Monday, June 13, 2011

ബംഗാളില്‍ പ്രതിപക്ഷ റോളില്‍ സി.പി.എം. പരുങ്ങുന്നു

നീണ്ട കാലത്തിനു ശേഷം വോട്ടര്‍മാര്‍ അടിച്ചേല്പിച്ച പ്രതിപക്ഷ റോളില്‍ സി.പി.എം. ഇപ്പോഴും പാകമല്ലാത്ത ചെരിപ്പ് ധരിച്ചതുപോലെ നിന്ന് പരുങ്ങുകയാണ്. ദശാബ്ദങ്ങളായി ഭരണകക്ഷിയായി മാത്രം പാര്‍ട്ടിയെ കണ്ട ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പുതിയ പ്രതിസന്ധിയില്‍ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയില്ല. ഭരണകക്ഷിയും പ്രതിപക്ഷവുമല്ലാത്ത അവസ്ഥ പാര്‍ട്ടിയെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണിപ്പോള്‍.

1967 മുതല്‍ പാര്‍ട്ടിക്ക് നിയമസഭയില്‍ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നിട്ടില്ല. 1972 മുതല്‍ '77 വരെ പാര്‍ട്ടി നിയമസഭ ബഹിഷ്‌കരിച്ചു. നാല് പതിറ്റാണ്ടിലധികം കാലം നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ റോള്‍ എന്താണെന്ന് സി.പി.എമ്മിലെയോ ഘടകകക്ഷികളിലെയോ നേതാക്കള്‍ അറിഞ്ഞില്ലെന്നര്‍ഥം. ഭൂരിഭാഗം നേതാക്കളും പ്രവര്‍ത്തകരും ഭരണമില്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കാനേ കഴിയാത്തവരാണ്. പിക്കറ്റിങ്, ധര്‍ണ തുടങ്ങിയ സമരങ്ങളേ പാര്‍ട്ടി നടത്താറുള്ളൂ; അതും പോലീസ് കാവലില്‍. ഫലത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ ഭരണം ഇടതുമുന്നണിയുടെ പ്രവര്‍ത്തകരെ സമരവീര്യം നഷ്ടപ്പെട്ടവരാക്കി മാറ്റിയിട്ടുണ്ട്.

ഇടതു മുന്നണിയുടെ പുതിയ തലമുറ ഭരണം അനുഭവിച്ചാണ് വളര്‍ന്നത്. പുതിയ നേതൃത്വത്തിനിടയില്‍ പാര്‍ട്ടിയോടുള്ള കൂറ് നേതാക്കളോടുള്ള കൂറ് മാത്രമാണ്. തിരഞ്ഞെടുപ്പുപരാജയത്തെക്കുറിച്ചുള്ള ഗൗരവമാര്‍ന്ന ഒരു ചര്‍ച്ചയും പാര്‍ട്ടിക്കുള്ളില്‍ നടന്നിട്ടില്ല. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തില്‍ നടന്ന സംസ്ഥാന സമിതി യോഗത്തില്‍ പരാജയകാരണങ്ങളെക്കുറിച്ച് അവലോകനം ഉണ്ടായതുമില്ല.

പാര്‍ട്ടി അഭൂതപൂര്‍വമായ നിഷ്‌ക്രിയത്വത്തില്‍ അമര്‍ന്ന മട്ടാണ്. കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ അക്രമങ്ങള്‍ക്കുമെതിരെ നടത്തിയ സമരങ്ങള്‍ ഈ നിഷ്‌ക്രിയത്വം പ്രകടമാക്കി. പൂര്‍വവൈരാഗ്യം തീര്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ അക്രമങ്ങള്‍ക്ക് ഇരയാകുന്ന പ്രവര്‍ത്തകരെ സമാധാനിപ്പിക്കാനോ അവര്‍ക്ക് ധൈര്യം പകരാനോ സംസ്ഥാന നേതാക്കള്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന പരാതി അണികള്‍ക്കിടയിലുണ്ട്. പാര്‍ട്ടി ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിപ്പക്കാന്‍പോലും പലേടത്തും പ്രവര്‍ത്തകരെ കിട്ടാത്ത അവസ്ഥയുണ്ട്.

പരാജയത്തിന്റെ ഞെട്ടലില്‍ നിന്ന് മോചിതനായിട്ടില്ലാത്ത മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പാര്‍ട്ടിനേതൃയോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും പങ്കെടുക്കാതെ മൂകനായി ഇരിക്കുന്നു.

ഇടതുമുന്നണിയുടെ ഘടകകക്ഷികള്‍ സി.പി.എമ്മിനുനേരേ വിഷം തുപ്പാനും തുടങ്ങിയിട്ടുണ്ട്. പങ്കുവെക്കാന്‍ അധികാരസ്ഥാനങ്ങളില്ലാത്തതുകൊണ്ട് ഇപ്പോള്‍ ധൈര്യമായി വിമര്‍ശനം നടത്താം. അവരുടെ അണികള്‍ക്കിടയിലും സി.പി.എമ്മിനെതിരെ വലിയ രോഷമാണുള്ളത്. ഭരണത്തിലിരുന്ന കാലത്തെ വല്യേട്ടന്‍ മനോഭാവത്തിന് ഇപ്പോള്‍ ഉചിതമായ മറുപടി നല്കാന്‍ കിട്ടിയ അവസരം അവര്‍ ഉപയോഗിക്കുന്നു എന്നുമാത്രം. ഇടതു മുന്നണി നേതൃത്വത്തില്‍ മാത്രമല്ല, സി.പി.എം. നേതൃത്വത്തിലും മാറ്റം വേണമെന്ന അസാധാരണ ആവശ്യം ഉന്നയിക്കാന്‍പോലും ഫോര്‍വേഡ് ബ്ലോക്ക് മുതിര്‍ന്നു. സി.പി.ഐ., ആര്‍.എസ.്പി. എന്നിവയും വിമര്‍ശനമുയര്‍ത്തുന്നുണ്ട്.

മുഖ്യമന്ത്രി മമത ബാനര്‍ജിയെക്കുറിച്ചുള്ള വിലയിരുത്തല്‍ പാളുകയാണോ എന്ന ആശങ്കയും സി.പി.എമ്മിനുണ്ട്. പ്രക്ഷോഭകാരിയായിരുന്ന മമത, ഭരണാധികാരി എന്ന നിലയ്ക്കും കഴിവുകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതാണ് കാരണം. തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ നടത്തിയ വാഗ്ദാനങ്ങള്‍ മമത നടപ്പാക്കിത്തുടങ്ങി. ഇത് അവരുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നുണ്ട്. സി.പി.എമ്മിനെ ഒറ്റപ്പെടുത്തുന്ന തന്ത്രങ്ങള്‍ മമത ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ്. ഇടതുമുന്നണിയിലെ ഘടകകക്ഷികളെ പ്രീതിപ്പെടുത്തുന്ന നടപടികള്‍ എടുക്കുന്നതിലും മമത പ്രത്യേകം ശ്രദ്ധ കാണിക്കുന്നുണ്ട്. ആര്‍.എസ്.പി. നേതാവും മുന്‍ മന്ത്രിയുമായ ക്ഷിതി ഗോസ്വാമിയുടെ ഭാര്യയ്ക്ക് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷപദവി വെച്ചുനീട്ടിയത് ഉദാഹരണം.

ഭരണമില്ലാതെ ഏറെക്കാലം അണികളെ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന് ഇടതുമുന്നണി കക്ഷികള്‍ക്ക് തോന്നുന്നില്ല. തൃണമൂല്‍ കോണ്‍ഗ്രസ്സിലേക്ക് അവരുടെ നല്ലൊരു പങ്ക് അണികള്‍ ചേക്കേറിയേക്കുമെന്നും അവര്‍ ഭയപ്പെടുന്നുണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.