Friday, June 10, 2011

വിദ്യാഭ്യാസ കച്ചവടത്തിലെ സി.പി.എം വഴി


ഉത്തര കേരളത്തില്‍ ആദ്യമായി ആരംഭിച്ച പ്രമുഖ സഹകരണ സ്വാശ്രയ കോളജാണ് പരിയാരം മെഡിക്കല്‍ കോളജ്. ഈ കോളജ് ആരംഭിച്ച ആയിരത്തി തൊളളായിരത്തി തൊണ്ണൂറുകളില്‍ വളരെ ശക്തമായ പ്രതിബന്ധങ്ങളാണ് കോളജ് സ്ഥാപിക്കുന്നതിനെതിരായി സി.പി.എം.നേതൃത്വം ഉണ്ടാക്കിയത്.
ഈ കോളജിന്റെ സ്ഥാപകനും ആദ്യ പ്രസിഡന്റുമായ എം.വി.രാഘവനെ കരുതിക്കൂട്ടി അപായപ്പെടുത്തുന്നതിന് വേണ്ടി വ്യാപകമായ ആക്രമണം അഴിച്ചുവിടുകയും വളരെ ഗുരുതരമായ ഒരവസ്ഥ കണ്ണൂര്‍ ജില്ലയിലാകെ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഇതിന്റെ ഭാഗമായിട്ടാണ് എം.വി.രാഘവനെ തടയാനും അക്രമിക്കുവാനും വേണ്ടി മാര്‍ച്ച് ചെയ്ത  സി.പി.എം നേതൃത്വത്തിലുള്ള ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് ബലം പ്രയോഗിക്കേണ്ടിവന്നത്. തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് ചെറുപ്പക്കാര്‍ മരിക്കാനിടയായതും മറ്റുമുള്ള കാര്യമെല്ലാം ചരിത്രമാണ്. സി.പി.എമ്മിന്റെ ബാരിക്കേഡുകളെ അതിജീവിച്ചുകൊണ്ടാണ് പരിയാരത്ത് ഏറ്റവും പ്രശസ്തമായ നിലയിലുള്ള ഒരാശുപത്രിയും, ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു മെഡിക്കല്‍ കോളേജും  എം.വി.രാഘവന്‍ പടുത്തുയര്‍ത്തിയത്. ഭാരതപ്പുഴയില്‍ക്കൂടി ധാരാളം ജലം ഇതിനകം ഒഴുകിപ്പോയി. പരിയാരം മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമായി മാറുകയും ചെയ്തു. ഉത്തരമലബാറിലെ പാവപ്പെട്ട ആയിരക്കണക്കിന് രോഗികള്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി ഒരത്താണിയാണിന്ന്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നൂറുകണക്കിന് ബിരുദധാരികളെ സൃഷ്ടിച്ചുകൊണ്ട് വളരെ സുപ്രധാനമായ ഒരു സ്ഥാനം പരിയാരം മെഡിക്കല്‍ കോളേജ് നേടിയെടുക്കുകയും ചെയ്തിരിക്കുകയാണ്.
 
കഴിഞ്ഞ എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ തുടക്കത്തില്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് കരുതിക്കൂട്ടിയുള്ള തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ക്കൂടി പിടിച്ചെടുക്കാനും, സി.പി.എമ്മിന്റെ ഭരണസമിതിയെ അവിടെ അവരോധിക്കുവാനും സി.പി.എം. തീരുമാനിക്കുകയുണ്ടായി. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ പൈശാചികവും കേട്ടുകേള്‍വിപോലുമില്ലാത്ത അക്രമങ്ങള്‍ നടത്തിയും തെരഞ്ഞെടുപ്പ് അക്ഷരാര്‍ത്ഥത്തില്‍ ഒരു പ്രഹസനമാക്കിമാറ്റിയും കോളേജ് ഭരണസമിതി സി.പി.എം. പിടിച്ചെടുക്കുകയാണുണ്ടായത്. ആ. ഭരണസമിതി നടത്തിയ ക്രമക്കേടുകളും അഡ്മിഷനിലെ വൃത്തികേടുകളും പാര്‍ട്ടി നേതൃത്വത്തിന് തന്നെ ബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പാര്‍ട്ടി നേതൃത്വം തന്നെ രാജിവയ്പ്പിക്കുകയും എം.വി. ജയരാജന്റെ നേതൃത്വത്തില്‍ പുതിയൊരു  ഭരണസമിതിയെ അവരോധിക്കുകയും ചെയ്തത്. എന്നാല്‍ പുതിയ ഭരണസമിതിയും അഴിമതിയുടേയും ക്രമക്കേടുകളുടേയും കാര്യത്തില്‍ പഴയ സമിതിയുടെ അതേ മാര്‍ഗ്ഗം തന്നെയാണ് അവലംബിക്കുന്നത് എന്നുള്ളതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇപ്പോള്‍ പി.ജി. മെഡിക്കല്‍ സീറ്റുകളില്‍ നടന്ന ക്രവിരുദ്ധമായ അഡ്മിഷനുകള്‍.
 
പരിയാരം മെഡിക്കല്‍ കോളേജില്‍ പി.ജിക്ക് ആകെ 21 സീറ്റുകളാണുളളത്. നമ്മുടെ സംസ്ഥാനത്ത് നിലവിലുള്ള സ്വാശ്രയകോളേജ് തത്വമനുസരിച്ച് ഇതില്‍ 50 ശതമാനം സീറ്റുകള്‍ മെരിറ്റ് ക്വാട്ടയിലേക്ക് മാറ്റിവയ്‌ക്കേണ്ടതായിട്ടുണ്ട്. ഇതിനര്‍ത്ഥം 11 സീറ്റുകള്‍ എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ നടത്തിയ ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ അതിലെ റാങ്കുകാര്‍ക്ക് നല്‍കേണ്ടതായിട്ടുണ്ട്. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ 11 സീറ്റ് മെരിറ്റ് ക്വാട്ടയില്‍ നല്‍കേണ്ടതിനുപകരം നാല് സീറ്റുകള്‍ മാത്രമാണ് ഇതിലേക്കായി മാറ്റിവച്ചത്. ഇതുസംബന്ധിച്ച് വലിയ ആക്ഷേപം ഉണ്ടായപ്പോള്‍ ഒരു സീറ്റുകൂടി മെരിറ്റ് ക്വാട്ടയിലേക്ക് മാറ്റി. അങ്ങനെയാണ് ആകെ അഞ്ച് സീറ്റുകളായി ഇത് മാറുന്നത്. അതില്‍ തന്നെ വലിയ ഡിമാന്റുള്ള ജനറല്‍ മെഡിസിന്‍ പോലുള്ള പി.ജി. വിഷയങ്ങളിലെ സീറ്റുകള്‍ ഒന്നും തന്നെ മെരിറ്റ് ക്വാട്ടയിലേക്ക് മാറ്റിയിട്ടുമില്ല. വളരെ ഡിമാന്റ് കുറഞ്ഞ സീറ്റുകള്‍ മാത്രം മെരിറ്റ് ക്വോട്ടയില്‍ മാറ്റിവയ്ക്കുക എന്ന നിലപാടാണ് സി.പി.എം. ഭരണസമിതി ഇവിടെ കൈക്കൊണ്ടിട്ടുള്ളത്. 
കഴിഞ്ഞ ഗവണ്‍മെന്റിന്റെ അവസാന ദിവസങ്ങളിലാണ് പരിയാരം മെഡിക്കല്‍ കോളേജിലെ പി.ജി സീറ്റില്‍ ധൃതി പിടിച്ച് അഡ്മിഷന്‍ നടക്കുന്നത്. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരം അനുസരിച്ച് ഒരു ദിവസം കൊണ്ട് എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂവും ലിസ്റ്റ് പ്രസിദ്ധീകരിക്കലുമെല്ലാം നടന്നിരിക്കുകയാണ്. എല്ലാം ക്രമവിരുദ്ധമായിട്ടാണ് നടന്നത് എന്നാണ്  അര്‍ത്ഥം.  
 
ഈ മെഡിക്കല്‍ കോളേജില്‍ മെരിറ്റ് ക്വാട്ടയിലേക്ക് 50 ശതമാനം സീറ്റുകള്‍ എന്തുകൊണ്ട് മാറ്റിവച്ചില്ല എന്ന ചോദ്യത്തിന് ഭരണസമിതി പ്രസിഡന്റ് ജയരാജന്‍ നല്‍കിയ ഉത്തരം ആടിനെ പട്ടിയാക്കലാണ്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും സ്റ്റാഫിനും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുമെങ്കില്‍ 50 ശതമാനം മെരിറ്റ് ക്വാട്ട പൂര്‍ണ്ണമായി നടപ്പിലാക്കാമെന്നാണ് അദ്ദേഹത്തിന്റെ ഭാക്ഷ്യം. ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നതിനേക്കാള്‍ ഭേദം ക്രമക്കേടിലും നഗ്നമായ അഴിമതിയിലും മുങ്ങിയ ഈ കോളേജ് ഭരണസമിതിയെ പിരിച്ചുവിട്ടുകൊണ്ട് കോളേജിന്റെ ഭരണം സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുകയാണ്. കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാര്‍ വളരെ ധീരമായി കാര്യങ്ങള്‍ ഇതിലേക്കാണ് നീക്കേണ്ടതെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.സ്വാശ്രയകോളേജിലെ ക്രമരഹിതമായ അഡ്മിഷനെതിരായി ശക്തമായ പ്രക്ഷോപണങ്ങള്‍ നയിക്കുകയും വാതോരാതെ സ്വാശ്രയവിരുദ്ധ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്ന ഡി.വൈ.എഫ്.ഐ യുടെ നേതാക്കളില്‍ ഒരാള്‍ സ്വന്തം മകളെ പരിയാരം മെഡിക്കല്‍ കോളേജില്‍ 50 ലക്ഷം രൂപ നല്‍കിയാണ് എന്‍.ആര്‍.ഐ ക്വാട്ടയില്‍ അഡ്മിഷന്‍ തരപ്പെടുത്തിയിരിക്കുന്നത്. അതും പ്ലസ് ടുവിന്റെ റിസള്‍ട്ട് പോലും വരുന്നതിന് മുമ്പ്. അടിമുടി ക്രമരഹിതമായ കാര്യങ്ങള്‍ മാത്രമാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ നടക്കുന്നതെന്നാണ് ഇതിന്റെ അര്‍ത്ഥം.
 
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാത്തതുകൊണ്ടാണ് പി.ജി. മെഡിക്കല്‍ സീറ്റ് മെരിറ്റ് ക്വാട്ടയിലേക്ക് മാറ്റാത്തതെന്നാണ് ഭരണസമിതി പ്രസിഡന്റ് എം.വി. ജയരാജന്‍ പറയുന്നത്. പി.ജി. സീറ്റുകള്‍ അനുവദിക്കുമ്പോള്‍ തന്നെ ഏറ്റവും പ്രധാന വ്യവസ്ഥ 50 ശതമാനം സീറ്റ് മെരിറ്റ് ക്വാട്ടയിലേക്ക് മാറ്റണമെന്നുള്ളതാണ്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ആവശ്യപ്പെടാത്തതുകൊണ്ടാണ് സീറ്റുമാറ്റാത്തതെന്ന വാദം നിലനില്‍ക്കുന്നതേയല്ല. പരിയാരം മെഡിക്കല്‍ കോളേജിലെ ഈ നഗ്നമായ ലേലം വിളിച്ചുള്ള അഡ്മിഷനില്‍ക്കൂടി സ്വാശ്രയകോളേജിനെ സംബന്ധിച്ചുള്ള സി.പി.എമ്മിന്റെ എല്ലാ പൊയ്മുഖങ്ങളും പൊളിച്ചെറിയപ്പെട്ടിരിക്കുകയാണ്. സാമൂഹ്യനീതി നിലനിര്‍ത്താനും സമൂഹത്തിന്റെ പിന്നണിയിലുള്ളവര്‍ക്ക് സംവരണത്തില്‍ കൂടി അഡ്മിഷന്‍ ഉറപ്പാക്കുന്നതിനുമാണ് മെരിറ്റ്-മാനേജ്‌മെന്റ് അനുപാതം 50:50 എന്നുള്ള സ്വാശ്രയകോളേജുകളിലെ പ്രഖ്യാപിത ലക്ഷ്യം. ഈ പ്രഖ്യാപിത ലക്ഷ്യത്തെ സി.പി.എം. നേതാക്കള്‍ തന്നെ നഗ്നമായി അട്ടിമറിച്ചതിനെപ്പറ്റി പ്രതികരിക്കാന്‍ ഈ പാര്‍ട്ടിയുടെ യുവജന-വിദ്യാര്‍ത്ഥി സംഘടന നേതാക്കളെങ്കിലും മുന്നോട്ടുവരേണ്ടതാണ്. പരിയാരം മെഡിക്കല്‍ കോളേജിലെ പി.ജി.അഡ്മിഷന്‍ പ്രശ്‌നത്തില്‍ മുന്‍ ആരോഗ്യമന്ത്രി പി.കെ ശ്രീമതി ടീച്ചറുടെ ചെയ്തികളെ സംബന്ധിച്ചും വളരെ വിശദമായ ഒരന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകേണ്ട സ്ഥിതിയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളേജില്‍ അനുവദിച്ച ആകെയുള്ള പി.ജി.മെഡിക്കല്‍ സീറ്റുകള്‍ 21 ആണെന്നിരിക്കെ അഞ്ച് എണ്ണത്തില്‍ മാത്രം മെരിറ്റ് അടിസ്ഥാനത്തില്‍ പ്രവേശന നടപടികള്‍ കൈക്കൊള്ളണമെന്നാണ് ഈ മന്ത്രി ഫയലില്‍ ഉത്തരവിട്ടതെന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി പ്രസിഡന്റ് എം.വി ജയരാജന്‍ തന്നെ പ്രസ്താവിച്ചിരിക്കുന്നത്.  
 
ഈ കോളേജില്‍ മെരിറ്റ് അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നടത്തേണ്ടത് 21ല്‍ 50 ശതമാനമായ 11 എണ്ണത്തിലാണ്. അഞ്ച് സീറ്റുകളില്‍ മാത്രം മെരിറ്റ് അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നടത്താന്‍ ഈ മന്ത്രി ഉത്തരവിട്ടുവെങ്കില്‍ അതിനര്‍ത്ഥം മുന്‍ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറും ഈ നഗ്നമായ ക്രമക്കേടിന് കൂട്ടുനിന്നു എന്നുതന്നെയാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സീറ്റുകള്‍ അനുവദിച്ചതു തന്നെ ഇതില്‍ 50 ശതമാനം സീറ്റുകള്‍ മെരിറ്റ് അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നടത്തണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. ഈ വ്യവസ്ഥ ലംഘിക്കാന്‍ ഒരു മന്ത്രിക്കും യാതൊരധികാരവും ഇല്ല. നിര്‍ഭാഗ്യവശാന്‍ മെഡിക്കല്‍ കോളേജിലെ മെരിറ്റ് അടിസ്ഥാനത്തിലുള്ള അഡ്മിഷന്‍  സ്വാര്‍ത്ഥലാഭത്തിനു വേണ്ടി വകുപ്പ് മന്ത്രി തന്നെ ലംഘിച്ചിരിക്കുന്നു എന്നാണ് ബോധ്യമാകുന്നത്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നം ഇപ്പോള്‍ ഏറ്റവും ഗുരൂതരവും ഗൗരവവുമായ ഒന്നായി മാറിയിരിക്കുകയാണ്.സംസ്ഥാന സര്‍ക്കാരിന്റേയും സഹകരണവകുപ്പിന്റേയും പരിപൂര്‍ണ്ണ നിയന്ത്രണത്തിലുള്ള കൊച്ചി സഹകരണ മെഡിക്കല്‍ കോളേജിലും എന്‍.ആര്‍.ഐ സീറ്റിലേക്കുള്ള അഡ്മിഷന്‍ പ്ലസ് ടു റിസല്‍ട്ട് വരുന്നതിന് മുമ്പ് തന്നെ ക്രമവിരുദ്ധമായി മുന്‍ സഹകരണവകുപ്പ് മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തില്‍ നടന്നതായി ഇപ്പോള്‍ വ്യക്തമായ ആരോപണം ഉയര്‍ന്നുവന്നിരിക്കുകയാണ്.  പ്ലസ് ടു റിസള്‍ട്ട് വരുന്നതിന് മുമ്പ് തന്നെ എന്‍.ആര്‍.ഐ ക്വാട്ടയിലേക്കുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ നടത്തിയ പരിയാരം മെഡിക്കല്‍ കോളേജിലെ അതേ പാതയില്‍ക്കൂടി തന്നെയാണ് സി.പി.എം. നേതാവായ ഈ മുന്‍മന്ത്രിയും നടന്നിരിക്കുന്നത്.
 
കൊച്ചി സഹകരണ മെഡിക്കല്‍ കോളേജില്‍ നടന്ന അഡ്മിഷന്‍ ക്രമക്കേടുകളെ സംബന്ധിച്ചും സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ അന്വേഷണം നടത്തേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് നമ്മുടെ സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിനും, സ്വാശ്രയ കോളേജുകള്‍ക്കുമാകെ ആക്ഷേപമായിത്തീര്‍ന്നിരിക്കുകയാണ്. ഇതിന് പരിഹാരം കാണുവാനുള്ള ശക്തമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുകയാണ് ജനങ്ങളോട് പ്രതിബന്ധതയുള്ള സംസ്ഥാനത്തെ ഐക്യ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യേണ്ടത്. 

No comments:

Post a Comment

Note: Only a member of this blog may post a comment.