Thursday, June 2, 2011

ചേരി നിവാസികളുടെ പുനരധിവാസത്തിന് വന്‍ കേന്ദ്രപദ്ധതി


നഗരങ്ങളിലെ ചേരി വികസനത്തിന് 1000 കോടി രൂപയുടെ 'രാജീവ് ആവാസ് യോജന' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പദ്ധതിക്ക് അന്തിമ അംഗീകാരം നല്‍കി. രാജ്യത്തെ 250 നഗരങ്ങളിലാകും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. 12-ാം പദ്ധതികാലത്തു തന്നെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. മൊത്തം പദ്ധതി ചെലവിന്റെ 50 ശതമാനം കേന്ദ്രം വഹിക്കുമ്പോള്‍ 50 ശതമാനം സംസ്ഥാന സര്‍ക്കാരാണ് വഹിക്കേണ്ടത്. ചേരികള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിക്കാതിരിക്കുകയാണ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രിസഭാ സമിതി യോഗതീരുമാനങ്ങള്‍ വിശദീകരിച്ച ആഭ്യന്തരമന്ത്രി പി.ചിദംബരം വ്യക്തമാക്കി.
ചേരികളിലെ വീടുകള്‍ പുനരുദ്ധരിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും രാജീവ് ആവാസ് യോജന ലക്ഷ്യമിടുന്നു. ചേരികളിലെ നരകജീവിതം അവസാനിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സ്‌കോളര്‍ഷിപ്പിന് അര്‍ഹരാകുന്നതിനുള്ള വരുമാന പരിധി  ഒരു ലക്ഷത്തില്‍ നാല്‍പ്പതിനായിരത്തില്‍ നിന്നും രണ്ടുലക്ഷമായി ഉയര്‍ത്തുകയും ചെയ്തു. സമ്പൂര്‍ണ്ണ ശുചീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്കു കക്കൂസ് നിര്‍മ്മിക്കാന്‍ നല്‍കിവരുന്ന ധനസഹായവും സര്‍ക്കാര്‍ ഉയര്‍ത്തി. നിലവില്‍ ഗ്രാമപ്രദേശങ്ങളില്‍ 2200 രൂപയും കുന്നിന്‍പ്രദേശങ്ങളില്‍ 2700 രൂപയുമാണ് കക്കൂസ് ഒന്നിനു നല്‍കിവരുന്നത്. രണ്ടിലും 1000 രൂപയുടെ വര്‍ദ്ധനവാണ് സര്‍ക്കാര്‍ വരുത്തിയത്. ഇതോടെ ഗ്രാമ പ്രദേശങ്ങളില്‍ കക്കൂസ് ഒന്നിനു 3200 രൂപയും കുന്നിന്‍ പ്രദേശങ്ങളില്‍ 3700 രൂപയും ലഭിക്കും.

No comments:

Post a Comment

Note: Only a member of this blog may post a comment.