Saturday, June 4, 2011

‘ഫാക്ടര്‍’ ഉണ്ടായിട്ടും വിഎസ് പിബിക്ക് പുറത്ത്?


വി‌എസ് ‘ഫാക്ടര്‍’ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടും അച്യുതാനന്ദന്റെ പിബി പുന:പ്രവേശനത്തിന് വിദൂര സാധ്യതകള്‍ മാത്രം! അച്യുതാനന്ദനെ പിബിയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം അടുത്ത ആഴ്ച ഹൈദരാബാദില്‍ ചേരുന്ന സിപി‌എം യോഗവും ചര്‍ച്ച ചെയ്യില്ല എന്ന് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പിന് മുമ്പും പിമ്പും നടന്ന സിപി‌എം യോഗങ്ങളും വി‌എസിന്റെ പിബി പുന:പ്രവേശത്തെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ന്യൂഡല്‍ഹിയില്‍ നടന്ന പിബി യോഗത്തില്‍ വി‌എസ് ഫാക്ടര്‍ കേരളത്തിലെ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് 68 സീറ്റ് ലഭിക്കാന്‍ അനുകൂല ഘടകമായി എന്ന് വിലയിരുത്തിയിരുന്നു. ഇക്കാര്യം സംസ്ഥാന സമിതിയും അംഗീകരിക്കുകയുണ്ടായി.

വി‌എസ് പിബിയിലേക്ക് തിരികെ വരുന്നതില്‍ ഔദ്യോഗിക പക്ഷത്തിന് താല്‍‌പ്പര്യമില്ല എന്നാണ് ലഭിക്കുന്ന വിവരം. അതിനാല്‍, ജൂണ്‍ 10 മുതല്‍ 12 വരെ ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലും പിബിയിലും ഇക്കാര്യം ചര്‍ച്ച ചെയ്യില്ല. വി‌എസിന്റെ പിബി പുന:പ്രവേശനം അജന്‍ഡയിലില്ല എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതായത്, പിബിയില്‍ അംഗങ്ങള്‍ ഇക്കാര്യം ഉന്നയിക്കുകയാണെങ്കില്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ള സാധ്യതയുള്ളൂ. സംസ്ഥാന നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ താല്‍പ്പര്യമില്ലാത്ത സ്ഥിതിക്ക് ചര്‍ച്ചയ്ക്ക് വിദൂര സാധ്യതമാത്രമാണ് ഉള്ളത്.

No comments:

Post a Comment

Note: Only a member of this blog may post a comment.