Friday, June 10, 2011

കേരളത്തില്‍ പഴി സാമുദായിക ശക്തികള്‍ക്ക്; ബംഗാളില്‍ ഏറ്റുപറച്ചില്‍

സംഘടനാപരമായ വീഴ്ചകളല്ല, ചില ജില്ലകളിലുണ്ടായ സാമുദായിക കേന്ദ്രീകരണമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍.ഡി.എഫിനുണ്ടായ തോല്‍വിക്ക് കാരണമെന്ന് സി.പി.എം. സംസ്ഥാന നേതൃത്വം. വെള്ളിയാഴ്ച ആരംഭിച്ച സി.പി.എം. പൊളിറ്റ് ബ്യൂറോ യോഗത്തില്‍ കേരള സംസ്ഥാനനേതൃത്വം സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഈ വിലയിരുത്തല്‍.

എന്നാല്‍, തിരഞ്ഞെടുപ്പ് പരാജയം ഉള്‍ക്കൊണ്ട് തെറ്റുകള്‍ തിരുത്തി ശക്തമായി തിരിച്ചുവരുന്നതിന് കൂടുതല്‍ ജനകീയവിഷയങ്ങള്‍ ഏറ്റെടുക്കുമെന്ന് സി.പി.എം. പശ്ചിമബംഗാള്‍ ഘടകത്തിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പ്രഖ്യാപിക്കുന്നു.
നഷ്ടപ്പെട്ട ജനകീയബന്ധം പുനഃസ്ഥാപിക്കാനും പാര്‍ട്ടി സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താനും വേണ്ട പ്രവര്‍ത്തനം നടത്തണമെന്നും ബംഗാള്‍ സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്രകമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കേണ്ട തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടുകള്‍ പൊളിറ്റ്ബ്യൂറോ അംഗീകരിച്ചു.

പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം നടത്താനായതിന്റെ ആത്മവിശ്വാസം നിഴലിക്കുന്ന അവലോകന റിപ്പോര്‍ട്ട് കേരള സംസ്ഥാന നേതൃത്വം സമര്‍പ്പിച്ചപ്പോള്‍ കുറ്റസമ്മതത്തിന്റെയും ഏറ്റുപറച്ചിലിന്റെയും സ്വഭാവത്തിലുള്ള അവലോകന റിപ്പോര്‍ട്ടാണ് ബംഗാള്‍ ഘടകം സമര്‍പ്പിച്ചിരിക്കുന്നത്.

എല്ലാ ഇടതുവിരുദ്ധശക്തികളും മുമ്പെങ്ങുമില്ലാത്തവിധം ശക്തമായി രംഗത്തിറങ്ങിയെങ്കിലും 41 ശതമാനം ജനങ്ങളുടെ പിന്തുണ ബംഗാളില്‍ എല്‍.ഡി.എഫിന് ലഭിച്ചുവെന്നും സംസ്ഥാന സെക്രട്ടറി ബിമന്‍ബസു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.
കേരളം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനഘടകങ്ങള്‍ സമര്‍പ്പിച്ച അവലോകന റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ച പൊളിറ്റ്ബ്യൂറോ ആരംഭിച്ചിട്ടുണ്ട്.

പശ്ചിമബംഗാളില്‍ സി.പി.എമ്മിനുണ്ടായ കനത്ത തോല്‍വി പാര്‍ട്ടിയുടെ പശ്ചിമബംഗാള്‍ ഘടകത്തിലും ബംഗാളിലെ എല്‍.ഡി.എഫിലും അപസ്വരങ്ങള്‍ക്കും ആശയഭിന്നതയ്ക്കും വഴിയൊരുക്കിയ സാഹചര്യത്തില്‍ അതുസംബന്ധിച്ച് പൊളിറ്റ്ബ്യൂറോയില്‍ ചര്‍ച്ചയുണ്ടായി. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടുകളോടുള്ള വിയോജിപ്പും യോഗത്തില്‍ ഉയര്‍ന്നതായി സൂചനയുണ്ട്.

അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്താന്‍ പൊളിറ്റ്ബ്യൂറോ യോഗത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. അന്തിമതീരുമാനം ശനി, ഞായര്‍ ദിവസങ്ങളില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാണുണ്ടാവുക. 2008 ഏപ്രില്‍ മാസത്തില്‍ കോയമ്പത്തൂരിലാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് 2011 ഏപ്രില്‍ മാസത്തില്‍ നടക്കേണ്ടതായിരുന്നുവെങ്കിലും 2010 ആഗസ്തില്‍ വിജയവാഡയില്‍ ചേര്‍ന്ന വിശാല കേന്ദ്രകമ്മിറ്റിയോഗം പാര്‍ട്ടിസമ്മേളനങ്ങള്‍ ഒരുവര്‍ഷത്തേക്ക് നീട്ടിവെയ്ക്കാന്‍ നേതൃത്വത്തിന് അനുമതി നല്‍കിയിരുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.