Thursday, June 2, 2011

യു.ഐ.ഡി ആദ്യം കേരളത്തില്‍


നന്ദന്‍ നിലേഖണിയുടെ ജന്മദിനമാണ് ഇന്ന്. രാജ്യത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും ഭാവനാശാലികളായ വ്യക്തികളിലൊരാള്‍. 121 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ എല്ലാ വ്യക്തികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കാനുള്ള ദൗത്യത്തിന്റെ നേതൃത്വം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍ നന്ദന്‍ എന്ന കര്‍ണാടകക്കാരന്‍.
 വിവര സാങ്കേതിക വിനിമയ വിപ്ലവത്തിനുശേഷം ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്ന മറ്റൊരു വിസ്മയമാണ് യു.ഐ.ഡി എന്ന യുണീക് ഐഡന്റിറ്റി കാര്‍ഡ്. നമ്മുടെ രാജ്യത്ത് 121 കോടി ജനങ്ങളുണ്ടെന്ന് പറഞ്ഞാല്‍ കാനേഷുമാരി കണക്കെടുപ്പിലൂടെ ലഭിച്ച ഒരു ഏകദേശവിവരം മാത്രമാണത്. പാര്‍പ്പിടം കെട്ടി സ്ഥിരമായി ഒരിടത്ത് വസിക്കുന്നവരുടെ വിവരം മാത്രമേ ഈ കണക്കെടുപ്പില്‍ വരൂ. എന്നുപറഞ്ഞാല്‍ മേല്‍വിലാസമുള്ളവരുടെ കണക്കാണിത്. കടത്തിണ്ണകളില്‍ ഉറങ്ങുന്നവരും നാടോടികളും അലഞ്ഞുതിരിയുന്നവരും യാചകരും കുറ്റവാളികളും ഭീകരപ്രവര്‍ത്തകരും ഒളിവില്‍ കഴിയുന്നവരും ജനസംഖ്യാ കണക്കെടുപ്പില്‍ ഉള്‍പ്പെടുന്നില്ല. അങ്ങനെ കോടിക്കണക്കിന് ആളുകള്‍ ഇന്ത്യയിലുണ്ട്. ഒരു ആസൂത്രണ വിദഗ്ധന്റെയും പരിഗണനയില്‍ വരാത്ത മേല്‍വിലാസമില്ലാത്ത മനുഷ്യരുടെ ഭാരം മഹാരാജ്യമായ ഇന്ത്യയ്ക്ക് താങ്ങാവുന്നതിലേറെയാണ്. ഇവര്‍ സൃഷ്ടിക്കുന്ന സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ ചെറുതല്ല. വ്യവസ്ഥാപിത ജീവിതവും അലഞ്ഞുതിരിഞ്ഞ് അവ്യവസ്ഥാപിതമായി ജീവിക്കുന്നവരും ഒരു ദേശത്തിന്റെ ജനസംഖ്യാ കണക്കെടുപ്പിനെ തകിടം മറിക്കുന്നു. യു.ഐ.ഡി ഗുരുതരമായ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ പോവുകയാണ്. മൂന്നുവര്‍ഷത്തിനകം എല്ലാ ഇന്ത്യന്‍ പൗരനും സവിശേഷമായ ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാകുന്നു. വ്യക്തിയുടെ ഇലക്‌ട്രോണിക്‌സ് ജാതകക്കുറിപ്പാണിത്. ആ കാര്‍ഡില്‍ ഓരോ വ്യക്തിയെക്കുറിച്ചും അറിയേണ്ടതെല്ലാം രേഖപ്പെടുത്തിയിരിക്കും. ഇത് രാജ്യം മുഴുവന്‍ പ്രാബല്യത്തില്‍ വരാന്‍ മൂന്നുവര്‍ഷമെടുക്കുമെങ്കില്‍ സാമൂഹിക വിപ്ലവരംഗത്ത് ഇന്ത്യയ്ക്ക് എന്നും മാതൃക കാട്ടിയിട്ടുള്ള കേരളത്തില്‍ ഒരു കൊല്ലത്തിനകം പ്രാബല്യത്തില്‍ വരാന്‍ പോകുന്നു.
 
സംസ്ഥാനത്തെ എല്ലാവര്‍ക്കും യു.ഐ.ഡി ഒരുവര്‍ഷത്തിനകം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയില്‍ ഇതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരാഞ്ഞശേഷമാണ് മന്ത്രിസഭായോഗം മൂന്നരക്കോടി കേരളീയര്‍ക്ക് രാജ്യത്ത് ആദ്യമായി യു.ഐ.ഡി വിതരണം ചെയ്യാന്‍ തീരുമാനമെടുത്തത്. അതിനുള്ള പ്രാഥമിക പ്രവര്‍ത്തനച്ചെലവുകള്‍ക്കായി 49.5 കോടി രൂപ ഉടന്‍ അനുവദിക്കും. ബി.പി.എല്‍ കുടുംബങ്ങളിലെ അംഗങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡിനുവേണ്ടുന്ന ഫോട്ടോ എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 150 രൂപ വീതം അനുവദിച്ചിട്ടുണ്ട്. കേന്ദ്ര മാനദണ്ഡം അനുസരിച്ച് കേരളത്തിലെ ബി.പി.എല്‍ കുടുംബങ്ങളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ട്. സംസ്ഥാനത്തിന്റെ കണക്കില്‍ ഇരട്ടിയോളം വരും. ശേഷിക്കുന്ന പകുതിപ്പേര്‍ക്ക് ഫോട്ടോ എടുക്കാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. 14 ജില്ലകളിലും ഒരേസമയം യു.ഐ.ഡി തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുകയാണ്. 
യു.ഐ.ഡി വിപ്ലവത്തിന് നേതൃത്വം വഹിക്കുന്ന നന്ദന്‍ നിലേഖണി എന്ന പ്രതിഭാശാലി നമ്മുടെ രാജ്യത്തിന്റെ ബഹുമാനം അര്‍ഹിക്കുന്നത് ഉജ്ജ്വല പ്രഭാഷകനായിട്ടോ അക്കാദമിതലത്തില്‍ അറിയപ്പെടുന്ന പണ്ഡിതനായിട്ടോ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ നേതാവായിട്ടോ അല്ല. ആധുനിക ഇന്ത്യയില്‍ അല്‍ഭുതകരമായ സാങ്കേതിക വിപ്ലവത്തിന് അടിത്തറപാകിയ ഇന്‍ഫോസിസിന്റെ സ്ഥാപകരില്‍ ഒരാളായിട്ടാണ് നന്ദന്‍ ശ്രദ്ധേയനായത്.
 
'ഇമാജനിംഗ് ഇന്ത്യ' എന്ന കൃതിയിലൂടെ പുതിയ ഇന്ത്യയെക്കുറിച്ച് അന്വേഷിക്കുകയും സ്വന്തം കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്ത നന്ദന്റെ ജന്മദിനത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ യു.ഐ.ഡിയെക്കുറിച്ചുള്ള തീരുമാനം ജനങ്ങളെ അറിയിച്ചത് യാദൃച്ഛികമാകാം. നമ്മുടെ രാജ്യത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ മനസ്സുറപ്പിച്ച മൂന്നുനാലുപേരില്‍ ഒരാളാണ് നന്ദന്‍ നിലേഖണി. കമ്യൂണിക്കേഷന്‍ ഏറ്റവും വലിയ റവല്യൂഷനാണെന്ന് തെളിയിച്ച സത്യന്‍ ഗംഗാറാം പിത്രോഡയെപ്പോലെ, ഡോ. എ.പി.ജെ അബ്ദുള്‍ കലാമിനെപ്പോലെ, ഇന്ന് 56 വയസ്സ് തികയുന്ന നന്ദന്‍ നിലേഖണി നമ്മുടെ രാജ്യത്തിന്റെ പുതിയ മാതൃകയാണ്. അദ്ദേഹത്തിന്റെ പ്രതിഭാവിലാസം പ്രയോജനപ്പെടുത്തുന്ന ആദ്യത്തെ ജനസമൂഹം കേരളമാകുന്നതില്‍ നമുക്ക് അഭിമാനിക്കാം. ഇത്തരമൊരു തീരുമാനത്തിലൂടെ പുതിയ കാലത്തിന്റെ അന്തരംഗം ഗ്രഹിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അഭിനന്ദിക്കാം. 

No comments:

Post a Comment

Note: Only a member of this blog may post a comment.