Sunday, June 12, 2011

ബംഗാള്‍ ഇടതുമുന്നണിയില്‍ പൊട്ടിത്തെറി

 ബംഗാള്‍ ഇടതുമുന്നണിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയമായ തോല്‍വയാണ് മുന്നണയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. മുന്നണിയിലെ വലിയ കക്ഷിയായ സിപിഎമ്മില്‍ നേതൃമാറ്റവും ശൈലീമാറ്റവും ഉണ്ടായില്ലെങ്കില്‍ മുന്നണി വിടുമെന്നാണ് രണ്ടാമത്തെ വലിയ കക്ഷിയായ ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ നിലപാട്.

ഏതാനും നാളുകള്‍ക്ക് മുമ്പ് ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാവ് ദേവബ്രത ബിശ്വാസ് ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. മുന്നണിയില്‍ നിന്നും ജനം അകലുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഈ നിര്‍ദ്ദേശം സിപിഎം ഗൗനിച്ചില്ലെന്ന് ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.

ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ക്കുനേരേ മുഖംതിരിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വം പുതിയ സമീപനം സ്വീകരിക്കുമോ? എല്ലാം അറിയാമെന്ന അവരുടെ ധാര്‍ഷ്ട്യം ശരിയല്ല. അവര്‍ നേതൃത്വത്തിലും സമീപനത്തിലും മാറ്റംവരുത്തിയേപറ്റൂ. അല്ലെങ്കില്‍ വഴിപിരിയുന്നതിനെപ്പറ്റി ആലോചിക്കേണ്ടിവരും- ദേവബ്രത ബിശ്വാസ് പറഞ്ഞു.

നേതൃത്തിനൊപ്പം തന്നെ ശൈലിയും സമീപനവും മാറണം. പുതിയ ദിശാബോധവുമുണ്ടാകണം. അല്ലെങ്കില്‍ ബംഗാളില്‍ മുന്നണിക്കു തിരിച്ചുവരവുണ്ടാകില്ല. മമതാ ബാനര്‍ജിക്കു നേരേ ചില സിപിഎം നേതാക്കള്‍ ഉപയോഗിച്ച ധാര്‍ഷ്ട്യം നിറഞ്ഞ ഭാഷയും ജനങ്ങളെ വെറുപ്പിച്ചു- ബിശ്വാസ് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐയും സിപിഎമ്മിനെയാണ് കുറ്റം പറയുന്നത്. ടാറ്റയ്ക്കു വേണ്ടിയുള്ള കൃഷിഭൂമി ഏറ്റെടുക്കല്‍, നന്ദിഗ്രാം ഭൂമി ഏറ്റെടുക്കല്‍, അവിടെ 14 പേര്‍ കൊല്ലപ്പെട്ട വെടിവയ്പ് തുടങ്ങിയവയെല്ലാം ജനങ്ങളെ ഇടതുമുന്നണിയില്‍നിന്ന് അകറ്റിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജു കുമാര്‍ മജുംദാര്‍ പറഞ്ഞു.

മാവോയിസ്റ്റ്, ഡാര്‍ജിലിംഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടതു സര്‍ക്കാരിനു കഴിഞ്ഞുമില്ല. മുന്നണിയില്‍ പരിഷ്‌കാരം ആവശ്യമാണ്. എന്നാല്‍ ബന്ധം പിരിയാന്‍ ഉദ്ദേശിക്കുന്നില്ല. ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിച്ചതും മുന്നണി നേതാക്കളുടെയും അണികളുടെയും അഹന്തയും ജനങ്ങളുമായുള്ള ബന്ധമില്ലായ്മയും പരാജയത്തിനു കാരണമായി- അദ്ദേഹം പറഞ്ഞു

No comments:

Post a Comment

Note: Only a member of this blog may post a comment.