Friday, June 24, 2011

വാസവനും രമേശനും പിന്നെ സ്വാശ്രയമെഡിക്കല്‍ പ്രവേശനവും



സ്വാശ്രയകോളജുകള്‍ക്കെതിരേ പാവപ്പെട്ട വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് സമരമുഖത്തേക്കു പറഞ്ഞുവിട്ട് തല്ലുമേടിപ്പിക്കുന്ന അതേ നേതാവു തന്നെ വീട്ടിലെത്തിയാല്‍ സ്വാശ്രയകോളജില്‍ പഠിക്കുന്ന മക്കളുടെ സ്‌നേഹനിഥിയായ പിതാവായി മാറും. പരിയാരം മെഡിക്കല്‍ കോളജിനെതിരേ തീപ്പൊരി സമരം നടത്തിയ രമേശന്‍ മുതല്‍ നീളുന്ന ഈ പട്ടികയില്‍ മറ്റൊരു വിപ്ലവനേതാവു കൂടി സ്ഥാനം പിടിക്കുന്നു. മറ്റാരുമല്ല, സാക്ഷാല്‍ വി.എന്‍ വാസവന്‍. കോട്ടയം മുന്‍ എം.എല്‍.എ. മധ്യതിരുവിതാംകൂറിലെ ഈ വിപ്ലവജ്യോതിസിന്റെ മകള്‍ക്ക് പ്രവേശന പരീക്ഷയില്‍ മതിയായ മാര്‍ക്കുപോലും ലഭിച്ചിരുന്നില്ല. എന്നിട്ടും മെഡിക്കല്‍ പഠനം തുടരുന്ന കുട്ടി ഉടന്‍ ഡോക്ടറായി ജനസേവനത്തിനെത്തും. പ്രവേശന പരീക്ഷയില്‍ നിശ്ചിതയോഗ്യത നേടാത്ത മകള്‍ക്കു വാസവന്‍ ഗോകുലം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് സംഘടിപ്പിച്ചതാണ് ഇപ്പോഴത്തെ പുതിയ കാലാവസ്ഥയില്‍ വിവാദമാകുന്നത്. നേരത്തെ ഇതുസംബന്ധിച്ച നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും പരിയാരത്തെ രമേശന്‍ വിവാദത്തോടെ സംഭവം വീണ്ടും കത്തിപ്പടരുകയാണ്, കോട്ടയത്തെ പാര്‍ട്ടിക്കുള്ളില്‍.

വാസവന്‍ നിയമസഭാംഗമായിരിക്കെ 2007-08 ലാണു മകള്‍ പ്രവേശനം നേടിയത്. മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡം അനുസരിച്ച് എംബിബിഎസ് സീറ്റിനു പ്രവേശന പരീക്ഷയില്‍ 50% മാര്‍ക്ക് നിര്‍ബന്ധമാണ്. എന്നാല്‍ 960ല്‍ 147.4 മാര്‍ക്ക് മാത്രമുള്ള കുട്ടിയെ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആ വര്‍ഷം ഗോകുലം മെഡിക്കല്‍ കോളജിലെ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടിയ 20 കുട്ടികള്‍ക്കും യോഗ്യതാ പരീക്ഷയില്‍ 50% മാര്‍ക്കില്ലായിരുന്നു. 101.1 മാര്‍ക്ക് നേടിയ വിദ്യാര്‍ഥിയെപ്പോലും മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശിപ്പിച്ചു. ഇതു പിന്നീടു മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തുകയും ഇവരെ 20 പേരെയും പുറത്താക്കുകയും ചെയ്തു. കുറേക്കാലം ഇവര്‍ക്കു പുറത്തു നില്‍ക്കേണ്ടിവന്നുവെങ്കിലും മാനേജ്‌മെന്റിന്റെ ശ്രമഫലമായി പിന്നീട് ഇവരെ തുടര്‍ന്നും പഠിപ്പിക്കുകയായിരുന്നു. ഇതിനിടെ, യോഗ്യതയില്ലെങ്കിലും ഇവര്‍ക്കു മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതിയും സംഘടിപ്പിച്ചെടുത്തു. 2007-08 വര്‍ഷം കേരളത്തിലെ മറ്റു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റിലും നിശ്ചിത യോഗ്യത നേടാത്ത വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരുന്നു.

ഇവരെയും മെഡിക്കല്‍ കൗണ്‍സില്‍ പുറത്താക്കി. ഇതിനെതിരെ വിദ്യാര്‍ഥികള്‍ നല്‍കിയ കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണു സിപിഎം നേതാവിന്റെ മകള്‍ ഉള്‍പ്പെടെയുള്ളവരുടെ അഡ്മിഷനു മാത്രം മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് എന്‍.ആര്‍.ഐ. ക്വാട്ടയില്‍ എം.ബി.ബി.എസ്. സീറ്റ് നേടിയ ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറര്‍ വി.വി.രമേശനെതിരെ പാര്‍ട്ടി നടപടി തുടങ്ങുന്നതിനിടെയാണ് ഔദ്യോഗികപക്ഷത്തെ കരുത്തനായ വാസവനെതിരേയും ആരോപണം ഉയര്‍ന്നിരിക്കുന്നത്. രമേശനെതിരേ നടപടി സ്വീകരിക്കാന്‍ നേതൃത്വത്തിനുമേല്‍ സമ്മര്‍ദം മുറുകിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ പാര്‍ട്ടി നിര്‍ദേശം അനുസരിക്കാന്‍ ബാധ്യതയുള്ളതിനാല്‍ തീരുമാനമെടുക്കാനാകാതെ ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതൃത്വം കുഴങ്ങുകയാണ്.

മേഖലായോഗങ്ങളില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് നടക്കുന്നത്. സംഘടനയ്ക്ക് ബാധ്യതയാവുന്ന 'മുതിര്‍ന്ന പൗരന്മാരെ' ചുമക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാണ് കോഴിക്കോട് നടന്ന ഒരു മേഖലായോഗത്തിലുണ്ടായ വിമര്‍ശം. വി.വി. രമേശന്റെ കാര്യത്തില്‍ എന്തെങ്കിലും നടപടിയെടുക്കാതെ സ്വാശ്രയ കോളേജ് സമരത്തെ കുറിച്ച് യോഗങ്ങളില്‍ വിശദീകരിക്കാനാവില്ലെന്ന നിലപാടാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കുമുള്ളത്. സ്വാശ്രയകോളജുകള്‍ക്കു തുടക്കംകുറിച്ച അന്നുമുതല്‍ സമരം ചെയ്യുന്ന സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ തന്നെ സ്വന്തംകാര്യത്തില്‍ ഇത്തരം സ്വാശ്രയ നിലപാടുകള്‍ എടുക്കുന്നതാണ് ഇടതുപക്ഷത്തെ, പ്രത്യേകിച്ചും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നത്. പരിയാരം മെഡിക്കല്‍ കോളേജ് 1993ല്‍ സ്ഥാപിച്ചത് മുതല്‍ തന്നെ രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രമാണ്. 90കളില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ 'വിദ്യാഭ്യാസ കച്ചവട'ത്തിനെതിരെ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും നടത്തിയ സമരങ്ങളുടെ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു സഹകരണ മേഖലയില്‍ ആരംഭിച്ച പരിയാരം മെഡിക്കല്‍ കോളേജ്. പരിയാരം കോളേജ് തുടങ്ങാന്‍ നേതൃത്വം നല്‍കിയ സിഎംപി നേതാവ് എംവി രാഘവന്‍ മന്ത്രിയായിരിക്കുമ്പോള്‍ ഡിവൈഎഫ്‌ഐ കൂത്തുപറമ്പില്‍ നടത്തിയ സമരത്തിലാണ് പൊലീസ് വെടിവെയ്പില്‍ അഞ്ചുപേര്‍ രക്തസാക്ഷികളായത്.

പരിയാരം മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനെ തന്നെ എതിര്‍ത്തിരുന്ന സിപിഎം പിന്നീട് കോളേജിന്റെ ഭരണസമിതി തന്നെ പിടിച്ചെടുത്തു. അന്ന് ആ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡിവൈഎഫ്‌ഐ നേതാവായിരുന്ന എം വി ജയരാജന്‍ ഇപ്പോള്‍ പരിയാരം കോളേജ് ഭരണസമിതിയുടെ ചെയര്‍മാനാണ്. ഇപ്പോള്‍ കോളേജ് വീണ്ടും വിവാദകേന്ദ്രമായത് എംബിബിഎസ്, പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സുകളില്‍ നടത്തിയ പ്രവേശനങ്ങളില്‍ നടന്ന 'കച്ചവട'ങ്ങളുടെ പേരിലാണ്. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ മകള്‍ പിജി കോഴ്‌സില്‍ മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം നേടിയതാണ് വിവാദത്തിലേക്ക് വഴി തുറന്നത്. സര്‍ക്കാരിന് നല്‍കേണ്ട 50 ശതമാനം മെറിറ്റ് സീറ്റ് കവര്‍ന്നെടുത്താണ് മന്ത്രിയുടെ മകള്‍ ഡോ. യമുനക്കും മറ്റും പ്രവേശനം നല്‍കിയത് എന്നതായിരുന്നു ആരോപണം. സ്വാശ്രയ സ്വകാര്യ മാനേജ്‌മെന്റുകള്‍ സീറ്റുകള്‍ സര്‍ക്കാരിന് നല്‍കാതെ കച്ചവടം നടത്തുന്നതിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത് വന്നപ്പോള്‍ തന്നെയാണ് മന്ത്രിയുടെ മകള്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നേടിയത്.

ആദ്യ വര്‍ഷത്തെ ഫീസായി 28 ലക്ഷം രൂപയും ഹോസ്റ്റല്‍ ഫീസ് 1,42,000 രൂപയും അടയ്ക്കുകയും ചെയ്തു. അതേ സമയം ആരോഗ്യമന്ത്രിയുടെ മകളുടെ എം ഡി പ്രവേശനം നിയമാനുസൃതമാണ് എന്നായിരുന്നു ഭരണസമിതി ചെയര്‍മാന്‍ എം വി ജയരാജന്‍ അവകാശപ്പെട്ടത്. ഏതായാലും നിയമാനുസൃതമാണ് പ്രവേശനം ലഭിച്ചതെങ്കിലും വിമര്‍ശനങ്ങളെ തുടര്‍ന്ന് അദ്ദേഹം മകളുടെ അഡ്മിഷന്‍ വേണ്ടെന്ന് വെച്ചതായി അറിയിച്ചു. എന്നാല്‍ സീറ്റുകള്‍ സര്‍ക്കാരിനെ അറിയിക്കാതെ മാനേജ്‌മെന്റുകള്‍ കച്ചവടം നടത്തുകയാണെന്ന് ആരോപിച്ച സിപിഎം നിയന്ത്രണത്തിലുളള ഭരണ സമിതി തന്നെ സീറ്റ് കച്ചവടം ചെയ്തുവെന്ന പ്രശ്‌നം വിവാദങ്ങള്‍ക്കിടയില്‍ വേണ്ടത്ര ചര്‍ച്ചയായില്ല. തൊട്ടുപിന്നാലെ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ വി വി രമേശന്റെ മകള്‍ 50 ലക്ഷം രൂപയുടെ എന്‍ആര്‍ഐ ക്വാട്ടയില്‍ എംബിബിഎസ് പ്രവേശനം നേടിയെന്ന റിപ്പോര്‍ട്ട് പുറത്ത്വന്നു. സ്വാശ്രയ കോളേജുകളുടെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സമരം നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ തന്നെയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി അംഗം കൂടിയാണ് രമേശന്‍.

സാധാരണ നിലയില്‍ വിദേശത്ത് ജോലിയോ ബിസിനസോ ഉളളവരുടെ മക്കള്‍ക്ക് വേണ്ടി നീക്കിവെക്കുന്നതാണ് എന്‍ആര്‍ഐ പേമെന്റ് സീറ്റുകള്‍. എന്നാല്‍ കേരളത്തിലുളളവര്‍ക്ക് വേണ്ടി എന്‍ആര്‍ഐകള്‍ക്ക് സീറ്റ് സ്‌പോണ്‍സര്‍ ചെയ്യാമെന്ന സാങ്കേതിക ന്യായം നിരത്തി രമേശനെ ന്യായീകരിക്കുവാനും സിപിഎം ഭരണ സമിതി ശ്രമിച്ചു. എന്നാല്‍ സാധാരണക്കാരന് വിദ്യാഭ്യാസം അപ്രാപ്യമാക്കുന്ന മാനേജ്‌മെന്റ് ക്വാട്ടയും എന്‍ആര്‍ഐ ക്വാട്ടയും സ്വന്തം നേതാക്കള്‍ തന്നെ വളഞ്ഞ വഴിയിലൂടെ സ്വന്തമാക്കുന്നതിനെക്കുറിച്ചുളള വിമര്‍ശനങ്ങള്‍ ഡിവൈഎഫ്‌ഐക്കുളളിലും പാര്‍ട്ടിക്കുളളിലും ഉയര്‍ന്നതോടെ രമേശനെ രക്ഷിക്കാനുളള ശ്രമങ്ങള്‍ കയ്യൊഴിയേണ്ടിവന്നു. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ ഒരാള്‍ക്ക് അരക്കോടിയുടെ സീറ്റില്‍ മകളെ പഠിപ്പിക്കുന്നതിനുളള സാമ്പത്തിക സ്രോതസ് എവിടെ നിന്നാണെന്ന ചോദ്യവും ഉയര്‍ന്നു. ആരോപണങ്ങളെ തുടര്‍ന്ന് അടൂര്‍ പ്രകാശിനെപ്പോലെ രമേശനും മകളുടെ സീറ്റ് 'പാര്‍ട്ടിക്ക് വേണ്ടി'  ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചു.

'രക്ഷിതാവെന്ന നിലയിലുളള ആഗ്രഹങ്ങള്‍ക്ക് കാഴ്‌പ്പെട്ടുപോയി' എന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റുപറച്ചില്‍. ജനങ്ങളോടും പാര്‍ട്ടിയോടും ക്ഷമ ചോദിക്കാനും അദ്ദേഹം മടിച്ചില്ല. എന്നാല്‍ എതിര്‍പ്പുകള്‍ ഉണ്ടായില്ലെങ്കില്‍ ഇത്തരം ഏറ്റുപറച്ചിലുകളില്ലാതെ അടൂര്‍ പ്രകാശിന്റെയും രമേശന്റെയും മക്കള്‍ കച്ചവടം ചെയ്യുന്ന സീറ്റുകളില്‍ പഠനം തുടരുമായിരുന്നു. പുറത്ത് യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും 'വിദ്യാഭ്യാസ കച്ചവടത്തിനെതിരെ' സമരം നടത്താന്‍ പ്രവര്‍ത്തകരെ തെരുവില്‍ ഇറക്കുകയും ചെയ്യും. ഏറെ രസകരമായ കാര്യം വിദ്യാഭ്യാസ കച്ചവടത്തെ എതിര്‍ക്കുകയും രക്തസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്ത സിപിഎം നേതൃത്വം നല്‍കുന്ന പരിയാരം മെഡിക്കല്‍ കോളേജ് ഭരണ സമിതി നാല് വര്‍ഷം കൊണ്ട് മാനേജ്‌മെന്റ്,  എന്‍ആര്‍ഐ സീറ്റുകളുടെ വില്‍പ്പനയിലൂടെ 30 കോടിയോളം സമ്പാദിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. രക്തസാക്ഷികളുടെ എണ്ണം കൂടിയിരുന്നെങ്കില്‍ ലാഭവും കൂടുമായിരുന്നു.

സ്വാശ്രയ കച്ചവടത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ നടത്തുന്ന ഒളിച്ചുകളികള്‍ തന്നെയാണ് ഈ ഉദാഹരണങ്ങളിലൂടെ പുറത്തുവരുന്നത്. സമരങ്ങളും ഭാവിയിലേക്കുളള കച്ചവട സാധ്യതകള്‍ തുറക്കുന്നുണ്ടെന്ന് അടൂര്‍ പ്രകാശും രമേശനും എം വി ജയരാജനും തെളിയിക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ പുറത്ത് തല്ലുകൊളളുമ്പോള്‍ നേതാക്കളുടെ മക്കള്‍ 'സ്വാശ്രിത'രായി ഭാവി സുരക്ഷിതമാക്കുന്നു. അത്തരത്തിലൊരു കണ്ണിയിലാണ് ഇപ്പോള്‍ വാസവനും അണിചേര്‍ന്നിരിക്കുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.