Monday, June 6, 2011

വികസനത്തിന്റെ ഇരകള്‍ക്ക് കാരുണ്യ സ്പര്‍ശം


നാടിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി ത്യാഗം അനുഭവിക്കുന്നവരെ സംരക്ഷിക്കേണ്ടത് പൊതുബാധ്യതയാണ്. വന്‍കിട പദ്ധതികള്‍ക്ക് കിടപ്പാടം ഒഴിഞ്ഞുകൊടുത്ത് പൊതു ആവശ്യങ്ങളോട് സഹകരിക്കുന്നവരെ സഹാനുഭൂതിയോടെ വീക്ഷിക്കാന്‍ പോലും ചിലപ്പോള്‍ അധികൃതര്‍ മറന്നുപോകാറുണ്ട്.
അങ്ങനെ 'വികസനത്തിന്റെ ഇരകള്‍' എന്ന വിളിപ്പേരിന് ഇടയായി നരകയാതന അനുഭവിക്കുന്നവര്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലുമുണ്ട്. ജലവൈദ്യുത പദ്ധതികള്‍ മുതല്‍ കാര്‍ നിര്‍മാണശാലയ്ക്കുവരെ കിടപ്പാടം ഒഴിഞ്ഞുകൊടുക്കേണ്ടിവരുന്നവരുടെ യാതനകള്‍ നിരവധിയാണ്.  സമൂഹത്തിലെ സമ്പന്നര്‍ക്കുവേണ്ടി സാധുജനങ്ങളുടെ ജീവിതമാണ് ഇത്തരത്തില്‍ ബലിയര്‍പ്പിക്കപ്പെടുന്നതെന്ന് പല ദൃഷ്ടാന്തങ്ങളില്‍ നിന്ന് തെളിയുന്നു. ഇതൊരു രാഷ്ട്രീയ പ്രശ്‌നമാക്കി വളര്‍ത്താന്‍ ശ്രമിക്കുന്നവരും കുറവല്ല. എറണാകുളം ജില്ലയിലെ മൂലമ്പിള്ളിയില്‍ ഇത്തരത്തില്‍ വികസനത്തിന്റെ ഇരകള്‍ എന്ന വിശേഷണത്തിന് പാത്രമായ കുറെ കുടുംബങ്ങളുടെ കദനകഥകള്‍ കഴിഞ്ഞ നാല്‍പത് മാസങ്ങളായി കേരളം കേട്ടുകൊണ്ടിരിക്കുകയാണ്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് പദ്ധതിക്കുവേണ്ടി റോഡ്-റെയില്‍ ഗതാഗത സൗകര്യമുണ്ടാക്കാന്‍ തലമുറകളായി താമസിച്ചുവന്നവര്‍ കിടപ്പാടം ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. സ്വമനസ്സാലെയല്ല അവര്‍ തങ്ങളുടെ വീടും സ്ഥലവും പദ്ധതിക്കായി വിട്ടുകൊടുത്തത്. മെച്ചപ്പെട്ട ബദല്‍ സൗകര്യം ലഭ്യമാകുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നു. അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ഈ സാധു കുടുംബങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗമൊന്നും അവര്‍ക്കുമുന്നില്‍ ഉണ്ടായില്ല. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും നീതിപീഠത്തെ സമീപിച്ചു.
 
കോടതിയുടെ നിര്‍ദേശം പോലും പാലിക്കപ്പെടാതെ വന്നപ്പോള്‍ നിസ്സഹായരായിത്തീര്‍ന്ന പാവപ്പെട്ട ജനങ്ങള്‍ സമരസമിതിയുണ്ടാക്കി അധികാരികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചുപോന്നു. അച്യുതാനന്ദന്‍ നയിച്ച ഇടതുസര്‍ക്കാര്‍ അടിസ്ഥാനവര്‍ഗത്തോട് പുലര്‍ത്തിയ അവഗണന മൂലമ്പിള്ളിക്കാരുടെ പുനരധിവാസ പ്രശ്‌നത്തിലും  തുടര്‍ന്നു. ചെങ്ങറ സമരക്കാരോട് കാട്ടിയതിലും ക്രൂരമായിരുന്നു മൂലമ്പിള്ളി പുനരധിവാസ പ്രശ്‌നത്തില്‍ ഇടതുസര്‍ക്കാരിന്റെ സമീപനം. മുഖ്യമന്ത്രി സ്ഥലത്തെത്തി പ്രശ്‌നം നേരിട്ട് മനസ്സിലാക്കുകയും വാഗ്ദാനങ്ങള്‍ ചൊരിയുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തും പഞ്ചായത്ത് തെരഞ്ഞെടുപ്പുകാലത്തും വോട്ട് ലഭിക്കാന്‍ വേണ്ടിയുള്ള പാഴ്‌വാഗ്ദാനങ്ങളായിരുന്നു അവയെന്ന് അനുഭവത്തിലൂടെ അവര്‍ മനസ്സിലാക്കി. യു.ഡി.എഫ് നേതാക്കള്‍ മൂലമ്പിള്ളി പ്രശ്‌നം ഇടതുസര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ അസ്വസ്ഥരായിരുന്നു. പ്രായോഗിക മാര്‍ഗങ്ങള്‍ കണ്ടുപിടിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ യാതൊരു താല്‍പര്യവും കാട്ടിയില്ല. എന്നാല്‍ മാനുഷിക പ്രശ്‌നങ്ങളോട് പൊതുവില്‍ ഇടതുഭരണകൂടം പുലര്‍ത്തിയ നിഷ്ഠൂരമായ അവഗണന പൊതുസമൂഹം മനസ്സിലാക്കുന്നുണ്ടായിരുന്നു.
 
യു.ഡി.എഫ് അധികാരത്തില്‍ വന്ന് നൂറുദിവസത്തിനകം നടപ്പാക്കാന്‍ ആവിഷ്‌കരിച്ച പരിപാടികളില്‍ മൂലമ്പിള്ളി പാക്കേജ് ഉള്‍പ്പെടുത്തി. ഇന്നലെ സമരസമിതി പ്രതിനിധികളും ജനപ്രതിനിധികളും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഉള്‍പ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മൂലമ്പിള്ളി പ്രശ്‌നത്തിന് അന്തിമപരിഹാരം ഉണ്ടാക്കിയിരിക്കുകയാണ്. സര്‍വസമ്മതമായി അംഗീകരിക്കപ്പെട്ട പാക്കേജ് അനുസരിച്ച് കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവര്‍ക്കും അര്‍ഹമായ നീതി ലഭിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 
പുനരധിവാസത്തിനായി കണ്ടെത്തിയ പത്ത് കേന്ദ്രങ്ങളില്‍ വെള്ളം, വെളിച്ചം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ എത്തിക്കും. ഓരോ കുടുംബത്തിനും സ്വന്തമായി വീട് നിര്‍മിക്കാനുള്ള സ്ഥലവും ധനസഹായവും നല്‍ക്കുന്നതിനൊപ്പം ഭവനനിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ വാടകവീട്ടില്‍ താമസിക്കാനുള്ള ആനുകൂല്യവും കുടിശിക സഹിതം സര്‍ക്കാര്‍ വഹിക്കും. ഓരോ കുടുംബത്തിലെയും ഒരംഗത്തിനുവീതം വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ വല്ലാര്‍പാടം പദ്ധതിയില്‍ തൊഴില്‍ ലഭിക്കുകയും ചെയ്യും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രമന്ത്രി കെ.വി തോമസും സംസ്ഥാന റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സന്നദ്ധരായി രംഗത്തുണ്ട്. നൂറുദിവസത്തിനുള്ളില്‍ തീര്‍ക്കേണ്ട കര്‍മ്മപദ്ധതികളില്‍ ആദ്യത്തേതായി മൂലമ്പിള്ളി പ്രശ്‌നത്തിന് പ്രായോഗിക പരിഹാരം കണ്ടെത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ നിഷ്പക്ഷമതികള്‍ അഭിനന്ദിക്കാതിരിക്കില്ല. 

No comments:

Post a Comment

Note: Only a member of this blog may post a comment.