Tuesday, June 14, 2011

വി.വി രമേശനെതിരെ പാര്‍ട്ടി നടപടി വൈകുന്നതിനു പിന്നില്‍ ഔദ്യോഗിക പക്ഷത്തെ അഭിപ്രായ ഭിന്നത


പരിയാരം മെഡിക്കല്‍ കോളജ് സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ വിവി രമേശനെതിരേ നടപടി വൈകുന്നതിനു പിന്നില്‍ സിപിഎം ഔദ്യോഗികപക്ഷത്തെ രൂക്ഷമായി ഭിന്നതയാണെന്ന് സൂചന.
രമേശന്‍ വിഷയത്തില്‍ ഔദ്യോഗികപക്ഷം രണ്ടുതട്ടിലാണ്. കണ്ണൂരില്‍ സി പി എം നേതൃനിരയിലെ ബലപരീക്ഷണത്തില്‍ ഇ പി ജയരാജന്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പിന്റെ പിന്‍ബലമാണ് വി വി രമേശനുള്ളത്. രമേശനെതിരേ നടപടിയെടുത്താല്‍ പാര്‍ട്ടിക്കകത്തെ പല ഇടപാടുകളും പുറത്തു വരുമെന്ന ആശങ്കയും നേതൃത്വത്തെ അലട്ടുകയാണ്. സി പി എമ്മിനകത്ത് കോടിയേരി ബാലകൃഷ്ണനും  ഇ പി ജയരാജനും നേതൃത്വം നല്‍കുന്ന പ്രബലവിഭാഗങ്ങള്‍ കഴിഞ്ഞ കുറേ നാളായി ബലപരീക്ഷണത്തിലാണ്. കാസര്‍ഗോട്ട് വി എസ് പക്ഷത്തെ ചില പ്രമുഖരും ഇപ്പോള്‍ ഇ പി ജയരാജന്‍ പക്ഷത്തോടാണ് അനുഭാവം പ്രകടിപ്പിക്കുന്നത്. 
പി കെ ശ്രീമതിയുള്‍പ്പെടെയുള്ളവര്‍ ഇ പി ജയരാജന്‍ പക്ഷത്ത് സജീവമാണ്. സി പി എം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രനും ഇതേ വിഭാഗവുമായി സമരസപ്പെട്ടു പോവുകയാണ്. കാസര്‍ഗോട്ട് ഔദ്യോഗികപക്ഷത്തെ പ്രമുഖരായ എ കെ നാരായണന്‍, പി രാഘവന്‍ തുടങ്ങിയവരാണ് രമേശനെതിരേ നടപടി ആവശ്യപ്പെടുന്നത്. വി എസ് പക്ഷമാകട്ടെ ഔദ്യോഗികപക്ഷത്തെ ഈ ചേരിതിരിവ് പരമാവധി മുതലെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. രമേശനെതിരേ നടപടി ആലോചിക്കാന്‍ കാഞ്ഞങ്ങാട്ട് വിളിച്ചു ചേര്‍ത്ത അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തില്‍നിന്ന് വിഎസ് പക്ഷത്തെ പ്രമുഖനായ എം രാജഗോപാലന്‍ വിട്ടുനിന്നത് ഇതിന്റെ ഭാഗമാണ്.
 
രമേശനെതിരേ മെഡിക്കല്‍ സീറ്റ് വിവാദത്തിന്റെ പേരില്‍ മാത്രം നടപടിയെടുക്കാന്‍ പാര്‍ട്ടിക്കാവില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്‍ ആര്‍ ഐ ക്വാട്ടയില്‍ മകള്‍ക്ക് എം ബി ബി എസ് പ്രവേശനം ലഭിക്കാന്‍ രമേശന്‍ ഭാര്യസഹോദരന്റെ പേരില്‍ 50 ലക്ഷം മുടക്കാന്‍ തീരുമാനിച്ചതിനെ പാര്‍ട്ടിവിരുദ്ധമായി വ്യാഖ്യാനിക്കാനാവില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു കാരണം പറഞ്ഞ് നടപടിയെടുത്താല്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പേരിലടക്കം നേരത്തേയുള്ള ആക്ഷേപങ്ങള്‍ക്ക് പാര്‍ട്ടി കമ്മിറ്റികളില്‍ സമാധാനം പറയേണ്ടി വരും. പിണറായിവിജയന്റെ മകന്‍ വിവേക് ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിന് ചേര്‍ന്നത് ലക്ഷക്കണക്കിന് രൂപ മുടക്കിയാണ്. ഇതിനെ പാര്‍ട്ടി വിരുദ്ധമായി കണ്ട് നടപടിയെടുക്കാതെ രമേശന്റെ കാര്യത്തില്‍ നീക്കമുണ്ടായാല്‍ അത് പുതിയ വിവാദത്തിന് ഇടയാക്കുമെന്ന് പിണറായിപക്ഷം കരുതുന്നു.
 

No comments:

Post a Comment

Note: Only a member of this blog may post a comment.