Friday, June 3, 2011

ഒറ്റ പ്രഖ്യാപനത്തിലൂടെ ദേശീയ ശ്രദ്ധയിലേക്ക്


ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തനനിരതമായ ഭരണമാതൃകയിലൂടെ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്











ഭരണം സുതാര്യവും അഴിമതിരഹിതവുമാക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പരിപാടിയെ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നത്. ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ ജനകീയ തീരുമാനങ്ങള്‍ എടുത്ത സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച കേരള ജനതയ്ക്ക് മുന്നില്‍, ഭരണം ഒരു തുറന്ന പുസ്തകമാക്കി മാറ്റാനുള്ള തയ്യാറെടുപ്പാണിതെന്ന് പറയാം. അഴിമതി വിമുക്ത ഭരണം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇതെല്ലാം നടപ്പാകുമോയെന്ന് ആശങ്കപ്പെടുന്ന ജനങ്ങളോട്, നടപ്പാക്കാനാകാത്ത ഒരു പരിപാടിയും പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രായോഗികതയും സാങ്കേതികത്വവും പരിശോധിച്ച ശേഷമാണ് ഇവ പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി ഉറപ്പ്‌നല്‍കിയിട്ടുണ്ട്. ഈ ഉറപ്പ് പാലിക്കപ്പെടുമെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കേരളം ചരിത്രത്തിന്റെ പുസ്തകത്താളില്‍ ഇടംപിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും വകുപ്പ് തലവന്മാരുടെയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന പ്രഖ്യാപനം തന്നെയാണ് കര്‍മ്മ പദ്ധതിയിലെ പ്രധാന ഹൈലൈറ്റ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍, അവരുടെ കുടുംബാംഗങ്ങള്‍, അഡ്വക്കേറ്റ് ജനറല്‍, സര്‍ക്കാര്‍ ലോ ഓഫീസര്‍മാര്‍ എന്നീ വിഭാഗങ്ങളെയും സ്വത്ത് വിവരം വെളിപ്പെടുത്തുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസല്ല, ഇനി മുഖ്യമന്ത്രിയുടേത്. അവധി ദിനങ്ങളില്ലാതെ 24 മണിക്കൂറും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കും. ഏത് സമയത്തും പരാതികള്‍ നല്‍കാന്‍ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെത്താം.
ഇന്ത്യയില്‍ ഒരു സംസ്ഥാനത്തുമില്ലാത്ത പുതിയ ഭരണപരിഷ്‌കാരമാണിത്. ഇത് ആദ്യഘട്ടമാണ്. ഈ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം എല്ലാമന്ത്രിമാരുടെയും ഓഫീസ് 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള രൂപരേഖയും തയ്യാറായിട്ടുണ്ട്. ഭരണം തുറന്ന പുസ്തകമാക്കുന്നതിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം തല്‍സമയം ജനങ്ങളുടെ കണ്‍മുന്നിലെത്തിക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് വെബ്‌സൈറ്റിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന ഓരോ ചലനങ്ങളും കാണാന്‍ കഴിയും. കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടി, തന്റെ ഓഫീസ് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുവെച്ചത് കേരളം കണ്ടതാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ചുവപ്പ്‌നാടയില്‍ കുരുങ്ങിക്കിടക്കുന്ന ഫയലുകള്‍ക്ക് മോചനം നല്‍കാനുള്ള പരിപാടിയും സ്വാഗതാര്‍ഹമാണ്. മൂന്നുലക്ഷത്തോളം ഫയലുകളാണ് വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്നത്. സെക്രട്ടറിയേറ്റില്‍ മാത്രം ഏതാണ്ട് ഒന്നരലക്ഷത്തോളം ഫയലുകളുണ്ട്. ഇതില്‍ നിയമപരമായ തടസങ്ങളില്ലാത്തവ ഉടന്‍ തീര്‍പ്പാക്കും. ജില്ലാതലങ്ങളിലും ഫയലുകളുടെ തീര്‍പ്പാക്കലിന് അടിയന്തര നടപടി പ്രഖ്യാപിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്ന വ്യക്തിയ്ക്ക് അതേദിവസം തന്നെ റേഷന്‍കാര്‍ഡ് നല്‍കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. അപേക്ഷ കിട്ടിയാല്‍ ഉടന്‍ റേഷന്‍ കാര്‍ഡ് അനുവദിക്കും. അപേക്ഷകന് റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ യോഗ്യതയുണ്ടോയെന്ന പരിശോധന പിന്നീടാണ് നടത്തുക. യോഗ്യതയില്ലെങ്കില്‍ റേഷന്‍കാര്‍ഡ് റദ്ദാക്കും. മൂന്നുലക്ഷത്തോളം റേഷന്‍ കാര്‍ഡ് അപേക്ഷകളാണ് ഇപ്പോള്‍ കെട്ടിക്കിടക്കുന്നത്. അവ നല്‍കാനുള്ള നടപടിയും പ്രഖ്യാപിച്ചിട്ടുണ്ട്. റേഷന്‍കാര്‍ഡ് ഇല്ലാത്തതിനാല്‍ വിദ്യാഭ്യാസവും ചികില്‍സയും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്ന സമൂഹത്തിന് ഇത് ഗുണം ചെയ്യും.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാകുടുംബങ്ങള്‍ക്കും ഒരുരൂപ നിരക്കില്‍ 25 കിലോ അരി നല്‍കുന്ന പദ്ധതി കേരളം കയ്യടിയോടെ സ്വീകരിക്കുമെന്നുറപ്പാണ്. നൂറുദിവസത്തിനുള്ളില്‍ തന്നെ ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കും. അനാഥരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. മലയാളികള്‍ക്കുള്ള ഓണസമ്മാനമായാണ് സര്‍ക്കാര്‍ ഒരു രൂപ അരി പദ്ധതിയെ വിശേഷിപ്പിക്കുന്നത്. ആശ്രയ പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. നിരാലംബരെയും പരമദരിദ്രരെയും ലക്ഷ്യംവെച്ചാണ് ആശ്രയ പദ്ധതി വ്യാപിപ്പിക്കുന്നത്. പക്ഷാഘാതമോ മറ്റോ പിടിപെട്ട് പൂര്‍ണമായും ശരീരം തളര്‍ന്നുപോയവരെക്കൂടി ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. 25,000 രൂപയ്ക്കുമേല്‍ വാര്‍ഷിക വരുമാനം ഉള്ളവര്‍ ഒഴികെയുള്ള എല്ലാ ആദിവാസി കുടുംബങ്ങളെയും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി വിപുലമായി നടപ്പാക്കും. റോഡപകടങ്ങളില്‍പെടുന്നവരുടെ ചികിത്സാ ചിലവുകള്‍ വഹിക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കളക്ടറേറ്റുകളിലും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തും. ഓരോ ജില്ലയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ മന്ത്രിയെ ചുമതലപ്പെടുത്തും. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ ജനസമ്പര്‍ക്ക പരിപാടി നടപ്പാക്കും. ഇതെല്ലാം സാധാരണക്കാരനെ ലക്ഷ്യംവെച്ചുള്ള പ്രഖ്യാപനങ്ങളാണ്.
അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നവര്‍ക്ക് റിവാര്‍ഡ് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പൊതുപ്രവര്‍ത്തകരില്‍ ഏറെ ആഹ്‌ളാദം ഉണ്ടാക്കുന്നുണ്ട്. പൊതുരംഗത്തെ അഴിമതികള്‍ പുറത്തുകൊണ്ടുവരുന്നവര്‍ക്ക് മതിയായ സംരക്ഷണമാണ് വാഗ്ദാനം. അഴിമതി വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഒപ്പം അവാര്‍ഡും നല്‍കും. കരാറുകളിലെ അഴിമതി ഏറെ ചര്‍ച്ചാവിഷയമായ പശ്ചാത്തലത്തില്‍ എല്ലാ കരാറുകളും ഒപ്പിടുന്ന അതേദിവസം തന്നെ സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുമെന്ന പ്രഖ്യാപനത്തിന് പ്രസക്തിയേറെയുണ്ട്. വിവരാവകാശ നിയമം സുശക്തമായി നടപ്പാക്കും. വിവരങ്ങള്‍ പരസ്യപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. വിവരാവകാശ അപേക്ഷകളും ഫീസും ഓണ്‍ലൈനായി സ്വീകരിക്കാനുള്ള നിര്‍ദ്ദേശവും സംസ്ഥാനത്ത് ആദ്യമാണ്. ടെണ്ടര്‍, പര്‍ച്ചേസ് നടപടികള്‍ക്ക് ചീഫ് വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗരേഖ നടപ്പാക്കും. കേന്ദ്രസര്‍ക്കാരും പൊതുസമൂഹവും ചേര്‍ന്ന് രൂപീകരിക്കുന്ന ലോക്പാല്‍ ബില്ലിന് അനുസൃതമായി സംസ്ഥാനത്ത് ലോകായുക്ത ബില്‍ ഭേദഗതി ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പ്രധാന പദ്ധതികളുടെ ധനവിനിയോഗം, സാമൂഹിക നേട്ടം, സുതാര്യത എന്നിവ വിലയിരുത്താന്‍ സാമൂഹിക സാമ്പത്തിക ഓഡിറ്റ് സംവിധാനം മുന്‍കൂറായി നടപ്പാക്കും.
പൊലീസിലെ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൊതുജനങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഗുണ്ടാവിരുദ്ധ നിയമം കര്‍ശനമായി നടപ്പാക്കും. ഗുണ്ടകളുടെ ലിസ്റ്റ് തയാറാക്കി നിയമം ലംഘിക്കുന്നവര്‍ക്കെതിരേയും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേയും കര്‍ശന നടപടിയെടുക്കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്.
മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള നിര്‍ദ്ദേശം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസം പകരും. വിരമിക്കല്‍ തീയതി ഏകീകരിച്ചതിനെ തുടര്‍ന്ന് റാങ്ക് ഹോള്‍ഡേഴ്‌സിന് ഉണ്ടാകുന്ന ആശങ്ക അകറ്റുന്നതിന് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്ന ദിവസം വരെയുള്ള ഒഴിവുകുള്‍ കൂടി കണക്കിലെടുത്തായിരിക്കും ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കുക. സര്‍വകലാശാല നിയമനങ്ങളും പി.എസ്.സിക്ക് വിടും. വികലാംഗര്‍, അന്ധ-മൂക-ബധിരര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മൂന്നുശതമാനം ജോലി സംവരണം കുടിശിക നികത്തി നടപ്പാക്കാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ്. ശബരിമല സീസണ്‍ ആരംഭിക്കാന്‍ അഞ്ചുമാസം ബാക്കിയുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് നൂറുദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. സിനിമാവ്യവസായത്തെ രക്ഷിക്കാനുള്ള കര്‍മ പദ്ധതിയും ഇതോടൊപ്പമുണ്ട്. ഇന്റര്‍നെറ്റിലും വ്യാജസി.ഡി വഴിയും സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന റാക്കറ്റുകള്‍ക്കെതിരെ കര്‍ശന നടപടിക്കുള്ള നിര്‍ദ്ദേശമാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. റാക്കറ്റുകളെ പിടികൂടാന്‍ ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ സെല്‍ രൂപീകരിക്കും. കായിക കേരളം കാത്തിരിക്കുന്ന ദേശീയ ഗെയിംസിന് 560 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  നടത്തും.
ഏഴു ജില്ലകളിലായാണ് പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ നടപടി ക്രമങ്ങള്‍ക്ക് തുടക്കം കുറിക്കും. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പണിയുടെ പുരോഗതിയും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ പശ്ചാത്തലത്തിലാണെന്ന് വ്യക്തമാണ്. നൂറുദിന കര്‍മ പരിപാടിയില്‍ ജീവല്‍പ്രശ്‌നങ്ങള്‍ക്കും ഏറെ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പ്രത്യേക പാക്കേജാണ് ഇതില്‍ പ്രധാനം. മൂലമ്പിള്ളി പാക്കേജും ചെങ്ങറ പാക്കേജും ബാലവേലയും ബാലഭിക്ഷാടനവും തടയാനുള്ള നടപടികളും ഇതോടൊപ്പമുണ്ട്. വയനാട്ടിലെ അവിവാഹിതരായ അമ്മമാരുടെ പുനരധിവാസ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതികളും പ്രതീക്ഷയുണര്‍ത്തുന്നു. ആരോഗ്യ സുരക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതി കൂടുതല്‍ പ്രയോജനകരവും വിപുലവുമായി നടപ്പാക്കാനും റോഡ് അപകടങ്ങളില്‍പ്പെടുന്നവരുടെ ചികില്‍സാ ചെലവിന് പ്രത്യേക ഇന്‍ഷ്വറന്‍സ് പദ്ധതി രൂപീകരിക്കാനും സര്‍ക്കാര്‍ സന്നദ്ധമാകുന്നത് സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ്. വന്‍ പദ്ധതികള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ നയം, വികസന അതോറിറ്റികള്‍, മാലിന്യവിമുക്ത കേരളം തുടങ്ങി നിരവധി കര്‍മ പരിപാടികള്‍ വേറെയുമുണ്ട്. 

No comments:

Post a Comment

Note: Only a member of this blog may post a comment.