Monday, June 27, 2011

വൈദ്യുതി വികസനം; കേരളത്തിന് 478 കോടിയുടെ കേന്ദ്രസഹായം


 സംസ്ഥാനത്തെ വൈദ്യുതി മേഖലയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ 478 കോടി രൂപയുടെ സഹായം നല്‍കും. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ ഇന്നലെ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി
കെ.സി വേണുഗോപാല്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. റീസ്ട്രക്‌ച്ചേര്‍ഡ് ആക്‌സിലറേറ്റഡ് പവര്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് റീഫോംസ് പ്രോഗ്രാമിനു (ആര്‍.എ.പി.ഡി.ആര്‍.പി) കീഴില്‍ കോഴിക്കോട്, കൊച്ചി നഗരങ്ങള്‍ക്ക് 369 കോടി ലഭിക്കും. രാജീവ്ഗാന്ധി ഗ്രാമീണ്‍ വിദ്യുത് കരണ്‍ യോജന (ആര്‍.ജി.ജി.വി.വൈ) പദ്ധതി നടപ്പാക്കാന്‍ ബാക്കിയുള്ള ഏഴു ജില്ലകളിലേക്കു 90കോടി രൂപ അനുവദിച്ചു. തിരുവന്തപുരത്ത് സൂപ്പര്‍വൈസറി കണ്‍ട്രോള്‍ ആന്‍ഡ് ഡാറ്റ അക്വിസിഷന്‍ പദ്ധതി നടപ്പാക്കുന്നതിന് 29 കോടി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എ.പി.ഡി.ആര്‍.പി സഹായം രണ്ടു ഘട്ടങ്ങളായാണ് അനുവദിക്കുന്നത്. വൈദ്യുതി മേഖലയിലെ ഐ.ടി അനുബന്ധ സേവനങ്ങളുടെ വികസനം പാര്‍ട്ട് എയിലും അടിസ്ഥാന സൗകര്യ വികസനം പാര്‍ട്ട് ബിയിലും ഉള്‍പ്പെടുന്നു. പാര്‍ട്ട് എയില്‍ കേരളത്തിലെ 43 പട്ടണങ്ങള്‍ക്കായി 214 കോടി രൂപ അനുവദിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ 42 പട്ടണങ്ങള്‍ക്ക് പാര്‍ട്ട് ബി സഹായമായി 872 കോടി അനുവദിച്ചു. അതിനു പുറമെയാണ് കോഴിക്കോട്, കൊച്ചി നഗരങ്ങള്‍ക്കു പാര്‍ട്ട് ബി സഹായമായി 369 കോടി ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. തിരുവനന്തപുരത്തിന്റെ പദ്ധതിക്കുള്ള പാര്‍ട്ട് ബി സര്‍വെ നവംബറിനകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വേണുഗോപാല്‍ അറിയിച്ചു.
 
പാര്‍ട്ട് എ പദ്ധതി നടപ്പാക്കാന്‍ മൂന്നുവര്‍ഷവും പാര്‍ട്ട് ബിക്ക് അഞ്ചുവര്‍ഷവുമാണ് കാലാവധി. ഇതിനകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സഹായം വായ്പയായി രൂപാന്തരം പ്രാപിക്കും. കൊറിയന്‍ കരാര്‍ വിവാദവുമായി ബന്ധപ്പെട്ട് ആര്‍.എ.പി.ഡി.ആര്‍.പി പാര്‍ട്ട് എ ഇപ്പോള്‍ കോടതി വ്യവഹാരത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ഇതു സര്‍ക്കാരിന്റെയോ ബോര്‍ഡിന്റെയോ കുഴപ്പം കൊണ്ടല്ല. അതിനാല്‍ സംസ്ഥാനം അപേക്ഷിക്കുകയാണെങ്കില്‍ പദ്ധതി കാലാവധി നീട്ടുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നു കേന്ദ്രമന്ത്രി പറഞ്ഞു. ആര്‍.ജി.ജി.വി.വൈ പദ്ധതി പ്രകാരം കാസര്‍ഗോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകള്‍ക്കു നേരത്തെ 135 കോടി രൂപ നല്‍കിയിരുന്നു. തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്കാണ് ഇപ്പോഴത്തെ 90 കോടി ലഭിക്കുക. മൂന്നു മാസത്തിനകം പ്രൊജക്ട് റിപ്പോര്‍ട്ട് നല്‍കി ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു സംസ്ഥാനത്തിന് അനുമതി നല്‍കിയതായി വേണുഗോപാല്‍ അറിയിച്ചു.

No comments:

Post a Comment

Note: Only a member of this blog may post a comment.