Wednesday, June 15, 2011

ഇനി കളിവേണ്ട മോനേ രമേശാ!


ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ സി പി എമ്മിലെ പാര്‍ട്ടി ഘടന വെച്ച് വലിയ സ്ഥാനമല്ല. ട്രഷറര്‍ സ്ഥാനത്തിരിക്കുന്നവര്‍ക്ക് 'സാമ്പത്തികം' സംഘടിപ്പിക്കാന്‍ കഴിവുവേണം. പിരിക്കുന്ന പണം കൂടുമ്പോഴല്ലേ സംഘടന വളരുകയുള്ളു.
പണം പിരിക്കാനുള്ള കഴിവ് മാനദണ്ഡമാക്കിയാണ് വയസ് 45 ആയിട്ടും പാര്‍ട്ടിയുടെ യുവനിരയുടെ മുന്നണിപ്പോരാളിയായി വി വി രമേശന്‍ തുടരുന്നത്. ഡി വൈ എഫ് ഐ ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ തന്നെ രമേശന്റെ  പ്രായസര്‍ട്ടിഫിക്കറ്റൊക്കെ സംഘടിപ്പിച്ച് എതിര്‍പക്ഷം പാര്‍ട്ടി നേതാക്കളേയും  മാധ്യമങ്ങളേയും സമീപിച്ചതാണ്. നേതാക്കള്‍ കണ്ണുരുട്ടിക്കാണിച്ചപ്പോള്‍ യുവനിരയിലെ 'സമരോല്‍സുകരായ' അണികള്‍ പിന്‍വലിഞ്ഞു. രമേശന്‍ തന്നെ നേതാവെന്ന് മുഷ്ടി ചുരുട്ടി പ്രഖ്യാപിച്ചു. ഡിവൈഎഫ്‌ഐക്ക് മാത്രമല്ല പാര്‍ട്ടിയിലെ പലര്‍ക്കും പണം പിരിക്കാനുള്ള ഉപകരണമായി നിന്നുകൊടുത്ത് രമേശന്‍ പ്രസ്ഥാനത്തിന്റെ കണ്ണിലുണ്ണിയായി.പാര്‍ട്ടിയോട് ഇത്രയ്ക്ക് കൂറുള്ള ഒരു രമേശന്‍ മകളെ എം ബി ബി എസിന് ചേര്‍ക്കുന്നതാണത്രെ വല്യ അപരാധം. 50 ലക്ഷം മുടക്കി പഠിക്കാന്‍ പാടില്ലെന്നാണ് 'തെറ്റു തിരുത്തലാശാന്മാര്‍' കല്‍പ്പിക്കുന്നത്. സ്വാശ്രയം, മാനേജ്‌മെന്റ് ക്വാട്ട, എന്‍ ആര്‍ ഐ ക്വാട്ട, വിദേശപഠനം എന്നൊക്കെ കേള്‍ക്കുമ്പോള്‍ എസ് എഫ് ഐ, ഡി വൈ എഫ് ഐ സഖാക്കള്‍ക്ക് മുമ്പൊക്കെ വല്ലാത്തൊരു കലിയായിരുന്നു. വിദ്യാഭ്യാസ കച്ചവടം എന്നാണ് സകലതിനേയും അവര്‍ വിശേഷിപ്പിക്കുന്നത്. വിദ്യാഭ്യാസ കച്ചവടത്തിനെതിരെ  എന്തെല്ലാം സമരം  നടത്തി, എത്ര സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ചു, എന്തൊക്കെ നാശനഷ്ടങ്ങളാണ് വരുത്തിയത്. പരിയാരം മെഡിക്കല്‍ കോളേജിനെതിരെ സമരം നടത്തി മന്ത്രിയായിരുന്ന എം വി രാഘവനെ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഒടുവില്‍ നാല് ചെറുപ്പക്കാരെ രക്തസാക്ഷികളാക്കുകയും ചെയ്തു.
 
എപ്പോഴും വൈകി മാത്രം തെറ്റുകള്‍ തിരിച്ചറിയുന്ന പ്രസ്ഥാനമായതുകൊണ്ട് നിലപാടുകള്‍ തിരുത്തി. സ്വാശ്രയമാവാം, എന്‍ ആര്‍ ഐ ക്വാട്ടയാവാമെന്നൊക്കെ പാര്‍ട്ടി ചിന്തിച്ചു. അതനുസരിച്ച് വി വി രമേശന്‍ പ്രവര്‍ത്തിച്ചു. അതത്രയ്ക്ക് വല്യ അപരാധമാണോ? 
പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ മകന്‍ വിവേകിന് ബര്‍മിംഗ് ഹാം യൂണിവേഴ്‌സിറ്റിയില്‍  ബിസിനസ് അഡ്മിനിസ്‌ട്രേഷന് ലക്ഷങ്ങള്‍ മുടക്കി പഠിക്കാം. പ്രകാശ് കാരാട്ട് തന്നെ പഠനം നടത്തിയത് ലണ്ടനിലാണ്. ഇവര്‍ക്കൊക്കെ ആകാമെങ്കില്‍  വി വി രമേശനെന്ന ഡി വൈ എഫ് ഐയുടെ സംസ്ഥാന ട്രഷറര്‍ക്ക് മകളെ 50 ലക്ഷം കൊടുത്ത്  പഠിപ്പിക്കുന്നതിലെന്ത് തെറ്റാണ് പറയാനാവുക? പിണറായി വിജയന്റെ കൃത്യമായ വരുമാനങ്ങളൊന്നും പരിശോധിക്കാത്ത പാര്‍ട്ടിക്ക് രമേശന്റെ വരുമാനം ചികഞ്ഞന്വേഷിക്കാന്‍ എന്തധികാരമെന്ന് ചോദിച്ചാല്‍ പാര്‍ട്ടി യോഗങ്ങളില്‍ എന്തുത്തരമാണ്  നേതാക്കള്‍ നല്‍കുക?
രമേശനെ പുറത്താക്കുന്ന കാര്യത്തെ ചൊല്ലിയാണ് പാര്‍ട്ടിക്കകത്ത് ഇപ്പോള്‍ കോലാഹലം നടക്കുന്നത്. ഡി വൈ എഫ് ഐ സഖാക്കള്‍ രാജിഭീഷണി വരെ മുഴക്കിയാണ് രമേശനെ പുറത്താക്കാന്‍ പാടു പെടുന്നത്. പാര്‍ട്ടി നേതൃത്വത്തിന് അങ്ങനെ പുറത്തു കളയാന്‍ പറ്റുന്നയാളാണോ വി വി രമേശന്‍?. അതു ചിന്തിക്കാനുള്ള ബുദ്ധിയെങ്കിലും പ്രവര്‍ത്തകര്‍ക്ക് വേണ്ടേയെന്ന് ചോദിച്ചു പോവുകയാണ്. മഞ്ചേശ്വരം എം എല്‍ എയായിരുന്ന പാര്‍ട്ടി സഖാവിന് മാഫിയാ ബന്ധമുണ്ടെന്നാരോപിച്ച പ്രവര്‍ത്തകനെ കഴുത്തിനു പിടിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ അധികമൊന്നും ചിന്തിക്കേണ്ട. അതു പോലെയാണോ രമേശന്‍?
 
കാഞ്ഞങ്ങാട്ട് ചേര്‍ന്ന സി പി എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ രമേശനെ പുറത്താക്കാനാവശ്യപ്പെട്ടവരുടെ പുകിലൊന്നും പറയേണ്ട. പാര്‍ട്ടിയെ വെച്ച് തനിക്കു മാത്രമല്ല സകല ബന്ധുക്കള്‍ക്കും സ്ഥാനമാനങ്ങള്‍ വാങ്ങിച്ച സീനിയര്‍ നേതാവൊക്കെ രമേശനെതിരേ ധാര്‍മിക രോഷം കൊണ്ടുവത്രേ. മക്കള്‍ക്ക് സി പി എമ്മിന്റെ സഹകരണസ്ഥാപനങ്ങളില്‍ ജോലി, മരുമക്കള്‍ക്ക് സര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളില്‍ ജോലി, ഇടതുഭരണകാലത്ത് ആവോളം ആനുകൂല്യങ്ങള്‍ നേടി ഒടുവില്‍ ഉദുമ സീറ്റിന്റെ കാര്യത്തിലെ പിടിവലിയില്‍ മാത്രം തോല്‍ക്കേണ്ടി വന്ന നേതാവിനൊക്കെ രക്തം തിളക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
മടിക്കൈയിലേയും പുത്തിഗേയിലേയും പാര്‍ട്ടിക്കൂറുള്ള സാധാരണ പ്രവര്‍ത്തകരുടെ 'റേഞ്ചി'ലല്ല വി വി രമേശനെ പോലുള്ള നേതാക്കളെന്ന യാഥാര്‍ത്ഥ്യം 'അധ്വാനിക്കുന്ന' തൊഴിലാളിവര്‍ഗം വൈകാതെ തിരിച്ചറിയും, കാത്തിരിക്കാം.
 
യെച്ചൂരിക്കൊരു തിരുത്ത്
സി പി എം- സി പി ഐ ലയനമെന്ന വലിയൊരു സ്വപ്‌നമാണ് സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പങ്കുവെച്ചത്. ദേശീയമാധ്യമങ്ങളൊക്കെ എടുത്താഘോഷിച്ചു. സിപിഎം-സിപിഐ ലയനം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. ഇന്നലെ കണ്ണൂരില്‍ പാര്‍ട്ടി ക്ലാസെടുക്കാനെത്തിയ പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള കൃത്യമായി യെച്ചൂരിയെ തിരുത്തി. നടക്കാത്ത കാര്യമാണ് ലയനമെന്ന് പിള്ള പറഞ്ഞു.  തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ക്ഷീണമൊന്നും വേണ്ടെന്നാണ് ക്ലാസില്‍ എസ് ആര്‍ പിയുടെ ഉപദേശം. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പും ജനവിധിയുമൊക്കെ അജണ്ടയേയല്ല. അത് വെറും തലവിധി!

No comments:

Post a Comment

Note: Only a member of this blog may post a comment.