Tuesday, June 14, 2011

ഡി.വൈ.എഫ്.ഐയുടെ വിവാദ നായകന് ഭൂമാഫിയ ബന്ധവും


ഡി വൈ എഫ് ഐ സംസ്ഥാന ട്രഷററും സി പി എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയംഗവുമായ വി വി രമേശനെതിരെ പാര്‍ട്ടിയിലും യുവജനസംഘടനയിലും പ്രതിഷേധം ശക്തമാകുന്നു.
രമേശന്‍ ബിനാമിയുടെ പേരില്‍ സ്വന്തമാക്കിയതെന്ന് ആരോപിക്കുന്ന പുതുക്കൈ വാഴുന്നോറൊടിയിലെ 40 സെന്റ് സ്ഥലത്ത് തിങ്കളാഴ്ച രാത്രിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെങ്കൊടി നാട്ടുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ കൊടി നീക്കം ചെയ്തു. 
ഹൊസ്ദുര്‍ഗ് താലൂക്കിലെ പുതുക്കൈ വില്ലേജില്‍പ്പെടുന്ന  174/4 സര്‍വേ നമ്പറിലുള്ള ഭൂമിയാണ് രമേശന്‍ സ്വന്തമാക്കിയത്. കൊടി പ്രത്യക്ഷപ്പെട്ട സംഭവത്തിനുപിന്നില്‍ സ്ഥലത്തെ ഡി വൈ എഫ് ഐക്കാരാണെന്ന് പുറത്തുവന്നു. കാഞ്ഞങ്ങാട്ടുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റ് നടത്തിപ്പുകാരനാണ് രമേശന്റെ ബിനാമിയെന്ന് നേരത്തെ സി പി എം അണികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരുന്നു. ഇയാളുടെ പേരിലാണ് ബിനാമിയായി സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതത്രേ. ഇതിനിടെ രമേശന്റെ സ്വത്തിടപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് റസ്റ്റ് ഹൗസ് ജീവനക്കാരനായ ഒരു എന്‍ ജി ഒ യൂണിയന്‍ പ്രവര്‍ത്തകനാണെന്ന വിവരവും പുറത്തുവന്നു. ഒരുവര്‍ഷത്തോളമായി രമേശന്‍ ഈ പറമ്പിലെത്തി ആദായങ്ങള്‍ എടുക്കുന്നതായി സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. 
മകള്‍ ആര്യക്ക് മെഡിസിന്‍ പ്രവേശനം ഉറപ്പിച്ചസംഭവം വിവാദമായതോടെ മടിക്കൈ, പുതുക്കൈ, വാഴുന്നോറൊടി പ്രദേശത്തെ ഡിഫി പ്രവര്‍ത്തകര്‍ രമേശനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ജില്ലയിലെ ഔദ്യോഗിക പക്ഷത്തിന്റെ ആളായി അറിയപ്പെടുന്ന രമേശനെതിരെയുള്ള മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നത് വി.എസ് അനുകൂലികളാണെന്നത് നേതൃത്വത്തെ അലോസരപ്പെടുത്തുന്നു. പാലങ്കി രാജന്‍ എന്നയാളുടെ പേരിലാണ് ഈ ഭൂമിയുടെ നികുതി ഒടുവിലായി അടച്ചതത്രേ.

No comments:

Post a Comment

Note: Only a member of this blog may post a comment.