Sunday, June 12, 2011

ഓര്‍മയുണ്ടോ, ആ മുഖങ്ങളെ

ഇതുവരെ ഒരു സര്‍ക്കാരുകളും ചെയ്യാത്ത ക്രൂരതയാണ് യുഡിഎഫ് സര്‍ക്കാര്‍ എന്നോടു കാണിക്കുന്നത്. എന്‍റെ മക്കളെ പോലും വെറുതെ വിടുന്നില്ല. വിജിലന്‍സ് അന്വേഷണം എന്നെ ടാര്‍ജറ്റ് ചെയ്യുന്നതിനു വേണ്ടിയാണ്''

ഹൈദരാബാദില്‍ സിപിഎം കേന്ദ്ര കമ്മിറ്റിക്കു പോയ വി.എസ്. അച്യുതാനന്ദന്‍ ഇന്നലെ ചാനലുകളോടു പറഞ്ഞ പരിഭവം ഇതായിരുന്നു. പല തവണ പ്രതിപക്ഷ നേതാവായിരുന്നു. ഒരു തവണ മുഖ്യമന്ത്രിയുമായി. ഇതുവരെ എനിക്കെതിരേ ഇത്തരത്തില്‍ ഒരു ആരോപണം ഉണ്ടായിട്ടില്ല. മക്കളെ വേട്ടയാടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. വ്യക്തിപരമായി എന്നെ അധിക്ഷേപിക്കുന്നു. ഇങ്ങനെ തുടരുന്നു മുപ്പതുകാരന്‍റെ ഹൃദയവുമായി സമരസജ്ജനായി ജീവിക്കുന്ന 87കാരനായ വി.എസ്. അച്യുതാനന്ദന്‍. ഈ പ്രസ്താവനയ്ക്കൊപ്പം ചേര്‍ത്ത മറ്റൊരു പ്രസ്താവനയില്‍ ആദ്യ പരിഭവത്തിന്‍റെ പൊള്ളത്തരം വ്യക്തമാകുന്നു.. ആര്‍. ബാലകൃഷ്ണപിള്ളയെ വിട്ടയച്ചാല്‍ കോടതി വഴി നേരിടും. വെല്ലുവിളിയുടെ ധ്വനിയുണ്ട് ഈ വാക്കുകള്‍ക്ക്. അതു കൊണ്ടു തന്നെ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ കേസുകള്‍ ഒന്നു പരിശോധിക്കുന്നത് അദ്ദേഹത്തിനു പുനര്‍ചിന്തയ്ക്ക് ഉപകാരപ്പെട്ടേക്കും. 

വിവാദമായ പാമോയില്‍ കേസ്. കോടതികളില്‍ നിന്നു കോടതികളിലേക്കു നീങ്ങി വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം. മിക്ക കോടതിവിധികളും, പാമോയില്‍ കേസിന് ആസ്പദമായ ഇടപാടുകള്‍ നടന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന് പങ്കില്ലെന്നു വ്യക്തമാക്കി. എന്നാല്‍ അതു സമ്മതിച്ചു കൊടുക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ തയാറായില്ല. വാശിയോടെ കരുണാകരനെതിരേ ഹര്‍ജിയും അപ്പീലുമായി കോടതികള്‍ കയറിയിറങ്ങി. ഒടുവില്‍ 2010 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മരണത്തോട് മല്ലടിച്ചു ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയുമ്പോഴും കെ.കരുണാകരന്‍റെ രക്തത്തിനായി വി.എസ് ദാഹിച്ചു. സ്വയം സൃഷ്ടിച്ചെടുത്ത സ്വന്തം ഇമേജ് നിലനിര്‍ത്താന്‍. കരുണാകരനെതിരേ അപ്പോഴും വി.എസിന്‍റെ വിശ്വസ്ത വക്കീല്‍മാര്‍ സര്‍ക്കാര്‍ ചെലവില്‍ സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ നല്‍കിക്കൊണ്ടിരുന്നു. ആധുനിക കേരളം കെട്ടിപ്പടുക്കാന്‍ അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ ഒരു വയോധികനോടു മരണാസന്നഘട്ടത്തില്‍ കാട്ടിയ ഈ ക്രൂരത വ്യക്തിപരമായ വിരോധം തീര്‍ക്കലല്ല എന്നു വിശദീകരിക്കാന്‍ മാര്‍ക്സിയന്‍ ആദര്‍ശങ്ങളെ സ്വന്തം ഇച്ഛാനുസാരം വ്യാഖ്യാനിക്കുന്ന വി.എസിനു മാത്രമേ കഴിയൂ. 

ഇടമലയാര്‍ കേസില്‍ കോടതികളില്‍ നിന്നു കോടതികളിലേക്ക് ആര്‍. ബാലകൃഷ്ണപിള്ളയെ കയറ്റിയിറക്കി അച്യുതാനന്ദന്‍. ഏറ്റവും ഒടുവില്‍ സുപ്രീം കോടതി ശിക്ഷിച്ച് ജയിലിലടച്ചപ്പോള്‍ പ്രായവും പദവിയും മറന്നായിരുന്നു പരസ്യമായ ആഹ്ളാദപ്രകടനം. മന്ത്രിയെന്ന നിലയിലെ ഉത്തരവാദിത്വങ്ങളുടെ ഭാഗമായി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആര്‍. ബാലകൃഷ്ണപിള്ളയോട് ഇപ്പോഴും വ്യക്തിവിരോധം സൂക്ഷിക്കുന്നില്ലെന്നു വി.എസിനു നെഞ്ചില്‍ കൈവച്ച് പറയാന്‍ കഴിയുമോ എന്നു പരിശോധിക്കാം. വിഎസിന്‍റെ ന്യായശാഠ്യങ്ങള്‍ മാത്രമല്ല, കേരളം കേട്ടിട്ടുള്ളത്. ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്നപ്പോള്‍ തന്‍റെ ഇഷ്ടക്കാരനെ ഉന്നത തസ്തികയില്‍ നിയമിക്കണമെന്നു വിഎസ് ആവശ്യപ്പെട്ടെന്നും അതു നടക്കാതെ വന്നപ്പോഴുണ്ടായ വിരോധം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും ആത്മകഥയില്‍ ബാലകൃഷ്ണപിള്ള പറഞ്ഞതും കേരളം വായിച്ചുകഴിഞ്ഞു. ഇതിനു വിശ്വാസയോഗ്യമായ മറുപടി നല്‍കാന്‍ ഇതുവരെ കഴിയാതിരുന്ന വി.എസ് ഇപ്പോള്‍ 65 വയസു കഴിഞ്ഞ വരെ ജയിലില്‍ നിന്നു വിട്ടയയ്ക്കാനുള്ള ശുപാര്‍ശയ്ക്കെതിരേ രംഗത്തു വരുന്നത് ആര്‍.ബാലകൃഷ്ണപിള്ള പുറത്തു വരരുതെന്ന ആഗ്രഹം കൊണ്ടു മാത്രമെന്ന് വിഎസിന്‍റെ ഇന്നലത്തെ പ്രസ്താവനയും തെളിയിച്ചു. 75 വയസു കഴിഞ്ഞ പിള്ളയ്ക്കെതിരേ വി.എസ്. പൊരുതുന്നത് അഴിമതിക്കെതിരേ പടനയിക്കാനുള്ള ആഗ്രഹം കൊണ്ടോ. അങ്ങനെയെങ്കില്‍ അധികാരം വിട്ടൊഴിയുന്നതിനു മുന്‍പ് കാസര്‍ഗോട്ടെ കണ്ണായ സ്ഥലത്ത് രണ്ടര ഏക്കറോളം ആലപ്പുഴക്കാരന്‍ സോമന് പതിച്ചു നല്‍കിയ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാതിരുന്നതെന്തു കൊണ്ട് ഈ ചോദ്യങ്ങള്‍ക്കു സത്യസന്ധമായ ഉത്തരം പറഞ്ഞിട്ടു വേണമായിരുന്നു പീഡിപ്പിക്കുന്നുവെന്ന വിലാപഗാനാലപനം. 

കോടതിയിലും നിയമത്തിലും വിശ്വാസമുണ്ടെന്നു നാഴികയ്ക്കു നാല്‍പ്പതു വട്ടം ആണയിടുന്ന വി.എസ്. അച്യുതാനന്ദന്‍ മജിസ്ട്രേറ്റ് കോടതി മുതല്‍ സുപ്രീം കോടതി വരെ, പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്നു കണ്ടെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടിയെ 15 വര്‍ഷമായി വേട്ടയാടുന്നത് എന്തിന്. പെണ്‍വാണിഭക്കാരെ കൈയാമം വയ്ക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ വി.എസിനു നാലര വര്‍ഷം കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കാന്‍ അവസരം കിട്ടാത്തതു ഭരണത്തിരക്കു കൊണ്ടായിരുന്നോ. കോടതി വഴി പഴയ കേസുകളില്‍ ശിക്ഷ വാങ്ങി നല്‍കാന്‍ കഴിയില്ലെന്നുബോധ്യപ്പെട്ടപ്പോള്‍ നിരവധി കേസുകളിലെ പ്രതിയായ ഒരു റൗഫിനെ കളത്തിലിറക്കേണ്ടി വന്നതിന് എന്തു ന്യായീകരണമുണ്ട്. 

ക്രിമിനല്‍ കേസുകളിലും കള്ളനോട്ടു കേസിലും വ്യാജരേഖ കേസിലും പ്രതിയായ റൗഫിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ കുഞ്ഞാലിക്കുട്ടിയെ അറസ്റ്റ് ചെയ്യാന്‍ കിണഞ്ഞു ശ്രമിച്ചത് അച്യുതാനന്ദാണെന്ന് അറിയാത്തവരില്ല. ഒരു ക്രിമിനലിന്‍റെ വെളിപ്പെടുത്തലും വ്യക്തിവിദ്വേഷം തീര്‍ക്കാന്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനമെന്ന ആയുധം ഹിതാനുസാരം പ്രയോഗിക്കുന്ന മാധ്യമങ്ങളുടെ എക്സ്ക്ലൂസീവുകളും വച്ച് അന്വേഷണത്തിന് ഉത്തരവിട്ടയാളാണ് അച്യുതാനന്ദന്‍. എന്നാല്‍, മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നതും പലരും പരസ്യമായി ഉന്നയിച്ചതും വ്യാജ രേഖ ചമച്ചുവെന്ന് സര്‍വകലാശാല പോലും വ്യക്തമാക്കിയതുമായ സംഭവത്തില്‍ അരുണ്‍കുമാറിനെതിരേ കേസെടുക്കാന്‍ അതേ അച്യുതാനന്ദന്‍ തയാറായില്ല. അപ്പോള്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ റൗഫിന്‍റെ വെളിപ്പെടുത്തലില്‍ കേസെടുത്തത് വ്യക്തി വിദ്വേഷം തീര്‍ക്കാനല്ലെന്ന് ആരെ ബോധ്യപ്പെടുത്തും. അല്ലെങ്കില്‍ അഞ്ചു വര്‍ഷം ഭരിച്ചിട്ടും കിളിരൂര്‍ കേസിലെ പ്രതികളെ കണ്ടെത്താനോ അതിനായി കുഞ്ഞാലിക്കുട്ടി കേസില്‍ പ്രഖ്യാപിച്ചതു പോലെയൊരു അന്വേഷണം നടത്താനോ തയാറാകാത്തത് എന്തു കൊണ്ടാണെന്ന് ഇനിയെങ്കിലും വിശദീകരിക്കുമോ? 

വിദേശ യാത്രകളുടെ പേരില്‍ ടോമിന്‍.ജെ. തച്ചങ്കരി അടക്കമുള്ള ചില ഉദ്യോഗസ്ഥര്‍ക്കെതിരേ വാളെടുത്തു നില്‍ക്കുന്ന അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സര്‍ക്കാരിനെ അറിയിക്കാതെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍ നടത്തിയ വിദേശയാത്രകളെ കുറിച്ച് അന്വേഷിക്കാത്തത് എന്തു കൊണ്ട്. ഐഎച്ച്ആര്‍ഡിയിലെ ഉദ്യോഗസ്ഥന്‍, സര്‍ക്കാര്‍ അനുമതി തേടാതെ പെണ്‍വാണിഭത്തിന്‍റെയും ചൂതാട്ടത്തിന്‍റെയും നാടായ മെക്കാവോയില്‍ ചുറ്റിയടിച്ചത് അന്വേഷിക്കണമെന്നും നടപടിയെടുക്കണമെന്നും ഇല്ലെങ്കില്‍ കോടതിയില്‍ പോകുമെന്നും പറയാത്തത് എന്തു കൊണ്ടാണ്. സ്വന്തം മകനോ മകളോ ചെയ്യുന്ന തെറ്റുകള്‍ അച്ഛന്‍റെ സ്വയംനിര്‍മിത അഴിമതി വിരുദ്ധ പ്രഭാവലയത്തില്‍ മാഞ്ഞുപോകുമെന്ന ധാരണയുണ്ടാകുമോ ഈ അച്ഛന്. മക്കള്‍ക്കെതിരായ ആക്ഷേപങ്ങള്‍ മറ്റാരെങ്കിലും പുറത്തു പറഞ്ഞാല്‍ അതു മാത്രം തെരഞ്ഞുപിടിച്ചുള്ള ക്രൂശിക്കലാകുമെന്നോ.

യോഗ്യതയുള്ളവരെ പിന്തള്ളി വിദ്യാഭ്യാസ കാലഘട്ടത്തില്‍ പിന്നാക്കം നിന്ന മകളെ രാജ്യത്തെ തന്ത്രപ്രധാനവും പരമോന്നതവുമായ ഗവേഷണ സ്ഥാപനത്തില്‍ തിരുകിക്കയറ്റിയതും അതിനു ശേഷം മകളെ സഹായിച്ച ഗൈഡിനു അനധികൃതമായി കാലാവധി നീട്ടികൊടുത്തതും മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നിട്ടും അന്വേഷിക്കാന്‍ തയാറാകാതിരുന്നതിനും ന്യായീകരണമുണ്ടാകുമോ. കയര്‍ ഫെഡിലിരുന്ന മകന്‍ അരുണ്‍കുമാര്‍ ഇല്ലാത്ത ഭൂമിക്കായി ചെലവഴിച്ച പണത്തെക്കുറിച്ച് ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ വ്യക്തിപരമായ ആക്രമണമാകുമോ? പിഎച്ച്ഡിക്കായി വ്യാജരേഖ ചമയ്ക്കുന്നതു മുഖ്യമന്ത്രിയുടെ മകനായാല്‍ കുറ്റകരമല്ലാതാകുമോ? പ്രമോഷനു വേണ്ടി വിജ്ഞാപനങ്ങള്‍ പലവുരു തിരുത്തി അര്‍ഹതപ്പെട്ടവരെ തഴഞ്ഞ് ഉയര്‍ന്ന ശമ്പളം നേടിയാല്‍ അന്വേഷിക്കേണ്ടതില്ലേ? ആഡംബര ക്ലബ്ബുകളെ അധിക്ഷേപിക്കുകയും അവയ്ക്കെതിരേ നടപടിയെടുക്കുകയും ചെയ്തയാളുടെ വീട്ടിലെ ഒരംഗം അതില്‍ അംഗമായാല്‍ അതില്‍ പിശകേ ഇല്ലെന്നോ. മദ്യപാനത്തിനെതിരേ സ്വന്തം സംഘടനകള്‍ വിപ്ലവം നയിക്കുമ്പോള്‍ കളികഴിഞ്ഞ് ക്ഷീണിച്ചവര്‍ക്കു രണ്ടെണ്ണം കഴിക്കാമെന്നു പറഞ്ഞു മകന്‍റെ ചെയ്തികളെ ന്യായീകരിക്കുന്നതിലും പിശകില്ലെന്നോ. 

മുഖ്യമന്ത്രിയുടെ മക്കളും മരുമക്കളും ബന്ധുക്കളും ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ക്കും ഭരണഘടനയ്ക്കും സര്‍വീസ് ചട്ടങ്ങള്‍ക്കും അതീതരാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. അവര്‍ ചെയ്യുന്ന ആക്ഷേപാര്‍ഹമായ കാര്യങ്ങള്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടാല്‍ അതുമാത്രം വ്യക്തിപരമായ ആക്രമണമാകുമെന്നോ. ഇതിനോടകം താന്‍ നടത്തിയ വ്യക്തിപരമായ ആക്രമണങ്ങളൊക്കെ ഒന്നൊന്നായി ഓര്‍ത്തുനോക്കുന്നത് ഇപ്പോള്‍ വിലപിക്കുന്ന അച്ഛനു നന്നായിരിക്കും. താന്‍ വേട്ടയാടിയ ഓരോ മുഖവും ഓര്‍മിച്ചിട്ടാവട്ടെ, ഒറ്റപ്പെടുത്തി വ്യക്തിപരമായി ആക്രമിക്കുന്നുവെന്ന വിലാപഗാനാലാപന പരിപാടി.

No comments:

Post a Comment

Note: Only a member of this blog may post a comment.