Thursday, June 23, 2011

ലോട്ടറിക്കേസ് അന്വേഷണം ധീരമായ നീക്കം


അന്യസംസ്ഥാന ലോട്ടറി കേസുകള്‍ സി.ബി.ഐ അന്വേഷണത്തിന് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിലവിലുള്ള 32 കേസുകളാണ് സി.ബി.ഐ അന്വേഷണത്തിന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
 ഇവയില്‍ മിക്കതിലും സാന്തിയാഗോ മാര്‍ട്ടിനും മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമ ജോണ്‍ കെന്നഡിയും പ്രതികളാണ്. 
ഇടതുഭരണകാലത്ത് നടപടിക്രമങ്ങള്‍ പാലിക്കാതെ ലോട്ടറിക്കേസുകളില്‍ ഉഴപ്പന്‍ സമീപനം സ്വീകരിച്ച് പ്രതികളെ രക്ഷിക്കുകയാണ് ചെയ്തുപോന്നത്. സി.പി.എമ്മിന്റെ മാധ്യ മസ്ഥാപനങ്ങളെ വഴിവിട്ട് സഹായിച്ചുപോന്ന ലോട്ടറി മാഫിയയോട് പാര്‍ട്ടി നേതാക്കള്‍ക്കുള്ള കൂറ് രഹസ്യമായിരുന്നില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ പഴിപറഞ്ഞ് വി.എസ് അച്യുതാനന്ദനും തോമസ് ഐസക്കും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വരികയായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും നിരന്തരം കത്തെഴുതിക്കൊണ്ടിരുന്ന അന്നത്തെ മുഖ്യമന്ത്രി അച്യുതാനന്ദന്‍ യഥാര്‍ത്ഥത്തില്‍ ലോട്ടറി കേസുകള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് ആഗ്രഹിച്ചിരുന്നോ എന്നകാര്യം സംശയമാണ്. കത്തുകള്‍ക്ക് മറുപടി കിട്ടിയില്ലെന്ന് കൂടെക്കൂടെ അദ്ദേഹം പരിതപിച്ചു. കേസ് സി.ബി.ഐ അന്വേഷണത്തിന് വിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട ചില നടപടി ക്രമങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം പ്രസ്തുത ആവശ്യമുന്നയിച്ച് വിജ്ഞാപനം ഇറക്കുക എന്നതാണ്. വി.എസ് ഭരണകാലത്ത് അതൊരിക്കലും ഉണ്ടായില്ല. അതില്‍ നിന്നുതന്നെ ഇടതുസര്‍ക്കാര്‍ ലോട്ടറികേസില്‍ യഥാര്‍ത്ഥത്തില്‍ ഒരു നിഷ്പക്ഷ ഏജന്‍സിയുടെ അന്വേഷണം ആഗ്രഹിച്ചില്ലെന്നുവേണം കരുതാന്‍.
 
ലോട്ടറി രാജാവായ സാന്തിയാഗോ മാര്‍ട്ടിനും സി.പി.എം നേതാക്കളും തമ്മിലുള്ള അവിഹിതബന്ധം വര്‍ഷങ്ങള്‍ക്കുമുമ്പേ പുറത്തുവന്നിട്ടുണ്ട്. പാര്‍ട്ടിയുടെ മുഖപത്രത്തിന് രണ്ടുകോടി രൂപ മാര്‍ട്ടിന്‍ കോഴകൊടുത്ത വിവരം പുറത്തായപ്പോള്‍ നേതാക്കള്‍ ആവര്‍ത്തിച്ച് കള്ളംപറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ചു. ബോണ്ട് ആണെന്നും നിക്ഷേപമാണെന്നും പരസ്യത്തിനുള്ള മുന്‍കൂര്‍ തുകയാണെന്നുമൊക്കെ പരസ്പര വിരുദ്ധമായി നേതാക്കള്‍ സംസാരിച്ചു. ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് ബോധ്യമായപ്പോള്‍ പണം മടക്കിക്കൊടുക്കുകയാണെന്ന് പ്രഖ്യാപിച്ചു. ആരെയെങ്കിലും സാക്ഷിനിര്‍ത്തി ലോട്ടറി മാഫിയ നല്‍കിയ ആ കോഴപ്പണം തിരിച്ചുനല്‍കിയതായി ജനങ്ങളുടെ മുന്നില്‍ തെളിവൊന്നുമില്ല. അവിശുദ്ധ പണം മടക്കിക്കൊടുത്തു എന്ന് പ്രകാശ് കാരാട്ട് പ്രസ്താവിച്ചെന്നുമാത്രം. അത് എന്തെങ്കിലുമാകട്ടെ. കേരളത്തിന്റെ സമ്പദ്ഘടനയെ തകിടം മറിച്ച ഭീകരമായ ഒരു കുംഭകോണമാണ് ഇടതുഭരണകാലത്ത് നടന്ന ലോട്ടറി ഇടപാട്. ദിവസം 24 നറുക്കെടുപ്പ് നടത്തി ഫലം പ്രഖ്യാപിക്കുന്ന ചൂതാട്ടത്തിന് സി.പി.എമ്മിന്റെ പ്രാദേശിക പ്രവര്‍ത്തകരുടെ ഒത്താശയോടെ നാടെങ്ങും വേദിയൊരുക്കിയിരുന്നു. ലോട്ടറി സ്റ്റാളുകള്‍ക്ക് മുന്നില്‍ സദാനേരവും ഭാഗ്യാന്വേഷികളുടെ തിരക്കായിരുന്നു. ഒരിക്കലും നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്താത്ത വ്യാജ ടിക്കറ്റുകളാണ് അവിടെ ധാരാളമായി വിറ്റഴിക്കപ്പെട്ടതെന്ന് ഭാഗ്യവ്യാമോഹങ്ങളില്‍പ്പെട്ട പാവങ്ങള്‍ അറിഞ്ഞില്ല. സിക്കിമിന്റെയും ഭൂട്ടാന്റെയും ഔദ്യോഗിക ലേബലില്‍ സുരക്ഷാ സംവിധാനമില്ലാത്ത അച്ചടിശാലയില്‍ നിര്‍മിച്ച വ്യാജടിക്കറ്റുകള്‍ വിറ്റ് പ്രതിമാസം 15,000 കോടി രൂപവീതം ലോട്ടറി മാഫിയ കേരളത്തില്‍ നിന്ന് കടത്തിക്കൊണ്ടുപോയി.
 
ഈ വഞ്ചനയ്ക്ക് കൂട്ടുനിന്നത് സി.പി.എമ്മും ഇടത് ഭരണകൂടവുമാണ്. കേന്ദ്രത്തെ പഴിപറഞ്ഞുകൊണ്ട് വ്യാജലോട്ടറി വില്‍പനയ്ക്ക് ഒത്താശ ചെയ്ത ഇടതുസര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ സി.ബി.ഐ അന്വേഷണം ആഗ്രഹിക്കുമെന്ന് കരുതാന്‍ ന്യായമില്ല. ഒരുതരത്തിലുമുള്ള അന്വേഷണവും സി.പി.എം നേതാക്കള്‍ ഇഷ്ടപ്പെടുന്നില്ല. വ്യാജ ലോട്ടറി വില്‍പന വിവാദമായപ്പോഴാണ് പൊടുന്നനെ ലോട്ടറി വില്‍പന സ്റ്റാളുകള്‍ അപ്രത്യക്ഷമായത്. ഏത് പൊലീസുകാരനും പരിശോധിച്ച് നടപടിയെടുക്കാവുന്ന കുറ്റകൃത്യമായിരുന്നു പകല്‍വെട്ടത്ത് കേരളത്തിലുടനീളം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നടന്നുവന്നത്. സര്‍ക്കാരിന്റെ ഒത്താശയില്ലെങ്കില്‍ അതെങ്ങനെ നടക്കും? ലോട്ടറിക്കേസില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസ് അച്യുതാനന്ദന്‍ നിരന്തരം കേന്ദ്രത്തിന് കത്തെഴുതിക്കൊണ്ടിരുന്നതല്ലാതെ മാനദണ്ഡം പാലിച്ചുകൊണ്ട് ഒരിക്കല്‍പ്പോലും വിജ്ഞാപനം പുറപ്പെടുവിക്കാന്‍ തുനിഞ്ഞില്ല. മുഖ്യമന്ത്രിയുടെ കത്ത് പരിഗണിച്ച് സി.ബി.ഐ കേസെടുക്കില്ല. ഇക്കാര്യം ജന്മനാ വ്യവഹാരിയായ അദ്ദേഹത്തിന് അറിയാത്തതാണോ? 32 കേസുകള്‍ കേരളത്തില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഉത്ഭവിച്ചിട്ടും പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ ഇടതുഭരണകൂടം അനുവദിച്ചില്ല. അത്തരത്തില്‍ പ്രത്യക്ഷത്തില്‍ വ്യാജലോട്ടറിയെ അപലപിക്കുകയും പരോക്ഷമായി കുറ്റവാളികളെ സഹായിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് ഇടതുഭരണകൂടം സ്വീകരിച്ചത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസുകളെല്ലാം സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് ധീരമായി മുന്നോട്ടുപോകുമ്പോള്‍ അതില്‍ കുറ്റം കണ്ടുപിടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ജനങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കുന്നുണ്ട്. വി.എസിന്റെ ആക്ഷേപങ്ങളും അന്വേഷണ ഏജന്‍സിയുടെ പരിഗണനയില്‍ തക്കസമയത്ത് കൊണ്ടുവരാനാകും. 

No comments:

Post a Comment

Note: Only a member of this blog may post a comment.