Friday, June 10, 2011

പരിയാരം: ബാധ്യത 400 കോടി

 നാലുവര്‍ഷം കൊണ്ട്‌ പരിയാരം മെഡിക്കല്‍ കോളജ്‌ ഭരണസമിതി പിജി സീറ്റ്‌ വിറ്റു നേടിയത്‌ 29 കോടി. നാലുവര്‍ഷത്തിനിടെയുണ്ടായ 33 സീറ്റുകളില്‍ ഒരെണ്ണം മാത്രം മെറിറ്റില്‍ നല്‍കി ബാക്കിയെല്ലാം മാനേജ്‌മെന്റ സീറ്റാക്കി. സ്വാശ്രയ കരാര്‍ അട്ടിമറിച്ചു. ഇതുകൂടാതെയാണ്‌ എം.ബി.ബി.എസ്‌. സീറ്റുകളും മറ്റ്‌ കോഴ്‌സുകളും.

ഒരു കോടിയോളം രൂപ ഫീസിനത്തിലും ലക്ഷങ്ങള്‍ 'തലവരി' ഇനത്തിലും കിട്ടാവുന്ന മെഡിക്കല്‍ പി.ജി. കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ വിറ്റിട്ടും പരിയാരം സഹകരണ മെഡിക്കല്‍ കോളജ്‌ കടക്കെണിയില്‍തന്നെ. ധൂര്‍ത്തും അഴിമതിയും ചൂണ്ടിക്കാട്ടി 2007 സെപ്‌റ്റംബറില്‍ പരിയാരം മെഡിക്കല്‍ കോളജ്‌ യു.ഡി.എഫില്‍നിന്നു സി.പി.എം. പിടിച്ചെടുക്കുമ്പോള്‍ 240 കോടിയുടെ ബാധ്യതയായിരുന്നു. ഇപ്പോള്‍ നഷ്‌ടം 400 കോടിയായി.

പരിയാരം രാഷ്‌ട്രീയ കച്ചടവക്കാരുടെ കറവപ്പശുവാണ്‌. യഥാര്‍ത്ഥ വസ്‌തുതകള്‍ അറിയാന്‍ കോളജ്‌ സ്‌ഥാപിച്ചതു മുതല്‍ ഇതുവരെയുള്ള ഇടപാടുകള്‍ അന്വേഷിക്കേണ്ടിവരും. സി.പി.എം. കണ്ണൂര്‍ ജില്ലാക്കമ്മിറ്റി അംഗമായിരുന്ന ടി.കെ. ഗോവിന്ദന്‍ ചെയര്‍മാനായിരിക്കെയാണു സ്വാശ്രയകരാര്‍ അട്ടിമറിച്ച്‌ മുഴുവന്‍ സീറ്റും വിറ്റത്‌. ഓരോ വര്‍ഷവും ആകെയുള്ള 10 പി.ജി. കോഴ്‌സിലേക്ക്‌ ആയിരത്തോളം പേര്‍ക്കു പരീക്ഷയും ഇന്റര്‍വ്യൂവും നടത്തി തയാറാക്കിയ ലിസ്‌റ്റില്‍ നിന്നായിരുന്നു മാനേജ്‌മെന്റ സീറ്റില്‍ പ്രവേശനം. മാനേജ്‌മെന്റ ക്വാട്ട ലക്ഷ്യമിട്ട്‌ പ്രവേശനപരീക്ഷ എഴുതുന്ന മിക്കവരും ഫീസിനു പുറമേ വന്‍തുക തലവരി വാഗ്‌ദാനം ചെയ്യാറുണ്ട്‌. പല ഡയറക്‌ടര്‍മാരുടെയും സാമ്പത്തികവളര്‍ച്ച അമ്പരിപ്പിക്കുന്നതാണ്‌. ഡയക്‌ടര്‍മാരില്‍ ഒരാളായ ഡി.വൈ.എഫ്‌.ഐ. നേതാവ്‌ വി.വി. രമേശന്‍ അമ്പതു ലക്ഷം ചെലവു വരുന്ന എം.ബി.ബി.എസ്‌. കോഴ്‌സിനു പരിയാരത്തു തന്നെ മകള്‍ക്കു പ്രവേശനം നല്‍കിയത്‌ ഒരുദാഹരണം. വിവാദത്തെത്തുടര്‍ന്ന്‌ അദ്ദേഹം ഇന്നലെ സീറ്റ്‌ ഉപേക്ഷിച്ചു.

സി.പി.എമ്മില്‍നിന്നു പുറത്തുപോയ എം.വി. രാഘവന്‍ കെട്ടിപ്പൊക്കിയ മെഡിക്കല്‍ കോളജ്‌ 1995-ല്‍ ഉദ്‌ഘാടനം ചെയ്യാനൊരുങ്ങുമ്പോള്‍ റോഡിലൂടെ ഒരു നേതാവും വന്ന്‌ ഉദ്‌ഘാടനം ചെയ്‌ത് തിരിച്ചുപോകില്ലെന്നു സി.പി.എം. പ്രഖ്യാപിച്ചു. പരിയാരത്തു ഹെലിപ്പാഡ്‌ നിര്‍മിച്ചാണ്‌ എം.വി.ആര്‍. ഉദ്‌ഘാടകനെ എത്തിച്ചത്‌. പരിയാരം ടി.ബി. സാനിട്ടോറിയത്തില്‍നിന്നു സര്‍ക്കാര്‍ വിട്ടുകൊടുത്ത 119 ഏക്കര്‍ സ്‌ഥലത്ത്‌ 1993 മാര്‍ച്ച്‌ 26-നാണു കേരളാ കോ-ഓപ്പറേറ്റീവ്‌ ഹോസ്‌പിറ്റല്‍ കോംപ്ലക്‌സ് എന്ന സ്‌ഥാപനത്തിനു രൂപം നല്‍കിയത്‌. ഇതിന്റെ കീഴിലുളള അക്കാദമി ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ എന്ന ട്രസ്‌റ്റാണു മെഡിക്കല്‍ കോളജ്‌ നടത്തുന്നത്‌. 1000 കിടക്കകളോടുകൂടിയ മെഡിക്കല്‍ കോളജാണിത്‌.

1995 ഒക്‌ടോബര്‍ 16-ന്‌ എം.ബി.ബി.എസിന്റെ ആദ്യബാച്ച്‌ തുടങ്ങിയപ്പോള്‍ തന്നെ സമരങ്ങളും പ്രക്ഷോഭങ്ങളും തുടങ്ങി. എം.വി.ആറിനെ വഴിയില്‍ തടഞ്ഞുകൊണ്ടുള്ള എണ്ണമറ്റ സമരങ്ങള്‍. അവസാനം കൂത്തുപറമ്പില്‍ അഞ്ചു ഡി.വൈ.എഫ്‌.ഐ. സഖാക്കളുടെ കൊലയില്‍ അവസാനിച്ച സമരപരമ്പരയായി അതു നീണ്ടു. നായനാര്‍ സര്‍ക്കാര്‍ 1997 ഫെബ്രുവരി 10-നാണു പ്രത്യേക ഓര്‍ഡിനന്‍സ്‌ പ്രകാരം ബോര്‍ഡ്‌ ഓഫ്‌ കണ്‍ട്രോള്‍ രൂപീകരിച്ച്‌ കോളജിന്റെ നിയന്ത്രണം ഏറ്റെടുത്തത്‌. യു.ഡി.എഫ്‌. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ട്രസ്‌റ്റിനു തന്നെ തിരിച്ചു നല്‍കി.

2007 ജൂലൈ 11-നു കാലാവധി അവസാനിക്കേണ്ട എം.വി.ആര്‍. ചെയര്‍മാനായുള്ള മുന്‍ ഭരണ സമിതിയെ പിരിച്ചുവിട്ട്‌ 2006 സിസംബര്‍ 23-ന്‌ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ വീണ്ടും കോളജ്‌ ഭരണം ഏറ്റെടുത്തു. ആറാഴ്‌ചക്കകം തെരഞ്ഞെടുപ്പ്‌ നടത്തണമെന്നു സുപ്രീംകോടതിയാണ്‌ ഉത്തരവ്‌ നല്‍കിയത്‌. പരിയാരം മെഡിക്കല്‍ കോളജ്‌ സംരക്ഷണ സമിതി എന്ന കൂറുമുന്നണിയുണ്ടാക്കി സി.പി.എം. 2007-ല്‍ പിടിച്ചെടുത്ത്‌ ടി.കെ. ഗോവിന്ദനെ ചെയര്‍മാനാക്കി. കാലാവധി തീരുന്നതിനു മുമ്പുതന്നെ ഈ ഭരണസമിതിയെ രാജിവയ്‌പ്പിച്ച്‌ സി.പി.എം. തെരഞ്ഞെടുപ്പിലൂടെ വിണ്ടും ഭരണം നിലനിര്‍ത്തി. പുതുതായി അംഗങ്ങളെ ചേര്‍ത്തതിനു ശേഷമായിരുന്നു തെരഞ്ഞെടുപ്പ്‌. ടി.കെ. ഗോവിന്ദനെതിരേ ഉയര്‍ന്ന ആരോപണങ്ങളും ചെയര്‍മാനെ മാറ്റാനുള്ള കാരണമായി. എം.വി. ജയരാജനെയാണു പിന്നീട്‌ ചെയര്‍മാന്‍ സ്‌ഥാനം ഏല്‍പ്പിച്ചത്‌. മെറിറ്റ്‌ സീറ്റ്‌ വില്‍പ്പന നടത്തിയതു കുറ്റകരമാണെന്നും അതിന്‌ ഉത്തരവാദി എം.വി. ജയരാജനും പ്രിന്‍സിപ്പലുമാണെന്നും മുന്‍ ആരോഗ്യ മന്ത്രി പി.കെ. ശ്രീമതി വ്യക്‌തമാക്കിയതോടെ പരിയാരം പാര്‍ട്ടിക്കുള്ളില്‍ നീറുന്നു. 

No comments:

Post a Comment

Note: Only a member of this blog may post a comment.