Tuesday, June 14, 2011

കൊടുങ്കാറ്റു കണക്കെ കവിയൂര്‍കേസ് തിരിച്ചുവരുന്നു: കത്തുപുറത്തായാല്‍ വന്‍മരങ്ങള്‍ വീഴും


സര്‍വനാശം വിതയ്ക്കുന്ന കൊടുങ്കാറ്റുപോലെ കവിയൂര്‍ കേസ് തിരിച്ചുവരുന്നു. കിളിരൂര്‍ സ്ത്രീപീഡനക്കേസിന്റെ അനുബന്ധമായി ഉയര്‍ന്നുവന്ന കവിയൂര്‍ കേസ് ഇനി കേരളരാഷ്ട്രീയത്തിലെ വന്‍മരങ്ങളെ വരെ വീഴ്ത്താവുന്ന തരത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട ഒരു കത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കൈവശം ഉണ്ട്. അത് പുറത്തായാല്‍ രാഷ്ട്രീയകേരളം ഒരുപക്ഷേ ഞെട്ടിയേക്കാം. ഇന്നലെ എറണാകുളത്തെ പ്രത്യേക സിബിഐ കോടതി വിധി കേസിന്റെ ഗതിവേഗം വര്‍ധിപ്പിച്ചിട്ടുണ്ട്. കേസ് സജീവമാകുന്ന മുറയ്ക്ക് പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍ കൂടി വിവാദത്തിലേക്ക് എടുത്തുചാടുമെന്നുറപ്പ്. ഒപ്പം കത്തുംകൂടി പുറത്തായാല്‍ സൂര്യനെല്ലിയേയും കിളിരൂരിനെയും മറികടക്കുന്ന നാടകീയസംഭവവികാസങ്ങള്‍ കവിയൂര്‍ കേസില്‍ രൂപപ്പെടുമെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന സൂചന. കവിയൂരില്‍ ആത്മഹത്യ ചെയ്ത പതിനാലുകാരിയായ അനഘ എന്ന പെണ്‍കുട്ടി മാനഭംഗത്തിനിരയായതിനെക്കുറിച്ച് അന്വേഷണം നടത്താതിരുന്നത് എന്തുകൊണ്ടെന്ന് എറണാകുളം പ്രത്യേക കോടതി സി.ബി.ഐയോട് ആരാഞ്ഞത് കേസില്‍ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.

ഇതില്‍ സി.ബി.ഐ നല്‍കുന്ന മറുപടി നിര്‍ണായകമായിരിക്കും. മുന്‍മന്ത്രിമാരുടെ വരെ ബേബിമാരെയും (ബേബി-മക്കള്‍) വരെ സംശയത്തിന്റെ നിഴലില്‍നിര്‍ത്തിയായിരിക്കും കേസിന്റെ തുടര്‍ അന്വേഷണം. കവിയൂര്‍ പെണ്‍വാണിഭക്കേസില്‍ ലതാനായരെ മാത്രം പ്രതിയാക്കിയാണ് സി.ബി.ഐ കുറ്റപത്രം നല്‍കിയത്. സി.ബി.ഐ അന്വേഷണത്തില്‍ അപാകതയുണ്ടെന്നും അനഘയെ മാനഭംഗപ്പെടുത്തിയവരെ കണ്ടെത്തിയിട്ടില്ലെന്നും ആരോപിച്ച് ടി.പി. നന്ദകുമാര്‍ സമര്‍പ്പിച്ച തുടരന്വേഷണ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 2004 സെപ്തംബര്‍ 28നാണ് കിളിരൂര്‍ കേസുമായി ബന്ധപ്പെട്ട് കവിയൂരിലെ നാരായണന്‍ നമ്പൂതിരി, ഭാര്യ ശോഭന, മക്കളായ അനഘ, അഖില, അക്ഷയ് എന്നിവര്‍ ആത്മഹത്യ ചെയ്തത്. ഈ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന കിളിരൂര്‍കേസ് പ്രതി ലതാനായര്‍ മൂന്നു ദിവസം നാരായണന്‍ നമ്പൂതിരിയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. ഇതിന്റെപേരില്‍ തിരുവല്ല സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് നാരായണന്‍ നമ്പൂതിരിയെ ചോദ്യംചെയ്തു. സമൂഹത്തിനു മുന്നില്‍ നാണംകെട്ടതിനാല്‍ കുടുംബം ആത്മഹത്യ ചെയ്‌തെന്നാണ് സി.ബി.ഐയുടെ വാദം.

എന്നാല്‍, അനഘയുടെ ശരീരത്തില്‍ പുരുഷ ബീജമുണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 48 മണിക്കൂര്‍ മാത്രമാണ് പുരുഷബീജത്തിന്റെ ആയുസ്. ഈ സാഹചര്യത്തില്‍, മരിക്കുന്നതിന് 48 മണിക്കൂറിനിടെ അനഘ മാനഭംഗത്തിനിരയായെന്ന് വ്യക്തമല്ലേയെന്ന് കോടതി ചോദിച്ചു. അനഘയുടെ സുഹൃത്ത് ശ്രീകുമാരി അയച്ച കത്തിനെക്കുറിച്ച് അന്വേഷിക്കാത്തതിനെയും കോടതി വിമര്‍ശിച്ചു. അനഘ പീഡിപ്പിക്കപ്പെട്ടതില്‍ ചില ഉന്നതര്‍ക്കുള്ള ബന്ധം വിശദമാക്കുന്നതാണ് കത്ത്. എല്ലാ വശങ്ങളും പരിശോധിച്ചെന്നും അനഘയുടെ സുഹൃത്തിനെ ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയെന്നും സി.ബി.ഐ ബോധിപ്പിച്ചു. സംഭവം നടന്ന് നാലു മാസം കഴിഞ്ഞാണ് അന്വേഷണം ഏറ്റെടുത്തതെന്നും ശാസ്ത്രീയ പരിശോധന സാദ്ധ്യമായിരുന്നില്ലെന്നും സി.ബി.ഐ നേരത്തേ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ അനഘ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് സി.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട വീട്ടില്‍ നിന്ന് കണ്ടെടുത്ത അനഘയുടെ വസ്ത്രങ്ങളില്‍ പുരുഷബീജത്തിന്റെ അംശമുണ്ടായിരുന്നതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു.

അനഘയുടെ ആന്തരാവയവങ്ങളില്‍ നിന്ന് കണ്ടെടുത്ത ബീജ അംശവും വസ്ത്രങ്ങളില്‍ നിന്ന് കണ്ടെടുത്തതും ഒരാളുടേത് തന്നെയെന്നായിരുന്നു ഫോറന്‍സിക് പരിശോധനാഫലം. എന്നാല്‍ ഇത് ആരുടേതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ സി.ബി.ഐ രേഖപ്പെടുത്തിയില്ല. ചില പ്രത്യേക താന്ത്രിക രീതികള്‍ പിന്തുടര്‍ന്നിരുന്ന നാരായണന്‍ നമ്പൂതിരി വഴിപിഴച്ച ജീവിതശൈലിയാണ് നയിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ സി.ബി.ഐ കണ്ടെത്തിയിരുന്നു. മകളുമൊത്ത് താമസിച്ചിരുന്ന വീട്ടിലെ സ്വീകരണ മുറിയില്‍ കാമശാസ്ത്രം പോലെയുള്ള പുസ്തകങ്ങള്‍ പരസ്യമായിത്തന്നെയാണ് സൂക്ഷിച്ചിരുന്നത്. ഇത്തരം സാഹചര്യത്തില്‍ അരുതാത്ത ചില കാര്യങ്ങളെക്കുറിച്ച് കവിയൂര്‍ കേസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ സി.ബി.ഐ മന:പൂര്‍വം മൗനം പാലിച്ചതാണെന്ന് അന്വേഷണസംഘത്തില്‍ അംഗമായിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അനഘയുടെ കൂട്ടുകാരി ശ്രീകുമാരി അയച്ചതെന്ന് പറയപ്പെടുന്ന കത്തിലെ ഉള്ളടക്കത്തെക്കുറിച്ച് കേസ് സി.ബി.ഐ ഏറ്റെടുക്കുന്നതിന് മുന്‍പ് ലോക്കല്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു.

കിളിരൂരിലെ ശാരിക്കൊപ്പം അനഘയെയും കുമരകത്തെ ഒരു റിസോര്‍ട്ടില്‍ കൊണ്ടുപോയിരുന്നുവെന്നും അവിടെ വച്ച് ഒരു പ്രമുഖന്റെ മുന്നില്‍ ഹാജരാക്കിയെന്നുമാണ് കത്തില്‍ പറയുന്നത്. 'പ്രമുഖന്‍ ഇരുവര്‍ക്കും കഴിക്കാന്‍ ചപ്പാത്തിയും ബീഫും ഓര്‍ഡര്‍ ചെയ്തു. ഗര്‍ഭിണിയായിരുന്ന ശാരി ബീഫിന്റെ മണം അടിച്ചതിനെ തുടര്‍ന്ന് ഛര്‍ദ്ദിച്ചു. തന്‍മൂലം ശാരിയെ ഒഴിവാക്കി പ്രമുഖന്‍ അനഘയെ പീഡിപ്പിച്ചു'. എന്നിങ്ങനെ തുടരുന്ന കത്ത് എറണാകുളം റേഞ്ച് ഡി.ഐ.ജിയായിരുന്ന ആര്‍. ശ്രീലേഖയ്ക്കും തപാലില്‍ ലഭിച്ചിരുന്നു. നാരായണന്‍ നമ്പൂതിരിയുടെയും കുടുംബത്തിന്റെയും ആത്മഹത്യ കോളിളക്കമുണ്ടാക്കിയ സാഹചര്യത്തില്‍ ഐ.ജി ശ്രീലേഖയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും കത്തിലെ മേല്‍വിലാസം വ്യാജമായിരുന്നെന്നാണ് കണ്ടെത്തിയത്.ലോക്കല്‍ പൊലീസില്‍ നിന്ന് അന്വേഷണം ഏറ്റെടുത്തത് സി.ബി.ഐ ചെന്നൈ ക്രൈം യൂണിറ്റിലെ ഡിവൈ.എസ്.പി സുരേന്ദ്രന്റെ നേതൃത്വത്തിലുളള സംഘമാണ്.

കിളിരൂര്‍ കേസില്‍ ശാരിയുടെ മരണത്തിന് കാരണമായത് ടെപ്റ്റിഫീമിയ എന്ന അണുബാധയാണെന്ന് ഫോറന്‍സിക് പരിശോധനകളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത് ഇതേ സംഘമാണ്. പൊലീസില്‍ നിന്ന് 'അനഘയുടെ സുഹൃത്തിന്റെ കത്ത്' ലഭിച്ച സി.ബി.ഐയും അതിലെ മേല്‍വിലാസക്കാരിയെ തേടി അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. വ്യാജ കത്ത് എന്ന് വ്യക്തമായതിനെ തുടര്‍ന്ന് പിന്നീടുള്ള അന്വേഷണം വേണ്ടെന്നുവയ്ക്കുകയായിരുന്നു. 2005ല്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് ബസന്തിന് ശ്രീകുമാരി അയച്ച കത്ത് അന്നത്തെയും ഇന്നത്തെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പക്കലുണ്ടെന്നതാണ് സംസ്ഥാന രാഷ്ട്രീയത്തിലെ അടിയൊഴുക്കിനും പുറത്തുവരാത്ത പുകച്ചിലിനും കാരണം. സിബിഐ കോടതിയുടെ തീരുമാനം എന്തുതന്നെയായാലും, ശ്രീകുമാരിയുടെ കത്ത് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കാന്‍ .യുഡിഎഫിലെ ചില നേതാക്കള്‍ ശ്രമിക്കുന്നുവെന്നാണ് സിപിഎമ്മിന്റെ ആശങ്ക. വി എസിനും മകന്‍ വി എ അരുണ്‍കുമാറിനും എതിരേ യുഡിഎഫും സര്‍ക്കാരും നടത്തുന്ന നീക്കം വി.എസിനെ വ്യക്തിപരമായി വേട്ടയാടലാണെന്ന ആരോപണം മറികടക്കാന്‍ ശ്രീകുമാരിയുടെ കത്ത് ഉപയോഗിക്കുമെന്നാണ് സംശയം. ഔദ്യോഗിക പക്ഷത്തെ രണ്ടു നേതാക്കളുടെ മക്കളുടെ പേര് പരാമര്‍ശിക്കുന്ന കത്തില്‍ ഒരു നേതാവിനെക്കുറിച്ചും പറയുന്നുണ്ട്. ഇത് പരസ്യമാക്കാന്‍ വി.എസ് അച്യുതാനന്ദന്‍ വഴി വഴിതേടുന്നുവെന്ന തരത്തില്‍ യുഡിഎഫിനുള്ളില്‍ ചിലര്‍ പ്രചരണം തുടങ്ങിയിട്ടുമുണ്ട്.

കവിയൂര്‍കിളിരൂര്‍ പെണ്‍വാണിഭക്കേസില്‍ ആത്മഹത്യ ചെയ്ത അനഘയുടെയും നമ്പൂതിരി കുടുംബത്തിന്റെയും മരണത്തിന് കാരണം സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പ്രലോഭനം നല്‍കി ഇവര്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതുകൊണ്ടാണെന്ന് കാണിച്ചാണ് അനഘയുടെ സുഹൃത്തായ ശ്രീകുമാരി ജസ്റ്റിസ് ബസന്തിന് കത്തയച്ചത്. അനഘയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് കണ്ടെത്തിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ഡി.ഐ.ജി ശ്രീലേഖയ്ക്ക് കൈമാറിയിരുന്നു. സ്വാഭാവികമായും ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പക്കല്‍ കത്തിന്റെ പകര്‍പ്പ് എത്തി.

ഇതുസംബന്ധിച്ച് ക്രൈം വാരിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍ കോടിയേരി ബാലകൃഷ്ണനും എം.എ.ബേബിയും 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, പ്രസിദ്ധീകരിച്ച വാര്‍ത്തകളെല്ലാം സത്യമാണെന്നും തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും കാണിച്ച് നന്ദകുമാര്‍ മറുപടി അയച്ചു. ആറുവര്‍ഷം കഴിഞ്ഞിട്ടും കോടിയേരി ബാലകൃഷ്ണനോ എം.എ.ബേബിയോ കേസ് നല്‍കാന്‍ തയ്യാറായില്ല. ആരോപണങ്ങള്‍ സത്യമാണെന്നുള്ളതുകൊണ്ടാണ് കേസ് ഫയല്‍ ചെയ്യാതിരുന്നതെന്നു പുതിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്

No comments:

Post a Comment

Note: Only a member of this blog may post a comment.