്‍ മുന്നറിയിപ്പ് നല്കി.എല്ലാവരെയും വിശ്വാസത്തിലെടുത്ത് എത്രയും വേഗം പുനരധിവാസം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരുവനന്തപുരത്ത് ബന്ധപ്പെട്ട എല്ലാവരെയും ഉള്‍പ്പെടുത്തി നടത്തുന്ന യോഗത്തില്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകും. മന്ത്രിയായി കാണേണ്ട. ഒരു മനുഷ്യസ്‌നേഹിയായി തന്നെ കണ്ടാല്‍ മതിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മനുഷ്യത്വപരമായ സമീപനമാകും ഇക്കാര്യത്തില്‍ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷമായി ഞങ്ങളെ കബളിപ്പിച്ചിരുന്ന ഭരണാധികാരികളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യത്വത്തിന്റെയും സാന്ത്വനത്തിന്റെയും ശബ്ദം മുഴക്കിയ തിരുവഞ്ചൂരിനും യുഡിഎഫ് സര്‍ക്കാരിനും നന്ദിപറഞ്ഞുകൊണ്ടാണ് മൂലമ്പിള്ളിക്കാര്‍ തിരുവഞ്ചൂരിനെ യാത്രയാക്കിയത്. പോകുംവഴി പാലേപ്പറമ്പില്‍ ആന്റണിയുടെ ടാര്‍പാളിന്‍ കെട്ടിമറച്ച കുടിലും അദ്ദേഹം സന്ദര്‍ശിച്ചു. രാവിലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മന്ത്രി മൂലമ്പിള്ളിയിലെത്തിയത്.

No comments:

Post a Comment

Note: Only a member of this blog may post a comment.