Friday, June 3, 2011

'സാംസ്‌കാരിക സ്ഥാപനങ്ങളെ ഇടതുമുന്നണി രാഷ്ട്രീയവല്‍ക്കരിച്ചു'


 കഴിഞ്ഞ അഞ്ചുവര്‍ഷം ഇടതുമുന്നണിയുടെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുളള സ്ഥാപനങ്ങളെ മുന്‍മന്ത്രി എം.എ ബേബി ദുരുപയോഗം ചെയ്തുവെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി ജോസഫ് കുറ്റപ്പെടുത്തി. സംസ്‌കാരസാഹിതി സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ നല്‍കിയ
സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക സ്ഥാപനങ്ങളുടെ നിലവാരവും അന്തസ്സും ഉയര്‍ത്തുന്നതിനുളള നടപടികള്‍ക്കായിരിക്കും സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. കേരള പാഠ്യപദ്ധതിയില്‍ മലയാളം ഒന്നാം ഭാഷയാക്കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്തുകയും സമസ്ത തലങ്ങളിലും മലയാളം ഭരണഭാഷയാക്കുന്നതിനുളള ചട്ടം കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ഇടതുമുന്നണിയുടെ ദുര്‍ഭരണത്തിനും അധികാര ദുര്‍വിനിയോഗത്തിനുമെതിരെ കണ്ണടച്ച പല സാംസ്‌കാരിക നായകന്മാരും ഇനി പടവാളുമായി പുറത്തുവരുമെന്നും അതിനെതിരെ കരുതിയിരിക്കണമെന്നും രമേശ് ചെന്നിത്തല പ്രസ്താവിച്ചു.
നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, സംസ്‌കാരസാഹിതി ചെയര്‍മാന്‍ പാലൊട് രവി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍ എന്നിവരെ സമ്മേളനം അനുമോദിച്ചു. സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തില്‍ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ സാഹിതി തിയേറ്റേഴ്‌സിന്റെ നടീനടന്മാര്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ സമര്‍മിപ്പിച്ചു. തകഴിയുടെ സഹധര്‍മിണി കാത്തയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ജോസഫ് വാഴയ്ക്കന്‍, പന്തളം സുധാകരന്‍, കെ.പി ഉദയഭാനു, ഡോ. ജോര്‍ജ് ഓണക്കൂര്‍, രാജീവ് നാഥ്, ഡോ. എം.ജി ശശിഭൂഷണ്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, മജീഷ്യന്‍ ആര്‍.കെ മലയത്ത്, പ്രൊഫ: കാട്ടൂര്‍ നാരായണപിളള, ഡോ: എം.ആര്‍ തമ്പാന്‍, വി.ആര്‍ പ്രതാപന്‍, അജിത് വെണ്ണിയൂര്‍, ഡോ. രാജന്‍ വര്‍ഗീസ്, കാരയില്‍ സുകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

Note: Only a member of this blog may post a comment.