Thursday, June 9, 2011

രക്ഷപെടണോ...ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്നോളൂ...


 പണിയൊന്നുമില്ലാതെ വിപ്ലവംപറഞ്ഞു തെക്കുവടക്കു നടക്കുന്ന ഡി.വൈ.എഫ്.ഐക്കാരെ പണ്ട് മുതിര്‍ന്നവര്‍ ശകാരിക്കുമായിരുന്നു, പോയി പണിയെടുത്ത് വല്ലതും സമ്പാദിക്കാന്‍. കാലംമാറി കഥമാറി. ഇപ്പോള്‍ ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്നാല്‍ രക്ഷപെടാമെന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. വെറുതെ ചേര്‍ന്നാല്‍പോരാ, നേതാവാകണം. മറ്റുപണിയൊന്നുമില്ലാത്ത ഡി.വൈ.എഫ്.ഐ നേതാവിന്റെ മകന്‍ 50 ലക്ഷംരൂപ മുടക്കി സ്വാശ്രയ എം.ബി.ബി.എസിനു ചേര്‍ന്നതോടെയാണ് ഡി.വൈ.എഫ്.ഐക്കാരുടെ വരുമാനത്തെക്കുറിച്ചുള്ള യഥാര്‍ത്ഥവിവരം പരസ്യമായിത്തുടങ്ങിയത്.

ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ വി.വി.രമേശന്റെ മകളാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ എന്‍.ആര്‍.ഐ ക്വാട്ടയില്‍ എം.ബി.ബി.എസ് സീറ്റ് തരപ്പെടുത്തിയത്. 50 ലക്ഷം രൂപയാണ് എന്‍.ആര്‍.ഐ ക്വാട്ടയില്‍ ഒരു സീറ്റിന് പരിയാരത്ത് വില. ഗള്‍ഫിലുള്ള ഭാര്യാസഹോദരനാണ് മകളെ സ്‌പോണ്‍സര്‍ ചെയ്തതെന്ന് രമേശന്‍ ഡി.വൈ.എഫ്.ഐ സി.പി.എം നേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അണികളുടെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നേതൃത്വം ബുദ്ധിമുട്ടുകയാണ്. കാര്യമായ ജോലിയൊന്നുമില്ലാത്ത രമേശന്‍ ഇത്ര വലിയ ബാധ്യത എങ്ങനെ ഏറ്റെടുത്തു എന്നതാണ് ആദ്യചോദ്യം. രമേശന്റെ ഭാര്യ അനിത ഖാദി ബോര്‍ഡില്‍ ജീവനക്കാരിയാണ്. ഇടതുഭരണ കാലത്ത് വ്യവസായ മന്ത്രി എളമരം കരീമിന്റെ പേഴ്‌സണല്‍ സ്റ്റാഫിലും ഉണ്ടായിരുന്നു.

പരിയാരം ഭരണസമിതി അംഗം കൂടിയാണ് രമേശന്‍ എന്നതിനാല്‍ ചെയര്‍മാന്‍ എം.വി.ജയരാജന്‍ ഉള്‍പ്പെടെയുള്ള സി.പി.എമ്മിന്റെ ഉന്നത നേതാക്കളെല്ലാം ഈ ഇടപാട് അറിയാതിരിക്കാന്‍ ന്യായമില്ലെന്ന് അണികള്‍ വിശ്വസിക്കുന്നു. സി.പി.എമ്മിലെ സംസ്ഥാനത്തെ ഉന്നത നേതാവിന്റെ അടുത്ത അനുയായിയായാണ് വി.വി.രമേശന്‍ അറിയപ്പെടുന്നത്. പ്രായപരിധി കഴിഞ്ഞിട്ടും ഇപ്പോഴും ഡി.വൈ.എഫ്.ഐ നേതൃസ്ഥാനത്ത് രമേശന്‍ തുടരുന്നതും ഈ ഇഷ്ടക്കൂടുതല്‍ കൊണ്ടാണ്. ഡി.വൈ.എഫ്.ഐയുടെ ഇപ്പോഴത്തെ നേതൃത്വം അധികാരത്തില്‍ എത്തിയപ്പോള്‍ മാറാതെ നിന്ന പ്രമുഖന്‍ രമേശന്‍ മാത്രമായിരുന്നു. സാധാരണ ഗതിയില്‍ 39 വയസ്സാവുമ്പോള്‍ തന്നെ ഡി.വൈ.എഫ്.ഐയില്‍ നിന്ന് ഒഴിവാക്കുന്ന രീതി നിലനില്‍ക്കെയാണ് രമേശന് പ്രത്യേക ആനുകൂല്യം ലഭിച്ചത്. സി.പി.എം ഔദ്യോഗിക പക്ഷത്തിന്റെ സഹായവും ഇതിനുണ്ടായിരുന്നു.

സംഘടനയില്‍ തുടരാന്‍ വേണ്ടി പ്രായത്തില്‍ രമേശന്‍ വെള്ളം ചേര്‍ത്തിട്ടുണ്ടാവുമെന്ന സംശയവും ഇപ്പോള്‍ നേതാക്കളില്‍ ഒരുവിഭാഗം ഉന്നയിക്കുന്നുണ്ട്. നേരത്തെ ഈ വിഷയം വിവാദമായെങ്കിലും ഉന്നത നേതാവിന്റെ മൗനാനുവാദം കാരണം അവ തണുത്തുപോയിരുന്നു. സ്വാശ്രയ പ്രശ്‌നത്തില്‍ സമര രംഗത്തുള്ള എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ നേതാക്കള്‍ രമേശന്റെ കാര്യത്തില്‍ നേരിടുന്ന പ്രതിസന്ധി ഗുരുതരമാണ്. സമ്പത്തുണ്ടെങ്കിലും എന്‍.ആര്‍.ഐ ക്വാട്ടയില്‍ സീറ്റ് തരപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ പൊതുസമൂഹത്തിന്റെ ദൃഷ്ടിയില്‍ നേതാക്കള്‍ ചില മര്യാദ പാലിക്കേണ്ടതുണ്ടെന്നും രമേശന്‍ അത് തകര്‍ത്തുവെന്നും കരുതുന്നവരാണ് യുവ നേതാക്കളെല്ലാം. വിദേശത്ത് സ്‌പോണ്‍സര്‍, വിദ്യാഭ്യാസ വായ്പ തുടങ്ങിയ കാരണങ്ങള്‍ പുറത്തു പറയാനാവുമെങ്കിലും ഇത്രയും വലിയൊരു ഇടപാട് ഡി.വൈ.എഫ്.ഐ നേതാവ് തന്നെ നടത്തുന്നത് സംഘടനയുടെ കരുത്ത് ചോര്‍ത്തുമെന്ന് അവര്‍ കരുതുന്നു.  സ്വാശ്രയസമരത്തിന്റെ പേരില്‍ കൂത്തുപറമ്പില്‍ അഞ്ച് സഖാക്കള്‍ പോലീസ് വെടിയേറ്റ് മരിച്ചപ്പോള്‍ അന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരുന്നു ഇന്നത്തെ പരിയാരം ചെയര്‍മാന്‍ എം.വി.ജയരാജന്‍. അദ്ദേഹത്തിന്റെ അധ്യക്ഷതയിലുള്ള ഭരണസമിതിയില്‍ രമേശന്‍ കൂടി അംഗമാണ്.

ആ സമിതി ഇതുപോലെ കച്ചവടം നടത്തുന്നത് മന്ത്രി അടൂര്‍ പ്രകാശിന്റെ മകളുടെ കാര്യത്തിലാണ് ആദ്യം പുറത്തുവന്നത്. പിന്നീട് രമേശന്റെ മകളുടെ സീറ്റ് വിവാദമായതോടെ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും പ്രതിരോധം തീര്‍ക്കാന്‍ കഷ്ടപ്പെടുകയാണ്. സി.പി.എമ്മിലും ഇതിന്റെ തുടര്‍ചലനങ്ങള്‍ ഉറപ്പാണ്. കാസര്‍കോട് സി.പി.എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ രമേശന്‍ മകള്‍ക്ക് പരിയാരത്ത് സീറ്റ് നേടിയത് പാര്‍ട്ടിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അടൂര്‍ പ്രകാശിന്റെ കാര്യത്തില്‍ വെടിപൊട്ടിച്ച പ്രതിപക്ഷ നേതാവ് വി.എസ് യുവനേതാവിന്റെ വിഷയം പാര്‍ട്ടിയില്‍ ഉന്നയിക്കുമെന്നാണ് സൂചന. സി.പി.എമ്മിലെ വിഭാഗീയത ആളിക്കത്തിക്കാന്‍ ഇതും ഒരു വിഷയമാവും.

അതേസമയം അരക്കോടി രൂപയുടെ എന്‍.ആര്‍.ഐ. ക്വാട്ടയിലാണ് മകള്‍ക്ക് പ്രവേശനത്തിന് ശ്രമിക്കുന്നതെന്ന വിവരം രമേശന്‍ ശ്രദ്ധയില്‍ പെടുത്തിയിരുന്നില്ലെന്ന് സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.പി. സതീശ് ചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ രമേശനില്‍ നിന്ന് വിവരങ്ങള്‍ തേടി വിശദമായി ചര്‍ച്ച ചെയ്യുമെന്നും സി.പി.എം. ജില്ലാ സെക്രട്ടറി പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് പ്രവേശനത്തിന് ശ്രമിക്കുന്നതായി രമേശന്‍ അറിയിച്ചിരുന്നു. നിലവിലുള്ള നിയമ വ്യവസ്ഥയ്ക്ക് വിധേയമായി എന്‍.ആര്‍.ഐ. ക്വാട്ടയില്‍ പ്രവേശനം നേടാനുള്ള അവകാശം ഏതൊരാള്‍ക്കുമുണ്ട്. മാധ്യമങ്ങളില്‍ വാര്‍ത്തകണ്ട് രമേശനോട് സംസാരിച്ചു. ഗള്‍ഫിലെ അടുത്ത ബന്ധു സ്‌പോണ്‍സര്‍ ചെയ്ത പ്രകാരമാണ് പ്രവേശനം ലഭിച്ചതെന്ന് അദ്ദേഹം അറിയിച്ചു. അതിലെ സാമ്പത്തികകാര്യം സംബന്ധിച്ചുള്ള വിശദവിവരം വെളിപ്പെടുത്തേണ്ടത് രമേശന്‍ തന്നെയാണെന്നും സതീഷ്ചന്ദ്രന്‍ പ്രതികരിച്ചു. സാധാരണ ഗതിയില്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമപ്രകാരം ലഭിക്കുന്ന പ്രവേശനങ്ങള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ചചെയ്യപ്പെടാറില്ല. എന്നാല്‍, ഇത്രയും വലിയതുക ചെലവിട്ട് നേടുന്ന സീറ്റിന്റെ കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്ത് അനുമതി നേടേണ്ടതായിരുന്നെന്ന് പാര്‍ട്ടിയില്‍ വ്യപകമായി അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

ഏറ്റവും ഒടുവിലായി നടന്ന സി.പി.എം. ജില്ലാകമ്മിറ്റി യോഗത്തില്‍ പുതിയ കാര്‍ വാങ്ങാന്‍ അഡ്വ. സി.എച്ച്. കുഞ്ഞമ്പു അനുമതി തേടിയിരുന്നു. സംസ്ഥാന സമിതിയംഗവും മുന്‍ജില്ലാ സെക്രട്ടറിയുമായ എ.കെ. നാരായണന്‍ വീട് പുനര്‍നിര്‍മിക്കാന്‍ അനുമതി തേടിയത് ഒന്നരവര്‍ഷം മുമ്പാണ്. എന്നാല്‍, രമേശന്‍ മകളുടെ കാര്യം ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തിരുന്നില്ലെന്നാണ് വിവരം. അതിനിടെ സി.പി.എം. നിയന്ത്രണത്തിലുള്ള പരിയാരം സഹകരണ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തും മെഡിക്കല്‍ പി.ജി. പ്രവേശനത്തില്‍ സര്‍ക്കാര്‍ ക്വാട്ട അട്ടിമറിച്ചുവെന്ന വിവരവും പുറത്തുവന്നു. 2006ലാണ് പരിയാരത്ത് മെഡിക്കല്‍ കൗണ്‍സില്‍ പത്ത് പി.ജി. സീറ്റുകള്‍ അനുവദിച്ചത്. അപ്പോഴേക്കും യു.ഡി.എഫ്. സര്‍ക്കാര്‍ പോയി വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റിരുന്നു.

ആകെയുള്ളതിന്റെ 50 ശതമാനം സീറ്റ് സര്‍ക്കാരിന് നല്‍കണമെന്ന വ്യവസ്ഥ പാലിക്കാതെ മുഴുവന്‍ സീറ്റിലും ഉയര്‍ന്ന ഫീസ് വാങ്ങി മാനേജ്‌മെന്റ് ക്വാട്ടയിലാണ് പ്രവേശനം നല്‍കിയത്. ആദ്യം അനുവദിച്ച പത്ത് സീറ്റുകളിലും ഇതുവരെ മാനേജ്‌മെന്റ് ക്വാട്ടയിലാണ് പ്രവേശനം നല്‍കിയതെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി ചെയര്‍മാന്‍ എം.വി. ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തവണയും ഈ പത്ത് സീറ്റിലും മാനേജ്‌മെന്റ് ക്വാട്ടയിലാണ് പ്രവേശനം നടത്തിയത്. ആദ്യവര്‍ഷം പ്രവേശനം നടത്തുമ്പോള്‍ എം.വി. രാഘവന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. ഭരണസമിതിയാണ് പരിയാരത്ത് അധികാരത്തിലുണ്ടായിരുന്നത്. 2007 സപ്തംബറില്‍ സി.പി.എം. പരിയാരം മെഡിക്കല്‍ കോളേജ് ഭരണം പിടിച്ചെടുത്തു. ടി.കെ. ഗോവിന്ദന്‍ ചെയര്‍മാനായ പുതിയ ഭരണസമിതിയും മുഴുവന്‍ സീറ്റിലും മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കി.

യു.ഡി.എഫ്. ഭരണസമിതിയുടെ കാലത്ത് പരിയാരത്ത് സീറ്റ്കച്ചവടം നടത്തുന്നുവെന്ന് പറഞ്ഞ് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സമരപാതയിലായിരുന്നു. ഇതിനു പിന്നാലെയാണ് സി.പി.എം. ഭരണത്തിലും ഈ അട്ടിമറി നടന്നത്. സി.പി.എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് ടി.കെ. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ രാജിവെപ്പിച്ച് തിരഞ്ഞെടുപ്പ് നടത്തി. പുതിയ അംഗങ്ങളെ ചേര്‍ത്ത ശേഷമായിരുന്നു തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പിലാണ് മുമ്പ് സ്വാശ്രയ കോളേജ് വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍ ചെയര്‍മാനായി പുതിയ ഭരണ സമിതി വന്നത്. എന്നാല്‍ മെറിറ്റ് സീറ്റ് അട്ടിമറിക്കുന്നത് ഈ വര്‍ഷവും തുടരുകയായിരുന്നു.

ഈ വര്‍ഷം പുതുതായി അനുവദിച്ച 11 സീറ്റുകളില്‍ അഞ്ചു സീറ്റ് മെറിറ്റ് ക്വാട്ടയില്‍ നല്‍കാമെന്ന് കോളേജ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്നും വ്യക്തമായി. നാല് സീറ്റ് നല്‍കാമെന്നാണ് അറിയിച്ചത്. മെഡിക്കല്‍ പി. ജി. പ്രവേശനം വിവാദമായതിനെത്തുടര്‍ന്നാണ് പിന്നീട് ഒരു സീറ്റുകൂടി നല്‍കുമെന്ന് പ്രഖ്യാപിച്ചത്.  ആവശ്യക്കാരില്ലാത്ത സീറ്റുകളാണ് സര്‍ക്കാര്‍ ക്വാട്ടയിലേക്ക് മാറ്റിവെച്ചതിലേറെയും. ഉയര്‍ന്ന ഫീസാണ് മാനേജ്‌മെന്റ് ക്വാട്ടയില്‍ വാങ്ങുന്നത്. പി. ജി. ഓര്‍ത്തോ കോഴ്‌സിന് ഒരുവര്‍ഷം 35 ലക്ഷമാണ് ഫീസ്. കോഴ്‌സ് പൂര്‍ത്തിയാകുമ്പോള്‍ ഫീസിനത്തില്‍ മാത്രം 1.05 കോടി രൂപ ചെലവാകും. മറ്റ് ചെലവുകള്‍ ഇതിനു പുറമെയാണ്

No comments:

Post a Comment

Note: Only a member of this blog may post a comment.