Wednesday, June 22, 2011

ചന്ദ്രപ്പന്റെ ദിവാസ്വപ്നവും കാരാട്ടിന്റെ കുത്തും


കമ്യൂണിസ്റ്റ് ഏകീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുന്നു. കുറേക്കാലമായി സി.പി.ഐ താലോലിച്ച് കൊണ്ടുനടന്നും നടക്കാത്തതിനാല്‍ വഴിയില്‍ ഉപേക്ഷിച്ചതുമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം എന്ന സ്വപ്‌നം.
ബംഗാളിലെയും കേരളത്തിലെയും ഇടത് പരാജയങ്ങള്‍ക്കുശേഷം സംഘടനാശക്തി വീണ്ടെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ച സി.പി.ഐ നേതാവ് സി.കെ ചന്ദ്രപ്പന്‍ തന്നെയാണ് വീണ്ടും ഇക്കാര്യം എടുത്ത് പുറത്തിട്ടത്. സി.പി.എം കേന്ദ്രകമ്മിറ്റി ജൂണ്‍ 11, 12 തീയതികളില്‍ ഹൈദരാബാദില്‍ ചേര്‍ന്നപ്പോള്‍ കമ്യൂണിസ്റ്റ് ഏകീകരണത്തെക്കുറിച്ച് ആ പാര്‍ട്ടിയുടെ അഭിപ്രായം പുറത്തുവരുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. കാര്യമായി ഒന്നും ഉണ്ടായില്ല. എന്നാല്‍ പി.ബി അംഗം സീതാറാം യച്ചൂരിയുടെ അഭിപ്രായം എന്ന നിലയില്‍ കമ്യൂണിസ്റ്റ് ഐക്യത്തിന് അനുകൂലമായ ചില വിശദീകരണങ്ങള്‍ പുറത്തുവന്നു. ഞങ്ങള്‍ക്ക് കമ്യൂണിസ്റ്റ് ഏകീകരണത്തില്‍ പ്രത്യേക താല്‍പര്യമൊന്നുമില്ല. മന്ത് രോഗം വലതുകാലില്‍ ആയാലും ഇടതുകാലില്‍ ആയാലും രോഗം തന്നെ. രണ്ടുംകൂടി ഒരുകാലില്‍ വന്നാലും രണ്ട് കാലിലും രോഗം വന്നാലും രോഗി കഷ്ടപ്പെടണം. എങ്കിലും സീതാറാം യച്ചൂരി താഴേത്തട്ടില്‍ നിന്ന് ഐക്യത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് സി.പി.എം നേതാക്കള്‍ ആവേശത്തോടെ അതിന് തിരുത്തുമായി ഇറങ്ങിയപ്പോള്‍ കൗതുകം തോന്നി. 'ചരിത്രപരമായ കാരണത്താല്‍ ഒരിക്കലും നടക്കാത്തകാര്യം' എന്നാണ് എസ്. രാമചന്ദ്രന്‍പിള്ള കഴിഞ്ഞദിവസം ഇതേപ്പറ്റി പറഞ്ഞത്. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കമ്യൂണിസ്റ്റ് ഐക്യം തന്റെ പാര്‍ട്ടിയുടെ ചിന്തയില്‍പ്പോലുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഇങ്ങനെ?
 
47 വര്‍ഷംമുമ്പ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നതിന് ദേശീയവും അന്തര്‍ദേശീയവുമായ ചില കാരണങ്ങള്‍ നേതാക്കള്‍ നിരത്തിയിരുന്നു. സോവിയറ്റ് യൂണിയനെ പിന്തുടരുന്ന ഒരു കൂട്ടരും ചൈനാ നയങ്ങളോട് ആഭിമുഖ്യമുള്ള മറുകൂട്ടരും തമ്മിലായിരുന്നു അകല്‍ച്ച. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനോട് യോജിച്ച് പോകാന്‍ താല്‍പര്യപ്പെട്ട സോവിയറ്റ് ബ്ലോക്ക് സി.പി.ഐ എന്ന പേരില്‍ നിലനിന്നു. കല്‍ക്കത്താ തിസീസിന്റെ മൗഢ്യങ്ങളില്‍ നിന്ന് വിട്ടുമാറാന്‍ കൂട്ടാക്കാത്ത ചൈനാ പക്ഷപാതികള്‍ കോണ്‍ഗ്രസിനെ മുഖ്യശത്രുവായി കണ്ടുകൊണ്ട് സി.പി.എം എന്ന പേരില്‍ പുതിയ പാര്‍ട്ടിയായി. 1964ല്‍ ഇന്ത്യയിലും വിദേശത്തും നിലനിന്ന ജീവിതഘടനയല്ല ഇപ്പോഴത്തേത്. സാമൂഹിക, രാഷ്ട്രീയ രംഗത്തും സാമ്പത്തിക രംഗത്തും ലോകമാസകലമുണ്ടായ വ്യതിയാനം കമ്യൂണിസ്റ്റുകാര്‍ക്ക് അന്യമൊന്നുമല്ല. സോവിയറ്റ് യൂണിയന്‍ ഇല്ലാതായി. ചൈന മുതലാളിത്ത സ്വഭാവമുള്ള ഏകാധിപത്യ നയം പിന്‍തുടരുന്നു. കോണ്‍ഗ്രസുമായി സഹകരിക്കാനോ ഭരണം പങ്കിടാനോ രാജ്യത്തെ ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടികളും സന്നദ്ധമായിട്ടുണ്ട്. ചുരുക്കത്തില്‍ കമ്യൂണിസ്റ്റ് പിളര്‍പ്പിന് അടിസ്ഥാനമായ കാരണങ്ങളൊന്നും ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഭരണത്തിലേറിയ ഇടതുമുന്നണിയുടെ ദുര്‍നയങ്ങള്‍കൊണ്ട് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയും അധികാര സ്ഥാനങ്ങളില്‍ നിന്ന് തൂത്തെറിയപ്പെടുകയും ചെയ്ത അവസ്ഥയില്‍ സംഘടനാ ശക്തി വീണ്ടെടുക്കാന്‍ സി.പി.ഐ കരുതുമ്പോലെ കമ്യൂണിസ്റ്റ് ഏകീകരണം നല്ലതാണ്.
 
ചെങ്കൊടി പിടിച്ചുകൊണ്ട് ഒരേ തത്വശാസ്ത്രം ഉരുവിട്ട് എന്തിനാണ് നമ്മുടെ രാജ്യത്ത് അനേകം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍? വരട്ട് തത്വവാദങ്ങളും കാലത്തിനും മനുഷ്യജീവിതത്തിനും ഉപകരിക്കാത്ത മൂഢവിശ്വാസങ്ങളും മുറുകെപിടിച്ചതിനാല്‍ ജനങ്ങളില്‍ നിന്ന് അതിവേഗം വിസ്മരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് ചുമപ്പുരാഷ്ട്രീയം. സ്വാതന്ത്ര്യം പ്രാപിച്ചശേഷം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപമെടുത്ത ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഖ്യ പ്രതിപക്ഷം കമ്യൂണിസ്റ്റ് പാര്‍ട്ടി ആയിരുന്നു. നെഹ്‌റു പ്രധാനമന്ത്രിയും എ.കെ.ജി പ്രതിപക്ഷ നേതാവുമായിരുന്ന ലോക്‌സഭയെക്കുറിച്ച് ചിലരെങ്കിലും ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവും. കോണ്‍ഗ്രസിന് ബദല്‍ കമ്യൂണിസ്റ്റ് എന്ന് കരുതപ്പെട്ടിരുന്ന ആ രാഷ്ട്രീയ ശക്തി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നഷ്ടപ്പെട്ടു. തല്‍സ്ഥാനത്ത് വര്‍ഗ്ഗീയ രാഷ്ട്രീയവും പ്രതിലോമ പ്രസ്ഥാനങ്ങളും കയറിവന്നു. മൊസൈക്ക് തരികള്‍പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിളര്‍ന്ന് ചിതറി. അവര്‍ക്കിടയില്‍ ഇനിയൊരു യോജിപ്പുണ്ടായാലും പഴയ പ്രതാപം വീണ്ടുകിട്ടുമെന്ന് കരുതാനാവില്ല. ഐക്യം ചിന്തയില്‍പോലുമില്ലെന്ന് പറയുന്ന പ്രകാശ് കാരാട്ടിന്റെയും കൂട്ടരുടെയും പ്രശ്‌നം ഊഹിക്കാവുന്നതേയുള്ളൂ. സി.പി.എം ഇന്ന് വലിയൊരു പ്രസ്ഥാനമാണ്. സാമ്പത്തിക കേന്ദ്രീകരണത്തിലൂടെ രാജ്യത്തെ ഏത് കുത്തകയേയും വെല്ലാവുന്ന തരത്തിലുള്ള ആസ്തിയുള്ള പാര്‍ട്ടി. അധികാരവും സാമ്പത്തിക ശക്തി സ്രോതസ്സും പാര്‍ട്ടി സ്ഥാപനങ്ങളും കമ്യൂണിസ്റ്റ് ഐക്യത്തിന്റെ പേരില്‍ പങ്കുവയ്ക്കാനുള്ള മടി മാത്രമാണ് തടസ്സം. അതിന് ചരിത്രത്തിന്റെയും തത്വശാസ്ത്രത്തിന്റെയും പട്ടെടുത്ത് പുതപ്പിക്കേണ്ട ആവശ്യമില്ല.

No comments:

Post a Comment

Note: Only a member of this blog may post a comment.