Tuesday, June 7, 2011

നൂറുദിന കര്‍മ്മ പരിപാടിയില്‍ ആദ്യനേട്ടം മൂലമ്പിള്ളി


 നൂറുദിന കര്‍മ്മ പരിപാടി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുപ്രധാനമായ മൂലമ്പിള്ളി പാക്കേജില്‍ ഒപ്പിട്ട സര്‍ക്കാര്‍, ലക്ഷ്യത്തിലേക്ക് ആദ്യ ചുവടുവെച്ചു.
വല്ലാര്‍പ്പാടം കണ്ടെയിനര്‍ ടെര്‍മിനല്‍ പദ്ധതിയുടെ റോഡ്-റെയില്‍ നിര്‍മ്മാണത്തിനായി മൂലമ്പിളളിയില്‍ കുടിയൊഴിപ്പിക്കപ്പെവര്‍ക്കായുളള പുനരധിവാസ പാക്കേജിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത്. പാക്കേജ് പ്രകാരം മൂലമ്പിള്ളി സമരസമിതി പ്രതിനിധികള്‍ ഉന്നയിച്ച 12 വിഷയങ്ങളില്‍ സര്‍ക്കാര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ 40 മാസക്കാലമായി തുടര്‍ന്നുവെന്ന സമരവും അവസാനിച്ചു. 
കേന്ദ്രമന്ത്രി കെ.വി തോമസ്, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.എം മാണി, ആര്യാടന്‍ മുഹമ്മദ്, കെ. ബാബു, പി.ജെ ജോസഫ്, കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍, എറണാകുളത്തെ എം.എല്‍എമാര്‍, സമരസമിതി പ്രതിനിധികള്‍, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട പട്ടയം ഉടന്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാനുള്ള തീരുമാനമാണ് പാക്കേജില്‍ പ്രധാനം. ഇതിനായി ജില്ലാകളക്ടറെ ചുമതലപ്പെടുത്തി. കേസുകള്‍ പിന്‍വലിക്കുന്ന മുറയ്ക്ക് പട്ടയം നല്‍കും. ഡി.എല്‍.പി സി നിരക്ക് സ്വീകരിച്ച നാലുപേര്‍ക്ക് അവര്‍ സ്വയം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന മുറയ്ക്ക് പട്ടയം നല്‍കും. ഈ പന്ത്രണ്ട് കുടുംബങ്ങള്‍ക്കും മറ്റുള്ളവര്‍ക്ക് നല്‍കിയ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. എല്‍.എ ആക്ട് പ്രകാരം സ്വീകരിച്ച ആനുകൂല്യങ്ങള്‍ വേണ്ടെന്നും പകരം ഡി.എല്‍.പി.സി നിരക്കിലേക്ക് മാറുന്നതായി അറിയിച്ചും കോടതിയില്‍ ഇവര്‍ സത്യവാങ്മൂലം നല്‍കണം.
 
പുനരധിവാസത്തിനായി കണ്ടെത്തിയ പത്തുകേന്ദ്രങ്ങളിലേക്ക് വെളഅളം, വെളിച്ചം, റോഡ്, ഡ്രെയിനേജ് സൗകര്യങ്ങള്‍ ഓരോ കോമണ്‍ പോയിന്റിലും എത്തിക്കും. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍ വരാത്തവിധം അനുയോജ്യമായ വേലി ഉറപ്പുവരുത്തും. വീട് വെയ്ക്കുന്നതിന് മുമ്പ് നടത്തേണ്ട പൈലിംഗ് നടത്തുന്നതിന് ഒരുകുടുംബത്തിന് 75,000 രൂപ വീതം നല്‍കും. കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാകുന്നതുവരെ കുടുംബങ്ങള്‍ക്ക് വാടകക്ക് താമസിക്കാന്‍ 5000 രൂപ വീതം നല്‍കും. 27 മാസത്തെ കുടിശിക അടക്കമാണ് വാടക നല്‍കുന്നത്. നഷ്ടപരിഹാര തുകയ്ക്ക് 12 ശതമാനം കേന്ദ്ര വരുമാന നികുതി ഈടാക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ റവന്യൂവകുപ്പ് നടപടി സ്വീകരിക്കും. ബാങ്ക് വായ്പയ്ക്കായി പട്ടയത്തില്‍ ഇളവുവരുത്താനും ധാരണയായി. കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങളിലെ ഒരു അംഗത്തിന് വീതം വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴില്‍ നല്‍കും. ഇക്കാര്യം മോണിറ്റര്‍ ചെയ്യുന്നതിന് കേന്ദ്രമന്ത്രി കെ.വി തോമസിനെയും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ചുമതലപ്പെടുത്തി. അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ ഒഴികെയുള്ള കേസുകള്‍ ഉടന്‍ തന്നെ പിന്‍വലിക്കും. മറ്റ് കേസുകളെക്കുറിച്ച് പഠിച്ച് തീരുമാനമെടുക്കും. തൊഴില്‍സ്ഥാപനം നഷ്ടപ്പെട്ട ജോയി ജോണ്‍, ജോണ്‍ ജോസഫ് എന്നിവര്‍ക്ക് വ്യാപാരം നടത്തുന്നതിന് സഹായം നല്‍കും. ഇതിനായി  ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാനും തീരുമാനമായി.
 
പന്ത്രണ്ട് മണിയോടെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നത്. മൂലമ്പിള്ളി പ്രശ്‌നത്തിന് പ്രായോഗികമായ പരിഹാരത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പാക്കേജിന് പുറത്തുള്ള ഒരുകാര്യവും ഉന്നയിക്കരുതെന്നും ആമുഖമായി പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി സമരസമിതി പ്രതിനിധികളുടെ സഹകരണം തേടിയത്. തുടര്‍ന്ന് കോ-ഓര്‍ഡിനേഷനെ പ്രതിനിധീകരിച്ച് ഫ്രാന്‍സിസ് കളത്തുങ്കല്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. മുന്‍ മന്ത്രി എസ്. ശര്‍മ്മ, എം.എല്‍എമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, ജോസഫ് വാഴയ്ക്കന്‍, അന്‍വര്‍ സാദത്ത്, ടി.യു കുരുവിള, ഡോമിനിക് പ്രസന്റേഷന്‍, വി.പി സജീന്ദ്രന്‍, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളി, സമരസമിതി പ്രതിനിധികളായ സി.ആര്‍ നീലകണ്ഠന്‍, അരവിന്ദാക്ഷന്‍ മാസ്റ്റര്‍, വി.പി വില്‍സണ്‍, പി.ജെ സെലസ്റ്റിന്‍ മാസ്റ്റര്‍, ടി.കെ സുധീര്‍കുമാര്‍, ഫാ. റോമാന്‍സ് ആന്റണി, കെ. റജികുമാര്‍, ഗ്രേസി ജോസഫ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി. ഹരന്‍, എറണാകുളം ജില്ലാ കളക്ടര്‍ ഷേക് പരീത് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ചകള്‍ നടന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.