Thursday, June 30, 2011

പറവൂര്‍ പീഡനം: സി.പി.എം ലോക്കല്‍ സെക്രട്ടറിയ്‌ക്ക് പിന്നാലെ സി.ഐ.ടി.യു വിലെ കരുത്തനായ നേതാവും

അന്വേഷിക്കുംതോറും പ്രതികളുടെ എണ്ണത്താല്‍ നീളംകൂടുന്ന കേസായി പറവൂര്‍ പെണ്‍വാണിഭകേസ്‌ മാറുന്നു. മാത്രമല്ല, കേസില്‍ രാഷ്‌ട്രീയ- സിനിമാ മേഖലയിലെ പ്രമുഖരും ഉള്‍പ്പെടുകയും ഇവര്‍ക്കെതിരേ ശക്‌തമായ തെളിവുകള്‍ പോലീസിന്‌ ലഭിക്കുകയും ചെയ്‌തതോടെ വരുംദിവസങ്ങളില്‍ അറസ്‌റ്റിലാവുന്നവരില്‍ 'സെലിബ്രിറ്റീസും' കൂടുമെന്നാണ്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ നല്‍കുന്നു സൂചന.

പ്ലസ്‌ടുക്കാരി പെണ്‍കുട്ടിയെ പിതാവ്‌ തന്നെ പീഡിപ്പിച്ച ശേഷം പെണവാണിഭ സംഘങ്ങള്‍ വഴി പലര്‍ക്കുമായി കാഴ്‌ചവെച്ച സംഭവം സമകാലിക പെണ്‍വാണിഭ കേസുകളില്‍ ഏറ്റവും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ട സംഭവമാണെന്ന നിലയിലേക്കാണ്‌ എത്തിച്ചേരുന്നത്‌. സി.പി.എം ലോക്കല്‍ സെക്രട്ടറിയ്‌ക്ക് പിന്നാലെ സി.ഐ.ടി.യു വിലെ കരുത്തനായ നേതാവിനേയും സംഭവവുമായി ബന്ധപ്പെട്ട്‌ പിടികൂടാനുള്ള ശ്രമത്തിലാണ്‌ പോലീസ്‌. പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി കൊണ്ടുപോയ സി.ഐ.ടി.യു നേതാവിന്റെ കാര്‍ ക്രൈംബ്രാഞ്ച്‌ സംഘം പിടിച്ചെടുത്തു. സി.ഐ.ടി.യു നേതാവ്‌ ഒളിവിലുമാണ്‌.

ക്രൈംബ്രാഞ്ചിന്‌ ലഭിച്ച തെളിവുകളും സൂചനകളും ശക്‌തമായതിനാല്‍തന്നെ അട്ടിമറി സംഭവിച്ചില്ലെങ്കില്‍ പറവൂര്‍ പെണ്‍വാണിഭ കേസില്‍ കുടുങ്ങാന്‍ പോകുന്നത്‌ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവര്‍ത്തകരുമാണ്‌. പ്രമുഖ ഹാസ്യതാരവും മിമിക്‌സിലൂടെ വന്ന്‌ ഇപ്പോള്‍ സ്വഭാവനടനായി മാറിയ പ്രമുഖ നടനും കുടുങ്ങുമെന്ന്‌ ഏകദേശം ഉറപ്പായി കഴിഞ്ഞു. ഈ ഹാസ്യനടന്‍ പെണ്‍കുട്ടികളെ വീഴിക്കുന്നതിലും സിനിമയില്‍ വഴിതെറ്റിയെത്തുന്ന പെണ്‍കുട്ടികളെ ഉപയോഗിക്കുന്നതിലും കഴിവുതെളിയിച്ച വ്യക്‌തിയാണ്‌. ഓരോ സിനിമയിലും അഭിനയിച്ചുകഴിയുമ്പോള്‍ ഒരു കുതിരപ്പവന്‍ സമ്പാദ്യമായി മാറ്റിവയ്‌ക്കുന്ന ഈ നടന്‍ ഒരു പെണ്‍കുട്ടിയെ ഉപയോഗിക്കുകയും ചെയ്യും. തെക്കന്‍ കേരളത്തില്‍ നിന്ന്‌ വളരെയേറെ കഷ്‌ടപ്പെട്ട മിമിക്രി വേദികളിലൂടെ കയറിയിറങ്ങിയെത്തിയ ഈ നടന്‍ സിനിമയില്‍ സജീവമായതോടെയാണ്‌ പെണ്‍വേട്ടയും സജീവമാക്കിയത്‌.

അതേപേലെ ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലുള്ള മറ്റൊരു നടന്‍ ആദ്യകാലത്തെ പ്രമുഖ ഹാസ്യതാരമായിരുന്നു. എന്നാലിപ്പോള്‍ സ്വഭാവനടനായാണ്‌ അഭിനയിക്കുന്നത്‌. നന്നായി പാട്ടുപാടുന്ന ഈ നടന്‍ മലയാളത്തിലെ മറ്റൊരു പ്രമുഖ നടിക്കൊപ്പമാണ്‌ ഇപ്പോള്‍ താമസിക്കുന്നത്‌. പോലീസായും മറ്റും കാഴ്‌ചവയ്‌ക്കുന്ന ഗംഭീര അഭിനയംപോലെതന്നെ പെണ്‍വേട്ടയിലും ഇയാള്‍ ശക്‌തനായ വേട്ടക്കാരനാണെന്നാണ്‌ ഇപ്പോള്‍ ലഭ്യമാകുന്ന സൂചനകള്‍. സിനിമ താരമാക്കാമെന്ന്‌ വാഗ്‌ദാനം നല്‍കി പിതാവ്‌ പെണ്‍കുട്ടിയെ ആദ്യം കാഴ്‌ചവെച്ചത്‌ മലയാള സിനിമാ സംഘടനയിലെ അതികായന്റെ അസിസ്‌റ്റന്റിനായിരുന്നു. മമ്മൂട്ടി ചിത്രമായ 'പ്രമാണി' എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തായിരുന്നുവത്രെ ഈ സിനിമയുടെ സഹസംവിധായകനായ പെരുമ്പാവൂര്‍ സ്വദേശി ബിജു അറക്കപ്പടി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌. കൂട്ടുകാരന്റെ വീട്ടില്‍കൊണ്ടുപോയി മൂന്നു ദിവസം തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്‌ സിനിമാ മേഖലയിലെ പലര്‍ക്കുമായി കുട്ടിയെ കൈമാറി. ഇങ്ങനെയാണ്‌ ഹാസ്യനടനടക്കമുള്ളവരുടെ രതിവൈകൃതങ്ങള്‍ക്ക്‌ പെണ്‍കുട്ടി ഇരയായത്‌.

പീഡിപ്പിക്കാനായി എത്തിയ സെലിബ്രറ്റീസിനൊപ്പംനിന്ന്‌ ഫോട്ടോയെടുക്കാനുള്ള ആഗ്രഹമാണ്‌ സിനിമാ മേഖലയിലെ പ്രമുഖരെ കുടുക്കിയത്‌. ഇപ്പോഴത്തെ പ്രമുഖ ഹാസ്യതാരം ഈ പെണ്‍കുട്ടിയെ കാറില്‍വച്ച്‌ പീഡിപ്പിക്കുന്ന വീഡിയോ ചിത്രം അദ്ദേഹമറിയാതെ ആരോപകര്‍ത്തി ഇന്റര്‍നെറ്റ്‌ വഴി പ്രചരിപ്പിച്ചിരുന്നു. ഇത്‌ തന്നെ ഇയാള്‍ക്കെതിരേയുള്ള ശക്‌തമായ തെളിവാണ്‌. വിതുര കേസില്‍ ഒരു ഹാസ്യതാരം കുടുങ്ങിയതിനുശേഷം അതേപോലൊരു ഹാസ്യതാരം വീണ്ടും കുടുങ്ങുന്നത്‌ സിനിമാ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്‌. അന്വേഷണം കാര്യക്ഷമമായി നീളുകയാണെങ്കില്‍ മലയാള സിനിമയിലെ പ്രശസ്‌തരടക്കം ഇനിയും ഏറെ പേര്‍ കുടുങ്ങുമെന്നാണ്‌ അറിയുന്നത്‌. നേരെത്ത അറസ്‌റ്റിലായ പെണ്‍കുട്ടിയുടെ പിതാവും പറവൂര്‍ കിഴക്കേപ്രം വാണിയക്കാട്‌ ചൗക്കപ്പറമ്പില്‍ സുധീറി (39)ന്റെ റിമാന്റ്‌ കാലാവധി കോടതി വീണ്ടും നീട്ടി.

പീഡനത്തിനിരയായ പ്ലസ്‌ടു കാരിയായ കുട്ടിയുടെ പിതാവ്‌ സുധീര്‍ തുടക്കത്തില്‍ തെരുവുകച്ചവടക്കാരനായിരുന്നു. പിന്നീട്‌ സിനിമാ ഷൂട്ടിങിന്‌ ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുമാരെ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരനായി മാറി. സിനിമയില്‍ മുഖം കാണിക്കാനായി അഡ്‌ജസ്‌റ്റ്മെന്റിന്‌ തയ്യാറാകുന്ന ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുമാരെ കണ്ടാണ്‌ സുധീര്‍ മകളേയും ഈ വഴി നടക്കാന്‍ പ്രേരിപ്പിച്ചത്‌. ഇതിനായി ആദ്യം കൂട്ടുകൂടിയത്‌ ബിജുവുമായിട്ടായിരുന്നു. പ്രമുഖ സംവിധായകന്റെ അസിസ്‌റ്റന്റായി പ്രവര്‍ത്തിക്കുന്ന ബിജുവിന്‌ സിനിമാ മേഖലയിലുള്ള ബന്ധം ഉപയോഗപ്പെടുത്തി കുട്ടിയെ മറ്റ്‌ പലര്‍ക്കുമായി കാഴ്‌ചവെയ്‌ക്കാമെന്നായിരുന്നു സുധീര്‍ കണക്കുകൂട്ടിയത്‌. ബിജു മൂന്നു ദിവസം പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചതോടെ കൂട്ടുകാര്‍ക്കും പെണ്‍കുട്ടിയെ കൈമാറി.

തുടര്‍ന്ന്‌ സീരിയല്‍- ആല്‍ബം മേഖലകളിലേക്കാണ്‌ സുധീര്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്‌. പെണ്‍വാണിഭത്തിന്‌ പറ്റിയ ഇടമെന്ന നിലയില്‍ ഈ മേഖലയില്‍ സുധീര്‍ പലര്‍ക്കുമായി പെണ്‍കുട്ടിയെ കാഴ്‌ചവെച്ചു. ഇതിനിടെ ഒരു സീരിയലില്‍ പെണ്‍കുട്ടിയ്‌ക്ക് മുഖം കാണിക്കാനുള്ള അവസരവും ഒത്തുവന്നു. സിനിമാ മേഖലയിലുള്ളവരേക്കാള്‍ കൂടുതലായി പെണ്‍കുട്ടിയെ ലൈംഗികമായി പീഢിപ്പിച്ചത്‌ സീരിയല്‍- ആല്‍ബം മേഖലയിലുള്ളവരാണ്‌. ഇതോടെ സാമ്പത്തികമായി സുധീര്‍ മെച്ചപ്പെട്ടു. തുടര്‍ന്നാണ്‌ ഇതൊരു വാണിജ്യപരമായ സാധ്യതയാക്കി മാറ്റാന്‍ സുധീറിന്‌ താല്‍പ്പര്യമുണ്ടായത്‌.

ഇതോടെ കൊച്ചി, ആലുവ, ഇടപ്പള്ളി, കോയമ്പത്തൂര്‍, കന്യാകുമാരി തുടങ്ങി സംസ്‌ഥാനത്തേയും തമിഴ്‌നാട്ടിലേയും ഒട്ടേറെ ഇടങ്ങളിലെ സെക്‌സ് റാക്കറ്റിന്‌ പെണ്‍കുട്ടിയെ കൈമാറി. കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍വച്ച്‌ വിദേശിയും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇവരുമായി 'ഡീല്‍' ഉറപ്പിക്കുവാന്‍ മാത്രമായി ഇയാള്‍ പെണ്‍കുട്ടിയുടെ പേരില്‍ മൊബൈല്‍ കണക്ഷനുമെടുത്തിട്ടുണ്ട്‌. കോട്ടയം സ്വദേശി ജെസിയാണ്‌ പെണ്‍കുട്ടിയെ കൂടുതലായി വില്‍പ്പന നടത്തിയത്‌. കോയമ്പത്തൂരിലെ അറിയപ്പെടുന്ന പെണ്‍വാണിഭ സംഘങ്ങള്‍ക്ക്‌ പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന പ്രധാനിയാണ്‌ ജെസി. വിറ്റുവരവിന്റെ വിഹിതം സമ്പാദിച്ച്‌ സുധീര്‍ പൊടുന്നനെ പണക്കാരനായി മാറി.

പെണ്‍വാണിഭ സംഘങ്ങള്‍ പറയുന്നിടത്ത്‌ പെണ്‍കുട്ടിയെ എത്തിച്ചുനല്‍കുകയായിരുന്നു സുധീര്‍ ചെയ്‌തിരുന്നത്‌. തുടര്‍ന്ന്‌ അവര്‍ക്ക്‌ കൈമാറും അപ്പോഴും പെണ്‍കുട്ടി പഠനം തുടരുന്നുണ്ടായിരുന്നു. പെണ്‍വാണിഭ സംഘത്തിന്റെ 'വിളി' വരുമ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ ക്ലാസില്‍നിന്ന്‌ വിളിച്ചിറക്കി റെയില്‍വേ സ്‌റ്റേഷനിലും മറ്റും എത്തിച്ചു നല്‍കാറായിരുന്നു പതിവ്‌. വിവരം മറ്റാരോടും പറയാതിരിക്കാനായി ഇയാള്‍ പെണ്‍കുട്ടിയെ ശട്ടംകെട്ടിയിരുന്നു. തുടക്കത്തില്‍ പെണ്‍കുട്ടി എതിര്‍ത്തിരുന്നെങ്കിലും പിന്നീട്‌ ഇയാളുടെ ഭീഷണിയ്‌ക്ക് വഴങ്ങി. എട്ടാംക്ലാസില്‍ പഠിക്കുന്ന ഏക സഹോദരനെ ഫാനില്‍ തലകീഴായി കെട്ടിതൂക്കിയും പാലത്തില്‍നിന്ന്‌ താഴോട്ടെറിയാന്‍ ശ്രമിച്ചും പെണ്‍കുട്ടിയെ വരുതിയില്‍ വരുത്തുകയായിരുന്നു. പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചതും പിതാവ്‌ തന്നെയാണ്‌. പിന്നീട്‌ പലര്‍ക്കുമായി കാഴ്‌ചവച്ചപ്പോള്‍ ഇതിന്റെ ഫോട്ടോ മൊബൈല്‍ കാമറയില്‍ പകര്‍ത്തി ബ്ലാക്ക്‌ മെയില്‍ചെയ്‌ത് വീണ്ടും പീഡനത്തിന്‌ വഴങ്ങാന്‍ പ്രേരിപ്പിച്ചതും സ്വന്തം പിതാവ്‌ തന്നെ. പെണ്‍കുട്ടി മാതാവിനോട്‌ എല്ലാം പറഞ്ഞിരുന്നെങ്കിലും ഭീഷണിയ്‌ക്ക് മുന്നില്‍ അവരും പരുങ്ങി. അവസാനം പെണ്‍വാണിഭ സംഘത്തിന്‌ എന്നെന്നേക്കുമായി പെണ്‍കുട്ടിയെ വില്‍പ്പന നടത്താനുള്ള നീക്കമുണ്ടായപ്പോഴാണ്‌ അവര്‍ ബന്ധുവീട്ടില്‍ അഭയം തേടിയതും പോലീസില്‍ പരാതി നല്‍കിയതും.

ഇടനിലക്കാരെകുറിച്ച്‌ പെണ്‍കുട്ടിയ്‌ക്ക് അറിയാമെങ്കിലും തന്നെ പീഡിപ്പിച്ചവരില്‍ എല്ലാവരേയും കുറിച്ച്‌ ഇവള്‍ക്ക്‌ വ്യക്‌തതയില്ല. രണ്ടു വര്‍ഷത്തിനിടെ ഇരുനൂറിലേറെ പേര്‍ പീഡിപ്പിച്ചിട്ടുണ്ടാകുമെന്നാണ്‌ കരുതുന്നത്‌. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ ഡീറ്റെയില്‍സും അന്വേഷണത്തിന്‌ നിര്‍ണായകമായി. പിതാവുതന്നെ പെണ്‍വാണിഭസംഘത്തിനു വിട്ട പെണ്‍കുട്ടിയ്‌്ക്ക്‌ തന്നെ പീഡിപ്പിച്ചവരെകുറിച്ച്‌ വിശദമായി അറിയാത്ത സാഹചര്യത്തില്‍ പ്രതികളെ നേരില്‍കണ്ടാണ്‌ തിരിച്ചറിയുന്നത്‌. ഒട്ടേറെ പ്രതികളെ പിടികൂടിയ സാഹചര്യത്തില്‍ തിരിച്ചറിയല്‍ പരേഡ്‌നടത്താനും ആലോചനയുണ്ട്‌. വാര്‍ത്ത പുറത്തുവന്നതോടെ ചിലര്‍ മുങ്ങിയിരിക്കുകയാണ്‌.

രണ്ടുമാസം മുമ്പു കോയമ്പത്തൂരിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി കൊങ്ങോര്‍പ്പിള്ളിക്കടുത്തു നീര്‍ക്കോടില്‍ താമസിക്കുന്ന മാതാവിന്റെ വീട്ടില്‍ അഭയംപ്രാപിക്കുകയും അവിടെവച്ചു സംഭവങ്ങള്‍ വെളിപ്പെടുത്തുകയുമായിരുന്നു. ഇതേത്തുടര്‍ന്ന്‌ മാതാവിന്റെ സഹോദരിയും മറ്റു ബന്ധുക്കളും ചേര്‍ന്ന്‌ സുധീറിനെതിരേ വാണിയക്കോട്‌ ജുമാമസ്‌ജിദ്‌ പള്ളി കമ്മിറ്റിക്കു പരാതിനല്‍കിയിരുന്നു. പരാതി ലഭിച്ചതോടെ പള്ളി കമ്മിറ്റി ഭാരവാഹികള്‍ സുധീറിനെ വിളിച്ചുവരുത്തി പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിക്കൊടുത്തെങ്കിലും പള്ളി കമ്മിറ്റിയെ ധിക്കരിക്കുന്ന നിലപാട്‌ സുധീര്‍ സ്വീകരിച്ചതോടെ പള്ളി കെട്ടിടത്തില്‍ ചായക്കട നടത്തിയിരുന്ന സുധീറിനെ ഇവിടെ നിന്നും ഒഴിപ്പിക്കുകയും മഹല്ലില്‍ നിന്നു പുറത്താക്കുകയും ചെയ്‌തിരുന്നു. പിന്നീട്‌ പള്ളി കമ്മിറ്റി ഭാരവാഹികളും ബന്ധുക്കളും ചേര്‍ന്ന്‌ പെണ്‍കുട്ടിയോടൊപ്പം പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ അടുത്തെത്തി പരാതി നല്‍കുകയായിരുന്നു. കേസില്‍ പല പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ വ്യക്‌തമായതോടെ ലോക്കല്‍ പോലീസ്‌ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതോടെയാണ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം ഏറ്റെടുത്തത്‌.

പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട്‌ ഏഴുവര്‍ഷം മുമ്പു സുധീറിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. സുധീറിന്റെ പ്രവൃത്തികളെ ഭാര്യ സുബൈദ ആദ്യഘട്ടത്തില്‍ ശക്‌തമായി എതിര്‍ത്തെങ്കിലും മര്‍ദനം ഭയന്നു പിന്നീടു പിന്മാറുകയായിരുന്നു. ഒടുവില്‍ പെണ്‍കുട്ടിയും എതിര്‍പ്പു പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ മകളെ ക്രൂരമായി മര്‍ദിക്കുകയും പതിവായി. ഇതിനുശേഷമാണ്‌ കോട്ടയം സ്വദേശി ജെസിയെന്ന സ്‌ത്രീ വഴി മകളെ കോയമ്പത്തൂരിലുള്ള പെണ്‍വാണിഭ കേന്ദ്രത്തില്‍ എത്തിച്ചത്‌. ഇടനിലക്കാരിയായിരുന്ന ജെസി നേരത്തെതന്നെ അറസ്‌റ്റിലായിരുന്നു. കേസില്‍ അറസ്‌റ്റിലാകുമെന്നു സൂചനയുള്ളതിനാല്‍ ചിലര്‍ കേരളം വിട്ടതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌.

അതേസമയം കൂടുതല്‍ ഉദ്യോഗസ്‌ഥരെ ഉള്‍പ്പെടുത്തി ക്രൈംബാഞ്ച്‌ അന്വേഷണ സംഘം വിപുലീകരിച്ചു. 2സി.ഐ മാരും എസ്‌.ഐമാരും ഉള്‍പ്പെടടെ 20 ഉദ്യോഗസഥരെകൂടിയാണ്‌ ഉള്‍പ്പെടുത്തിയത്‌. കേസില്‍ 200 ഓളം പേര്‍ പ്രതിസ്‌ഥാനത്തുള്ള സാഹചര്യത്തിലാണ്‌ വിപുലീകരണം. ക്രൈംബ്രാഞ്ച്‌ എസ്‌.പി എസ്‌ സുരേന്ദ്രന്റെ മേല്‍നോട്ടത്തില്‍ ഡി.വൈ.എസ്‌.പി ബിജോ അല്‌കസാണ്ടറാണ്‌ അന്വേഷണത്തിന്റെ ചുമതല. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി വീണ്ടും വിശദമായി രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്‌. ജുവനൈല്‍ ഹോമില്‍ താമസിപ്പിച്ച പെണ്‍കുട്ടിയെ ഇന്നലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ലോക്കല്‍ പോലീസ്‌ രേഖപ്പെടുത്തിയ മൊഴി പൂര്‍ണമല്ലെന്നാണ്‌ ക്രൈംബ്രാഞ്ച്‌ വിലയിരുത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി പോലീസ്‌ ഇടയ്‌്ക്കിടെ പെണ്‍കുട്ടിയില്‍നിന്ന്‌ വിശദീകരണം തേടുന്നുണ്ട്‌. ഇന്നോ നാളെയോ പെണ്‍കുട്ടയില്‍നിന്ന്‌ വിശദമായി മൊഴിയെടുക്കുമെന്നാണ്‌ സൂചന. തമിഴ്‌നാട്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട ചില പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ്‌ ക്രൈംബ്രാഞ്ച്‌. 

No comments:

Post a Comment

Note: Only a member of this blog may post a comment.