Tuesday, June 14, 2011

സി പി എമ്മിന്റെയും ഡി വൈ എഫ് ഐയുടേയും 'വലിയ' നേതാക്കളുടെ ശ്രദ്ധയിലേക്ക് ചെറിയൊരു ഓര്‍മ്മക്കുറിപ്പ്


 മക്കളെ അമേരിക്കയിലേക്കയച്ചും സ്വാശ്രയകോളജില്‍ ലക്ഷങ്ങള്‍ ഫീസ് നല്‍കിയും പഠനത്തിനയക്കുന്ന സി പി എമ്മിന്റെയും ഡി വൈ എഫ് ഐയുടേയും 'വലിയ' നേതാക്കളുടെ ശ്രദ്ധയിലേക്ക് ചെറിയൊരു ഓര്‍മ്മക്കുറിപ്പ്.  
ഇംഗ്ലീഷ് മീഡിയത്തിലെ പഠനം പാര്‍ട്ടിവിരുദ്ധമെന്നു കണ്ട് മകനെ മലയാളം മീഡിയത്തിലേക്ക് മാറ്റിച്ചേര്‍ക്കേണ്ടി വന്ന വലിയൊരു സഖാവുണ്ടായിരുന്നു കണ്ണൂരില്‍- ഒ. ഭരതന്‍. അവസാനകാലത്ത് പാര്‍ട്ടിനേതാക്കള്‍ ഈ പേര് കേള്‍ക്കാനിഷ്ടപ്പെട്ടിരുന്നില്ലെങ്കിലും ചുവപ്പുപതാക പുതപ്പിച്ച് അന്ത്യാഭിവാദ്യം നല്‍കാനുള്ള സന്മനസെങ്കിലും കാണിച്ചു. ഒ ഭരതന്‍ ഓര്‍മ്മയായിട്ട് പത്തുവര്‍ഷം കഴിഞ്ഞു. പാര്‍ട്ടി നേതാക്കളുടെ മക്കള്‍ വിദേശത്തും സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങളിലും ലക്ഷങ്ങള്‍ ഫീസ് നല്‍കി പഠിക്കുന്നതൊക്കെ സാധാരണമാകുമ്പോള്‍ പാര്‍ട്ടിയുടെ കല്പനയനുസരിച്ച് മക്കളുടെ പഠനം മലയാളം മീഡിയത്തിലേക്ക് മാറ്റേണ്ടി വന്ന പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഒ ഭരതന്റെ ഭാര്യ സരോജിനി. ചൊവ്വ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് മീഡിയത്തില്‍ മകന്‍ ഷഹീദിനെ ചേര്‍ത്തതാണ് അന്ന് പാര്‍ട്ടി വലിയ കുറ്റമായി കണ്ടത്. മകന്റെ ഭാവിയേക്കാള്‍ ഭരതേട്ടന് പ്രധാനം പാര്‍ട്ടിയായിരുന്നു. പാര്‍ട്ടിവിരുദ്ധമാണ് ഇംഗ്ലീഷ്മീഡിയത്തിലെ പഠനമെന്ന് കണ്ടപ്പോള്‍ മറ്റൊന്നും അദ്ദേഹമാലോചിച്ചില്ല. മൂഴത്തടം സ്‌കൂളില്‍ മലയാളം മീഡിയത്തിലേക്ക് മോനെ മാറ്റി. മകള്‍ ഷഹനയെ മോണ്ടിസോറിയില്‍ ചേര്‍ത്തതും അപരാധമായി തന്നെ പാര്‍ട്ടി കണ്ടു. മോളെയും അവിടെ നിന്ന് മാറ്റി പഠിപ്പിച്ചു..
 
മക്കളൊക്കെ വല്ലാതെ കഷ്ടപ്പെട്ടാണ് ഓരോ ജോലിയി ലെത്തിയത്. ഭരതേട്ടന്‍ അവസാനനാളില്‍ ഏറ്റവുമധികം വ്യാകുലപ്പെട്ടതും മക്കളെയോര്‍ത്തു തന്നെ. എന്നോടെപ്പോഴും പറയും..അവരെ ഓര്‍ത്താ എനിക്ക് സങ്കടമെന്ന്. അവസാനം എം വി ആറിന്റെ കത്ത് വാങ്ങിയിട്ടാണ് മോന് മസ്‌കറ്റില്‍ ജോലി കിട്ടുന്നത്. അവന്റെ ആദ്യത്തെ ശമ്പളം ഡി ഡിയായി അയച്ചു തന്നതിന്റെ പിറ്റേന്ന് ഭരതേട്ടന്‍ മരിക്കുകയും ചെയ്തു..' സരോജിനിക്കിപ്പോഴും സങ്കടമടങ്ങുന്നില്ല.മകനെ മംഗലാപുരത്ത് മെഡിസിനു പഠിപ്പിക്കാനൊക്കെ  ആലോചിച്ചതാണ്. അപ്പോഴൊക്കെ പാര്‍ട്ടി നേതാവിന്റെ മക്കള്‍ അത്തരം സ്വകാര്യസ്ഥാപനങ്ങളിലൊന്നും പഠിക്കാന്‍ പാടില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു. ഞാനപ്പോള്‍ തമാശയായി പറഞ്ഞിട്ടുണ്ട്..നിങ്ങള്‍ നിങ്ങടെ പാര്‍ട്ടിയേം കൊണ്ട് ജീവിക്ക്..എന്നെ ഡൈവോഴ്‌സ് ചെയ്ത് മക്കളെ എനിക്കു തന്നേക്കൂ..ഞാന്‍ പഠിപ്പിക്കാമെന്ന്..'സി ഐ ടി യു സംസ്ഥാന സെക്രട്ടറി, ഓള്‍ ഇന്ത്യാ ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷന്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ തൊട്ട് 1996 കാലയളവില്‍ ലോക്‌സഭയില്‍ സി പി എമ്മിന്റെ ഉപനേതൃസ്ഥാനം വരെ വഹിച്ച് ഒ ഭരതന്റെ കണ്ണൂര്‍ തോട്ടടയിലെ വീട്ടില്‍ ഇന്ന് തികഞ്ഞ ഏകാന്തത മാത്രം. ഒരു കാലത്ത് ട്രേഡ് യൂണിയന്‍ നേതാക്കളുടെയും എസ് എഫ് ഐ, ഡി വൈ എഫ് ഐ നേതാക്കളുടേയും കേന്ദ്രമായിരുന്ന ഇവിടെ ഇന്ന് സരോജിനിയും വൃദ്ധയായ മാതാവ് മാധവിയും കഴിയുന്നു. സി പി എമ്മിന്റെ ഒരു നേതാവും ഇവിടെ വരാറില്ല. ഒ ഭരതന്റെ ചരമവാര്‍ഷികദിനം പോലും പാര്‍ട്ടി ആചരിക്കാറുമില്ല. മൗവ്വഞ്ചേരി ബാങ്കില്‍ നിന്ന് വിരമിച്ച സരോജിനിയെ രോഗങ്ങള്‍ അലട്ടുകയാണ്. നാലു മക്കളിലാരും തന്നെ നാട്ടിലില്ല. മക്കളായ ഷഹീദ് മസ്‌കറ്റിലും സജാദ് അബുദാബിയിലും സുചേത് പൂനെയിലും ഷഹന വിവാഹം കഴിഞ്ഞ് ചെന്നെയിലുമാണ്.  സി പി എമ്മിന്റെ ഉന്നത നേതാക്കള്‍ അവരുടെ മക്കളെ പഠിപ്പിക്കാന്‍ ഇന്ന് ലക്ഷങ്ങള്‍ ചിലവിട്ട് വിവാദചുഴികളില്‍ പെടുമ്പോള്‍ സാധാരണക്കാരായ തൊഴിലാളിപ്രവര്‍ത്തകര്‍ പാര്‍ട്ടിക്കു വേണ്ടി ഒരു പാട് ത്യാഗങ്ങള്‍ സഹിച്ച ഒ ഭരതനെ പോലുള്ളവരെ ഓര്‍ക്കുകയാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.