Friday, June 24, 2011

സര്‍ക്കാരിന് നൂറില്‍ നൂറുമാര്‍ക്ക്


*മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ശക്തമായ നടപടി
*മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയ യു.ഡി.എഫ് സര്‍ക്കാരിന്റെ
30 ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ നൂറുശതമാനം തൃപ്തികരമെന്ന് യു.ഡി.എഫ് യോഗം വിലയിരുത്തി. എല്ലാവരുടെയും സഹകരണത്തോടെ ജനക്ഷേമ പരിപാടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് കഴിയണം. സര്‍ക്കാരിന് യു.ഡി.എഫിന്റെ പരിപൂര്‍ണമായ സഹകരണം ലഭിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. നൂറുദിന കര്‍മ്മ പരിപാടികള്‍ വിജയിപ്പിക്കാന്‍ ഓരോ ജില്ലയ്ക്കും ഓരോ മന്ത്രിമാരെ ചുമതലപ്പെടുത്തി. ജില്ലാ അടിസ്ഥാനത്തില്‍ മാത്രമല്ല, പ്രാദേശിക തലത്തിലും ഈ മന്ത്രിമാര്‍ പ്രവര്‍ത്തനം നടത്തണം. വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയകക്ഷി നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കണം. ജില്ലാതല പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി മുഖ്യമന്ത്രിയെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാഷ്ട്രീയമായി കാണാതെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപരിപാടികളും ജനങ്ങളിലെത്തിക്കണം. എല്ലാരാഷ്ട്രീയ കക്ഷികളും ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് സഹകരിക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അഭ്യര്‍ത്ഥിച്ചു. യു.ഡി.എഫ് സര്‍ക്കാരിന് 'ഹണിമൂണ്‍' പീരീഡ് പോലും നല്‍കാതെ സമരത്തിനിറങ്ങുന്ന ഇടതുമുന്നണിയുടെ നയം ഖേദകരമാണ്. അധികാരം നഷ്ടപ്പെട്ടമ്പോള്‍ വല്ലാത്ത മാനസികാവസ്ഥയിലാണ് ഇടതുമുന്നണി. സ്ഥാനം പോയപ്പോള്‍ പ്രതിപക്ഷനേതാവിനും നിരാശ തുടങ്ങി. യു.ഡി.എഫ് അധികാരത്തിലേറി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ സമരവുമായി രംഗത്തിറങ്ങിയിരരിക്കുകയാണ് അവര്‍. ഇപ്പോള്‍ പോകുന്നതുപോലെ യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ പ്രതിപക്ഷത്തിന്റെ സമരത്തിന് ക്ലച്ച് പിടിക്കില്ലെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു. മൂന്നാര്‍ വിഷയത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് യു.ഡി.എഫിന്റെ തീരുമാനം. മൂന്നാറിലെ കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കും. പക്ഷെ കര്‍ഷകരെയും ആദിവാസികളെയും സംരക്ഷിക്കും. കള്ളപ്പട്ടയങ്ങള്‍ മുഴുവന്‍ റദ്ദാക്കും. മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട് നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലുണ്ടാകുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തങ്കച്ചന്‍ അറിയിച്ചു. 

No comments:

Post a Comment

Note: Only a member of this blog may post a comment.