Tuesday, June 7, 2011

ആ രാത്രി മാഞ്ഞുപോയി

ബംഗാളിലും കേരളത്തിലും ഇടതു മുന്നണിയുടെ പതനശേഷം ഉണ്ടായ ഭരണ മാറ്റങ്ങളെക്കുറിച്ച് ഒരു വിലയിരുത്തല്‍











കോല്‍ക്കത്തയില്‍ നിന്നുള്ള ഒരു പത്ര റിപ്പോര്‍ട്ടില്‍ ബംഗാള്‍ മുഖ്യമന്ത്രിയുടെ മഹത്വം വ്യക്തമാക്കുന്ന ഒരു വാര്‍ത്ത കണ്ടു.
ആദ്യത്തെ നിയമസഭാകക്ഷി യോഗത്തില്‍ വെച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞത് ഇങ്ങിനെയാണ്: ''പൊലീസിലും ഉദ്യോഗസ്ഥരിലും സ്വാധീനം ചെലുത്തുന്നതില്‍ നിന്ന് വിട്ടുനിന്ന് സ്വതന്ത്രവും നിഷ്പക്ഷവുമായ ഭരണത്തിന് അനുവദിക്കണം''. നിയമസഭാംഗങ്ങള്‍ ഭരണത്തേയും നിയമസംവിധാനത്തേയും കയ്യിലെടുക്കരുതെന്നും പ്രത്യേകിച്ചും പൊലീസിനെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. ഭരണരംഗത്ത് എന്തെങ്കിലും വീഴ്ച സംഭവിക്കുന്നുവെങ്കില്‍ എം.എല്‍.എമാര്‍ക്ക് നേരിട്ട് ശ്രദ്ധയില്‍പ്പെടുത്താം. ഒരാളും രാഷ്ട്രീയ പക്ഷപാതിത്വങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അവര്‍ ഡി.ജി.പി നരേന്ദ്രജിത്ത് മുഖര്‍ജിയോടും ആവശ്യപ്പെട്ടു. ഒരുതരത്തിലുമുള്ള രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കും താന്‍ വഴങ്ങുകയില്ലെന്നും അവര്‍ പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഒരുനിലയിലും വഴങ്ങില്ല എന്നാണവരുടെ തീരുമാനം. പൊലീസിനെക്കുറിച്ച് എന്തെങ്കിലും പരാതി ഉയര്‍ന്നാല്‍ അത് തന്റെ ഭരണത്തകര്‍ച്ചയായിരിക്കും വ്യക്തമാക്കുക എന്നും അവര്‍ ഓര്‍മ്മപ്പെടുത്തുകയുണ്ടായി.
 
ഒരു യഥാര്‍ത്ഥ മതേതര ജനാധിപത്യ ബോധമുള്ള, കോണ്‍ഗ്രസ് സംസ്‌ക്കാരമുള്ള നേതാവിന്റെ ആത്മാര്‍ത്ഥമായ ശബ്ദമാണിത്. ഭരണത്തിന്റെ ഭീകര മുഖങ്ങള്‍ കണ്ട നാടാണ് കേരളവും ബംഗാളും. അഞ്ച് വര്‍ഷം പോലും ഭരണഭീകരത സഹിക്കാന്‍ കേരളീയര്‍ തയ്യാറായിട്ടില്ല. മാറി മാറി ജനാധിപത്യബോധമുള്ളവര്‍ അധികാരത്തിലെത്തിയതുകൊണ്ട് മാത്രമാണ് കേരളം ബംഗാളാവാതിരുന്നത്. ബ്രിട്ടീഷ് ഭരണത്തില്‍ പോലും ജനം ഇത്രമാത്രം വിഭാഗീയത അനുഭവിക്കേണ്ടിവന്നിട്ടില്ല. സ്വാതന്ത്ര്യ സമരസേനാനികളെ ജയിലില്‍ അടക്കാനും വെടിവെച്ചു കൊല്ലാനും തല്ലിച്ചതക്കാനുമൊക്കെ അവര്‍ തയ്യാറായിരുന്നുവെങ്കിലും ഭരണരംഗത്ത് അവര്‍ ശ്രദ്ധിച്ചിരുന്നു. അവരുടെ ആവശ്യങ്ങള്‍ക്കാണങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പള്ളിക്കൂടങ്ങളും റോഡുകളും പാലങ്ങളും റയില്‍വെയും വ്യവസായ സ്ഥാപനങ്ങളും അവര്‍ കൊണ്ടുവന്നിട്ടുണ്ട്. പഴയ മാടമ്പിമാരെ പോലെ തിരുവായ്ക്ക് എതിര്‍വാക്കില്ലെന്ന മട്ടില്‍ രാഷ്ട്രീയ പ്രതിയോഗികളെ നേരിട്ട സ്റ്റാലിനിസ്റ്റ് ഭീകരവാഴ്ചയാണ് കേരളത്തിലും ബംഗാളിലും കണ്ടത്. മമത പ്രഖ്യാപിച്ച അതേ ശൈലിയാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രഖ്യാപിച്ചത്. 
നിഷ്പക്ഷമായ നീതി നിര്‍വഹണമാണാവശ്യം. പൊലീസില്‍ ഗുണ്ടകളെ സൃഷ്ടിച്ച ഭരണം കണ്ട നാടാണ് കേരളം. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാര്‍ കൊലയ്ക്ക് നേതൃത്വം നല്‍കിയതും വാടക ഗുണ്ടകളേയും കൊട്ടേഷന്‍ സംഘത്തേയും വളര്‍ത്തിയ നാടാണിത്.
 
എല്ലാ മേഖലകളിലും മാഫിയകളെ വളര്‍ത്തി പാര്‍ട്ടിയുടെ അധീശത്വം ഉറപ്പിക്കലായിരുന്നു ഭരണത്തിലൂടെ. ഇത്തരക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ മാത്രം പോരാ സര്‍വീസിന്റെ നാലയലത്ത് പോലും അവര്‍ക്ക് പിന്നീട് പോവാന്‍ കഴിയാതാക്കണം. എ.കെ.ആന്റണിയും ഉമ്മന്‍ ചാണ്ടിയും കേരളത്തില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത കാലത്ത് നാദാപുരവും കണ്ണൂരും ശാന്തമായിരുന്നത് കേരളം മറന്നിട്ടില്ല. നാടിനെ ശാന്തതയിലേക്ക് തിരിച്ചുകൊണ്ടുവന്ന് വികസന പ്രവര്‍ത്തനവുമായി അവര്‍ മുന്നോട്ട് പോയി. ബോംബുകൃഷിയുടെ കാലം അവസാനിച്ചു കഴിഞ്ഞു. ജാതിമത വികാരങ്ങള്‍ ആളിക്കത്തിച്ച് മനുഷ്യരെ പലതട്ടുകളിലാക്കി ആ വിടവിലൂടെ അധികാരത്തില്‍വന്ന് കോടികള്‍ കൊണ്ട് കൊട്ടാരം നിര്‍മ്മിച്ചവര്‍ തത്ത്വാധിഷ്ഠിത രാഷ്ട്രീയം വിളമ്പുകയാണിപ്പോഴും. കേരളം മാഫിയകളുടെ നാടാക്കിയതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് ചര്‍ച്ചയ്ക്ക് വിഷയമാക്കേണ്ടതാണ്. ഈ മാഫിയകളെ മന്ത്രിപുത്രന്മാര്‍ തന്നെ പ്രോത്സാഹിപ്പിച്ചതും അഭയം നല്‍കിയതും അറിയാത്തവര്‍ ഉണ്ടായിരുന്നുവോ? പാര്‍ട്ടി ഗ്രാമങ്ങളും കള്ളവോട്ട് കച്ചവടവും കലക്ടര്‍ ഓഫീസിലടക്കം കള്ളവോട്ട് ചേര്‍ക്കാന്‍ കൂട്ടുനിന്നവരും സാക്ഷരകേരളം കണ്ടതല്ലേ? ഈ ഉദ്യോഗസ്ഥന്മാരെ മാതൃകാപരമായി ശിക്ഷിക്കേണ്ടത് ജനാധിപത്യ സംവിധാനത്തില്‍ അനിവാര്യമായ നടപടിയാക്കാന്‍ വേണ്ടി വന്നാല്‍ നിയമ നിര്‍മ്മാണം നടത്തേണ്ടതാണ്. പോളിംഗ് ഓഫീസറുടെ ചെകിടത്തല്ല ഇവിടെ അടിവീണത്. ഈ സംവിധാനത്തിന്റെ മുഖത്താണ്. സാക്ഷിയെപ്പോലും തല്ലിച്ചതക്കുന്ന കാട്ടാളന്മാര്‍ക്ക് പൂജപ്പുരയിലാണ് ജോലി കൊടുക്കേണ്ടത്. ഒരു മതേതരരാഷ്ട്രത്തില്‍ നിരവധി മതവിശ്വാസികളും ആചാരവിചാരങ്ങളും സമുദായങ്ങളുമുണ്ടാവും.
 
ഇവരെയൊക്കെ വര്‍ഗ്ഗ സമരത്തിന്റെ ഭാഗമാക്കി മാറ്റാമെന്നും ഭൗതികവാദികളാക്കാമെന്നും വിശ്വസിക്കുന്ന പമ്പര വിഡ്ഡികളായ മന്ദബുദ്ധികള്‍ വിദ്യാഭ്യാസ മേഖലയില്‍ മന്ത്രിയായും പാഠപുസ്തക നിര്‍മ്മാതാക്കളായും ചോദ്യകര്‍ത്താക്കളായും വരാന്‍ അനുവദിച്ചുകൂടാ. സര്‍വകലാശാലകളെ കറവപ്പശുക്കളാക്കി പാര്‍ട്ടി ഓഫീസില്‍ കെട്ടിയിട്ട നാടാണിത്. യു.ഡി.എഫ് ഭരണം നടത്തുമ്പോള്‍ ചാണകവെള്ളവും മൂത്രവും തളിച്ചുള്ള ശുദ്ധിയല്ല വേണ്ടത്. മനുഷ്യ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ശുദ്ധവായു ശ്വസിക്കാനും മനുഷ്യനായി ജീവിക്കാനുമുള്ള സൗകര്യമാണ് ഉണ്ടാക്കേണ്ടത്. മാനവീയതയെ കാട്ടാളത്വത്തിലേക്ക് നയിക്കുന്ന ഭീകരവാദികള്‍ ഉന്നത മേഖലകളില്‍ അള്ളിപ്പിടിച്ച് അട്ടഹസിക്കുകയാണ്. പൊള്ള ബലൂണുകളാണിവ. സത്യത്തിന്റെ ചൂടേറ്റാല്‍ ഇവ പൊട്ടിത്തെറിക്കും. സ്റ്റാലിന്റെ ഇരിമ്പുമറ ഇന്നെവിടെയാണ്? 75 കൊല്ലം മതമില്ലാത്ത ജീവനും ഭൗതികവാദവും പഠിപ്പിച്ച് ആവിഷ്‌ക്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും പത്ര സ്വാതന്ത്ര്യവും നിഷേധിച്ച ഹിറ്റ്‌ലറേക്കാളും നരഹത്യ നടത്തിയവരുടെ പ്രേതങ്ങള്‍ക്ക് ജനാധിപത്യ സംസ്‌ക്കാരത്തിന്റെ അകത്തളങ്ങളില്‍ കടന്നുവരാന്‍ മേലില്‍കഴിയരുത്. കേരളത്തിലെ ചെറുതും വലുതുമായ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലുമടക്കം ദിവസക്കൂലിക്ക് വന്നുചേരുന്നവരെ നാം കാണുന്നില്ലേ? ശ്രീരാമകൃഷ്ണ പരമഹംസരും വിവേകാനന്ദനും സുഭാഷ് ചന്ദ്രബോസും ടാഗോറും ബി.സി.റോയിയും രാജാറാം മോഹന്‍ റായിയും സത്യജിത്ത് റേയും വാണ നാടിന്റെ അരുമ മക്കള്‍ ഉപജീവനത്തിന് വന്നത് തെറ്റല്ല. അവരെത്തേണ്ടത് ഈ നിലക്കായിരുന്നുവോ?  
തൊഴിലില്ലാത്ത ബംഗാളില്‍ ദിവസക്കൂലി വെറും 80 രൂപയാണ്. മനുഷ്യന്‍ വലിക്കുന്ന റിക്ഷയില്‍നിന്ന് മാറാത്ത മാറ്റത്തിന്റെ പാര്‍ട്ടിയുടെ ബാക്കി പത്രമാണിത്. അഹന്തയും താന്‍ പ്രമാണിത്തവും ഏകാധിപത്യവും  പ്രത്യയശാസ്ത്രമാക്കിയവരുടെ നാട്ടില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുപോലും സൗകര്യം കൊടുക്കാത്തവര്‍ കേരളത്തില്‍ മുണ്ടശ്ശേരി മാഹാത്മ്യവും ബേബീ നയങ്ങളും പാടിനടക്കുകയാണ്. കേരളം കര്‍ണ്ണാടകത്തിലേത് പോലെ ലോക പ്രശസ്തമായ ഐ.ടി മേഖലയാക്കാന്‍ അനുവദിക്കാത്തവരുടെ വികസന വിരുദ്ധ അജണ്ട ചെറുപ്പക്കാര്‍ ചിന്തിച്ച് മനസ്സിലാക്കണം. പരിചയസമ്പന്നരും കളങ്കരഹിതരുമായ ഒരു ടീമാണ് മമതക്ക് ലഭിച്ചതെങ്കില്‍ കേരളവും അതേ പാതയിലാണ് മുന്നേറുന്നത്. കേരള രാഷ്ട്രീയം ആദര്‍ശ ധീരതയുടെ ഒരു വന്‍നിരയെ തന്നെയാണ് ഇന്ത്യയ്ക്ക് സംഭാവന ചെയ്തത്. എ.കെ.ആന്റണി, വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി, രമേശ് ചെന്നിത്തല എന്നിവരൊക്കെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കുയര്‍ന്ന് നേതൃത്വപാടവം നേടിയ ജനപ്രിയ നേതാക്കളാണ്. പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് കഴിഞ്ഞ അഞ്ചുവര്‍ഷം വിശ്രമമില്ലാതെ കേരളത്തിലുടനീളം രാവുകള്‍ പകലുകളാക്കി യാത്ര ചെയ്ത നേതാവിനെ അറിയേണ്ടവര്‍ അറിഞ്ഞിട്ടുണ്ട്. ജനങ്ങളോടുള്ള പ്രതിബദ്ധതയും പാര്‍ട്ടിയോടുള്ള അചഞ്ചലമായ വിശ്വാസവും പ്രകടിപ്പിച്ച അതുല്യ സേവനത്തിന്റെ ചരിത്രമാണിത്. മുഖ്യമന്ത്രിയും മന്ത്രിയുമായി സേവനം നടത്തിയ കാലഘട്ടത്തിലും ജനകീയ പ്രശ്‌നങ്ങളില്‍ നിരന്തരമായി ബന്ധപ്പെട്ട ഭരണത്തിലെ കാലതാമസം ഒഴിവാക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയ യു.ഡി.എഫ് നേതാവിന്റെ സജീവ പരിഗണന എതിരാളികളോട് പക പോക്കാനുള്ളതല്ല. ഐശ്വര്യപൂര്‍ണ്ണമായ ഒരു കേരളത്തിനുവേണ്ടിയുള്ള മനുഷ്യത്വപരമായ വീക്ഷണവും സംസ്‌കാരവും വികസനവുമായിരിക്കണം യു.ഡി.എഫിന്റെ ലക്ഷ്യം.
 
ഇടതുഭരണകാലത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ എന്‍ഡോസള്‍ഫാന്‍ എത്തിച്ച് ഹെലികോപ്ടറില്‍ വിഷം സ്‌പ്രേ ചെയ്ത് അന്തരീക്ഷത്തിലും മണ്ണിലും ജലത്തിലും മാരകവിഷം കലര്‍ത്തി തലമുറകളെ നശിപ്പിച്ചവരെ എന്‍ഡോസള്‍ഫാന്‍ ക്ലാസ്സെടുപ്പിക്കുന്നവര്‍ മറക്കരുത്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിലും ഈ കൊടുംവിഷം ആകാശത്ത് നിന്ന് സ്‌പ്രെ ചെയ്തിട്ടില്ല എന്നത് കൂട്ടിവായിക്കുക. ഇത് കേന്ദ്രത്തിന്റെ കുറ്റമാണെന്ന് പറഞ്ഞ് ചിരിച്ചു കൊണ്ടേയിരിക്കുന്ന മുന്‍ മുഖ്യനും കൂട്ടരും സത്യത്തെ എന്നെങ്കിലും അംഗീകരിച്ചിട്ടുണ്ടോ? കിളിരൂര്‍ സംഭവത്തിലെ കയ്യാമക്കഥയും നടുറോഡിലൂടെയുള്ള നടത്തവും അഭിനയിച്ച് പറഞ്ഞപ്പോള്‍ കയ്യടി നേടിയിരുന്നു. ഇന്ന് അനാഥമായ കുടുംബത്തെ രക്ഷിക്കാനും ഇടതുഭരണം ചോദ്യചിഹ്നമാക്കി നിര്‍ത്തിയ കുഞ്ഞിനേയും മനുഷ്യസ്‌നേഹത്തോടെ സംരക്ഷിക്കാനും ഉമ്മന്‍ ചാണ്ടി തയ്യാറായത് കയ്യടി നേടാനല്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസികളുടെ സംരക്ഷണവും അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. ആദിവാസി പ്രശ്‌നങ്ങള്‍ പഠിക്കാനും ഗവേഷണം നടത്താനും സര്‍ക്കാര്‍ നയം നടപ്പിലാക്കാനാണെന്ന വ്യാജേന ചെന്ന ഉദ്യോഗസ്ഥരും നരാധമന്മാരും സൃഷ്ടിച്ച അനാഥ കുടുംബങ്ങളെ ഏറ്റെടുക്കാന്‍ വിപ്ലവത്തിന്റെ തീതുപ്പുന്നവരേ കണ്ടില്ല.
 
കഴിഞ്ഞ നിയമസഭയിലും വയനാട്ടില്‍ നിന്നും ആദിവാസി പ്രതിനിധി ഉണ്ടായിരുന്നു. എന്നിട്ടും ഭൂമിക്കുവേണ്ടി പീഡിപ്പിക്കപ്പെട്ടവരുടെ രോദനം കേള്‍ക്കാന്‍ സാധാരണക്കാരന് വേണ്ടികരഞ്ഞു കൊണ്ടേ ഇരിക്കുന്നവരെയും കണ്ടില്ല. നന്ദിഗ്രാമിന്റെ രോദനമവസാനിപ്പിച്ച് മമത ബംഗാളിന്റെ ശക്തി സ്രോതസ്സായി ഉയര്‍ന്നു വന്നപ്പോള്‍ കേരളവും ഉമ്മന്‍ ചാണ്ടിയിലൂടെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മോചനയാത്ര ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ രാഷ്ട്രീയ പ്രതിയോഗികളുടെ ക്രൂരമായ മര്‍ദ്ദനമേറ്റ് തലപൊട്ടി ചോരയൊലിച്ച് വീണ വനിതാ നേതാവിനെ ബംഗാളിന്റെ മക്കള്‍ നെഞ്ചേറ്റിലാളിക്കുകയാണ്. മാവോയിസ്റ്റ് ബന്ധമടക്കം പറഞ്ഞ് ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് ജനം ബാലറ്റിലൂട മറുപടി പറഞ്ഞു കഴിഞ്ഞു. വള്ളത്തോളിന്റെ പ്രസിദ്ധമായ ഒരു കവിതയില്‍ ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി വര്‍ണ്ണിക്കുന്നുണ്ട്. ബംഗാളില്‍ നിന്നിതാ ക്രൂശിക്കപ്പെട്ടിട്ടും കാരുണ്യവര്‍ഷം ചൊരിഞ്ഞ്, പ്രതികാരം പരിഷ്‌കൃത സമൂഹത്തിന്റേതല്ല എന്ന് ജനപ്രതിനിധികളോടും സ്വന്തം നാടിനോടും പ്രഖ്യാപിച്ച മമതയും പ്രബുദ്ധ കേരളത്തിന്റെ ശബ്ദമായി ഉയര്‍ന്ന ഉമ്മന്‍ ചാണ്ടിയും അഭിനന്ദനമര്‍ഹിക്കുന്നു.
 

No comments:

Post a Comment

Note: Only a member of this blog may post a comment.