Wednesday, June 29, 2011

കേരളം സംഘര്‍ഷഭൂമിയാക്കാന്‍ സിപിഎം അജണ്ട


 സ്വാശ്രയ കോളജ് പ്രശ്‌നത്തിന്റെ പേരില്‍ എസ്.എഫ്.ഐയെ തെരുവിലിറക്കി കേരളത്തെ സംഘര്‍ഷഭൂമിയാക്കുന്നതിനു പിന്നില്‍ സി.പി.എം നേതൃത്വത്തിന് ഹിഡന്‍ അജണ്ടയെന്ന് സൂചന. പ്രമാദമായ പറവൂര്‍ പെണ്‍വാണിഭം അടക്കം
ഒട്ടേറെ പീഡനക്കേസുകളിലും മണിചെയിന്‍, മള്‍ട്ടി ലവല്‍ മാര്‍ക്കറ്റിംഗ്, ഫ്‌ളാറ്റ് തട്ടിപ്പ് കേസുകളിലും അന്വേഷണം ത്വരിതപ്പെടുത്തുകയും വമ്പന്‍മാര്‍ പലരും വലയിലാകുകയും മൂന്നാര്‍ കൈയ്യേറ്റമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിദ്രുതം നടപടികളെടുക്കുകയും ചെയ്യുന്നതിനിടയില്‍ പൊടുന്നനെ അകാരണമായി എസ്.എഫ്.ഐ. സമരരംഗത്തിറങ്ങിയതാണ് ഇത്തരമൊരു ഹിഡന്‍ അജണ്ടയിലേക്ക് വിരല്‍ ചൂണ്ടുന്നത്. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റ് ഒരുമാസത്തിനുള്ളില്‍ തന്നെ ഒട്ടേറെ വിവാദങ്ങളില്‍ പ്രതിക്കൂട്ടിലായ സി.പി.എം നേതൃത്വം മുഖം രക്ഷിക്കാനും വിവാദങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനും സമരങ്ങളെ മറയാക്കുകയാണ്. എസ്.എഫ്.ഐ. ഇതിനകം നടത്തിയ സമരമുഖങ്ങളിലെല്ലാം അരങ്ങേറിയ അക്രമം കരുതിക്കൂട്ടി നടത്തിയ തിരക്കഥയനുസരിച്ചാണെന്നും പോലീസിനും വഴിയാത്രക്കാര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടതിനു പിന്നില്‍ ആസൂത്രിതമായ ഗൂഡാലോചന നടന്നതായുമാണ് സൂചന. സമരമുഖങ്ങളിലെല്ലാം പരമാവധി സംയമനം പാലിച്ച പോലീസിനെ സമരക്കാര്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയനുസരിച്ച് പ്രകോപിപ്പിക്കുകയും കരുതിക്കൂട്ടി അക്രമത്തിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ദിവസങ്ങളായി തുടരുന്ന അക്രമസമരം കുട്ടിസഖാക്കളെ ഉപയോഗിച്ച് സി.പി.എം. നടത്തുന്ന ആസൂത്രിത നാടകമാണെന്നാണ് വിലയിരുത്തല്‍. ഇടത് അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥര്‍ പല ജില്ലകളിലും ഇതിനോടകം യോഗം ചേര്‍ന്നതും കൂട്ടിവായിക്കേണ്ടതുണ്ട്.
 
പോലീസ് സേനയിലെ ക്രിമനലുകളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയും വിവിധ തട്ടിപ്പുകേസുകളുടെയും പെണ്‍വാണിഭ കേസുകളുടെയും അന്വേഷണം വമ്പന്‍മാരിലേക്ക് നീളുകയും ചെയ്യുന്നതിനിടയിലാണ് പൊടുന്നനെ എസ്.എഫ്.ഐ. അക്രമസമരത്തിന് ഇറങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. ഏതുവിധേനയും സമരം രക്തരൂക്ഷിതമാക്കണമെന്നതായിരുന്നു സമരങ്ങളുടെയെല്ലാം പൊതുസ്വഭാവമെന്നതും ഇതിനകം വ്യക്തമായിട്ടുണ്ട്. പോലീസിനെ ആക്രമിക്കുന്നതിനൊപ്പം വഴിയാത്രക്കാരെയും സര്‍ക്കാര്‍ വാഹനങ്ങളെയും അക്രമികള്‍ വെറുതെവിട്ടില്ല. സമരമുഖങ്ങളിലെല്ലാം പാര്‍ട്ടി ചാനലിന്റെ ഒ.ബി വാന്റെ സാന്നിധ്യം അക്രമം ആസൂത്രികമാണെന്ന് പകല്‍പോലെ വ്യക്തമാക്കുന്നുണ്ട്.കോട്ടയത്ത് നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിന് മുന്നോടിയായി മറ്റ് യാതൊരു ആവശ്യവുമില്ലാതിരുന്നിട്ടും പാര്‍ട്ടി ചാനലിന്റെ ഒ.ബി. വാന്‍ എറണാകുളത്തുനിന്നും മുന്‍കൂട്ടി കോട്ടയത്ത് എത്തി കാത്തുകിടക്കുകയായിരുന്നു. സമരം കൊഴുപ്പിക്കാന്‍ പോലീസുകാരില്‍ ചിലരും വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നതായി ആരോപണമുണ്ട്.
 
സ്വാശ്രയ പ്രശ്‌നത്തില്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖല താറുമാറായ കഴിഞ്ഞ അഞ്ചുവര്‍ഷവും പ്രതിഷേധത്തിന്റെയോ പ്രതികരണത്തിന്റെയോ ചെറുവിരല്‍ അനക്കാതിരുന്ന എസ്.എഫ്.ഐ. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ സമരത്തിനിറങ്ങിയതിലാണ് ദുരൂഹത. അക്രമത്തില്‍ കലാശിക്കണമെന്ന ഹിഡന്‍ അജണ്ട ഇതുവരെയുള്ള ഓരോ സമരത്തിലും വ്യക്തമാകുകയും ചെയ്തതോടെയാണ് അക്രമസമരം ആസൂത്രിതമാണെന്ന ആരോപണം ബലപ്പെട്ടത്.
സ്വാശ്രയ കോളജ് വിഷയത്തില്‍ മകള്‍ക്ക് ലക്ഷങ്ങളുടെ എന്‍.ആര്‍.ഐ. സീറ്റ് തരപ്പെടുത്തിയ ഡി.വൈ.എഫ്.ഐ. നേതാവ് രമേശന്റെയും മുന്‍ എം.എല്‍.എ. വി.എന്‍. വാസവന്റെയും നടപടി പാര്‍ട്ടിക്കുണ്ടാക്കിയ അവമതിപ്പ് ചില്ലറയായിരുന്നില്ല. പെണ്‍വാണിഭ കേസുകളിലടക്കം നേതാക്കളുടെ പങ്കാളിത്തം ഓരോ ദിവസവും പുറത്തുവരുന്നതും സി.പി.എമ്മിനെ ജനമധ്യത്തില്‍ അപഹാസ്യരാക്കിയിരുന്നു. ഒപ്പം സര്‍ക്കാരിന്റെ ജനോപകാരപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനം ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തതോടെ നിലനില്‍പ്പിന് വഴിതേടേണ്ട ഗതികേടിലായിരുന്നു പാര്‍ട്ടി നേതൃത്വം. പോലീസ് സേനയുടെ മുഴുവന്‍ ശ്രദ്ധയും അക്രമങ്ങളിലേക്ക് തിരിയുന്നതിനിടയില്‍ അന്വേഷണം മരവിക്കുകയും മുഴുവന്‍ ജനശ്രദ്ധയും അക്രമസമരത്തിലൊതുങ്ങുകയും ചെയ്യുമെന്ന ലക്ഷ്യത്തിലാണ് ഇത്തരമൊരു സമരപാതയൊരുക്കിയതെന്നാണ് സൂചന.  ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത് തെരുവിലിറങ്ങാന്‍ എസ്.എഫ്.ഐയ്ക്ക് അങ്ങിനെയാണ് അവസരമൊരുങ്ങിയതത്രേ. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയമലക്കം മറിച്ചില്‍ നടത്തി  ജനജീവിതം ദിവസങ്ങളോളം ദുരിതത്തിലാക്കിയ സമരത്തിന് എസ്.എഫ്.ഐ വലിയ വില നല്‍കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

No comments:

Post a Comment

Note: Only a member of this blog may post a comment.